ദുബൈ: റാഷിദിയ വലിയ പള്ളിയിലാണു ഈ വെള്ളിയാഴ്ച പള്ളി കൂടിയത്. വിശാലമായ പള്ളിയുടെ പൂമുഖത്ത് ഒറ്റനോട്ടത്തിൽ തട്ടുകടയെന്നു തോന്നിക്കുന്ന ഒരു ഉന്തുവണ്ടി ഒതുക്കിയിട്ടിരുന്നു. നഗരസഭയുടെ മുദ്രയുള്ള ആ വണ്ടി കണ്ടാണു പള്ളിക്കകത്തു കടന്നത്.
സ്നേഹവും കാരുണ്യവും കുടുംബത്തിലും സമൂഹത്തിലും പ്രസരിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിൽ ഊന്നിയായിരുന്നു ഇമാമിന്റെ ഒന്നാം പ്രസംഗം. രണ്ടാം ഖുതുബയിൽ രണ്ടു കാര്യങ്ങൾ മാത്രം. അതിലൊന്നു വായനയും പുസ്തകവുമെല്ലാമായിരുന്നു. പുസ്തക പ്രണയം പൂത്തുലയാൻ ദുബായ് മുനിസിപ്പാലിറ്റി നടത്തുന്ന സംരംഭങ്ങളെയും ഇരുപത് മിനുറ്റ് കടക്കാത്ത പ്രൗഢപ്രസംഗത്തിൽ അദ്ദേഹം സംക്ഷിപ്തമാക്കി.
ജുമുഅ നമസ്കാരം കഴിഞ്ഞപ്പോൾ കട്ടിലിൽ കിടത്തിയ ഒരു മൃതദേഹം ഇമാമിന്റെ മുന്നിൽ കൊണ്ടുവന്നു വച്ചു. വിശ്വാസികളെല്ലാം ചേർന്നു നിന്നു മയ്യിത്ത് നമസ്കാരവും നിർവഹിച്ചു. ജീവിതത്തിന്റെ നൈമിഷികത ഓർമ്മിപ്പിക്കുന്ന അതായിരുന്നു പ്രസംഗത്തിൽ പരാമർശിക്കപ്പെട്ട രണ്ടാമത്തെ കാര്യം.
രണ്ട് സംഘനമസ്കാരങ്ങളും കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പൂമുഖത്തെ 'തട്ടുകടയ്ക്കു' മുൻപിൽ ആൾക്കൂട്ടം. ചുട്ടെടുക്കുന്ന ദോശ പോലെ പുത്തൻ പുസ്തകങ്ങൾ ആളുകൾ ആർത്തിയോടെ തിരഞ്ഞെടുക്കുന്നു. ലോകപ്രശസ്തരുടെ കൃതികൾ അറബിയിൽ പുറത്തിറക്കിയാണു പള്ളിയിൽ വിതരണം ചെയ്യുന്നത്. കൂട്ടത്തിൽ എനിക്കു കിട്ടിയതിൽ ഒന്നാണിത്.
സാക്ഷാൽ ശശി തരൂരിന്റെ, The elephant, the tiger and the cell phone reflections on India, the emerging 21st century power.
വ്യത്യസ്തനായ ഗണപതിയുടെ പുറംചട്ടയിട്ട് ഇന്ത്യയുടെ സാംസ്കാരിക, സാമൂഹിക സംഭവങ്ങളെ തരൂർ ശൈലിയിൽ അവതരിപ്പിക്കുന്ന പുസ്തകം, അറബ് വായനക്കാരെ ആകർഷിക്കുമെന്നതിൽ സംശയമില്ല.
പുസ്തകത്തിലെ അഭിപ്രായങ്ങളും ആശയങ്ങളും ഗ്രന്ഥകർത്താവിന്റേതു മാത്രമാണെന്ന മുൻകൂർ ജാമ്യം ഇതു പ്രസിദ്ധീകരിച്ച, മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ഫൗണ്ടേഷൻ ഉൾപേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നോട്ടീസുകളും ഭക്ഷണസാധനങ്ങളും വിതരണം ചെയുന്ന പള്ളിപ്പരിസരം പുസ്തകങ്ങളുടെ പൂങ്കാവായ കാഴ്ച കൗതുകമായിരുന്നു. ആരാധനാലയങ്ങൾ സാംസ്‌കാരിക കേന്ദ്രം കൂടിയാണെന്ന സന്ദേശം ഗൾഫ് പള്ളികൾ പലപ്പോഴായി ഓർമ്മിപ്പിക്കുന്നു.
ശുക്‌റൻ ബലദിയ* ദുബായ്..
-മുജീബ് എടവണ്ണ
--
○ ബലദിയ* - മുനിസിപ്പാലിറ്റി
മുജീബ് എടവണ്ണയുടെ ഫെയ്സ്ബുക് പോസ്റ്റ്:
കുറിപ്പ് വളരെ രസകരമായി തോന്നി.കൌതുകകരവും
ReplyDelete