“...നജീബ് എനിക്കേറെ പ്രിയമുള്ള കുട്ടിയായിരുന്നു. അവന്റെ കഴിവുകളും മികവുകളും പല സന്ദര്‍ഭങ്ങളിലായി ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അറബിഭാഷയോടുള്ള അവന്റെ സ്നേഹവും വിഷയങ്ങള്‍ പഠിച്ചറിയാനുള്ള ആഗ്രവും വലുതായിരുന്നു. ഭാഷാപരമായ ചെറിയ സംശയങ്ങള്‍ പോലും വിളിച്ചു ചോദിച്ച് നിവാരണം വരുത്തും. എന്‍ സി ഇ ആര്‍ റ്റിയുടെ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഞാനവനോട് പറഞ്ഞിരുന്നു. സന്തോഷപൂര്‍വമാണവനത് സ്വീകരിച്ചത്. നമുക്ക് ചിലയാളുകളോട് അധികാരസ്വരത്തില്‍ സംസാരിക്കാനുള്ള സ്വതന്ത്ര്യമുണ്ടല്ലോ. സ്നേഹം കൊണ്ടും അടുപ്പം കൊണ്ടും കൈവരുന്ന സ്വാതന്ത്ര്യം; നജീബിനോട് എനിക്ക് ആ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഞാനവനെ എന്റെ വഴിയില്‍ വളര്‍ത്തികൊണ്ടു വരികയായിരുന്നു. പാഠപുസ്തക നിര്‍മാണ മേഖലയിലും കരിക്കുലം സമിതിയിലും കഴിവുള്ള ചെറുപ്പക്കാര്‍ വളര്‍ന്നുവരണം. പലരുമുണ്ടെങ്കിലും കഴിവും പ്രതിഭയും ഒത്തുചേര്‍ന്നവര്‍ കുറവാണ്. നജീബ് എനിക്ക് വലിയ പ്രതീക്ഷയായിരുന്നു. അല്ലാഹുവിന്റെ തീരുമാനം ഇങ്ങനെയൊക്കെയാണ്. ആ തീരുമാനങ്ങളുടെ കൈപ്പിടിയില്‍ നമ്മള്‍ വല്ലാതെ നിസ്സഹായരായിപ്പോവുകയാണ്. എന്റെ ഭാര്യയുടെ മരണം എനിക്കിപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. അവള്‍ എന്റെ കയ്യില്‍ കിടന്നാണ് മരിച്ചത്. മരണം എന്ന മഹാസത്യത്തെ ഞാന്‍ നേരില്‍ കണ്ട സന്ദര്‍ഭമായിരുന്നു അത്. എന്നിട്ടും അവള്‍ നഷ്ടപ്പെട്ടെന്ന് എനിക്ക് മനസ്സിരുത്താന്‍ കഴിയുന്നില്ല. നജീബിന്റെ മരണവും അങ്ങനെത്തന്നെയാണ്. അവന്‍ മര്‍ച്ചുപോയിട്ടുണ്ടെന്ന് ഉള്‍ക്കൊള്ളാനാവുന്നില്ല. അവനൊരു ജന്റില്‍മാനായിരുന്നു. വസ്ത്രത്തിലും നടത്തത്തിലുമൊക്കെ അവന് കൃത്യമായ തീരുമാനങ്ങളുണ്ട്. സമ്മേളനത്തില്‍ വെച്ച് ഞാനവനെ കണ്ടപ്പോള്‍ എനിക്കാദ്യം മനസ്സിലായില്ല. ലുങ്കി ധരിച്ച് തോര്‍ത്ത് തലയില്‍ കെട്ടി നില്‍ക്കുന്നു. മുമ്പൊന്നുമില്ലാത്ത വിധം സമ്മേളന പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. കുടുംബത്തിനും പ്രസ്ഥാനത്തിനും മാത്രമല്ല; നജീബിനെ പോലെയൊരു പ്രതിഭയുടെ വിയോഗം സമൂഹത്തിനു തന്നെ നഷ്ടമാണ്......”
ഈ വാക്കുകള്‍ പുര്‍ത്തിയാക്കിയപ്പോഴേക്ക് എന്റെ മാര്‍ഗദര്‍ശി സഈദ് ഫാറൂഖിയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു. പിരിയാനാകാതെ പിരിഞ്ഞ നജീബ് പേരാമ്പ്രയുടെ ഖബറടക്കം കഴിഞ്ഞദിവസം വൈകുന്നേരം, ഞാനും ജ്യേഷ്ഠ സുഹൃത്ത് കല്ലായിലെ കെ പി റഹീംക്കയും സഈദ് ഫാറൂഖിയുടെ വീട്ടില്‍ സംസാരത്തിനൊത്തുകൂടിയതായിരുന്നു. കണ്ണീരുകൊണ്ട് നനഞ്ഞ ഞങ്ങളുടെ വാക്കുകളോരോന്നും മുഴുവനാകാതെ മുറിഞ്ഞു തകര്‍ന്നു. അതീവ സൂക്ഷ്മതയോടെ അളന്നുമുറിച്ചു മാത്രം സംസാരിക്കുന്ന സഈദ് ഫാറൂഖി ഇത്രയും വാചാലമാകുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു പോയി. സഈദ് ഫാറൂഖിയെപ്പോലൊരാളുടെ മൃദുലമായ സ്നേഹവും ഉള്ളുനിറഞ്ഞ അടുപ്പവും എന്റെ നജീബ്ക്ക ഇത്രയധികം സ്വന്തമാക്കിയത് കേട്ടറിഞ്ഞപ്പോള്‍ എന്റെ മനസ്സും അനര്‍ഹമാണെങ്കിലും അത് കൊതിച്ചുപോയി.
ഖബറടക്കം കഴിഞ്ഞ് പിരിയുമ്പോള്‍ മുളിയങ്ങല്‍ പള്ളിയുടെ പിന്നാമ്പുറത്തേക്ക് എന്നെ ഒരു സുഹൃത്ത് കൈപ്പിടിച്ചുകൊണ്ടുപോയി. “ഇത് നമ്മുടെ നജീബിന്റെ കുടുംബത്തിനുള്ളതാണ്. നിങ്ങളിത് ആ കുടുംബത്തെ ഏല്പിക്കണം. അവര്‍ കഷ്ടപ്പെടെരുത്. അവരെ നോക്കേണ്ട ബാധ്യത നമുക്കുണ്ട്. നജീബ് നമ്മുടേതായിരുന്നു. ഇനി ആ കുട്ടികള്‍ നമ്മുടേതാണ്.” കണ്ണ് നിറഞ്ഞ് വിതുമ്പിയ ആ സുഹൃത്ത് ഭാര്യയുടെ ഒരു സ്വര്‍ണാഭരണവും വലിയൊരു സംഖ്യയും എന്നെ ഏല്പിച്ചു. മണ്മറഞ്ഞാലും മനസ്സില്‍ നിന്ന് മായ്ക്കാനാവാത്തവിധം ഉള്ളില്‍ തട്ടിയ സ്നേഹബന്ധങ്ങളെ സൃഷ്ടിച്ചെടുത്തു എന്നത് എന്റെ നജീബ്ക്കയുടെ ഏറ്റവും വലിയ ജീവിത സൌഭാഗ്യമാണ്. ഇതിലേറെ വലുതായി മറ്റെന്താണ് ഈ ലോകത്തുനിന്ന് കിട്ടാനുള്ളത്?
സ്നേഹം തുടുത്തുനിന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റെത്. കുടുംബത്തിനും കൂട്ടുകാര്‍ക്കും ആ സ്നേഹം കോരിച്ചൊരിഞ്ഞു. എങ്ങനെയായിരിക്കണം ഒരു ഭര്‍ത്താവ് എന്നതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു നജീബ്ക്ക. എം എസ് എം സെക്രട്ടറിയേറ്റ് യോഗങ്ങള്‍ പലപ്പോഴും ഏറെ വൈകിയാണ് അവസാനിക്കുക. പുലര്‍ച്ചെ രണ്ടു മണിക്കും മൂന്നു മണിക്കുമൊക്കെയാണ് തീരുന്നതെങ്കിലും അദ്ദേഹം വീട്ടിലേക്ക് മടങ്ങും. ഓഫീസില്‍ സെക്രട്ടറിയേറ്റംഗങ്ങള്‍ ഒന്നിച്ചു കിടക്കും. ഒരിക്കല്‍ പോലും നജീബ്ക്കയൊന്നിച്ച് കിടന്നിട്ടില്ല. “രസ്ന എന്നെ കാത്തിരിക്കുമെടാ” എനായിരുന്നു മടങ്ങുമ്പോള്‍ മറുമൊഴി. ഈ ഭാര്യാസ്നേഹത്തെ പലപ്പോഴും ഞങ്ങള്‍ തമാശയാക്കാറുണ്ടെങ്കിലും ആ ഇണകളുടെ അനല്പമായ അനുരാഗത്തെ കൊതിയോടെയാണ് കണ്ടിരുന്നത്. ബന്ധങ്ങളുടെ ലോകത്തുനിന്ന് ഏകാന്തത്യുടെ ലോകത്തേക്ക് പ്രിയങ്കരനായ ആ സുഹൃത്ത് തിരിച്ചുപോയപ്പോള്‍ കരളില്‍ കണ്ണീരു ചാര്‍ത്തുന്നത് ആ പിയതമയും പിഞ്ചോമനകളും തന്നെയാണ്.
ഞങ്ങള്‍ തമ്മിലുള്ള സൌഹൃദം സംഘടനാബന്ധുത്വത്തിനുമപ്പുറത്തായിരുന്നു. സഈദ് ഫാറൂഖി പറഞ്ഞപോലെ എന്തും പറയാനുള്ള സ്വാതന്ത്ര്യം എനിക്കുമുണ്ടായിരുന്നു. എന്റെ മുന്നില്‍ അദ്ദേഹത്തിന് അധികാരങ്ങളുമുണ്ടായിരുന്നു. പ്രസിഡന്റായിരിക്കുമ്പോള്‍ പോലും സംഘടനാകാര്യങ്ങളേക്കാള്‍ വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ പറയാനായിരുന്നു നജീബ്ക്കക്കിഷ്ടം. ഒന്നിച്ചുള്ള ഒരു യാത്രക്കിടയില്‍, ഫോര്‍ട്ടുകൊച്ചി കടപ്പുറത്തിരുന്ന് രണ്ടുമണിക്കൂര്‍ നേരം സംസാരിച്ചിട്ടുണ്ട്; തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം. ആ മനസ്സിന്റെ നന്മയും എന്നോടുള്ള ഇഷ്ടവും അന്നാണ് ബോധ്യപ്പെട്ടത്. ഒട്ടും പിശുക്കില്ലാതെ സ്നേഹം തന്നു. മറയും മടിയുമില്ലാതെ സ്നേഹം ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് അനായാസം കഴിഞ്ഞിരുന്നു. പലര്‍ക്കും അതിന് കഴിയാറില്ല.
സംഘടനാ നേതൃത്വത്തില്‍ പലവിധമാളുകളുണ്ട്. ചിലര്‍ക്ക് ആശയങ്ങള്‍ അനവധിയുണ്ടാകും. ചിലര്‍ക്ക് കാര്യങ്ങള്‍ നടപ്പാക്കാനേ കഴിയൂ. മറ്റു ചിലര്‍ സാന്നിധ്യം കൊണ്ട് സാന്ത്വനവും ധൈര്യവും പകരുന്നവരാണ്. ഇതില്‍ മൂന്നാമത്തെ സംഘത്തിലായിരുന്നു നജീബ്ക്ക. പ്രൌഢമായ ആ സാന്നിധ്യം തീരുമാനങ്ങള്‍ക്കു പിന്നിലെ ഞങ്ങളുടെ കരുത്തായിരുന്നു. ഭാര്യയും മക്കളും കഴിഞ്ഞാല്‍ നജീബ്ക്കയുടെ വലിയ ഇഷ്ടങ്ങള്‍ പാചകവും ഡ്രൈവിംഗുമായിരുന്നു. ഈ ഇഷ്ടങ്ങളിലൊന്നിലാണ് ആ വലിയ നഷ്ടമുണ്ടായത് എന്നോര്‍ക്കുമ്പോള്‍ മനസ്സ് നനയുന്നു. അവസാനത്തെ യാത്ര പോകുമ്പോള്‍ ദൂരെ നിന്നാണ് ഞാന്‍ കണ്ടത്.
ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ വലിയ താത്പര്യമായിരുന്നു. സുല്‍ത്താന്‍ബത്തേരിയിലും ചാലിയത്തും നടന്ന ക്യാമ്പുകള്‍ക്ക് നജീബ്ക്ക തന്നെയായിരുന്നു നേതൃത്വം നല്‍കിയത്. കഴിഞ്ഞ വര്‍ഷം നരിക്കുനിയില്‍ നടന്ന റിലീജ്യസ് സ്കൂളിലെ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക് സ്നേഹധന്യനായ ആ അധ്യാപകനെ മറക്കാന്‍ കഴിയില്ല. സമ്മേളന നഗരിയില്‍ വെച്ച് മരണവിവരമറിഞ്ഞ് ഓടിയെത്തിയ ഒരുകുട്ടി തന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരഞ്ഞു.
പുതിയ എം എസ് എമ്മുകാരെക്കുറിച്ച് വലിയ പ്രതീക്ഷയോടെയാണ് നജീബ്ക്ക സംസാരിച്ചിരുന്നത്. കഴിഞ്ഞ സംസ്ഥാന കൌണ്‍സില്‍ പേരാമ്പ്രയില്‍ വെച്ച് നടത്തണമെന്ന് നിര്‍ബന്ധം പിടിച്ചു. ആതിഥേയനായി ഞങ്ങള്‍ക്ക് വിരുന്നൊരുക്കി. ദുര്‍ബലമായ കൈകളില്‍ എം എസ് എമ്മിന്റെ സാരഥ്യം ഏല്പിച്ച് പിന്‍വാങ്ങുകയും ചെയ്തു.
ഓര്‍മകളുടെ കെട്ടഴിച്ച് ഓരോന്ന് ചികയുമ്പോള്‍ ഒരുപാടുണ്ട് പറയാന്‍. വാക്കുകളും അക്ഷരങ്ങളുമൊക്കെ ചില സന്ധര്‍ഭങ്ങളില്‍ പിന്തിരിയും. അത്തരമൊരു സന്ദര്‍ഭമാണിതെന്ന് തോന്നുന്നു. പേജില്‍ നിന്ന് പേന വഴുതിപ്പോകുന്നു. മരണം, എല്ലാ വലുപ്പങ്ങളേയും ചെറുതാക്കിക്കളയുന്നു. കഫാ ബില്‍ മൌതി വാഇദന്‍ യാ ഉമര്‍! (ഉമറേ, ഉപദേശകനായി മരണം തന്നെ മതി) എന്ന തിരുനബിയുടെ വാക്ക്, ഖലീഫ ഉമര്‍ തന്റെ മോതിരക്കല്ലില്‍ കൊത്തിവെച്ചിരുന്നതായി പറയപ്പെടുന്നു. ജനനത്തിനും മരണത്തിനുമിടയിലെ ഈ ശ്വാസങ്ങള്‍ എത്ര നിസ്സാരമാണെന്ന് ഓരോ മരണവും നമ്മെ വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നു.
പ്രിയങ്കരനായ നജീബ്ക്കാ, നമ്മള്‍ തമ്മിലുള്ള ആത്മസ്നേഹത്തില്‍ നിന്ന് ഇത്രയൊക്കെ മാത്രമേ പറയാന്‍ കഴിയുന്നുള്ളൂ. ഇതിലുമെത്രയോ അധികമാണതെന്ന് നമുക്കേ അറിയൂ. നിങ്ങളുടെ നിറഞ്ഞ സ്നേഹവും വാത്സല്യവും ഓരോ എം എസ് എമ്മുകാരനും എമ്പാടും അനുഭവിച്ചിട്ടുണ്ട്. കര്‍മധീരതയോടെയാണ് ഞങ്ങള്‍ക്ക് നിങ്ങള്‍ നേതൃത്വം നല്‍കിയത്.
പനമരത്തെ വാദിസലാമില്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാത്ത ഒരാളുമില്ല. ആ മഹാസംലയത്തിന്റെ പ്രാര്‍ഥന ലഭിച്ച നിങ്ങള്‍ എത്രവലിയ അനുഗ്രഹീതനാണ്! എന്നായിരുന്നാലും ഒരുദിവസം തിരിച്ചു പോകേണ്ടതാണല്ലോ. ആ തിരിച്ചുപോക്ക് ഇത്രയും സൌഭാഗ്യസമ്പന്നമായിത്തീര്‍ന്നതില്‍ നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ അല്ലാഹുവിന് നന്ദിയര്‍പ്പിക്കുന്നു.
ആസ്വാദനങ്ങളെയെല്ലാം തകര്‍ത്തുകളയുകയാണ് മരണം. മധുരതരമായ മുഴുവന്‍ അനുഭൂതികളെയും അടിച്ചുടയ്ക്കുന്ന അനിവാര്യഗതി. ആ ഗതിക്കുമുന്നില്‍, വിധിക്കുമുന്നില്‍ ബന്ധങ്ങളുടെ ബലവത്തായ കണ്ണികള്‍ വെണ്ണനൂലുകളായിത്തീരുന്നു. പക്ഷേ, മരണമേ, നിന്റെ മഹാനിശ്ചലതയ്ക്കുമുന്നില്‍ ഭൌതികബന്ധങ്ങളെ തകരുന്നുള്ളൂ. നിന്നെയും അതിജീവിക്കുന്ന ഒരു ലോകത്ത്, അനുഭൂതികളുടെ അനന്തവിഹായസ്സില്‍ സച്ചരിതരായ മുന്‍ഗാമികളോടും പ്രിയങ്കരനായ നജീബ്ക്കയോടുമൊപ്പം കഴിയാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. പ്രാര്‍ഥനയുടെ കൈവഴികളില്‍ ഞങ്ങളുടെ ബന്ധം കൂടുതല്‍ കരുത്തുള്ളതാകുന്നു.
---
വയനാട് പനമരത്ത് വെച്ച് നടന്ന മുജാഹിദ് ഏഴാം സംസ്ഥാന സമ്മേളനത്തിനിടയില്‍ ആകസ്മികമായി വിട്ടുപിരിഞ്ഞ, മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് (എം എസ് എം) മുന്‍ സംസ്ഥാന പ്രസിഡന്റും, എന്റെ സഹപാഠിയും ആത്മസുഹൃത്തുമായിരുന്ന നജീബ് പേരാമ്പ്രയെക്കുറിച്ച്, എം എസ് എം സംസ്ഥാന പ്രസിഡന്റ് പി എം എ ഗഫൂര്‍ ശബാബ് വാരികയിലെഴുതിയ ഓര്‍മക്കുറിപ്പ്.
പത്രവാര്‍ത്ത:
ഓര്‍മകളുടെ കെട്ടഴിച്ച് ഓരോന്ന്
ReplyDeleteചികയുമ്പോള്‍ ഒരുപാടുണ്ട് പറയാന്‍.
വാക്കുകളും അക്ഷരങ്ങളുമൊക്കെ
ചില സന്ധര്‍ഭങ്ങളില്‍ പിന്തിരിയും.
അത്തരമൊരു സന്ദര്‍ഭമാണിതെന്ന് തോന്നുന്നു.
പേജില്‍ നിന്ന് പേന വഴുതിപ്പോകുന്നു.
മരണം, എല്ലാ വലുപ്പങ്ങളേയും ചെറുതാക്കിക്കളയുന്നു.
നജീബ് ഒരുപാട് സമ്പാദ്യവുമായിട്ടാണല്ലോ ആ ലോകത്തേക്ക് പോയത്. ആ സമ്പാദ്യങ്ങള്‍ അയാളെ സ്വര്‍ഗത്തിലെത്തിക്കാനുള്ള വഴിചിലവിന് ഉപഗ്രിക്കട്ടെ.
ReplyDeleteഞാനിപ്പോള്‍ മനസിലാക്കിയ
എന്നെ അറിയാത്ത സുഹ്യത്തിന്
വേണ്ടി എന്റെയും പ്രാര്‍ത്ഥന
എല്ലാ വലുപ്പങ്ങളേയും ചെറുതാക്കിക്കളയുന്നു,വളരെ ശരി.
ReplyDeleteനിത്യശാന്തിയ്ക്കായ് പ്രാര്ത്ഥിക്കുന്നു.
ReplyDelete“ഞങ്ങളില്‍ നിന്നു വേര്‍പെട്ടുപോയിരിക്കുന്ന്
ഈ സഹോദരന്റെ എളിയ സേവനങ്ങളും സല്‍പ്രവര്‍ത്തികളും പരി്ഗണിച്ച് ഈ ആളുടെ ശിക്ഷകളെല്ലാം ഇളച്ചുകൊടുത്ത് അങ്ങയുടെ അനുഗ്രഹീതരുടെ ഗണത്തില്‍ ചേര്‍ത്ത് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിപ്പിക്കണമേ..”
നജീബ് പേരാമ്പ്ര എന്ന സഹോദരന്‍
'ദൈവത്തിന്റെ സ്വന്തം നാട്ടില്‍ 'നിന്ന്
‘ദൈവത്തിന്റെ നാട്ടിലേക്ക് ’ യാത്രയായി!
അദ്ദേഹത്തിന്റെ ആത്മാവിന്
നിത്യശാന്തി നേരുന്നു
അദ്ദെഹത്തിന്റെ കുടുംബത്തിന്റെ
ദുഃഖത്തില്‍ പങ്കുചേരുന്നു.
പരമകാരുണ്യവാനായ ദൈവം നജീബിന്റെ കുടുംബത്തെ ആശ്വസിപ്പിക്കട്ടെ....
ആ പ്രിയ സ്നേഹിതന്റെ മരണം ഇവിടെതന്നെ മറ്റൊരു ബ്ലോഗില്‍ വായിച്ചിരുന്നു...
ReplyDeleteഅദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ വായിച്ചപ്പോള്‍ മനസ്സറിയാതെ എവിടെയോ ഒരു വിങ്ങല്‍ അനുഭവപെട്ടുവോ...
നജീബിന്റെ എല്ലാ നല്ല പ്രവര്‍ത്തികളും പിന്നെ അല്ലാഹുവിന്റെ അനുഗ്രഹങ്ങളും അവന് സ്വര്‍ഗീയ ജീവിതത്തിനുള്ള മുതല്‍ക്കൂട്ടാവട്ടെ.. ആമീന്‍
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
ReplyDelete"To God We belong, and to Him is our return":-
വകഫാ ബില്‍ മൌതി വാഇദന്‍ യാ ഉമര്‍! (ഉമറേ, ഉപദേശകനായി മരണം തന്നെ മതി) എന്ന തിരുനബിയുടെ വാക്ക്, ഖലീഫ ഉമര്‍ തന്റെ മോതിരക്കല്ലില്‍ കൊത്തിവെച്ചിരുന്നതായി പറയപ്പെടുന്നു.
ആദര്‍ശപ്രസ്ഥാനത്തിലെ ഒരു സജീവ പ്രവര്‍ത്തകന്‍ എനിക്ക് നേരിട്ട് പരിചയം ഇല്ല പടച്ചവന്‍ നമ്മെ വിട്ടു പിരിഞ്ഞ സഹോദരന് പൊറുത്തു കൊടുക്കട്ടെ........... ആമീന്‍
നങ്ങളുടെ നാഥാ നീ നന്ങളില്‍ നിന്നും മരിച്ചു പോയ നങ്ങളുടെ മാതാപിതാക്കള്‍ക്കും സഹോദരി സഹോദരന്‍മ്മാര്‍ക്കും നീ നിന്‍റെ കരുണ ചോരിയേണമേ നാഥാ......ആമീന്‍
അവര്‍ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ എല്ലാ തെറ്റ് കുറ്റങ്ങളും നീ പൊറുത്തു കൊടുക്കണേ നാഥാ.........ആമീന്‍
അവരുടെ സല്ക്കര്‍മ്മങ്ങള്‍ കൊണ്ട് നീ അവരുടെ തെറ്റുകള്‍ ഇല്ലാതാക്കി തീര്‍ക്കണേ നാഥാ.....ആമീന്‍
നാഥാ അവരുടെ കബറിടത്തില്‍ ചോദ്യോത്തര വേളയില്‍ നാഥാ അവര്‍ക്ക് നീ ഉത്തരം നല്‍കി സഹായിക്കണേ നാഥാ...........ആമീന്‍
നാഥാ നങ്ങളും നാളെ നിന്നിലെക്ക് മടങ്ങേണ്ടവരാണ് നാഥാ നന്ങളെയും അവരേയും നീ നിന്‍റെ ജന്നാതുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു ചേര്‍ക്കണേ തമ്പുരാനെ നാഥാ...............ആമീന്‍
കാരുണ്യവാനായ തമ്പുരാനെ നീ നങ്ങളോട് കരുണ കാണിക്കേണമേ............ആമീന്‍
സ്നെഹാര്‍ദ്രമീ വിവരണം...
ReplyDeleteതൌഹീദ് പ്രജരിപ്പികാന്‍ വേണ്ടിയുള്ള ജിഹാദില്‍ രക്ദസക്ഷി ആയതുകൊണ്ട് തിര്‍ച്ചയായും നജീബകാക് അള്ളാഹു സ്വര്‍ഘം നല്കും - റഷീദ് പെങ്ങട്ടിരി
ReplyDeleteനജീബിന്റെ ആത്മാവിന്റെ നിത്യശാന്തിയ്ക്കായ് പ്രാര്‍ത്ഥിയ്ക്കുന്നു.
ReplyDeleteകനല്‍,
ReplyDeleteവല്യമ്മായി,
മാണിക്യം,
ഏ ആര്‍ നജീം,
അബ്ദുല്‍,
സുധീര്‍,
പി എം റഷീദ്,
ശ്രീ...
സാന്നിധ്യവും പ്രാര്‍ഥനകളും അറിയിച്ചതിനു നന്ദി...
ആ ധന്യ ജീവിതം നമ്മുക്ക് മാതൃകയാണ് എന്നതില്‍ സംശയം ഇല്ല..
ReplyDeleteഅദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആള്ളാഹു അവനിഷ്ട്പെടുന്ന സല്‍കര്‍മ്മമായി സ്വീകരിക്കട്ടേ..ആമീന്‍
സമ്മേളന നഗരിയില്‍ പലരും ഈ മരണ വാര്തയെക്കുരിച്ചു അടക്കം പറഞ്ഞപ്പോള്‍ ഉള്ളില്‍ ഒരു തേട്ടമുണ്ടായിരുന്നു, കേട്ടത് സത്യമാവരുതേ എന്ന്. പക്ഷെ അല്ലാഹുവിന്റെ തീരുമാനം...അതാണല്ലോ എല്ലാത്തിന്റെയും അവസാനം. അന്ന് സമ്മേളന നഗരിയില്‍ ഉള്ളുരുകി പ്രാര്‍ഥിചവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു!. നജീബിനെ കുറിച്ചുള്ള ഈ വായന ശോക മൂകമായ ആ അന്തരീക്ഷത്തിലേക്ക് എന്നെ ഒരിക്കല്‍ കൂടി കൊണ്ട് പോയി എന്നതാണ് സത്യം. മരണം എന്ന യാഥാര്‍ത്ഥ്യത്തിനു എന്നായാലും നാം കീഴടങ്ങിയെ പറ്റൂ. ഇന്ന് അല്ലെങ്കില്‍ നാളെ.
ReplyDeleteപ്രിയ സുഹൃത്ത് നജീബിന് അള്ളാഹു പൊറുത്തു കൊടുക്കുകയും സച്ചരിതരായ മുന്‍ഗാമികളുടെ കൂടെ, സ്വാലിഹീങ്ങളുടെ കൂടെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യ്മാറാകട്ടെ.
അമീന്‍....രക്ഷിതാവേ..ഞങ്ങളെയും നീ നിന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കേണമേ..ആമീന്‍.
may allah bless all of us and bless for enter his janah with najeebka,kp,kk,umermoulavi,av etc..........
ReplyDelete