‘മാധ്യമ‘ കാപട്യം തുറന്നു കാട്ടിക്കോണ്ടുള്ള ഡോ. ഹുസൈൻ മടവൂരിന്റെ കത്ത് സാമൂഹ്യമാധ്യമങ്ങളിൽ വൻചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോൾ മുജാഹിദ് വിദ്യാർഥി വിഭാഗമായ എം എസ് എം ഭാരവാഹി ശുക്കൂർ സ്വലാഹിയുടെ ‘മാധ്യമം‘ സർകുലേഷൻ മാനേജർക്കുള്ള തുറന്ന കത്താണ് സോഷ്യൽ മീഡിയകളിലെ പുതിയ ചർച്ച.
മുജാഹിദ് ഐക്യ ചർച്ചകളുമായി ബന്ധപ്പെട്ട് മാധ്യമത്തിൽ വന്ന അസത്യങ്ങളും അർദ്ധസത്യങ്ങളും ഊഹാപോഹങ്ങളും നിറഞ്ഞ വാർത്തകളും വിശകലനങ്ങളും, വർഷങ്ങളായി മാധ്യമം സ്വീകരിച്ചു വരുന്ന മുജാഹിദ്-മുസ്ലിം കൂട്ടായ്മകളോടുള്ള വിരോധങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട് സലാഹിയുടെ തുറന്ന കത്ത്. ഒരു വർഷത്തേക്ക് താൻ നൽകിയ വരിസംഖ്യ എന്തു ചെയ്യണമെന്ന് തീരുമാനിക്കാം എന്നു പറഞ്ഞാണ് സ്വലാഹി തന്റെ എഴുത്ത് അവസാനിപ്പിക്കുന്നത്.
ശുക്കൂർ സ്വലാഹിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം താഴെ...
മാധ്യമം പത്രത്തിന്റെ സർക്കുലേഷൻ മാനേജർക്ക് ഒരു തുറന്ന കത്ത്.
മുസ്ലിം കൈരളിയുടെ ചരിത്രത്തിൽ ഇടം പിടിച്ചുകൊണ്ട് മുജാഹിദ് ഐക്യം യാഥാർഥ്യമായി. ഇരു വിഭാഗത്തിലും പെട്ട നേതാക്കളും പണ്ഡിതന്മാരും നടത്തിയ മാസങ്ങളോളം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിലാണ് മുജാഹിദ് പ്രവർത്തകരുടെ ഏറെ നാളത്തെ ആഗ്രഹം പൂവണിഞ്ഞത്. എന്നാൽ സമുദായത്തിന്റെ ഐക്യമാണ് മുഖമുദ്ര എന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വരികയും സമുദായത്തിന്റെ മുഴുവൻ കൂട്ടായ്മകളിലും ഭിന്നിപ്പിൻറെ കരിമ്പുക പടർത്താൻ ശ്രമിക്കുകയും ചെയ്യുന്ന താങ്കളുടെ പത്രം ഇവിടെയും വേദനിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത് എന്ന് ഖേദപൂർവ്വം പറയട്ടെ.
മുജാഹിദ് നേതൃത്വങ്ങൾ ഈ വാർത്ത പുറത്ത് വിട്ടത് മുതൽ താങ്കളുടെ പത്രം പ്രസിദ്ധീകരിച്ച വാർത്തകൾ ഒന്ന് മനസ്സിരുത്തി വായിച്ചു നോക്കണം എന്ന് അപേക്ഷിക്കുകയാണ്. ഭാരവാഹികളെ പ്രഖ്യാപിക്കുന്നിടത്ത് പരാജയപ്പെടുന്നുവെന്നും ഇരു വിഭാഗത്തിലും അസ്വസ്ഥത ഉണ്ടെന്നും ചിലരെയൊക്കെ മാറ്റി നിർത്തുമെന്നും ഒക്കെയുള്ള ഊഹം നിറഞ്ഞ എത്രയോ വാർത്തകൾ നിങ്ങൾ പുറത്ത് വിടുകയുണ്ടായി. യഥാർത്ഥത്തിൽ നിങ്ങളുടെ ഇത്തരം റിപ്പോർട്ടുകൾ ചർച്ചകളുടെ ഇടവേളകളിൽ പറഞ്ഞു ചിരിക്കാനുള്ള ഹാസ്യ വർത്തമാനങ്ങൾ മാത്രമായിരുന്നു, ഞങ്ങളുടെ പണ്ഡിതന്മാർക്ക്. മുജാഹിദുകൾ ഐക്യപ്പെടുന്നതിൽ, തുടർന്ന് ജമാഅത്തെ ഇസ്ലാമിയുടെ മതവിരുദ്ധ - മതരാഷ്ട്ര മുഖം കൂടുതൽ ശക്തിയോടെ വിശദീകരിക്കപ്പെടുന്നതിൽ ജമാഅത്തുകാർക്ക് ഉണ്ടാവുന്ന അസ്വസ്ഥത ഞങ്ങൾ മനസ്സിലാക്കുന്നു. അതിനെ ആദർശപരമായി നേരിടാനുള്ള ചങ്കുറപ്പില്ലായ്മയാണ് ഈ വ്യാജ വാർത്തകളിലൂടെ നിങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നത്. ആദരണീയനായ ഡോ. ഹുസൈൻ മടവൂർ തന്റെ കുറിപ്പിൽ സൂചിപ്പിച്ച പോലെ കളവു പ്രചരിപ്പിച്ചും കുത്തിപ്പറഞ്ഞും പരിഹസിച്ചും ചാരപ്പണി നടത്തിയും നിങ്ങൾ എന്താണ് സ്ഥാപിക്കാൻ ശ്രമിച്ചത്? അല്ലെങ്കിൽ എന്താണ് തകർക്കാൻ ശ്രമിച്ചത്?
താങ്കളുടെ പത്രം വർഷങ്ങളായി സ്വീകരിച്ചു വരുന്ന മുജാഹിദ് വിരോധവും മുസ്ലിം കൂട്ടായ്മകളോടുള്ള വിദ്വേഷവും അറിഞ്ഞു കൊണ്ട് തന്നെ മറ്റു പല ബന്ധങ്ങളുടെയും പേരിൽ പത്രം വാങ്ങുന്നവരുണ്ട്. വരിക്കാരായവരും ഉണ്ട്. ആ കൂട്ടത്തിൽ ഒരു വർഷത്തേക്ക് മാധ്യമം പത്രത്തിന്റെ വരിചേർന്ന ഒരാളാണ് ഞാൻ. പക്ഷെ നിങ്ങളുടെ ഈ മുജാഹിദ് വിരോധം അതിരു കവിഞ്ഞിരിക്കുന്നു. മുജാഹിദ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഒരു എളിയ ഭാരവാഹി എന്ന നിലയിൽ നിങ്ങൾ പ്രചരിപ്പിച്ച കള്ളങ്ങളും ഊഹങ്ങളും കൃത്യമായി എനിക്കറിയാം. അതിനാൽ താങ്കളുടെ പത്രത്തിന്റെ വരിക്കാരൻ ആകാനുള്ള തീരുമാനം ഞാൻ പിൻവലിക്കുന്നു.
കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങളെ സാക്ഷി നിർത്തി മാധ്യമം പത്രവുമായുള്ള ബന്ധത്തെ കുറിച്ച് ആലോചിക്കണമെന്നു അബ്ദുറഹ്മാൻ സലഫി പറഞ്ഞ കാര്യം ആലോചിക്കുകയും തീരുമാനം എടുക്കുകയും ചെയ്തിരിക്കുന്നു. ഡോ. ഹുസൈൻ മടവൂർ പറഞ്ഞ പോലെ ഞാൻ സ്നേഹിക്കുന്ന പ്രസ്ഥാനത്തെ നിരന്തരമായി, അകാരണമായി, അസത്യങ്ങൾ പ്രചരിപ്പിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പത്രം പണം കൊടുത്ത് വാങ്ങേണ്ടതില്ല എന്ന് ഞാൻ തീരുമാനിച്ചിരിക്കുന്നു. എന്റെ വരിസംഖ്യയുടെ കാര്യത്തിൽ നിങ്ങൾക്ക് ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്.
അഭിവാദ്യങ്ങൾ...
ReplyDelete