നിരവധി ഭരണകൂടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച രാജ്യമാണ് ഇന്ത്യ. സ്വാതന്ത്ര്യം കിട്ടുന്നതിന്ന് മുമ്പും ശേഷവുമുള്ള ഭരണകൂടങ്ങള്‍ അക്കൂട്ടത്തിലുണ്ട്. പ്രസ്തുത ഭരണകൂടങ്ങള്‍ രാജ്യത്തിന്ന് വേണ്ടി ഒട്ടേറെ സംഭാവനകളര്‍പ്പിച്ചു. അവയുടെ കൂട്ടത്തില്‍ ഇന്ത്യാ ചരിത്രത്തിലെ പുരാതന കാലഘട്ടത്തില്‍ രാജ്യം ഭരിച്ചവരും മധ്യകാലഘട്ടത്തില്‍ ഭരിച്ചവരും ആധുനിക കാലഘട്ടത്തില്‍ ഭരണം നടത്തിയവരും ഉള്‍പ്പെടുന്നു. ഹൈന്ദവരും മുസ്‌ലിംകളും ക്രൈസ്തവരുമായിരുന്നു യഥാക്രമം ഈ മൂന്നു കാലഘട്ടങ്ങളില്‍ ഭരണത്തിലേറിയവര്‍. ബി സി 1500 ല്‍ സെന്‍ട്രലേഷ്യയില്‍ നിന്ന് ആര്യന്മാര്‍ ഇന്ത്യയില്‍ വന്നു, രാജ്യം ഭരിച്ചു, ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. മുസ്‌ലിംകളും ഇവിടെ വന്നു, ഭരിച്ചു, ഇവിടത്തുകാരായി മാറുകയും ചെയ്തു. അതുപോലെ ക്രൈസ്തവരായ ബ്രിട്ടീഷുകാരും ഇവിടെ വന്നു, ഭരണം നടത്തി. പക്ഷെ ഇന്ത്യക്കാര്‍ ഒന്നടങ്കം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് സ്വാതന്ത്ര്യം നേടി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടേണ്ടി വന്നു.
അറുനൂറോളം വര്‍ഷം ഇന്ത്യയില്‍ ഭരണം നടത്തിയ മുസ്‌ലിം ഭരണകൂടങ്ങള്‍ രാജ്യദ്രോഹികളായിരുന്നുവെന്നും വര്‍ഗീയ വാദികള്‍ ആരോപിക്കുന്ന കാലമാണിത്. ആ ഭരണാധികാരികള്‍ രാജ്യത്തിന് ചെയ്ത സംഭാവനകള്‍ അവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയോ തമസ്‌കരിക്കുകയോ ചെയ്യുന്നു. ഈ ഘട്ടത്തില്‍ ഇന്ത്യയിലെ മുഗള്‍ കാലഘട്ടത്തിന്റെ സംഭാവനകള്‍ പഠനമര്‍ഹിക്കുന്നുണ്ട്. ഇന്ത്യയില്‍ ഭരണം നടത്തിയ പ്രമുഖ മുസ്‌ലിം ഭരണകൂടമായിരുന്നു 1526-ല്‍ അധികാരത്തിലേറിയ മുഗള്‍ ഭരണകൂടം. ഈ കാലഘട്ടത്തെക്കുറിച്ച് പഠിക്കാന്‍ നിരവധി സമകാലീന രേഖകളും ആധികാരിക ചരിത്രപഠന ഗ്രന്ഥങ്ങളുമുണ്ട്. ഉദാഹരണത്തിന്ന് ബാബറിനെക്കുറിച്ചറിയാന്‍ 'ബാബര്‍ നാമ' അക്ബറിനെക്കുറിച്ചറിയാന്‍ 'അക്ബര്‍ നാമ' ഷാജഹാനെക്കുറിച്ചറിയാന്‍ 'ബാദ്ഷാ നാമ' തുടങ്ങിയവ.
മുഗള്‍ ഭരണാധികാരികള്‍ യൂറോപ്പില്‍ അറിയപ്പെട്ടിരുന്നത് 'മഹാന്മാരായിരുന്ന മുഗളന്മാര്‍' എന്നായിരുന്നു. മുഗള്‍ തലസ്ഥാനം രാജ്യത്തിന്റെ സാംസ്‌കാരിക കേന്ദ്രമായി മാറിയിരുന്നു. മുഗള്‍ ഭരണ കാലത്ത് സാംസ്‌കാരിക രംഗം വളരെ സജീവമായിരുന്നു. കലാ സാംസ്‌കാരിക രംഗങ്ങളിലുള്ള സംഭാവനകളുടെ അടിസ്ഥാനത്തില്‍ ഗുപ്ത കാലത്തെപ്പോലെത്തന്നെ മുഗള്‍ കാലഘട്ടത്തെയും 'ക്ലാസിക്കല്‍' എന്ന് വിശേഷിപ്പിക്കാവുന്നതാണ്. കല, വാസ്തുവിദ്യ, പെയ്ന്റിങ്, മ്യൂസിക്ക്, സാഹിത്യം എന്നീ രംഗങ്ങളില്‍ മുഗളരുടെ പുരോഗതി വളരെ പ്രകടമായിരുന്നു. പല രംഗങ്ങളിലും മുഗളര്‍ കൊണ്ടുവന്ന ടര്‍ക്കോ പേര്‍ഷ്യന്‍ സംസ്‌കാരവും ഇന്ത്യന്‍ പാരമ്പര്യവുമായി സമന്വയിപ്പിക്കുകയുണ്ടായി.
സാംസ്‌കാരിക രംഗത്ത് മുഗള്‍ ഭരണ കാലഘട്ടം വലിയ സംഭാവനകളര്‍പ്പിക്കുകയുണ്ടായി. ഇന്ത്യയുടെ പേരും പ്രശസ്തിയും വര്‍ധിപ്പിക്കുന്നതില്‍ ഈ കാലഘട്ടം വലിയ പങ്കുവഹിക്കുകയുണ്ടായി. ഈ പുരോഗതി ചെറുതായി കാണാന്‍ ഇടുങ്ങിയ മനസ്സുകള്‍ക്ക് മാത്രമേ സാധിക്കൂ. ചരിത്രത്തെ നിഷ്പക്ഷമായി വിലയിരുത്തുന്നവര്‍ക്ക് ഇന്ത്യയില്‍ വിവിധ കാലഘട്ടങ്ങളിലുണ്ടായിട്ടുള്ള (അതു ഏതു മതവിഭാഗക്കാരുടെ ഭരണകാലത്താകട്ടെ) വികസനങ്ങളെ വര്‍ഗീയ കണ്ണിലൂടെ നോക്കിക്കാണാനാകില്ല.
മുഗള്‍ ഭരണാധികാരികള്‍ പ്രൗഢമായ കോട്ടകളും കൊട്ടാരങ്ങളും കവാടങ്ങളും കെട്ടിടങ്ങളും പള്ളികളും കിണറുകളും ജലസംഭരണികളുമൊക്കെ നിര്‍മിച്ചിരുന്നു. മാത്രമല്ല രാജ്യത്തിന്റെ പല ഭാഗങ്ങളിലും സുല്‍ത്താന്മാരും മുഗള്‍ ചക്രവര്‍ത്തിമാരും ഉദ്യാനങ്ങള്‍ സ്ഥാപിച്ചിരുന്നു. കാശ്മീരിലെ മുഗള്‍ ഗാര്‍ഡന്‍സും ലാഹോറിലെ ഷാലിമാറും പഞ്ചാബിലെ പിഞ്ചോര്‍ ഗാര്‍ഡനും ഇന്നും നിലനില്‍ക്കുന്നു.
മുഗള്‍ വംശസ്ഥാപകനായ ബാബറും ഹുമയൂണും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അക്ബര്‍ ചക്രവര്‍ത്തിയായിരുന്നു വിപുലമായ രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് വാസ്തു വിദ്യയില്‍ താല്‍പര്യം കാണിച്ചിരുന്നത്. "Babur mentions his continued interest in erecting mos ques and planting gardens in his autobiography..... Huma yun, in the first years of his reign, also erected many new buil dings.... The history of Mughal architecture therefore starts with Akbar.' (S A A Rizvi ,' The wonder that was India Volume 2 , Picador India, London,2005, p 290)
നാടിന്നഭിമാനിക്കാവുന്ന വാസ്തുവിദ്യയിലുള്ള കഴിവ് എടുത്ത് കാണിക്കുന്ന നിരവധി കെട്ടിടങ്ങള്‍ അക്ബറിന്റെ കാലത്ത് നിര്‍മിക്കുകയുണ്ടായി. രജപുത്രരുമായി അക്ബര്‍ കൂടുതല്‍ ഒരുമയും അടുപ്പവും കാണിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ കാലത്ത് നിര്‍മിക്കപ്പെട്ട കെട്ടിടങ്ങളുടെ ഡിസൈനിങ്ങില്‍ ഇന്‍ഡോ മുസ്‌ലിം വാസ്തുവിദ്യ ദര്‍ശിക്കാവുന്നതാണ്. അക്ബര്‍ നിരവധി കോട്ടകള്‍ നിര്‍മിക്കുകയുണ്ടായി. ആഗ്രയിലുള്ള ആഗ്രാ കോട്ടയാണു അതില്‍ ഏറ്റവും ഭീമമായത്. ആഗ്ര കോട്ടയുടെ വടക്കേ ഭാഗം ഇന്ത്യന്‍ മിലിട്ടറി ഉപയോഗിക്കുന്നതു കൊണ്ട് പൊതുജനങ്ങള്‍ക്ക് ആ ഭാഗത്തേക്ക് പ്രവേശനമില്ല. കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലത്തും ചുറ്റുമായി മനോഹരമായ ഡിസൈനില്‍ അഞ്ഞൂറോളം കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടിരുന്നുവെന്ന് സമകാലീന ചരിത്രകാരന്‍ അബുല്‍ഫസ്ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവയില്‍ പലതും പില്‍ക്കാലത്ത് നശിപ്പിക്കപ്പെട്ടു. യമുനാ നദിക്കഭിമുഖമായി മുപ്പതോളം കെട്ടിടങ്ങള്‍ മാത്രമേ അവിടെ അവശേഷിക്കുന്നുള്ളൂ.
ഫത്തേപൂര്‍ സിക്രി
നിരവധി കെട്ടിട സമുച്ചയങ്ങളുള്ള ഫത്തേപൂര്‍ സിക്രിയിലാണ് 12 വര്‍ഷത്തോളം അക്ബര്‍ ചെലവഴിച്ചത്. ആഗ്രയായിരുന്നു അക്ബറിന്റെ തലസ്ഥാനം. ഇവിടെ നിന്ന് തലസ്ഥാനം 37 കിലോമീറ്റര്‍ അകലെയുള്ള ഫത്തേപൂര്‍ സിക്രിയിലേക്ക് മാറ്റി. ഇവിടെ അദ്ദേഹം ഒരു ആസൂത്രിത നഗരം കെട്ടിപ്പടുത്തു. ഇതിന്നകത്ത് രാജകീയ കൊട്ടാരങ്ങളും രാജസദസ്സും അന്തപുരവും പള്ളിയും പ്രൈവറ്റ് ഇടങ്ങളും മറ്റു കെട്ടിടങ്ങളും നിര്‍മിച്ചിട്ടുണ്ട്. മുഗള്‍ വാസ്തുവിദ്യയുടെ സുപ്രധാനമായ അടയാളങ്ങള്‍ ഈ കെട്ടിടങ്ങളില്‍ ദര്‍ശിക്കാന്‍ സാധിക്കും.ബാബര്‍ ചക്രവര്‍ത്തി ഈ പ്രദേശത്തിന്ന് ശുക്‌രി (shukri) എന്നാണ് നാമകരണം ചെയ്തിരുന്നത്. മുഗള്‍ സേനക്കു ഉപയോഗിക്കത്തക്ക വിധം ഒരു ജലതടാകം അവിടെ നിര്‍മിച്ച തുകൊണ്ടാണു 'നന്ദി' എന്നര്‍ഥം വരുന്ന ശുക്‌രി എന്ന് പേരു നല്‍കാന്‍ കാരണം. ബാബറുടെ ആത്മകഥയായ ബാബര്‍നാമ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ആനറ്റ് ബെവറിഡ്ജ്, ബാബര്‍ 'സിക്രിയെ', 'ശുക്‌രി' എന്നു വിളിക്കാന്‍ നിര്‍ദേശിച്ചതായി പറയുന്നുണ്ട്.
അഫ്ഗാനിസ്ഥാനിലെ കാബൂളിലായിരുന്ന ബാബറെ തന്റെ സഹായത്തിന്നായി രജപുത്ര നേതാവ് റാണാസംഗ, വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് തന്നെ വഞ്ചിച്ചതുകാരണം പ്രതികാര നടപടിയായി റാണാ സംഗയെ ബാബര്‍ ആക്രമിക്കുകയുണ്ടായി. യുദ്ധത്തിന്റെ വിജയസൂചകമായി ഫത്തേപൂര്‍ സിക്രിയില്‍ ഒരു ഉദ്യാനം നിര്‍മ്മിക്കുകയും അതിന് ഗാര്‍ഡന്‍ ഓഫ് വിക്ടറി എന്ന് പേരു നല്‍കുകയും ചെയ്തു
ഫത്തേപൂര്‍ സിക്രിയില്‍ ദീവാനേ ആം (Diwani Am), ദീവാനേ ഖാസ് (Diwani khas), പാഞ്ച് മഹല്‍, ബുലന്‍ദ് ദര്‍വാസ (Buland Darwaza), ഖാസ് മഹല്‍ (Khas Mahal) രാജ്ഞിമാരുടെ കൊട്ടാരങ്ങള്‍, ജുമാ മസ്ജിദ്, ട്രഷറി, ആശുപത്രി, ഇരു നിലകളുള്ള രാജകീയഹാരം, ശവകുടീരങ്ങള്‍ തുടങ്ങി നിരവധി കെട്ടിടങ്ങളുണ്ട്. ഫെര്‍ഗൂസന്റെ അഭിപ്രായത്തില്‍ ഫത്തേപൂര്‍ സിക്രി 'ഒരു വലിയ മനുഷ്യ മനസ്സിന്റെ പ്രതിഫലനമാണു'. (Fergusson ,"History of Indian and Eastern Architecture Vo 1-2). ചരിത്രകാരന്‍ വി എ സ്മിത്ത്, ഫത്തേപൂര്‍ സിക്രിയെക്കുറിച്ച് രേഖപ്പെടുത്തുന്നു: ഫത്തേപൂര്‍ സിക്രിയെപ്പോലെ മറ്റൊന്ന് അതിന്ന് മുമ്പ് നിര്‍മ്മിച്ചിട്ടില്ല; ഒരിക്കലും അതുപോലെ മറ്റൊന്ന് നിര്‍മ്മിക്കാനും കഴിയില്ല.'' (V A Smith, "Akbar the Great Mogul" S Chand & Co , New Delhi, 1962 p 317)
താജ് മഹല്‍
മുഗള്‍ വംശത്തിലെ ഏറ്റവും മഹാനായ നിര്‍മാതാവ് ഷാജഹാന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഏറ്റവും മനോഹരവും പ്രഖ്യാതവുമായ കലാ സൃഷ്ടി താജ്മഹലായിരുന്നു ("Shahjahan's most celebrated building is the Taj Mahal on the left bank of the Jamuna in Agra" (S A A R-izvi " The Wonder that was India " Opp cit p 225)മുഗള്‍ വാസ്തു ശില്‍പകലയെ ലോക പ്രശസ്തമാക്കിയത് താജ്മഹലാണ്. താജ്മഹലിനെക്കുറിച്ച് വിവാദം ചൂടുപിടിച്ച സമയമാണിത്. മുഴുവന്‍ ചരിത്ര രേഖകളുടെയും പിന്‍ബലമുള്ള ഒരു സ്മാരക മന്ദിരത്തെക്കുറിച്ച് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ താല്‍പര്യം വര്‍ഗീയപരവും ദുരുദ്ദേശ്യപരവുമാണെന്ന് പറയാതെ വയ്യ. പി എന്‍ ഓക്ക് 1968-ല്‍ പ്രസിദ്ധീകരിച്ച 'The Taj Mahal is a Hindu Palace' എന്ന പുസ്തകത്തിലൂടെയാണ് വിവാദത്തിന്റെ ആദ്യവെടി പൊട്ടിച്ചത്. താജ്മഹല്‍: യഥാര്‍ഥ കഥ എന്നാണ് പുസ്തകത്തി ന്റെ പേര്. 1155-ലെ ഏതോ സംസ്‌കൃത ലിഖിതപ്രകാരം താജ്മഹല്‍, തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നുവെന്നും ഒരു രാജാ പരമാദ്രി ദേവാണത് നിര്‍മിച്ചതെന്നും നൂറ്റാണ്ടുകള്‍ക്ക് ശേഷം ഷാജഹാന്‍ ചക്രവര്‍ത്തി രാജാ ജെയ്‌സിങ്ങില്‍ നിന്ന് പിടിച്ചെടുത്ത് മുംതാസിന്റെ ശവകുടീരമാക്കുകയായിരുന്നുവെന്നുമാണു ഓക്കിന്റെ വാദം. (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2017 ഒക്ടോബര്‍ 22 പേജ് 18). ''ഈ വാദം ലോകചരിത്ര പണ്ഡിതന്മാരെല്ലാം തള്ളിക്കളഞ്ഞതാണ്, അല്‍പം ചില ആര്‍ എസ് എസ്സുകാരൊഴിച്ച്.'' (ibid)
ചരിത്രത്തെ എങ്ങനെ വികലമാക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. താജ്മഹല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം രാജസ്ഥാനിലെ പ്രവിശ്യയായ അംബറിലെ രാജാ ജെയ്‌സിങ്ങിന്റെ കൈവശത്തിലുള്ള ഉദ്യാനമായിരുന്നു. ഈ ഉദ്യാനത്തിന്ന് പകരമായി ഷാജഹാന്‍ ചക്രവര്‍ത്തി രാജാ ജയ്‌സിങ്ങിന്ന് നാലു രാജകീയ ഹര്‍മ്യങ്ങള്‍ നല്‍കിയതായി 1633 ഡിസംബര്‍ 18-ലെ രാജ ഉത്തരവിലുണ്ട് (Taj Mahal, Bikram Grewal, TBI, 1986, P 5).
താജ്മഹല്‍ നിര്‍മ്മാണത്തിനുവേണ്ടി ഷാജഹാന്‍ അനേകം വിദഗ്ധരെ ഇന്ത്യയില്‍നിന്നും പശ്ചിമേഷ്യയില്‍ നിന്നും ഉപയോഗപ്പെടുത്തുകയുണ്ടായി. താജ്മഹലിന് ശില്‍പികളായി പലരുമുണ്ട്. അവരില്‍ ചിലരാണ് വെനീഷ്യനായ ജെറോണിമോ വെറോണിയോ, ഉസ്താദ് ഈസ, ഉസ്താദ് അഹ്മദ് ലാഹോരി തുടങ്ങിയവര്‍. താജ്മഹല്‍ നിര്‍മാണത്തിന്ന് 20000ത്തിലധികം തൊഴിലാളികളുണ്ടായിരുന്നു.
1632-ല്‍ പണിയാരംഭിച്ച ഈ സൗധം 20 വര്‍ഷത്തിന് ശേഷം 1653 ഓടെയാണ് പൂര്‍ത്തിയായത്. വിലമതിക്കാനാവാത്ത ഈ സ്മാരകമന്ദിരത്തിന്റെ നിര്‍മാണച്ചെലവായി സമകാലീന ചരിത്രകാരനായ അബ്ദുല്‍ഹമീദ് ലാഹോരിയുടെ ബാദ്ഷാനാമ രേഖപ്പെടുത്തിയിട്ടുള്ളത് 50 ലക്ഷം രൂപയെന്നാണ്. 1836-ല്‍ അതിന്റെ നിര്‍മാണച്ചിലവായി കണക്കാക്കപ്പെട്ടത് 3.17 കോടി രൂപയാണ്. താരീഖേ താജ്മഹല്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയതനുസരിച്ച് ഈ സൗധത്തിന്റെ നിര്‍മാണാവശ്യത്തിന്നായി വൈറ്റ് മാര്‍ബിള്‍ രാജസ്ഥാനിലെ മക്രാനയില്‍നിന്നും മഞ്ഞ മാര്‍ബിള്‍ സെന്‍ട്രല്‍ ഇന്ത്യയില്‍ നിന്നും ക്രിസ്റ്റല്‍ കല്ലുകള്‍ ചൈനയില്‍നിന്നും ലാപിസ് ലസൂലി ശ്രീലങ്കയില്‍ നിന്നും ജസ്പര്‍ രത്‌നക്കല്ലുകള്‍ പഞ്ചാബില്‍ നിന്നും ഒനിക്‌സ് രത്‌നക്കല്ലുകള്‍ പേര്‍ഷ്യയില്‍ (ഇറാന്‍) നിന്നും റ്റേര്‍ക്വെയ്‌സ് എന്ന വൈഡൂര്യം തിബറ്റില്‍നിന്നും മുത്തും പവിഴവും ഇന്ത്യാ സമുദ്രത്തില്‍ നിന്നുമാണ് ലഭിച്ചിരുന്നത്.
അതിമനോഹരമാണ് താജ്മഹല്‍ മന്ദിരം. ലോക ജനതക്കു മുമ്പില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ സൗധമാണിത്. ലോകാത്ഭുതങ്ങളിലൊന്നായി ഈ മനോഹര സ്മാരകം എണ്ണപ്പെട്ടിരുന്നു. എറ്റവും കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിച്ച മന്ദിരമാണ് താജ്മഹല്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ആഗ്ര സര്‍ക്കിള്‍ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റായിരുന്ന കൊടുവള്ളി സ്വദേശി കെ കെ മുഹമ്മദിന്റെ വാക്കുകളില്‍: 'താജ്മഹല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വരുമാനം നേടിത്തരുന്ന, ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ചരിത്രസ്മാരകമാണ്.
പ്രതിവര്‍ഷം എട്ടു ദശലക്ഷം ആളുകളാണ് താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയും ചരിത്രസ്മാരകങ്ങളാണ് ഇന്ത്യയില്‍ പ്രവേശനധനം സമ്പാദിക്കുന്നതില്‍ ഏറ്റവും മുന്‍പില്‍. താജ്മഹലില്‍ മാത്രം പ്രവേശനധനമായി 200 കോടി രൂപയും അനുബന്ധ ടൂറിസം വ്യവസായത്തില്‍ 2500 കോടി രൂപയും പ്രതിവര്‍ഷം ലഭിക്കുന്നുണ്ട്.
ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും 50,000-ത്തിലധികം പേരാണ് താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. ആ ദിവസങ്ങളില്‍ വളരെ നീണ്ട ക്യു സാധാരണമാണ്. ഇക്കൂട്ടര്‍ താജ്മഹലിനെ അവഗണിക്കുകയോ അഗണ്യകോടിയില്‍ തള്ളുകയോ ചെയ്താലും താജ്മഹലിന്ന് ഒരു പരുക്കും പറ്റാന്‍ പോകുന്നില്ല. വാസ്തവത്തില്‍ അവര്‍ സ്വയം ചെറുതാവുകയാണ്. സ്വയം ഇകഴ്ത്തുകയാണ്'. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2017 ഒക്ടോബര്‍ 22, പേജ് 31)
-ഡോ. പി പി അബ്ദുല്‍ഹഖ്
------------
കവർ സ്റ്റോറി,
ശബാബ് വാരിക,
2017 ഒക്ടോബർ 27
അതിമനോഹരമാണ് താജ്മഹല്‍ മന്ദിരം. ലോക ജനതക്കു മുമ്പില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ സൗധമാണിത്. ലോകാത്ഭുതങ്ങളിലൊന്നായി ഈ മനോഹര സ്മാരകം എണ്ണപ്പെട്ടിരുന്നു. എറ്റവും കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിച്ച മന്ദിരമാണ് താജ്മഹല്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ആഗ്ര സര്‍ക്കിള്‍ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റായിരുന്ന കൊടുവള്ളി സ്വദേശി കെ കെ മുഹമ്മദിന്റെ വാക്കുകളില്‍: 'താജ്മഹല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വരുമാനം നേടിത്തരുന്ന, ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ചരിത്രസ്മാരകമാണ്.
ReplyDelete