സുഊദിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അര്‍റിയാദ് പത്രത്തില്‍ നവംബര്‍ 5-ന് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ പത്രസമ്മേളനത്തിന്റെ റിപ്പോര്‍ട്ടുണ്ട്. ആഗോള മുസ്‌ലിം ഭീകരവാദത്തിന് അസ്ഥിവാരമിട്ടത് സുഊദി അറേബ്യയും വഹാബികളുമാണെന്ന് സ്ഥാപിച്ചെടുക്കാന്‍ സ്വന്തം സംഘടനാ സംവിധാനങ്ങള്‍ ഭഗീരഥ യത്‌നം നടത്തുമ്പോഴാണ്, ഹൂഥികള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന സുഊദി അറേബ്യക്ക് ഇന്ത്യന്‍ മുസ്‌ലിംകളുടെ സര്‍വവിധ പിന്തുണയുമുണ്ടെന്ന് കാന്തപുരം പ്രഖ്യാപിക്കുന്നത്! കേരളത്തില്‍ മുജാഹിദ്-ജമാഅത്ത് പുത്തന്‍വാദികളുടെ കൂടെയിരുന്ന് തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് പ്രഹസനമാണെന്ന് പ്രചരണം നടത്തവവേ, മറുവശത്ത് വഹാബിസവും ഇസ്‌ലാമിസ്റ്റുമടങ്ങുന്ന വിശാല അറബ് സഖ്യത്തിന് ഉസ്താദ് പിന്തുണ അറിയിക്കുന്നു! സുഊദി വഹാബിസത്തെ യൂനിവേഴ്‌സിറ്റി ടെക്സ്റ്റ് ബുക്കില്‍നിന്നും തുടച്ചുനീക്കാന്‍ അണികള്‍ സമരം ചെയ്യുന്ന വേളയില്‍, മക്കയില്‍ നിന്നും മദീനയില്‍ നിന്നും വഹാബിസത്തെ ആട്ടിയോടിക്കാന്‍ യുദ്ധം ചെയ്യുന്ന സമാനഹൃദയരായ ഹൂഥികളെ വിമര്‍ശിച്ചുകൊണ്ട് ഉസ്താദ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു!!
വഹാബികളാണ് തീവ്രവാദികളെന്ന് സ്ഥാപിച്ചെടുക്കുന്ന തിരക്കിനിടയിലും, സുഊദിയില്‍പോയി തീവ്രവാദത്തിനെതിരെ 'വഹാബി ഗവണ്‍മെന്റ്' നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിക്കാനും ഉസ്താദ് മറന്നില്ല! 'ഐസിസ്= സലഫിസം' എന്ന പേരില്‍ കാംപയിന്‍ നടത്തുന്ന അണികളെ വിഡ്ഢികളാക്കി, ഐസിസിനെതിരെ സുഊദി അറേബ്യ നടത്തുന്ന പ്രയത്‌നങ്ങളെ കഴിഞ്ഞവര്‍ഷം ഇതേ പത്രത്തിലൂടെ കാന്തപുരം ശ്ലാഘിച്ചിരുന്നു. നാട്ടില്‍ സലഫിസത്തിന്റെ എല്ലാ രൂപങ്ങളും ആ രീതിശാസ്ത്രം തന്നെയും തീവ്രവാദത്തിന് കാരണമാകുന്നുവെന്ന് പറഞ്ഞ് 'സലഫിസം=തീവ്രവാദം' എന്ന കാമ്പയിന്‍ നടത്തുന്ന അവസരത്തിലും, സുഊദി സലഫികളുടെ തീവ്രവാദ നിലപാടുകളെ പ്രശംസിക്കുന്നതിലെ വൈരുധ്യം കാന്തപുരത്തെ അടുത്തറിയുന്നവര്‍ക്ക് പുതുമയല്ല.
അര്‍ധസത്യങ്ങളെ മാത്രം മുന്‍നിര്‍ത്തി 'സലഫിസ'വുമായി ബന്ധപ്പെട്ട് നടക്കുന്ന സമകാലിക ചര്‍ച്ചകള്‍ സൃഷ്ടിച്ച കലക്കുവെള്ളത്തില്‍ ചൂണ്ടയിടാന്‍ വെമ്പുന്ന കാന്തപുരം വിഭാഗത്തിന്റെ കപടമുഖം നാട്ടില്‍ പാട്ടാണെങ്കിലും മുസ്‌ലിം സമൂഹത്തിനും പൊതുസമൂഹത്തിനും ചില ഓര്‍മപ്പെടുത്തലുകള്‍ ആവശ്യമുണ്ട്. ഫാഷിസവും വര്‍ഗീയതയും അജണ്ടകളായി പ്രവര്‍ത്തിക്കുന്ന സംഘ്പരിവാര്‍ വികസനത്തിന് വേണ്ടി വോട്ട് തേടിയതിനെ അനുസ്മരിപ്പിക്കുന്ന ശൈലിയിലാണ് പിന്തിരിപ്പന്‍ പ്രസ്ഥാനമായ കാന്തപുരം വിഭാഗം ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ നടത്തുന്ന മാനവസംഗമങ്ങളും സൗഹൃദചായ സല്‍ക്കാരവും.
പിന്തിരിപ്പന്‍ നിലപാടുകളും തീവ്രതയും 'തക്ബീര്‍' മുഴക്കുന്ന അനുയായികളും മുഴച്ചുനില്‍ക്കുന്ന ഭൂതകാലം സൃഷ്ടിച്ച ബാധ്യതകളെക്കുറിച്ച് കാന്തപുരം വിഭാഗത്തിലെ 'ബുദ്ധിജീവി'കള്‍ക്ക് ബോധ്യമുണ്ട്. ഈ തിരിച്ചറിവിന്റെ ഫലമായി ചരിത്രത്തെ 'പുനര്‍നിര്‍മി'ക്കുന്ന തിരക്കിലാണ് ഉസ്താദും അനുയായികളും. കുടിലമാനസത്തിലെ സ്വന്തം വിഭാഗത്തെ പുരോഗമനവാദികളും നവോത്ഥാനത്തിന്റെ വക്താക്കളുമായി അവതരിപ്പിക്കുകയും, കേരളീയ ചരിത്രത്തില്‍ മായ്ച്ചുകളയാന്‍ പറ്റാത്തവിധം നവോത്ഥാന നായകരായി അംഗീകരിക്കപ്പെട്ട വക്കം മൗലവിയടക്കമുള്ളവരെ പിന്തിരിപ്പന്‍മാരും തീവ്രവാദികളുമായി ചിത്രീകരിക്കുന്ന കാന്തപുരം 'ബുദ്ധിജീവി'കളെ കാണുമ്പോള്‍ ഇന്ത്യാചരിത്രം മാറ്റിയെഴുതുന്ന സംഘ്പരിവാര്‍പോലും നാണിച്ചുകൂടെന്നില്ല.
നാട്ടിന്‍പുറങ്ങളില്‍ മാനവസംഗമങ്ങളും സൗഹൃദ ചായയുമായി തങ്ങളുടെ മാനവികമുഖം നിര്‍മിക്കുന്ന കാന്തപുരം വിഭാഗം, സൈബര്‍ ഇടങ്ങളില്‍ 'സാംസ്‌കാരിക ഇസ്‌ലാമി'ന്റെ വക്താക്കളായി രംഗപ്രവേശം ചെയ്യുമ്പോള്‍ കാന്തപുരത്തെ അടുത്തറിയുന്ന പ്രബുദ്ധകേരളം ഊറിച്ചിരിക്കും. ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന ശരാശരി മലയാളികള്‍ ഇതര മതവിഭാഗങ്ങളുടെ കൂടെ ചായകുടിക്കുന്നതില്‍ പുതുമയൊന്നും കാണുന്നില്ലെങ്കിലും, സൗഹൃദ വിഷയങ്ങളിലെ തുടക്കത്തിന്റെ ആവേശം മൂലം ഫോട്ടോയെടുത്ത് സോഷ്യല്‍മീഡിയകളില്‍ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യമുണ്ട് കാന്തപുരത്തിന്റെ അനുയായികള്‍ക്ക്.
കാന്തപുരവും
തീവ്രവാദവും
ആഗോള മുസ്‌ലിം തീവ്രവാദത്തിന് വിത്തുപാകിയത് സലഫികളാണെന്ന പ്രചാരണങ്ങള്‍ നടത്തുന്ന കാന്തപുരത്തിന്റെ അനുയായികള്‍ അടുത്തിടെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അഫ്‌സല്‍ ഉലമാ പ്രിലിമിനറിയുടെ സിലബസില്‍ നിന്നും വഹാബി ടെക്സ്റ്റ് ബുക്ക് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തുകയുണ്ടായി. ടെക്സ്റ്റ് ബുക്കുകളിലൂടെ തീവ്രവാദം പഠിപ്പിക്കുന്നുവെന്ന് ആരോപിക്കുന്ന കാന്തപുരം വിഭാഗത്തിന്റെ തീവ്രതയുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന ചിത്രം മറ്റൊന്നാണ്. ശരീഅത്ത് വിഷയത്തില്‍ സമസ്തയുടെ നേതാക്കള്‍ മുജാഹിദ്-ജമാഅത്ത് വിഭാഗങ്ങളുടെ വേദി പങ്കിട്ടതിലുള്ള പരിഭവം പറഞ്ഞുകൊണ്ടാണ് കാന്തപുരം ഗ്രൂപ്പെന്ന തീവ്രവാദ ഗ്രൂപ്പ് രൂപംകൊള്ളുന്നത്. ആശയപ്രചാരണരംഗത്ത് തീവ്രമായ നിലപാടുകള്‍ സ്വീകരിച്ചുവന്ന ഈ വിഭാഗം ഉഗ്രവാദി സുന്നികളെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇതര വിഭാഗങ്ങളുടെ കൂടെയിരിക്കുന്നതുപോലും ഹറാമായി കണ്ടിരുന്ന കാന്തപുരം ഗ്രൂപ്പ് മറ്റുള്ളവരില്‍ തീവ്രത ആരോപിക്കുമ്പോള്‍ ചരിത്രമറിയുന്നവര്‍ക്ക് തമാശക്കുള്ള വക നല്കുന്നു.തൊണ്ണൂറുകളില്‍ ടൈഗര്‍സുന്നിയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ചുക്കാന്‍ പിടിക്കുകയും സമാനതകളില്ലാത്ത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത കാന്തപുരത്തിന്റെ ഭീകരമുഖം സൗഹൃദചായകൊണ്ട് മായ്ച്ചുകളയാനാകില്ല. സ്വതന്ത്ര ചിന്തകനായ ചേകന്നൂര്‍ മൗലവിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങളെ അറിയാത്ത മലയാളികളുണ്ടോ?
മുജാഹിദ് സെന്റര്‍ ബോംബാക്രമണം, പൂനൂര്‍ അബൂബക്കര്‍ ഹാജി വധം തുടങ്ങിയ എണ്ണമറ്റ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ടൈഗര്‍സുന്നി ഒന്നിലധികം തവണ കോഴിക്കോട് പാളയം പള്ളി പിടിച്ചടക്കാന്‍ 'താലിബാന്‍മോഡല്‍' ആക്രമണങ്ങള്‍ നടത്തിയത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടവയാണ്. ഇതിനൊക്കെ പുറമെ, മുജാഹിദുകള്‍ സംഘടിപ്പിച്ച നൂറുകണക്കിന് വേദികള്‍ കാന്തപുരം വിഭാഗം കയ്യേറിയ വാര്‍ത്തകളും നിത്യസംഭവങ്ങളായിരുന്നു. കരുനാഗപ്പള്ളിയിലെ മുജാഹിദ് പള്ളിയില്‍ കാന്തപുരം വിഭാഗം കയ്യേറ്റം നടത്തിയത് അടുത്തകാലത്താണ്. 1921 ലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ സംഘടിത പ്രവര്‍ത്തനം മുതലാണ് കേരളീയ സമൂഹത്തില്‍ അനൈക്യത്തിന്റെ വിത്തുപാകിയതെന്ന് പ്രചരിപ്പിക്കുന്ന കാന്തപുരം വിഭാഗം, 1989ല്‍ രൂപീകരിക്കപ്പെട്ടതുമുതല്‍ എ പി - ഇ കെ സംഘര്‍ഷങ്ങളുടെ ഫലമായി കൊല്ലപ്പെട്ട സുന്നികളുടെ കണക്കെങ്കിലും പഠിക്കുന്നത് നന്നായിരിക്കും.
ആഗോള ഭീകരപ്രസ്ഥാനങ്ങളെയെല്ലാം സലഫികളിലേക്ക് ചേര്‍ത്തിപ്പറയുന്ന സാമ്രാജ്യത്വ ഫാഷിസ്റ്റ് പ്രചാരണങ്ങളുടെ കേരളത്തിലെ ഏജന്റിന്റെ റോളില്‍ വരുന്ന കാന്തപുരം ഗ്രൂപ്പിന്റെ തീവ്രവാദത്തോടുള്ള സമീപനങ്ങള്‍ കൂടെ വിലയിരുത്തേണ്ടതുണ്ട്. സലഫികളുമായി അടിസ്ഥാനപരമായി ബന്ധമില്ലാത്ത ദയൂബന്തി-ഹനഫി പ്രസ്ഥാനമായ താലിബാനെപ്പോലും സലഫികളായി അവതരിപ്പിക്കുമ്പോള്‍, മുസ്‌ലിം അവാന്തരവിഭാഗങ്ങളെക്കുറിച്ച് കാന്തപുരം വിഭാഗം വാടകക്കെടുത്ത 'ബുദ്ധിജീവി'കളുടെ അജ്ഞതയുടെ ആഴമളക്കാം. എന്നാല്‍, തൊണ്ണൂറുകളില്‍ പരസ്യമായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന കാന്തപുരം വിഭാഗം, താലിബാനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന 'അല്‍ഖാഇദ' നേതാവ് ഉസാമാ ബിന്‍ ലാദനെ പ്രകീര്‍ത്തിച്ചതിന് തെളിവുകള്‍ ഏറെയുണ്ട്.
കാന്തപുരം വിഭാഗത്തിന്റെ സെന്‍സിംഗ് മാസികയുടെ 2001 ഒക്‌ടോബര്‍ ലക്കത്തിലെ എഡിറ്റോറിയലായി ഇസ്മാഈല്‍ വഫ എഴുതുന്നു: ''മുസ്‌ലിം ലോകത്ത് രണ്ട് ആണ്‍കുട്ടികളാണുള്ളത്. സദ്ദാം ഹുസൈനും ഉസാമയും. ലോകമുസ്‌ലിംകളുടെ പ്രിയപ്പെട്ടവരാണവര്‍''. ഇതേ ലക്കത്തിലെ മറ്റൊരു ലേഖനത്തില്‍ ഉസാമയെക്കുറിച്ച് ഇങ്ങനെ വര്‍ണിക്കുന്നു. ''ഇവിടെയാണ് ഒരു വിപ്ലവകാരിയുടെ കഥ ആരംഭിക്കുന്നത്. കാരുണ്യപ്രവര്‍ത്തനത്തിനിറങ്ങി പ്രതിരോധത്തിന്റെ മാര്‍ഗം സ്വീകരിക്കാന്‍ നിര്‍ബന്ധിതനായ ഒരു വിശ്വാസിയുടെ കഥ. മിഷനറി പ്രവര്‍ത്തനത്തിന് തലവേദന സൃഷ്ടിക്കുകയും അങ്കിള്‍ സാമിന്റെ ഉറക്കം കെടുത്തുകയും ചെയ്ത വിപ്ലവകാരിയുടെ ധീരതയുടെ കഥ''.
2001 സെപ്തംബറില്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഉസാമാ ബിന്‍ ലാദനാണെന്ന് ലോകം കരുതിയിരുന്ന സമയത്ത് ഉസാമയെ മഹത്വവത്കരിക്കാനാണ് കാന്തപുരം വിഭാഗം ശ്രമിച്ചത്. താലിബാനും അല്‍ഖാഇദയും സലഫികളാണെന്ന പ്രചാരണം നടത്തുന്നവരുടെ ഉസാമാ മദ്ഹില്‍ അത്ഭുതപ്പെടാനില്ല. അല്‍ഖാഇദയുടെ കേരളപതിപ്പായ 'ടൈഗര്‍സുന്നി' കാലഘട്ടത്തില്‍ സമാനചിന്താഗതിക്കാരെ അംഗീകരിക്കാതിരിക്കാന്‍ പറ്റില്ലല്ലോ! സൗഹൃദചായയുമായി കടന്നുവരുന്ന എസ് എസ് എഫ്കാര്‍ക്ക് തീവ്രവാദവുമായി ബന്ധപ്പെട്ട ഉസ്താദിന്റെ 'ഖദീമായ ഖൗല്‍' അറിയാതെ പോയതിന്റെ ഉത്തരവാദിത്വവും സലഫികളുടെ മേല്‍ ചാര്‍ത്തുമോ എന്നതും കണ്ടറിയണം!
അസഹിഷ്ണുതയുടെ കാന്തപുരം മോഡല്‍
മാനവസംഗമങ്ങളും സൗഹൃദചായയും തീര്‍ത്ത മരീചികയില്‍ മാഞ്ഞുപോകുന്നതല്ല കാന്തപുരം ഗ്രൂപ്പിന്റെ അസഹിഷ്ണുത. മുജാഹിദ്-ജമാഅത്ത് വിഭാഗങ്ങളോട് സലാം പറയരുതെന്ന് മദ്‌റസാ പാഠപുസ്തകങ്ങളിലൂടെ പിഞ്ചുമനസ്സുകളെ പഠിപ്പിച്ച വിഭാഗം സൗഹൃദത്തിന്റെ വക്താക്കളായി രംഗപ്രവേശം ചെയ്യുമ്പോള്‍ തീര്‍ക്കുന്ന വൈരുധ്യാത്മക സുന്നത്ത് ജമാഅത്ത് ഉസ്താദിനും അനുയായികള്‍ക്കും മാത്രമേ അവകാശപ്പെടാന്‍ കഴിയുകയുള്ളൂ. 'ഈ പള്ളിയില്‍ മുജാഹിദ്-ജമാഅത്ത് പുത്തന്‍വാദികള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ് വെച്ച ആരാധനാലയം ലോകത്ത് മറ്റേതെങ്കിലും മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയിലുണ്ടോ എന്നതും സംശയമാണ്. നാട്ടില്‍ മുജാഹിദുകള്‍ മരിച്ചാല്‍ മയ്യിത്ത് നമസ്‌കരിക്കില്ലെന്ന് വാശിപിടിച്ച പല കാന്തപുരം അനുയായികളായ മുസ്‌ല്യാക്കളെയും സുന്നി മഹല്ലുകള്‍ തന്നെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടിട്ടുണ്ട്.ഇതര മുസ്‌ലിം സംഘടനകള്‍ തമ്മില്‍ ആശയപരമായ വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പൊതുവിഷയങ്ങളില്‍ സമവായത്തിലെത്താന്‍ സന്മനസ്സു കാണിക്കുമ്പോഴും തങ്ങളുടെ വൃത്തത്തിന് പുറത്തൊരു ലോകത്തെ ഉള്‍ക്കൊള്ളാന്‍പോലും കഴിയാത്തവരാണ് കാന്തപുരം ഗ്രൂപ്പ്. ഇതര മുസ്‌ലിം സംഘടനകളുമായി യോജിക്കാവുന്ന ഒരു പ്രതലം പോലുമില്ലെന്നതാണ് കാന്തപുരം ഗ്രൂപ്പിനെ വ്യതിരിക്തമാക്കുന്നത്.
മാത്രമല്ല, വഹാബികള്‍ ഉള്‍പ്പെടുന്ന മുസ്‌ലിംലീഗില്‍ പ്രവര്‍ത്തിക്കുന്നതുപോലും മഹാപാതകമായി അവതരിപ്പിച്ചുകൊണ്ടാണ് ഇതര സുന്നികളെ കാന്തപുരം ടാര്‍ജറ്റ് ചെയ്യുന്നത്. കാന്തപുരം ഗ്രൂപ്പിന്റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ് ടെക്സ്റ്റ് ബുക്കിന്റെ പേരിലുള്ള യൂനിവേഴ്‌സിറ്റി മാര്‍ച്ച്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവയെ വെച്ച് പൊറുപ്പിക്കില്ലെന്ന ഫാഷിസ്റ്റ് മനോഭാവത്തിന്റെ മറ്റൊരു ഉദാഹരണം കാണാന്‍ മലയാളികള്‍ക്ക് അവസരം തന്ന ഈ വിഭാഗം, കുഞ്ഞായന്‍ മുസ്‌ല്യാരുടെയും മങ്ങാട്ടച്ചന്റെയും പിന്‍തുടര്‍ച്ചക്കാരാണെന്ന് പറയുന്നതിലെ വൈരുധ്യം പോലും ഇവര്‍ക്ക് മനസ്സിലായെന്നുവരില്ല!
സ്ത്രീ വിരുദ്ധതയുടെ ആള്‍രൂപങ്ങള്‍
നവോത്ഥാന നായകന്മാരുടെ പ്രവര്‍ത്തനങ്ങളിലെ പ്രധാനമേഖല സ്ത്രീ ശാക്തീകരണമായിരുന്നു. നവോത്ഥാന നായകനായി കാന്തപുരത്തെ അനുയായികള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സ്ത്രീ-സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് കാന്തപുരം സ്വീകരിച്ച നിലപാടുകളെ വിലയിരുത്തേണ്ടതുണ്ട്. ഇസ്‌ലാം സ്ത്രീകള്‍ക്ക് അനുവദിച്ച അവകാശങ്ങളെ ഹനിക്കുക മാത്രമല്ല, ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും വികൃതമാക്കുന്ന പിന്തിരിപ്പന്‍ നിലപാടുകളുടെ ഘോഷയാത്രയാണ് ഉസ്താദും അനുയായികളും തീര്‍ത്തത്. മുസ്‌ലിം സ്ത്രീകള്‍ക്ക് ഇസ്‌ലാം അനുവദിച്ച ആരാധനാ സ്വാതന്ത്ര്യംപോലും പള്ളിക്കകത്ത് നല്‍കാത്തവരാണ് നവോത്ഥാനത്തിന്റെ പിന്‍മുറക്കാരെന്ന് പറയുന്നത്!തങ്ങളുടെ സംഘടനയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുക മാത്രമല്ല, സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേകം സംഘടനയുണ്ടാക്കുന്നതുപോലും ഹറാമാണെന്ന് വിശ്വസിക്കുന്ന സമ്പൂര്‍ണ സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്രമാണ് കാന്തപുരം വിഭാവനം ചെയ്യുന്ന മതം. സ്ത്രീയും പുരുഷനും ഒരേവേദിയില്‍ ഇരിക്കുന്നതും സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ഹറാമാണെന്ന ഫത്‌വകള്‍ സ്ഥിരമായി പുറപ്പെടുവിക്കുന്ന ഉസ്താദിന്റെ പുരോഗമന സങ്കല്‍പങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ.
കേരളത്തില്‍ മുസ്‌ലിം സ്ത്രീകളില്‍ മുഖംമൂടിയെ വ്യാപകമാക്കുന്നതില്‍ കാന്തപുരം ഗ്രൂപ്പിന്റെ പങ്ക് ചെറുതല്ല. മതപ്രഭാഷണങ്ങളുടെ കാന്തപുരം ശൈലികള്‍ പരിശോധിച്ചാല്‍ നവസലഫികളെ വെല്ലുന്ന ഇസ്‌ലാമിന്റെ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് അനവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. ഒരുഭാഗത്ത് ശുദ്ധിവാദവും അക്ഷരപൂജയുമായി ആന്തരികരംഗം ചുരുങ്ങുമ്പോള്‍, അബദ്ധജടിലമായ പ്രസ്താവനകള്‍ മൂലം മുസ്‌ലിംകള്‍ക്ക് പേരുദോഷം സൃഷ്ടിക്കാനും കാന്തപുരം തന്റേതായ സേവനങ്ങള്‍ ചെയ്യുന്നുണ്ട്. നിബന്ധനകള്‍ക്ക് വിധേയമായി ഇസ്‌ലാം അനുവദിച്ച ബഹുഭാര്യത്വംപോലും പുരുഷന്റെ ലൈംഗികശമനത്തിന് വേണ്ടി മാത്രം ഇസ്‌ലാം സൃഷ്ടിച്ച വ്യവസ്ഥയാണെന്ന് ക്യാമറയ്ക്ക് മുന്നില്‍ വിഡ്ഢിത്തം വിളമ്പി മുസ്‌ലിം സമൂഹത്തിനെ മൊത്തത്തില്‍ പരിഹാസ്യമാക്കിയ പുരോഹിതന്റെ അനുയായികളെ പൊതുസമൂഹം കൃത്യമായി മനസ്സിലാക്കിയതാണ്.
ഫാസിസ്റ്റ് ബാന്ധവങ്ങള്‍
പൊതുവിഷയങ്ങളില്‍ ഇതര മുസ്‌ലിം സംഘടനകളുടെ കൂടെ കേരളത്തില്‍ ഒരുമിച്ചിരിക്കുന്നത് പ്രഹസനം മാത്രമാണെങ്കിലും, സംഘപരിവാറിന്റെ ആശീര്‍വാദത്തോടെ നടന്ന ലോകസൂഫി ഫോറത്തില്‍ ഉസ്താദിനെ കാണുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. ആയിരങ്ങള്‍ ഗുജറാത്ത് തെരുവോരങ്ങളില്‍ കശാപ്പ് ചെയ്യപ്പെട്ടത് ഉസ്താദ് അറിഞ്ഞുകാണില്ലന്ന് വിശ്വസിക്കാന്‍ തന്നെയാണ് അനുയായികള്‍ ശ്രമിക്കുന്നത്.ഇന്ത്യയില്‍ നിന്നും വഹാബിസത്തെ തുടച്ചുനീക്കാനും ആത്മീയ ചൂഷണ വ്യാപാരമേഖലയില്‍ കുതിച്ചുചാട്ടം നടത്താനുമുള്ള ഫാഷിസ്റ്റ് - സൂഫി ധാരണയുടെ ആദ്യപടിയായിട്ടാണ് ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഉസ്താദിന്റെ അജ്ഞതയിലൂടെ പുറത്തുവന്നത്. സാക്കിര്‍ നായികിനെ തീവ്രവാദിയായി ചിത്രീകരിക്കുന്നതില്‍ സംഘ്പരിവാറിനും കാന്തപുരത്തിനും ഏകസ്വരം വരുന്നതും പരസ്പര ധാരണയിലൂടെയാണ്. ഡല്‍ഹിയില്‍ നടന്ന ലോക സൂഫി ഫോറത്തിന്റെ ശേഷം നടക്കുന്ന സംഭവവികാസങ്ങള്‍ സൂഫി-സംഘി ബാന്ധവത്തിന്റെ കൂടുതല്‍ തെളിവുകളിലേക്ക് വിരല്‍ചൂണ്ടുന്നു.
മലയാളികളുടെ
മുന്നിലെ കാന്തപുരം
കാല്‍നൂറ്റാണ്ട് ചരിത്രം കാന്തപുരം വിഭാഗത്തിന് നല്‍കുന്ന യോഗ്യതാ പത്രങ്ങള്‍ മലയാളികളുടെ മുന്നില്‍ സ്പഷ്ടമാണ്. കേരളീയ മുസ്‌ലിം സമൂഹത്തിലും പൊതുസമൂഹത്തിലും 'കാന്തപുരം സുന്നി'യെന്ന സംജ്ഞ ധ്വനിപ്പിക്കുന്ന 'ഇമേജു'കള്‍ മിക്കതും നെഗറ്റീവാണ്. ഇതര മുസ്‌ലിം വിഭാഗങ്ങളുമായി ഒരുമിച്ചിരിക്കാന്‍ പോലും കഴിയാത്തവിധം അസഹിഷ്ണുത ബാധിച്ച ചരിത്രമാണ് 1989ലെ രംഗപ്രവേശം മുതല്‍ ഇക്കാലമത്രയും കാന്തപുരം വിഭാഗം മുസ്‌ലിംസമൂഹത്തില്‍ തീര്‍ത്തത്.അബദ്ധജടിലമായ പിന്തിരിപ്പന്‍ നിലപാടുകള്‍ മാധ്യമങ്ങളിലൂടെ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍, അതിയാഥാസ്ഥിതിക മതമൗലികവാദിയെന്ന സ്ഥിരപ്രതിഷ്ഠ കാന്തപുരം പൊതുസമൂഹത്തില്‍ നേടിയെടുത്തെന്നതും വസ്തുതയാണ്. ചേകന്നൂര്‍ മൗലവി തിരോധാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൂടെ 'ടൈഗര്‍ സുന്നി'യും 'ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യ'യും ഈ വിഭാഗത്തിന് നേടിക്കൊടുത്ത തീവ്രവാദ മുദ്രയും മലയാളികള്‍ക്ക് മറക്കാന്‍ സമയമായിട്ടില്ല.
സമീപകാലത്ത്, പ്രവാചക തിരുശേഷിപ്പെന്ന വ്യാജേന അവതരിപ്പിച്ച മുടിക്കെട്ടുകളിലൂടെ സ്വപ്നംകണ്ടിരുന്ന 'മെഗാ ആത്മീയ ചൂഷണ'ത്തെ കേരളത്തിലെ സുന്നികളടക്കമുള്ളവര്‍ ജനകീയ വിചാരണയ്ക്ക് വിധേയമാക്കിയതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട സംഘടനാ പ്രതിസന്ധികളും ഇക്കൂട്ടരെ വലച്ചുകൊണ്ടിരിക്കുന്നു. കാന്തപുരത്തിന്റെ മക്കളാണെന്ന് അഭിമാനിച്ചിരുന്നവര്‍ തന്നെ ഉസ്താദിന്റെ കാപട്യങ്ങളെ ജനസമൂഹത്തില്‍ തുറന്നുകാട്ടുന്ന അവസ്ഥയും ഇപ്പോള്‍ സംജാതമായിട്ടുണ്ട്!
സി പി ശഫീഖ്
ശബാബ് വാരിക,
2016 ഡിസംബർ 02 വെള്ളി
https://www.youtube.com/watch?v=rVNc4UO6HWU
ReplyDelete