Thursday, May 29, 2008

കള്ള ആത്മീയതക്കെതിരെ കല്ലെറിയാനാര്പ്പോഴത്തെ ചൂടുവാര്‍ത്ത ഭക്തിനാട്യത്തിന്റെ ഉത്തരാധുനിക വേഷപ്പകര്‍ച്ചകളാണ്. മനുഷ്യന്‍ ഏറെ പുരോഗതിപ്പെടുകയും സുഖങ്ങള്‍ വാങ്ങാനുള്ള ശേഷി കരസ്ഥമാക്കുകയും ചെയ്ത കാലമാണിത്. പക്ഷേ, ഇന്നത്തെപ്പോലെ നിസ്സഹായതയും അരക്ഷിതാവസ്ഥയും മാനവസമൂഹം ചരിത്രത്തിലെങ്ങും അഭിമുഖീകരിച്ചിട്ടുണ്ടാവില്ല. സര്‍വായുധനായിരിക്കെ നിരായുധനാകുന്ന പതിതാവസ്ഥ. ഈ അവസ്ഥാവിശേഷമാണ് കള്ള ആത്മീയതയുടെ മാര്‍ക്കറ്റ്. ശരിയായ മതബോധവും ദൈവവിശ്വാസവുമെല്ലാം പ്രകൃതിയുടെ തേട്ടമാണ്. സൃഷ്ടിയില്‍ തന്നെ നിലീനമായിട്ടുള്ള ദൈവബോധമില്ലാത്ത ഒരു സമൂഹവും കടന്നുപോയിട്ടില്ല ലോകത്ത്. ദൈവവിശ്വാസം പ്രകൃതിയെകുറിച്ച ഭയത്തില്‍ നിന്നുണ്ടായതാണെന്നും പ്രകൃതിപ്രതിഭാസങ്ങളെ മനസ്സിലാക്കുന്നതിലൂടെ അജ്ഞതാബന്ധിതമായ ഈ അന്ധവിശ്വാസങ്ങള്‍ നിഷ്കാസിതമാകുമെന്നും ചിലരെങ്കിലും ദിവാസ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ അനുഭവങ്ങള്‍ നല്‍കുന്ന പാഠം വ്യത്യസ്തമാണ്. മനുഷ്യര്‍ കൂടുതല്‍ ഭക്തിയിലേക്കും ദൈവ വിശ്വാസത്തിലേക്കും നീങ്ങുന്നതാണ് കാണുന്നത്.

ഇങ്ങനെ മനസ്സമാധാനത്തിനും സ്വസ്ഥതക്കും മത-ദൈവ പരിഹാരം തേടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങളില്‍ ചതിക്കുഴികള്‍ തീര്‍ക്കുകയാണ് വ്യാജ ആത്മീയവാദികള്‍. വിശ്വാസം യുക്തിയില്‍ ഉരച്ചുനോക്കാന്‍ പലപ്പോഴും കഴിയില്ലെന്നതും ബുദ്ധിക്ക് അതിന്റെ പൂര്‍ണാര്‍ഥത്തിലുള്ള സത്യാസത്യങ്ങള്‍ വിവേചിച്ചറിയുക സാധ്യമല്ലെന്നതും ഇത്തരം വ്യാജന്മാര്‍ക്ക് ഇടമുണ്ടാക്കിക്കൊടുക്കുന്നു. ഇവിടെ ശരിയായ മത-ദൈവബോധത്തിലേക്ക് വഴിനടത്തേണ്ടവര്‍ വളരെ വിരളമാവുകയും മടിയന്മാരും ക്ഷിപ്രപരിഹാരമോഹികളുമായ ഭക്തകുലത്തിന് ശരിയായ ആത്മീയതയിലൂടെയുള്ള പരിഹാരം അല്‌പം ദുഷ്കരമായിത്തോന്നുകയും ചെയ്യുന്നത് ഇടത്തട്ട് ദിവ്യന്മാര്‍ക്ക് അവസരം സൃഷ്ടിക്കുന്നു. സമാധാനവും ശാന്തിയും ലഭിക്കുകയാണെങ്കില്‍ വലിയ അധ്വാനമില്ലാതെ കുറുക്കുവഴിയില്‍ അത് നേടിയെടുക്കാന്‍ താല്പര്യപ്പെടുന്നവരാണ് ഭക്തരില്‍ ഭൂരിപക്ഷവും എന്നത് രംഗം കൂടുതല്‍ വഷളാക്കുന്നു.

ചെപ്പടിവിദ്യകളിലൂടെ ദിവ്യത്വം പ്രകടിപ്പിക്കുന്ന, പ്രത്യേക ഹാവഭാവക്കാരായ തന്ത്രക്കാര്‍ മോക്ഷത്തിന്റെയും ഭൌതികലാഭങ്ങളുടെയും വന്‍ ഓഫറുകള്‍ മുന്നോട്ടുവെക്കുകയും തന്റെ ശിങ്കിടികളിലൂടെ അതിന്റെ സാക്ഷാല്‍കൃതമാതൃകകള്‍ പരസ്യപ്പെടുത്തുകയും ചെയ്യുന്നതോടെ ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്തവിധം കുറുക്കുവഴി അന്വേഷിക്കുന്ന ഭക്തന്‍ ഈ ചിലന്തിവലയില്‍ കുടുങ്ങുന്നു. ശേഷം നടത്തുന്ന രക്ഷപ്പെടാനുള്ള ഓരോ ശ്രമവും ഒരു കണ്ണിയില്‍ നിന്ന് അടുത്ത കണ്ണിയിലേക്ക് എന്ന വിധത്തിലുള്ള കുരുക്കിലാണ് എത്തിക്കുന്നത്. പിന്നീട് എട്ടുകാലിയുടെ വായയിലെത്തി നീര് പൂര്‍ണമായി ഊറ്റപ്പെടുന്നു. അങ്ങനെ ചണ്ടിയാക്കി പുറംതള്ളപ്പെടുന്ന അവന്‍ പിന്നെ പുറത്തെ ജീവിതശേഷി നഷ്ടപ്പെട്ട് ആശ്രമ അന്തേവാസിയും സിദ്ധന്റെ മുരീദുമായി കാലയാപനം നടത്തുന്നു.


ഈ നിര്‍ഭാഗ്യവാന്മാരെ രക്ഷിക്കാന്‍ രാഷ്ട്രീയമോ നിയമസംവിധാനമോ കാത്തിരിക്കുന്നത് വിഡ്ഢിത്തമായിരിക്കും. എല്ലാവിധ ആള്‍ ദിവ്യത്തങ്ങളെയും വിശ്വാസത്തിന്റെ പടിക്കുപുറത്തു നിര്‍ത്തി തങ്ങളുടെ വേദകല്പനകളിലേക്കും മുന്‍‌കാലക്കാരായ മാന്യന്മാര്‍ അതിനെഴുതിയ വ്യാഖ്യാനങ്ങള്‍ പഠിച്ചും മുന്നോട്ടുപോവാന്‍ യാഥാര്‍ഥ്യബോധമുള്ളവര്‍ ജനങ്ങളെ ബോധവത്കരിക്കുകയാണു വേണ്ടത്. കപട ആത്മീയത പ്രതിക്കൂട്ടിലാക്കപ്പെടുന്ന, ആത്മീയവേഷക്കാരുടെ നേരെ സകല കണ്ണുകളും പതിച്ചിരിക്കുന്ന ഈ നിലാവത്ത് പുറത്തിറങ്ങിയവരിലും ഓരിയിടുന്നവരിലും പലതരക്കാരും ലക്ഷ്യക്കാരുമുണ്ടെന്ന് തിരിച്ചറിയാതെ പോകുന്നതിന്റെ ഭവിഷ്യത്ത് ഭയാനകമായിരിക്കും.

കള്ളസന്യാസിമാര്‍ക്കും വ്യാജ(?)സിദ്ധന്മാര്‍ക്കുമെതിരെ ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ പെട്ടിട്ടില്ലാത്ത മറ്റുചില ആള്‍ദൈവങ്ങളുടെയും സിദ്ധപരിവേഷക്കാരുടെയും ചാരിത്രപ്രസംഗം ‘പഴുത്തില കൊഴിയുമ്പോഴുള്ള പച്ചിലകളുടെ മേനി’പറച്ചിലായി കണ്ടാല്‍ മതി. കാര്യസാധ്യങ്ങള്‍ക്കെല്ലാം ദൈവത്തോട് നേരിട്ട് പറഞ്ഞോളൂ. ഞങ്ങളുടെ യാതൊരുവിധ സഹായവും അതിന് ആവശ്യമില്ലെന്നു പറയാന്‍ ഇവര്‍ക്കെന്താണിത്ര മടി? ഇവരും ഇന്നല്ലെങ്കില്‍ നാളെ എന്നനിലയില്‍ പലനാള്‍ക്കള്ളന്മാരായി പിടിയിലാകുന്ന ഒരു നാളും പ്രതീക്ഷിച്ചിരിപ്പാണ്. ഇപ്പോഴുള്ള ചില രാഷ്ട്രീയ-അധികാര-നിയമ മാഫിയാസഹായങ്ങളാലാണ് ഇവര്‍ ശുദ്ധതയില്‍ നില്‍ക്കുന്നതെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?

ഇവിടെ വ്യാജനെയും ഒറിജിനിലിനെയും വേര്‍ത്തിരിക്കുന്ന അതിര്‍ത്തിരേഖ ഏതാണ്? തങ്ങളുടെ പാര്‍ട്ടിക്കും സംഘടനക്കും സഹായം നല്‍കുന്നു എന്നതും തങ്ങളെ അംഗീകരിക്കുന്നു എന്നതുമാണ് വ്യവസ്ഥാപിത മത-രാഷ്ട്രീയ കക്ഷികള്‍ക്ക് അസല്‍-വ്യാജ സന്യാസി, സിദ്ധ, പുരോഹിതരെ തീരുമാനിക്കാനുള്ള ഏക അടയാളം. ഒരു തങ്ങള്‍, സന്യാസി ഏതെങ്കിലും ഔദ്യോഗിക വിഭാഗവുമായി ഒട്ടിനില്‍ക്കുന്നവനാണെങ്കില്‍ അവരുടെ കാഴ്ചപ്പാടില്‍ അയാള്‍ അസലാണ്. എന്നാല്‍ ഇതേ വ്യക്തി മറുവിഭാഗത്തിന്റെ വ്യാജരുടെ പട്ടികയില്‍ ഒന്നാമനാകുന്ന വിചിത്രവും കൌതുകകരവുമായ കാഴ്ച വ്യാപകമാണ്.


ഹിന്ദുമതം ഏതെങ്കിലും പ്രത്യേക നിര്‍വചനങ്ങള്‍ക്കോ ആചാര്യന്മാര്‍ക്കോ വേദങ്ങള്‍ക്കോ വഴങ്ങാത്തതുകൊണ്ട് അതില്‍ ആത്മീയതയുടെ സന്യാസരൂപത്തിനുള്ള ന്യായാന്യായ ചര്‍ച്ച ‘അണ്ടിയോ മൂത്തത് മാവോ മൂത്തത് ’ എന്നതുപോലെ ഉത്തരം പറയാന്‍ പ്രയാസമുള്ള സമസ്യയായി തുടരും. എന്നാല്‍ ഒരുകാര്യം ഉറപ്പാണ്. ഭൌതിക ജീവിതത്തിന്റെ എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തനായവനാണ് യഥാര്‍ഥ സന്യാസി. അയാള്‍ കാമ, ക്രോധ, മോഹാദി സകല വികാരങ്ങളോടും നിസ്സംഗനാണ്. നിര്‍മ്മനും വിരക്തനുമാണ്. ഭാരതത്തിലെ ഇതിഹാസ കഥകളില്‍ സന്യാസിമാരുടെ സിദ്ധികള്‍ പുകഴ്ത്തപ്പെടുന്നുണ്ടെങ്കിലും ചരിത്രത്തിന്റെ വെളിച്ചത്തില്‍ ജീവിച്ച ആധുനിക ഇന്ത്യയിലെ അറിയപ്പെട്ട സന്യാസിമാരായ സ്വാമിവിവേകാനന്ദനും ശ്രീനാരായണ ഗുരുവും നിത്യചൈതന്യയതിയുമൊന്നും തങ്ങളുടെ സിദ്ധിപ്രചരിപ്പിച്ചതോ മാര്‍ക്കറ്റില്‍ വില്പനക്ക് വെച്ചതോ ആയ ചരിത്രമില്ല.

ഇസ്‌ലാം മതത്തെ സംബന്ധിച്ചിടത്തോളം കൃത്യമായ വിശ്വാസ-അനുഷ്ഠാന രൂപങ്ങളും അപ്രമാദിത്തം തെളിയിച്ച വേദഗ്രന്ഥവും ചരിത്രത്തില്‍ ജീവിച്ച പ്രവാചകന്റെ തെളിമയാര്‍ന്ന ജീവിതചര്യകളും നിലവിലുണ്ട്. ഇവ അടിസ്ഥാനമാക്കുമ്പോള്‍ കണ്ണടച്ച് പറയാനാകുന്ന വസ്തുത, ഇസ്‌ലാമില്‍ പൌരോഹിത്യത്തിനോ സിദ്ധിപ്രചാരണത്തിനോ വിശുദ്ധരിലൂടെ അദൃശ്യമാര്‍ഗത്തിലൂടെയുള്ള കാര്യസാധ്യത്തിനോ തരിമ്പും രേഖകളില്ല. എന്നു പറഞ്ഞാല്‍, നല്ല തങ്ങളും കള്ള തങ്ങളും അസല്‍ വലിയ്യും വ്യാജ വലിയ്യും അത്ഭുതങ്ങള്‍ കാണിക്കാനും അമാനുഷികതയിലൂടെ സിദ്ധിപ്രചരിപ്പിക്കാനും ശ്രമിച്ചാല്‍ മതപരമായി അതിനൊരു സാധുതയും ഇല്ല.

ഇസ്‌ലാമില്‍ മുസ്‌ലിംകളായ വലിയ്യുകള്‍ ഉണ്ട്. ഇവരെ സിദ്ധന്‍, തങ്ങള്‍ എന്നൊന്നും വിശേഷിപ്പിച്ചുകൂടാ, ഭക്തിയുടെ അടിസ്ഥാനത്തില്‍ ദൈവത്തിനിഷ്ടപ്പെട്ട സാധാരണക്കാരായ മനുഷ്യരാണിവര്‍. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പരമാവധി ജീവിതത്തില്‍ ഉള്‍ക്കൊള്ളുന്നവര്‍ക്ക് പറയുന്ന പേരാണിത്. താന്‍ ആ ഗണത്തിലാണെന്നു പറയാന്‍ ഒരാള്‍ക്കും കഴിയില്ല. കാരണം, അത് തീരുമാനിക്കുന്നത് അല്ലാഹു മാത്രമാണ്. അത് അവനെ അറിയിക്കുന്നത് പാരത്രികലോകജീവിതത്തില്‍ വെച്ചായിരിക്കും. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണേ എന്ന് പ്രാര്‍ഥിക്കുകയാണ് ശരിയായ വലിയ്യ് ചെയ്യുക. വലിയ്യുകള്‍ക്ക് അമാനുഷിക അനുഭവങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ തന്റെ ഈ ശേഷി നിയന്ത്രിക്കാനോ നിശ്ചയിക്കാനോ അതുമുഖേന താനിഛിക്കുന്നവരെ സഹായിക്കാനോ അയാള്‍ക്ക് കഴിയില്ല. എപ്പോഴെങ്കിലും തനിക്ക് അനുഭവപ്പെട്ട ഈ അത്ഭുത ശേഷി വിളിച്ചുകൂവി നടക്കാനും അതുവെച്ച് വിലപേശാനും പാടില്ലെന്നാണ് പഴയകാല മുസ്‌ലിം പണ്ഡിതന്മാര്‍ ഏകോപിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളതും. ചുരുക്കത്തില്‍ ഇസ്‌ലാമില്‍ ആത്മീയതയുടെ പേരില്‍ ഔന്നത്യം അവകാശപ്പെടുകയും അതുവെച്ച് അമാനുഷികകാര്യങ്ങള്‍ സാധിക്കുമെന്ന് പ്രചരിപ്പിക്കുകയും ആ ഉദ്ദേശ്യത്തോടെ സാധുക്കളായ ഭക്തരെ തന്നിലേക്കാകര്‍ഷിക്കുകയും ചെയ്യുന്ന എല്ലാവരും കള്ളന്മാരാണ്.


ക്രിസ്തുമതത്തിന്റെ കാര്യവും ഭിന്നമല്ല. അവരുടെ യഥാര്‍ഥ മതനിര്‍ദേശങ്ങളും പ്രമാണങ്ങളും ഏതാണെന്നതില്‍ അവര്‍ക്ക് ഇതുവരെ ഏകോപിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ പൌരോഹിത്യത്തിന്റെ അധികാരപരിധിയും പ്രാധാന്യവും തിട്ടപ്പെടുത്തുക സാധ്യമല്ല. പക്ഷേ, ബൈബിളിലൂടെ വ്യാഖ്യാനങ്ങളില്ലാതെ പരതുന്നവന് പുരോഹിതന്മാര്‍ക്ക് ആ മതത്തില്‍ യാതൊരു സ്ഥാനവുമില്ലെന്ന് തന്നെയാണ് മനസ്സിലാവുക. കരിസ്മാറ്റിക് അനുഭവങ്ങളും മറ്റു അത്ഭുത കഴിവുകളും തനിക്കുണ്ടെന്ന് സ്ഥാപിക്കാനോ അതുമുഖേന മറ്റുള്ളവരെ സഹായിക്കാനോ കഴിയുമെന്ന് പറയുന്നതും ആ മതത്തിന്റെ വായനയില്‍ വന്ന സ്ഖലിതങ്ങളാണ്.

യാഥാര്‍ത്യം ഇങ്ങനെയാണെങ്കിലും ഈ മതങ്ങളുടെയെല്ലാം പേരില്‍ ഇന്ന് നടപ്പിലുള്ളതില്‍ ബഹുഭൂരിഭാഗവും മായം ചേര്‍ത്ത ഭക്തിയാണ്. ഈ അവസരം മുതലാക്കി ‘കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള’ യുക്തിവാദികളുടെ ശ്രമങ്ങളെയും ഇതിനിടയില്‍ തിരിച്ചറിയേണ്ടതുണ്ട്. യുക്തിയുടെ മറവില്‍ ഭക്തിയെത്തന്നെ ഭ്രാന്തായി ചിത്രീകരിക്കുന്നത് ‘അന്ധര്‍ ആനയെ വിശദീകരിക്കുന്നത് ’പോലെ അയുക്തിയാണ്. എന്തുപേരിട്ട് വിളിച്ചാലും പ്രപഞ്ചസ്രഷ്ടാവിനെ മധ്യവര്‍ത്തികളില്ലാതെ സമീപിക്കുന്ന കാലത്തുമാത്രമെ മതത്തിന്റെ പേരിലുള്ള സര്‍വവിധ ചൂഷണങ്ങളില്‍ നിന്നും സമൂഹം പൂര്‍ണമായും മുക്തമാവൂ.

ഇനി ഇപ്പോഴത്തെ ഈ സിദ്ധ-സന്യാസിപിടുത്തത്തിന്റെ ആത്മാര്‍ഥത നോക്കുക. ഒരുതരം രാഷ്ട്രീയ ട്രിപ്പീസാണ് ഈ രംഗത്ത് ഇപ്പോള്‍ നടക്കുന്നത്. യു ഡി എഫ് നേതാക്കള്‍ തൊട്ടുവന്ദിക്കാന്‍ കണ്ടെത്തിയ നഗ്നനാരീ പൂജകന്റെ കൂട്ടിക്കൊടുപ്പുകേന്ദ്രത്തിലേക്കാണ് എല്‍ ഡി എഫ് നേതൃത്വത്തില്‍ മാര്‍ച്ചും തള്ളിക്കയറ്റവും. രാഷ്ട്രീയ അക്രമങ്ങള്‍ക്ക് കണക്കുതീര്‍ക്കുന്നതുപോലെ മറുവിഭാഗം അംഗീകരിച്ച് തുല്യംചാര്‍ത്തിയ സിദ്ധികേന്ദ്രങ്ങളിലേക്ക് എതിര്‍ചേരിക്കാരുടെ വക മാര്‍ച്ചും തള്ളിക്കയറ്റവും നശീകരണ പ്രവര്‍ത്തനങ്ങളും. അങ്ങനെ ഈ ചങ്ങല അവസാനിക്കാതിരിക്കാനായി പണം പയറ്റില്‍ (കുറിക്കല്യാണത്തില്‍) പണം കൊടുക്കുന്ന പോലെ എപ്പോഴും ഒരു ബാധ്യത അവശേഷിക്കത്തക്കവിധത്തില്‍ മറുവിഭാഗം പ്രതിഷേധ കോപ്രായങ്ങള്‍ ഇത്തിരി ഏറ്റി ചെയ്യുന്നു. ചുരുക്കത്തില്‍ കേരളത്തിന്റെ മുക്കുമൂലകളില്‍ തങ്ങളുടെ സിദ്ധിക്കച്ചവടം നത്തിപ്പോന്ന മൂഷികന്മാര്‍ക്കെല്ലാം അണപൈ ചിലവില്ലാതെ മലയാളി ചെന്നിടമെല്ലാം പ്രചാരമുണ്ടാക്കാന്‍ ഇപ്പോഴത്തെ കാം‌പയ്‌ന് കഴിഞ്ഞു. ഈ വിദ്വാന്മാരുടെ എല്ലാവിധ സിദ്ധികളും അതിന് ഈടാക്കുന്ന എം ആര്‍ പിയും ഇവരുടെ പര്‍ണശാലകള്‍ സ്ഥിതിചെയ്യുന്ന കുഗ്രാമങ്ങളിലെത്താനുള്ള സ്കെച്ചുമെല്ലാം ഇന്ന് ഇന്റര്‍നെറ്റില്‍ വരെ എത്തിക്കഴിഞ്ഞു. റെയ്ഡും അറസ്റ്റുമൊക്കെ കേട്ട് പലരും ഹിമാലയം തേടിപ്പോയിട്ടുണ്ട്. ഇനിയവര്‍ തപസ്സിന്റെ യഥാര്‍ഥ ശക്തിയുമായി ഏതാനും നാള്‍ക്കകം നാടുപിടിക്കും. അപ്പോഴേക്കും നമ്മുടെ മാധ്യമങ്ങളും ഇഷ്യൂമേക്കേഴ്സും ഇതെല്ലാം പാതിവഴിയിലുപേക്ഷിച്ച് പുതുവാര്‍ത്തകള്‍ തേടിപ്പോയിട്ടുണ്ടാകും. ഓരോ സമയത്തും എക്സ്ക്ലൂസീവ് അവതരിപ്പിക്കുക മാത്രമാണ് അവതാരകരുടെ ജോലി. അത് പിന്തുടരുക പഴയ മണ്‍പാത്ര സംസ്കാരമാണ്. (ഉപയോഗിച്ചത് കഴുകി വീണ്ടും ഉപയോഗിക്കുക.) യൂസ് ‘എന്‍’ ത്രോ [ഡിസ്പോസിബ്‌ള്‍] അല്ലേ പുതിയരീതി.

ഇപ്പറയപ്പെട്ട സിദ്ധ-സന്യാസിമാരൊന്നും ഇന്നലത്തെ മഴക്ക് പേക്രോം ചൊല്ലിയുയര്‍ന്ന തവളകല്ല. ഇവരില്‍ പലര്‍ക്കും ഇപ്പോള്‍ വിഷം കലക്കുന്നതായി അഭിനയിക്കുന്ന കൈകള്‍ തന്നെ കുറച്ചുമുമ്പ് പട്ടും വളയും നല്‍കിയവരാണ്. ഇവരുടെ ‘ഞാനൊന്നുമറിഞ്ഞില്ലേ....’ എന്നഭാവം ഇന്നത്തേക്കുമാത്രമുള്ളതാണ്. കഴിഞ്ഞതെരഞ്ഞെടുപ്പിനു ശേഷവും പുതിയ തെരഞ്ഞെടുപ്പിനു മുമ്പുമുള്ള ഇടക്കാല രാഷ്ട്രീയമാണത്. വ്യാജ ആത്മീയവെളിച്ചപ്പാടുകള്‍ക്കെതിരെയുള്ള നിലപാടുകളുടെ പേരില്‍ ഇപ്പോള്‍ പ്രതിയാക്കപ്പെട്ട തന്ത്രക്കാരും നിയമപാലകരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമെല്ലാം ഈ മഹാനുഭാവന്മാരുടെ ‘സിദ്ധിശക്തിയാല്‍’ അഗ്നിശുദ്ധി വരുത്തി കൂടുതല്‍ ശക്തരായി തിരിച്ചുവരുമെന്ന് ആര്‍ക്കാണറിയാത്തത്? ഇതിലേറെ വലിയ കുറ്റങ്ങള്‍ക്ക് പിടിക്കപ്പെട്ടവരുടെ ഇപ്പോഴത്തെ അവസ്ഥയറിയുന്ന ആര്‍ക്കും സംശയമില്ലാത്തതാണത്. പ്രമോഷനും സമ്പദ്-സന്താന സര്‍വൈശ്വര്യങ്ങളുമായി ഇവരിവിടെ തന്നെ അവതരിക്കും.

കപട ആത്മീയതക്കെതിരെ പ്രതികരിക്കാന്‍ ആത്മാര്‍ഥമായ ആര്‍ജവമുള്ളവര്‍ കൈപൊക്കേണ്ട ഘട്ടം വന്നാല്‍ അവിടെ ഇപ്പോള്‍ മാധ്യമ ഫ്ലാഷുകളില്‍ പ്രഭാവലയം തീര്‍ത്തു നില്‍ക്കുന്ന യുവജനസംഘടനകളോ അവരുടെ അപ്പന്‍ സംഘടനകളോ ആത്മീയതയുടെ പുത്തന്‍ ചില്ലുകൊട്ടാരങ്ങളില്‍ നിന്ന് പത്രപ്രസ്താവനയിറക്കുന്ന ‘യഥാര്‍ഥ സിദ്ധന്‍‌’മാരുടെ കോലങ്ങളോ ഉണ്ടാകില്ല എന്നത് നൂറുതരം. ശതുവിന്റെ ശത്രു മിത്രം എന്ന ന്യായപ്രകാരം വ്യാജസിദ്ധകേന്ദ്രത്തിന് പുനര്‍ജനി നല്‍കിയ ഡി വൈ എഫ് ഐക്കോ (ഇവരുടെ ചേട്ടന്മാരാണല്ലോ തിരൂര്‍ ബി പി അങ്ങാടി നേര്‍ച്ചക്ക് വിസിലൂതിയതും മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിന് വര്‍ക്ക് പെര്‍മിറ്റ് നല്‍കിയതും) നാട്ടിലെ മുഴുവന്‍ സിദ്ധികേന്ദ്രങ്ങള്‍ക്കും പാറാവുനില്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ്സിനോ (ഇപ്പോഴത്തെ താരങ്ങളിലൊരാളായ ചന്ദ്രമാമയടക്കമുള്ള പല പ്രാദേശിക ദിവ്യന്മാര്‍ക്കും ചാമരം വീശിയത് ഇവരടക്കമുള്ളവരാണ്.) നൂറുകണക്കിന് വ്യാജ ആത്മീയ കേന്ദ്രങ്ങളുടെ പിതൃത്വവും രക്ഷാധികര്‍തൃപദവിയും അവകാശപ്പെടുകയും അത് ഭക്ഷിക്കുകയും ചെയ്യുന്ന എസ് എസ് എഫ് - എസ് കെ എസ് എസ് എഫ് വിഭാഗങ്ങള്‍ക്കോ, എല്ലാ അബദ്ധങ്ങളിലും ആചാര്യനെ അനുരാഗാത്മകമായി അനുകരിക്കണമെന്ന് വാശിപിടിക്കുന്ന സോളിഡാരിറ്റിക്കോ ഇവിടെ നിവര്‍ന്ന് നിന്ന് വ്യാജ ആത്മീയതയെ കൂട്ടിലടയ്ക്കാന്‍ പറയാന്‍ ധാര്‍മികാവകാശമില്ല. ഇവരാണല്ലോ ഇപ്പോള്‍ വ്യാജന്മാര്‍ക്കെതിരെ മിനിസ്ക്രീനുകളിലും പേജുകളിലും സ്റ്റേജുകളിലും മുമ്പന്മാര്‍.

വ്യാജന്മാര്‍ക്ക് വാദിക്കാന്‍ നാവുമുളയ്ക്കുമ്പോള്‍ കാണാം ഇവരുടെ ആത്മാര്‍ഥതയുടെ ആഴവും പരപ്പും. കല്യാണവീട്ടിലെ കള്ളനെപ്പിടിക്കാന്‍ പായുന്ന ജനക്കൂട്ടത്തില്‍ ചേര്‍ന്ന് യഥാര്‍ഥകള്ളനും കള്ളന്‍ കള്ളന്‍ എന്നുവിളിച്ച് ഓടിമറയാന്‍ അവസരം കാണാറുണ്ട്. ഇവരുടെയൊക്കെ ഒച്ചയിലും ഓട്ടത്തിലും ഇത്രയോക്കെ കരുതിയാല്‍ മതി.

_________________________________________
കടപ്പാട്:
മുര്‍ശിദ് പാലത്ത്,
വര്‍ത്തമാനം ദിപത്രം,
ചിത്രങ്ങള്‍.
Share:

Tuesday, May 6, 2008

ഉണ്മയുടെ മുഖം

ചില പാഴ്‌ക്കിനാവുകള്‍ക്ക്
ഉണ്‍‌മയുടെ മുഖമാണെന്ന്
വെറുതെ പറയുന്നതല്ല...
അല്ലെങ്കില്‍ എന്റെ കാല്പനീകലോകത്ത്
ഇന്നലത്തെ നിലാവത്ത്
ഒറ്റയ്‌ക്കു നീയെന്തിന്
കാറ്റുകൊള്ളാനിറങ്ങണം....?
എന്റെ കാല്പനീക സരണികളില്‍
നിന്റെ കാലൊച്ച തിരിച്ചറിയാന്‍
ഏതായാലും എനിക്കധികമൊന്നും
കാതുകൂര്‍പ്പിക്കേണ്ടിവന്നില്ല!
ഇരുളും വെളിച്ചവും
ഇഴപിരിഞ്ഞുകിടക്കുന്ന
ഇടവഴികളില്‍
ചന്ദ്രകാന്തമേല്‍ക്കുന്ന നിന്റെ കണ്ണുകളെ
വ്യക്തമായ്ത്തന്നെ ഞാന്‍ കണ്ടു.
ഒന്നു ചോദിച്ചോട്ടെ....
ജീര്‍ണ്ണിച്ചുപോയെങ്കിലും
നഖക്ഷതമേല്‍ക്കുമ്പോള്‍
നിന്റെ ഭൂതകാലത്തില്‍ മാത്രമെന്തേ
ഇപ്പോഴും ചോരപൊടിയുന്നു....?

Share:

Latest News

Categories

2014 AbduRabbu Amen Android Article Aruvikkara Cyclone Gonu Demonetisation Demonetization Education Eid Mubarak facebook gaza Gonu Google Hussain Madavoor IUML KairaliTV Kanthapuram kavitha Kerala Kerala Police KK KSRTC LDF Madhyamam makkalam malayalam Malayali Peringode Mangalam TV mazha mazhathulli MediaOne Meelad Milad Minister MM Akbar Mobile Modi Mujahid Muslim League N D F OsamaBinLadin Peace School Pinarayi Vijayan poem Political Politics QLS rain Ramadan Saudi SDPI sea Shabab Shukkoor Swalahi Sister Jesmi SNC Lavalin Tips & Tricks UAE varthamanam VT Balram അനാചാരം അനുഭവം അബ്ദുല്‍ഹമീദ് അഭിമുഖം അയുക്തീ അരുവിക്കര അവധി ആമേന്‍ ആശംസകള്‍ ഇസ്രാഈല്‍ ഇസ്‌റാഈല്‍ ഈദ് മുബാറക് ഉസാമ എൻ ഡി എഫ് എൽഡി‌എഫ് എസ് ഡി പി ഐ ഏകാന്തത ഐനു നുഹ ഒസാമ ബിൻ ലാദിൻ ഓര്‍മ ഓര്‍മക്കുറിപ്പ് കമല സുരയ്യ കവിത കള്ള ആത്മീയത കാത്തിരിപ്പ് കാന്തപുരം കാരക്കുന്ന് കാര്‍ട്ടൂണ്‍ കിനാലൂര്‍ കെ കെ മുഹമ്മദ് സുല്ലമി കേരള പോലീസ് കൈരളി ഖുര്‍‌ആന്‍ ലേണിംഗ് സ്കൂ‍ള്‍ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ ഗസ്സ ഗാസ ചതി ചന്ദ്രിക ചാവേര്‍ ചെറിയമുണ്ടം ജമാ‌അത്തെ ഇസ്‌ലാമി ജയ് ഹിന്ദ് ടിവി ടിവി ഡാര്‍വിനിസം തീവ്രവാദം ദാറുല്‍ഇസ്‌ലാം ദാറുല്‍കുഫ്രര്‍ ദാറുല്‍ഹര്‍ബ്‌ ദൈവം നരഹത്യ നാ‍ട്ടിലേക്ക് നോട്ട് അസാധു നോട്ട് നിരോധനം പഠനം പലവക പാഠപുസ്തകം പിണറായി വിജയൻ പുതുമഴ പുസ്തകം പോലീസ് പൌരോഹിത്യം പ്രതികരണം ഫലസ്തീന്‍ ഫലസ്ത്വീന്‍ ഫലസ്ഥീന്‍ ഫെയ്സ്ബുക്ക് ബഷീർ ബിജെപി ബിദ്‌അത്ത് ബേനസീര്‍ ഭീകരാക്രമണം മംഗളം മതം മത്സ്യം മദനി മലയാളി മഴ മാധവിക്കുട്ടി മാധ്യമം മാംസം മീഡിയ വൺ മീലാദ് മുട്ട മുംബൈ മുസ്‌ലിം ലീഗ് മോദി യാത്ര യുക്തിവാദം രമേശ് ചെന്നിത്തല രാഷ്ട്രീയം ലാവ്‌ലിൻ കേസ് ലേഖനം ലോക വൃദ്ധ ദിനം വഖഫ് ബോര്‍ഡ് വർഗീയത വര്‍ത്തമാനം വർത്തമാനം വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ് വഹീദുദ്ദീന്‍ ഖാന്‍ വായന വാര്‍ത്ത വിമർശം വിസ്ഡം വ്യക്തി ശബാബ് വാരിക ശശീന്ദ്രൻ ശിഹാബ് തങ്ങള്‍ ശുക്കൂർ സ്വലാഹി സാമൂഹികം സി‌എം മഖാം സി‌എം മടവൂർ സി‌എം സെന്റർ സിപി‌ഐ‌എം സിസ്റ്റര്‍ ജെസ്‌മി സൗദി സ്വാതന്ത്ര്യദിനാശംസ ഹുസൈന്‍ മടവൂര്‍ ഹൂറി റമദാന്‍

Ordered List

Definition List