മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Saturday, November 10, 2018

വക്കം മൗലവി സൃഷ്ടിച്ച വിപ്ലവം | ഡോ. എം ബഷീര്‍ | www.malayaali.com

വക്കം മൗലവി സൃഷ്ടിച്ച വിപ്ലവം  |  ഡോ. എം ബഷീര്‍  | www.malayaali.com

കേരളത്തില്‍ ആദ്യമായി മതത്തെ ദൈവശാസ്ത്ര ചിന്തകളില്‍ നിന്നും സാമൂഹ്യ പരിവര്‍ത്തനത്തിന്റെ പരിഗണനകളിലേക്ക് തിരിച്ചു വിട്ട സാഹസികനായിരുന്നു വക്കം മുഹമ്മദ് അബ്ദുല്‍ഖാദിര്‍ മൗലവി. ഇതിനായി ഉപയോഗപ്പെടുത്തിയ ശക്തമായ ഉപകരണം മാധ്യമമായിരുന്നു, പ്രത്യേകിച്ച് പത്രപ്രവര്‍ത്തനം. മൗലവിയുടെ പല പ്രസിദ്ധീകരണങ്ങളും ചില പത്രങ്ങളും മതത്തെ അനുകരണത്തിന്റെയും അനുശാസനങ്ങളുടെയും മാത്രം തലങ്ങളില്‍ നിന്നും സാമൂഹ്യ പരിവര്‍ത്തനത്തിന്റെയും പുരോഗതിയുടെയും ചാലകശക്തിയാക്കി മാറ്റുകയായിരുന്നു.

മതമല്ല, മതത്തിന്റെ പേരില്‍ യാഥാസ്ഥിതികവര്‍ഗം പ്രചരിപ്പിക്കുന്ന ചലനമറ്റ ചിന്തകളും നിര്‍ജീവമായ സിദ്ധാന്തങ്ങളും ജീര്‍ണിച്ച കാഴ്ച്ചപ്പാടുമാണ് മാറ്റപ്പെടേണ്ടത്. വിവേകവും അറിവും നൈപുണ്യവും കാലോചിതമായ വിദ്യാഭ്യാസത്തിലൂടെ കരസ്ഥമാക്കാത്ത സമൂഹത്തിന് നിലനില്‍പ്പില്ലെന്ന് അദ്ദേഹം കണ്ടെത്തി. തദടിസ്ഥാനത്തില്‍  പ്രവര്‍ത്തിച്ചു. മതപുരോഹിതന്മാരുടെ മനസ്സിന്റെ അടഞ്ഞ വാതിലുകള്‍ തുറപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം ശ്ലാഘനീയമാണ്. മദ്‌റസ അധ്യാപകരെ നവീകരിച്ച് സാമൂഹ്യ പുരോഗതിക്ക് തടസ്സമല്ല മതചൈതന്യമെന്ന് പഠിപ്പിക്കാനുള്ള ശ്രമം നടത്തി.

സമുദായത്തിലെ സമ്പന്നരെ സംഘടിപ്പിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിച്ച് യുവതലമുറയെ ജീവിത സമരത്തിന് പ്രാപ്തരാക്കുക. ഇതൊക്കെ ദൈവപ്രോക്തങ്ങളായ മൂല്യബോധത്തിലും സദാചാരത്തിലും വിവേകത്തിലും നേടിയെടുക്കേണ്ടതാണ്. ലൗകിക കാര്യങ്ങളില്‍ ആവശ്യമായ കാലോചിത വ്യതിയാനങ്ങളാകാം  എന്ന പ്രസ്താവനയും മദ്ഹബുകളിലൂടെയല്ലാതെ ഒരു യാഥാര്‍ഥ വിശ്വാസിയായി ജിവിക്കാമെന്ന പ്രസ്താവനയും ചേര്‍ത്തു വായിക്കേണ്ടതാണ്.

അലസരും നിരാശരുമായ വ്യക്തികളും മരവിച്ച  ചിന്തയും നിര്‍ജീവമായ സമൂഹവും 'തഖ്‌ലീദി (അന്ധമായ അനുകരണത്തിന്റെ) ന്റെ ഫലമാണ്. ഇതില്‍ നിന്നും മോചനം നേടേണ്ടത് ഖുര്‍ആനിലും നബിചര്യകളിലും കണ്ടെത്താവുന്ന ഉള്‍ക്കാഴ്ചയും വിവേകവും ഉപയോഗപ്പെടുത്തിയുള്ള തീരുമാനങ്ങളിലൂടെയും വിധിതീര്‍പ്പുകൡലൂടെയുമാണ്. ഇബ്‌നു തൈമിയ്യ തുറന്നിട്ട വാതിലുകളിലൂടെ മുഹമ്മദുബ്‌നു അബ്ദില്‍ വഹാബും ഷാഹ്‌വലിയുല്ലായും മുഹമ്മദ് അബ്ദുവും റശീദ് റിദായും കണ്ടെത്തിയ ധീര നൂതനലോകം.

മുഹമ്മദ് അബ്ദുവും റശീദ് റിദായും കണ്ടത് വിദ്യാഭ്യാസത്തിലൂടെ നേടാവുന്ന സാമ്പത്തിക സാംസ്‌കാരിക ഉയര്‍ച്ചയും സാമൂഹ്യ പുരോഗതിയുമായിരുന്നു. വക്കം മൗലവിയുടെ കാഴ്ച്ചയിലും അത് തിളങ്ങി നിന്നു. യാഥാസ്ഥിതിക വര്‍ഗവും പുരോഹിത വര്‍ഗത്തിന്റെ ഒരു ഭാഗവും അവരവരുടെ സ്ഥാപിത താല്പര്യങ്ങള്‍ തകര്‍ക്കപ്പെടുമെന്ന ഭീതിയില്‍ ശക്തമായും രൂക്ഷമായും എതിര്‍ത്തു.

വക്കം മൗലവി, ഇബ്‌നു തൈമിയ്യയിലും മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബിലും ഒതുങ്ങി നിന്നില്ല. സാമൂഹ്യപരിവര്‍ത്തനത്തിന്, മതത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളില്‍ നിന്നും ശുദ്ധീകരിക്കല്‍ ഒരു യന്ത്രത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ അതിന്റെ തുരുമ്പിച്ച ഭാഗങ്ങള്‍ വൃത്തിയാക്കി എണ്ണയിട്ടു പ്രവര്‍ത്തനക്ഷമമാക്കുക എന്ന ഉപമയിലൂടെ വ്യക്തമാക്കി. പക്ഷെ ഇതിന്റെ ലക്ഷ്യം കാലോചിത വിദ്യാഭ്യാസത്തിലൂടെ വ്യക്തികള്‍ അറിവും വിവേകവും നൈപുണ്യവും നേടി യഥാര്‍ഥ വിശ്വാസിയായി ആത്മീയ മൂല്യങ്ങള്‍ നഷ്ടപ്പെടാതെ ജീവിത വിജയം കണ്ടെത്തുക എന്നതായിരുന്നു. ഇതിനുള്ള ബോധവല്‍ക്കരണവും സന്തുലിതമായ ചിന്തയും പ്രവൃത്തിയും നേടിയെടുക്കാനുള്ള മാര്‍ഗം പത്രപ്രവര്‍ത്തനവും.

സ്ത്രീകള്‍ ഉദ്ധരിക്കപ്പെടാത്ത സമൂഹം ചലനമറ്റതാണെന്ന് മൗലവി മനസ്സിലാക്കി. സത്രീകളുടെ വിദ്യാഭ്യാസത്തിന് മൗലവി പ്രത്യേക പ്രാധാന്യം നല്‍കി. മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാനമാര്‍ഗം വിദ്യാഭ്യാസത്തിലൂടെ മാത്രമെന്ന് കണ്ട് പ്രവര്‍ത്തിച്ച സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ പോലും സ്ത്രീവിദ്യാഭ്യാസത്തില്‍ കാര്യമായ താല്‍പര്യം കാണിച്ചിരുന്നില്ല. മൗലവി ഇതിന് പ്രത്യേക പരിഗണന കൊടുക്കുകയും താല്‍പര്യമെടുക്കുകയും ചെയ്തു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പ്രധാന കാരണം സ്ത്രീകള്‍ക്ക് കാലോചിതമായ വിദ്യാഭ്യാസം ഇല്ലായ്മയാണെന്ന് കണ്ടെത്തുകയും അതു മാറ്റിയെടുക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.

സര്‍സയ്യിദ് തന്റെ വിദ്യാഭ്യാസസ്ഥാപനത്തിലൂടെ മാന്യരായ വ്യക്തികളെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യം വച്ചു. മൗലവിയാകട്ടെ, കാലോചിതമായ വിദ്യാഭ്യാസത്തിലൂടെയും തഖ്‌ലീദില്‍ നിന്നും മോചിപ്പിക്കപ്പെട്ട് ശുദ്ധീകരിക്കപ്പെട്ട മതമൂല്യങ്ങളിലൂടെ വിശ്വാസികളായ സദ്പ്രവര്‍ത്തകരെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യം വച്ചു.

ആധുനികലോകത്തെ ഇസ്‌ലാമീകരിക്കുകയോ ഇസ്‌ലാമിനെ ആധുനികവല്‍കരിക്കുകയോ ആയിരുന്നില്ല വക്കം മൗലവിയുടെ ലക്ഷ്യം. ആധുനിക മനുഷ്യനെ മതത്തിലൂടെ മോചിപ്പിക്കുക എന്നതായിരുന്നു മൗലവിയുടെ ദര്‍ശനം.

പരിവര്‍ത്തനകാംക്ഷിയായ പത്രപ്രവര്‍ത്തകന്‍, സാമൂഹ്യപ്രചാരകന്‍ എന്നീ നിലകളില്‍ തന്റെ ആയുസ്സും ആരോഗ്യവും സമ്പത്തും മുഴുവന്‍ ചെലവഴിച്ച് കാപട്യമില്ലാതെ, സത്യസന്ധമായി , ആത്മാര്‍ത്ഥമായി, അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച സ്വദേശാഭിമാനി വക്കം മൗലവിയെ അര്‍ഹിക്കുന്ന രീതിയില്‍ കേരളം കണ്ടെത്തുകയോ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയോ അംഗീകരിക്കുകയോ ചെയ്തുവോ?

രാമകൃഷ്ണപിള്ള ഭീഷണിയെന്നു കണ്ടപ്പോള്‍ അധികാരവര്‍ഗം അദ്ദേഹത്തെ നാടുകടത്തി. വക്കം മൗലവിയെ അനുയായികളും അനുവാചകരും കേരളത്തിന്റെ വടക്കന്‍ ഭാഗത്തേക്ക് റാഞ്ചിക്കൊണ്ട് പോകുകയും ചെയ്തു. മൗലവിയുടെ ആശയ- ആദര്‍ശ മൂല്യ പുനര്‍നിര്‍ണയ പ്രവര്‍ത്തനങ്ങളും പരിവര്‍ത്തന പത്ര പ്രവര്‍ത്തനവും വിദ്യാഭ്യാസ പരിഷ്‌കരണവും അതിന്റെ വേരുകളിലേക്ക് തന്നെ പരിപോഷണാര്‍ഥം മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.

എന്താണ് പരിവര്‍ത്തന പത്രപ്രവര്‍ത്തനം ? എന്തിനെയാണ്, ഏതിനെയാണ് പരിവര്‍ത്തന വിധേയമാക്കേണ്ടത്? വ്യക്തികളെയോ സമൂഹത്തെയോ? അധികാരവും അഴിമതിയും ക്രിമിനല്‍ വല്‍ക്കരണവും സമ്പത്ത് എവിടെയായാലും ആരുടെതായാലും കൈയടക്കാനുള്ള ആര്‍ത്തിയും ഇന്ന് വ്യക്തികളെയും സമൂഹത്തെയും കാര്‍ന്നു തിന്നുന്ന മാറാരോഗമാണ്. ചികിത്സിക്കപ്പെടേണ്ടവരെക്കാള്‍ ചികിത്സിക്കുന്നവര്‍ക്കാണ് ഇന്ന് രോഗം മൂര്‍ച്ഛിച്ചിരിക്കുന്നത്.

കച്ചവടക്കണ്ണോടെ , ലാഭക്കൊതിയോടെ പത്രപ്രവര്‍ത്തനം നടത്തിയിരുന്ന ആളായിരുന്നില്ല മൗലവി. അദ്ദേഹം സ്വദേശാഭിമാനി എന്നു നാമകരണം ചെയ്ത് ലക്ഷ്യബോധത്തോടെ , കിട്ടാവുന്ന എല്ലാ സൗകര്യങ്ങളോടും കൂടി, അസൗകര്യങ്ങളേറെയുണ്ടായിരുന്ന സ്വന്തം ഗ്രാമത്തില്‍ പത്രം ആരംഭിച്ചു. യൂറോപ്യന്‍ കമ്പനിയായ പിയേഴ്‌സ്‌ലസ്‌ലി വഴി അന്ന് ലഭ്യമായിരുന്ന സാങ്കേതികമായി ഏറ്റവും പുതിയ പ്രസ്സ് വരുത്തുകയും കേരളത്തില്‍ ആദ്യമായി റോയിട്ടര്‍ വാര്‍ത്താ ഏജന്‍സിയുമായി ബന്ധപ്പെട്ട് കാലിക പ്രസക്തിയോടെ വാര്‍ത്തകള്‍ സ്വരൂപിച്ച് കൊള്ളേണ്ടത് കൊള്ളാനും തള്ളാനുമുള്ള തിരിച്ചറിവോടെ പത്രപ്രവര്‍ത്തന രംഗത്ത് കാല്‍വെക്കുകയും കേരളത്തിലെ സമുന്നതനായ പത്രപ്രവര്‍ത്തകന്‍ എന്നറിയപ്പെടുകയും ചെയ്തു.

നൂറ് രൂപ കൊടുത്താല്‍ തിരുവന്തപുരത്ത് ഒരേക്കര്‍ വസ്തു വാങ്ങാന്‍ കഴിയുമായിരുന്ന അക്കാലത്ത് പന്തീരായിരം രൂപയ്ക്ക് ആധുനിക പ്രസ്സും അതിനോടടുത്ത തുക കൂടെ ചെലവഴിച്ച് അനുബന്ധ സൗകര്യങ്ങളും സംവിധാനങ്ങളും രൂപപ്പെടുത്തി ഒരു പ്രത്യേക കാഴ്ചപ്പാടോടെ അപകടസാധ്യതകളേറെയുണ്ടെന്ന് അറിയാമായിരുന്ന രംഗത്തേക്ക് കടന്നു വന്ന ആ സാഹസികനെ കേരളം ഒന്ന് സൂക്ഷിച്ച് വിലയിരുത്താനെങ്കിലും ശ്രമിച്ചുവോ? അധികാരത്തിന്റെ അപ്പക്കഷ്ണങ്ങളോ സമ്പാദനത്തിന്റെ പ്രലോഭനങ്ങളോ അധികാരവര്‍ഗത്തിന്റെ പ്രകോപനങ്ങളോ ഭീഷണിയോ അണുകിട മാര്‍ഗഭ്രംശം വരുത്താന്‍ കഴിയാതിരുന്ന ആ മഹാ പണ്ഡിതന്‍ തന്റെ പത്രപ്രവര്‍ത്തനത്തിലൂടെ പരിവര്‍ത്തന വിധേയമാക്കാന്‍ ശ്രമിച്ചത് വ്യക്തിയെയും സമൂഹത്തെയും തന്നെ.

'മൂല്യശോഷണം,' 'ധര്‍മച്യുതി' എന്നൊക്കെ നാം ഓമനപ്പേരിട്ട് വിളിക്കുന്ന ഒരു പ്രതിഭാസത്തിനെതിരെയാണ് അദ്ദേഹം ആദ്യം ഉന്നം വെച്ചത്. ഭരണാധികാരിയെന്നാല്‍ എന്തായിരിക്കണം, അധികാരം എങ്ങനെ ഉപയോഗിക്കണം, ജനങ്ങള്‍ ഭരണാധികാരിയുടെ പരിപാവനമായ സമ്പത്താണെന്നും ജനങ്ങളുടെ അംഗീകാരവും ബഹുമാനവും സ്‌നേഹവാത്സല്യങ്ങളുമാണ് രാജാവിന് അലങ്കാരമെന്നും പഠിപ്പിച്ച് അധികാരവിനിയോഗത്തിന്റെ കണക്ക് ഉത്തരവാദിത്വബോധത്തോടെ പറയേണ്ടിവരുമെന്നും അടുത്ത തലമുറക്ക് അധികാരം കൈമാറുമ്പോള്‍ കളങ്കമോ പോറലോ ഏല്ക്കരുതെന്നും സ്വാര്‍ത്ഥയോ സ്വജനപക്ഷപാതമോ അഴിമതിയോ കൂടാതെ ഏല്പിക്കപ്പെട്ട അമാനത്ത് (പരിപാവനമായ ഉത്തരവാദിത്വം) പരിശുദ്ധമായി കാത്തുസൂക്ഷിക്കുക, ഖുര്‍ആന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന സൂക്ഷമതയോടെ നീതിയും ജനനന്മയും ലക്ഷ്യം വയ്ക്കുക- മൗലവി അവതരിപ്പിച്ച ആദര്‍ശം അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പഠനത്തില്‍നിന്നും ഉരുത്തിരിഞ്ഞതായിരുന്നു. അധികാരസ്ഥാനങ്ങളില്‍ ഈ ആശയങ്ങള്‍ നിരന്തരമായി ബോധ്യപ്പെടുത്തലായിരുന്നു 'സ്വദേശാഭിമാനി'യിലൂടെ അദ്ദേഹം ലക്ഷ്യം വച്ചതില്‍ ഒരു ഭാഗം.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍, പരാതികള്‍, പ്രതീക്ഷകള്‍, ആവശ്യങ്ങള്‍ ഇവ വ്യക്തമായും വേര്‍തിരിച്ചും കണക്കുകള്‍ ഉദ്ധരിച്ച് പരിഹാരനിര്‍ദേശങ്ങളുമായി അധികാര കേന്ദ്രങ്ങളിലെത്തിക്കുക. പരിഹാരങ്ങള്‍ ജനങ്ങളുടെ അവകാശങ്ങളാണെന്നും ഭരണാധികാരികളുടെ ഔദാര്യമോ കാരുണ്യമോ പ്രജകളെയും ഒരേപോലെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു അടുത്ത ലക്ഷ്യം.

സമൂഹത്തിന്റെ ഭദ്രത, വ്യക്തികളുടെ സ്വതന്ത്ര്യം, സ്വാതന്ത്ര്യത്തിലധിഷ്ഠിതമായ ഉത്തരവാദിത്വം, നീതിപൂര്‍വകമായ സാമ്പത്തിക വളര്‍ച്ച, വ്യക്തികളുടെ ആത്മാഭിമാനവും അന്തസ്സും നഷ്ടപ്പെടാതെയുള്ള സാമൂഹ്യ പുരോഗതി, സര്‍ക്കാര്‍ - സ്വകാര്യ തലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബോധവല്‍ക്കരണ പ്രസ്ഥാനങ്ങളും പ്രവര്‍ത്തിപ്പിക്കല്‍, സര്‍വോപരി അറിവിനോടുള്ള ആര്‍ത്തിയും അതിന്റെ സമ്പാദനവും സന്തുലിതമായി, സൂക്ഷമതയോടെ, പ്രകൃതിയുമായി സഹകരിച്ച് വിഭവ സമാഹരണം തുടങ്ങിയവയും മൗലവിയുടെ പത്രപ്രവര്‍ത്തന ലക്ഷ്യമായിരുന്നു.

പത്രപ്രവര്‍ത്തനത്തിന്റെ പരിപാവനമായ ലക്ഷ്യങ്ങളില്‍ മറ്റൊന്ന് മനുഷ്യന്റെ മനസ്സ് വാര്‍ത്തെടുക്കുന്ന പ്രക്രിയയായിരുന്നു. മനുഷ്യന്റെ അറിവ് വികസിപ്പിക്കുക, ചിന്തയെ ഉദ്ദീപിക്കുക, അവകാശങ്ങളെയും കര്‍ത്തവ്യങ്ങളെയും കുറിച്ച് ബോധവല്‍ക്കരിക്കുക. എന്ത് സൂക്ഷമതയോടെയാണ് മൗലവി വ്യക്തികളുടെ മാനസിക വളര്‍ച്ചയെയും സന്തുലിതമായ വികാസത്തെയും കൈകാര്യം ചെയ്തിരുന്നത്.

ദൈവത്തിന്റെ മുമ്പിലല്ലാതെ മറ്റാരുടെ മുമ്പിലും വിധേയത്വം പാടില്ലെന്നും ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങി തെറ്റിലേക്ക് വഴുതി വീഴരുതെന്നുമുള്ള വിനയാന്വിതമായ ദൃഢതയും ധൈര്യവും പ്രവര്‍ത്തനക്ഷമതയും മൗലവി പ്രസ്സും പത്രവും പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പായി തന്നെ സ്വാംശീകരിച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ തുടങ്ങിയ 'സ്വദേശാഭിമാനി' പരിവര്‍ത്തന വിധേയമാക്കിയത് ആദ്യമായി സമൂഹത്തെയാണ്; സ്വസമുദായത്തെ അല്ല. അദ്ദേഹം വെറുമൊരു സമുദായോദ്ധാരകനായിരുന്നു എന്ന വിമര്‍ശനം കലുഷിതമായ ചിന്തയുടെ ദുരുദ്ദേശ്യപൂര്‍വമായ ആരോപണം മാത്രം. മറിച്ചായിരുന്നെങ്കില്‍ 'സ്വദേശാഭിമാനി'ക്ക് പകരം പില്ക്കാലത്ത് അദ്ദേഹം തുടങ്ങിയ 'മുസ്‌ലിം' , 'അല്‍ ഇസ്‌ലാം' മാസികകളാകുമായിരുന്നു ആദ്യം തുടങ്ങുക. അതുമല്ലെങ്കില്‍ ഒരു മുസ്‌ലിം എഡിറ്ററെയാകുമായിരുന്നു 'സ്വദേശാഭിമാനി' ക്ക് ഇദ്ദേഹം കണ്ടെത്തുമായിരുന്നത്. ഇത്തരം ആരോപണങ്ങള്‍ മൗലവിയെയല്ല സങ്കുചിത സമുദായവാദിയാക്കുന്നത്; മറിച്ച് ആരോപണം ഉന്നയിക്കുന്നവരുടെ മാനസികാവസ്ഥയാണ് വ്യക്തമാക്കുന്നത്. ഇത് ചര്‍ച്ചാവിഷയമാക്കുന്നതിന് യാതൊരു വിധ അര്‍ഹതയുമില്ലാത്ത ഒരു ആരോപണം എന്നതിലുപരി ഒന്നുമായി കാണാന്‍ കഴിയില്ല.

ഗോവിന്ദപിള്ള പത്രാധിപരായും സ്വദേശാഭിമാനി എന്ന പേരുമായും രംഗത്തു വന്ന വക്കംമൗലവി തന്റെ സമ്പത്തിന്റെ നല്ലൊരു ഭാഗം മുതല്‍ മുടക്കി വെറും പത്രഉടമയായി മാറി നില്‍ക്കുകയായിരുന്നോ? തന്റെ ലക്ഷ്യം ധനസമ്പാദനം അല്ലെന്ന് വ്യക്തമാക്കിയ മൗലവി പത്രപ്രവര്‍ത്തനത്തിന്റെ ദൈനംദിന നടത്തിപ്പിലും ഓരോ ലക്കത്തിന്റെയും അവതരണത്തിലും കെട്ടിലും മട്ടിലും വ്യക്തമായി , ശക്തമായി ഇഴുകിച്ചേര്‍ന്നിരുന്നു. പത്രത്തെ ഒരു അമാനത്തായി കണ്ടിരുന്ന മൗലവിക്ക് മാറി നില്ക്കാന്‍ കഴിയുമായിരുന്നില്ല.

ആദ്യവര്‍ഷം പത്രം നല്ല രീതിയില്‍ നടത്തിയിരുന്ന മൗലവിയെ ആരും 'സ്വദേശാഭിമാനി വക്കം മൗലവി' എന്ന് പില്ക്കാലത്ത് വിളിക്കാതിരുന്ന അനൗചിത്യം വളരെ പ്രകടമാണ്. രാമകൃഷ്ണപിള്ളയെ കണ്ടെത്തി തന്റെ പത്രപ്രവര്‍ത്തനവുമായി ബന്ധിപ്പിച്ച മൗലവി പത്രത്തെയും പത്രാധിപരെയും ഒരേ പോലെ വാര്‍ത്തെടുക്കാനും രൂപപ്പെടുത്താനും കളമൊരുക്കി. തന്റെ പത്രാധിപരുടെ ആവശ്യമായ ഭൗതിക സൗകര്യങ്ങള്‍ മാത്രം തരപ്പെടുത്തി മൗലവി മാറി നിന്നില്ല. പത്രാധിപരുടെ പ്രവര്‍ത്തനശൈലിയും മൗലവിയുടെ ലക്ഷ്യബോധവും പത്രാധിപരുടെ മാനസിക വികാസത്തിനും ചിന്താഭദ്രതക്കും പ്രവര്‍ത്തനക്ഷമതയ്ക്കും ആവശ്യമായ എല്ലാ സംവിധാനങ്ങളും രൂപപ്പെടുത്തിയ മൗലവി ആര്‍ത്തിയോടെ കരസ്ഥമാക്കിയ തന്റെ ഏറ്റവും വലിയ സമ്പത്ത്- അറിവ്, വിവേകം പത്രാധിപരുമായി പങ്കുവവെച്ചില്ല എന്ന് പറയാന്‍ കഴിയുമോ?

സ്വദേശാഭിമാനിയുടെ പത്രാധിപരായി മൗലവിയുമായി സഹകരിച്ച രാമകൃഷ്ണപിള്ള അതിന് മുമ്പും പിമ്പും പ്രസിദ്ധീകരിച്ചിരുന്ന ലേഖനങ്ങളും പുസ്തകങ്ങളും ശ്രദ്ധാപൂര്‍വം സൂക്ഷമതയോടെ വിലയിരുത്തിയാല്‍ ഏതു നിഷ്പക്ഷമതിക്കും ബോധ്യപ്പെടും രാമകൃഷ്ണപിള്ളയില്‍ മൗലവി വരുത്തിയ പരിവര്‍ത്തനം. ഫ്രാന്‍സിലെ ബുദ്ധിജീവികളുടെ ചിന്താമണ്ഡലവുമായി അഫ്ഗാനിയിലൂടെയും മുഹമ്മദ് അബ്ദുവിലൂടെയും റശീദ് രിദായിലൂടെയും അല്‍മനാറിലൂടെയും മൗലവി സദാ ഇടപ്പെട്ടിരുന്നു. ഖുര്‍ആന്റെ മൂല്യങ്ങളും പരിപ്രേക്ഷ്യവും അല്‍മനാര്‍ തുറന്നിട്ട ജാലകത്തിലൂടെ മൗലവി നേടിയെടുത്ത യൂറോപ്യന്‍, അറേബ്യന്‍ സര്‍വോപരി സാര്‍വ ലൗകിക കാഴ്ചപ്പാടും രാമകൃഷ്ണപിള്ളയുടെ ചിന്തയെ പാകപ്പെടുത്തുന്നതിലും പ്രവര്‍ത്തന ശൈലിയിലെ പരിവര്‍ത്തനത്തിനും പ്രയോജകീഭവിച്ചില്ലെന്ന് പറയാന്‍ കഴിയുമോ?

മൗലവിയെയും രാമകൃഷ്ണപിള്ളയെയും വേര്‍തിരിച്ചു കാണാനുള്ള ശ്രമം പാഴ്‌വേലയാണ്; ദുരുദേശ്യപ്രേരിതമാണ്. അസാധാരണമായ വിനയവും അനിതരസാധാരണമായ മനക്കരുത്തും ഉണ്ടായിരുന്ന മൗലവി പ്രവര്‍ത്തനരംഗം ഒരുക്കുക മാത്രമായിരുന്നില്ല. സ്വദേശാഭിമാനിയുടെ പ്രവര്‍ത്തനരംഗത്തു സജീവമായി ആഴ്ന്നിറങ്ങി. രാമകൃഷ്ണപിള്ളയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഒന്നിലധികം തവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. സ്വദേശാഭിമാനിയുടെ അകത്തളങ്ങളില്‍ രാമകൃഷ്ണപിള്ളയെ കൈപിടിച്ച് കൊണ്ടിരുത്തിയ മൗലവി രാമകൃഷ്ണപിള്ളയുടെ മാനസിക വളര്‍ച്ചക്കും ചിന്താസരണിക്കും തന്റെ അറിവിന്റെ പുതിയ ലോകം മലര്‍ക്കെ തുറന്നിട്ടില്ലെന്ന് പറയാമോ?

സമ്പത്തും മറ്റു ഭൗതിക സൗകര്യങ്ങളും തന്റെ പത്രാധിപര്‍ക്ക് വേണ്ടി നല്‍കിയ മൗലവി തന്റെ ഏറ്റവും വലിയ സമ്പത്തായ അറിവിന്റെ ഭണ്ഡാരം രാമകൃഷ്ണപിള്ളയില്‍ നിന്നും മറച്ച് വയ്ക്കാനുള്ള സ്വാര്‍ഥതയിലോ അസൂയയിലോ ആയിരുന്നോ? തീര്‍ച്ചയായുമല്ല. സമ്പത്തും ഭൗതിക സാഹചര്യങ്ങളുമൊരുക്കിയ മൗലവി, പത്രാധിപര്‍ നിയമം പഠിക്കണമെന്ന് നിര്‍ദ്ദേശിച്ചു. തന്റെ പ്രസ്സും പത്രവും തന്നെ തിരുവന്തപുരത്തേക്ക് പത്രാധിപരുടെ മാത്രം സൗകര്യാര്‍ത്ഥം മാറ്റാന്‍ തയ്യാറായ മൗലവി തന്റെ മഹാപാണ്ഡിത്യം രാമകൃഷ്ണപിള്ളയില്‍ നിന്നും മറച്ചു വെക്കുമോ? രാമകൃഷ്ണപിള്ളയുടെ നിയമ പഠനത്തിലും മൗലവിയുടെ സ്വാധീനവും പ്രചോദനവും സഹായവും പരസ്യമായ രഹസ്യം തന്നെയായിരുന്നു. പത്രാധിപരുടെ വളര്‍ച്ചയും വികാസവും പത്രത്തിന്റെയും മൗലവിയുടെയും വളര്‍ച്ചയും വികാസവുമായി തന്നെ കരുതി പ്രവര്‍ത്തിച്ച മഹാന്‍ , അദ്ദേഹം തന്നെയല്ലേ യഥാര്‍ത്ഥത്തില്‍ 'സ്വദാശാഭിമാനി വക്കം മൗലവി' എന്ന പേരിനര്‍ഹന്‍. കാലം ചെയ്ത ചതിയോ കേരളത്തിലെ  പില്ക്കാലത്തെ സവര്‍ണാധിപത്യത്തിന്റെ ബലിയാടായതോ ആകാം. എന്തായാലും ഇനിയെങ്കിലും മൗലവിക്ക് 'സ്വദേശാഭിമാനി വക്കം മൗലവി' എന്ന അംഗീകാരം നല്‍കിക്കൂടേ?

സ്വദേശാഭിമാനി പത്രത്തിന്റെ പ്രവര്‍ത്തനവും കണ്ടുകെട്ടലും പത്രാധിപരെ നാടുകടത്തലും വക്കം മൗലവി അതിനുശേഷം ആ പത്രം നടത്താതിരുന്നതും എല്ലാവര്‍ക്കും സുപരിചിതമാണല്ലോ. രാമകൃഷ്ണപിള്ളയില്ലാതെ മൗലവി പത്രം പിന്നീട് തുടര്‍ന്നിരുന്നെങ്കില്‍ കേരളത്തില്‍ വരുമായിരുന്ന പത്രപ്രവര്‍ത്തനം ചിന്തനീയം മാത്രം. മൗലവി നടത്തിയിരുന്ന 'മുസ്‌ലിം' , 'അല്‍ ഇസ്‌ലാം' , 'ദീപിക' എന്നീ പ്രസിദ്ധീകരണങ്ങളെല്ലാം തന്നെ മൗലവി പത്രാധിപരായി മറ്റാരെയും വയ്ക്കാതെ സ്വന്തമായിതന്നെയാണ് പ്രസിദ്ധീകരിച്ചിരുന്നത്. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ മാത്രം മറ്റുള്ളവരുടെ സഹായം ലഭിച്ചിരുന്നു എന്നതൊഴിച്ചാല്‍.

ആഗോളതലത്തില്‍ പൊതുവെയും മുസ്‌ലിം രാജ്യങ്ങളില്‍ പ്രത്യേകിച്ചും രൂപപ്പെട്ടുവന്നിരുന്ന പുതിയ ചിന്താപ്രസ്ഥാനങ്ങളും ബൗദ്ധിക ചലനങ്ങളും പുതിയ പുതിയ പുസ്തകങ്ങളും മാസികകളും ജേര്‍ണലുകളും കേരളീയര്‍ക്ക് മൗലവി പരിചയപ്പെടുത്തിയിരുന്നു. അതിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പരന്ന വായനയും ആഴത്തിലുള്ള ചിന്തയും പത്രാധിപരെന്ന നിലയിലുള്ള വിജയവും ഇനിയും ചര്‍ച്ചാവിഷയമാക്കേണ്ടതുണ്ട്. ഉറക്കത്തിലും മയക്കത്തിലുമായിരുന്ന, അറിവിനും വിദ്യാഭ്യാസത്തിനും പുറംതിരിഞ്ഞ് നിന്നിരുന്ന മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കലാണ് സാമൂഹ്യതക്കും കേരളത്തിന്റെ വികാസ പുരോഗമനോന്‍മുഖ പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമെന്ന് കണ്ട മൗലവി അദ്ദേഹത്തിന്റെ ശ്രദ്ധയും പ്രവര്‍ത്തനവും ആ വഴിയിലേക്ക് തിരിച്ചു വിട്ടു. ഒരു ചങ്ങലയുടെ ബലം അതിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയുടെ ബലമായിരിക്കുമെന്ന വിവേകമാണ് അദ്ദേഹത്തെ  സമുദായോദ്ധാരകനായി രംഗത്തെത്തിച്ചത്. സമുദായത്തിന്റെ ജീര്‍ണതയും പിന്നാക്കാവസ്ഥയും മതത്തിന്റെ പേരില്‍ യാഥാസ്ഥിതിക വര്‍ഗം സമുദായത്തെ ചങ്ങലയ്ക്ക് തളച്ചിട്ടതുകൊണ്ടുണ്ടായതാണെന്ന കണ്ടെത്തലിലൂടെ കാലോചിതമായ വിദ്യാഭ്യാസം കൊണ്ടുമാത്രം മോചനം നേടാന്‍ ആവശ്യമായ സാഹചര്യവും സംവിധാനവും ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു മൗലവി. സമുദായാംഗങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധമുണ്ടാക്കിയും പ്രാദേശികമായി സംഘടനകളും സംഘങ്ങളും നാട്ടുപ്രമാണിമാരെയും സമ്പന്നരെയും ഉള്‍പ്പെടുത്തി പരിപോഷിപ്പിച്ച് പ്രവര്‍ത്തിപ്പിച്ചും ഇതിന് തടസ്സം നിന്ന യാഥാസ്ഥിതിക - പുരോഹിത വര്‍ഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിയുക്തം എതിര്‍ത്തു കൊണ്ടും അവരുടെ അടഞ്ഞ മനസ്സുകളിലേക്ക് പുതിയ അറിവിന്റെ ചാലുകള്‍ കീറിവിട്ടുകൊണ്ടും മൗലവി സജീവമായി പ്രവര്‍ത്തനരംഗത്തെത്തി. മദ്‌റസാ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന യാഥാസ്ഥിതിക വിഭാഗത്തിന്റെ ഏജന്റുമാരായ പുരോഹിതവര്‍ഗത്തിന് ആവശ്യമായ  ആത്മീയ ഭൗതിക സന്തുലിത വികാസം നല്‍കാനുള്ള മൗലവിയുടെ ശ്രമം വിജയിച്ചില്ല.

കാലോചിത വിദ്യാഭ്യാസം നേടലും എവിടെ പോയും അറിവ് സമ്പാദിക്കുക എന്നതും മുസ്‌ലിംകളുടെ മൗലികമായ നിര്‍ബന്ധമായ കടമയാണെന്നും മറിച്ചുള്ള സമീപനം അനിസ്‌ലാമികവും ശിക്ഷാര്‍ഹവുമാണെന്നുമുള്ള മൗലവിയുടെ ആധികാരിക രേഖകളോടെയുള്ള സമീപനത്തെ എതിര്‍ത്തു തോല്പിക്കാനും അദ്ദേഹത്തെ 'ലാ മദ്ഹബുകാരനെന്നും ' 'വഹ്ഹാബി' യെന്നും നാമകരണം ചെയ്ത് നിര്‍വീര്യമാക്കാനുള്ള ശ്രമം വൈരാഗ്യബുദ്ധിയോടെ തുടര്‍ന്നു വന്നു. പുരോഹിത വര്‍ഗത്തിന്റെ സ്വാര്‍ത്ഥതയും യാഥാസ്ഥിതികരുടെ സ്ഥാപിത താല്പര്യവും സ്ഥാപനവല്കരിക്കപ്പെട്ടപ്പോള്‍ മൗലവിയുടെ പ്രവര്‍ത്തനം വിജയിച്ചില്ല. സമുദായത്തിന്റെ ആനുപാതിക പരിഗണനമാത്രമല്ല കാലോചിതമായ വിദ്യാഭ്യാസത്തിലൂടെയുള്ള യോഗ്യതയും അംഗീകാരവുമാണ് നേടിയെടുക്കേണ്ടതെന്നും ഔദാര്യത്തിന്റെയും കാരുണ്യത്തിന്റെയും മുമ്പില്‍ കൈ നീട്ടുകയല്ല, അര്‍ഹത അംഗീകരിപ്പിക്കാന്‍ പാകത്തില്‍ അവകാശം വാര്‍ത്തെടുക്കുകയും സ്ഥാപിക്കുകയുമാണ് വേണ്ടതെന്ന് മൗലവി സമുദായത്തോട് അഭ്യര്‍ത്ഥിച്ചു; അപേക്ഷിച്ചു സമുദായം മൗലവിയെ അനുസരിച്ചിരുന്നെങ്കില്‍ ഇന്ന് കേരളത്തിന്റെ സ്ഥിതി എന്താകുമായിരുന്നു, സമുദായം പിന്നാക്കമാകുമായിരുന്നോ? ഇന്നും മൗലവിയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും ഈ മേഖലകളില്‍ പ്രസക്തമല്ലേ? അത്യാവശ്യമല്ലേ? മതം വെറും ആത്മീയാഭ്യാസമല്ല. ലൗകികവും കാലികവുമായ സമീപനങ്ങളാണ് ഖുര്‍ആനിലും ഹദീസുകളിലും ആദ്യകാല സഹാബികളുടെ ജീവിതത്തിലും കാണാന്‍ കഴിയുന്നത്. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രവാചക ശ്രേഷ്ഠന്‍ പോലും ലൗകിക വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിക്കേണ്ടി വന്നു. നിര്‍ണായകമായ ബദര്‍ യുദ്ധത്തില്‍ മാത്രമല്ല അവിസ്മരണീയമായ, അത്ഭുതാവഹമായ ഫലങ്ങളുളവാക്കിയ ഹുദയ്ബിയാ സന്ധി വ്യവസ്ഥയില്‍ പോലും കാതലായ ലൗകികവിജയത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച പ്രവാചകനെ കാണാം. ഒട്ടകത്തെ ബലമായി പനയില്‍ കെട്ടിയിട്ട് വേണം ദൈവത്തെ ഏല്പിക്കാനെന്ന ആപ്തവാക്യം മറക്കരുത്.

നായര്‍ സര്‍വീസ് സൊസൈറ്റി, എസ്സ് എന്‍ ഡി പി യോഗം, ക്രൈസ്തവമഹാജന സഭ എന്നീ സാമുദായിക സംഘടനകളുടെ ആര്‍ഭാടത്തോടും ആഡംബരത്തോടും കൂടിയ വാര്‍ഷികോത്സവവും സജീവ പ്രവര്‍ത്തനവും മൗലവിയെ സ്വസമുദായത്തിന്റെ ക്ഷേമ ഐശ്വര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ തല്പരനാക്കി. ദീപികയുടെ 1106 മേടത്തിലെ മുഖ പ്രസംഗകുറിപ്പില്‍ അദ്ദേഹം എഴുതി: ''മുസ്‌ലിം സമുദായത്തെ അപേക്ഷിച്ച് പല വിധത്തിലും എത്രയോ മുന്നണിയില്‍ സ്ഥിതിചെയ്യുന്ന പ്രസ്തുത സഹോദരസമുദായങ്ങളെ ആകമാനം തട്ടിയുണര്‍ത്തി വീണ്ടും വീണ്ടും മുമ്പോട്ടു തള്ളിക്കൊണ്ട് പോകാനുള്ള അവരുടെ നായകന്‍മാരുടെ അസൂയാജനകങ്ങളായ ഏതാദൃശ മഹാസംരംഭങ്ങള്‍ കാണുമ്പോള്‍ , വിവേകാനന്ദസ്വാമി അവര്‍കള്‍ക്ക് ഒരിക്കല്‍ അമേരിക്കയില്‍ വെച്ചുണ്ടായ അനുഭവമാണ് ഞങ്ങള്‍ക്കുണ്ടായത്.

ഒരു അമേരിക്കന്‍ കോടീശ്വരന്‍ സ്വാമി അവര്‍കളെ സ്വവസതിയിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി വേണ്ട ഉപചാരങ്ങളൊക്കെ കഴിച്ച് അതിഥിയെ സര്‍വവിധ സജ്ജീകരണങ്ങളോടും കൂടിയ ഒരു ശയനമുറിയില്‍ ആക്കിയുംവെച്ച് ആതിഥേയന്‍ അടുത്ത മുറിയിലേക്ക് പോയി. സ്വദേശഭക്തനും സ്വജനാനുകമ്പിയുമായ സ്വാമി അവര്‍കളാകട്ടെ അമേരിക്കകാരുടെ ഐശ്വര്യാഭിവൃദ്ധിയെയും ഭാരതീയരുടെ ദാരിദ്ര്യാവസ്ഥയെയും കുറിച്ച് ചിന്തിച്ച് ചിന്തിച്ച് രാത്രി മുഴുവന്‍ നിദ്രകൂടാതെ കഴിച്ചു. ഗൃഹനാഥന്‍ വന്നുനോക്കിയപ്പോള്‍ അതിഥി വ്യാകുലപരവശനായിരിക്കുന്നതു കണ്ട് അയാള്‍ വല്ലാതെ പരിഭ്രമിച്ചു. തന്റെ സല്‍ക്കാരോപചാരങ്ങള്‍ക്ക് വല്ല കുറവും വന്നുപോയതാണോ ഈ വിഷാദകാരണമെന്ന് അയാള്‍ അമ്പരന്നു പോയി . പെട്ടെന്ന് ക്ഷമായാചനം ചെയ്തുകൊണ്ട് ആ കോടീശ്വരന്‍ സ്വാമിയുടെ വ്യസനത്തിന്റെ കാരണം ചോദിച്ചു. പുഞ്ചിരി തൂകാന്‍ ശ്രമിച്ചു കൊണ്ട് സ്വാമി പറഞ്ഞ സമാധാനം ഇപ്രകാരമായിരുന്നു. 'നിങ്ങള്‍ അശേഷം തെറ്റിദ്ധരിക്കേണ്ട. അതിഥിപൂജയില്‍ നിങ്ങള്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല. ഇതൊന്നുമല്ല എന്റെ വിഷാദകാരണം. അമേരിക്കക്കാരായ നിങ്ങളുടെ സമ്പല്‍ സമൃദ്ധിയാകുന്ന കണ്ണാടിയില്‍ കൂടി ഞാന്‍ കണ്ടത് ദാരിദ്ര്യ നരകത്തില്‍ കിടന്നു പൊരിയുന്ന എന്റെ നാട്ടുകാരുടെ ചിത്രമാണ്. രാത്രിമുഴുവന്‍ ഈ ദയനീയ ചിത്രം എന്റെ കണ്ണിന് മുമ്പില്‍ വന്ന് നിന്ന് എന്നെ കരയിച്ചുകൊണ്ടിരുന്നു' . നായര്‍ സര്‍വീസ് സൊസൈറ്റി വക നാലു തട്ടുള്ള പന്തലിന്റെയും ഉന്നതങ്ങളായ പ്രസംഗമണ്ഡപങ്ങളുടെയും മുമ്പില്‍ ഞങ്ങള്‍ കാണുന്നത് നിരാശ്രയമായി, നിശ്ചലമായി, നിര്‍ജീവമായി കിടക്കുന്ന മുസ്‌ലിം സമുദായത്തെയാണ്. ഈ ദയനീയ ചിത്രം ഇനിയെങ്കിലും സമുദായപ്രവര്‍ത്തകരുടെ ഹൃദയത്തില്‍ തട്ടി അവരെ പൂര്‍വ്വല്‍ ഉത്സാഹിതരാക്കട്ടെ''- മൗലവി എന്തുമാത്രം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

കേരളത്തിലെ സാമൂഹ്യ പ്രശ്‌നങ്ങളുടെ ആഴങ്ങളിലേക്ക് സ്വദേശാഭിമാനിയുമായി ചാടിയ മൗലവി പില്ക്കാലത്ത് സമുദായ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള കാരണങ്ങളും അവരുടെ കാലോചിത വിദ്യാഭ്യാസത്തിലൂടെയുള്ള വളര്‍ച്ചയ്ക്കും അതിന് തടസ്സമെന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെട്ട മതാചാരങ്ങളും മറ്റും അന്യൂനമാക്കാനുള്ള ശ്രമങ്ങള്‍ക്കും കാരണം ഇതിലൂടെ സുവ്യക്തമാക്കുന്നുണ്ട്.

മൗലവിയുടെ മത നവീകരണ പ്രസ്ഥാനമെന്ന പേരില്‍ അറിയപ്പെടുന്ന ഇസ്വ്‌ലാഹീ പ്രസ്ഥാനം ലക്ഷ്യം വെച്ചത് മതത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളെയും ക്ഷുദ്രജീവികളെയും നിര്‍മാര്‍ജ്ജനം ചെയ്ത് ഇസ്‌ലാമിന്റെ പരിശുദ്ധി നിലനിര്‍ത്തുക എന്നതു മാത്രമായിരുന്നില്ല. യഥാര്‍ഥ ഇസ്‌ലാം ഖുര്‍ആനിലും നബിചര്യകളിലും നിന്നും സ്വഹാബി ഒരു ഇരുപ്പിന് മനസ്സിലാക്കിയിരുന്ന അവസ്ഥയില്‍ നിന്നും ഒരു മനുഷ്യായുസ്സ് മുഴുവന്‍ പഠിച്ചാലും എങ്ങുമെത്താത്ത വന്‍ കാടുകള്‍ക്കുള്ളിലാണെന്ന അവസ്ഥയിലേക്ക് പുരോഹിതവര്‍ഗം മതത്തെ കൊണ്ടെത്തിച്ചു. കാടുതെളിക്കലും ക്ഷുദ്രജീവികളെ നിര്‍മാര്‍ജ്ജനം ചെയ്യലും മാലിന്യങ്ങള്‍ അകറ്റലും സരളവും ലളിതവുമായ ഇസ്‌ലാമിക മൂല്യങ്ങളെയും കാഴ്ചപ്പാടിനെയും ശുദ്ധീകരിച്ച് ആധുനിക കാലത്തേയ്ക്ക് പര്യാപ്തമായ രീതിയില്‍ അവതരിപ്പിച്ച് ലൗകിക ജീവിതത്തില്‍ പാരതന്ത്ര്യത്തിലാകാതെ സ്വതന്ത്രരും മാന്യരും അന്തസുറ്റവരുമായി വ്യക്തികളെയും സമൂഹത്തെയും വാര്‍ത്തെടുക്കാനുള്ള ശ്രമത്തിന് തടസ്സം നില്ക്കാത്ത അവസ്ഥയില്‍ യഥാര്‍ത്ഥ മതവിശ്വാസിയെ എത്തിക്കുക എന്നതായിരുന്നു മൗലവിക്ക് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ഒരുവശം. ഇതിന്റെ ഉപകരണമായിരുന്നു കാലോചിതമായ വിദ്യാഭ്യാസം. ഇസ്‌ലാം മതം ഇതിന് തികച്ചും അനുകൂലമാണെന്നു മാത്രമല്ല ഒരു മുസ്‌ലിമിന്റെ മൗലികമായ മതപരമായ, കടമകൂടിയാണ് കാലോചിതമായ നിലക്ക് വിദ്യാഭ്യാസവും ലൗകിക വിജയവും എന്നു കൂടി പഠിപ്പിച്ചു.

വക്കം മൗലവി സാമൂഹ്യ പരിഷ്‌കരണത്തിനും വിദ്യാഭ്യാസ പ്രചാരണത്തിനും ഏറ്റവും ശക്തമായ ഉപകരണമായി കണ്ടതു പത്രപ്രവര്‍ത്തനമായിരുന്നു. അദ്ദേഹത്തിന് പത്രപ്രവര്‍ത്തനം പരിവര്‍ത്തന പ്രക്രിയയുമായിരുന്നു. ഒരു കൊടുങ്കാറ്റുപോലെ ലോകം മുഴുവന്‍ ആഞ്ഞടിച്ച ബുദ്ധിജീവിയായ കര്‍മയോഗി ജമാലുദ്ദീന്‍ അഫ്ഗാനിയായിരുന്നു പ്രചോദനം. ഇസ്‌ലാംമതത്തിലടിഞ്ഞുകൂടിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്മ ചെയ്ത് യഥാര്‍ഥ മതം അറിവിനും വിദ്യാഭ്യാസത്തിനും ലൗകിക വിജയത്തിനും ഉത്തേജനവും പ്രചോദനവും നല്‍കുന്നതാണെന്നും പാരീസില്‍ നിന്നും അദ്ദേഹവും ശിഷ്യനായ മുഹമ്മദ് അബ്ദുവും കൂടി പ്രസിദ്ധീകരിച്ച 'അല്‍ ഉര്‍വതുല്‍ വുസ്ഖാ'യിലൂടെ പ്രചരിപ്പിച്ചു. പത്രമാധ്യമമാണ് ഇതിന്റെ ഏറ്റവും വലിയ ഉപകരണമെന്നത് പില്‍ക്കാലത്ത് ഈ ദൗത്യം ഏറ്റെടുത്ത റശീദ് രിദായും 'അല്‍മനാറും' വ്യക്തമാക്കി. മൗലവി കണ്ടെത്തിയ മാതൃകയും പ്രവര്‍ത്തനശൈലിയും മറ്റൊന്നായിരുന്നില്ല.

'ഇസ്‌ലാം മതത്തെക്കുറിച്ച് മഹാകവി വള്ളത്തോള്ളിന്റെ അബദ്ധധാരണ' എന്ന ലേഖനത്തില്‍ 'ഹജറുല്‍ അസ്‌വദ്' എന്ന കല്ലില്‍ ചുംബിക്കുന്നത് വിഗ്രഹാരാധനയാണെന്ന ആരോപണത്തിന് മൗലവിയുടെ മറുപടിയില്‍ വിദ്വാന്മാരുടെ കര്‍ത്തവ്യത്തെകുറിച്ച് പറയുന്ന ഭാഗം ശ്രദ്ധേയമാണ്:

''ലോകത്ത് സ്വന്തം ബുദ്ധികൊണ്ട് ആരാഞ്ഞും അന്വേഷിച്ചും ഓരോ കാര്യങ്ങളെ കുറിച്ച് ദൃഢബോധം സമ്പാദിക്കുന്നവര്‍ വളരെ കുറച്ചേയുള്ളൂ. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അതു സാധിക്കുകയും ചെയ്യുകയുള്ളു. അധികമാളുകളും അന്യരുടെ വാക്കുകളെ മാത്രം ആധാരമാക്കിയാണ് ഓരോ സംഗതികളെ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യുന്നത്. അതിനാല്‍, നാം ജനങ്ങളെ ധരിപ്പിക്കാനായി പറയുന്ന സംഗതികളെ വാസ്തവത്തില്‍ നാം ധരിച്ചിട്ടുള്ള പോലെ തന്നെയാണെന്നും നമ്മുടെ ധാരണയില്‍ നാം പിഴച്ചിട്ടില്ലെന്ന് നമുക്ക് നിശ്ചയമുള്ളവയായിരിക്കണമെന്നും; നാം ധരിച്ചിട്ടുള്ളത് അബദ്ധമായിരിക്കുമെങ്കില്‍ അനവധി ആളുകളെ കൂടി നാം അബദ്ധക്കുഴിയിലേക്ക്  തളക്കുകയാണെന്നുമുള്ള സംഗതികള്‍ വിശേഷിച്ചും മനസ്സില്‍ വച്ചിരിക്കേണ്ടതാണ്.'' (വക്കം മൗലവി : പ്രബന്ധങ്ങള്‍, സ്മരണകള്‍)

ബുദ്ധിപരമായ വിശകലനത്തിനുള്ള ആധുനിക മാര്‍ഗതത്ത്വമാണ് ഈ വരികളില്‍ നാം കാണുന്നത്. ആധുനികചിന്തകന്മാര്‍ അംഗീകരിക്കുന്ന ബൗദ്ധികസമീപനമാണിത്.

''എന്നാല്‍ ലോകത്തിന്റെ നിര്‍ഭാഗ്യത്താല്‍ , ഈ തത്ത്വത്തെ ആദരിക്കുന്നതില്‍ നിഷ്‌കര്‍ഷയുള്ളവരായി വളരെ ചുരുക്കം ആളുകളെയേ നമുക്ക് കാണാന്‍ കഴിയുകയുള്ളൂ. അതിനാല്‍ നമ്മുടെ ലോകം അനവധി അബദ്ധവിശ്വാസങ്ങളെ കൊണ്ട് നിറഞ്ഞുപോയിരിക്കുന്നു. അധികമാളുകളും തങ്ങളുടെ അറിവ് യഥാര്‍ഥം തന്നെയാണെന്നുള്ള ദൃഢബോധം കൂടാതെ, തങ്ങള്‍ അറിഞ്ഞിട്ടുള്ളത് തന്നെയാണ് ശരി എന്നു വിശ്വസിച്ച് വാസ്തവത്തില്‍ അയഥാര്‍ഥങ്ങളായിട്ടുള്ള പല സംഗതികളെയും ജനങ്ങളുടെ ഇടയില്‍ പരത്തുന്നു.''

പാശ്ചാത്യ ചിന്തയെ ഇസ്‌ലാമീകരിക്കുക എന്നതിലും ഇസ്‌ലാമിനെ പാശ്ചാത്യവല്‍കരിക്കുക എന്നതിലുമായിരുന്നു നവീകരണ പ്രസ്ഥാനങ്ങളില്‍ ചില വിഭാഗങ്ങള്‍ ഊന്നല്‍ നല്‍കിയത്. മുഹമ്മദ്ബ്‌നു അബ്ദില്‍വഹാബും ഷാഹ്‌വലിയുല്ലായും ഒരേ അധ്യാപകരില്‍നിന്നും പഠിച്ചു എങ്കിലും ഇസ്‌ലാമിന്റെ ജന്മസ്ഥലമായ പ്രദേശങ്ങളില്‍ ഇസ്‌ലാം അന്യവല്‍കരിക്കപ്പെട്ട കാഴ്ച്ചയില്‍ വേദനിച്ചു, മുഹമ്മദ്ബ്‌നു അബ്ദില്‍വഹ്ഹാബ്. അവിടെ ശിര്‍ക്കിനും ബിദ്അത്തുകള്‍ക്കും ഊന്നല്‍ നല്‍കി ഇസ്‌ലാമിന്റെ പരിശുദ്ധി കണ്ടെത്താനും നിലനിര്‍ത്താനുമുള്ള ശ്രമത്തിലായിരുന്നു. രാഷ്ട്രീയ കോളിളക്കം മുന്നില്‍ കണ്ട് പാശ്ചാത്യ ഭരണവര്‍ഗം അവരുടെ കോളനികള്‍ നഷ്ടപ്പെടാതിരിക്കാന്‍ 'വഹാബിസം' എന്ന ഒരു പ്രതിഭാസം അവതരിപ്പിച്ചു.  ആധുനിക പാശ്ചാത്യ ലോകം 'മതമൗലികവാദം' 'ഭീകരവവാദം' 'തീവ്രവാദം' എന്നിവ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ച് ഇസ്‌ലാമിക സമൂഹത്തിനകത്ത് അന്ത:ചിദ്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതുപോലെ, ബുദ്ധിജീവികളില്‍ ഒരു വിഭാഗത്തെ വാടകയ്‌ക്കെടുത്തും വിലയ്‌ക്കെടുത്തും ഇക്കാര്യം അവര്‍ സാധ്യമാക്കുന്നു.

ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച ജമാലുദ്ദീന്‍ അഫ്ഗാനിയെ ഒതുക്കാന്‍ പാശ്ചാത്യ സൈദ്ധാന്തികര്‍ 'പാന്‍ ഇസ്‌ലാമിസം' അവതരിപ്പിച്ചു. രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട മതത്തിന്റെ ശൈലിയും പ്രതീകവും എന്ന നിലയില്‍ എതിര്‍ക്കപ്പെടേണ്ട ഖിലാഫത്ത് പ്രസ്ഥാനവും ഉള്‍പ്പെടെ മേല്‍പറഞ്ഞ ആശയങ്ങളുടെയും സിദ്ധാന്തങ്ങളുടെയും പ്രവര്‍ത്തനക്ഷമത മൗലവിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.ഇവിടെ വക്കം മൗലവി ഒരു ഏകാന്തപഥികനായി.

അലിഗര്‍ മൂവ്‌മെന്റ് എന്നറിയപ്പെടുന്ന സര്‍സയ്യിദിന്റെ പ്രസ്ഥാനം ഒരു നിര്‍ണായകഘട്ടത്തില്‍ യാഥാസ്ഥിതികരുടെ എതിര്‍പ്പിന്റെ മുമ്പില്‍ ഇസ്‌ലാമിനെ ആധുനികവല്‍ക്കരിക്കാനുള്ള തന്റെ ശ്രമം ശിബ്‌ലി നുഅ്മാനിയെ ഏല്‍പിച്ച് ആധുനിക വിദ്യാഭ്യാസം മുസ്‌ലിം സമൂദായത്തിന് നല്‍കാനുള്ള തന്റെ സ്ഥാപനത്തെ രക്ഷപ്പെടുത്താനായി വേദനയോടെ വിട്ടൊഴിഞ്ഞ രംഗമായിരുന്നു ഇസ്‌ലാംമത നവീകരണ പ്രവര്‍ത്തനം. രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുമായിരുന്ന, സര്‍സയ്യിദ് കൈയൊഴിഞ്ഞ ആ പ്രവര്‍ത്തനമേഖലയല്ലേ പില്‍ക്കാല ഇന്ത്യന്‍ മുസ്‌ലിംകള്‍ അഭിമുഖീകരിക്കേണ്ടിവന്ന ദുരന്തം. മത നവീകരണ പ്രവര്‍ത്തനവും ആധുനിക വിദ്യാഭ്യാസം നല്‍കി സമൂഹത്തെ ഉദ്ധരിക്കാനുള്ള പ്രവര്‍ത്തനവും ഏകോപിപ്പിക്കാന്‍ സര്‍സയ്യിദിന്, ശക്തമായ എതിര്‍പ്പുമൂലം സാധിച്ചില്ല. 62 ഫത്‌വകള്‍ സര്‍സയ്യിദിന് എതിരായി നല്‍കപ്പെട്ടു. വേദനയോടെ നിരാശനായി അദ്ദേഹം മതനവീകരണം കൈയൊഴിഞ്ഞു.

ഇന്ന് ആധുനിക വിദ്യാഭ്യാസം ലഭിച്ച മുസ്‌ലിംകള്‍ മതത്തിന്റെ ഉള്‍ക്കാഴ്ച്ച നഷ്‌പ്പെട്ടവരായി. മത വിദ്യാഭ്യാസം നേടിയവര്‍ കാലോചിത വിദ്യാഭ്യാസം എന്താണെന്നറിയാത്തവരായി. സമകാലീന ഇന്ത്യന്‍ മുസ്‌ലിംസമൂഹം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളില്‍ ഒന്ന് ഇതുതന്നെയാണ്.

ഇതിന് മൗലവി കണ്ടെത്തിയ മാര്‍ഗം കാലോചിതമായ വിദ്യാഭ്യാസം നല്‍കി ആധുനികമനുഷ്യനെ മതത്തിലൂടെ രക്ഷപ്പെടുത്തുക, ഉദ്ധരിക്കുക, കര്‍മനിരതരാക്കുക, ലൗകിക-ആത്മീയ ദ്വന്ദ്വം ഒഴിവാക്കി ആധുനിക മനുഷ്യന്റെ മാനസിക സംഘര്‍ഷം ലഘൂകരിച്ച്, പ്രവര്‍ത്തന ക്ഷമതയും മൂല്യബോധവും സാങ്കേതിക പരിജ്ഞാനവും ഒത്തിണങ്ങിയ ക്രിയാത്മകമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതായിരുന്നു; മാര്‍ഗം മാധ്യമങ്ങളും. പത്രപ്രവര്‍ത്തനരംഗത്ത് മൗലവി കാലുകുത്തിയത് ജനങ്ങളില്‍ അവകാശബോധവും ഭരണാധികാരികളില്‍ കര്‍ത്തവ്യബോധവും സൃഷ്ടിക്കാനുള്ള ലക്ഷ്യം വച്ചാണ്. ദൈവത്തിന്റെ മുമ്പിലല്ലാതെ മറ്റാരുടെയും മുമ്പില്‍ തലകുനിയ്ക്കുകയോ നട്ടെല്ല് വളയ്ക്കുകയോ ചെയ്യരുതെന്ന ഖുര്‍ആനിക ഉണര്‍ത്തല്‍ ജനങ്ങളിലും, ജനങ്ങള്‍ അമാനത്താണെന്ന ബോധം ഭരണാധികാരികളിലും ഉണ്ടാക്കിയെടുക്കുകയായിരുന്നു ലക്ഷ്യം.


1 comment:

  1. nalla vishayam..oru chattakkoodinakatthu thalakkappettirikkayaanu ippozhum bhooripaksham varunna oru samooham...nannaayi ezhuthi...

    ReplyDelete