മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Friday, December 23, 2016

മാധ്യമത്തിന്റെയും ജമാ‌അത്തെ ഇസ്‌ലാമിയുടെയും ഇരട്ടത്താപ്പിനെതിരെ പ്രതികരിച്ച് മുജാഹിദ് നേതാവ് ഡോ.ഹുസൈൻ മടവൂർ


മാധ്യമത്തിന്റെയും ജമാഅത്തിന്റെയും ഇരട്ടത്താപ്പിനെതിരെ പ്രതികരിച്ചു കൊണ്ടുള്ള മുജാഹിദ് നേതാവ് ഡോ. ഹുസൈൻ മടവൂരിന്റെ കത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയാണിപ്പോൾ. സമുദായ ഐക്യവും സമുദായ ക്ഷേമവും നാഴികക്ക് നാൽപത് വട്ടം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയും മാധ്യമവും കാണിക്കുന്ന ഇരട്ടത്താപ്പുകൾ പകൽ പോലെ വ്യക്തമാണ്. പ്രബോധനത്തിലൂടെ സമുദായത്തെ കുറിച്ച് മുതല കണ്ണീരൊഴുക്കുകയും മാധ്യമത്തിലൂടെ ജമാഅത്തല്ലാത്ത എല്ലാ സമുദായ സംഘടനകളെയും ചെളി വാരിതേക്കുകയും പറ്റാവുന്ന വിധത്തിൽ ആക്രമിക്കുകയും ചെയ്യുക പതിവാണ്.

മുജാഹിദ് ഐക്യം സംബന്ധിച്ച വാർത്തകളാണ് ഒടുവിലത്തേത്. മുജാഹിദ് ഐക്യം നടന്നപ്പോൾ 2008 ലെ ഏതോ ഒരു പ്രബോധനവും പൊക്കിപ്പിടിച്ച്, ഞങ്ങൾ എന്നും ഐക്യത്തെ പിന്തുണച്ചവർ എന്ന രൂപത്തിൽ പോസ്റ്ററൊട്ടിക്കുകയായിരുന്നു സോഷ്യൽ മീഡിയ ജമാഅത്ത് ഭക്തർ. അതേ സമയം, ഇരു സംഘടനകളും മുൻകൈയെടുത്ത് നടത്തിയ ഐക്യശ്രമങ്ങൾ വിജയിക്കുമെന്ന ഘട്ടമെത്തിയപ്പോൾ മാധ്യമത്തിലൂടെ അച്ച് നിരത്താൻ തുടങ്ങി. ഈ വാർത്തകൾക്കെതിരെ അന്ന് തന്നെ മുജാഹിദ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നു. സ്വന്തം ലേഖകനായും പുതിയാപ്പിളയായും വേഷമിട്ടു കൊണ്ട് അച്ചടിമഷി പുരണ്ട വാർത്തകൾ, അവരുടെ തന്നെ നേതാവ് സിദ്ധീഖ് ഹസൻ സൂചിപ്പിച്ച പോലെ പേന മുന കുത്തിയൊടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് വിളിച്ചറിയിക്കുന്നത്.

ജമാഅത്തിനോ മാധ്യമത്തിനോ നേരം വെളുക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. അല്ലെങ്കിലും നേരം വെളുത്തവർക്ക് പറഞ്ഞ ആശയങ്ങൾ ഒന്നുമല്ലല്ലോ അവരുടേത്.
ഡോ. ഹുസൈൻ മടവൂരിന്റെ കത്തിന്റെ പൂർണ രൂപം താഴെ.

അസ്സലാമു അലൈക്കും

ഞാൻ മാധ്യമം പത്രം നിർത്തിയതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന
ഊഹാപോഹങ്ങൾ ദൂരീകരിക്കാനാണീ കുറിപ്പ്.

വർഷങ്ങളായി മാധ്യമം വരിക്കാരനായിരുന്നു ഞാൻ. വാർത്തയറിയാൻ  മാധ്യമത്തെക്കാളും പ്രചാരത്തിലുള്ള വേറെയും പത്രങ്ങളുണ്ട്. നിലവിലുള്ള മുസ്‌ലിം പത്രങ്ങൾക്ക് നിലവാരത്തിലും പ്രചാരണത്തിലും മാധ്യമത്തെ പോലെ ഉയരാൻ കഴിഞ്ഞിരുന്നില്ല. ആ സാഹചര്യത്തിലാണ് മുസ്‌ലിം പിന്നോക്ക വിഭാഗങ്ങളുടെ
താല്പര്യങ്ങൾ സംരക്ഷിക്കുമെന്ന വാഗ്ദാനവുമായി ജമാഅത്തെ ഇസ്‌ലാമിക്കാർ മാധ്യമം തുടങ്ങുന്നത്.  


അങ്ങനെ ഈ അനിവാര്യമായ ഒരു സംരംഭത്തെ പോത്സാഹിക്കണമെന്ന  സദുദ്ദേശവുമായി ഇതര മുസ്‌ലിം വിഭാഗങ്ങളിൽ പെട്ടവരും മാധ്യമത്തോട് സഹകരിച്ചു. ലീഗുകാരും സുന്നികളും മുജാഹിദുകളുമെല്ലാം മാധ്യമം വില കൊടുത്തു വാങ്ങി.  മുജാഹിദ് നേതാവ് അഡ്വ. പി എം മുഹമ്മദ് കുട്ടി സാഹിബ് മാധ്യമക്കാരുടെ ആവശ്യം പരിഗണിച്ച് മാധ്യമത്തിന്റെ മാനേജർ ചുമതല ഏറ്റെടുത്തു. ഇപ്പോഴും മാധ്യമത്തിൽ ജോലി ചെയ്യുന്ന എത്രയോ മുജാഹിദുകളും സുന്നികളുമായ
പ്രവർത്തകരുണ്ട്. 


മാധ്യമം വളരെ പെട്ടന്നു വളർന്നു. മാധ്യമ ലോകത്ത് ചെറുതല്ലാത്ത സ്ഥാനം കൈവരിച്ചു. പക്ഷെ പിന്നീട് നാം കണ്ടത് ജമാഅത്ത്കാരല്ലാത്ത എല്ലാ മുസ്‌ലിം വിഭാഗങ്ങളെയും സങ്കടപ്പെടുത്തുന്ന അനുഭവങ്ങളായിരുന്നു. അതിപ്പോൾ വിശദീകരിക്കുന്നില്ല. 


ഞാനിപ്പോൾ പത്രം നിർത്തിയത് മുജാഹിദ് ഐക്യം സംബന്ധിച്ച പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് മാധ്യമവും മീഡിയാ വണ്ണും പ്രസിദ്ധീകരിക്കുന്ന വാർത്തകളിൽ സങ്കടപ്പെട്ടും വേദനിച്ചും കൊണ്ടാണ്. കളവ് പറയൽ, പരിഹാസം, കുത്തിപ്പറയൽ, ഇഷ്ടപ്പെടാത്ത അപരനാമം വിളിക്കൽ, ചുഴിഞ്ഞന്വേഷിക്കൽ, ആളുകളെ തമ്മിൽ തെറ്റിക്കൽ തുടങ്ങിയ നിഷിദ്ധമായ കാര്യങ്ങൾ അതിൽ ആവർത്തിച്ചു വരുന്നു എന്നത് ഒരു സത്യമാണ്. 


എന്റെ ഒരു കോപ്പി കുറഞ്ഞാൽ മാധ്യമത്തിന് ഒരു നഷ്ടവുമുണ്ടാവില്ല എന്നെനിക്കറിയാം. ഈ സങ്കടം, ഒരു മുജാഹിദ് പ്രവർത്തകൻ മാധ്യമത്തിൽ വിളിച്ചന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി: "ഞങ്ങളെഴുതിയത് ശരിയാണ്. ......... നിങ്ങളുടെ പണ്ഡിതന്മാർ പൊളള് പറയുകയാണ്“ എന്നാണ്. 


എനിക്ക് വ്യക്തിപരമായി ബന്ധമുള്ള എത്രയോ ജമാഅത്ത് നേതാക്കളും പ്രവർത്തകരുമുണ്ട്.  എനിക്കീ കാര്യം പറയാൻ പറ്റുന്ന ചില ജമാഅത്ത് നേതാക്കളെ വിവരമറിയിച്ചപ്പോൾ ജില്ലാ തലത്തിലുള്ള ഒരാൾ പറഞ്ഞു, നിങ്ങൾ പറഞ്ഞ കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന്. എന്നാൽ മാധ്യമവും മീഡിയാ വണ്ണും പലപ്പോഴും പ്രകടിപ്പിക്കുന്ന മുജാഹിദ് വിരുദ്ധ  നിലപാട് ശ്രദ്ധയിൽ പെടുത്തിയപ്പോൾ ജമാ‌അത്തിന്റെ സംസ്ഥാന തലത്തിലുള്ള ഒരു നേതാവ് എനിക്കയച്ച് തന്ന മെസ്സേജിൽ പറഞ്ഞത് ഈ കാര്യത്തിൽ അദ്ദേഹത്തിന്നോ ജമാഅത്തെ ഇസ്‌ലാമിക്കോ യോജിപ്പില്ല എന്നാണ്. ഈയൊരു സാഹചര്യത്തിലാണ് ഞാൻ സ്നേഹിക്കുന്ന പ്രസ്ഥാനത്തിന് ദോഷം വരുത്താൻ ശ്രമിക്കുന്ന ഒരു പത്രം ഞാൻ പണം കൊടുത്ത് വാങ്ങേണ്ടതില്ല എന്ന് വ്യക്തിപരമായി തീരുമാനിച്ചതും ഞാൻ മാധ്യമം നിർത്തിയതും. 

മാധ്യമത്തിന്റെ ഉത്തരവാദപ്പെട്ട ഒ അബ്ദുറഹ്മാൻ സാഹിബുമായി ഞാൻ പലപ്പോഴും  ബന്ധപ്പെടാറുണ്ട്. ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും അദ്ദേഹത്തിന്റെ  ശ്രദ്ധയിൽ പെടുത്തുകയും അദ്ദേഹം വളരെ മാന്യമായി ഞങ്ങളെ സ്വീകരിക്കകയും പ്രശ്നങ്ങൾ  പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, പ്രശ്നങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുമ്പോൾ ഞാനൊരു സ്ഥിരം പരാതിക്കാരനാവുന്നത് ശരിയല്ലെന്നു തോന്നിയത് കൊണ്ടാണ് ഇപ്പോൾ അദ്ദേഹവുമായി ബന്ധപ്പെടാതിരുന്നതും പത്രം നിർത്തിയതും. പത്രം വരി ചേർക്കാൻ വന്ന ആൾ പറഞ്ഞത് കൊണ്ട് മാത്രം
ഈ കാര്യങ്ങൾ വിശദമാക്കിക്കൊണ്ട് സർക്കുലേഷൻ മാനേജർക്ക് കത്ത് കൊടുക്കുകയും ചെയ്തു.


പത്രം നിർത്തുന്നതുമായി ബന്ധപ്പെട്ട് ഞാൻ സംഘടനയിൽ ചർച്ച ചെയ്യുകയോ ആരോടെങ്കിലും കൂടിയാലോചിക്കുകയോ ചെയ്തിട്ടില്ല. എന്റെ വീട്ടിൽ TV ഇല്ലാത്തത് കൊണ്ട് ചാനൽ എനിക്ക് അലോസരമുണ്ടാക്കുന്നില്ല. ഞാൻ മാധ്യമത്തിന്നോ മീഡിയാ വണ്ണിന്നോ എതിരല്ല. നമ്മുടെ വാർത്തകളും ലേഖനങ്ങളും  അഭിമുഖങ്ങളും പലപ്പോഴും വളരെ സത്യസന്ധമായി അവർ ജനങ്ങളിലേക്കെത്തിച്ചിട്ടുണ്ട് എന്നത് നിഷേധിക്കുന്നില്ല. മുജാഹിദ് ഐക്യ മഹാ സമ്മേളനത്തിന്റെ വാർത്ത പ്രാധാന്യത്തോടെ തന്നെ അവർ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അതിന്ന് നമുക്ക് നന്ദിയും കടപ്പാടുമുണ്ട്. 


മുസ്‌ലിംകൾക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും ഉപകാരപ്പെടുന്ന ഒരു പത്രവും ചാനലും ആവശ്യമാണെന്നു ഞാനിപ്പോഴും വിശ്വസിക്കുന്നു. മാധ്യമം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളും മൂല്യങ്ങളും മുറുകെ പിടിച്ച് എല്ലാ വിഭാഗമാളുകൾക്കും ഉപകാരപ്പെടുന്ന ഒരു പത്രമായി മാറട്ടെ എന്നാശംസിക്കുന്നു.
സ്നേഹപൂർവ്വം
ഹുസൈൻ മടവൂർ
23-12-2016

18 comments:

  1. പലരും തിരിച്ചറിയാൻ വൈകി

    ReplyDelete
  2. പലരും തിരിച്ചറിയാൻ വൈകി

    ReplyDelete
  3. "വർത്തമാന"ത്തെ ശക്തിപ്പെടുത്തുക.

    ReplyDelete
  4. ഹുസൈൻ മടവൂർ സർ, എന്തിനാണീ ആടിനെ പട്ടിയാക്കൽ?
    .....

    1) മരിക്കുന്നതിനു മുമ്പ്‌ മുജാഹിദുകൾക്ക്‌ ഒന്നായിക്കൂടെ എന്നു ഹുസൈൻ മടവൂർ ഹൃദയ രക്തം സ്നേഹത്തിൽ ചാലിച്ച്‌ ലേഖനമായെഴുതാൻ തെരെഞ്ഞെടുത്തതും അത്‌ പ്രസിദ്ധീകരിച്ചതും 'മാധ്യമം' പത്രം..

    2) എം. എം അക്ബറിനും പീസ്‌ സ്ക്കൂളിനുമെതിരായ നീക്കത്തെ ശക്തമായി എതിർത്തതും പ്രസ്തുത നീക്കത്തിനു തടയിടാൻ വേണ്ടി അതിനേക്കാൾ മതകീയത അക്കാദമിക തലത്തിൽ നടപ്പാക്കുന്ന ചിന്മയ സ്ഥാപനങ്ങളെ കുറിച്ചുള്ള എക്സ്‌ ക്ലൂസിവ്‌ വാർത്തകൾ കൊടുത്തതും മാധ്യമവും മീഡിയാ വണ്ണും.

    3) അതിക്രൂരമായ ജമാ'അത്ത്‌ വിമർശനങ്ങളുടെ തലതൊട്ടപ്പനായ മുജാഹിദ്‌ പ്രഭാഷകൻ ശംസുദ്ദീൻ പാലത്തിനെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ ഉൾപെടെ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന് ലേഖനം എഴുതിയത്‌ മാധ്യമത്തിൽ .

    4)മുജാഹിദ്‌ നേതാവായ മർഹൂം അബൂബക്കർ കാരക്കുന്നിന്റെ അനുസ്മരണം എഡിറ്റോറിയൽ പേജിലും മർഹൂം കെ.കെ.മുഹമ്മദ്‌ സുല്ലമിയുടെ അനുസ്മരണം സണ്ഡേ സപ്ലിമന്റിലും പ്രസിദ്ധീകരിച്ച ഏക പത്രം മാധ്യമം.

    5)കഴിഞ്ഞ മുജാഹിദ്‌ സമ്മേളനത്തെ പ്രകീർത്തിച്ചും ഇപ്പോഴത്തെ മുജാഹിദ്‌ ഐക്യത്തെ പ്രകീർത്തിച്ചും ലേഖനങ്ങളും എഡിറ്റോറിയലും പ്രസിദ്ധേീകരിച്ച ഏക മലയാള പത്രം മാധ്യമം.

    6)യുവ മുജാഹിദ്‌ ചിന്തകൻ മുജീബ്‌ റഹ്മാൻ കിനാലൂരിനും മറ്റും തങ്ങളുടെ വീക്ഷണങ്ങൾ പങ്കുവെക്കാൻ യഥേഷ്ടം ഇടം കൊടുത്ത പത്രം മാധ്യമം.

    7)ഏറ്റവും ഒടുവിൽ മുജാഹിദ്‌ ഐക്യത്തോടനുബന്ധിചുള്ള പുനസംഘടനയെ കുറിച്ച്‌
    മാധ്യമത്തിനു നേരത്തേ കിട്ടിയ വാർത്തയിൽ, സ്വാഭാവികമായി ആർക്കും തോന്നാവുന്ന ഏകപക്ഷീയത മുഴച്ചു കാട്ടാതിരിക്കാൻ "പോഷക സംഘടനകളിൽ മടവൂരിനു പ്രാമുഖ്യം" എന്നു തലക്കെട്ട്‌ തന്നെ ചേർത്ത മാധ്യമം.

    പിന്നെന്തിനാണു സർ, ആർക്കു വേണ്ടിയാണു സർ, മാധ്യമം മുജാഹിദുകൾക്ക്‌ എതിരാണന്ന കാപട്യവും വരി നിർത്തലും?

    (നാഴികക്ക്‌ നാൽപതു വട്ടം ജമാ'അത്തിനെതിരെ ഭീകര മുദ്ര ചാർത്തിക്കൊണ്ട്‌ പേജുകളും സ്റ്റേജുകളും നിരന്തരം ചെലവഴിക്കുന്ന മുജാഹിദുകളോടാണു മാധ്യമത്തിന്റെ ഈ സാത്വികത എന്നു ചേർത്തു വായിക്കുക)...കടപ്പാട്..

    ReplyDelete
    Replies
    1. കേരളാമുസ്ലിം നവോത്ഥാനത്തിന്റെ മുമ്പില്‍ നടന്ന മുജാഹിദ് പ്രസ്ഥാനം ചരിത്രമെഴുതി ഐക്യസമ്മേളനം നടത്തിയപ്പോഴെങ്കിലും തങ്ങളുടെ നയനിലപാടുകൾ അപ്ഡേറ്റ് ചെയ്യു മെന്ന് കരുതി. അതുണ്ടായില്ല. സമൂഹത്തിൽ ഏറെ സ്വാധീനം നേടിയെടുത്ത മാധ്യമം,മീഡിയ വൺ വിമർശവുമായി രംഗത്തിറങ്ങുന്നത് കൊണ്ട് നിങ്ങൾക്ക് എന്താണ് നേടാൻ കഴിയുക ? ചില സലഫി നേതാക്കൾക്ക് ഇനിയും വിവേകം വന്നില്ല എന്നറിയുമ്പോൾ ദുഃഖം തോന്നുന്നു. ഒരു പ്രസ്ഥാനം നിരന്തരം നവീകരിക്കാതിരുന്നപ്പോൾ വന്നു ചേർന്ന മുൻ അവസ്ഥ യെകുറിച്ച് എന്ത് കൊണ്ട് ഇനിയും ഓർക്കുന്നില്ല ?!!

      Delete
  5. ഹുസൈന്‍ മടവൂര്‍ മാധ്യമം പത്രം നിര്‍ത്തലാക്കിയ നേരവും രീതിയും വ്യക്തമായ ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ആ സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.



    ഇന്ന് ഹുസൈന്‍ മടവൂരിന്റെ അല്പം നീണ്ട ഒരു ന്യായീകരണ പോസ്റ്റ്‌ കാണാന്‍ ഇടയായി. മുജാഹിദുകളെകുറിച്ച് മുജാഹിദുകള്‍ക്ക് അലോസരമുണ്ടാക്കുന്ന വാര്‍ത്തകളും മാധ്യമത്തില്‍ വരുന്നു എന്നതാണ് ആറ്റിക്കുറുക്കിയാല്‍ കിട്ടുന്ന ആക്ഷേപം. അതായിരുന്നു കാരണമെങ്കില്‍ നിര്‍ത്തിയ നേരവും രീതിയും ഇങ്ങനെ ആവില്ലായിരുന്നു. അതിരിക്കട്ടെ, അദ്ധേഹത്തിന്‍റെ ആക്ഷേപം പരിശോധിച്ചാല്‍ അതിലേറെ രസമല്ലേ.



    ഒരു സംഘടന എഴുതികൊടുക്കുന്നത് മാത്രം ആ സംഘടനയെ കുറിച്ച് എഴുതാന്‍ മാധ്യമം ഒരു മുജാഹിദ് പാര്‍ട്ടി പത്രമല്ലല്ലോ. നന്നെ ചുരുങ്ങിയത് മുജാഹിദുകള്‍ ആധിപത്യം പുലര്‍ത്തുന്ന ചന്ദ്രികയുമല്ല മാധ്യമം.



    സ്വാഭാവികമായും മുജാഹിദുകള്‍ക്ക് പറയാനുള്ളതും മാധ്യമത്തില്‍ വരും, മുജാഹിദിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമായ മറ്റുള്ളവര്‍ക്ക് പറയാനുള്ളതും മാധ്യമത്തില്‍ വരും. അതുമാത്രമല്ല, നാട്ടില്‍ സംഭവിക്കുന്ന സംഭവങ്ങളും അവയുടെ മുന്നിലും പിറകിലുമുള്ള അനുബന്ധ വാര്‍ത്തകളും പത്രം ശേഖരിച്ചു പ്രസിദ്ധീകരിക്കും. ഇതത്രയും സഹിക്കാന്‍ പറ്റാത്ത അവസ്ഥ ഒരു സംഘടനക്കു വന്നാല്‍ അതിനര്‍ത്ഥം ആ സംഘടനക്ക് ഒളിച്ചുവെക്കാന്‍ ചില പോരായ്മകള്‍ ഉണ്ടെന്നു തന്നെയാണ്.



    മാധ്യമം ഒരു പത്രമെന്ന നിലക്ക് ഈ രീതിയില്‍ അതിന്‍റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നതുകൊണ്ടാണ് ശത്രുക്കളും മിത്രങ്ങളും അതിനു വേണ്ടി കാത്തിരിക്കുന്നത്. സങ്കുചിത സംഘടനാ വിദ്വേഷം മാധ്യമത്തിനു നേരെ തുപ്പുമ്പോഴും ഇവരെയൊക്കെ നീരാളികള്‍ വരിഞ്ഞു മുറുക്കുമ്പോള്‍ സമൂഹത്തിനു മുന്നില്‍ സത്യം വെളിപ്പെടുത്താന്‍ ഇവര്‍ക്കൊക്കെ മാധ്യമവും മീഡിയാ വണ്ണു൦ മാത്രമേ തുണയാവാറുള്ളൂ.



    --മുഹമ്മദ്‌ മഞ്ചേരി--

    ReplyDelete
  6. ഏറെ സത്യസന്ധമായ റിപ്പോർട്ടുകൾ തന്നെയാണ് മാധ്യമം പുറത്ത് വിടുന്നത് എന്നതിൽ ലവലേശം സംശയമില്ല. പത്രങ്ങളും ഓഫീസുകളും കൈവശമുണ്ടയിരുന്ന ഒരു കാലത്ത് മാധ്യമത്തിന്റെ ഉറ്റ സുഹൃത്തായ ഹുസൈൻ സാഹിബ് ഒന്നിച്ചപ്പോഴുണ്ടാവുന്ന കൂട്ട പലായനം പേടിച്ചത് കൊണ്ടാണോ അതോ വർത്തമാനത്തിലെ വർത്തമാനങ്ങൾ വാർത്തയാകാതിരിക്കാനാണോ അതുമല്ലെങ്കിൽ അൽപ്പം ശത്രുത ഇളക്കിവിട്ട് കോപ്പി കുറച്ച് കോപ്പു കൂട്ടുകയാണോ?

    ഒരു പാട് സന്തോഷിച്ചു സാഹിബേ,
    എല്ലാം വെറുതെ ആയോ എന്ന തോന്നൽ

    ReplyDelete
  7. ഏറെ സത്യസന്ധമായ റിപ്പോർട്ടുകൾ തന്നെയാണ് മാധ്യമം പുറത്ത് വിടുന്നത് എന്നതിൽ ലവലേശം സംശയമില്ല. പത്രങ്ങളും ഓഫീസുകളും കൈവശമുണ്ടയിരുന്ന ഒരു കാലത്ത് മാധ്യമത്തിന്റെ ഉറ്റ സുഹൃത്തായ ഹുസൈൻ സാഹിബ് ഒന്നിച്ചപ്പോഴുണ്ടാവുന്ന കൂട്ട പലായനം പേടിച്ചത് കൊണ്ടാണോ അതോ വർത്തമാനത്തിലെ വർത്തമാനങ്ങൾ വാർത്തയാകാതിരിക്കാനാണോ അതുമല്ലെങ്കിൽ അൽപ്പം ശത്രുത ഇളക്കിവിട്ട് കോപ്പി കുറച്ച് കോപ്പു കൂട്ടുകയാണോ?

    ഒരു പാട് സന്തോഷിച്ചു സാഹിബേ,
    എല്ലാം വെറുതെ ആയോ എന്ന തോന്നൽ

    ReplyDelete
  8. ഞാനും ഒരു മാധ്യമം വരിക്കാരനായിരുന്നു. ശംസുദ്ധീന്‍ പാലത്തിനെതിരെ മുമ്പൊരു അശ്ലീല വാര്‍ത്ത വന്നിരുന്നു. അന്നത്തെ എല്ലാ പത്രങ്ങളും ഞാന്‍ പരിശോധിച്ചതില്‍ ഇത്തിരിയെങ്കിലും മാന്യമായി അത് റിപ്പോര്‍ട്ട്‌ ചെയ്തത് ചന്ദ്രിക മാത്രമാണ്. പിന്നീട് അതൊരു കെട്ടിച്ചമച്ച കേസ് ആയിരുന്നു എന്ന് കോടതി കണ്ടെത്തി പ്രതിയെ വെറുതെ വിട്ടു. പക്ഷെ മഹാ പാതകമായ വ്യഭിചാര ആരോപണം നിര്‍വഹിച്ച പത്രം അന്ന് നിര്‍ത്തിയതാ.

    ReplyDelete
  9. UAPA കനിഞ്ഞു നൽകിയ ലയനം കൊണ്ട് ഊർദ്ധ ശ്വാസം വലിക്കുന്ന 'വർത്തമാനത്തെ' രക്ഷപ്പെടുത്താനുള്ള വിഫല ശ്രമം.

    ReplyDelete
  10. ____ സലഫി: മാധ്യമം പത്രം ബഹിഷ്കരിക്കണം

    ശ്രോതാവ്: എന്ത് കാരണത്താൽ ?

    ____ സലഫി: വിദേശത്തായിരിക്കെ നാട്ടിലെ സ്ഥാപനത്തിൽ ജോലി ചെയ്തതായി രജിസ്റ്ററിൽ കള്ള ഒപ്പിട്ടു ശമ്പളം പറ്റിയതിനു എന്നെ വിജിലൻസ് പൊക്കിയ വാർത്ത മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു

    ശ്രോതാവ്: പകരം ഏതു പത്രമിടണം ? എഡിറ്റർ തന്നെ മദ്രസ്സാ നോട്ടീസ് എന്ന് വിശേഷിപ്പിച്ച ചന്ദ്രികയോ ? അതോ ആദർശ വ്യതിയാനത്തിനുള്ള തെളിവായി നിങ്ങള് ചൂണ്ടിക്കാണിച്ച, ഇപ്പോൾ നിലവിലുണ്ടോ ഇല്ലയോ എന്ന് നിങ്ങള്ക്ക് തന്നെ ഉറപ്പില്ലാത്ത വർത്തമാനമോ ?

    ____ സലഫി: മാതൃഭൂമി അല്ലെങ്കിൽ മനോരമ ഇടാമല്ലോ. പ്രവാചകനെ അധിക്ഷേപിച്ചാലും, മുസ്ലിംകളെ ഭീകരരാക്കിയും മോശക്കാരാക്കിയും നിരന്തരം വാർത്തകൾ മെനഞ്ഞാലും ഇടക്കൊക്കെ നമ്മുടെ നേതാക്കളുടെ വെജിറ്റേറിയൻ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ നടുപ്പേജ് തന്നെ മാതൃഭൂമി അനുവദിക്കാറുണ്ട്. നമുക്ക് വലുത് തൗഹീദ് ആണല്ലോ, നമുക്ക് വലുത് ആദർശമാണല്ലോ. നമ്മൾ തൗഹീദ് പ്രസ്ഥാനമാണല്ലോ, തൗഹീദ് പറയാൻ വേണ്ടി നമ്മൾ ഏറെ ത്യാഗം സഹിച്ചിട്ടുണ്ടല്ലോ, ഈ തൗഹീദ് പ്രസ്ഥാനത്തെ ആർക്കും തകർക്കാൻ കഴിയില്ലല്ലോ, തൗഹീദ് ... തൗഹീദ് ...തൗഹീദ്...

    ReplyDelete
  11. മാധ്യമം സമുദായത്തിന്റെ പേര് പറഞ്ഞ് പിരിച്ച് എല്ലാവരുടേയും സഹായം കൊണ്ട് സ്ഥാപിച്ച പത്രമാണ്
    അത് സമുദായത്തിലെ ഇതര സംഘടന കൾക്കോ/ സംഘടന നേതാക്കൾക്കോ Space അനുവദിച്ചത് നിങ്ങളുടെ ഔദാര്യമായി കാണുന്നില്ല

    നേരെത്തെ പറഞ്ഞത് പോലെ നിങ്ങൾ പറയുന്നത് പോലെ എഴുതാൻ മാധ്യമം ചന്ദ്രികയെ പോലെയല്ലല്ലോ എന്ന ആശയം കണ്ടു OK പക്ഷേ പാൽ കൊടുത്ത കൈയ്യിന് കടിക്കാതിരിക്കുകയെങ്കിലും മറ്റുള്ളവർ ചെയ്യാറുണ്ട് ,എന്നും മുസ്ലിം സമുദായത്തിനകത്തെ സംഘടന പോരായ്മകളെ പുറത്ത് കൊട്ടിയാഘോഷിക്കാറുള്ളത് മാധ്യമമാണ്
    പ്രത്യേകിച്ച് ജമാഅത്തിന്റെ ആശയാദർശങ്ങൾക്കും നയനിലപാടുകൾക്കും എതിരാവുന്ന സംഘടനകളുടെ - ഒരു പാട് ഉദാഹരണം ഇവിടെ കാണിക്കാൻ കഴിയും
    പിന്നെ പത്ര ധർമ്മം
    അതിന്റെ കഥ തെളിവ് സഹിതം ധാരാളം തരാം

    അമ്മായിമ്മക്ക് അടുപ്പിലുമാകാം മരുമകൾക്ക് എവിടേയും പറ്റില്ല എന്ന ജമാഅത്തിന്റേയും, മറ്റു സംവിധാനങ്ങളുടേയും നിലപ്പാട് അതത്രെ വെള്ളപൂശിയാലും തിരിയുന്നവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും

    ReplyDelete
  12. ഹൃദയം ഒന്ന് പിടച്ചപ്പോൾ തോന്നിപ്പോയതാ ക്ഷമിക്കി....ൻ

    ReplyDelete
  13. എ൯റെ നേതാവിനെ ഞാനും അനുധാവനം ചെയ്യുന്നു, വേദനയോടെ...

    ReplyDelete
  14. ആരെയെങ്കിലും ശത്രു പക്ഷത്ത് നിർത്തി അവരോട് പോരടിക്കാതെ നിലനിൽക്കാനാകാത്ത സംഘടനയാണോ മുജാഹിദ് സംഘടന.
    ഇത്ര കാലം പരസ്പരം പട വെട്ടി. അത് മതിയാക്കിയപ്പോൾ ഒരു പുതിയ ശത്രു വേണം.അതിന് 'മാധ്യമ'ത്തെയും ജമാഅത്തിനെ കണ്ടെത്തി. ഇനി അതാകട്ടെ കുറച്ച് കാലത്തേക്ക് ജിഹാദ്. !!!!!
    വലിയ അത്ഭുതം തന്നെ !!!
    ചില നേതാക്കൾക്ക് സ്ഥാനമാനങ്ങൾ നിലനിർത്താനായി അന്ന് സംഘടനയിൽ ഉണ്ടായ ഗ്രൂപ്പിസം മൗനം സമ്മത്ം കൊടുത്ത് അവസാനം കുറെപ്പേരെ പുറത്താക്കി പിളർപ്പിന് വഴി വെച്ചു. അങ്ങനെ കൈവന്ന അധികാരങ്ങളുടെയും സ്ഥാപനങ്ങളുടെയും നേതാക്കളുടെ തന്നെയും ഭാവി ഗവണ്മെന്റിന്റെ ,വിശേഷിച്ചും കേന്ദ്രത്തിലെത്, ഇടപെടൽ മൂലം അവതാളത്തിലാകുമെന്ന് മനസ്സിലായപ്പോൾ അവരുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടി ലയനം നടത്തി "ശക്തി സംഭരിച്ചു". ഇന്ന് കരി നിയമങ്ങൾക്കെതിരെ ആവുന്നത്ര സംസാരിക്കുന്നു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഇതരർ അതേ കാര്യം ഉന്നയിച്ചപ്പോൾ, അതൊന്നും പരിഗണിക്കാതെ 'തൗഹീദിൽ' മുങ്ങി നിൽക്കുകയായിരുന്നു. അതേ കരി നിയമങ്ങൾ സ്വന്തം ആളുകളെ ലക്ഷ്യമാക്കിയപ്പോഴാണ് നേരം വെളുത്തത്. അത് വേറെ വിഷയം.
    'മാധ്യമം' എന്തെങ്കിലും എഴുതിയാൽ പൊളിഞ്ഞ് പോകുന്നതാണോ " ആദർശത്തിലധിഷ്തിതമായി മാസങ്ങൾ ചർച്ച ചെയ്ത് കറകളഞ്ഞുണ്ടാക്കിയ" ലയനം?. അങ്ങനെ ഒരു ആശങ്കയുണ്ടെങ്കിൽ അതിനർത്ഥം എന്തോ ഭയക്കുന്നു എന്നാണല്ലോ !!!
    'മാധ്യമം'കാർ നിർദ്ദേശിച്ചതനുസരിച്ചാണ് പിളർന്നതെങ്കിൽ, തീർച്ചയായും അവരുടെ 'ക്ലിയയറൻസ്' ലയനത്തിനും വേണമായിരുന്നു. എന്നാൽ വസ്തുത അങ്ങിനെയല്ലെന്നിരിക്കെ എന്തിന് സംഘടനക്ക് പുറത്തുള്ളവരെ ആഭ്യന്തര വിഷയങ്ങളിൽ ഭയക്കണം. 'പറയപ്പെടുന്ന കുത്തിത്തിരുപ്പ് ' ഉണ്ടാക്കുന്ന പുറത്തുള്ളവരെ അവഗണിക്കുകയായിരുന്നില്ലേ അഭികാമ്യം. (ലയന സമ്മേളനത്തിൽ പോലും നല്ല 'ഫോമിലായിരുന്ന' പ്രാസംഗികരെ തന്നെ കുത്തിത്തിരുപ്പിന്റെ കാര്യത്തിൽ, പുറത്തുള്ളവരെക്കാൾ കരുതിയിരുന്നാൽ മതി). 'മാധ്യമം' വായിക്കാത്ത പ്രചരിപ്പിക്കാത്ത പിന്തുണക്കാത്തവർ, എന്തിന് അതിലെഴുതുന്നതിനെ പഴിക്കണം.
    എന്തിന് 'മാധ്യമ'ത്തിന്റെ പുറകെ നടക്കുന്നു?? മുജാഹിദ് സംഘടനയുടെ കൈവശമുള്ള അണികളെയും സംവിധാനങ്ങളെയും ഉപയോഗി്ച് , സംഘടന മനസ്സിലാക്കുന്ന ആ മാതൃകാ സമൂഹം അതിനുള്ളിൽ ഉണ്ടാക്കുക. അത് ലോകം കാണട്ടെ. അത് തന്നെയാണ് ഏറ്റവും വലിയ പ്രബോധനവും. അല്ലാതെ ജമാഅത്ത് ,ജാറം എന്നൊക്കെ പറഞ്ഞ് ഇനിയും കാലം കഴിക്കരുതെന്നഭ്യർത്ഥിക്കുന്നു.
    മുസ്ലിം പൊതു സമൂഹം സ്വപ്നം കാണുന്ന ഐക്യം മുജാഹിദുകളുടെത് മാത്രമല്ല. ലയന സമ്മേളനത്തിൽ ബഹു. സി.പി. പറഞ്ഞ പോലുള്ള 'ഖിബ്ലയെ അംഗിക്കരിക്കുന്ന അങ്ങോട്ട് തിരിയുന്ന ' സകലരുടെയുമാണ്. അതിൽ ജമാഅത്തും മാധ്യമവും പെടണം.

    ReplyDelete
    Replies
    1. തിരിച്ചും ആകാം
      വാക്കിലല്ല പ്രയോഗത്തിൽ

      Delete
    2. തിരിച്ചും ആകാം
      വാക്കിലല്ല പ്രയോഗത്തിൽ

      Delete
  15. പിളർപ്പിന് ശേഷം ഇത്രയധികം വേദികളിൽ ഇരു നേതാക്കളെയും ഇത്രയും ഒന്നിച്ചിരുത്തിയ ഒരു സംഘടന ജമാ അത്തല്ലാതെ വേറെ ഏതാണ്? അല്ലാതെ പരസ്പരം ഒരുമിച്ച ഒരു വേദി നിങ്ങൾക്ക് ചൂണ്ടി കാണിക്കാൻ പറ്റുമോ, അങ്ങിനെ ആയിരുന്നല്ലോ നിങ്ങളൂടെ പരസ്പര വിഴുപ്പലക്കലുകൾ. എന്നിട്ട് ഇപ്പോ മാധ്യമത്തിന്റെ മേൽ കുതിര കയറാൻ വന്നിരിക്കുന്നു.

    ReplyDelete