Wednesday, December 31, 2008

ആധിപത്യ വ്യവസ്ഥയെ വെല്ലുവിളിച്ച്‌ തകഴിയുടെ താവഴിയില്‍

ആധിപത്യ വ്യവസ്ഥയെ വെല്ലുവിളിച്ച്‌ തകഴിയുടെ താവഴിയില്‍
ഒരു സവിശേഷ അഭിമുഖം....

ചന്ദ്ര മുസഫ്‌ഫര്‍ / മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍

മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്കും സാര്‍വദേശീയ മാനവിക മൂല്യങ്ങള്‍ക്കും വേണ്ടി ജീവിതം മാറ്റിവെച്ച പ്രശസ്‌ത മലേഷ്യന്‍ ചിന്തകനും ഗ്രന്ഥകാരനും ഊര്‍ജസ്വലനായ ആക്‌ടിവിസ്റ്റുമാണ്‌ ഡോ. ചന്ദ്രമുസഫ്‌ഫര്‍. പോളിയോ പിടിപെട്ട്‌ ഇരു കാലുകളും തളര്‍ന്നുപോയിട്ടും വീല്‍ചെയറില്‍ ലോകം മുഴുവന്‍ യാത്രചെയ്‌ത്‌ ആഗോള ആധിപത്യ ശക്തികളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു അദ്ദേഹം. കേരളത്തില്‍ വേരുകളുള്ള, തകഴി ശിവശങ്കരപ്പിള്ളയുടെ പിന്‍മുറക്കാരനായ ഡോ.ചന്ദ്ര മുസഫ്‌ഫര്‍ അമേരിക്കന്‍ ആധിപത്യ വ്യവസ്ഥയുടെ ഭീകരതകളെക്കുറിച്ച്‌ സംസാരിക്കുന്നു.

ആധിപത്യ വ്യവസ്ഥയെ വെല്ലുവിളിച്ച്‌ തകഴിയുടെ താവഴിയില്‍...


Share:

വിലയും മൂല്യവും

വിലയും മൂല്യവും തമ്മിലുള്ള ബന്ധത്തെയും വ്യത്യാസത്തെയും സംബന്ധിച്ച്‌ സാമ്പത്തിക ശാസ്ത്ര ഗ്രന്ഥങ്ങളില്‍ അല്‍പസ്വല്‍പം വിശദമായ ചര്‍ച്ച കാണാം. വിലയ്ക്കും മൂല്യത്തിനും അവിടെയൊന്നും ചര്‍ച്ചചെയ്യാത്ത ചില മാനങ്ങളും ഉണ്ടാകും. പക്ഷെ, മുസ്ലിംസമൂഹം ഇതിനെ സംബന്ധിച്ച്‌ അത്രയൊന്നും ബോധവാന്മാരല്ല. ഇന്നത്തെ സമ്പന്നരും ഇടത്തരക്കാരുമായ മുസ്ലിംകളില്‍ പലരും ആധുനിക ഉപഭോഗവസ്തുക്കളില്‍ പലതിന്റെയും വിലയറിയുന്നവരാണ്‌. കെട്ടിടങ്ങളുടെയും പറമ്പുകളുടെയും ആളുകളുടെയും വിലയെക്കുറിച്ചും അവര്‍ക്ക്‌ സാമാന്യമായ ധാരണയുണ്ട്‌. എന്നാല്‍ വസ്തുക്കളുടെ മൂല്യത്തെയും മൂല്യരാഹിത്യത്തെയും സംബന്ധിച്ച്‌ അവര്‍ അധികമൊന്നും ചിന്തിക്കാറില്ല. അതിനാല്‍ ഉല്‍പാദകരും വിതരണക്കാരും വലിയ വിലയിട്ട വസ്തുക്കള്‍ക്ക്‌ വലിയ മൂല്യം കല്‍പിക്കുകയാണ്‌ പലരും ചെയ്യുന്നത്‌. ആളുകള്‍ക്ക്‌ വിലകല്‍പിക്കുന്നതാകട്ടെ അവരുടെ അധികാരവും സമ്പത്തും നോക്കിയിട്ടാണ്‌. ഖുര്‍ആനും സുന്നത്തും പ്രബോധനം ചെയ്യാന്‍ വേണ്ടി മഹാസമ്മേളനങ്ങള്‍ നടത്തുമ്പോഴും മന്ത്രിമാരെയും വന്‍ പണക്കാരെയും പങ്കെടുപ്പിക്കുന്ന കാര്യമാണല്ലോ സജീവമായി പരിഗണിക്കാറുള്ളത്‌.

വിലയേക്കാള്‍ എത്രയോ ഉപരിയായ മൂല്യത്തെയും മൂല്യബന്ധിതമായ വിലയെയും സംബന്ധിച്ച്‌ ചിന്തിക്കാന്‍ പ്രേരണ നല്‍കിയ സംഭവമത്രെ ഭുവനപ്രശസ്തമായ ആ ചെരുപ്പേറ്‌. തന്റെ വിലയെയും അധികാരത്തെയും സംബന്ധിച്ച്‌ അതിരുകവിഞ്ഞ അഹംബോധമുള്ള ജോര്‍ജ്‌ ബുഷിന്‌ നേര്‍ക്ക്‌ കുതിച്ചുപാഞ്ഞ ഒരു ജോടി ഷൂസിന്‌ അല്‍ബഗ്ദാദിയ ടി വി ലേഖകന്‍ മുന്‍തദര്‍ സൈദി കടയില്‍ കൊടുത്ത വില എത്രയെന്ന്‌ ലോകത്താരും അന്വേഷിക്കുന്നില്ല. പക്ഷെ, ആ ഏറോടെ സൈദിക്കും അയാളുടെ ഷൂസിനും കൈവന്ന മൂല്യം അതിഭീമമാണ്‌. അത്‌ തിട്ടപ്പെടുത്തുക അത്ര എളുപ്പമല്ല. അധിനിവേശ വിരുദ്ധതയുടെ മൂല്യം, സാമ്രാജ്യത്വ വിരുദ്ധതയുടെ മൂല്യം, സ്വേച്ഛാധിപത്യത്തിന്റെ ഉഗ്രമൂര്‍ത്തിയുടെ നേര്‍ക്കുള്ള നിരങ്കുശമായ ധിക്കാരത്തിന്റെ മൂല്യം, അതുല്യമായ ഒരു സെന്‍സേഷനല്‍ ന്യൂസിന്റെ മൂല്യം എന്നിങ്ങനെ മൂല്യഗണനയ്ക്ക്‌ മാനങ്ങളും മാപകങ്ങളും ഏറെയുണ്ടാകും. ഇറാഖി ജനതയ്ക്ക്‌ കൈവന്ന സ്വാതന്ത്ര്യത്തിന്റെ അടയാളമെന്ന്‌ ഈ ചെരുപ്പേറിനെ വിശേഷിപ്പിച്ച ബുഷിന്റെ ക്രൂരമായ ഫലിതത്തില്‍ പോലും ഏറിന്റെ മൂല്യം അംഗീകരിക്കപ്പെട്ടിരിക്കയാണ്‌.

ബുഷിനെ എറിഞ്ഞ ഷൂസിന്‌ കോടികള്‍ വില പറഞ്ഞ സമ്പന്നര്‍ വിലയും മൂല്യവുമായി ഒരു തരത്തില്‍ കൂട്ടിക്കലര്‍ത്തുകയാണ്‌ ചെയ്തത്‌. ഭാവിയില്‍ കൂടുതല്‍ വിലയ്ക്ക്‌ ലേലം ചെയ്തു വില്‍ക്കാമെന്ന വ്യാമോഹവും അവര്‍ക്ക്‌ പ്രേരകമായിരിക്കാം. ഏതെങ്കിലും വസ്തുവിന്‌ മാധ്യമങ്ങള്‍ വാര്‍ത്താമൂല്യം സ്ഥാപിച്ചാല്‍ അതിന്റെ കച്ചവട സാധ്യതകള്‍ അന്വേഷിച്ചിറങ്ങുന്നവര്‍ക്ക്‌ ലാഭമെന്ന മൂല്യത്തില്‍ മാത്രമേ വിശ്വാസമുണ്ടാവുകയുള്ളൂ. ബുഷിന്റെ രാഷ്ട്രീയത്തിലും ഈ മൂല്യത്തിന്‌ തന്നെയാണ്‌ മുന്‍ഗണന. എന്നാല്‍ സൈദി എന്ന ടി വി ലേഖകന്റെ മൂല്യബോധത്തില്‍ ലാഭക്കൊതി കലര്‍ന്നിട്ടുണ്ടാകാന്‍ സാധ്യതയില്ല. ശരാശരിക്കാരുടെ കാഴ്ചപ്പാടില്‍ അദ്ദേഹത്തിന്‌ നഷ്ടം മാത്രമേയുള്ളൂ. അതില്‍ ഏറ്റവും നിസ്സാരമായത്‌ ആ ഷൂസിന്റെ വിലയാണ്‌. ശരീരം അടിച്ചുതകര്‍ക്കപ്പെട്ടതും വരാനിരിക്കുന്ന വിചാരണയും ശിക്ഷയും തുടങ്ങി പലതും നഷ്ടങ്ങളുടെ പട്ടികയില്‍ വരാം. ആ ഷൂസ്‌ മൂലം ആര്‍ക്കും ഇനി പ്രശസ്തിയോ ലാഭമോ ഉണ്ടാകാതിരിക്കാന്‍ വേണ്ടി ഇറാഖീ അധികൃതര്‍ അത്‌ നശിപ്പിച്ചുകളഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. ധിക്കാരികള്‍ക്ക്‌ ഒരു പാഠമാകാന്‍ വേണ്ടി സാമ്രാജ്യത്വ കിങ്കരന്മാര്‍ സൈദിയെത്തന്നെ കൊന്നുകളഞ്ഞെന്നും വരാം. എന്തായാലും ബുഷിന്‌ അവരോഹണ സമ്മാനമായി ലഭിച്ച ചെരുപ്പേറ്‌ ചരിത്രത്തില്‍ സ്ഥാനംപിടിക്കുക തന്നെ ചെയ്യും.

ചെരുപ്പേറിന്റെ നൈതികമോ ധാര്‍മികമോ ആയ വശങ്ങളെ സംബന്ധിച്ച്‌ ഇവിടെ വിശകലനം ചെയ്യുന്നില്ല. കമ്പോളവിലയെ വളര്‍ച്ചയുടെയും പുരോഗതിയുടെയും ആധാരമായിക്കണക്കാക്കുന്ന കാഴ്ചപ്പാടിന്‌ ക്ഷണികമായ നിലനില്‍പേ ഉള്ളൂവെന്നും മൂല്യങ്ങള്‍ക്ക്‌ തോക്കുകൊണ്ടോ ബോംബ്‌ കൊണ്ടോ മാച്ചുകളയാനാകാത്ത സ്ഥായീഭാവമുണ്ടാകുമെന്നും വ്യക്തമാക്കുകയാണ്‌ ഈ കുറിപ്പിന്റെ ഉദ്ദേശ്യം. ആഗോള കമ്പോള ശക്തികളുടെ കടിഞ്ഞാണ്‍ പിടിക്കുന്ന സാമ്രാജ്യത്വ സാരഥികള്‍ക്ക്‌ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ കഴിയുമോ എന്ന ചോദ്യത്തെക്കാള്‍ പ്രധാനം മൂല്യബോധമുള്ള ജനകോടികളുടെ നിന്ദയെ അതിവര്‍ത്തിക്കാന്‍ കഴിയുമോ എന്നതാണ്‌.

വിലയും മൂല്യവും തമ്മിലുള്ള മാറ്റുരക്കലിന്‌ മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്‌. നംറൂദ്‌ ചക്രവര്‍ത്തിക്ക്‌ ഭൗതികമായി വലിയ വിലയും നിലയും ഉണ്ടായിരുന്നു. സമ്പത്തിന്റെയും പ്രതാപത്തിന്റെയും വിലയെ സംബന്ധിച്ച വലിയ വിചാരം ആ സ്വേച്ഛാധിപതിയുടെ തലയ്ക്ക്‌ പിടിച്ചതിനാല്‍ അയാള്‍ സ്വയം ദൈവം ചമയാന്‍ പോലും മുതിര്‍ന്നു. ജീവജാലങ്ങളെ ജനിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന ലോകരക്ഷിതാവിനെ സംബന്ധിച്ച്‌ ഇബ്‌റാഹീം നബി(അ) സംസാരിച്ചപ്പോള്‍ നംറൂദിന്റെ പ്രതികരണം, താനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യാറുണ്ട്‌ എന്നായിരുന്നു. പ്രതികളില്‍/തടവുകാരില്‍ ചിലരെ ജീവിക്കാന്‍ വിടുകയും ചിലരെ വധിച്ചുകളയുകയും ചെയ്യാനുള്ള തന്റെ അധികാരത്തിന്റെ വില അയാള്‍ വിളംബരം ചെയ്യുകയായിരുന്നു. എന്നാല്‍ ഇബ്‌റാഹീം(അ) തന്റെ ആദര്‍ശത്തിന്റെ മൂല്യം വ്യക്തമായും ശക്തമായും തെളിയിച്ചുകൊണ്ട്‌ സംവാദം തുടര്‍ന്നപ്പോള്‍ നംറൂദിന്‌ ഉത്തരം മുട്ടിപ്പോയി.

'ഞാനാണ്‌ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവ്‌' എന്ന്‌ ഫിര്‍ഔന്‍ പ്രഖ്യാപിച്ചതും തന്റെ അധികാരത്തിന്റെ വിലയുടെ പേരിലുള്ള ഹുങ്ക്‌ കൊണ്ടായിരുന്നു. പക്ഷെ, ആ സ്വേച്ഛാധിപതിയുടെ ഔദ്ധത്യത്തിനോ ഭീഷണികള്‍ക്കോ യാതൊരു വിലയും കല്‍പിക്കാതെ മൂസാനബി(അ) ദൈവികദൃഷ്ടാന്തങ്ങള്‍ കാണിക്കുകയും മൂല്യവത്തായ സംവാദരീതി തുടരുകയും ചെയ്തപ്പോള്‍ ആദര്‍ശത്തിന്റെയും മൂല്യത്തിന്റെയും കരുത്ത്‌ തെളിഞ്ഞു. ഫിര്‍ഔനിന്റെ അധികാരപ്രമത്തതയും അയാള്‍ വിളിച്ചുകൂട്ടിയ മായാജാലക്കാരുടെ ചെപ്പടിവിദ്യകളും നിഷ്ഫലമായി.
മുഹമ്മദ്‌ നബി(സ)യെ ശക്തിയായി എതിര്‍ത്തവരും സമൂഹത്തില്‍ വിലയുള്ളവരായിരുന്നു. അഥവാ തങ്ങള്‍ ഏറെ നിലയും വിലയും ഉള്ളവരാണന്ന്‌ സ്വയം കരുതുന്നവരായിരുന്നു. അതിനാല്‍ ഇസ്ലാമിനെ മുളയിലേ നുള്ളിക്കളയാമെന്ന്‌ അവര്‍ കണക്കുകൂട്ടിയിരുന്നു. പക്ഷെ, ആദര്‍ശത്തിന്റെ മൂല്യം ഉള്‍ക്കൊണ്ട സത്യവിശ്വാസികള്‍ ന്യൂനപക്ഷമായിരുന്നിട്ടും സമ്പത്തിനും അധികാരത്തിനും വലിയ വില കല്‍പിച്ച ഭൂരിപക്ഷത്തിന്റെ ആക്രമണത്തെ ചെറുത്ത്‌ വിജയം കൈവരിക്കാന്‍ അവര്‍ക്ക്‌ സാധിച്ചു. മുഹമ്മദ്‌ നബി(സ)യോടൊപ്പമുണ്ടായിരുന്ന സത്യവിശ്വാസികള്‍ ഭൗതികമായി തികച്ചും പിന്നാക്കാവസ്ഥയിലായിരുന്നു. അന്നത്തെ റോമന്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരാകട്ടെ ഭൗതികമായി വളരെ നിലയും വിലയും ഉള്ളവരായിരുന്നു. അക്കാലത്ത്‌ ലഭ്യമായിരുന്ന ആയുധങ്ങളും ഉപകരണങ്ങളും ആഡംബരോപാധികളുമെല്ലാം അവരുടെ അധീനത്തിലുണ്ടായിരുന്നു. പക്ഷെ, അവയ്ക്കൊന്നും ഒട്ടും വില കല്‍പിക്കാതെ ആദര്‍ശത്തിന്റെ മൂല്യം ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടാണ്‌ പ്രവാചകശിഷ്യന്മാര്‍ മുന്നേറിയത്‌.

റോമന്‍-പേര്‍ഷ്യന്‍ രാജധാനികളിലുണ്ടായിരുന്ന കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരങ്ങള്‍ക്കൊന്നും പ്രവാചകശിഷ്യന്മാര്‍ ഒട്ടും വില കല്‍പിച്ചില്ല. സര്‍വശക്തനും പ്രതാപിയുമായ ലോകരക്ഷിതാവിന്റെ വിനീത ദാസന്മാര്‍ എന്ന നിലയില്‍ ലളിതമായ ജീവിതംകൊണ്ട്‌ തൃപ്തിപ്പെട്ട്‌ മൂല്യബോധം തെളിയിച്ചാണ്‌ അവര്‍ എതിര്‍പ്പുകളെ അതിജയിച്ചത്‌.

ആദര്‍ശത്തിന്റെ ആത്മീയവും ധാര്‍മികവുമായ മൂല്യം ഉയര്‍ത്തിപ്പിടിക്കേണ്ട മുസ്ലിംകള്‍ ഭൗതിക പ്രമത്തരായ ആളുകളെപ്പോലെ കമ്പോളത്തില്‍ വിലയുള്ള ഉപഭോഗസാമഗ്രികള്‍ വാരിക്കൂട്ടുന്നതില്‍ പ്രതാപം കണ്ടെത്തുന്നതാണ്‌ ഇന്നത്തെ പരിതാവസ്ഥയ്ക്കും പരാജയത്തിനുമെല്ലാം പ്രധാന കാരണം. ലോകത്ത്‌ ഉടനീളമുള്ള മുസ്ലിംകളില്‍ അല്‍പസ്വല്‍പം സാമ്പത്തിക ശേഷിയുള്ളവരെല്ലാം ഇപ്പോള്‍ സാമ്രാജ്യത്വ പക്ഷത്തുള്ള പാശ്ചാത്യരാഷ്ട്രങ്ങള്‍ വിപണിയിലിറക്കുന്ന ആഡംബര വസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ വെമ്പല്‍ കൊള്ളുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌. കണ്ണഞ്ചിപ്പിക്കുന്ന ഉല്‍പന്നങ്ങളില്‍ മൂല്യമുള്ളവ മാത്രം സ്വീകരിക്കാനും അല്ലാത്തവ തിരസ്കരിക്കാനുമുള്ള പക്വത പ്രകടിപ്പിക്കുന്നവര്‍ ന്യൂനാല്‍ ന്യൂനപക്ഷം മാത്രം. പാശ്ചാത്യ രാഷ്ട്രങ്ങള്‍ വലിയ വിലയിട്ട്‌ വിപണിയിലിറക്കുന്ന ഉല്‍പന്നങ്ങള്‍ പൊങ്ങച്ചത്തിന്റെ പേരില്‍ ശേഖരിക്കുകയും അതിന്റെ പേരില്‍ പെരുമ പറഞ്ഞു നടക്കുകയും ആ ഉല്‍പന്നങ്ങള്‍ക്ക്‌ യഥാര്‍ഥ മൂല്യമുണ്ടോ എന്ന്‌ ഒരിക്കല്‍ പോലും വിലയിരുത്താതിരിക്കുകയും ചെയ്യുന്ന മൂഢശിരോമണികളുടെ സംഖ്യ മുസ്ലിം ലോകത്ത്‌ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. തിന്മയുടെ തിരസ്കാരത്തിലും നന്മയുടെ സ്വീകാരത്തിലുമാണ്‌ യഥാര്‍ഥ മൂല്യമുള്ളതെന്ന അവബോധം സമൂഹത്തില്‍ രൂഢമൂലമാക്കിയാലേ പ്രവാചക ശിഷ്യന്മാര്‍ ആര്‍ജിച്ച യശസ്സും ധന്യതയും ജീവിതത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ നമുക്ക്‌ കഴിയുകയുള്ളൂ.

-ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌
പുസ്തകം 32, ലക്കം 20,
2008 ഡിസംബര്‍ 26
Share:

Monday, September 29, 2008

ഈദ് മുബാറക്

പുണ്യങ്ങള്‍ പൂത്തുലഞ്ഞ
ദിനരാത്രങ്ങള്‍ പെയ്‌തൊഴിഞ്ഞു...

സഹനത്തിന്റെ, സാമൂഹ്യബോധത്തിന്റെ
വികാര-വിചാര നിയന്ത്രണങ്ങളുടെ
‘പരിച’യുമായി ‘റയ്യാനി’ലൂടെ
അന്തിമ വിജയത്തീലേക്ക്...

പശിയുടെ പ്രയാസവും ദൈന്യതയും
അനുഭവിച്ചറിഞ്ഞ്
പെയ്‌തൊഴിഞ്ഞ പുണ്യമഴയില്‍
ആവോളം നനഞ്ഞുകുതിര്‍ന്നവര്‍ക്ക്
ഉല്ലാസത്തിന്റെ ആനന്ദത്തിന്റെ
വരവറിയിച്ച് വീണ്ടും-
‘ശവ്വാല്‍’ പൊന്നമ്പിളി
വാനില്‍ തെളിഞ്ഞു...

“അല്ലാഹു അക്‍ബര്‍, അല്ലാഹു അക്‍ബര്‍, ....
.... .... വ ലില്ലാഹില്‍ ഹംദ്”

സര്‍വര്‍ക്കും ‘ഫിത്വ്‌ര്‍’ പെരുന്നാള്‍ ആശംസകള്‍!

Share:

Friday, July 25, 2008

വക്കം മൌലവിയും കേരളത്തിലെ സാമൂഹ്യ നവോത്ഥാനവും

മൌലവിയുടെ ആത്മീയമായ അശ്വമേധം അന്നത്തെ യാഥാസ്ഥിതിക കേന്ദ്രങ്ങളെ മുഴുവന്‍ വിറളി പിടിപ്പിച്ചുവെങ്കിലും അതില്‍ നിക്ഷിപ്ത താത്പര്യങ്ങളില്ലാത്ത യഥാര്‍ഥ സമുദായസ്നേഹികള്‍ അതിവേഗം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളുമായിത്തീര്‍ന്നു. ഈ ദൌത്യം വിജയിക്കുന്നതിനനുസരിച്ച് സങ്കുചിതചിന്താഗതിക്കാരായ മുല്ലമാരും മറ്റു പുരോഹിതന്മാരും അവരുടെ സംരക്ഷകരും മൌലവിയെയും കൂട്ടുകാരേയും പറ്റി ദുഷ്പ്രചാരണങ്ങള്‍ നടത്തുവാന്‍ തുടങ്ങി. മൌലവിയുടെ വിദ്യാഭ്യാസ പ്രചരണപ്രവര്‍ത്തനങ്ങളുടെ ഫലമായി സമുദായത്തിലെ ഇരുള്‍ കോട്ടകള്‍ തകരുന്നതിനനുസരിച്ച് ശത്രുക്കളുടെ ദുഷ്പ്രചരണങ്ങളും ശക്തവും ഹീനവുമായിത്തീര്‍ന്നു. കാഫിറായിപ്പോലും അദ്ദേഹം മുദ്രകുത്തപ്പെട്ടു....

മുഴുവന്‍ വായിക്കുക.

കൂടുതല്‍ അറിയാന്‍:

VAKKOM MAULAVI - THE MAN WHO LED ISLAMIC RENAISSANCE IN KERALA A TRAIL BLAZER IN POLITICAL JOURNALISM

Share:

Tuesday, July 22, 2008

(അ)വിശ്വാസം‌‌- കാര്‍ട്ടൂണ്‍


കടപ്പാട്:
വര്‍ത്തമാനം ദിനപത്രം
വര: മുരളി
Share:

Tuesday, June 24, 2008

ആള്‍ദൈവങ്ങളുടെ ചെലവില്‍ നിര്‍മതത്വത്തിന്റെ വിപണനം

ആള്‍ദൈവങ്ങളുടെ തട്ടിപ്പുകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുമ്പോള്‍ മതങ്ങളും ദൈവവിശ്വാസവും ചര്‍ച്ചയാവുക സ്വാഭാവികമാണ്. ബുദ്ധിജീവികളുടെ വീക്ഷണങ്ങള്‍ പ്രകാശിപ്പിക്കുന്ന ചില ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ബ്ലോഗുകളിലും ഇപ്പോള്‍ മതനിരാസ ലേഖനങ്ങളുടെ വേലിയേറ്റം തന്നെ കാണാം. ഇന്നത്തെ ആള്‍ദൈവങ്ങളെപോലുള്ള ചിലര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ചത് തന്നെയാണ് ലോകമതങ്ങളെന്നും, പ്രപഞ്ചത്തിനാകെ ഒരു സ്രഷ്ടാവും സംവിധായകനും ഉണ്ടെന്ന് പറയുന്നതിന് അനിഷേധ്യമായ തെളിവൊന്നും ഇല്ലെന്നും, ദിവ്യാത്ഭുതങ്ങളെന്ന് പറയപ്പെടുന്നതിന്റെ പൊള്ളത്തരം പത്താംതരത്തില്‍ പഠിക്കുന്ന ശരാശരിക്കാരായ വിദ്യാര്‍ഥികള്‍ക്കുപോലും അറിയാമെന്നും മറ്റുമാണ് ഇത്തരം ലേഖനങ്ങളില്‍ സമര്‍ഥിച്ചുകാണുന്നത്. പരിണാമസിദ്ധാന്തവും ആധുനിക നരവംശശാസ്ത്രവും ശാസ്ത്രീയസോഷ്യലിസവും കൂടി ദൈവസൃഷ്ടി വാദത്തിന്റെ ജീവശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ പ്രസക്തിതന്നെ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥാപിക്കാനാണ് ചില ലേഖനങ്ങളില്‍ കിണഞ്ഞു ശ്രമിക്കുന്നത്. അതോടൊപ്പം തന്നെ ഭൌതികവാദികളെ അമ്പരപ്പിക്കുന്ന ഒരു സത്യം ചില ലേഖനങ്ങളില്‍ തുറന്നു സമ്മതിക്കുന്നുമുണ്ട്. മതവിരുദ്ധ പ്രചാരണങ്ങള്‍ അനുസ്യൂതം നടന്നിട്ടും ഇസ്‌ലാമിലും ക്രിസ്തുമതത്തിലും മറ്റും വിശ്വസിക്കുന്നവരുടെ എണ്ണം ഏറെ വര്‍ദ്ധിക്കുകതന്നെയാണ് ചെയ്തത് എന്ന വസ്തുതയത്രെ അത്.

കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളില്‍ ലോകത്തുടനീളം കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍, ബുദ്ധിജീവികള്‍, രാഷ്ട്രമീമാംസകര്‍, ട്രെയ്ഡ് യൂണിയന്‍ നേതാക്കന്മാര്‍ എന്നിവരില്‍ ഒരു വിഭാഗം ദൈവവിശ്വാസത്തിന്നെതിതിരില്‍ നിരന്തരമായി പ്രചാരണം നടത്തിപ്പോന്നിട്ടുണ്ട്. പലകാരണങ്ങളാല്‍ ഇവര്‍ക്ക് ഭരണാധികാരികളെയും മാധ്യമങ്ങളെയും സ്വാധീനിക്കാനും സാധിച്ചിട്ടുണ്ട്. സെക്യുലറിസത്തിന്റെ പേരില്‍ പൊതുപാഠ്യപദ്ധതിയില്‍ നിന്ന് പ്രപഞ്ചോല്പത്തിയെ സംബന്ധിച്ച മതവീക്ഷണം ഒഴിവാക്കുന്നതിനും പകരം പരിണാമസിദ്ധാന്തം ഉള്‍ക്കൊള്ളിക്കുന്നതിനും സമ്മര്‍ദം ചെലുത്താനും ഈ വിഭാഗത്തിന് സാധിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടകളുമായി ബന്ധമുള്ള അധ്യാപകര്‍ വിദ്യാര്‍ഥികളെ മതനിരാസത്തിലേക്കും ദൈവനിഷേധത്തിലേക്കും നയിക്കാന്‍ വേണ്ടി ആസൂത്രിതമായി പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ പൊതുസമൂഹത്തിന്റെ ഒരു ചെറിയ ഭാഗത്തെ നിഷേധികളോ സന്ദേഹവാദികളോ ആക്കി മാറ്റാന്‍ കഴിഞ്ഞുവെന്നല്ലാതെ ഭൂരിപക്ഷം വരുന്ന മതവിശ്വാസികളുടെ മനസ്സു മാറ്റാന്‍ ഭൌതികവാദികള്‍ക്ക് സാധിക്കുകയുണ്ടായില്ല.

ഭൌതികപ്രപഞ്ചത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ ഘടകങ്ങളെയൊക്കെ സര്‍വജ്ഞനും സര്‍വശക്തനുമായ രക്ഷിതാവ് വ്യവസ്ഥാപിതമായി സംവിധാനിച്ചു എന്ന സത്യത്തെ പാഠപുസ്തകങ്ങളില്‍നിന്ന് പുറംതള്ളിയിട്ടുപോലും മനുഷ്യരില്‍ മഹാഭൂരിപക്ഷം പടച്ചതമ്പുരാനില്‍ (ദൈവത്തില്‍) വിശ്വസിക്കുന്നു എന്നത് ഭൌതികവാദികളെ അമ്പരപ്പിച്ചുകളയുന്നു. അതിനെ മറികടക്കാന്‍ വേണ്ടി എന്തൊക്കെയാണ് പറയേണ്ടതെന്ന കാര്യത്തില്‍ അവര്‍ ആശയകുഴപ്പത്തിലാണ്. ചിലപ്പോള്‍ അവര്‍ പറയും; പാദാര്‍ഥികവും സാമൂഹികവുമായ പ്രതിഭാസങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യാന്‍ കഴിവില്ലാത്തവരാണ് എല്ലാറ്റിനും കാരണക്കാരനായി ദൈവത്തെ സങ്കല്പിക്കുന്നതെന്ന്. ശാസ്ത്രജ്ഞാനമുള്ള ധാരാളം പേരും സ്രഷ്ടാവിന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചാല്‍ അത് മനോദൌര്‍ബല്യമാണെന്നോ കാപട്യമാണെന്നോ ആയിരിക്കും മറുപടി.

ഇത്തരം വാചാടോപങ്ങള്‍ ചില വിദ്യാര്‍ഥികളെയോ മുദ്രാവാക്യങ്ങളില്‍ പെട്ടെന്ന് ആകൃഷ്ടരാകുന്ന ചെറുപ്പക്കാരെയോ തൃപ്തിപ്പെടുത്തിയേക്കാമെങ്കിലും, പ്രപഞ്ചഘടനയിലെ സൂക്ഷ്‌മതയും വ്യവസ്താപിതത്വവും ആകസ്മികമായ ഭൌതികമാറ്റങ്ങളുടെ ഫലമായി തനിയെ രൂപം കൊണ്ടതാണെന്ന് വിശ്വസിക്കാന്‍ ചിന്താശീലമുള്ള മിക്ക ആളുകളുടെയും മനസ്സ് സമ്മതിക്കുന്നില്ല എന്നതാണ് സത്യം. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമെല്ലാം കറങ്ങുന്നതും ശൂന്യതയിലൂടെ സഞ്ചരിക്കുന്നതും നിശ്ചിത വേഗതയിലാണ്. നിര്‍ണിതമായ പഥങ്ങളിലൂടെയാണ്. കോടിക്കണക്കില്‍ വര്‍ഷങ്ങളായി ഇത് മാറ്റം കൂടാതെ തുടരുകയാണ്. അതിസൂക്ഷ്മമായ പരമാണുവിനുള്ളിലെ സൂക്ഷ്‌മകണങ്ങളുടെ ചലനക്രമവും അത്യന്തം കണിശതയുള്ളതാണ്. ഇതൊക്കെ ആരും വ്യവസ്ഥപ്പെടുത്താതെ തനിയെ നടക്കുന്നതാണെന്ന് യാതൊരു ശാസ്ത്രനിയമം കൊണ്ടും തെളിയിക്കപ്പെട്ടിട്ടില്ല. ഇതൊക്കെ ഏത് നിലയില്‍ വര്‍ത്തിക്കുന്നു എന്ന അന്വേഷണമാണ് ശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്നത്. എന്തുകൊണ്ട് അങ്ങനെ വര്‍ത്തിക്കുന്നു എന്നത് ശാസ്ത്രത്തിന് കണ്ടെത്താനാവുന്നതിനും അപ്പുറമാണ്.

ഭൂമി സൂര്യന് ചുറ്റും ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നത് 365 1/4 (മുന്നൂറ്റിഅറുപത്തഞ്ചേക്കാല്‍) ദിവസങ്ങള്‍ കൊണ്ടാണ് എന്ന വസ്തുത ആയിരത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജ്യോതിശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ ഭൂമിയുടെ സഞ്ചാരപഥവും ഗതിവേഗവും ഇത്രകണിശമായി നിര്‍ണയിക്കപ്പെടുകയും അത് മാറ്റം കൂടാതെ തുടരുകയും ചെയ്യുന്നതിന്റെ കാരണമെന്തെന്ന് ശാസ്ത്രത്തിന്റെ ഉപാധികള്‍ കൊണ്ട് കണ്ടെത്താനാവില്ല. മനുഷ്യനിര്‍മിത ഉപഗ്രഹങ്ങള്‍ ഭൂമിക്ക് ചുറ്റും നിശ്ചിത പഥത്തിലൂടെ നിര്‍ണിതവേഗത്തില്‍ ഭ്രമണം ചെയ്യുന്നത് ശാസ്ത്രജ്ഞര്‍ അതൊക്കെ കണിശമായി ആസൂത്രണം ചെയ്യുന്നത് കൊണ്ടാണല്ലോ. എന്നിട്ടും ഏതാനും വര്‍ഷക്കാലം മാത്രമാണ് ഒരു കൃത്രിമ ഉപഗ്രഹം അതിന്റെ ഭ്രമണപഥത്തില്‍ കൃത്യതയോടെ നീങ്ങുന്നത്! അത് കഴിഞ്ഞാല്‍ തകര്‍ച്ചയും പതനവുമാണ്!! അപ്പോള്‍ ആകാശത്ത് നക്ഷത്രങ്ങളും ഗ്രഹോപഗ്രഹങ്ങളും ഗതിവേഗം മാറാതെ, ഭ്രമണപഥം തെറ്റാതെ നീങ്ങുന്നത് യാതൊരു ആസൂത്രണവും കൂടാതെയാണെന്ന് പറയുന്നത് എന്തൊരു മണ്ടത്തരമാണെന്ന് ചിന്താശീലമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ.

ഗര്‍ഭാശയത്തിനകത്ത് അത്യന്തം സൂക്ഷ്മതയോടെ നടക്കുന്ന ഭ്രൂണവളര്‍ച്ചയെ സംബന്ധിച്ച് നൂറുകണക്കില്‍ വാള്യങ്ങളില്‍ രേഖപ്പെടുത്താവുന്നത്ര വിവരങ്ങള്‍ ആധുനികശാസ്ത്രം ശേഖരിച്ചിട്ടുണ്ട്. ബീജത്തിലെയും അണ്ഡത്തിലെയും ഡി എന്‍ എ തന്മാത്രകളില്‍ സമാഹരിക്കപ്പെട്ട അഭൂതപൂര്‍വമായ വിവരശേഖരത്തിന്റെ അടിസ്ഥനത്തിലാണ് ഭ്രൂണവളര്‍ച്ച നടക്കുന്നത്. ഒരു ഡി എന്‍ എ തന്മാത്രയില്‍ രാസാക്ഷരങ്ങളാല്‍ ആലേഖനം ചെയ്യപ്പെട്ട വിവരശേഖരം പകര്‍ത്തിയെഴുതാന്‍ തന്നെ പരസഹസ്രം പേജുകള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇങ്ങനെയുള്ള ദശലക്ഷക്കണക്കില്‍ തന്മാത്രകളാണ് ബീജത്തിലും അണ്ഡത്തിലുമുള്ളത്. ഒരു കുഞ്ഞിന്റെ അവയവ വ്യവസ്ഥ എങ്ങനെയായിക്കണമെന്നത്. മാത്രമല്ല, അവന്റെ ബുദ്ധിശക്തിയും സ്വഭാവവും പ്രകൃതവും മറ്റു പാരമ്പര്യഗുണങ്ങളും ഏത് വിധത്തിലായിരിക്കണമെന്നും ജീനുകളുടെ രാസാക്ഷരങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. തദടിസ്ഥാനത്തിലാണ് ജീവിതമാകെ വികസിച്ചുവരുന്നത്. ഇതൊക്കെ ആരും ആസൂത്രണം ചെയ്യാതെ തനിയെ ഉരുത്തിരിഞ്ഞുവെന്ന് ആര്‍ക്കും ശാസ്ത്രീയമായി തെളിയിക്കാനാവില്ല.

ഗര്‍ഭിണികളെ സംബന്ധിച്ചേടത്തോളം ഏറെ പ്രയാസകരമായ അനുഭവമാണ് ആദ്യമാസങ്ങളിലെ ഛര്‍ദി. ഗര്‍ഭം അലസിപ്പോകാതെ ഉറപ്പിച്ചുനിര്‍ത്താന്‍ വേണ്ടിയുള്ള ഒരു മഹാസംവിധാനമാണ് ഈ ഛര്‍ദിയെന്ന് സമീപകാലത്ത് മാത്രമാണ് ചില ശാസ്ത്രജ്ഞന്മാര്‍ മനസ്സിലാക്കിയത്. ശരീരത്തിന്റെ പ്രതിരോധസംവിധാനത്തിന്റെ ഒരു ഭാഗമാണ് അന്യവസ്തുക്കള്‍ കടന്നുകൂടിയാല്‍ അവയെ പുറംതള്ളുക എന്നത്. സ്ത്രീയുടെ ശരീരത്തെ സംബന്ധിച്ചേടത്തോളം ഒരു അന്യവസ്തുവാണ് പുരുഷന്റെ ബീജം. സ്ത്രീയുടെ ഇമ്മ്യൂണ്‍ സിസ്റ്റം (രോഗപ്രതിരോധസംവിധാനം) തികച്ചും ശക്തമാണെങ്കില്‍ അന്യവസ്തുവായ ബീജം ഗര്‍ഭാശയത്തില്‍ നിന്ന് പുറംതള്ളപ്പെടും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ പ്രതിരോധസംവിധാനം അല്‍‌പം മന്ദീഭവിക്കപ്പെടണം. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന പോഷകങ്ങളുടെ അളവ് കുറഞ്ഞാലേ ഈ മാന്ദ്യമുണ്ടാകൂ. അതിനുവേണ്ടിയാണ് ശരീരം വേണ്ടത്ര ഭക്ഷണം ആഗിരണംചെയ്യുന്നത് തടയുന്ന ഛര്‍ദി. ഗര്‍ഭമലസുന്നത് തടയാന്‍ വേണ്ടിയുള്ള ശരീരത്തിന്റെ ഈ സ്വാഭാവിക ക്രമീകരണം യാദൃശ്ചികമായി ഉരുത്തിരിഞ്ഞതാണെന്ന് വാദിക്കുന്നപക്ഷം അത് തികച്ചും അശാസ്ത്രീയമായ ഒരു വാദമായിരിക്കും.

ഗര്‍ഭസ്ഥശിശുവിന്റെ ഉപജീവനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടക്കുന്നത് പൊക്കിള്‍ കൊടിയുമായി ബന്ധിതമായ മറുപിള്ള വഴിയാണ്. പോഷകാഹാരവും പ്രാണവായുവും രോഗപ്രതിരോധത്തിന് വേണ്ട ഘടകങ്ങളുമെല്ലാം ഗര്‍ഭസ്ഥശിശുവിന് മാതാവിന്റെ ശരീരത്തില്‍ നിന്ന് മറുപിള്ള വഴി ലഭിക്കുന്നു. കുഞ്ഞുശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടുന്നതും ഈ വഴിക്കുതന്നെ. പ്രസവത്തെ തുടര്‍ന്ന് അറുത്തുമാറ്റപ്പെടുന്ന ഈ അനിതര സംവിധാനമില്ലെങ്കില്‍ ഉദരത്തിനകത്ത് കുഞ്ഞിന്റെ നിലനില്പും വളര്‍ച്ചയും അസാധ്യമായിരിക്കും. ഇത്തരമൊരു സൂക്ഷ്മസംവിധാനം പരിണാമമെന്ന അനാസൂത്രിത പ്രതിഭാസത്തിന്റെ ഉപോല്പന്നമായിരിക്കുക എന്നത് ഒട്ടും വിശ്വാസ്യമല്ല.

പ്രസവം നടക്കുമ്പോള്‍ തന്നെ കുഞ്ഞിന് കഴിക്കാനുള്ള അതുല്യവും അതിവിശിഷ്ടവുമായ ഭക്ഷണം മാതാവിന്റെ മാര്‍വിടത്തില്‍ തയ്യാറാവുന്നു. കുഞ്ഞിന്റെ പ്രതിരോധവ്യവസ്ഥക്ക് അസ്തിവാരമാകുന്ന ‘കൊളസ്ട്രം’ എന്ന കട്ടികൂടിയ ദ്രാവകമാണ് ആദ്യം രൂപം കൊള്ളുന്നത്. തുടര്‍ന്ന് വളര്‍ച്ചയുടെ ആദ്യഘട്ടത്തിലേക്ക് അനുയോജ്യമായ പാലും. ശാസ്ത്രത്തിന്റെ ഏതൊക്കെ നേട്ടങ്ങളും ഏറ്റവും മികച്ച സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തിയാലും മുലപ്പാലിനു പകരം നില്‍ക്കാവുന്ന ആഹാരപാനീയങ്ങളൊന്നും തയ്യാറാക്കാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യം ഇപ്പോള്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞ് പിറക്കുമ്പോഴേക്ക് അതിന് പോഷണവും സ്നേഹവും സുരക്ഷാബോധവും സംയോജിപ്പിച്ച് മുലയൂട്ടലിന് അനിതരമായ സൌകര്യമേര്‍പ്പെടുത്തിയത് പരിണാമമെന്ന പ്രതിഭാസമെന്ന് പറയുന്നതിനേക്കാള്‍ എത്രയോ വിശ്വസനീയമാണ് പരമകാണുകിനായ സംവിധായകന്റെ ഉദാത്തമായ പരിപാലനമാണ് അത് എന്ന് പറയുന്നത്.

ഒരു പരമാണുവോ ജീവകോശമോ ബീജമോ ജീനോ പഠനവിധേയമാക്കുന്ന ചിന്താശീലരായ ആളുകള്‍ക്കൊന്നും തന്നെ അവയില്‍ അടങ്ങിയ സൂക്ഷ്‌മവും വിസ്‌മയാവഹവുമായ വ്യവസ്ഥയും ക്രമവും കണ്ടില്ലെന്ന് നടിച്ച് അവയൊക്കെ അനാസൂത്രിതമായ പരിണാമത്തിലൂടെ എങ്ങനെയോ രൂപം കൊണ്ടതാണെന്ന് വിലയിരുത്താന്‍ കഴിയില്ല. ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയിട്ടാണ് പക്വമതികള്‍ പ്രപഞ്ചനാഥനില്‍ വിശ്വാസമര്‍പ്പിക്കുന്നത്. ആരുടെയെങ്കിലും ചെപ്പടിവിദ്യകളോ ‘അത്ഭുതരോഗശാന്തി’യോ കണ്ടിട്ട് പിന്നാലെ പോകുന്നവര്‍ പ്രപഞ്ചനാഥനെ യഥോചിതം മനസ്സിലാക്കുന്നേയില്ല.

________________________________________________
കടപ്പാട്: ശബാബ് വാരിക
Share:

Thursday, May 29, 2008

കള്ള ആത്മീയതക്കെതിരെ കല്ലെറിയാനാര്പ്പോഴത്തെ ചൂടുവാര്‍ത്ത ഭക്തിനാട്യത്തിന്റെ ഉത്തരാധുനിക വേഷപ്പകര്‍ച്ചകളാണ്. മനുഷ്യന്‍ ഏറെ പുരോഗതിപ്പെടുകയും സുഖങ്ങള്‍ വാങ്ങാനുള്ള ശേഷി കരസ്ഥമാക്കുകയും ചെയ്ത കാലമാണിത്. പക്ഷേ, ഇന്നത്തെപ്പോലെ നിസ്സഹായതയും അരക്ഷിതാവസ്ഥയും മാനവസമൂഹം ചരിത്രത്തിലെങ്ങും അഭിമുഖീകരിച്ചിട്ടുണ്ടാവില്ല. സര്‍വായുധനായിരിക്കെ നിരായുധനാകുന്ന പതിതാവസ്ഥ. ഈ അവസ്ഥാവിശേഷമാണ് കള്ള ആത്മീയതയുടെ മാര്‍ക്കറ്റ്. ശരിയായ മതബോധവും ദൈവവിശ്വാസവുമെല്ലാം പ്രകൃതിയുടെ തേട്ടമാണ്. സൃഷ്ടിയില്‍ തന്നെ നിലീനമായിട്ടുള്ള ദൈവബോധമില്ലാത്ത ഒരു സമൂഹവും കടന്നുപോയിട്ടില്ല ലോകത്ത്. ദൈവവിശ്വാസം പ്രകൃതിയെകുറിച്ച ഭയത്തില്‍ നിന്നുണ്ടായതാണെന്നും പ്രകൃതിപ്രതിഭാസങ്ങളെ മനസ്സിലാക്കുന്നതിലൂടെ അജ്ഞതാബന്ധിതമായ ഈ അന്ധവിശ്വാസങ്ങള്‍ നിഷ്കാസിതമാകുമെന്നും ചിലരെങ്കിലും ദിവാസ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ അനുഭവങ്ങള്‍ നല്‍കുന്ന പാഠം വ്യത്യസ്തമാണ്. മനുഷ്യര്‍ കൂടുതല്‍ ഭക്തിയിലേക്കും ദൈവ വിശ്വാസത്തിലേക്കും നീങ്ങുന്നതാണ് കാണുന്നത്.

ഇങ്ങനെ മനസ്സമാധാനത്തിനും സ്വസ്ഥതക്കും മത-ദൈവ പരിഹാരം തേടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങളില്‍ ചതിക്കുഴികള്‍ തീര്‍ക്കുകയാണ് വ്യാജ ആത്മീയവാദികള്‍. വിശ്വാസം യുക്തിയില്‍ ഉരച്ചുനോക്കാന്‍ പലപ്പോഴും കഴിയില്ലെന്നതും ബുദ്ധിക്ക് അതിന്റെ പൂര്‍ണാര്‍ഥത്തിലുള്ള സത്യാസത്യങ്ങള്‍ വിവേചിച്ചറിയുക സാധ്യമല്ലെന്നതും ഇത്തരം വ്യാജന്മാര്‍ക്ക് ഇടമുണ്ടാക്കിക്കൊടുക്കുന്നു. ഇവിടെ ശരിയായ മത-ദൈവബോധത്തിലേക്ക് വഴിനടത്തേണ്ടവര്‍ വളരെ വിരളമാവുകയും മടിയന്മാരും ക്ഷിപ്രപരിഹാരമോഹികളുമായ ഭക്തകുലത്തിന് ശരിയായ ആത്മീയതയിലൂടെയുള്ള പരിഹാരം അല്‌പം ദുഷ്കരമായിത്തോന്നുകയും ചെയ്യുന്നത് ഇടത്തട്ട് ദിവ്യന്മാര്‍ക്ക് അവസരം സൃഷ്ടിക്കുന്നു. സമാധാനവും ശാന്തിയും ലഭിക്കുകയാണെങ്കില്‍ വലിയ അധ്വാനമില്ലാതെ കുറുക്കുവഴിയില്‍ അത് നേടിയെടുക്കാന്‍ താല്പര്യപ്പെടുന്നവരാണ് ഭക്തരില്‍ ഭൂരിപക്ഷവും എന്നത് രംഗം കൂടുതല്‍ വഷളാക്കുന്നു.

ചെപ്പടിവിദ്യകളിലൂടെ ദിവ്യത്വം പ്രകടിപ്പിക്കുന്ന, പ്രത്യേക ഹാവഭാവക്കാരായ തന്ത്രക്കാര്‍ മോക്ഷത്തിന്റെയും ഭൌതികലാഭങ്ങളുടെയും വന്‍ ഓഫറുകള്‍ മുന്നോട്ടുവെക്കുകയും തന്റെ ശിങ്കിടികളിലൂടെ അതിന്റെ സാക്ഷാല്‍കൃതമാതൃകകള്‍ പരസ്യപ്പെടുത്തുകയും ചെയ്യുന്നതോടെ ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്തവിധം കുറുക്കുവഴി അന്വേഷിക്കുന്ന ഭക്തന്‍ ഈ ചിലന്തിവലയില്‍ കുടുങ്ങുന്നു. ശേഷം നടത്തുന്ന രക്ഷപ്പെടാനുള്ള ഓരോ ശ്രമവും ഒരു കണ്ണിയില്‍ നിന്ന് അടുത്ത കണ്ണിയിലേക്ക് എന്ന വിധത്തിലുള്ള കുരുക്കിലാണ് എത്തിക്കുന്നത്. പിന്നീട് എട്ടുകാലിയുടെ വായയിലെത്തി നീര് പൂര്‍ണമായി ഊറ്റപ്പെടുന്നു. അങ്ങനെ ചണ്ടിയാക്കി പുറംതള്ളപ്പെടുന്ന അവന്‍ പിന്നെ പുറത്തെ ജീവിതശേഷി നഷ്ടപ്പെട്ട് ആശ്രമ അന്തേവാസിയും സിദ്ധന്റെ മുരീദുമായി കാലയാപനം നടത്തുന്നു.


ഈ നിര്‍ഭാഗ്യവാന്മാരെ രക്ഷിക്കാന്‍ രാഷ്ട്രീയമോ നിയമസംവിധാനമോ കാത്തിരിക്കുന്നത് വിഡ്ഢിത്തമായിരിക്കും. എല്ലാവിധ ആള്‍ ദിവ്യത്തങ്ങളെയും വിശ്വാസത്തിന്റെ പടിക്കുപുറത്തു നിര്‍ത്തി തങ്ങളുടെ വേദകല്പനകളിലേക്കും മുന്‍‌കാലക്കാരായ മാന്യന്മാര്‍ അതിനെഴുതിയ വ്യാഖ്യാനങ്ങള്‍ പഠിച്ചും മുന്നോട്ടുപോവാന്‍ യാഥാര്‍ഥ്യബോധമുള്ളവര്‍ ജനങ്ങളെ ബോധവത്കരിക്കുകയാണു വേണ്ടത്. കപട ആത്മീയത പ്രതിക്കൂട്ടിലാക്കപ്പെടുന്ന, ആത്മീയവേഷക്കാരുടെ നേരെ സകല കണ്ണുകളും പതിച്ചിരിക്കുന്ന ഈ നിലാവത്ത് പുറത്തിറങ്ങിയവരിലും ഓരിയിടുന്നവരിലും പലതരക്കാരും ലക്ഷ്യക്കാരുമുണ്ടെന്ന് തിരിച്ചറിയാതെ പോകുന്നതിന്റെ ഭവിഷ്യത്ത് ഭയാനകമായിരിക്കും.

കള്ളസന്യാസിമാര്‍ക്കും വ്യാജ(?)സിദ്ധന്മാര്‍ക്കുമെതിരെ ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ പെട്ടിട്ടില്ലാത്ത മറ്റുചില ആള്‍ദൈവങ്ങളുടെയും സിദ്ധപരിവേഷക്കാരുടെയും ചാരിത്രപ്രസംഗം ‘പഴുത്തില കൊഴിയുമ്പോഴുള്ള പച്ചിലകളുടെ മേനി’പറച്ചിലായി കണ്ടാല്‍ മതി. കാര്യസാധ്യങ്ങള്‍ക്കെല്ലാം ദൈവത്തോട് നേരിട്ട് പറഞ്ഞോളൂ. ഞങ്ങളുടെ യാതൊരുവിധ സഹായവും അതിന് ആവശ്യമില്ലെന്നു പറയാന്‍ ഇവര്‍ക്കെന്താണിത്ര മടി? ഇവരും ഇന്നല്ലെങ്കില്‍ നാളെ എന്നനിലയില്‍ പലനാള്‍ക്കള്ളന്മാരായി പിടിയിലാകുന്ന ഒരു നാളും പ്രതീക്ഷിച്ചിരിപ്പാണ്. ഇപ്പോഴുള്ള ചില രാഷ്ട്രീയ-അധികാര-നിയമ മാഫിയാസഹായങ്ങളാലാണ് ഇവര്‍ ശുദ്ധതയില്‍ നില്‍ക്കുന്നതെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?

ഇവിടെ വ്യാജനെയും ഒറിജിനിലിനെയും വേര്‍ത്തിരിക്കുന്ന അതിര്‍ത്തിരേഖ ഏതാണ്? തങ്ങളുടെ പാര്‍ട്ടിക്കും സംഘടനക്കും സഹായം നല്‍കുന്നു എന്നതും തങ്ങളെ അംഗീകരിക്കുന്നു എന്നതുമാണ് വ്യവസ്ഥാപിത മത-രാഷ്ട്രീയ കക്ഷികള്‍ക്ക് അസല്‍-വ്യാജ സന്യാസി, സിദ്ധ, പുരോഹിതരെ തീരുമാനിക്കാനുള്ള ഏക അടയാളം. ഒരു തങ്ങള്‍, സന്യാസി ഏതെങ്കിലും ഔദ്യോഗിക വിഭാഗവുമായി ഒട്ടിനില്‍ക്കുന്നവനാണെങ്കില്‍ അവരുടെ കാഴ്ചപ്പാടില്‍ അയാള്‍ അസലാണ്. എന്നാല്‍ ഇതേ വ്യക്തി മറുവിഭാഗത്തിന്റെ വ്യാജരുടെ പട്ടികയില്‍ ഒന്നാമനാകുന്ന വിചിത്രവും കൌതുകകരവുമായ കാഴ്ച വ്യാപകമാണ്.


ഹിന്ദുമതം ഏതെങ്കിലും പ്രത്യേക നിര്‍വചനങ്ങള്‍ക്കോ ആചാര്യന്മാര്‍ക്കോ വേദങ്ങള്‍ക്കോ വഴങ്ങാത്തതുകൊണ്ട് അതില്‍ ആത്മീയതയുടെ സന്യാസരൂപത്തിനുള്ള ന്യായാന്യായ ചര്‍ച്ച ‘അണ്ടിയോ മൂത്തത് മാവോ മൂത്തത് ’ എന്നതുപോലെ ഉത്തരം പറയാന്‍ പ്രയാസമുള്ള സമസ്യയായി തുടരും. എന്നാല്‍ ഒരുകാര്യം ഉറപ്പാണ്. ഭൌതിക ജീവിതത്തിന്റെ എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തനായവനാണ് യഥാര്‍ഥ സന്യാസി. അയാള്‍ കാമ, ക്രോധ, മോഹാദി സകല വികാരങ്ങളോടും നിസ്സംഗനാണ്. നിര്‍മ്മനും വിരക്തനുമാണ്. ഭാരതത്തിലെ ഇതിഹാസ കഥകളില്‍ സന്യാസിമാരുടെ സിദ്ധികള്‍ പുകഴ്ത്തപ്പെടുന്നുണ്ടെങ്കിലും ചരിത്രത്തിന്റെ വെളിച്ചത്തില്‍ ജീവിച്ച ആധുനിക ഇന്ത്യയിലെ അറിയപ്പെട്ട സന്യാസിമാരായ സ്വാമിവിവേകാനന്ദനും ശ്രീനാരായണ ഗുരുവും നിത്യചൈതന്യയതിയുമൊന്നും തങ്ങളുടെ സിദ്ധിപ്രചരിപ്പിച്ചതോ മാര്‍ക്കറ്റില്‍ വില്പനക്ക് വെച്ചതോ ആയ ചരിത്രമില്ല.

ഇസ്‌ലാം മതത്തെ സംബന്ധിച്ചിടത്തോളം കൃത്യമായ വിശ്വാസ-അനുഷ്ഠാന രൂപങ്ങളും അപ്രമാദിത്തം തെളിയിച്ച വേദഗ്രന്ഥവും ചരിത്രത്തില്‍ ജീവിച്ച പ്രവാചകന്റെ തെളിമയാര്‍ന്ന ജീവിതചര്യകളും നിലവിലുണ്ട്. ഇവ അടിസ്ഥാനമാക്കുമ്പോള്‍ കണ്ണടച്ച് പറയാനാകുന്ന വസ്തുത, ഇസ്‌ലാമില്‍ പൌരോഹിത്യത്തിനോ സിദ്ധിപ്രചാരണത്തിനോ വിശുദ്ധരിലൂടെ അദൃശ്യമാര്‍ഗത്തിലൂടെയുള്ള കാര്യസാധ്യത്തിനോ തരിമ്പും രേഖകളില്ല. എന്നു പറഞ്ഞാല്‍, നല്ല തങ്ങളും കള്ള തങ്ങളും അസല്‍ വലിയ്യും വ്യാജ വലിയ്യും അത്ഭുതങ്ങള്‍ കാണിക്കാനും അമാനുഷികതയിലൂടെ സിദ്ധിപ്രചരിപ്പിക്കാനും ശ്രമിച്ചാല്‍ മതപരമായി അതിനൊരു സാധുതയും ഇല്ല.

ഇസ്‌ലാമില്‍ മുസ്‌ലിംകളായ വലിയ്യുകള്‍ ഉണ്ട്. ഇവരെ സിദ്ധന്‍, തങ്ങള്‍ എന്നൊന്നും വിശേഷിപ്പിച്ചുകൂടാ, ഭക്തിയുടെ അടിസ്ഥാനത്തില്‍ ദൈവത്തിനിഷ്ടപ്പെട്ട സാധാരണക്കാരായ മനുഷ്യരാണിവര്‍. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പരമാവധി ജീവിതത്തില്‍ ഉള്‍ക്കൊള്ളുന്നവര്‍ക്ക് പറയുന്ന പേരാണിത്. താന്‍ ആ ഗണത്തിലാണെന്നു പറയാന്‍ ഒരാള്‍ക്കും കഴിയില്ല. കാരണം, അത് തീരുമാനിക്കുന്നത് അല്ലാഹു മാത്രമാണ്. അത് അവനെ അറിയിക്കുന്നത് പാരത്രികലോകജീവിതത്തില്‍ വെച്ചായിരിക്കും. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണേ എന്ന് പ്രാര്‍ഥിക്കുകയാണ് ശരിയായ വലിയ്യ് ചെയ്യുക. വലിയ്യുകള്‍ക്ക് അമാനുഷിക അനുഭവങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ തന്റെ ഈ ശേഷി നിയന്ത്രിക്കാനോ നിശ്ചയിക്കാനോ അതുമുഖേന താനിഛിക്കുന്നവരെ സഹായിക്കാനോ അയാള്‍ക്ക് കഴിയില്ല. എപ്പോഴെങ്കിലും തനിക്ക് അനുഭവപ്പെട്ട ഈ അത്ഭുത ശേഷി വിളിച്ചുകൂവി നടക്കാനും അതുവെച്ച് വിലപേശാനും പാടില്ലെന്നാണ് പഴയകാല മുസ്‌ലിം പണ്ഡിതന്മാര്‍ ഏകോപിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളതും. ചുരുക്കത്തില്‍ ഇസ്‌ലാമില്‍ ആത്മീയതയുടെ പേരില്‍ ഔന്നത്യം അവകാശപ്പെടുകയും അതുവെച്ച് അമാനുഷികകാര്യങ്ങള്‍ സാധിക്കുമെന്ന് പ്രചരിപ്പിക്കുകയും ആ ഉദ്ദേശ്യത്തോടെ സാധുക്കളായ ഭക്തരെ തന്നിലേക്കാകര്‍ഷിക്കുകയും ചെയ്യുന്ന എല്ലാവരും കള്ളന്മാരാണ്.


ക്രിസ്തുമതത്തിന്റെ കാര്യവും ഭിന്നമല്ല. അവരുടെ യഥാര്‍ഥ മതനിര്‍ദേശങ്ങളും പ്രമാണങ്ങളും ഏതാണെന്നതില്‍ അവര്‍ക്ക് ഇതുവരെ ഏകോപിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ പൌരോഹിത്യത്തിന്റെ അധികാരപരിധിയും പ്രാധാന്യവും തിട്ടപ്പെടുത്തുക സാധ്യമല്ല. പക്ഷേ, ബൈബിളിലൂടെ വ്യാഖ്യാനങ്ങളില്ലാതെ പരതുന്നവന് പുരോഹിതന്മാര്‍ക്ക് ആ മതത്തില്‍ യാതൊരു സ്ഥാനവുമില്ലെന്ന് തന്നെയാണ് മനസ്സിലാവുക. കരിസ്മാറ്റിക് അനുഭവങ്ങളും മറ്റു അത്ഭുത കഴിവുകളും തനിക്കുണ്ടെന്ന് സ്ഥാപിക്കാനോ അതുമുഖേന മറ്റുള്ളവരെ സഹായിക്കാനോ കഴിയുമെന്ന് പറയുന്നതും ആ മതത്തിന്റെ വായനയില്‍ വന്ന സ്ഖലിതങ്ങളാണ്.

യാഥാര്‍ത്യം ഇങ്ങനെയാണെങ്കിലും ഈ മതങ്ങളുടെയെല്ലാം പേരില്‍ ഇന്ന് നടപ്പിലുള്ളതില്‍ ബഹുഭൂരിഭാഗവും മായം ചേര്‍ത്ത ഭക്തിയാണ്. ഈ അവസരം മുതലാക്കി ‘കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള’ യുക്തിവാദികളുടെ ശ്രമങ്ങളെയും ഇതിനിടയില്‍ തിരിച്ചറിയേണ്ടതുണ്ട്. യുക്തിയുടെ മറവില്‍ ഭക്തിയെത്തന്നെ ഭ്രാന്തായി ചിത്രീകരിക്കുന്നത് ‘അന്ധര്‍ ആനയെ വിശദീകരിക്കുന്നത് ’പോലെ അയുക്തിയാണ്. എന്തുപേരിട്ട് വിളിച്ചാലും പ്രപഞ്ചസ്രഷ്ടാവിനെ മധ്യവര്‍ത്തികളില്ലാതെ സമീപിക്കുന്ന കാലത്തുമാത്രമെ മതത്തിന്റെ പേരിലുള്ള സര്‍വവിധ ചൂഷണങ്ങളില്‍ നിന്നും സമൂഹം പൂര്‍ണമായും മുക്തമാവൂ.

ഇനി ഇപ്പോഴത്തെ ഈ സിദ്ധ-സന്യാസിപിടുത്തത്തിന്റെ ആത്മാര്‍ഥത നോക്കുക. ഒരുതരം രാഷ്ട്രീയ ട്രിപ്പീസാണ് ഈ രംഗത്ത് ഇപ്പോള്‍ നടക്കുന്നത്. യു ഡി എഫ് നേതാക്കള്‍ തൊട്ടുവന്ദിക്കാന്‍ കണ്ടെത്തിയ നഗ്നനാരീ പൂജകന്റെ കൂട്ടിക്കൊടുപ്പുകേന്ദ്രത്തിലേക്കാണ് എല്‍ ഡി എഫ് നേതൃത്വത്തില്‍ മാര്‍ച്ചും തള്ളിക്കയറ്റവും. രാഷ്ട്രീയ അക്രമങ്ങള്‍ക്ക് കണക്കുതീര്‍ക്കുന്നതുപോലെ മറുവിഭാഗം അംഗീകരിച്ച് തുല്യംചാര്‍ത്തിയ സിദ്ധികേന്ദ്രങ്ങളിലേക്ക് എതിര്‍ചേരിക്കാരുടെ വക മാര്‍ച്ചും തള്ളിക്കയറ്റവും നശീകരണ പ്രവര്‍ത്തനങ്ങളും. അങ്ങനെ ഈ ചങ്ങല അവസാനിക്കാതിരിക്കാനായി പണം പയറ്റില്‍ (കുറിക്കല്യാണത്തില്‍) പണം കൊടുക്കുന്ന പോലെ എപ്പോഴും ഒരു ബാധ്യത അവശേഷിക്കത്തക്കവിധത്തില്‍ മറുവിഭാഗം പ്രതിഷേധ കോപ്രായങ്ങള്‍ ഇത്തിരി ഏറ്റി ചെയ്യുന്നു. ചുരുക്കത്തില്‍ കേരളത്തിന്റെ മുക്കുമൂലകളില്‍ തങ്ങളുടെ സിദ്ധിക്കച്ചവടം നത്തിപ്പോന്ന മൂഷികന്മാര്‍ക്കെല്ലാം അണപൈ ചിലവില്ലാതെ മലയാളി ചെന്നിടമെല്ലാം പ്രചാരമുണ്ടാക്കാന്‍ ഇപ്പോഴത്തെ കാം‌പയ്‌ന് കഴിഞ്ഞു. ഈ വിദ്വാന്മാരുടെ എല്ലാവിധ സിദ്ധികളും അതിന് ഈടാക്കുന്ന എം ആര്‍ പിയും ഇവരുടെ പര്‍ണശാലകള്‍ സ്ഥിതിചെയ്യുന്ന കുഗ്രാമങ്ങളിലെത്താനുള്ള സ്കെച്ചുമെല്ലാം ഇന്ന് ഇന്റര്‍നെറ്റില്‍ വരെ എത്തിക്കഴിഞ്ഞു. റെയ്ഡും അറസ്റ്റുമൊക്കെ കേട്ട് പലരും ഹിമാലയം തേടിപ്പോയിട്ടുണ്ട്. ഇനിയവര്‍ തപസ്സിന്റെ യഥാര്‍ഥ ശക്തിയുമായി ഏതാനും നാള്‍ക്കകം നാടുപിടിക്കും. അപ്പോഴേക്കും നമ്മുടെ മാധ്യമങ്ങളും ഇഷ്യൂമേക്കേഴ്സും ഇതെല്ലാം പാതിവഴിയിലുപേക്ഷിച്ച് പുതുവാര്‍ത്തകള്‍ തേടിപ്പോയിട്ടുണ്ടാകും. ഓരോ സമയത്തും എക്സ്ക്ലൂസീവ് അവതരിപ്പിക്കുക മാത്രമാണ് അവതാരകരുടെ ജോലി. അത് പിന്തുടരുക പഴയ മണ്‍പാത്ര സംസ്കാരമാണ്. (ഉപയോഗിച്ചത് കഴുകി വീണ്ടും ഉപയോഗിക്കുക.) യൂസ് ‘എന്‍’ ത്രോ [ഡിസ്പോസിബ്‌ള്‍] അല്ലേ പുതിയരീതി.

ഇപ്പറയപ്പെട്ട സിദ്ധ-സന്യാസിമാരൊന്നും ഇന്നലത്തെ മഴക്ക് പേക്രോം ചൊല്ലിയുയര്‍ന്ന തവളകല്ല. ഇവരില്‍ പലര്‍ക്കും ഇപ്പോള്‍ വിഷം കലക്കുന്നതായി അഭിനയിക്കുന്ന കൈകള്‍ തന്നെ കുറച്ചുമുമ്പ് പട്ടും വളയും നല്‍കിയവരാണ്. ഇവരുടെ ‘ഞാനൊന്നുമറിഞ്ഞില്ലേ....’ എന്നഭാവം ഇന്നത്തേക്കുമാത്രമുള്ളതാണ്. കഴിഞ്ഞതെരഞ്ഞെടുപ്പിനു ശേഷവും പുതിയ തെരഞ്ഞെടുപ്പിനു മുമ്പുമുള്ള ഇടക്കാല രാഷ്ട്രീയമാണത്. വ്യാജ ആത്മീയവെളിച്ചപ്പാടുകള്‍ക്കെതിരെയുള്ള നിലപാടുകളുടെ പേരില്‍ ഇപ്പോള്‍ പ്രതിയാക്കപ്പെട്ട തന്ത്രക്കാരും നിയമപാലകരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമെല്ലാം ഈ മഹാനുഭാവന്മാരുടെ ‘സിദ്ധിശക്തിയാല്‍’ അഗ്നിശുദ്ധി വരുത്തി കൂടുതല്‍ ശക്തരായി തിരിച്ചുവരുമെന്ന് ആര്‍ക്കാണറിയാത്തത്? ഇതിലേറെ വലിയ കുറ്റങ്ങള്‍ക്ക് പിടിക്കപ്പെട്ടവരുടെ ഇപ്പോഴത്തെ അവസ്ഥയറിയുന്ന ആര്‍ക്കും സംശയമില്ലാത്തതാണത്. പ്രമോഷനും സമ്പദ്-സന്താന സര്‍വൈശ്വര്യങ്ങളുമായി ഇവരിവിടെ തന്നെ അവതരിക്കും.

കപട ആത്മീയതക്കെതിരെ പ്രതികരിക്കാന്‍ ആത്മാര്‍ഥമായ ആര്‍ജവമുള്ളവര്‍ കൈപൊക്കേണ്ട ഘട്ടം വന്നാല്‍ അവിടെ ഇപ്പോള്‍ മാധ്യമ ഫ്ലാഷുകളില്‍ പ്രഭാവലയം തീര്‍ത്തു നില്‍ക്കുന്ന യുവജനസംഘടനകളോ അവരുടെ അപ്പന്‍ സംഘടനകളോ ആത്മീയതയുടെ പുത്തന്‍ ചില്ലുകൊട്ടാരങ്ങളില്‍ നിന്ന് പത്രപ്രസ്താവനയിറക്കുന്ന ‘യഥാര്‍ഥ സിദ്ധന്‍‌’മാരുടെ കോലങ്ങളോ ഉണ്ടാകില്ല എന്നത് നൂറുതരം. ശതുവിന്റെ ശത്രു മിത്രം എന്ന ന്യായപ്രകാരം വ്യാജസിദ്ധകേന്ദ്രത്തിന് പുനര്‍ജനി നല്‍കിയ ഡി വൈ എഫ് ഐക്കോ (ഇവരുടെ ചേട്ടന്മാരാണല്ലോ തിരൂര്‍ ബി പി അങ്ങാടി നേര്‍ച്ചക്ക് വിസിലൂതിയതും മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിന് വര്‍ക്ക് പെര്‍മിറ്റ് നല്‍കിയതും) നാട്ടിലെ മുഴുവന്‍ സിദ്ധികേന്ദ്രങ്ങള്‍ക്കും പാറാവുനില്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ്സിനോ (ഇപ്പോഴത്തെ താരങ്ങളിലൊരാളായ ചന്ദ്രമാമയടക്കമുള്ള പല പ്രാദേശിക ദിവ്യന്മാര്‍ക്കും ചാമരം വീശിയത് ഇവരടക്കമുള്ളവരാണ്.) നൂറുകണക്കിന് വ്യാജ ആത്മീയ കേന്ദ്രങ്ങളുടെ പിതൃത്വവും രക്ഷാധികര്‍തൃപദവിയും അവകാശപ്പെടുകയും അത് ഭക്ഷിക്കുകയും ചെയ്യുന്ന എസ് എസ് എഫ് - എസ് കെ എസ് എസ് എഫ് വിഭാഗങ്ങള്‍ക്കോ, എല്ലാ അബദ്ധങ്ങളിലും ആചാര്യനെ അനുരാഗാത്മകമായി അനുകരിക്കണമെന്ന് വാശിപിടിക്കുന്ന സോളിഡാരിറ്റിക്കോ ഇവിടെ നിവര്‍ന്ന് നിന്ന് വ്യാജ ആത്മീയതയെ കൂട്ടിലടയ്ക്കാന്‍ പറയാന്‍ ധാര്‍മികാവകാശമില്ല. ഇവരാണല്ലോ ഇപ്പോള്‍ വ്യാജന്മാര്‍ക്കെതിരെ മിനിസ്ക്രീനുകളിലും പേജുകളിലും സ്റ്റേജുകളിലും മുമ്പന്മാര്‍.

വ്യാജന്മാര്‍ക്ക് വാദിക്കാന്‍ നാവുമുളയ്ക്കുമ്പോള്‍ കാണാം ഇവരുടെ ആത്മാര്‍ഥതയുടെ ആഴവും പരപ്പും. കല്യാണവീട്ടിലെ കള്ളനെപ്പിടിക്കാന്‍ പായുന്ന ജനക്കൂട്ടത്തില്‍ ചേര്‍ന്ന് യഥാര്‍ഥകള്ളനും കള്ളന്‍ കള്ളന്‍ എന്നുവിളിച്ച് ഓടിമറയാന്‍ അവസരം കാണാറുണ്ട്. ഇവരുടെയൊക്കെ ഒച്ചയിലും ഓട്ടത്തിലും ഇത്രയോക്കെ കരുതിയാല്‍ മതി.

_________________________________________
കടപ്പാട്:
മുര്‍ശിദ് പാലത്ത്,
വര്‍ത്തമാനം ദിപത്രം,
ചിത്രങ്ങള്‍.
Share:

Tuesday, May 6, 2008

ഉണ്മയുടെ മുഖം

ചില പാഴ്‌ക്കിനാവുകള്‍ക്ക്
ഉണ്‍‌മയുടെ മുഖമാണെന്ന്
വെറുതെ പറയുന്നതല്ല...
അല്ലെങ്കില്‍ എന്റെ കാല്പനീകലോകത്ത്
ഇന്നലത്തെ നിലാവത്ത്
ഒറ്റയ്‌ക്കു നീയെന്തിന്
കാറ്റുകൊള്ളാനിറങ്ങണം....?
എന്റെ കാല്പനീക സരണികളില്‍
നിന്റെ കാലൊച്ച തിരിച്ചറിയാന്‍
ഏതായാലും എനിക്കധികമൊന്നും
കാതുകൂര്‍പ്പിക്കേണ്ടിവന്നില്ല!
ഇരുളും വെളിച്ചവും
ഇഴപിരിഞ്ഞുകിടക്കുന്ന
ഇടവഴികളില്‍
ചന്ദ്രകാന്തമേല്‍ക്കുന്ന നിന്റെ കണ്ണുകളെ
വ്യക്തമായ്ത്തന്നെ ഞാന്‍ കണ്ടു.
ഒന്നു ചോദിച്ചോട്ടെ....
ജീര്‍ണ്ണിച്ചുപോയെങ്കിലും
നഖക്ഷതമേല്‍ക്കുമ്പോള്‍
നിന്റെ ഭൂതകാലത്തില്‍ മാത്രമെന്തേ
ഇപ്പോഴും ചോരപൊടിയുന്നു....?

Share:

Wednesday, February 20, 2008

കര്‍മഭൂമിയില്‍ രക്തസാക്ഷ്യം

“...നജീബ് എനിക്കേറെ പ്രിയമുള്ള കുട്ടിയായിരുന്നു. അവന്റെ കഴിവുകളും മികവുകളും പല സന്ദര്‍ഭങ്ങളിലായി ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അറബിഭാഷയോടുള്ള അവന്റെ സ്നേഹവും വിഷയങ്ങള്‍ പഠിച്ചറിയാനുള്ള ആഗ്രവും വലുതായിരുന്നു. ഭാഷാപരമായ ചെറിയ സംശയങ്ങള്‍ പോലും വിളിച്ചു ചോദിച്ച് നിവാരണം വരുത്തും. എന്‍ സി ഇ ആര്‍ റ്റിയുടെ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഞാനവനോട് പറഞ്ഞിരുന്നു. സന്തോഷപൂര്‍വമാണവനത് സ്വീകരിച്ചത്. നമുക്ക് ചിലയാളുകളോട് അധികാരസ്വരത്തില്‍ സംസാരിക്കാനുള്ള സ്വതന്ത്ര്യമുണ്ടല്ലോ. സ്നേഹം കൊണ്ടും അടുപ്പം കൊണ്ടും കൈവരുന്ന സ്വാതന്ത്ര്യം; നജീബിനോട് എനിക്ക് ആ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഞാനവനെ എന്റെ വഴിയില്‍ വളര്‍ത്തികൊണ്ടു വരികയായിരുന്നു. പാഠപുസ്തക നിര്‍മാണ മേഖലയിലും കരിക്കുലം സമിതിയിലും കഴിവുള്ള ചെറുപ്പക്കാര്‍ വളര്‍ന്നുവരണം. പലരുമുണ്ടെങ്കിലും കഴിവും പ്രതിഭയും ഒത്തുചേര്‍ന്നവര്‍ കുറവാണ്. നജീബ് എനിക്ക് വലിയ പ്രതീക്ഷയായിരുന്നു. അല്ലാഹുവിന്റെ തീരുമാനം ഇങ്ങനെയൊക്കെയാണ്. ആ തീരുമാനങ്ങളുടെ കൈപ്പിടിയില്‍ നമ്മള്‍ വല്ലാതെ നിസ്സഹായരായിപ്പോവുകയാണ്. എന്റെ ഭാര്യയുടെ മരണം എനിക്കിപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. അവള്‍ എന്റെ കയ്യില്‍ കിടന്നാണ് മരിച്ചത്. മരണം എന്ന മഹാസത്യത്തെ ഞാന്‍ നേരില്‍ കണ്ട സന്ദര്‍ഭമായിരുന്നു അത്. എന്നിട്ടും അവള്‍ നഷ്ടപ്പെട്ടെന്ന് എനിക്ക് മനസ്സിരുത്താന്‍ കഴിയുന്നില്ല. നജീബിന്റെ മരണവും അങ്ങനെത്തന്നെയാണ്. അവന്‍ മര്‍ച്ചുപോയിട്ടുണ്ടെന്ന് ഉള്‍ക്കൊള്ളാനാവുന്നില്ല. അവനൊരു ജന്റില്‍മാനായിരുന്നു. വസ്ത്രത്തിലും നടത്തത്തിലുമൊക്കെ അവന് കൃത്യമായ തീരുമാനങ്ങളുണ്ട്. സമ്മേളനത്തില്‍ വെച്ച് ഞാനവനെ കണ്ടപ്പോള്‍ എനിക്കാദ്യം മനസ്സിലായില്ല. ലുങ്കി ധരിച്ച് തോര്‍ത്ത് തലയില്‍ കെട്ടി നില്‍ക്കുന്നു. മുമ്പൊന്നുമില്ലാത്ത വിധം സമ്മേളന പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. കുടുംബത്തിനും പ്രസ്ഥാനത്തിനും മാത്രമല്ല; നജീബിനെ പോലെയൊരു പ്രതിഭയുടെ വിയോഗം സമൂഹത്തിനു തന്നെ നഷ്ടമാണ്......”

ഈ വാക്കുകള്‍ പുര്‍ത്തിയാക്കിയപ്പോഴേക്ക് എന്റെ മാര്‍ഗദര്‍ശി സ‌ഈദ് ഫാറൂഖിയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു. പിരിയാനാകാതെ പിരിഞ്ഞ നജീബ് പേരാമ്പ്രയുടെ ഖബറടക്കം കഴിഞ്ഞദിവസം വൈകുന്നേരം, ഞാനും ജ്യേഷ്ഠ സുഹൃത്ത് കല്ലായിലെ കെ പി റഹീംക്കയും സ‌ഈദ് ഫാറൂഖിയുടെ വീട്ടില്‍ സംസാരത്തിനൊത്തുകൂടിയതായിരുന്നു. കണ്ണീരുകൊണ്ട് നനഞ്ഞ ഞങ്ങളുടെ വാക്കുകളോരോന്നും മുഴുവനാകാതെ മുറിഞ്ഞു തകര്‍ന്നു. അതീവ സൂക്ഷ്മതയോടെ അളന്നുമുറിച്ചു മാത്രം സംസാരിക്കുന്ന സ‌ഈദ് ഫാറൂഖി ഇത്രയും വാചാലമാകുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു പോയി. സ‌ഈദ് ഫാറൂഖിയെപ്പോലൊരാളുടെ മൃദുലമായ സ്നേഹവും ഉള്ളുനിറഞ്ഞ അടുപ്പവും എന്റെ നജീബ്ക്ക ഇത്രയധികം സ്വന്തമാക്കിയത് കേട്ടറിഞ്ഞപ്പോള്‍ എന്റെ മനസ്സും അനര്‍ഹമാണെങ്കിലും അത് കൊതിച്ചുപോയി.

ഖബറടക്കം കഴിഞ്ഞ് പിരിയുമ്പോള്‍ മുളിയങ്ങല്‍ പള്ളിയുടെ പിന്നാമ്പുറത്തേക്ക് എന്നെ ഒരു സുഹൃത്ത് കൈപ്പിടിച്ചുകൊണ്ടുപോയി. “ഇത് നമ്മുടെ നജീബിന്റെ കുടുംബത്തിനുള്ളതാണ്. നിങ്ങളിത് ആ കുടുംബത്തെ ഏല്പിക്കണം. അവര്‍ കഷ്ടപ്പെടെരുത്. അവരെ നോക്കേണ്ട ബാധ്യത നമുക്കുണ്ട്. നജീബ് നമ്മുടേതായിരുന്നു. ഇനി ആ കുട്ടികള്‍ നമ്മുടേതാണ്.” കണ്ണ് നിറഞ്ഞ് വിതുമ്പിയ ആ സുഹൃത്ത് ഭാര്യയുടെ ഒരു സ്വര്‍ണാഭരണവും വലിയൊരു സംഖ്യയും എന്നെ ഏല്പിച്ചു. മണ്മറഞ്ഞാലും മനസ്സില്‍ നിന്ന് മായ്ക്കാനാവാത്തവിധം ഉള്ളില്‍ തട്ടിയ സ്നേഹബന്ധങ്ങളെ സൃഷ്ടിച്ചെടുത്തു എന്നത് എന്റെ നജീബ്ക്കയുടെ ഏറ്റവും വലിയ ജീവിത സൌഭാഗ്യമാണ്. ഇതിലേറെ വലുതായി മറ്റെന്താണ് ഈ ലോകത്തുനിന്ന് കിട്ടാനുള്ളത്?

സ്നേഹം തുടുത്തുനിന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റെത്. കുടുംബത്തിനും കൂട്ടുകാര്‍ക്കും ആ സ്നേഹം കോരിച്ചൊരിഞ്ഞു. എങ്ങനെയായിരിക്കണം ഒരു ഭര്‍ത്താവ് എന്നതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു നജീബ്ക്ക. എം എസ് എം സെക്രട്ടറിയേറ്റ് യോഗങ്ങള്‍ പലപ്പോഴും ഏറെ വൈകിയാണ് അവസാനിക്കുക. പുലര്‍ച്ചെ രണ്ടു മണിക്കും മൂന്നു മണിക്കുമൊക്കെയാണ് തീരുന്നതെങ്കിലും അദ്ദേഹം വീട്ടിലേക്ക് മടങ്ങും. ഓഫീസില്‍ സെക്രട്ടറിയേറ്റംഗങ്ങള്‍ ഒന്നിച്ചു കിടക്കും. ഒരിക്കല്‍ പോലും നജീബ്ക്കയൊന്നിച്ച് കിടന്നിട്ടില്ല. “രസ്ന എന്നെ കാത്തിരിക്കുമെടാ” എനായിരുന്നു മടങ്ങുമ്പോള്‍ മറുമൊഴി. ഈ ഭാര്യാസ്നേഹത്തെ പലപ്പോഴും ഞങ്ങള്‍ തമാശയാക്കാറുണ്ടെങ്കിലും ആ ഇണകളുടെ അനല്പമായ അനുരാഗത്തെ കൊതിയോടെയാണ് കണ്ടിരുന്നത്. ബന്ധങ്ങളുടെ ലോകത്തുനിന്ന് ഏകാന്തത്യുടെ ലോകത്തേക്ക് പ്രിയങ്കരനായ ആ സുഹൃത്ത് തിരിച്ചുപോയപ്പോള്‍ കരളില്‍ കണ്ണീരു ചാര്‍ത്തുന്നത് ആ പിയതമയും പിഞ്ചോമനകളും തന്നെയാണ്.
ഞങ്ങള്‍ തമ്മിലുള്ള സൌഹൃദം സംഘടനാബന്ധുത്വത്തിനുമപ്പുറത്തായിരുന്നു. സ‌ഈദ് ഫാറൂഖി പറഞ്ഞപോലെ എന്തും പറയാനുള്ള സ്വാതന്ത്ര്യം എനിക്കുമുണ്ടായിരുന്നു. എന്റെ മുന്നില്‍ അദ്ദേഹത്തിന് അധികാരങ്ങളുമുണ്ടായിരുന്നു. പ്രസിഡന്റായിരിക്കുമ്പോള്‍ പോലും സംഘടനാകാര്യങ്ങളേക്കാള്‍ വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ പറയാനായിരുന്നു നജീബ്ക്കക്കിഷ്ടം. ഒന്നിച്ചുള്ള ഒരു യാത്രക്കിടയില്‍, ഫോര്‍ട്ടുകൊച്ചി കടപ്പുറത്തിരുന്ന് രണ്ടുമണിക്കൂര്‍ നേരം സംസാരിച്ചിട്ടുണ്ട്; തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം. ആ മനസ്സിന്റെ നന്മയും എന്നോടുള്ള ഇഷ്ടവും അന്നാണ് ബോധ്യപ്പെട്ടത്. ഒട്ടും പിശുക്കില്ലാതെ സ്നേഹം തന്നു. മറയും മടിയുമില്ലാതെ സ്നേഹം ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് അനായാസം കഴിഞ്ഞിരുന്നു. പലര്‍ക്കും അതിന് കഴിയാറില്ല.

സംഘടനാ നേതൃത്വത്തില്‍ പലവിധമാളുകളുണ്ട്. ചിലര്‍ക്ക് ആശയങ്ങള്‍ അനവധിയുണ്ടാകും. ചിലര്‍ക്ക് കാര്യങ്ങള്‍ നടപ്പാക്കാനേ കഴിയൂ. മറ്റു ചിലര്‍ സാന്നിധ്യം കൊണ്ട് സാന്ത്വനവും ധൈര്യവും പകരുന്നവരാണ്. ഇതില്‍ മൂന്നാമത്തെ സംഘത്തിലായിരുന്നു നജീബ്ക്ക. പ്രൌഢമായ ആ സാന്നിധ്യം തീരുമാനങ്ങള്‍ക്കു പിന്നിലെ ഞങ്ങളുടെ കരുത്തായിരുന്നു. ഭാര്യയും മക്കളും കഴിഞ്ഞാല്‍ നജീബ്ക്കയുടെ വലിയ ഇഷ്ടങ്ങള്‍ പാചകവും ഡ്രൈവിംഗുമായിരുന്നു. ഈ ഇഷ്ടങ്ങളിലൊന്നിലാണ് ആ വലിയ നഷ്ടമുണ്ടായത് എന്നോര്‍ക്കുമ്പോള്‍ മനസ്സ് നനയുന്നു. അവസാനത്തെ യാത്ര പോകുമ്പോള്‍ ദൂരെ നിന്നാണ് ഞാന്‍ കണ്ടത്.

ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ വലിയ താത്പര്യമായിരുന്നു. സുല്‍ത്താന്‍ബത്തേരിയിലും ചാലിയത്തും നടന്ന ക്യാമ്പുകള്‍ക്ക് നജീബ്ക്ക തന്നെയായിരുന്നു നേതൃത്വം നല്‍കിയത്. കഴിഞ്ഞ വര്‍ഷം നരിക്കുനിയില്‍ നടന്ന റിലീജ്യസ് സ്കൂളിലെ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക് സ്നേഹധന്യനായ ആ അധ്യാപകനെ മറക്കാന്‍ കഴിയില്ല. സമ്മേളന നഗരിയില്‍ വെച്ച് മരണവിവരമറിഞ്ഞ് ഓടിയെത്തിയ ഒരുകുട്ടി തന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരഞ്ഞു.

പുതിയ എം എസ് എമ്മുകാരെക്കുറിച്ച് വലിയ പ്രതീക്ഷയോടെയാണ് നജീബ്ക്ക സംസാരിച്ചിരുന്നത്. കഴിഞ്ഞ സംസ്ഥാന കൌണ്‍സില്‍ പേരാമ്പ്രയില്‍ വെച്ച് നടത്തണമെന്ന് നിര്‍ബന്ധം പിടിച്ചു. ആതിഥേയനായി ഞങ്ങള്‍ക്ക് വിരുന്നൊരുക്കി. ദുര്‍ബലമായ കൈകളില്‍ എം എസ് എമ്മിന്റെ സാരഥ്യം ഏല്പിച്ച് പിന്‍‌വാങ്ങുകയും ചെയ്തു.

ഓര്‍മകളുടെ കെട്ടഴിച്ച് ഓരോന്ന് ചികയുമ്പോള്‍ ഒരുപാടുണ്ട് പറയാന്‍. വാക്കുകളും അക്ഷരങ്ങളുമൊക്കെ ചില സന്ധര്‍ഭങ്ങളില്‍ പിന്തിരിയും. അത്തരമൊരു സന്ദര്‍ഭമാണിതെന്ന് തോന്നുന്നു. പേജില്‍ നിന്ന് പേന വഴുതിപ്പോകുന്നു. മരണം, എല്ലാ വലുപ്പങ്ങളേയും ചെറുതാക്കിക്കളയുന്നു. കഫാ ബില്‍ മൌതി വാഇദന്‍ യാ ഉമര്‍! (ഉമറേ, ഉപദേശകനായി മരണം തന്നെ മതി) എന്ന തിരുനബിയുടെ വാക്ക്, ഖലീഫ ഉമര്‍ തന്റെ മോതിരക്കല്ലില്‍ കൊത്തിവെച്ചിരുന്നതായി പറയപ്പെടുന്നു. ജനനത്തിനും മരണത്തിനുമിടയിലെ ഈ ശ്വാസങ്ങള്‍ എത്ര നിസ്സാരമാണെന്ന് ഓരോ മരണവും നമ്മെ വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നു.

പ്രിയങ്കരനായ നജീബ്ക്കാ, നമ്മള്‍ തമ്മിലുള്ള ആത്മസ്നേഹത്തില്‍ നിന്ന് ഇത്രയൊക്കെ മാത്രമേ പറയാന്‍ കഴിയുന്നുള്ളൂ. ഇതിലുമെത്രയോ അധികമാണതെന്ന് നമുക്കേ അറിയൂ. നിങ്ങളുടെ നിറഞ്ഞ സ്നേഹവും വാത്സല്യവും ഓരോ എം എസ് എമ്മുകാരനും എമ്പാടും അനുഭവിച്ചിട്ടുണ്ട്. കര്‍മധീരതയോടെയാണ് ഞങ്ങള്‍ക്ക് നിങ്ങള്‍ നേതൃത്വം നല്‍കിയത്.

പനമരത്തെ വാദിസലാമില്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാത്ത ഒരാളുമില്ല. ആ മഹാസം‌ലയത്തിന്റെ പ്രാര്‍ഥന ലഭിച്ച നിങ്ങള്‍ എത്രവലിയ അനുഗ്രഹീതനാണ്! എന്നായിരുന്നാലും ഒരുദിവസം തിരിച്ചു പോകേണ്ടതാണല്ലോ. ആ തിരിച്ചുപോക്ക് ഇത്രയും സൌഭാഗ്യസമ്പന്നമായിത്തീര്‍ന്നതില്‍ നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ അല്ലാഹുവിന് നന്ദിയര്‍പ്പിക്കുന്നു.

ആസ്വാദനങ്ങളെയെല്ലാം തകര്‍ത്തുകളയുകയാണ് മരണം. മധുരതരമായ മുഴുവന്‍ അനുഭൂതികളെയും അടിച്ചുടയ്ക്കുന്ന അനിവാര്യഗതി. ആ ഗതിക്കുമുന്നില്‍, വിധിക്കുമുന്നില്‍ ബന്ധങ്ങളുടെ ബലവത്തായ കണ്ണികള്‍ വെണ്ണനൂലുകളായിത്തീരുന്നു. പക്ഷേ, മരണമേ, നിന്റെ മഹാനിശ്ചലതയ്ക്കുമുന്നില്‍ ഭൌതികബന്ധങ്ങളെ തകരുന്നുള്ളൂ. നിന്നെയും അതിജീവിക്കുന്ന ഒരു ലോകത്ത്, അനുഭൂതികളുടെ അനന്തവിഹായസ്സില്‍ സച്ചരിതരായ മുന്‍‌ഗാമികളോടും പ്രിയങ്കരനായ നജീബ്ക്കയോടുമൊപ്പം കഴിയാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. പ്രാര്‍ഥനയുടെ കൈവഴികളില്‍ ഞങ്ങളുടെ ബന്ധം കൂടുതല്‍ കരുത്തുള്ളതാകുന്നു.

---

വയനാട് പനമരത്ത് വെച്ച് നടന്ന മുജാഹിദ് ഏഴാം സംസ്ഥാന സമ്മേളനത്തിനിടയില്‍ ആകസ്മികമായി വിട്ടുപിരിഞ്ഞ, മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് (എം എസ് എം) മുന്‍ സംസ്ഥാന പ്രസിഡന്റും, എന്റെ സഹപാഠിയും ആത്മസുഹൃത്തുമായിരുന്ന നജീബ് പേരാമ്പ്രയെക്കുറിച്ച്, എം എസ് എം സംസ്ഥാന പ്രസിഡന്റ് പി എം എ ഗഫൂര്‍ ശബാബ് വാരികയിലെഴുതിയ ഓര്‍മക്കുറിപ്പ്.

പത്രവാര്‍ത്ത:

Share:

Sunday, February 3, 2008

ബില്‍ക്കീസ് ബാനു, മാറാട്: നീതിവാഴ്ചയിലെ ആശകളും ആകുലതയും

ഗുജറാത്ത് വംശഹത്യയിലെ പ്രമാദമായ ബില്‍ക്കീസ് ബാനു കേസില്‍ 11 പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം വിധിച്ചുകൊണ്ട് മുംബൈ പ്രത്യേക സെഷന്‍സ് കോടതി ഉത്തരവായിരിക്കുന്നു. മാറാട് കേസില്‍ വിജാരണത്തടവ് അനുഭവിക്കുന്ന 28 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധിയും പുറത്തുവന്നിരിക്കയാണ്.


നീതിവാഴ്ചയിലുള്ള വിശ്വാസത്തെ ആണിയടിച്ചുറപ്പിക്കുകയും അതേസമയം തന്നെ കോടതിയുടെ സ്വതന്ത്രമായ പോക്കിന് ഭംഗം വരുത്തുന്ന സാഹചര്യങ്ങളെ കുറിച്ചുള്ള ഉത്കണ്ഠവര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വിധികള്‍.
സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം കണ്ട ഏറ്റവും കടുത്ത വര്‍ഗീയ കലാപമാണ് 2002ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യ. ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും ലംഘനം എന്നതിലുപരി, മനസ്സാക്ഷിയുടെ മരണമാണ് ഗുജറാത്ത് സംഭവത്തിലെ നടുക്കുന്ന ചിത്രം. ഭരണകൂടത്തിന്റെ പരാജയം എന്നതിനേക്കാള്‍ മനുഷ്യര്‍ കൊടും പിശാചുക്കളെ പോലെ ഭ്രാന്തെടുത്ത് ഉറഞ്ഞുതുള്ളിയ ഗുജറാത്ത് ദിനങ്ങള്‍ ഓര്‍മിപ്പിക്കുന്നത് പ്രാകൃതമായ കാടന്‍ യുഗത്തെയാണ്. അതുകൊണ്ട് തന്നെ കേവലം നിയമവാഴ്ചയുടെ ഒരു പ്രശ്നത്തിനപ്പുറം മാനവികവിരുദ്ധ ശക്തികള്‍ക്കെതിരിലുള്ള ധാര്‍മിക രോഷം കൂടി ഗുജറാത്ത് വംശഹത്യക്കെതിരിലുള്ള കേസ്സുകളില്‍ അടങ്ങിയിട്ടുണ്ട്.


ഗുജറാത്ത് കലാപത്തിനിടെ, 2002 മാര്‍ച്ച് മൂന്നിന് ദവോദ് ജില്ലയിലെ ദേവഗഡ് ബാരിയില്‍ നിന്ന് അയല്‍ പ്രദേശമായ പനിവേലയിലേക്ക് ഭയന്നു രക്ഷപ്പെടുകയായിരുന്നു ബില്‍ക്കീസ് ബാനുവും 16 അംഗങ്ങള്‍ അടങ്ങുന്ന കുടുംബവും. അവരെ വളഞ്ഞിട്ട സംഘപരിവാരം കൊടുംക്രൂരതകള്‍ക്ക് വിധേയമാക്കി. ബില്‍ക്കീസ് ബാനുവിന്റെ കണ്മുന്നിലിട്ട് അവരുടെ മാതാവിനെയും അയര്‍ക്കാരിയായ ഹലീമയെയും ആ കശ്മലന്മാര്‍ ബലാത്സംഗം ചെയ്തുകൊന്നു. ആറുമാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ കാപാലികന്മാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. അവരുടെ മകള്‍ സ്വാലിഹയെ, അവരുടെ മുന്നിലിട്ട് നിലത്തടിച്ചുകൊന്നു. സംഭവത്തില്‍ ആറുപേരെ കാണാതായിട്ടുണ്ട്. ഈ കൊടുംക്രൂരതയ്ക്ക് നേതൃത്വം നല്‍കിയത് സംഘപരിവാരത്തിലെ മുതിര്‍ന്ന നേതാക്കളാണ് എന്നതാണ് ഗൌരവതരമായത്. ആറുമാസം പ്രായമുള്ള കുഞ്ഞിനെ പിച്ചിച്ചീന്തിയത് ശൈലേശ് ഭട്ട് എന്ന ബി ജെ പി യുടെ ജില്ലാ നേതാവായിരുന്നു. പ്രസ്തുത കേസിലെ മറ്റുപ്രതികളും ബി ജെ പി യുടെ മുതിര്‍ന്ന നേതാക്കള്‍ തന്നെയായിരുന്നു. ഫോറന്‍സിക് തെളിവുകളടക്കം പ്രതികള്‍ക്കെതിരിലുണ്ടായിട്ടും ഗുജറാത്ത് കോടതികള്‍ അവരെ വെറുതെ വിടുകയുണ്ടായി.


ഗുജറാത്ത് കലാപത്തിലെ കുപ്രസിദ്ധമായ ബെസ്റ്റ് ബേക്കറി കേസ്സിന്റെയും ഗതി മറ്റൊന്നായിരുന്നില്ലല്ലോ. 14 പേരെ ചുട്ടുകൊന്ന ബെസ്റ്റ് ബേക്കറി കേസ്സ്, ഗുജറാത്തില്‍ നീതി ലഭിക്കില്ലെന്ന് മനസ്സിലാക്കിയ സുപ്രീം കോടതി മുംബൈയിലേക്ക് മാറ്റി. പക്ഷെ, സംഘപരിവാര ശക്തികളുടെ ഭീഷണികള്‍ക്കു മുന്നില്‍ പതറിയ, കേസ്സിലെ പ്രധാന സാക്ഷി സാഹിറ ശൈഖ് കൂറുമാറിയതിനെ തുടര്‍ന്ന് മുംബൈ കോടതിയും പ്രതികളെ വെറുതെ വിടുകയായിരുന്നു. സാഹിറയെ വഞ്ചനാകുറ്റത്തിന് ശിക്ഷിക്കുകയും ചെയ്തു! ഫലത്തില്‍, പരമോന്നത കോടതിയെ പോലും വര്‍ഗീയ ദുഷ്ട ശക്തികള്‍ പരാജയപ്പെടുത്തുകയായിരുന്നു ഈ കേസ്സിലൂടെ. ഏതായാലും ബില്‍ക്കീസ് ബാനു കേസ്സില്‍ കൂട്ടബലാത്സംഗത്തിലും കൂട്ടക്കൊലയിലും പ്രതികളായ 11 പേരെ ഇരട്ട ജീവപര്യന്തത്തിന് വിധിച്ചുകൊണ്ടുള്ള വിധി സമൂഹത്തില്‍ വന്‍ പ്രതീക്ഷയുണര്‍ത്തിയിരിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ച എ എസ് ഐ സോമഭായ് ഖോരിക്ക് മൂന്നു വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍, ഈ കൊടുംക്രിമിനലുകളെ, വേണ്ടത്ര തെളിവുകളുണ്ടായിട്ടും ഗുജറാത്ത് കോടതി വെറുതെവിട്ടു എന്നത് നമ്മെ അസ്വസ്ഥമാക്കേണ്ടിയിരിക്കുന്നു. 2003 ഡിസംബറില്‍, സുപ്രീംകോടതി നിര്‍ദേശിച്ചതനുസരിച്ച് കേസ് സി ബി ഐ ഏറ്റെടുത്തിട്ടില്ലായിരുന്നുവെങ്കില്‍ ഈ കൊലയാളികള്‍ ഇപ്പോഴും രാഷ്ട്രീയ നേതാക്കളായി ഞെളിഞ്ഞു നടന്നേനെ. ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 4252 കേസ്സുകളാണ്. അതില്‍ 2100ഉം കുറ്റപത്രം പോലും സമര്‍പ്പിക്കാതെ അവസാനിപ്പിക്കുകയാണുണ്ടായതെന്നതും, കോടതിയിലെത്തിയ കേസ്സുകളില്‍ മിക്കവാറും പ്രതികള്‍ മുസ്‌ലിംകളായിരുന്നുവെന്നതും ഗുജറാത്തിലെ നീതിന്യായത്തിന്റെ നിറം വ്യക്തമാക്കുന്നുണ്ട്. ‘മരണത്തിന്റെ വ്യാപാരി’യായ മോഡി ഗുജറാത്തില്‍ മുഖ്യമന്ത്രി പദത്തില്‍ തിരിച്ചുവന്നിരിക്കേ, അവശേഷിക്കുന്ന ചോദ്യം ഗുജറാത്തിലെ മധ്യവര്‍ഗവും ബ്യൂറോക്രാറ്റുകളും നീതി നിര്‍വഹണത്തില്‍ ഗുജറാത്ത് വരുത്തിയ ചരിത്രപരമായ വീഴ്ചയെ അംഗീകരിക്കുന്നുവെന്നാണോ? അതോ, നഗര-വ്യവസായിക വികസനത്തേക്കാള്‍ വലുതല്ല മാനുഷിക മൂല്യങ്ങളും നീതി ന്യായവുമെന്നോ?


ഏതായാലും, എത്ര തന്നെ കുറവുകളുണ്ടായാലും ബില്‍ക്കീസ് ബാനു കേസ്സിലെ കുറ്റവാളികള്‍ക്ക് ശിക്ഷവാങ്ങിച്ചു കൊടുക്കാന്‍ സുപ്രീംകോടതി നടത്തിയ ഇടപെടലും രാജ്യത്തെ ജനധിപത്യവാദികള്‍ മുന്നോട്ട് കൊണ്ടുപോയ പോരാട്ടവും ബില്‍ക്കീസ് ബാനു എന്ന സാധാരണ സ്ത്രീ കാണിച്ച ആത്മധൈര്യവും നീതിന്യായ ചരിത്രത്തില്‍ രേഖപ്പെടുത്തുകതന്നെ ചെയ്യും.
നിയമത്തിന്റെ കണ്ണില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരല്ല കുറ്റവാളികള്‍; കുറ്റകൃത്യങ്ങള്‍ ചെയ്തുവെന്ന് തെളിവുകളാല്‍ സ്ഥാപിക്കപ്പെടുന്ന പ്രതികളാണ്. അതുകൊണ്ടു തന്നെ കുറ്റവാളികളെ കോടതിയില്‍ ഹാജരാക്കുന്നതിലും അവര്‍ക്കെതിരിലുള്ള തെളിവുകള്‍ ഹാജരാക്കുന്നതിലും സര്‍ക്കാരിനും രാഷ്ടീയനേതൃത്വത്തിനുമുള്ള പങ്ക് നിര്‍ണായകമാണ്. പാപ്പോഴും അധികാര, രാഷ്ട്രീയ താല്പര്യങ്ങള്‍ മാറുന്നതിനനുസരിച്ച് കുറ്റവാളികള്‍ രക്ഷപ്പെടാനിടവരുന്നത് ഇന്ത്യയില്‍ പതിവാണ്. ഗുജറാത്തില്‍ സംഭവിച്ചതതാണ്. രാഷ്ട്രീയാധികാരത്തിനു മീതെയും ധീരമായി വിളങ്ങുന്ന ജുഡീഷ്യല്‍ അധികാരത്തിന്റെ ആശാകിരണങ്ങള്‍ അവസാനിച്ചിട്ടില്ലെന്നു തന്നെയാണ് ബില്‍ക്കീസ് കേസിലെ ശുഭസൂചന.


മാറാട് കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട 28 പ്രതികള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം നേടിയിരുന്നു. എന്നാല്‍, പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ സാമുദായിക സന്തുലിതാവസ്ഥ തകരുമെന്ന് കാണിച്ച് സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. സര്‍ക്കാറിന്റെ എതിര്‍പ്പ് മറികടന്നു കൊണ്ടാണിപ്പോള്‍ ഹൈക്കോടതി കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ ഉപാധികള്‍ സ്വീകരിച്ച് പ്രതികള്‍ക്ക് പുറത്തിറങ്ങാനാവുമോ, പുറത്തിറങ്ങിയാല്‍ തന്നെ ജയില്‍ സമാനമായ ജീവിതമായിരിക്കില്ലേ എന്ന ചോദ്യങ്ങള്‍ പ്രസക്തമാണ്. അത് മാറ്റിവെച്ചാലും പ്രതികളോട് ന്യായാസനത്തിന് നീതി പൂര്‍വകമായ സമീപനമാണെന്ന് തോന്നിക്കാനും പ്രതികളുടെ മനുഷ്യാവകാശങ്ങള്‍ ഒട്ടെങ്കിലും ആദരിക്കപ്പെടുന്നുണ്ടെന്ന് വരുത്താനും ഐക്കോടതി വിധി സഹായിക്കുമെന്ന് കരുതാം.
അബ്ദുന്നാസര്‍ മ‌അ്ദനി അടക്കം കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതികളില്‍ പലരെയും കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള വിധി പുറത്തുവന്നിട്ട് ഏറെയായിട്ടില്ല. മ‌അ്ദനി നിരപരാധിയാണെന്ന് കോടതി കണ്ടെത്തുമ്പോഴേക്കും ഒരു ദശാബ്ദത്തോളം അദ്ദേഹം കുറ്റവാളിയെ പോലെ തന്നെ കോയമ്പത്തൂര്‍ ജയിലില്‍ ‘ശിക്ഷ’ അനുഭവിച്ചിട്ടുണ്ടെന്ന സത്യം വിസ്മരിച്ചുകൂടാ. മാറാട് കേസ്സിലും നാലു വര്‍ഷത്തോളമായി വിചാരണത്തടവുകാര്‍ ‘ശിക്ഷ’ അനുഭവിക്കുന്നുണ്ട്.


കുറ്റവാളികളായി തെളിയിക്കപ്പെടാതെയുള്ള ഈ ‘വിചാരണത്തടവ് ശിക്ഷ’, മനുഷ്യാവകാശ തത്വങ്ങള്‍ക്ക് നിരക്കുന്നതാണോ എന്ന് രാഷ്ടീയ നേതൃത്വങ്ങള്‍ ആലോചിക്കണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന കാര്യം കട്ടായം. എന്നാല്‍, കോടതികളുടേയും പോലീസിന്റെയും അന്വേഷണസംവിധാനങ്ങളുടെയും രാഷ്ട്രീയ, ഭരണ മേധാവികളുടെയും നിസ്സംഗതയും നിഷ്ക്രിയത്വവും സര്‍വ്വോപരി മെല്ലെപ്പോക്കും കാരണം പ്രതികളുടെ മാനുഷികമായ അവകാശങ്ങളെ ഞെക്കിക്കൊല്ലുന്നതിന് ആരു സമാധാനം പറയും? നിയമപാലകരും പൌരസമൂഹവും ആവര്‍ത്തിച്ച് ആലോചിക്കേണ്ട വിഷയമാണിത്.


ഇന്ന് ലോകത്ത് അനീതിയും അക്രമവും അഴിച്ചുവിടുന്നത്, നീതി നടപ്പാക്കുന്നതില്‍ വരുത്തുന്ന വീഴ്ച്ചതന്നെയാണ്. ബോധപൂര്‍വവും അല്ലാതെയും അയഞ്ഞു പോകുന്ന നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ പൌരസമൂഹത്തിനു സാധിക്കണം. ജനാധിപത്യം യാഥാര്‍ഥ്യമാകുന്നത് പൌരാവകാശങ്ങള്‍ ജീവിച്ചിരിക്കുമ്പോഴാണ്. ജനാധിപത്യ ഭരണ കൂടങ്ങളെയും രാഷ്ട്രീയ നേതൃത്വത്തെയും നിരന്തരം ആകുലപ്പെടുത്തേണ്ടത് നീതിവാഴ്ചയെക്കുറിച്ചുള്ള വിചാരങ്ങള്‍ തന്നെയാവണം.
Share:

Thursday, January 31, 2008

കാശ്മീരികളും സിക്കുകാരും ചേരാന്‍ മടിക്കുന്ന താരതമ്യങ്ങള്‍

കാശ്മീരികളും സിക്കുകാരും:
ചേരാന്‍ മടിക്കുന്ന താരതമ്യങ്ങള്‍

കാശ്മീരി മുസ്‌ലിം സ്വാഭാവികമായും തീവ്രവാദിയായിരിക്കുമെന്ന സമവാക്യം അതിര്‍ത്തിസേനയുടെ മാത്രമല്ല, ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗങ്ങളുടെയും പൌരസമൂഹത്തിന്റെയും പൊതുബോധത്തില്‍ ഉറച്ചുകഴിഞ്ഞിട്ടുണ്ട്. അതിന് അപവാദമല്ല കേരളവുമെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് പന്ത്രണ്ടു വര്‍ഷത്തോളമായി കച്ചവടം നടത്തി സമാധാന ജീവിതം നയിക്കുന്ന അല്‍താഫ് അഹ്‌മദ് ഖാന്‍ എന്ന കശ്മീരിയെ അറസ്റ്റുചെയ്ത കേരള പോലീസിന്റെ നടപടി. ഇതു സംബന്ധമായി ആഭ്യന്തരമന്ത്രി പത്രസമ്മേളനം നടത്തുകയും തുടര്‍ന്ന് കശ്മീരി തീവ്രവാദികള്‍ ഒളിയിടം തേടി കേരളത്തിലേക്ക് വ്യാപകമായി നുഴഞ്ഞു കറിക്കൊണ്ടിരിക്കുന്നുവെന്ന് ധ്വനിപ്പിക്കുന്ന വിധം മാധ്യമങ്ങള്‍ തുടരന്‍ ‘വാര്‍ത്തകള്‍’ എഴുതിപ്പിടിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കേരളം മതതീവ്രവാദികളുടെ കേന്ദ്രമായിട്ടുണ്ടെന്ന് അലമുറയിട്ടു കൊണ്ടിരിക്കുന്ന സംഘപരിവാരമാകട്ടെ, കുമളി അറസ്റ്റ്വെച്ച് നന്നായി മുതലെടുക്കാന്‍ ശ്രമമാരംഭിച്ചുകഴിഞ്ഞു.

ഒരു കശ്മീരിക്ക് ഇന്ത്യയിലെന്നല്ല ലോകത്തെവിടെച്ചെന്നാലും ചാരക്കണ്ണുകള്‍ പിന്തുടരുന്ന അവസ്ഥയാണിന്നുള്ളത്. കശ്മീരില്‍ വെടിയൊച്ച നിലച്ച നിമിഷങ്ങളില്ലാതായിട്ട് പതിറ്റാണ്ടുകള്‍ പലത് കഴിഞ്ഞല്ലോ. പട്ടാളവും കശ്മീര്‍ തീവ്രവാദികളും തമ്മിലുള്ള സംഘട്ടനങ്ങളുടെ നടുക്കത്തിലേക്കും കര്‍ഫ്യൂവിലേക്കും പിറന്നുവീണ ഒരു തലമുറയാണവിടെ ജീവിക്കുന്നത്. തൊഴിലെടുത്ത് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന പാവപ്പെട്ട കശ്മീരികള്‍ ഒരേസമയം തീവ്രവാദികളെയും പട്ടാളത്തെയും ഭയന്നുവിറച്ചാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. പറക്കമുറ്റാറായ സ്വന്തം കുട്ടികളെ തങ്ങള്‍ക്ക് വിട്ടുതന്നില്ലെങ്കില്‍ കൊന്നുകളയുമെന്ന് തീവ്രവാദി സംഘടനകളുടെ ഭീഷണി. തീവ്രവാദി ചെറുപ്പക്കാരെ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കുടിലുകള്‍ തോറും റോന്തുചുറ്റി അരിച്ചുപെറുക്കുന്ന സൈന്യത്ത്യന്റെ നിരന്തര പീഡനം. അതിനിടെ, കരള്‍ പറിച്ചെടുത്ത് കയ്യില്‍ പിടിച്ച് ജീവിക്കേണ്ടി വരുന്ന ജന്മങ്ങള്‍. ഇതാണ് കാശ്മീരികളുടെ ദുരന്തം. ഈ നരകത്തില്‍ നിന്ന് ഒട്ടാശ്വാസം തേടിയാണ് കയ്യില്‍കിട്ടിയത് പെറുക്കിക്കെട്ടി, കുട്ടികളേയും കുടുംബത്തെയും കൂട്ടി കശ്മീരികള്‍ പലനാടുകളിലേക്ക് പലായനം ചെയ്യുന്നത്. പക്ഷെ, എവിടെയും അവരെ വിശ്വാസത്തിലെടുക്കാന്‍ ആര്‍ക്കുമാവുന്നില്ല. കശ്മീരിക്ക് ഭീകരബന്ധമില്ലെന്ന് എങ്ങനെ ഉറപ്പിച്ചു പറയാനാകും?!

അല്‍താഫ് അഹ്‌മദ് നേരത്തെ ഹിസ്ബുല്‍ മുജാഹിദീന്‍ എന്ന തീവ്രവാദ സംഘടനയുടെ കെണിയിലകപ്പെട്ടു പോയ ഒരു യുവാവാണ്. 1996 ലാണ് നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കശ്മീര്‍ പോലീസ് അറസ്റ്റു ചെയ്തത്. 1998 ല്‍ കോടതി കുറ്റവിമുക്തമാക്കുകയുണ്ടായി. തുടര്‍ന്നാണ് തീവ്രവാദ സംഘത്തില്‍ നിന്നും രക്ഷതേടി, സമാധാന ജീവിതം നയിക്കാന്‍ അല്‍താഫ് കേരളത്തിലേക്ക് പുറപ്പെടുന്നത്. തീവ്രവാദ സംഘടനയില്‍ കുടുങ്ങിയാല്‍ പിന്നെ രക്ഷയില്ല. അതില്‍ നിന്ന് പുറത്ത് പോകുന്നയാളെ കാത്തിരിക്കുന്നത് മിക്കപ്പോഴും തീവ്രവാദികളുടെ തോക്കിന്‍കുഴലായിരിക്കും; പോലീസിന്റെ തുടരന്വേഷണങ്ങളും. അതുകൊണ്ടാണ് സമാധാന വായുതേടി നാടുവിട്ടോടാന്‍ കാശ്മിര്‍ ചെറുപ്പക്കാര്‍ നിര്‍ബന്ധിതമാകുന്നത്. സമാധാനം നിറഞ്ഞൊഴുകുന്ന കേരളത്തിലെ കുമളിയിലെത്തി പന്ത്രണ്ടു വര്‍ഷത്തോളമായി, കേരളത്തെ സ്വന്തം നാടക്കിയ ഈ കശ്മീരി അതിനിടെ ഒരിക്കല്‍ മാത്രമേ പൂക്കളുടെയും പൂന്തോട്ടങ്ങളുടെയും നാടായ സ്വന്തം കശ്മീരില്‍ പോയി വന്നുള്ളൂ. വൃദ്ധരായ മാതാപിതാക്കളെ കാണാന്‍. അല്‍താഫിന്റെ മത്രമല്ല, കുമളിയിലെ 120 ഓളം വരുന്ന കശ്മീരികളുടെ കഥയും ഇതുപോലുള്ള പാലായനങ്ങളുടെ വേവു നിറഞ്ഞതാണ്. സ്വസ്ഥമായി കഴിഞ്ഞുവരികയായിരുന്ന അവരെല്ലാം ഇപ്പോള്‍ ഭയപ്പാടിലാണ്. കാശ്മീരിലെ പഴയ സുഹൃത്തുക്കളോ ബന്ധുക്കളോ തങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് വിളിക്കരുതേ, ഒരു കത്തയക്കരുതേ എന്നു പ്രാര്‍ഥിച്ചു കഴിയുകയാണവര്‍. ഒരു കശ്മീരിയുടെ സ്വകാര്യ സംഭാഷണം പോലും പിടിച്ചെടുക്കാന്‍ ചാരസംവിധാനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന അറിവ് അവരെ അസ്വസ്ഥരാക്കിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

അല്‍താഫിന്റെ അറസ്റ്റിനു പിന്നിലെ പ്രേരകങ്ങള്‍ എന്താണെന്ന് അറിവായിട്ടില്ല. കശ്മിരികളുടെ കരകൌശല ബിസിനസ്സ് തകര്‍ക്കാനുള്ള ഗൂഢശ്രമമോ, കേരളത്തില്‍ തീവ്രവാദികള്‍ പിടിമുറുക്കുന്നുവെന്ന് സ്ഥാപിക്കാനുള്ള സംഘപരിവാര ശക്തികളുടെ കൊണ്ടുപിടിച്ച പദ്ധതിയോ, മറ്റു വല്ലതുമോ എന്നൊന്നുമിപ്പോള്‍ പറയാറായിട്ടില്ല. വ്യാജരേഖചമച്ചതിന്റെ പേരിലാണ് പോലീസ് അയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ വ്യാജപേരില്‍ മൊബൈല്‍ കണക്ഷന്‍ നല്‍കി അല്‍താഫിനെ കുടുക്കിയത് കുമളിയിലെ ഒരു സിംകാര്‍ഡ് കച്ചവടക്കാരനാണെന്ന് വ്യക്തമായിട്ടുണ്ട്. നിലവില്‍ അല്‍താഫിന് തീവ്രവാദി ബന്ധമുണ്ടെന്നതിന് യാതൊരു തെളിവുമില്ലെന്നും കാശ്മീരില്‍ ഇപ്പോള്‍ ഇയാള്‍ക്കെതിരെ കേസൊന്നും നിലവിലില്ലെന്നും പിടികിട്ടാപുള്ളിയല്ലെന്നും മിലിട്ടറി ഇന്റലിജന്‍സും ‘റോ’യുമടക്കമുള്ള രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അല്‍താഫ് സംഭവത്തില്‍ വിചിത്രമായ ഒരു ആകസ്മികതകൂടി ഒളിഞ്ഞുകിടപ്പുണ്ട്. ഡോ. ബിജുകുമാര്‍ സംവിധാനം ചെയ്ത ‘സൈറ’ എന്ന സിനിമയുമായി സംഭവത്തിനുള്ള അത്യപൂര്‍വ സാദൃശ്യമാണത്. സ്വൈര ജീവിതം തേടി കേരളത്തിലെത്തുന്ന കശ്മിരികളുടെ കഥപറയുന്ന മലയാള സിനിമയാണ് ‘സൈറ’. കശ്മീരികളെ പോലീസ് സംശയത്തിന്റെ പേരില്‍ പിടികൂടി ദ്രോഹിക്കുന്നതാണ് കഥയുടെ കേന്ദ്രപ്രമേയം. സൈറയിലെ തീവ്രവാദി കഥാപാത്രത്തിന്റെ പേരും അല്‍താഫ് തന്നെ! മാത്രമല്ല, രൂപവും ഭാവവും ഒരേപോലെ ദൃഢഗാത്രനായ, താടിവെച്ചചെറുപ്പക്കാരന്‍ കാഴ്ചക്കും അല്‍താഫ് തന്നെ! സംവിധായകന് അല്‍താഫിനെ അറിയില്ലത്രെ. അല്ലെങ്കിലും ഏതൊരു കശ്മീരി മുസ്‌‌ലിമിനും അല്‍താഫിന്റെ ഛായ തന്നെയാണല്ലോ!
മുസ്‌ലിം ഭീകരനായി ചിത്രീകരിക്കപ്പെടാന്‍ കശ്മീരിപോലുമാകേണ്ടതില്ലെന്നാണല്ലോ സമീപകാല സംഭവങ്ങള്‍ നല്‍കുന്ന പാഠം. ഇതിനിടെ വിവാദം സൃഷ്ടിച്ച, ആസ്ത്രേലിയയില്‍ തീവ്രവാദമാരോപിച്ച് പിടിയിലായി പിന്നീട് നിരപരാധിയെന്ന് തെളിഞ്ഞ് മോചിപ്പിക്കപ്പെട്ട ബാംഗ്ലൂര്‍ സ്വദേശിയായ യുവഡോക്ടറും മധുമിത കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ആലുവ സ്വദേശികളായ ഐ. ടി. എഞ്ചിനീയര്‍മാരായ മുസ്‌ലിം യുവാക്കളുമൊക്കെ താടിയും മുസ്‌ലിം പേരുമുണ്ടെങ്കില്‍, തീവ്രവാദിയാണെന്ന് മുദ്രകുത്താന്‍ പിന്നെ കൂടുതല്‍ അന്വേഷണമാവശ്യമില്ലെന്ന മുന്‍‌വിധിയുടെ ഇരകളായിരുന്നുവല്ലോ. മുന്‍‌വിധിയുടെ ബലത്തില്‍ സംശയിച്ച്, ചോദ്യം ചെയ്യാനായി അറസ്റ്റ് ചെയ്യുന്ന ഇത്തരം ചെറുപ്പക്കാരെ ‘കുറ്റവാളി’കളാക്കി അവതരിപ്പിക്കുന്ന അധികാരികളും മാധ്യമങ്ങളും സാക്ഷാല്‍ തീവ്രവാദത്തിന് വിത്തും വളവും ഇടുകയാണ് ചെയ്യുന്നതെന്ന് അവരറിയുന്നുണ്ടോ?

****

വേഷഭൂഷാദികളും മതചിഹ്നങ്ങളുമാചരിക്കുന്നതില്‍ മുസ്‌ലിംകളേക്കാള്‍ നിഷ്ഠപുലര്‍ത്തുന്നവരാണ് സിക്കുകാര്‍. നീണ്ട താടിയും തലപ്പാവും പ്രത്യേകരീതിയിലുള്ള വസ്ത്രധാരണവും മാത്രമല്ല, അംഗവാളും അവരുടെ മതപരമായ വേഷത്തിന്റെ ഭാഗമാണ്. സാധാരണ സിക്കുകാര്‍ ആയുധമണിയുന്നില്ലെങ്കിലും പുരോഹിതന്മാരുടെ ദേഹത്ത് തൂങ്ങിയ നീണ്ട തോലുറയില്‍ സാക്ഷാല്‍ വാള്‍തന്നെ ഉണ്ടായിരിക്കും. സിക്കുകാര്‍ക്ക് സ്വന്തം രാഷ്ട്രം വേണമെന്ന് വാദിക്കുന്ന, ഖലിസ്ഥാന്‍ വദികളാണ് 1984ല്‍ പ്രധാനമന്ത്രിയയിരുന്ന ഇന്ദിരാഗാന്ധിയെ വധിച്ചത്. പിന്നീട് സിക്കുവിരുദ്ധ കലാപങ്ങളുണ്ടാക്കുകയും സിക്ക് തീവ്രവാദത്തെ അമര്‍ച്ചചെയ്യുകയുമൊക്കെ ചെയ്തത് ചരിത്രം. എന്നാല്‍, സിക്കുകാരുടെ മതപരമായ, ആചാരപരമായ നിഷ്ഠയില്‍ ഇന്നും മാറ്റമില്ലെന്നല്ല, തീവ്രത കൂടുകയുമാണ്. കമ്യൂണിസ്റ്റു നേതാവായ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനു പോലും തങ്ങളുടെ മതചിഹ്നം അഴിച്ചുമാറ്റാനുള്ള ധൈര്യം സിക്ക് മതം അനുവദിച്ചുകൊടുത്തിട്ടില്ല. അങ്ങനെയൊക്കെയാണെങ്കിലും ‘മതതീവ്രവാദി’ എന്നു കേള്‍ക്കുമ്പോള്‍ ഒരു സാധാരണ ഇന്ത്യക്കാരന്റെ മനസ്സില്‍ ഒരു സിക്കുകാരന്റെ ചിത്രം തെളിയുന്നില്ലല്ലോ!

ദിവസങ്ങള്‍ക്കു മുന്‍പ് അമൃതസറില്‍ ചെന്നപ്പോള്‍, സിക്കുകാരുടെ ‘ക‌അബ’യായ സുവര്‍ണക്ഷേത്രവും സന്ദര്‍ശിക്കാനിടയായി. ക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും തലമറച്ചിരിക്കണം. മാന്യമായ വസ്ത്രമേ അണിയാവൂ. ചെരിപ്പ് പുറത്തഴിച്ചിട്ട് ജലധാരയില്‍ കാല്‍കഴുകി ശുദ്ധിവരുത്തിയേ അകത്തേക്ക് പ്രവേശമുള്ളൂ. നാലുഭാഗവും ചുറ്റുമതിലുപോലെ മാര്‍ബിളില്‍ തീര്‍ത്ത മനോഹരമായ ക്ഷേത്രം. അതിനു നടുവില്‍ വിശാലമായ തടാകത്തിന്റെ മധ്യത്തില്‍ സ്വര്‍ണത്തിളക്കമുള്ള സുവര്‍ണക്ഷേത്രം. മുസ്‌ലിം ആര്‍കിടെക്ചറിനോട് സാമ്യമുള്ള നിര്‍മാണമാണ് കെട്ടിടങ്ങള്‍ക്കും മിനാരങ്ങള്‍ക്കും. വിശ്വാസികള്‍ പുണ്യജലത്തില്‍ കുളിച്ച് നിര്‍വൃതികൊള്ളുന്നു. പുണ്യതീര്‍ഥം കുടിക്കുന്നു. സാഷ്ടാംഗം പ്രാര്‍ഥിക്കുന്നു. ഭജന ഇരിക്കുന്നവരുണ്ട്. മതപ്രഭാഷണങ്ങളും വേദപാരായണവും നടക്കുന്നു. സൌജന്യമായ ഊട്ടുമുണ്ട്... വാസ്തുശില്പത്തിനുമാത്രമല്ല ആരാധനാചടങ്ങുകള്‍ക്കും മുസ്‌ലിംകളുമായി സമാനത തോന്നുന്നു. ഖലിസ്ഥാന്‍ തീവ്രവാദികളെ തുരത്തി പുറത്തുചാടിക്കാന്‍ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് പട്ടാളം നടത്തിയ ‘ഓപറേഷന്‍ ബ്ലൂ സ്റ്റാറിന്റെ’ ഓര്‍മകള്‍ തികട്ടിവന്നു. സിക്കുകാരന്റെ ഈ പുണ്യനിലങ്ങളിലായിരിക്കണം പട്ടാളത്തിന്റെ ബൂട്ടമര്‍ന്നത്. അതിന്റെ വിലയായിട്ടായിരുന്നുവല്ലേ, ഇന്ദിരാഗാന്ധിയുടെ ജീവന്‍ നല്‍കേണ്ടി വന്നത്.

ഹരിദ്വാര്‍ സാഹെബ് കോമ്പ്ലക്സിലെ സിക്ക് മ്യൂസിയം ചുറ്റിക്കറങ്ങിക്കണ്ടു. സിക്കു യോദ്ധാക്കളുടെ ശൌര്യം സ്ഫുരിക്കുന്ന ചുമര്‍ചിത്രങ്ങള്‍, സായുധഭടന്മാര്‍, ചോരയൊഴുകുന്ന അടര്‍ക്കളം, തോക്കുകള്‍, പീരങ്കികള്‍, വിവിധ തരം കഠാരകള്‍, വാളുകള്‍, ആയുധങ്ങള്‍.... ഞാനോര്‍ത്തു, ലോകത്ത് ഒരു മുസ്‌ലിം പള്ളിയിലും യുദ്ധത്തിന്റെ ഓര്‍മകളുള്ള മ്യൂസിയമുള്ളതായി അറിവില്ല. മുസ്‌ലിംകള്‍ ആയുധങ്ങളെ ആരാധിക്കുന്നില്ല. എന്നിട്ടും മുസ്‌ലിംകള്‍ ഹിംസയുടെ രൌദ്രബിംബങ്ങളുടെ വാര്‍പ്പുമാതൃകകളാണ് എഴുതപ്പെട്ട ചരിത്രത്തിലും സാഹിത്യത്തിലുമെല്ലാം. ഇതൊരു മുസ്‌ലിം പള്ളിയാകാതിരുന്നതിന് ദൈവത്തിനു നന്ദി പറഞ്ഞു! പക്ഷേ, സിക്കുകാര്‍ക്ക് ഹിംസയുടെ, മതതീവ്രതയുടെ പരിവേഷമില്ല, നമ്മുടെ സാമാന്യബോധത്തില്‍. ചരിത്രത്തിന്റെ വൈരുധ്യങ്ങള്‍!

ഗുരുദ്വാരയ്ക്കു പുറത്തു വെച്ച് പരിചയപ്പെട്ട ഒരു സിക്കു വിശ്വാസിയോട് സംസാരിച്ചു. തികഞ്ഞ മതേതരവാദിയായിരുന്നു അയാള്‍. ‘ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറില്‍’ ഇന്നും വേദനയുള്ള അയാള്‍ പക്ഷേ, തീവ്രവാദത്തെ നിശിതമായി വിമര്‍ശിക്കുന്നു. അയാളില്‍ അവശേഷിക്കുന്ന ആശങ്ക, സിക്കുതീവ്രവാദം തിരിച്ചുവരുമോ എന്നുള്ളതാണ്. ഇന്ദിരാഗാന്ധിയുടെ ഘാതകര്‍ ശിക്ഷിക്കപ്പെട്ടു എന്നാല്‍ 1984ലെ സിക്കുകലാപത്തിന്റെ ഉത്തരവാദികള്‍ ഇനിയും ശിക്ഷിക്കപ്പെട്ടിട്ടില്ല. നീതിപാലനത്തിന്റെ ഈ ഇരട്ടത്താപ്പ് തീവ്രവാദത്തിന് മണ്ണൊരുക്കുന്നുണ്ടെന്ന് അയാള്‍ പറഞ്ഞു.

മാസങ്ങള്‍ക്കു മുമ്പ് നടന്ന, ദേര സച്ച സൌദ എന്ന സിക്ക് വിഭാഗവുമായി ബന്ധപ്പെട്ട വിവാദം അദ്ദേഹം ഓര്‍മിപ്പിച്ചു. സിക്കു ചെറുപ്പക്കാര്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സിക്ക് തീവ്രവാദ മാസികകള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ വന്‍ പ്രചാരം നേടുന്നു. ഇയിടെ പുറത്തിറങ്ങിയ ‘ഖത്സ ഫതഹ്നാമ’ എന്ന മാഗസിന്റെ കവര്‍ പേജില്‍ ഇങ്ങനെ മുദ്രണം ചെയ്തിരിക്കുന്നു. “ഓ ദില്ലിയുടെ കൊലവാതിലുകളേ, ഇന്ദിരയുടെ കറുത്ത പ്രേതമേ, സിക്കുകാര്‍ ജീവിച്ചിരിക്കുന്നു.” അമൃതസറിലെ ഹരിമന്ദിര്‍ സാഹിബിലെ സെന്‍‌ട്രല്‍ സിക്ക് മ്യൂസിയത്തില്‍, ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ബിന്ദ്രന്‍ വാലയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തത് അടുത്ത കാലത്താണ്. അകാലിദള്‍ വിരുദ്ധരായിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാര്‍ ചേക്കേറുന്നത് സിക്ക് തീവ്രവാദ സംഘടനയിലേക്കാണ്. ഖത്സ ഫത്‌ഹനാമക്കു പുറമേ സിക്ക് ശഹാദത്ത്, ശംസീറേ ദസ്താന്‍ തുടങ്ങിയ സിക്ക് പ്രസിദ്ധീകരണങ്ങളും തീവ്രവാദപരമാണെന്ന് അറിയാന്‍ കഴിഞ്ഞു. ആയിരക്കണക്കിനു കോപ്പികളാണത്രെ ഓരോ ലക്കവും ഇവ വിറ്റഴിക്കുന്നത്.

വിദ്യാഭ്യാസത്തിലും വികസനത്തിലും കുതിച്ചുയരുന്ന പഞ്ചാബ്, കശ്മീരിന്റെ വഴി തെരഞ്ഞെടുക്കുമോ? ഇല്ല, അങ്ങനെ സംഭവിക്കാതിരിക്കട്ടെ. ഒരു ചെറിയ വിഭാഗം തീവ്രവാദികളെ അതിജീവിക്കാന്‍ സിക്ക് സമൂഹത്തിനു തന്നെ ശേഷിയുണ്ടെന്ന് പ്രതീക്ഷിക്കാം. അങ്ങനെ വരട്ടെയെന്ന് പ്രാര്‍ഥിക്കാം.
വീണ്ടും മനസ്സില്‍ തികട്ടുന്നത്, ഉത്തരം കിട്ടാത്തത് ആ താരതമ്യമാണ്. ബിന്ദ്രന്‍ വാലയെപോലെ ഒരു മുസ്‌ലിം തീവ്രവാദിയുടെ ഫോട്ടോ മുസ്‌ലിം കേന്ദ്രത്തില്‍ അനാച്ഛാദം ചെയ്താല്‍ ‘ഖത്സ ഫത്‌ഹ്നാമ’ പോലൊരു പ്രസിദ്ധീകരണം മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിച്ചാല്‍......?! ഇത്തരം താരതമ്യങ്ങള്‍ക്ക് ഒരു യുക്തിയുമില്ല. കാരണം മുന്‍‌വിധികള്‍ നിലനില്‍കേ യുക്തികള്‍ക്ക് സ്ഥാനമില്ലല്ലോ!

--
കടപ്പാട്:
മുജീബുര്‍‌റഹ്മാന്‍ കിനാലൂര്‍ (kinalur@gmail.com)
‘വര്‍ത്തമാനം’ ദിനപത്രം
2008 ജനുവരി 11
Share:

Friday, January 4, 2008

ബേനസീറും ചേകന്നൂര്‍ മൌലവിയും!


വായനക്കാരുടെ ശ്രദ്ധ തട്ടിയെടുക്കാന്‍ കണ്ടുപിടിച്ചതല്ല മേല്‍ ശീര്‍ഷകം. കിഴക്കിന്റെ പുത്രിയും പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രിയുമ്മായിരുന്ന ബേനസീര്‍ ഭൂട്ടോ വധിക്കപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച ചര്‍ച്ച ചിലരെ കൊണ്ടെത്തിച്ചത് ചേകന്നൂര്‍ മൌലവിയുടെ ശവക്കുഴിയുടെ വക്കത്താണ്. കാലത്തെഴുന്നേറ്റാല്‍ പിറന്നുവീണ മതവിശ്വാസപരിസരത്തെ മലിനമാക്കാന്‍ വഴിയന്വേഷിച്ചുനടക്കുന്ന ചില സൃകാലബുദ്ധിജീവികളുണ്ടല്ലോ നമ്മുടെ ചുറ്റും. സമുദായത്തെയും അവരുടെ വിശ്വാസാചാരങ്ങളെയും പ്രഹരിക്കാന്‍ വടി തേടിത്തേടി അവസാനം സ്വയം ‘വടി’യാവുകയും വടികൊടുത്ത് അടിവാങ്ങുകയും ചെയ്യുന്ന ഇത്തരക്കാര്‍ തുറന്നു കാട്ടപ്പെടേണ്ടത് വര്‍ത്തമാന പരിസ്ഥിതിയില്‍ മതപരമായ ഒരു ആവശ്യമായിത്തീര്‍ന്നിരിക്കുന്നു.

ബേനസീറിന്റെ ദുരന്തപൂര്‍ണമഅയ അന്ത്യത്തില്‍ അകം നൊന്തു ദുഃഖിക്കാത്തവര്‍ കിഴക്കോ പടിഞ്ഞാറോ അവരെ അറിയുന്നവരില്‍ അപൂര്‍വമായിപോലും ഉണ്ടാവാനിടയില്ല. ആ അന്ത്യം അത്യന്തം നിര്‍ഭാഗ്യകരമായിരുന്നു; അങ്ങേയറ്റം അപലപനീയവും അതുകൊണ്ടുതന്നെ ക്രൂരവും. താലിബാനും അല്‍ഖ്വാഇദയും അടക്കം സകലരും അതിനെ തള്ളിപ്പറഞ്ഞു. സ്ത്രീകളെ കൊല്ലുക തങ്ങളുടെ സംസ്കാരമല്ലെന്നായിരുന്നു പാക് അതിര്‍ത്തിദേശങ്ങളിലെ ഗോത്രമേധാവിയുടെ പ്രതികരണം. ആ ഗോത്രങ്ങളില്‍ ഇസ്‌ലാമികസംസ്കാരത്തിന്റെ തിരുശേഷിപ്പുകള്‍ ഇപ്പോഴും സുദൃഢമായി നിലകൊള്ളുന്നു എന്നതിന്റെ സജീവമായ തെളിവാണിത്. സ്ത്രീത്വത്തെ ഇസ്‌ലാം പരമാവധി മാനിക്കുന്നു. അതുകൊണ്ടാണ് അഫ്ഗാന്‍ മലയിടുക്കില്‍, കുടുംബത്തില്‍ നിന്നകന്ന് കഴിഞ്ഞുകൂടിയിരുന്നവരുടെ കൈകളില്‍ ‘യുവോണ്‍ റിഡ്‌ലി’ എന്ന വെള്ളക്കാരി യുവതി അകപ്പെട്ടു മാസങ്ങളോളം അവരോടൊപ്പം കഴിയേണ്ടിവന്നിട്ടും സ്റ്റ്രീത്വം ഒട്ടും അപമാനിക്കപ്പെടാതെ അവര്‍ക്ക് തീര്‍ത്തും സുരക്ഷിതയായി ലണ്ടനിലേക്ക് തിരിച്ചു പറക്കാനായത്. റിഡ്‌ലി ഇസ്‌ലാം ആശ്ലേഷിച്ച് ഇന്നതിന്റെ ശക്തയായ വക്താവുകൂടിയാണ്. അതിനാല്‍ത്തന്നെ ഇന്ത്യയിലേക്കുള്ള സന്ദര്‍ശകവിസ ഈയിടെ അവര്‍ക്ക് നിഷേധിക്കപ്പെട്ടു. ‘തസ്ലീമാ നസ്‌റീന്‍’ എന്ന ബംഗ്ലാദേശ് വനിതയ്ക്ക് ഇന്ത്യയില്‍ സ്ഥിരം പൌരത്വം നല്‍കണമെന്നു വാദിക്കുന്നവര്‍ റിഡ്‌ലിക്ക് 72 മണിക്കൂര്‍ നേരത്തെ ട്രാന്‍സിറ്റ് വിസ നല്‍കാത്ത ധിക്കാരത്തെക്കുറിച്ച് ‘കമാ’ എന്നുരിയാടാത്തത് ശ്രദ്ധേയം.

ഇവിടെ കാളപെറ്റു എന്നു കേള്‍ക്കേണ്ട താമസം ചിലര്‍ കയറെടുക്കുന്നു. കാരണം, പെറ്റതു വെറും കാളയല്ല. മമ്പുറത്തേക്കു നേര്‍ച്ചയാക്കിയ, ഇരു കൊമ്പുകളിലും പച്ചച്ചായം തേച്ച കാളയാണിവിടെ പെറ്റിരിക്കുന്നത്. പാഞ്ഞുകയറാനും കയറിനില്‍ക്കുന്ന നില്‍പ്പില്‍ അഭ്യാസം കാണിക്കാനും ഇസ്‌ലാമിനേക്കാള്‍ അനുയോജ്യമായ മരക്കൊമ്പ് വേറെ ഏതുണ്ട്. തീവ്രവാദവും ഭീകരവാദവും ആരോപിച്ച് അനാവശ്യമായി യഥാര്‍ഥ ഇസ്‌ലാം ‘കുതിരകയറപ്പേടുമ്പോള്‍’ മറുത്തെങ്കിലും പറയാനോ തെറ്റു ചൂണ്ടിക്കാണീക്കാനോ പറ്റാത്ത അവസ്ഥകാരണം അങ്ങിനെ ചെയ്യുന്നവര്‍ ഉടന്‍ മതതീവ്രവാദിയും മതഭീകരവാദിയും ആയി മുദ്രകുത്തപ്പെടുകയും പേപ്പട്ടിയായി എറിഞ്ഞോടിക്കപ്പെടുകയും ചെയ്യുന്നു.

ഇന്നലെവരെ ഇവര്‍ തസ്‌ലീമാ നസ്‌റീന്‍ എന്ന എല്ലിന്‍ കഷ്ണം ഇരു കരങ്ങളിലും ഒതുക്കിപ്പിടിച്ച് അതിന്മേല്‍ കെട്ടിമറിയുകയായിരുന്നു.തസ്‌ലീമ എന്ന ബംഗ്ലാദേശുകാരിക്ക് പൌരത്വം കൊടുക്കാന്‍ മടിക്കുന്നത് ഇന്ത്യന്‍ മതമൌലികവാദികളെ ഭയന്നാണെന്ന് പറഞ്ഞ് ഇടയ്ക്കിടെ ഇന്ത്യന്‍ മുസ്‌ലിംകളുടെ ഊരയ്ക്ക് രണ്ടു ചവിട്ടുകയാണ് ഇവരുടെ പതിവ്. ഇന്ത്യയിലെ മാഹിയിലും കൊണ്ടോട്ടിയിലും പെറ്റുവളര്‍ന്നു മലയാളത്തില്‍ നിലവിളിക്കുകയും മലയാളത്തില്‍ മത്തിയും മരച്ചീനിയും തിന്നുവളരുകയും ചെയ്ത്, അന്ന് ഇന്ത്യയുടെ തന്നെ ഭാഗമായിരുന്ന കറാച്ചി ഹോട്ടലുകളില്‍ മലയാളത്തില്‍ മൂളിപ്പാട്ട് പാടിക്കോണ്ട് പാത്രംകഴുകി ഉപജീവനം നടത്തിയിരുന്ന ഈ ഹതഭാഗ്യര്‍ വിഭജനം ഉണ്ടാക്കിയ കിടങ്ങിന്റെ ഫലമായി അപ്പുറത്ത് അകപ്പെട്ടു.ഇവര്‍ വയസ്സായി മരിക്കാന്‍ നേരത്ത് തങ്ങളുടെ ബാപ്പ ഉപ്പാപ്പമാരുടെ കൂടെ പള്ളിക്ക്ക്കാടുകളില്‍ തലചായ്ക്കാന്‍ വരുമ്പോള്‍ അവരെ അധികൃതര്‍ നിര്‍ദയം രാജസ്ഥാന്‍ മരുഭൂമിയില്‍ കൊണ്ടുപോയി തള്ളുന്നു. ഈ ക്രൂരതയെ ചോദ്യം ചെയ്യാന്‍ ചെറുവിരലനക്കാത്തവരാണു തസ്‌ലീമയ്ക്ക് ഫൈവ്സ്റ്റാര്‍ ഹോട്ടല്‍മുറികളില്‍ വിരിപ്പ് വിരിക്കുന്നതും ബാത്ത് ടബ്ബില്‍ ഇളം ചൂടുവെള്ളം ഒരുക്കുന്നതും. പോരാഞ്ഞ് അവര്‍ക്ക് ഇന്ത്യന്‍ പൌരത്വം ആവശ്യപ്പെട്ടു കൊമ്പുകുലുക്കിയും മൂക്കുവിയര്‍പ്പിച്ചും നിരന്തരം ബഹളം വെക്കുകയും ചെയ്യുന്നത്. ബേനസീര്‍ സംഭവത്തോടെ ഇക്കൂട്ടര്‍ തസ്‌ലീമയെ ഇറക്കിവെച്ച് ബേനസീറിന്റെ മൃതദേഹം എടുത്ത് മടിയില്‍ വെച്ചിരിക്കുകയാണ്. തീവ്രവാദവും ഭീകരതയുമാണ് ബേനസീറിന്റെ അറുകൊലയ്ക്ക് പരിസരമൊരുക്കിയത് എന്നു പറഞ്ഞാല്‍ അത് എളുപ്പത്തില്‍ മനസ്സിലാക്കാനാവും. എന്നാല്‍, ചേകന്നൂര്‍ മൌലവിയെ കൊന്ന മതപരമായ അസഹഷ്ണുതയാണ് ബേനസീറിന്റെ അന്ത്യത്തിലവസാനിച്ചത് എന്നു പറഞ്ഞാലോ? മതപരമായ അഭിപ്രായവ്യത്യാസങ്ങളാണ് മൌലവി ചേകന്നൂരിന്റെ തട്ടിക്കൊണ്ടു പോകലിനു പിന്നില്‍ എന്നാണല്ലോ കിട്ടിയേടത്തോളം വിവരം. ഇത്തരത്തിലുള്ള മതപരമായ എന്തു കാരണത്താലാണ് ബേനസീര്‍ വധിക്കപ്പെട്ടത്? അസംബന്ധം പറയാം. പക്ഷേ, അസംബന്ധം അതിരു വിടുമ്പോഴും അതിന്റെ പേര് അസംബന്ധം എന്നുതന്നെയായിരിക്കുമോ?

കുടയില്‍ നിന്നും പുറത്തേക്ക് തലയിട്ടുനോക്കാന്‍ അനുവദിക്കാത്ത ഇസ്‌ലാം, ഒരു വനിത പൊതുജീവിതത്തിന്റെ ഉയരങ്ങള്‍ കീഴടക്കുന്നതിലുള്ള മതപരമായ അസഹിഷ്ണുതയാണ് ബേനസീറിന്റെ വധത്തില്‍ കലാശിച്ചത് എന്നു പറയുമ്പോള്‍ പ്രതിക്കൂട്ടില്‍ ഭീകരതയും തീവ്രതയുമല്ല, സാക്ഷാല്‍ ഇസ്‌ലാം തന്നെയാണ്. സുന്നിയും മുജാഹിദും ജമാ‍‌അത്തും തബ്‌ലീഗും മുഹമ്മദും മുഹ്‌യുദ്ദീനുമെല്ലാം അംഗീകരിക്കുന്ന ഇസ്‌ലാം. ഇപ്രകാരം ഇസ്‌ലാമിനെ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തുമ്പോള്‍ ബന്ധപ്പെട്ടവര്‍ക്ക് പരിസരബോധം പോലും നഷ്ടപ്പെടുന്നു. പത്തുപതിനേഴുവര്‍ഷം ഇസ്‌ലാമിക പണ്ഡിതരുടെ മുഖത്തുനിന്നു തന്നെ ഇസ്‌ലാമികാധ്യാപനം നടത്തുകയും ചെയ്ത ഞങ്ങളെ പോലുള്ളവര്‍ വളരെ വളരെ കരുതലോടെയാണ് ഇസ്‌ലാമിനെ കുറിച്ച് വല്ലതും പറയുന്നത്. എന്നാല്‍ ഇവിടെ ചിലര്‍ക്ക് ഇസ്‌ലാമിനെ കുറിച്ച് ആധികാരികമായി പറയാന്‍ വള്ളത്തോളിന്റെയും വൈലോപ്പിള്ളിയുടെയും ഏതാനും വരി കവിതയും അറബിയോ മലയാളമോ അല്ലാത്ത മോയിന്‍‌കുട്ടിവൈദ്യരുടെ അറബിമലയാളത്തിലുള്ള ചില മാപ്പിളപ്പാട്ടുകളും അറിഞ്ഞാല്‍ മതി. ഇതു സഹിക്കാം. എന്നാല്‍, ദൈനദിന രാഷ്ട്രീയകാര്യങ്ങളെക്കുറിച്ച ബാലപാഠമെങ്കിലുമുള്ളവര്‍ വിവരക്കേടുകള്‍ മാത്രം വിളമ്പാന്‍ മുതിര്‍ന്നാലോ? ബേനസീര്‍ എന്ന മുസ്‌ലിം വനിത പൊതുജീവിതത്തില്‍ പ്രവേശിച്ച് ഇസ്‌ലാമിക പരിസരത്തെ അശുദ്ധമാക്കുന്നതില്‍ മുല്ലമാര്‍ക്കുള്ള അസഹിഷ്ണുതയാണ് അവരുടെ നിഷ്കാസനത്തില്‍ അവസാനിച്ചതെങ്കില്‍ ഇതേ ബേനസീര്‍ രണ്ടുതവണ പാക്കിസ്താനില്‍ അധികാരത്തിലേറിയപ്പോഴൊന്നും അവര്‍ക്കുനേരെ ഏതെങ്കിലും മുല്ലയോ മൌലവിയോ തോക്കിന്റെ കാഞ്ചി വലിക്കുകയുണ്ടായോ?

ജനറല്‍ അയ്യൂബ്ഖാന്‍ എന്ന പട്ടാളമേധാവിക്കെതിരെ പാകിസ്താനിലെ ജനാധിപത്യസംഘടനകള്‍ ഒന്നടങ്കം നിര്‍ത്തി മത്സരിപ്പിച്ചത്, കണ്ടാല്‍ വെടിവെച്ചുകൊല്ലണമെന്ന് മുല്ലാമാര്‍ പറയുന്ന ഒരു സ്ത്രീയെയായിരുന്നു. അന്നതിനു മുന്നിട്ടിറങ്ങിയവരില്‍ മതമൌലികവാദത്തിന്റെ മസ്തിഷ്കമായി വിരല്‍ചൂണ്ടപ്പെടുന്ന മൌലാ‍നാ മൌദൂദിയും മൌലാനാ ഫസലുറ്ഹ്മാനും മറ്റുപലരും ഉള്‍പ്പെടും. അന്ന് ആ തിരഞ്ഞെടുപ്പില്‍ ഫാത്വിമാ ജിന്ന വിജയിച്ചിരുന്നുവെങ്കില്‍ ഉപഭൂഖണ്ഡത്തിലെ ഒന്നാമത്തെ വനിതാ ഭരണാധികാരി ഫാത്വിമാ ജിന്നയാകുമായിരുന്നു. ഇരിക്കട്ടെ; ഇസ്‌ലാം സ്ത്രീയെ മറക്കുടയില്‍ നിന്നു പുറത്തുകടക്കാന്‍ അനുവദിക്കുന്നില്ലെന്നാണല്ലോ വാദം. എങ്കില്‍ സ്ത്രീകള്‍ക്ക് ശരീരത്തില്‍ യാതൊരു മറയും ആവശ്യമില്ലെന്ന് വാദിക്കുന്നവരുടെ നാട്ടില്‍ നാളിതുവരെ എത്ര വനിതാ ഭരണാധികാരികളുണ്ടായി? അമേരിക്കയാണല്ലോ മനുഷ്യസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തീന്റെയും പ്രതിമയ്ക്ക് കാവല്‍ നില്‍ക്കുന്നത്. ഇതിനകം എത്ര വനിതാ പ്രസിഡന്റുമാര്‍ അമേരിക്ക ഭരിച്ചു? ജനാധിപത്യത്തിന്റെ പ്രസവം നടന്ന ബ്രിട്ടണിലെ തൊഴുത്തില്‍ ഇതിനകം മിസിസ് താച്ചര്‍ എന്നൊരു പെണ്ണല്ലാതെ സുദീര്‍ഘമായ കാലഘട്ടത്തില്‍ രണ്ടാമതൊരാളെ ചൂണ്ടിക്കാണിക്കാനാവുമോ? പ്പാആക്കീശ്ത്താആണീള്‍ രണ്ടുതവണ അതുണ്ടായി. യൂറോപിലെ മുസ്‌ലിം രാഷ്ട്രമായ തുര്‍ക്കിയിലും അതുസംഭവിച്ചു. ബംഗ്ലാദേശിന്റെ ഹ്രസ്വകാലചരിത്രത്തില്‍ വനിതകള്‍ മാറിമാറി ഭരണാധികാരം കൈകാര്യം ചെയ്യുന്നു. ഒന്നുകില്‍ ഖാലിദാസിയ അല്ലെങ്കില്‍ ഹസീനാ വാജിദ്. മാറ്റമില്ലാത്ത മാറ്റം. ബാലരമ വായനക്കാരായ കൊച്ചുകുട്ടികള്‍ക്കറിയാവുന്ന ഈ വക വിവരങ്ങള്‍ പോലുമില്ലാതെ, ഇസ്‌ലാം കുടയില്‍ നിന്നു പുറത്തുനോക്കാന്‍ സ്ത്രീയെ അനുവദിക്കുന്നില്ലെന്നും അതാണു ബേനസീറിന്റെ കാര്യത്തില്‍ ദുരന്തമായി കലാശിച്ചതെന്നും ചാനലുകളുടെ മുന്നില്‍ വന്നുനിന്ന് വിവരക്കേട് വിളമ്പാന്‍ ചില്ലറ തൊലിസൌഭാഗ്യമൊന്നും പോരാ.


കടപ്പാട്:
തേജസ് ദിനപത്രം
ജനുവരി മൂന്ന് 2008
Share:

Latest News

Categories

2014 AbduRabbu Amen Android Article Aruvikkara Beach Book Review Cyclone Gonu Demonetisation Demonetization Education Eid Eid Mubarak facebook fb notification gaza Gonu Google Harshal Hollyday Hussain Madavoor IUML KairaliTV Kanthapuram kavitha Kerala Kerala Police KK KSRTC LDF Madhyamam makkalam malayalam Malayali Peringode Mangalam TV mazha mazhathulli MediaOne Meelad Milad Minister MM Akbar Mobile Modi Muharram Mujahid Mujeeb Edavanna Muslim League N D F OsamaBinLadin Outing Peace School Pinarayi Vijayan poem Political Politics QLS rain Ramadan Saudi SDPI sea Shabab Shukkoor Swalahi Sister Jesmi SNC Lavalin Tips & Tricks UAE varthamanam VT Balram അനാചാരം അനുഭവം അബ്ദുല്‍ഹമീദ് അഭിമുഖം അയുക്തീ അരുവിക്കര അവധി ആമേന്‍ ആശംസകള്‍ ഇസ്രാഈല്‍ ഇസ്‌റാഈല്‍ ഈദ് മുബാറക് ഉസാമ എൻ ഡി എഫ് എൽഡി‌എഫ് എസ് ഡി പി ഐ ഏകാന്തത ഐനു നുഹ ഒസാമ ബിൻ ലാദിൻ ഓര്‍മ ഓര്‍മക്കുറിപ്പ് കമല സുരയ്യ കവിത കള്ള ആത്മീയത കാത്തിരിപ്പ് കാന്തപുരം കാരക്കുന്ന് കാര്‍ട്ടൂണ്‍ കിനാലൂര്‍ കെ കെ മുഹമ്മദ് സുല്ലമി കേരള പോലീസ് കൈരളി ഖുര്‍‌ആന്‍ ലേണിംഗ് സ്കൂ‍ള്‍ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ ഗസ്സ ഗാസ ചതി ചന്ദ്രിക ചാവേര്‍ ചെറിയമുണ്ടം ജമാ‌അത്തെ ഇസ്‌ലാമി ജയ് ഹിന്ദ് ടിവി ടിവി ഡാര്‍വിനിസം തീവ്രവാദം തൃപ്പനച്ചി ദാറുല്‍ഇസ്‌ലാം ദാറുല്‍കുഫ്രര്‍ ദാറുല്‍ഹര്‍ബ്‌ ദുബൈ ദൈവം നരഹത്യ നാ‍ട്ടിലേക്ക് നുണയും തിന്മയും നോട്ട് അസാധു നോട്ട് നിരോധനം പഠനം പലവക പാഠപുസ്തകം പിണറായി വിജയൻ പുതുമഴ പുസ്തകം പോലീസ് പൌരോഹിത്യം പ്രതികരണം ഫലസ്തീന്‍ ഫലസ്ത്വീന്‍ ഫലസ്ഥീന്‍ ഫെയ്സ്ബുക്ക് ബഷീർ ബിജെപി ബിദ്‌അത്ത് ബേനസീര്‍ ഭീകരാക്രമണം മംഗളം മതം മത്സ്യം മദനി മലയാളി മസ്ജിദ് മഴ മാധവിക്കുട്ടി മാധ്യമം മാംസം മീഡിയ വൺ മീലാദ് മുജീബ് എടവണ്ണ മുട്ട മുംബൈ മുസ്‌ലിം ലീഗ് മോദി യാത്ര യുക്തിവാദം രമേശ് ചെന്നിത്തല രാഷ്ട്രീയം ലാവ്‌ലിൻ കേസ് ലേഖനം ലോക വൃദ്ധ ദിനം വഖഫ് ബോര്‍ഡ് വർഗീയത വര്‍ത്തമാനം വർത്തമാനം വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ് വഹീദുദ്ദീന്‍ ഖാന്‍ വായന വാര്‍ത്ത വിമർശം വിസ്ഡം വ്യക്തി ശബാബ് വാരിക ശശീന്ദ്രൻ ശിഹാബ് തങ്ങള്‍ ശുക്കൂർ സ്വലാഹി സാമൂഹികം സി‌എം മഖാം സി‌എം മടവൂർ സി‌എം സെന്റർ സിപി‌ഐ‌എം സിസ്റ്റര്‍ ജെസ്‌മി സൗദി സ്വാതന്ത്ര്യദിനാശംസ ഹുസൈന്‍ മടവൂര്‍ ഹൂറി റമദാന്‍

Ordered List

Definition List