മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Monday, December 17, 2018

മുജാഹിദ് ഐക്യം: ഭവിഷത്തുകൾ അന്നേ പ്രകടിപ്പിച്ചിരുന്നു!

Malayali Peringode, Mujahid, Madavoor, Salafi, KNM, ISM


ഐക്യ പ്രഖ്യാപനത്തിന്റെ ഏതാനും ദിവസം മുൻപ്, 2016 ഡിസംബർ ആദ്യത്തിലായിരുന്നുവത്. രാവിലെ പ്രിയ സുഹൃത്ത് മൻസൂറലി ചെമ്മാടിന്റെ ഒരു ഫോൺ കാൾ.

“സിപി വിളിച്ചിരുന്നു. (സിപി ഉമർ സുല്ലമി) ഇന്ന് നേതാക്കളുമായി ഒരു സിറ്റിങ്ങുണ്ട്. പത്ത് മണിക്ക് ഞാൻ മർക്കസുദ്ദ‌അ്‌വയിലെത്തും. മലയാളിയുമുണ്ടാവണം.“
ഞാൻ: ങേ? ഇവിടെ ഉള്ള ഞാൻ അറിഞ്ഞില്ലല്ലോ! ആഹ്... ഏതായാലും ങ്ങളു ബരീം ഞമ്മക്കൊരു ചായയൊക്കെ കുടിച്ച് പിരിയാം... എന്ന് പതിവുപോലെ ഞാൻ പറഞ്ഞു.

ഐക്യത്തിന്റെ ചർച്ചകളും കോലാഹലങ്ങളും ചൂടൂപിടിച്ച സമയമയിരുന്നുവത്. മർക്കസുദ്ദ‌അവ വളരെ സജീവം. നേതാക്കൾ എപ്പോഴും അവിടെയുണ്ട്. മീറ്റിങ്ങ് ഹാളുകളിലും ഗസ്റ്റ് റൂമിലും നേതാക്കളുടെ കാബിനുകളിലും പള്ളിയിലുമൊക്കെയായി പല പല ചർച്ചകൾ. പത്ത് മണിക്ക് മുമ്പ് തന്നെ മൻസൂർക്ക എത്തി. ഞങ്ങൾ ജയ ഹോട്ടലിൽ പോയി ഓരോ ചായയും ഉഴുന്നുവടയും കഴിച്ചു. അപ്പോഴേക്കും കെ എൻ എമ്മിന്റെ ഓഫീസിൽ നിന്നും മൻസൂർക്കക്ക് വിളിയെത്തി. “നിങ്ങളെവിടെ? മടവൂരും സിപിയും നിങ്ങളെ അന്വേഷിക്കുന്നു...“ ഇതാവരുന്നു എന്ന മറുപടിയോടെ, മൻസൂർക്ക നടത്തം വേഗം കൂട്ടിയിട്ട് പറഞ്ഞു: ‘മടവൂരും സീപിയുമൊക്കെ നമ്മളെ കാത്തിരിക്കുന്നു, വേഗം പോകാം...‘

നേരെ മർകസുദ്ദ‌അ്‌വയിലേക്ക് കയറി. വൈകാതെ ഗസ്റ്റ് റൂമിൽ ചർച്ചയാരംഭിച്ചു. സി പി, മടവൂർ. സലാഹുദ്ദീൻ മദനി, ഹാഷിംക്ക (ആലപ്പുഴ) എന്നിവരായിരുന്നു ഉണ്ടായിരുന്നത്. സംഘടനയുടെ ഐ ടി വകുപ്പ് കൈകാര്യം ചെയ്യുന്നവരെന്ന നിലക്ക് ഐക്യത്തിന്റെ കാര്യങ്ങൾ ഔദ്യോഗികമായി ഞങ്ങളെ അറിയിക്കുകയായിരുന്നു സിറ്റിങ്ങിന്റെ ഉദ്ദേശം എന്ന് ചർച്ച തുടങ്ങിയപ്പോൾ മനസ്സിലായി.

ആദ്യം സിപിയും തുടർന്ന് മടവൂരുമാണ് കാര്യങ്ങൾ വിശദീകരിച്ചത്. ഞങ്ങളുടെ മുഖഭാവം കണ്ടിട്ടാണൊ എന്താന്നറിയില്ല, നേതാക്കൾ വിട്ടുവീഴ്ചയുടെ മാഹാത്മ്യം അല്പം ഊന്നിപ്പറഞ്ഞിരുന്നു. ഐക്യം യാഥാർത്ഥ്യമാവാൻ പോവുകയാണെന്നും  ഓൺലൈനിൽ സജീവമായ പ്രവർത്തകരെ അതിനു പാകപ്പെടുത്തണമെന്നും ഐക്യത്തിനു ദോഷം ചെയ്യുന്ന നീക്കങ്ങൾ തടയണമെന്നുമൊക്കെ പറഞ്ഞാണ് അവർ സംസാരമവസാനിപ്പിച്ചത്. പിന്നീടങ്ങോട്ട് അവരോടും സംസാരിക്കാനുള്ള അവസരമായിരുന്നു.

ഇപ്പോഴുണ്ടാകാൻ പോകുന്ന ഐക്യത്തിലെ ചതി, വഞ്ചന, കെണി, ആദർശ വിഷയങ്ങളിലെ അവ്യക്തതകൾ തുടങ്ങി ഒരുപാട് വിഷയങ്ങളിൽ അസംതൃപ്തരായ ആളുകളുടെ വികാരം ഞങ്ങൾ നേതാക്കളെ അറിയിച്ചു. ഐക്യം ഇത്ര പെട്ടെന്ന് പ്രഖ്യാപിക്കുന്നതിന്റെയും വ്യവസ്ഥകളിലെ അവ്യക്തതകളെയും കുറിച്ച ആശങ്ക ഞങ്ങൾ അവരോട് പങ്കുവെച്ചു. അതിൽ മുൻപന്തിയിൽ വന്നത് സിഹ്‌റ് വിഷയത്തിലെ അവ്യക്തത തന്നെയായിരുന്നു. 2002 ലെ പിളർപ്പ് സമയത്ത് സംഘടനാപരമായി സിഹ്റ് ഒരു തർക്കവിഷയമേ ആയിരുന്നില്ല. പിന്നീടാണ്ത് കൂടുതൽ കാർക്കശ്യത്തിലേക്ക് വന്നതും അതിന്മേലുള്ള സംവാദങ്ങളും മറ്റും ഉണ്ടാകുന്നതും. അന്നത്തെ ആ പിളർപ്പിനു ശേഷം സംഘടനയുടെ ഔദ്യോഗിക അഭിപ്രായം സിഹ്റ് ഫലിക്കും എന്നാക്കിയിട്ടുണ്ടെന്നും, അങ്ങനൊരു ടീമിനോടാണ് നമ്മൾ ഐക്യപ്പെടുന്നതെന്നും മൻസൂർക്ക പറഞ്ഞു. ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് നിശബ്ദരായിരിക്കുന്ന നേതാക്കളിൽ നിന്ന് സിപിയാണ് ഈ വാചകം കേട്ടപ്പോൾ പെട്ടെന്ന് മറുപടി പറഞ്ഞത്:

”അത്പ്പോ... വാദപ്രതിവാദങ്ങളിലും അതിന്റെ ചർച്ചകളിലുമൊക്കെ പോലും നമ്മൾക്കെതിരിലുള്ള ആരോപണങ്ങളെയും ചതികളെയും സമയത്തിന് തിരിച്ചറിഞ്ഞ് ഇടപെടുന്ന കരുമ്പുലാക്കലും അലിമദനിയുമൊക്കെയല്ലേ ആ ചർച്ചകൾക്ക് പോയിരുന്നത്. അങ്ങനെയൊക്കെ ഇവരെ പറ്റിക്കാൻ പറ്റൂലല്ലോ.,ഓരൊക്കെ നമ്മുടെ ആദർശവും നയനിലപാടുകളും കൃത്യമായറിയുന്നവരാണല്ലോ.. ങ്ഹാ.. നമ്മുടെ  സലീം സുല്ലമിയും ചില്ലറക്കാരനല്ലല്ലോ.. അവർ അതൊക്കെ ശ്രദ്ധിച്ച് യുക്തമായ തീരുമാനമെടുത്തിരിക്കും...” അങ്ങനെ തന്നെ ഞങ്ങളും കരുതി. പക്ഷേ...

ഐക്യചർച്ചകൾ പുറത്തറിഞ്ഞ് തുടങ്ങിയ കാലത്ത് മൻസൂർക്ക ഒരിക്കൽ മടവൂരിന്റെ വീട്ടിൽ പോയിരുന്നു എന്നും മറ്റുമുള്ള കാര്യങ്ങൾ സംസാരത്തിലേക്ക് കടന്ന് വന്നു. അന്നും ഐക്യത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയും ചില ആശങ്കകൾ മൻസൂർക്കയും മടവൂരും പങ്കുവെച്ചിരുന്നുവത്രെ. സാധാരണ പ്രവർത്തകരുടെ മനസ്സ് യോജിപ്പിനു പാകപ്പെടാതെ ഐക്യം പ്രഖ്യാപിക്കുന്നത് അബദ്ധമായേക്കുമെന്നും ഐക്യ നടപടികൾ പൂർത്തീകരിക്കാൻ വേണ്ടി നിശ്ചയിക്കുന്ന രണ്ട് വർഷം അപ്രകാരം പാകപ്പെടാനുള്ളതാക്കി മാറ്റുകയും രണ്ട് വർഷത്തിനു ശേഷം പരസ്പരം ലയിക്കാമെന്നും അത് വളരെ എളുപ്പമാവുമെന്നും മൻസൂർക്ക അഭിപ്രായപ്പെട്ടിരുന്നു എന്നൊക്കെ പറഞ്ഞു. പരസ്പരം സഹകരിക്കാവുന്ന മേഖലകളിലൊക്കെ സഹകരിച്ചും വിയോജിക്കുന്ന മേഖലകളിൽ പരസ്പരം കലഹങ്ങളില്ലാതെ മാറി നിന്നും രണ്ട് സംഘടനകളായി തന്നെ നിലനിൽക്കുകയും പൊതുവായ ഒരു അഡ്‌ഹോക്ക് കമ്മിറ്റിക്ക് കീഴിൽ തർക്ക പരിഹാര ശ്രമങ്ങളും സമ്മേളനങ്ങളടക്കമുള്ള പ്രവർത്തനങ്ങളും സംഘടിപ്പിച്ച് ഒരു ഐക്യമുന്നണി (നമ്മുടെ യുഡി‌എഫ്-എൽഡിഎഫ് പോലെ) സംവിധാനം ഉണ്ടാക്കിയാൽ പോരെ എന്ന് അദ്ദേഹം ചോദിച്ചിരുന്നത്രെ. ഹുസൈൻ മടവൂർ ഈ അഭിപ്രായത്തെ അന്ന് വളരെ താല്പര്യത്തോടെ ആയിരുന്നു പ്രതികരിച്ചിരുന്നത് എന്നും, ഇക്കാര്യം താൻ കമ്മിറ്റിയിൽ വെക്കാമെന്നും പറഞ്ഞിരുന്നു എന്നൊക്കെ, ഞങ്ങളൊന്നിച്ചുള്ള ഈ സിറ്റിങ്ങിൽ മൻസൂർക്ക മടവൂരിനോട് അന്വേഷിച്ചു. “അതിനി പറ്റൂല, എല്ലാം തീരുമാനമായി എന്നാണ് അസ്ഗറലി പറഞ്ഞത്“ മടവൂർ മറുപടി പറഞ്ഞു.

“സർ, സിഹ്‌റ് വിഷയത്തിൽ നമ്മളിനി എന്ത് പറയും...?“
മൻസൂർക്ക സി പിയെ നോക്കി ചോദിച്ചു.
സിപി പറഞ്ഞു: “സിഹ്‌ർ വിഷയത്തിൽ നമ്മൾക്കൊരു മാറ്റവുമില്ല. ഇത് വരെ എന്താണൊ പറഞ്ഞിരുന്നത് അത് തന്നെയാണ് നമ്മുടെ വിശ്വാസം.“
മൻസൂർ അലി: “അപ്പോൾ അവരോ“
സിപി: “അതെ, രണ്ട് അഭിപ്രായമുള്ളവരും ഉണ്ടാവും“
മൻസൂർ അലി: “സർ, സിഹ്‌റിൽ നമ്മൾ പറയുന്ന വാദം തൗഹീദുമായി ബന്ധപ്പെട്ടതല്ലേ?“
സിപി: “അതെ“
മൻസൂർ അലി: “മറ്റേ വീക്ഷണത്തിൽ ശിർക്കുള്ളത് കൊണ്ടല്ലേ സർ നമ്മളത് സ്വീകരിക്കാത്തത്?“
സിപി: ”അതെ“
മൻസൂർ അലി: “അപ്പോൾ തൗഹീദും ശിർക്കും എങ്ങിനെയാ സർ ഒരുമിച്ച് പോവുക“

ഇത് കേട്ട മാത്രയിൽ പ്രതികരിച്ചത് മടവൂരായിരുന്നു. അദ്ദേഹം സിപിയോടായി പറഞ്ഞത്, “മൗലവീ, ഈ ചോദ്യം നമ്മൾ ഇനി മുതൽ കുറെ നേരിടേണ്ടി വരും. അതിനുള്ള ഉത്തരം എന്താ പറയുക“
സി പി: “അതെ.. അതിന് ഉത്തരം പറയേണ്ടി വരും!“

മൻസൂർക്ക മടവൂരിനോടാണ് പിന്നീട് ചോദിച്ചത്.
“നിങ്ങൾ നമ്മുടെ വിട്ടുവീഴ്ചകളെ കുറിച്ച് കുറേ പറഞ്ഞല്ലോ. ശരി, പക്ഷെ രണ്ട് കക്ഷികൾ തമ്മിലുള്ള കരാറിൽ നീതി ഉണ്ടാവണമല്ലോ. കെഎൻഎമ്മുകാർ (സിഡി ടവർ) നമ്മോട് ചെയ്ത ഒരു വിട്ടുവീഴ്ച പറഞ്ഞ് തരാനാവുമോ സർ...?“
മടവൂർ: “ഓഹ് ഉണ്ടല്ലോ... അവർ നമ്മളെ അംഗീകരിക്കാൻ തയ്യാറായത് തന്നെ ഒരു വിട്ടുവീഴ്ചയല്ലേ?“
മൻസൂർ അലി: “ഇല്ല സർ, അതൊരു വിട്ടുവീഴ്ചയല്ല. കാരണം, നമ്മളുണ്ടാക്കിയ സംഘടനാ സംവിധാനമൊക്കെ പിരിച്ച് വിട്ട് ചെന്നാൽ നമ്മളെ അംഗീകരിച്ചോളാം എന്ന് എത്ര കൊല്ലമായി അവർ പറഞ്ഞ് കൊണ്ടിരിക്കുന്നു. അവർ പറഞ്ഞമാതിരി നമ്മളതൊക്കെ വിട്ട് അവരുമായി ലയിക്കാൻ ഒരുങ്ങുമ്പോൾ അവരാ കാര്യം പാലിക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലാതെ നമ്മളോടുള്ള വിട്ടുവീഴ്ചയല്ല, പകരം ആ വിഷയത്തിലും നമ്മളാണ് അടിയറവ് പറഞ്ഞിട്ടുള്ളത്. ഏതായാലും രണ്ട് കൊല്ലം കഴിഞ്ഞേ നമുക്ക് അവർ മെംബർഷിപ്പ് തരൂ എന്നല്ലേ പറഞ്ഞിട്ടുള്ളത്, അവരെ നമുക്ക് നന്നായി അറിയുന്നതല്ലേ, മെംബർഷിപ്പ് കിട്ടിയിട്ട് പോരെ സർ നമ്മുടെ സംവിധാനങ്ങളൊക്കെ ഇല്ലാതാക്കാൻ“

മടവൂർ: “ശരിയാണ്, പക്ഷെ ഇനിയെന്ത് ചെയ്യാൻ പറ്റും. ചർച്ച നടത്തിയവരെ നമുക്ക് വിശ്വസിക്കാം, ഇനിയതേ കഴിയൂ...“

മൻസൂർ അലി: ഭാരവാഹികളെ വീതം വെച്ചിടത്ത് വ്യക്തമായ അവഗണനയില്ലേ...?“
സലാഹുദ്ദീൻ മദനി ഇടക്ക് കയറി അതിനു മറുപടി പറഞ്ഞു: “അങ്ങിനെ പറയാൻ പറ്റൂല, അവരുടെ കേസ് ആവശ്യത്തിനു വേണ്ടിയാണത്. വിസ്ഡംകാരുമായുള്ള കേസിന്റെ ആവശ്യത്തിനു മുഖ്യ ഭാരവാഹികൾ അതേ പടി നിലനിൽക്കണം“ (വയങ്കര ന്യായം അല്ലേ?)

മൻസൂർ അലി: അത് അവർ പറഞ്ഞ ന്യായമല്ലേ. ഏതെങ്കിലും നിയമ വിദഗ്ദരോട് ഇക്കാര്യം അന്വേഷിച്ചിട്ടുണ്ടോ?
മടവൂർ: ഇനിയിപ്പോൾ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.
ഇടക്ക് ഞാനൊന്നിടപെട്ട് ഇത്രയും പറഞ്ഞു: “അസ്ഗറലിയെ കണ്ണടച്ച് വിശ്വസിക്കരുത് എന്നാണ് എന്റെ അഭിപ്രായം.“
സിപി: “അതിന് അസ്ഗറലി മാത്രമല്ലല്ലോ വേറെയും ആൾക്കാരില്ലേ. നമ്മുടെ നിയ്യത്ത് നല്ലതാണ്. അത് കൊണ്ട് പടച്ചോൻ എന്തെങ്കിലും ഖൈർ കാണിച്ച് തരും.“

മൻസൂർ അലി: “നമ്മുടെ ഏറ്റവും വലിയ നേതാക്കളാണല്ലോ നമ്മുടെ എക്സിക്ക്യുട്ടീവ്. ആ 90 ആളുകളിൽ 15 പേരെയേ പുതിയ നേതൃത്വത്തിലേക്ക് എടുക്കുന്നുള്ളൂവെന്ന് പറഞ്ഞല്ലോ. നമ്മുടെ 75 പ്രഗൽഭ നേതാക്കൾ പെട്ടെന്ന് ഒന്നുമല്ലാതാവുകയാണ്. അതും ഒരു പ്രശ്നമാകും“
മടവൂർ: “ശരിയാണ്. അതൊക്കെ പരിഹരിക്കാൻ മാർഗ്ഗങ്ങളുണ്ടാവും. ഏതായാലും ഐക്യം നടക്കട്ടെ, പിന്നെ അവർക്ക് കമ്മിറ്റിയിൽ ഭൂരിപക്ഷം ഉണ്ടെന്ന് വെച്ച് ഒന്നും ചെയ്യാൻ പറ്റില്ല, ഐക്യകണ്ഠേന അല്ലാതെ ഒരു തീരുമാനവുമെടുക്കാൻ പറ്റൂലാന്ന് കരാറിലുണ്ട്. നമുക്ക് പറ്റാത്ത ഒരു കാര്യം അവർ കൊണ്ടുവന്നാൽ ഞാനോ സിപിയോ അതുപോലെ നമ്മുടെ ആരെങ്കിലുമൊരാൾ മാത്രം എതിർത്താൽ തന്നെ അത് പിന്നെ എടുക്കാൻ പറ്റൂല. അതുകൊണ്ട് പേടിക്കാനൊന്നുമില്ല.“ (എന്നിട്ടിപ്പൊ എന്തായി എന്ന് ഞാൻ പറയണോ?)

ഞാൻ: “സിഹ്‌റിലെ അഭിപ്രായങ്ങൾ പുറത്ത് പറയരുത് എന്ന് പറയുന്നത് നടപ്പാക്കാനാവുമോ? വിസ്ഡംകാർ നമുക്കെതിരിൽ ഈ വിഷയങ്ങൾ ആരോപിക്കുമ്പോൾ നമുക്ക് മറുപടി പറയണ്ടേ.“
സിപി: “ആരും മുണ്ടരുത് എന്നാ തീരുമാനം.“ (ചിരിക്കുന്നു)
ഞാൻ: അത് പാലിക്കാൻ പറ്റോ?
സിപി: “പറ്റണം. രണ്ട് കൂട്ടരും കരാർ പാലിച്ചാലല്ലേ അത് നിലനിൽക്കൂ.“
ഞാൻ: “കരാറുകൾ കേട്ടിടത്തോളം നമുക്ക് അത്ര ഗുണകരമാവില്ല എന്നാ എനിക്ക് തോന്നുന്നത്. സോഷ്യൽ മീഡിയകളിലും നമ്മുടെ പ്രവർത്തകർക്ക് അങ്ങനൊരു ആശങ്കയുണ്ട്.“
മടവൂർ: “നമ്മളങ്ങിനെയൊന്നും വിചാരിക്കണ്ട. എല്ലാം ഖൈറാകും.“
ഞാൻ: “ഒന്നിച്ച് നിൽക്കുമ്പോൾ അബ്ദുറഹ്മാൻ സലഫി പിന്നെയും തനി സ്വഭാവം കാണിച്ചാൽ എന്ത് ചെയ്യും? കായക്കൊടിയും അനസുമൊന്നും നമ്മളെ ഉൾക്കൊള്ളുമെന്ന് എന്തോ എനിക്ക് വിശ്വസിക്കാനാവുന്നില്ല.“
മടവൂർ: “ഏയ് അങ്ങിനെയൊന്നുമുണ്ടാവൂല, അഥവാ അങ്ങിനെയുണ്ടായാൽ നമ്മൾക്കൊന്നിച്ച് ഒരു തീരുമാനമെടുക്കാം. അതിനല്ലേ രണ്ട് കൊല്ലത്തെ ഇട നിശ്ചയിച്ചിട്ടുള്ളത്.“

മൻസൂർ: “അതാണ് സാർ ഞാൻ പറഞ്ഞത്, ആ രണ്ട് കൊല്ലം കഴിഞ്ഞിട്ട് പൂർണ്ണമായും ലയിച്ചാൽ പോരെ എന്ന്. ഉണ്ണീങ്കുട്ടി മൗലവിയെയും നൂരിഷയെയുമൊക്കെ നമ്മൾ വിമർശിച്ച കാരണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നിട്ടും അവർക്കൊപ്പം നേതൃത്വത്തിലിരിക്കാൻ നിങ്ങൾക്ക് കഴിയുമോ? രണ്ട് കൂട്ടരും സംസ്കാരത്തിൽ പോലും വ്യത്യാസമുണ്ട്. അത് കൊണ്ട് കീഴ്ഘടകങ്ങളിൽ പെട്ടെന്ന് തന്നെ പൊട്ടിത്തെറികളുണ്ടാകും“
ഹാഷിംക്ക: “പറഞ്ഞതൊക്കെ ശരി തന്നെ എന്നാലും മൻസൂറലീ, ഇപ്പോൾ നമ്മളങ്ങിനെയൊന്നും ചിന്തിക്കണ്ട. ഏതായാലും നമുക്ക് വേണ്ടി ചർച്ചക്ക് പോയവരും നിസ്സാരന്മാരല്ലല്ലോ. അവരെന്തെങ്കിലും കണ്ടിട്ടുണ്ടാവും.“

അതെ അവരെന്തൊക്കെയോ കണ്ടിട്ടുണ്ടാകും എന്ന് തെറ്റിദ്ധരിച്ചവർ ഇപ്പോഴും ഉണ്ടെന്നത് മുജാഹിദ് ഐക്യത്തിലെയും പിന്നീടുണ്ടായ അനൈക്യത്തിന്റെയും തെളിവുകളിൽ ഒന്നാണ്!

മൻസൂർ: (മടവൂരിനോട്) “സാർ ഞാനൊരു ചോദ്യം ചോദിക്കട്ടെ, ഇപ്പോൾ ഉണ്ടായ ചർച്ചയും കരാറുമൊക്കെ നിങ്ങളാണുണ്ടാക്കിയതെങ്കിൽ ഈ ഐക്യം നടക്കുമോ? അസ്ഗറലി സാഹിബ് നേതൃത്വം നൽകിയത് കൊണ്ടല്ലേ ഇത്ര അപകടം പിടിച്ചിട്ടും ഇത് നടന്നത്.“

മടവൂർ ചിരിച്ച് കൊണ്ട് നിഷേധാർത്ഥത്തിൽ തലയാട്ടി. അതെ, അതാണു സത്യം. ഇപ്പുറത്ത് അസ്ഗറലിയും അപ്പുറത്ത് അബ്ദുറഹ്മാൻ സലഫിയുമായിരുന്നില്ല ഇതിന്റെ ചുക്കാൻ പിടിച്ചിരുന്നതെങ്കിൽ, ഇക്കോലത്തലൊരു അലങ്കോലൈക്യം നടക്കുകയില്ലായിരുന്നു എന്നു തന്നെയാണെന്റെ വിശ്വാസം. എന്നാൽ ഈ രണ്ടു പേരും തന്നെ അതാതു സംഘടനകൾക്കുള്ളിൽ നിന്നുകൊണ്ട് അത്തരം ഐക്യങ്ങളെ തുരങ്കം വെക്കുമായിരുന്നു. ഇതിനു മുമ്പും പലവിധ ഐക്യശ്രമങ്ങളും 80 ശതമാനത്തിലധികം മുന്നോട്ടുപോയിട്ട് ഛിന്നഭിന്നമായത് സാധാരണ പ്രവർത്തകർക്ക് അറിയില്ലെങ്കിലും സംഘടനയിലെ ഉന്നത നേതാക്കൾക്കെങ്കിലും അറിയാവുന്നതാണല്ലോ. അന്നത്തെ ഐക്യശ്രമങ്ങളും ഫോർമുലകളുമൊക്കെ ഇരുവിഭാഗത്തിനും നഷ്ടങ്ങളും മാനക്കേടും ഇല്ലാത്തവയായിരുന്നു എന്നതുകൂടി ചേർത്തു വായിക്കുക.

മർകസുദ്ദ‌അ്‌വ കെ എൻ എം അവസാന കൗൺസിൽ കൂടിയ അന്നാണ് സിപിയും, സലാഹുദ്ദീൻ മദനിയും, സി അബ്ദുല്ലത്വീഫ് മാഷും കെപി സകരിയ മൗലവിയും കെ എൻ എം ഓഫീസ് മാനേജറായിരുന്ന സൈതുട്ടിക്കയും കൂടി സുകൃതം സന്ദർശിക്കാൻ വന്നത്. നാലുമണിക്ക് കഴിയേണ്ട യോഗം കഴിഞ്ഞത് വളരെ വൈകിയിട്ടായിരുന്നു. കോഴിക്കോട് നിന്നും പെരിങ്ങോട് അവരെത്തുമ്പോഴേക്കും രാത്രി പത്തുമണി കഴിഞ്ഞിരുന്നു!

അന്നും ഞാൻ ഈ വക വിഷയങ്ങൾ അവരുടെ ശ്രദ്ധയിൽ പെടുത്തി. ഞാൻ ചോദിച്ചു: “സലഫി വീണ്ടും പഴയ സ്വഭാവം കാണിച്ചാൽ എന്തു ചെയ്യും നമ്മൾ...? മലപ്പുറം ടൗൺഹാളിലെ പരിപാടിയിൽ അസ്ഗറലി പറഞ്ഞത്; ‘സലഫി ഇപ്പോ ചതിയൊക്കെ നിർത്തി നന്നായിട്ടുണ്ട് എന്ന രീതിയിലാണ്, സ്വകാര്യാണുട്ടോ ആരും റെകോർഡ് ചെയ്യരുത്, നാളെ നമ്മൾ ഐക്യപ്പെട്ട് ചെന്നിട്ട് ആ റെകോർഡ് പുറത്തുവന്നാൽ പിന്നെ വിശദീകരിക്കാൻ പോലും പറ്റില്ല‘ എന്നൊക്കെ സംസാരിച്ചിരുന്നുവല്ലോ. അപ്പോൾ അയാൾ ചതിയനാണെന്ന് നേരത്തെ അറിയാമായിരുന്നിട്ടും ഇത്രതിടുക്കപ്പെട്ടൊരു ഐക്യ പ്രഖ്യാപനം വേണ്ടിയിരുന്നുവോ? ഇനിയും ചതിക്കപ്പെട്ടാം എന്തു ചെയ്യും എന്നതിനെ കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ...?“

സിപിയും സലാഹുദ്ദീൻ മദനിയും ഒന്നും മിണ്ടിയില്ല. കെപി സകരിയ മൗലവിയാണ് മറുപടി പറഞ്ഞത്. “മലയാളീ... വിശ്വസിപ്പിക്കുകയും അതിൽ വഞ്ചനയും ചതിയും നടത്തുകയും ചെയ്താൽ അവരെ ഈ ലോകത്തു വെച്ചു തന്നെ റബ്ബ് ശിക്ഷിക്കും. ഖുർആനിൽ നിന്ന് വ്യക്തമാകുന്നതാണ് അത്.“ പിന്നെ ഞാനൊന്നും പറഞ്ഞില്ല. ഭക്ഷണം കഴിഞ്ഞു എല്ലാരും പിരിയുമ്പോൾ ഞാൻ സലാഹുദ്ദീൻ മദനിയുടെ കൈ ഒന്ന് മുറുക്കി പിടിച്ചു. വന്നപ്പൊ മുതൽ അദ്ദേഹത്തിന്റെ മുഖത്തെ ഒരു സങ്കടം എനിക്ക് ഫീൽ ചെയ്തിരുന്നു... എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞത് എന്തിനാന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. സംയുക്ത എക്സിക്യൂട്ടീവിലും കൗൺസിലിലും അദ്ദേഹത്തിന്റെ സങ്കടം കൊണ്ട് വിവർണമായ മുഖം ഞാൻ ശ്രദ്ധിച്ചിരുന്നു.

മുജാഹിദ് സംഘടന(കൾ) ഇന്നെത്തി നിൽക്കുന്ന ഈ വിഷമഘട്ടങ്ങൾ പരിശോധിക്കുന്നവർക്ക് പലതും ബോധ്യമാകും.  നിരവധിയാളുകൾ അനവധിതവണ ഓരോ നേതാക്കളെയും വ്യക്തിപരമായും, അല്ലാതെയും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ചതിപ്രയോഗങ്ങളെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഒരു വിശ്വാസിയെ ഒരേ മാളത്തിൽ നിന്ന് ഒന്നിലധികം തവണ പാമ്പുകടിക്കില്ല എന്നത്, നമുക്ക് പലതും പഠിക്കാനും പലരെയും അവരുടെ ജന്മസ്വഭാവം മറക്കാതിരിക്കാനും അത്യാവശ്യമായിരുന്നു. ഐക്യ തീരുമാനം അറിയിക്കാൻ വിളിച്ചുചേർത്ത ഐഎസ്‌എം, എം‌എസ്‌എം കൗൺസിൽ ശരിക്കും അവസാനിച്ചിരുന്നോ? പുലരും വരെ നീണ്ടിട്ടും അന്ന് പലചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞിരുന്നുവോ...?

ഇക്കഴിഞ്ഞ കടപ്പുറം സമ്മേളനത്തിലെ ചില നാടകങ്ങൾ ആവേശക്കമ്മിറ്റിക്കാരായ മൂന്നോ നാലോ സോഷ്യൽ മീഡിയ ബഡായിക്കാരെയല്ലാത്ത പലരെയും പിടിച്ചുകുലുക്കിയിട്ടുണ്ട്. എറണാകുളം അലറൽ കൂടി കഴിയുന്നതോടെ ഏറെക്കുറെ അവ പുറത്തുവന്നു തുടങ്ങും. നൽകപ്പെട്ട രണ്ടുവർഷ ഇടവേള, മനസ്സുകൾ തമ്മിലടുക്കാനും ഇഴുകിച്ചേരാനുമായിരുന്നില്ലെന്ന് ഐക്യപ്പെട്ടയുടനെ  പെരിന്തൽമണ്ണയിൽ വെച്ചു നടന്ന ഐക്യ എം എസ് എം പ്രോഫ്കോണിൽ നിന്നു തന്നെ വിവേകമതികൾ വായിച്ചെടുത്തിരുന്നു. എം എസ് എമ്മിന്റെ കുട്ടികളെ കൊല്ലാൻ വരെ ഗുണ്ടകളെ ഇറക്കിയെന്ന് ഗദ്ഗദകണ്ഠനായവർ ഇന്ന് ആ കൂടാരത്തിലാണെന്നത് വലിയ കൗതുകം തന്നെയാണ്!

ഐ എസ് എമ്മിനെ രജിസ്റ്റർ ചെയ്തത് മഹാ ആനക്കാര്യമായി 2016 നവംബറിലെ ഒരു മീറ്റിംഗിൽ പോലും മേനിനടിച്ച അസ്ഗറലി, പതുപതുത്ത കാർപ്പെറ്റ് വിരിച്ച സ്റ്റേജിൽ പണച്ചാക്കുകളെ സാക്ഷിനിർത്തി ചോദിക്കുന്നു, ഐ എസ് എമ്മിന്റെ തന്തയാരടാ എന്ന്! നന്നായിട്ടുണ്ട് ചങ്ങാതീ നന്നായിട്ടുണ്ട്. നീ തന്നെയാണ് അത് ചോദിക്കാൻ അർഹൻ. എന്നുമാത്രം ഇപ്പോൾ പറഞ്ഞുകൊണ്ട് തത്കാലം  നിർത്തുന്നു.


-മലയാളി പെരിങ്ങോട്

Follow me @ facebook

1 comment:

  1. നിരവധിയാളുകൾ അനവധിതവണ ഓരോ നേതാക്കളെയും വ്യക്തിപരമായും, അല്ലാതെയും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ചതിപ്രയോഗങ്ങളെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഒരു വിശ്വാസിയെ ഒരേ മാളത്തിൽ നിന്ന് ഒന്നിലധികം തവണ പാമ്പുകടിക്കില്ല എന്നത്, നമുക്ക് പലതും പഠിക്കാനും പലരെയും അവരുടെ ജന്മസ്വഭാവം മറക്കാതിരിക്കാനും അത്യാവശ്യമായിരുന്നു. ഐക്യ തീരുമാനം അറിയിക്കാൻ വിളിച്ചുചേർത്ത ഐഎസ്‌എം, എം‌എസ്‌എം കൗൺസിൽ ശരിക്കും അവസാനിച്ചിരുന്നോ? പുലരും വരെ നീണ്ടിട്ടും അന്ന് പലചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞിരുന്നുവോ...?

    ReplyDelete