മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Thursday, December 6, 2018

മധുരപ്പതിനേഴിലെത്തിയ മൂത്ത പുത്രൻ, സുഖ-ദുഃഖ സമ്മിശ്രമായ ഒരു ഡിസംബർ ആറ്!


2001 ഡിസംബർ 5 രാത്രി. അന്ന് അജ്മാനിലെ മുസ്വല്ല സൂഖിലെ 208 ആം നമ്പർ ഫ്ലാറ്റിൽ എല്ലാവരും കിടന്നുറങ്ങുന്നു. ഞാൻ മാത്രം വല്ലാത്ത ബേജാറോടെ ഫ്ലാറ്റിൽ ഉലാത്തുന്നു...

രാത്രി 12 കഴിഞ്ഞിരുന്നു കടയടക്കുമ്പോൾ. പിന്നീട് കടയുടെ പുറത്ത് സാധനങ്ങൾ വെക്കാൻ ഇട്ടിരുന്ന ബെഞ്ചിലിരുന്ന് സുഹൃത്തുക്കളോടൊത്ത് തമാശ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് നാട്ടിൽ നിന്നും മിസ്ഡ് കോൾ വന്നത്. ഫോൺ കാർഡെടുത്ത് ബൂത്തിൽ പോയി തിരികെ വിളിച്ചപ്പോൾ Shejila -യെ പ്രസവ വേദനയെ തുടർന്ന് അഡ്മിറ്റ് ആക്കി എന്നും, കൊണ്ടു വന്ന പാടെ ലേബർ റൂമിൽ കയറ്റി എന്നും അറിഞ്ഞു.

തിരികെ വീണ്ടും വന്ന് കൂട്ടുകാരുമൊത്ത് അല്പം കളിചിരി തമാശകൾ... എല്ലാവരും സലാം പറഞ്ഞ് റൂമിലെത്തിയപ്പോൾ എളാപ്പ ഫുഡ് കഴിച്ച് കിടന്നിരുന്നു. ഞാനും എടുത്തുവെച്ച ഖുബ്ബൂസും ചിക്കൻ കറിയും തട്ടി. കിടന്നു നോക്കി... ആകെ ഒരു ആകാംക്ഷ, ടെൻഷൻ.... ആദ്യമായി വാപ്പയാകാൻ പോകുന്നതിന്റെ ഒരു ത്രില്ല് മനസ്സിൽ. കിടന്നിട്ടൊരു സുഖവും ഇല്ല. ഉമ്മാനെ ഒന്നുകൂടി വിളിച്ചു നോക്കി... അവർ ലേബർ റൂമിനു പുറത്ത് ആദ്യപേരക്കുട്ടിയെ വരവേൽക്കാൻ അക്ഷമരായി കാത്തു നില്പാണ്. പേടിക്കാനൊന്നും ഇല്ല. എന്തെങ്കിലും വിവരം കിട്ടിയാൽ ആദ്യം നിന്നെ വിളിച്ചുപറയാം എന്ന് ഉമ്മാന്റെ സ്നേഹം.

എനിക്കുണ്ടോ ഉറക്കം വരുന്നു... ഞാൻ നടക്കുകതന്നെയായിരുന്നു... അന്ന് ആ നടത്തം റോഡിലൂടെ നേരെ നടന്നിരുന്നെങ്കിൽ ഞാൻ നാട്ടിലെത്തുമായിരുന്നു എന്നുവരെ തോന്നിപ്പോയി... സുബ്‌ഹി ബാങ്ക് കൊടുത്തു... എളാപ്പാടെ അലാറം രണ്ടുതവണ കിക്കിക്കിന്ന് പറയുമ്പോഴേക്കും നിശബ്ദമായി... ഞാൻ മെല്ലെ ബാത്ത് റൂമിൽ കയറി മുഖം കഴുകി, അംഗശുദ്ധിവരുത്തി ഇറങ്ങുമ്പോഴേക്ക് എളാപ്പയും വന്നു.  ‘നീ ഇന്നലെ ഉറങ്ങീലേ...‘ ഇല്ല. അതിനു മറുപടി ഒരു മൂളൽ പോലും തരാതെ പുള്ളി ബാത്ത്റൂമിൽ കയറി വാതിലടച്ചു. ഞങ്ങൾ ഒരുമിച്ച് പള്ളിയിലേക്ക് പോകുമ്പോ എളാപ്പ ചോദിച്ചു;
‘ഷജിലാനെ അഡ്മിറ്റ് ചെയ്തിട്ട് എന്താ വിവരം?‘
“ലേബർ റൂമിലേക്ക് കൊണ്ടോയിട്ടുണ്ട്, എന്തെങ്കിലും വിവരം ഉണ്ടെങ്കി വിളിക്കാന്ന് പറഞ്ഞിട്ടുണ്ട്.“
‘ഉം...‘

നിസ്കരിച്ചുകൊണ്ട് നിൽക്കുമ്പോൾ ഫോൺ വന്നു, ഭാഗ്യം, ഞാൻ അത് സൈലന്റ് ആക്കിയിരുന്നു. നിസ്കാരം കഴിഞ്ഞ് നോക്കിയപ്പോ നാട്ടിൽ നിന്ന് ഉമ്മാന്റെ വിളി. തിരിച്ചു വിളിച്ചപ്പോ ബിസിയോടു ബിസി... ഷെജില പ്രസവിച്ചോ... കുട്ടി ആണാണോ പെണ്ണാണോ... ഒന്നും മനസ്സിലാകുന്നില്ല... ആദ്യത്തേക്കാൾ ബേജാറും വെപ്രാളവും ദേഷ്യോം സങ്കടോം... പത്തു മിനുട്ടോളം കഴിഞ്ഞാണ് ഉമ്മാനെ ലൈനിൽ കിട്ടിയത്. ഹാവൂ!

“എത്ര നേരായി ഞാൻ വിളിക്കുന്നു...“
‘ഞാൻ എല്ലരോടും വിളിച്ചു പറയായിരുന്നു...‘ -ഉമ്മ.
“പ്രസവിച്ചോ? കുഴപ്പമൊന്നും ഇല്ലല്ലോ... ഓളെ ഒന്ന് കിട്ടോ...?“
‘പ്രസവിച്ചു, ആൺകുട്ടി, കുഴപ്പമൊന്നും ഇല്ല, മൂന്നര കിലോ തൂക്കമുണ്ട്... ലേബർ റൂമീന്ന് കൊണ്ടുവന്നാൽ ഞാൻ വിളിക്കാം‘  -ഉമ്മ
 ഉം... ന്നാ ശരി, അസ്സലാമു അലൈക്കും....
“വ അലൈക്കുമുസ്സലാം വറഹ്മത്തുല്ലാഹി വ ബറക്കാത്തുഹു...“

ഈ ഫോൺ ചെയ്തുകൊണ്ട് നിൽക്കുമ്പോൾ മറ്റൊരു കോൾ വരുന്നു. നോക്കിയപ്പോ എളാപ്പയാണ്. ഉമ്മാന്റെ കോൾ കട്ട് ചെയ്ത് എളാപ്പാടെ ഫോൺ അറ്റന്റ് ചെയ്തു.

“ജ്ജ് റൂമില് ണ്ടാ?“
‘ആ... ണ്ട്... ന്തേ...?‘
“ഒന്ന് ങ്ങട് വന്നാ... ആ ഗഫൂറ് മരിച്ചു....“
‘ഇന്നാലില്ലാഹ്... ഏത് ഗഫൂറ്?‘
“ആ 901 ബിയിലെ...“
‘യാ അല്ലാഹ്...! ഞാനിതാ വരുന്നു...‘

ഇന്നലെ രാത്രി ഒന്നരമണി വരെ കളിയും തമാശയും പൊട്ടിച്ചിരികളുമായി കൂടെ ഇരുന്ന ഗഫൂർ രാവിലെ ആകുമ്പോഴേക്ക് ഈ ലോകത്ത് നിന്നും വിടവാങ്ങി എന്ന് വിശ്വസിക്കാനേ ആയില്ല...

ഞാൻ ചെല്ലുമ്പോൾ ഫ്ലാറ്റിൽ മൊത്തം പോലീസും സിഐഡികളും... പലരെയും പരിചയമുണ്ടായിരുന്നതുകൊണ്ട് എനിക്ക് ഫ്ലാറ്റിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞു. ഗഫൂറിന്റെ കൂടെ കിടന്നിരുന്ന സുഹൃത്തിന്റെ കരച്ചിലാണ് അതുവരെ ഉണ്ടായിരുന്ന അമ്പരപ്പും ധൈര്യവുമെല്ലാം ചോർത്തിക്കളഞ്ഞത്... രണ്ടാളും കൂടെ ഒരൊറ്റബെഡിൽ കിടന്നിട്ട്, അവനെ കെട്ടിപ്പിടിച്ചു കിടന്നിട്ട്, അവൻ പോകുമ്പോ എന്നെ വിളിച്ചില്ലല്ലോ എന്നൊക്കെ പറഞ്ഞ് അലമുറയിടുന്നു... പിന്നീട് പലപ്പോഴും ആ രംഗം ഞാൻ ആലോചിച്ചു നോക്കാറുണ്ട്... തൊട്ടടുത്ത് തൊട്ടുകിടന്നിട്ടും അവരറിയാതെ അവരുടെ ആത്മാവ് ഊർന്നിറങ്ങിപ്പോകുന്നു! രാവിലെ ചായയുണ്ടാക്കി വിളിക്കുന്നു. എഴുന്നേൽക്കാതായപ്പോ എന്താ പഹയാ നീ ചത്തു കിടക്കുകയാണോ എന്ന സ്വാഭാവിക തമാശ... പിന്നീട് അതുതന്നെ സംഭവിച്ചു എന്നറിയുമ്പോഴുണ്ടാകുന്ന വിങ്ങൽ... അവൻ പിന്നീട് കൗൺസലിംഗിനൊക്കെ വിധേയമായാണ് സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നത്...

പറഞ്ഞു വന്നത്,
മൂത്ത പുത്രന്റെ ജനനമറിഞ്ഞുള്ള സന്തോഷത്തോടൊപ്പം കൂട്ടുകാരന്റെ ആകസ്മിക വിയോഗമുണ്ടാക്കിയ നോവും കൂടി ചേർന്നതാണ് എനിക്ക് ഈ ദിനം.  അതിനു ശേഷമുള്ള ഓരോ ഡിസംബർ ആറും...

ജന്മ-ചരമ ദിനങ്ങൾ ആഘോഷിക്കാറില്ല. എങ്കിലും മക്കൾ വലുതാകുന്നു എന്നറിയുമ്പോൾ ഓരോ മാതാപിതാക്കൾക്കുമുണ്ടാകുന്ന ഒരു അഭിമാനവും സന്തോഷവും അത് നിങ്ങളുമായി പങ്കുവെച്ചു എന്നുമാത്രം... ബോറടിപ്പിച്ചെങ്കിൽ ക്ഷമിക്കുക.


- മലയാളി പെരിങ്ങോട്


ഈ പോസ്റ്റ് ഫെയ്സ്ബുക്കിൽ:

No comments:

Post a Comment