മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Saturday, October 21, 2017

സ്വാമി വിവേകാനന്ദന്റെ തിരഞ്ഞെടുത്ത കൃതികൾ | വായന

സ്വാമി വിവേകാനന്ദന്റെ
തിരഞ്ഞെടുത്ത കൃതികൾ
:::::::::::::::::::::::::::::::::::::::::::



ലോകത്തിന്റെ ദാർശനികവും ആത്മീയവുമായ ശക്തികൾക്ക് അത്യതിസാധാരണമായ ഗതിവേഗം സമ്മാനിച്ച സ്വാമി വിവേകാനന്ദന്റെ തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം.

പ്രശ്നങ്ങളെയും വൈഷമ്യങ്ങളെയും തിജീവിച്ച് വിജയം പ്രാപിക്കാൻ, ധാർമികവും ആത്മീയവുമായ ജീവിതം നയിക്കാൻ, ദരിദ്രരും ദീനരുമായ സഹജീവികളെ സേവിക്കുന്നതിലൂടെ സ്വജീവിതം സാർഥകമാക്കുവാൻ ഓരോരുത്തർക്കും സഹായകമായ നിതാന്തസ്രോതസ്സാണ് സ്വാമി വിവേകാനന്ദന്റെ ആശയപ്രപഞ്ചം എന്ന് പുസ്തകത്തിന്റെ പുറം ചട്ടയിൽ പറയുന്നുണ്ട്.

വേരുകൾ, ലോകപ്രവാചകർ, ഇതിഹാസങ്ങളും മറ്റ് ആഖ്യാനങ്ങളും, എത്രവിശ്വാസങ്ങളുണ്ടോ അത്രയും വഴികളുണ്ട്, ചലനാത്മകമായ ഭാരതം, വിദ്യാഭ്യാസം-സംസ്കാരം-കല, അഭിമുഖ സംഭാഷണങ്ങൾ, സംഭാഷണങ്ങൾ, കത്തുകൾ തുടങ്ങി പത്തു ഭാഗങ്ങളായി.392 പേജുകളിൽ, പി മുരളീധരൻ പരിഭാഷപ്പെടുത്തി, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന കൃതിയുടെ വില 350 രൂപയണ്.

‘എത്രവിശ്വാസങ്ങളുണ്ടോ അത്രയും വഴികളുണ്ട്‘ എന്ന നാലാം ഭാഗത്തിൽ; ‘ചില ധാർമികപ്രമാണങ്ങളും നമ്മുടെ യുവാക്കളോടുള്ള ഉദ്ബോധനങ്ങളും‘ എന്ന അധ്യായത്തിൽ നിന്നൊരു ഖണ്ഡിക:

“ധീരരായിരിക്കുക! എന്റെ കുട്ടികൾ മറ്റെല്ലാറ്റിലുമുപരി ധീരരായിരിക്കണം. പ്രക്ഷേപിക്കപ്പെട്ട അത്യുന്നത സത്യങ്ങൾ ഉദ്ഘോഷിക്കുക. ആദരം നഷ്ടമാവുമെന്നോ, അസന്തുഷ്ടികരമായ ഉരസലിനു വഴിവെക്കുമെന്നോ ഭയക്കാതിരിക്കുക. സത്യത്തെ ഉപേക്ഷിക്കാനുള്ള പ്രലോഭനങ്ങൾക്ക് വശംവദരാകാതെ അതിനെ സേവിച്ചാൽ സ്വർഗീയമായ ശക്തി നിങ്ങൾ കൈവരിക്കുമെന്ന് ഉറച്ചു വിശ്വസിക്കുക; ആ ശക്തിയുള്ളപ്പോൾ നിങ്ങൾ സത്യമെന്ന് വിശ്വസിക്കാത്ത കാര്യങ്ങൾ പറയാൻ പോലും ആൾക്കാർ ഭയപ്പെടും. പതിനാലുവർഷം തുടർച്ചയായി ഒട്ടും വ്യതിചലിക്കാതെ സത്യത്തെ കർക്കശമായി സേവിക്കുകയാണെങ്കിൽ നിങ്ങൾ പറയുന്നത് ജനങ്ങൾ വിശ്വസിക്കും. അങ്ങനെ ജനങ്ങൾക്കു മേൽ അത്യുദാത്തമായ അനുഗ്രഹം നിങ്ങൾ ചൊരിയും. അവരുടെ ബന്ധനങ്ങൾ അഴിക്കും, മുഴുവൻ രാഷ്ട്രത്തെയും ഉയർത്തിയെടുക്കും.

പാവങ്ങൾക്കു വേണ്ടി ആരുടെ ഹൃദയമാണോ രക്തമൊഴുക്കുന്നത് അവനെ ഞാൻ മഹാത്മാവ് എന്നു വിളിക്കും. അങ്ങനെ ചെയ്യാത്തവൻ ദുരാത്മാവാണ്.“

വ്യത്യസ്തമായൊരു വായനാനുഭവമാണ് ഈ കൃതി സമ്മാനിച്ചത്...


- മലയാളി 
malayaali-com​ ○

No comments:

Post a Comment