മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Thursday, January 31, 2008

കാശ്മീരികളും സിക്കുകാരും ചേരാന്‍ മടിക്കുന്ന താരതമ്യങ്ങള്‍

കാശ്മീരികളും സിക്കുകാരും:
ചേരാന്‍ മടിക്കുന്ന താരതമ്യങ്ങള്‍

കാശ്മീരി മുസ്‌ലിം സ്വാഭാവികമായും തീവ്രവാദിയായിരിക്കുമെന്ന സമവാക്യം അതിര്‍ത്തിസേനയുടെ മാത്രമല്ല, ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗങ്ങളുടെയും പൌരസമൂഹത്തിന്റെയും പൊതുബോധത്തില്‍ ഉറച്ചുകഴിഞ്ഞിട്ടുണ്ട്. അതിന് അപവാദമല്ല കേരളവുമെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് പന്ത്രണ്ടു വര്‍ഷത്തോളമായി കച്ചവടം നടത്തി സമാധാന ജീവിതം നയിക്കുന്ന അല്‍താഫ് അഹ്‌മദ് ഖാന്‍ എന്ന കശ്മീരിയെ അറസ്റ്റുചെയ്ത കേരള പോലീസിന്റെ നടപടി. ഇതു സംബന്ധമായി ആഭ്യന്തരമന്ത്രി പത്രസമ്മേളനം നടത്തുകയും തുടര്‍ന്ന് കശ്മീരി തീവ്രവാദികള്‍ ഒളിയിടം തേടി കേരളത്തിലേക്ക് വ്യാപകമായി നുഴഞ്ഞു കറിക്കൊണ്ടിരിക്കുന്നുവെന്ന് ധ്വനിപ്പിക്കുന്ന വിധം മാധ്യമങ്ങള്‍ തുടരന്‍ ‘വാര്‍ത്തകള്‍’ എഴുതിപ്പിടിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കേരളം മതതീവ്രവാദികളുടെ കേന്ദ്രമായിട്ടുണ്ടെന്ന് അലമുറയിട്ടു കൊണ്ടിരിക്കുന്ന സംഘപരിവാരമാകട്ടെ, കുമളി അറസ്റ്റ്വെച്ച് നന്നായി മുതലെടുക്കാന്‍ ശ്രമമാരംഭിച്ചുകഴിഞ്ഞു.

ഒരു കശ്മീരിക്ക് ഇന്ത്യയിലെന്നല്ല ലോകത്തെവിടെച്ചെന്നാലും ചാരക്കണ്ണുകള്‍ പിന്തുടരുന്ന അവസ്ഥയാണിന്നുള്ളത്. കശ്മീരില്‍ വെടിയൊച്ച നിലച്ച നിമിഷങ്ങളില്ലാതായിട്ട് പതിറ്റാണ്ടുകള്‍ പലത് കഴിഞ്ഞല്ലോ. പട്ടാളവും കശ്മീര്‍ തീവ്രവാദികളും തമ്മിലുള്ള സംഘട്ടനങ്ങളുടെ നടുക്കത്തിലേക്കും കര്‍ഫ്യൂവിലേക്കും പിറന്നുവീണ ഒരു തലമുറയാണവിടെ ജീവിക്കുന്നത്. തൊഴിലെടുത്ത് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന പാവപ്പെട്ട കശ്മീരികള്‍ ഒരേസമയം തീവ്രവാദികളെയും പട്ടാളത്തെയും ഭയന്നുവിറച്ചാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. പറക്കമുറ്റാറായ സ്വന്തം കുട്ടികളെ തങ്ങള്‍ക്ക് വിട്ടുതന്നില്ലെങ്കില്‍ കൊന്നുകളയുമെന്ന് തീവ്രവാദി സംഘടനകളുടെ ഭീഷണി. തീവ്രവാദി ചെറുപ്പക്കാരെ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കുടിലുകള്‍ തോറും റോന്തുചുറ്റി അരിച്ചുപെറുക്കുന്ന സൈന്യത്ത്യന്റെ നിരന്തര പീഡനം. അതിനിടെ, കരള്‍ പറിച്ചെടുത്ത് കയ്യില്‍ പിടിച്ച് ജീവിക്കേണ്ടി വരുന്ന ജന്മങ്ങള്‍. ഇതാണ് കാശ്മീരികളുടെ ദുരന്തം. ഈ നരകത്തില്‍ നിന്ന് ഒട്ടാശ്വാസം തേടിയാണ് കയ്യില്‍കിട്ടിയത് പെറുക്കിക്കെട്ടി, കുട്ടികളേയും കുടുംബത്തെയും കൂട്ടി കശ്മീരികള്‍ പലനാടുകളിലേക്ക് പലായനം ചെയ്യുന്നത്. പക്ഷെ, എവിടെയും അവരെ വിശ്വാസത്തിലെടുക്കാന്‍ ആര്‍ക്കുമാവുന്നില്ല. കശ്മീരിക്ക് ഭീകരബന്ധമില്ലെന്ന് എങ്ങനെ ഉറപ്പിച്ചു പറയാനാകും?!

അല്‍താഫ് അഹ്‌മദ് നേരത്തെ ഹിസ്ബുല്‍ മുജാഹിദീന്‍ എന്ന തീവ്രവാദ സംഘടനയുടെ കെണിയിലകപ്പെട്ടു പോയ ഒരു യുവാവാണ്. 1996 ലാണ് നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കശ്മീര്‍ പോലീസ് അറസ്റ്റു ചെയ്തത്. 1998 ല്‍ കോടതി കുറ്റവിമുക്തമാക്കുകയുണ്ടായി. തുടര്‍ന്നാണ് തീവ്രവാദ സംഘത്തില്‍ നിന്നും രക്ഷതേടി, സമാധാന ജീവിതം നയിക്കാന്‍ അല്‍താഫ് കേരളത്തിലേക്ക് പുറപ്പെടുന്നത്. തീവ്രവാദ സംഘടനയില്‍ കുടുങ്ങിയാല്‍ പിന്നെ രക്ഷയില്ല. അതില്‍ നിന്ന് പുറത്ത് പോകുന്നയാളെ കാത്തിരിക്കുന്നത് മിക്കപ്പോഴും തീവ്രവാദികളുടെ തോക്കിന്‍കുഴലായിരിക്കും; പോലീസിന്റെ തുടരന്വേഷണങ്ങളും. അതുകൊണ്ടാണ് സമാധാന വായുതേടി നാടുവിട്ടോടാന്‍ കാശ്മിര്‍ ചെറുപ്പക്കാര്‍ നിര്‍ബന്ധിതമാകുന്നത്. സമാധാനം നിറഞ്ഞൊഴുകുന്ന കേരളത്തിലെ കുമളിയിലെത്തി പന്ത്രണ്ടു വര്‍ഷത്തോളമായി, കേരളത്തെ സ്വന്തം നാടക്കിയ ഈ കശ്മീരി അതിനിടെ ഒരിക്കല്‍ മാത്രമേ പൂക്കളുടെയും പൂന്തോട്ടങ്ങളുടെയും നാടായ സ്വന്തം കശ്മീരില്‍ പോയി വന്നുള്ളൂ. വൃദ്ധരായ മാതാപിതാക്കളെ കാണാന്‍. അല്‍താഫിന്റെ മത്രമല്ല, കുമളിയിലെ 120 ഓളം വരുന്ന കശ്മീരികളുടെ കഥയും ഇതുപോലുള്ള പാലായനങ്ങളുടെ വേവു നിറഞ്ഞതാണ്. സ്വസ്ഥമായി കഴിഞ്ഞുവരികയായിരുന്ന അവരെല്ലാം ഇപ്പോള്‍ ഭയപ്പാടിലാണ്. കാശ്മീരിലെ പഴയ സുഹൃത്തുക്കളോ ബന്ധുക്കളോ തങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് വിളിക്കരുതേ, ഒരു കത്തയക്കരുതേ എന്നു പ്രാര്‍ഥിച്ചു കഴിയുകയാണവര്‍. ഒരു കശ്മീരിയുടെ സ്വകാര്യ സംഭാഷണം പോലും പിടിച്ചെടുക്കാന്‍ ചാരസംവിധാനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന അറിവ് അവരെ അസ്വസ്ഥരാക്കിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

അല്‍താഫിന്റെ അറസ്റ്റിനു പിന്നിലെ പ്രേരകങ്ങള്‍ എന്താണെന്ന് അറിവായിട്ടില്ല. കശ്മിരികളുടെ കരകൌശല ബിസിനസ്സ് തകര്‍ക്കാനുള്ള ഗൂഢശ്രമമോ, കേരളത്തില്‍ തീവ്രവാദികള്‍ പിടിമുറുക്കുന്നുവെന്ന് സ്ഥാപിക്കാനുള്ള സംഘപരിവാര ശക്തികളുടെ കൊണ്ടുപിടിച്ച പദ്ധതിയോ, മറ്റു വല്ലതുമോ എന്നൊന്നുമിപ്പോള്‍ പറയാറായിട്ടില്ല. വ്യാജരേഖചമച്ചതിന്റെ പേരിലാണ് പോലീസ് അയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ വ്യാജപേരില്‍ മൊബൈല്‍ കണക്ഷന്‍ നല്‍കി അല്‍താഫിനെ കുടുക്കിയത് കുമളിയിലെ ഒരു സിംകാര്‍ഡ് കച്ചവടക്കാരനാണെന്ന് വ്യക്തമായിട്ടുണ്ട്. നിലവില്‍ അല്‍താഫിന് തീവ്രവാദി ബന്ധമുണ്ടെന്നതിന് യാതൊരു തെളിവുമില്ലെന്നും കാശ്മീരില്‍ ഇപ്പോള്‍ ഇയാള്‍ക്കെതിരെ കേസൊന്നും നിലവിലില്ലെന്നും പിടികിട്ടാപുള്ളിയല്ലെന്നും മിലിട്ടറി ഇന്റലിജന്‍സും ‘റോ’യുമടക്കമുള്ള രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അല്‍താഫ് സംഭവത്തില്‍ വിചിത്രമായ ഒരു ആകസ്മികതകൂടി ഒളിഞ്ഞുകിടപ്പുണ്ട്. ഡോ. ബിജുകുമാര്‍ സംവിധാനം ചെയ്ത ‘സൈറ’ എന്ന സിനിമയുമായി സംഭവത്തിനുള്ള അത്യപൂര്‍വ സാദൃശ്യമാണത്. സ്വൈര ജീവിതം തേടി കേരളത്തിലെത്തുന്ന കശ്മിരികളുടെ കഥപറയുന്ന മലയാള സിനിമയാണ് ‘സൈറ’. കശ്മീരികളെ പോലീസ് സംശയത്തിന്റെ പേരില്‍ പിടികൂടി ദ്രോഹിക്കുന്നതാണ് കഥയുടെ കേന്ദ്രപ്രമേയം. സൈറയിലെ തീവ്രവാദി കഥാപാത്രത്തിന്റെ പേരും അല്‍താഫ് തന്നെ! മാത്രമല്ല, രൂപവും ഭാവവും ഒരേപോലെ ദൃഢഗാത്രനായ, താടിവെച്ചചെറുപ്പക്കാരന്‍ കാഴ്ചക്കും അല്‍താഫ് തന്നെ! സംവിധായകന് അല്‍താഫിനെ അറിയില്ലത്രെ. അല്ലെങ്കിലും ഏതൊരു കശ്മീരി മുസ്‌‌ലിമിനും അല്‍താഫിന്റെ ഛായ തന്നെയാണല്ലോ!
മുസ്‌ലിം ഭീകരനായി ചിത്രീകരിക്കപ്പെടാന്‍ കശ്മീരിപോലുമാകേണ്ടതില്ലെന്നാണല്ലോ സമീപകാല സംഭവങ്ങള്‍ നല്‍കുന്ന പാഠം. ഇതിനിടെ വിവാദം സൃഷ്ടിച്ച, ആസ്ത്രേലിയയില്‍ തീവ്രവാദമാരോപിച്ച് പിടിയിലായി പിന്നീട് നിരപരാധിയെന്ന് തെളിഞ്ഞ് മോചിപ്പിക്കപ്പെട്ട ബാംഗ്ലൂര്‍ സ്വദേശിയായ യുവഡോക്ടറും മധുമിത കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ആലുവ സ്വദേശികളായ ഐ. ടി. എഞ്ചിനീയര്‍മാരായ മുസ്‌ലിം യുവാക്കളുമൊക്കെ താടിയും മുസ്‌ലിം പേരുമുണ്ടെങ്കില്‍, തീവ്രവാദിയാണെന്ന് മുദ്രകുത്താന്‍ പിന്നെ കൂടുതല്‍ അന്വേഷണമാവശ്യമില്ലെന്ന മുന്‍‌വിധിയുടെ ഇരകളായിരുന്നുവല്ലോ. മുന്‍‌വിധിയുടെ ബലത്തില്‍ സംശയിച്ച്, ചോദ്യം ചെയ്യാനായി അറസ്റ്റ് ചെയ്യുന്ന ഇത്തരം ചെറുപ്പക്കാരെ ‘കുറ്റവാളി’കളാക്കി അവതരിപ്പിക്കുന്ന അധികാരികളും മാധ്യമങ്ങളും സാക്ഷാല്‍ തീവ്രവാദത്തിന് വിത്തും വളവും ഇടുകയാണ് ചെയ്യുന്നതെന്ന് അവരറിയുന്നുണ്ടോ?

****

വേഷഭൂഷാദികളും മതചിഹ്നങ്ങളുമാചരിക്കുന്നതില്‍ മുസ്‌ലിംകളേക്കാള്‍ നിഷ്ഠപുലര്‍ത്തുന്നവരാണ് സിക്കുകാര്‍. നീണ്ട താടിയും തലപ്പാവും പ്രത്യേകരീതിയിലുള്ള വസ്ത്രധാരണവും മാത്രമല്ല, അംഗവാളും അവരുടെ മതപരമായ വേഷത്തിന്റെ ഭാഗമാണ്. സാധാരണ സിക്കുകാര്‍ ആയുധമണിയുന്നില്ലെങ്കിലും പുരോഹിതന്മാരുടെ ദേഹത്ത് തൂങ്ങിയ നീണ്ട തോലുറയില്‍ സാക്ഷാല്‍ വാള്‍തന്നെ ഉണ്ടായിരിക്കും. സിക്കുകാര്‍ക്ക് സ്വന്തം രാഷ്ട്രം വേണമെന്ന് വാദിക്കുന്ന, ഖലിസ്ഥാന്‍ വദികളാണ് 1984ല്‍ പ്രധാനമന്ത്രിയയിരുന്ന ഇന്ദിരാഗാന്ധിയെ വധിച്ചത്. പിന്നീട് സിക്കുവിരുദ്ധ കലാപങ്ങളുണ്ടാക്കുകയും സിക്ക് തീവ്രവാദത്തെ അമര്‍ച്ചചെയ്യുകയുമൊക്കെ ചെയ്തത് ചരിത്രം. എന്നാല്‍, സിക്കുകാരുടെ മതപരമായ, ആചാരപരമായ നിഷ്ഠയില്‍ ഇന്നും മാറ്റമില്ലെന്നല്ല, തീവ്രത കൂടുകയുമാണ്. കമ്യൂണിസ്റ്റു നേതാവായ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനു പോലും തങ്ങളുടെ മതചിഹ്നം അഴിച്ചുമാറ്റാനുള്ള ധൈര്യം സിക്ക് മതം അനുവദിച്ചുകൊടുത്തിട്ടില്ല. അങ്ങനെയൊക്കെയാണെങ്കിലും ‘മതതീവ്രവാദി’ എന്നു കേള്‍ക്കുമ്പോള്‍ ഒരു സാധാരണ ഇന്ത്യക്കാരന്റെ മനസ്സില്‍ ഒരു സിക്കുകാരന്റെ ചിത്രം തെളിയുന്നില്ലല്ലോ!

ദിവസങ്ങള്‍ക്കു മുന്‍പ് അമൃതസറില്‍ ചെന്നപ്പോള്‍, സിക്കുകാരുടെ ‘ക‌അബ’യായ സുവര്‍ണക്ഷേത്രവും സന്ദര്‍ശിക്കാനിടയായി. ക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും തലമറച്ചിരിക്കണം. മാന്യമായ വസ്ത്രമേ അണിയാവൂ. ചെരിപ്പ് പുറത്തഴിച്ചിട്ട് ജലധാരയില്‍ കാല്‍കഴുകി ശുദ്ധിവരുത്തിയേ അകത്തേക്ക് പ്രവേശമുള്ളൂ. നാലുഭാഗവും ചുറ്റുമതിലുപോലെ മാര്‍ബിളില്‍ തീര്‍ത്ത മനോഹരമായ ക്ഷേത്രം. അതിനു നടുവില്‍ വിശാലമായ തടാകത്തിന്റെ മധ്യത്തില്‍ സ്വര്‍ണത്തിളക്കമുള്ള സുവര്‍ണക്ഷേത്രം. മുസ്‌ലിം ആര്‍കിടെക്ചറിനോട് സാമ്യമുള്ള നിര്‍മാണമാണ് കെട്ടിടങ്ങള്‍ക്കും മിനാരങ്ങള്‍ക്കും. വിശ്വാസികള്‍ പുണ്യജലത്തില്‍ കുളിച്ച് നിര്‍വൃതികൊള്ളുന്നു. പുണ്യതീര്‍ഥം കുടിക്കുന്നു. സാഷ്ടാംഗം പ്രാര്‍ഥിക്കുന്നു. ഭജന ഇരിക്കുന്നവരുണ്ട്. മതപ്രഭാഷണങ്ങളും വേദപാരായണവും നടക്കുന്നു. സൌജന്യമായ ഊട്ടുമുണ്ട്... വാസ്തുശില്പത്തിനുമാത്രമല്ല ആരാധനാചടങ്ങുകള്‍ക്കും മുസ്‌ലിംകളുമായി സമാനത തോന്നുന്നു. ഖലിസ്ഥാന്‍ തീവ്രവാദികളെ തുരത്തി പുറത്തുചാടിക്കാന്‍ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് പട്ടാളം നടത്തിയ ‘ഓപറേഷന്‍ ബ്ലൂ സ്റ്റാറിന്റെ’ ഓര്‍മകള്‍ തികട്ടിവന്നു. സിക്കുകാരന്റെ ഈ പുണ്യനിലങ്ങളിലായിരിക്കണം പട്ടാളത്തിന്റെ ബൂട്ടമര്‍ന്നത്. അതിന്റെ വിലയായിട്ടായിരുന്നുവല്ലേ, ഇന്ദിരാഗാന്ധിയുടെ ജീവന്‍ നല്‍കേണ്ടി വന്നത്.

ഹരിദ്വാര്‍ സാഹെബ് കോമ്പ്ലക്സിലെ സിക്ക് മ്യൂസിയം ചുറ്റിക്കറങ്ങിക്കണ്ടു. സിക്കു യോദ്ധാക്കളുടെ ശൌര്യം സ്ഫുരിക്കുന്ന ചുമര്‍ചിത്രങ്ങള്‍, സായുധഭടന്മാര്‍, ചോരയൊഴുകുന്ന അടര്‍ക്കളം, തോക്കുകള്‍, പീരങ്കികള്‍, വിവിധ തരം കഠാരകള്‍, വാളുകള്‍, ആയുധങ്ങള്‍.... ഞാനോര്‍ത്തു, ലോകത്ത് ഒരു മുസ്‌ലിം പള്ളിയിലും യുദ്ധത്തിന്റെ ഓര്‍മകളുള്ള മ്യൂസിയമുള്ളതായി അറിവില്ല. മുസ്‌ലിംകള്‍ ആയുധങ്ങളെ ആരാധിക്കുന്നില്ല. എന്നിട്ടും മുസ്‌ലിംകള്‍ ഹിംസയുടെ രൌദ്രബിംബങ്ങളുടെ വാര്‍പ്പുമാതൃകകളാണ് എഴുതപ്പെട്ട ചരിത്രത്തിലും സാഹിത്യത്തിലുമെല്ലാം. ഇതൊരു മുസ്‌ലിം പള്ളിയാകാതിരുന്നതിന് ദൈവത്തിനു നന്ദി പറഞ്ഞു! പക്ഷേ, സിക്കുകാര്‍ക്ക് ഹിംസയുടെ, മതതീവ്രതയുടെ പരിവേഷമില്ല, നമ്മുടെ സാമാന്യബോധത്തില്‍. ചരിത്രത്തിന്റെ വൈരുധ്യങ്ങള്‍!

ഗുരുദ്വാരയ്ക്കു പുറത്തു വെച്ച് പരിചയപ്പെട്ട ഒരു സിക്കു വിശ്വാസിയോട് സംസാരിച്ചു. തികഞ്ഞ മതേതരവാദിയായിരുന്നു അയാള്‍. ‘ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറില്‍’ ഇന്നും വേദനയുള്ള അയാള്‍ പക്ഷേ, തീവ്രവാദത്തെ നിശിതമായി വിമര്‍ശിക്കുന്നു. അയാളില്‍ അവശേഷിക്കുന്ന ആശങ്ക, സിക്കുതീവ്രവാദം തിരിച്ചുവരുമോ എന്നുള്ളതാണ്. ഇന്ദിരാഗാന്ധിയുടെ ഘാതകര്‍ ശിക്ഷിക്കപ്പെട്ടു എന്നാല്‍ 1984ലെ സിക്കുകലാപത്തിന്റെ ഉത്തരവാദികള്‍ ഇനിയും ശിക്ഷിക്കപ്പെട്ടിട്ടില്ല. നീതിപാലനത്തിന്റെ ഈ ഇരട്ടത്താപ്പ് തീവ്രവാദത്തിന് മണ്ണൊരുക്കുന്നുണ്ടെന്ന് അയാള്‍ പറഞ്ഞു.

മാസങ്ങള്‍ക്കു മുമ്പ് നടന്ന, ദേര സച്ച സൌദ എന്ന സിക്ക് വിഭാഗവുമായി ബന്ധപ്പെട്ട വിവാദം അദ്ദേഹം ഓര്‍മിപ്പിച്ചു. സിക്കു ചെറുപ്പക്കാര്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സിക്ക് തീവ്രവാദ മാസികകള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ വന്‍ പ്രചാരം നേടുന്നു. ഇയിടെ പുറത്തിറങ്ങിയ ‘ഖത്സ ഫതഹ്നാമ’ എന്ന മാഗസിന്റെ കവര്‍ പേജില്‍ ഇങ്ങനെ മുദ്രണം ചെയ്തിരിക്കുന്നു. “ഓ ദില്ലിയുടെ കൊലവാതിലുകളേ, ഇന്ദിരയുടെ കറുത്ത പ്രേതമേ, സിക്കുകാര്‍ ജീവിച്ചിരിക്കുന്നു.” അമൃതസറിലെ ഹരിമന്ദിര്‍ സാഹിബിലെ സെന്‍‌ട്രല്‍ സിക്ക് മ്യൂസിയത്തില്‍, ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ബിന്ദ്രന്‍ വാലയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തത് അടുത്ത കാലത്താണ്. അകാലിദള്‍ വിരുദ്ധരായിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാര്‍ ചേക്കേറുന്നത് സിക്ക് തീവ്രവാദ സംഘടനയിലേക്കാണ്. ഖത്സ ഫത്‌ഹനാമക്കു പുറമേ സിക്ക് ശഹാദത്ത്, ശംസീറേ ദസ്താന്‍ തുടങ്ങിയ സിക്ക് പ്രസിദ്ധീകരണങ്ങളും തീവ്രവാദപരമാണെന്ന് അറിയാന്‍ കഴിഞ്ഞു. ആയിരക്കണക്കിനു കോപ്പികളാണത്രെ ഓരോ ലക്കവും ഇവ വിറ്റഴിക്കുന്നത്.

വിദ്യാഭ്യാസത്തിലും വികസനത്തിലും കുതിച്ചുയരുന്ന പഞ്ചാബ്, കശ്മീരിന്റെ വഴി തെരഞ്ഞെടുക്കുമോ? ഇല്ല, അങ്ങനെ സംഭവിക്കാതിരിക്കട്ടെ. ഒരു ചെറിയ വിഭാഗം തീവ്രവാദികളെ അതിജീവിക്കാന്‍ സിക്ക് സമൂഹത്തിനു തന്നെ ശേഷിയുണ്ടെന്ന് പ്രതീക്ഷിക്കാം. അങ്ങനെ വരട്ടെയെന്ന് പ്രാര്‍ഥിക്കാം.
വീണ്ടും മനസ്സില്‍ തികട്ടുന്നത്, ഉത്തരം കിട്ടാത്തത് ആ താരതമ്യമാണ്. ബിന്ദ്രന്‍ വാലയെപോലെ ഒരു മുസ്‌ലിം തീവ്രവാദിയുടെ ഫോട്ടോ മുസ്‌ലിം കേന്ദ്രത്തില്‍ അനാച്ഛാദം ചെയ്താല്‍ ‘ഖത്സ ഫത്‌ഹ്നാമ’ പോലൊരു പ്രസിദ്ധീകരണം മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിച്ചാല്‍......?! ഇത്തരം താരതമ്യങ്ങള്‍ക്ക് ഒരു യുക്തിയുമില്ല. കാരണം മുന്‍‌വിധികള്‍ നിലനില്‍കേ യുക്തികള്‍ക്ക് സ്ഥാനമില്ലല്ലോ!

--
കടപ്പാട്:
മുജീബുര്‍‌റഹ്മാന്‍ കിനാലൂര്‍ (kinalur@gmail.com)
‘വര്‍ത്തമാനം’ ദിനപത്രം
2008 ജനുവരി 11

6 comments:

 1. ശരിക്കും ഈ വാദങ്ങളെ അനുകൂലിക്കാന്‍ തോന്നുന്നു. തീവ്രവാദം ഏതു മത വിശ്വാസങ്ങള്‍ക്കിടയില്‍ ഉടലെടുത്താലും ഒരു മുഖം തന്നെയാണ് അതിന്. അത് പലപ്പോഴും വിലയിരുത്തപ്പേടുന്നത് വ്യത്യസ്ത മായിട്ടാണ്. നിരപരാധികളെ തീവ്രവാദികള്‍ എന്ന് മുദ്രകുത്തുന്നവരാണ് യഥാര്‍ത്ഥത്തില്‍ തീവ്രവാദികളെ പലപ്പോഴും വാര്‍ത്തെടുക്കുന്നത്.

  തേങ്ങയല്ല ഒരു തിരിച്ചറിവിന്റെ വെടിപൊട്ടിക്കാനാണ് തോന്നുന്നത്. സ്വന്തം കണ്ണിലൂടെ വസ്തുതകളെ വിലയിരുത്തി ആര്‍ക്കും വേണ്ടി വളച്ചൊടിക്കാന്‍ ശ്രമിക്കാത്ത ഈ ബ്ലോഗറിന്റെ ശ്രമം അഭിനന്ദിക്കേണ്ടിയിരിക്കുന്നു

  ReplyDelete
 2. കൊള്ളാം ഈ ലേഖനം
  :)

  ReplyDelete
 3. Great post. Please make the letters a little larger so that it can be read easily...

  ReplyDelete
 4. ഒരു സമൂഹമോ മതമോ തീവ്രവാദത്തിന്റെ നിഴലിലായിപ്പോകുന്നത് അനിതരസാധാരണമാണ്!!
  ഒരു ശ്രീലങ്കന്‍ തമിഴന്റെ മുഖത്തേക്കുനോക്കുമ്പോള്‍ തോന്നുന്നതും പ്രസ്താവ്യമായ പ്രതിഭാസം തന്നെ!

  രാഖികെട്ടുകയെന്നത് ഉത്തരേന്ത്യയില്‍ പ്രചുരപ്രചാരത്തിലുള്ള ഒരു ആചാരമാണല്ലോ?! ‘രക്ഷാബന്ധന്‍’ചെയ്യുന്നതോടെ സാഹോദര്യം ഊട്ടിയുറപ്പിക്കുകയാണ്!എന്നാല്‍ തലയേക്കാളും വലുപ്പത്തില്‍ ബുദ്ധിവികസിച്ച മലയാളികളുടെ നാട്ടില്‍ ഏതെങ്കിലുമൊരു ചെറുപ്പക്കാരന്‍ സാഹോദര്യമെന്നും പറഞ്ഞൊരു രാഖികെട്ടിനടക്കട്ടെ...അവന്‍ ‘സംഘപരിവാറുകാര’നെന്ന് മുദ്രകുത്തപ്പെടും!അതെന്തോ വിധ്വംസകപ്രവര്‍ത്തനത്തിന്റെ പര്യായം പോലെ പ്രചാരത്തിലായിപ്പോയ വാക്കാണല്ലോ!!
  കറതീര്‍ന്ന കമ്യൂ‍ണിസ്റ്റുഗുണ്ടകള്‍ ഏതെങ്കിലും കോളേജുവരാന്തയിലോ പീടികത്തിണ്ണയിലോ അവന്റെ ശവം വീഴ്ത്താനും മതി!

  ReplyDelete
 5. കനല്‍,
  തിരിച്ചറിവുണ്ടാകാന്‍ മാത്രം ഈ പോസ്റ്റ് ഉപകാരപ്പെട്ടെങ്കില്‍...
  നന്ദിയുണ്ട്.
  അഭിനന്ദനത്തിനു കിട്ടിയ കൈക്കൂലിയെത്രയെന്ന് ചോദിച്ചവരും ഈ പരിസരങ്ങളിലുണ്ട്!

  ***

  ശ്രീ,
  നന്ദി :)

  ***

  ശിവകുമാര്‍,
  നന്ദി, താങ്കളുടെ ബ്രൌസറില്‍ ‘ടെക്സ്റ്റ് സൈസ്’ കുറച്ച് വലുതാക്കിയാല്‍ മതിയാകും എന്ന് തോന്നുന്നു. എങ്കിലും ഞാന്‍ ഒന്ന് വലുതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

  ***

  ഹരീ,
  രാഖികെട്ടുന്നതു പോലെ തന്നെ, തൊപ്പിയിടുന്നതും താടിവെക്കുന്നതും മുസ്‌ലിം ഭീകരന്മാരുടെ അടയാളമത്രെ! അതിനു വളം വെച്ചു കൊടുക്കാന്‍ ചിലരുണ്ടെന്നതും മറച്ചുവെയ്ക്കുന്നില്ല. പക്ഷേ, ഒരാളോ ഒരു ന്യൂനപക്ഷമോ ചെയ്യുന്ന തെമ്മാടിത്തരം ഒരു സമൂഹത്തിന്റെ മൊത്തം തെറ്റായി വ്യാഖ്യാനിക്കപ്പെടുമ്പോഴാണ് അല്ലെങ്കില്‍ അതിനെയാണ് എതിര്‍ക്കപ്പെടേണ്ടത്.

  ***

  മുസ്‌ലിം ഭീകരന്മാരെ/തീവ്രവാദികളെ മുസ്‌ലിംകളും,
  അതുപോലെ മറ്റുള്ളവരും തള്ളിപ്പറയാനും ഒറ്റപ്പെടുത്താനും ശ്രമിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ നന്നാവുമെന്ന് തോന്നുന്നു...

  ReplyDelete
 6. അതേ ഹരിയണ്ണാ ആ അന്ധത മലയാളികളില്‍ നിന്നും നീക്കം ചെയ്യണം . അതിന് ഒരു രക്ഷാബന്ധന്‍ പരിപാടിയില്‍ കുറെ പ്രശസ്തരായ മുസ്ലീം സ്ത്രീകളെ ക്ഷണിച്ച് പരസ്യമായി അവരുടെ സഹോദരസ്ഥാനം ഏറ്റെടുത്തെന്ന് വ്യക്തമാക്കുന്ന രീതിയില്‍ അവരെ കൊണ്ട് തങ്ങളുടെ കയ്യില്‍ രാഖി കെട്ടിക്കാന്‍ കുറച്ച് ഹിന്ദു സഹോദരന്‍ മാര്‍ തയ്യാറാവണം.അതെങ്ങനാ രക്ഷാബന്ധന്‍ പരിപാടി ഞാന്‍ ക്ണ്ടിട്ടുള്ളത് എ ബി വി പി എന്ന സ്റ്റുഡന്‍സ് പാര്‍ട്ടി ഏറ്റെടുത്ത് നടത്തുന്നത് മാത്രമാ കേരളത്തില്‍.പിന്നെ ഞാന്‍ മുംബയില്‍ ജോലിചെയ്തുകൊണ്ടിരുന്നപ്പോള്‍ എന്റെ കയ്യിലും ഒരു സഹോദരി കെട്ടി തന്നു. തിരിച്ച് എന്തെങ്കിലും സമ്മാനം കൊടുക്കണമെന്ന് അപ്പോള്‍ എനിക്കറിയില്ലാരുന്നു. അത് ഞാന്‍ പിന്നാ നല്‍കിയത്

  ReplyDelete