Thursday, April 9, 2009

സിസ്റ്റര്‍ ജസ്‌മി: ഒരു കന്യാസ്‌ത്രീയുടെ ദുരനുഭവങ്ങള്‍


അഭിമുഖം


__________________________


സിസ്റ്റര്‍ ജസ്‌മി/വി കെ ജാബിര്‍


ഭേദ്യമായ പെരുങ്കോട്ടയില്‍ നിന്ന്‌ ' 'യേശു'വിനെയും കൊണ്ട്‌ ഓടിരക്ഷപ്പെട്ട സിസ്റ്റര്‍ ജെസ്‌മി കേരളത്തിലും പുറത്തും ക്രിസ്‌തീയ സഭയ്‌ക്കെതിരെ ഒരുപാട്‌ ചോദ്യങ്ങളാണ്‌ പൊതുസമൂഹത്തില്‍ ഉയര്‍ത്തിവിട്ടത്‌. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ സഭാവസ്‌ത്രം ഉപേക്ഷിച്ച്‌ പൊതുസമൂഹത്തിന്റെ സ്വാതന്ത്ര്യത്തിലേക്കിറങ്ങിയ സിസ്റ്റര്‍ ജെസ്‌മിയുടെ ആമേന്‍ എന്ന ആത്മകഥാപരമായ പുസ്‌തകം (ഒറ്റമാസം കൊണ്ട്‌ മൂന്നുപതിപ്പ്‌ പുറത്തിറങ്ങി) പ്രസിദ്ധീകരിക്കപ്പെട്ടത്‌.

സീറോ മലബാര്‍ സഭയുടെ തൃശൂര്‍ രൂപതയ്‌ക്കു കീഴിലുള്ള വിമലാ കോളെജ്‌ പ്രിന്‍സിപ്പലായിരുന്നു നരെറ്റോളജിയില്‍ (ആഖ്യാനശാസ്‌ത്രം) ഡോക്‌ടറേറ്റ്‌ നേടിയ സിസ്റ്റര്‍ ജെസ്‌മി. എം ഫില്‍ വരെ എല്ലാ പരീക്ഷകളും റാങ്കോടെയാണ്‌ വിജയിച്ചത്‌. യേശുവിന്റെ ഇച്ഛയുടെ സുരക്ഷിതകേന്ദ്രത്തിലേക്ക്‌ രക്ഷപ്പെടുകയായിരുന്നുവെന്ന്‌ ഒരു കന്യാസ്‌ത്രീയുടെ ആത്മകഥ- ആമേനില്‍ ജെസ്‌മി വ്യക്തമാക്കുന്നുണ്ട്‌. അടഞ്ഞ ഒന്നില്‍ നിന്നും തുറന്ന ജീവിതത്തിലേക്ക്‌. കന്യാസ്‌ത്രീ മഠത്തിന്റെ അകത്തളങ്ങളിലെ ആത്മീയതയില്‍ നിന്ന്‌ വന്‍മതിലുകള്‍ക്കു പുറത്തെ ആത്മീയ ജീവിതത്തിലേക്ക്‌. പ്രശാന്തിയിലേക്കുള്ള പ്രയാണം എന്നാണ്‌ മഠമുപേക്ഷിച്ചതിനെക്കുറിച്ച്‌ സിസ്റ്റര്‍ ജെസ്‌മി വിശേഷിപ്പിക്കുന്നത്‌. ആത്മീയതയെ സ്ഥാപനവത്‌കരിച്ചതാണ്‌ സഭയ്‌ക്കു പറ്റിയ വലിയ തെറ്റെന്ന്‌ ജെസ്‌മി വിശ്വസിക്കുന്നു.

സഭയുടെ വെളിച്ചം കടക്കാത്ത ചട്ടക്കൂടില്‍ നിന്ന്‌ പുറത്തു കടന്ന്‌ സഭാവസ്‌ത്രം അഴിച്ചുവെച്ച്‌ സഭയ്‌ക്കുള്ളിലെ ലൈംഗിക അരാജകത്വത്തെയും ദുഷ്‌ചെയ്‌തികളെയും അഴിമതികളെയും തുറന്നെതിര്‍ക്കുന്ന ആത്മകഥാംശമുള്ള ഇത്തരമൊരു പുസ്‌തകം ആദ്യമാണ്‌. സന്യാസി സമൂഹത്തിന്റെ വഴിവിട്ട ജീവിതക്രമങ്ങളെക്കുറിച്ചും ക്രൈസ്‌തവ സഭയുടെ ദുഷിച്ച അധികാരശ്രേണികളെക്കുറിച്ചും തുറന്നെഴുതുന്ന ഒരുപക്ഷെ ആദ്യത്തെ കൃതിയാണ്‌ ആമേന്‍ എന്ന ആത്മകഥ. ലോകത്ത്‌ മറ്റെവിടെയെങ്കിലും ഇത്തരമൊരു കൃതി പുറത്തിറങ്ങിയിട്ടുണ്ടോ എന്നറിയില്ലെന്ന്‌ ജെസ്‌മി തന്നെ വ്യക്തമാക്കുന്നുണ്ട്‌.

മുമ്പ്‌ ചേരികളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇംഗ്ലണ്ടുകാരായ രണ്ട്‌ സിസ്റ്റര്‍മാര്‍ സഭയ്‌ക്കെതിരെ പുസ്‌തകം എഴുതിയിരുന്നു. അതുപക്ഷെ ചേരികളില്‍ സാധാരണമായ അബോര്‍ഷനെ (ഗര്‍ഭഛിദ്രം) കുറിച്ചുള്ള സഭയുടെ നിലപാടുമായി ബന്ധപ്പെട്ടു മാത്രമായിരുന്നു. ബലാല്‍സംഗത്തിന്‌ ഇരയാവുന്ന ഇരകളുടെ ഗര്‍ഭഛിദ്ര പ്രശ്‌നത്തില്‍ സഭാ തീരുമാനത്തെ എതിര്‍ത്തുകൊണ്ടെഴുതിയ പുസ്‌തകം പക്ഷെ സഭയുടെ പ്രവര്‍ത്തനരീതികളെയോ ചിട്ടവട്ടങ്ങളെയോ പരിചയപ്പെടുത്തിയില്ല.

അഭയകേസില്‍ സുപ്രധാനമായ അറസ്റ്റുകളും മറ്റു നടപടികളുമുണ്ടായപ്പോള്‍ സഭയ്‌ക്കു പുറത്തായി എന്നത്‌ സുകൃതമായി കരുതുന്നു സിസ്റ്റര്‍ ജെസ്‌മി. മഠത്തില്‍ നിന്നു പുറത്തുവന്നാലും താന്‍ സിസ്റ്റര്‍ തന്നെയായിരിക്കും. ഗസറ്റില്‍ സിസ്റ്റര്‍ ജെസ്‌മി എന്ന പേരു സ്വീകരിച്ചതിനാല്‍ അതിനു നിയമത്തിന്റെ പിന്‍ബലവുമുണ്ടെന്ന്‌ ജെസ്‌മി വിശ്വസിക്കുന്നു.

ദുഷിപ്പ്‌ ഏറ്റവും കൂടിനില്‌ക്കുന്ന സമയത്ത്‌ സഭാവസ്‌ത്രം ഊരിയെറിഞ്ഞ്‌ പുറത്തുചാടാനായതില്‍ സിസ്റ്റര്‍ സന്തുഷ്‌ടയാണ്‌. പല സുഹൃത്തുക്കളും ഇക്കാര്യം ഫോണിലും അല്ലാതെയും അറിയിച്ചിട്ടുണ്ട്‌. അഭയ കേസ്‌ തെളിയുമ്പോള്‍ പിന്നിലേക്കിടുന്ന മുഖംമൂടി മുന്നോട്ടു കെട്ടേണ്ടിവരുമെന്ന്‌ ഞങ്ങള്‍ സിസ്റ്റര്‍മാര്‍ പരസ്‌പരം പറയുമായിരുന്നു.സഭയുടെ കടുത്ത ചിട്ടവട്ടങ്ങളോട്‌ കലഹിച്ചാണ്‌ സിസ്റ്റര്‍ ജെസ്‌മി സഭാവസ്‌ത്രം ഉപേക്ഷിച്ചത്‌. പ്രതിമ വീണുടഞ്ഞാല്‍ ജീസസും മറിയമും തകര്‍ന്നുപോകുമോ എന്നൊരു ചോദ്യം സിസ്റ്റര്‍ മുമ്പ്‌ ചോദിച്ചത്‌ ഇപ്പോഴും അവരുടെ മനസ്സില്‍ മുഴങ്ങുന്നു. ഒരിക്കല്‍, അല്‍ത്താരയില്‍ സൂക്ഷിച്ച യേശുവിന്റെ പ്രതിമ അബദ്ധത്തില്‍ തട്ടി വീണുടഞ്ഞതിന്റെ പേരില്‍ മേലധികാരി, സിസ്റ്ററെ ശിക്ഷിച്ച സന്ദര്‍ഭത്തിലായിരുന്നു അത്‌. യേശുവിന്റെയും മാതാവായ കന്യാമറിയത്തിന്റെയും `കൈകള്‍ പിടിച്ചു'കൊണ്ടാണ്‌ ഞാന്‍ സി എം സി (ജെസ്‌മി അംഗമായ സഭ- കോണ്‍ഗ്രഗേഷന്‍ ഓഫ്‌ മദര്‍ ഓഫ്‌ കാര്‍മല്‍) വിട്ടതെന്ന്‌ ആത്മകഥയില്‍ ജെസ്‌മി വാദിക്കുന്നുണ്ട്‌.

മഠത്തില്‍ കഴിഞ്ഞ 33 വര്‍ഷത്തെ ജീവിതത്തില്‍ അനുസരണവ്രതത്തിന്‌ ഞാനെന്നും കീഴ്‌പ്പെട്ടിട്ടുണ്ട്‌. ചുരിദാര്‍ ധരിക്കുന്നത്‌ അനുസരണവ്രതം തെറ്റിക്കാന്‍ മാത്രം പര്യാപ്‌തമായ കുറ്റമായിരുന്നു. കന്യാസ്‌ത്രീ മഠത്തില്‍ നിന്ന്‌ വിടുതല്‍ ലഭിക്കുന്നതിന്‌ പരിഗണിക്കത്തക്ക കാരണമായിരുന്നു ഇതെന്ന്‌ വിശദീകരിക്കുന്ന സിസ്റ്റര്‍ ജെസ്‌മി സഭ വിട്ടതിന്റെ പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ തുറന്നുപറയുന്നു:

ഇത്തരമൊരു തുറന്നെഴുത്തിനുള്ള പ്രേരകം എന്തായിരുന്നു?

പ്രധാനമായി തുറവി എന്ന എന്റെ ജന്മനാ ലഭിച്ച സവിശേഷ ഗുണം തന്നെ. ജീവിതത്തിലും തൊഴിലിലും ഓപ്പണ്‍നെസ്‌ വേണം. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യപരവും സുതാര്യവുമായിരിക്കണം എന്നെനിക്ക്‌ നിര്‍ബന്ധമുണ്ട്‌. പൊതുകാര്യങ്ങള്‍ ഒളിപ്പിച്ച്‌ വെക്കുന്നതിനോട്‌ എനിക്ക്‌ യോജിക്കാന്‍ കഴിയില്ല. എന്നാല്‍, ജനങ്ങളുടെ സംഭാവനയും സഹകരണവും കൊണ്ട്‌ കെട്ടിപ്പടുക്കപ്പെട്ട സഭയുടെ പ്രവര്‍ത്തനം അങ്ങേയറ്റം രഹസ്യാത്മകവും ഒരുപക്ഷെ നിഗൂഢവുമാണ്‌.
തങ്ങളുടെ നേര്‍നടുവില്‍ കാരാഗൃഹതുല്യമായ അടച്ചുകെട്ടിനുള്ളില്‍ എന്താണു സംഭവിക്കുന്നതെന്നറിയാന്‍ സമൂഹത്തിന്‌ അവകാശമുണ്ട്‌. സന്യസ്‌തര്‍ സമൂഹത്തിലാണ്‌ ജീവിക്കുന്നത്‌. കുട്ടികളോടും യുവാക്കളോടും വൃദ്ധരോടും കുടുംബങ്ങളോടും ഇടപഴകിയാണ്‌ അവരുടെ ജീവിതം. തങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിന്റെ നാനാവശങ്ങളിലേക്കും കടന്നുചെല്ലുന്ന അവര്‍ പഠിപ്പിക്കുകയും വഴികാട്ടുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ടും ഇതേ സമൂഹത്തിന്‌ സന്യസ്‌തര്‍ നിഗൂഢരായി അവശേഷിക്കുന്നു.

ഈ ചുറ്റുമതിലുകള്‍ക്കുള്ളിലെ യഥാര്‍ഥ സംഭവങ്ങളുടെ തീര്‍ത്തും തെറ്റായ ഒരു ചരിത്രമാണ്‌ വ്യാജപ്രസ്‌താവനകളായി പുറത്തേക്കു പരക്കുന്നത്‌. സഭയില്‍ യഥാര്‍ഥത്തില്‍ എന്താണു നടക്കുന്നതെന്നറിയാന്‍ പൊതുസമൂഹത്തിന്‌ അവകാശമുണ്ട്‌. തങ്ങളുടെ കുട്ടികളെ എന്താണു പഠിപ്പിക്കുന്നതെന്നറിയാന്‍ രക്ഷിതാക്കള്‍ക്ക്‌ ന്യായമായും അവകാശമുണ്ടെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ജനാധിപത്യവും അനിവാര്യമാണെന്ന ചിന്തയാണ്‌ തുറന്നെഴുത്തിനുള്ള യഥാര്‍ഥ പ്രേരകം.

ദൈവത്തിന്റെ മാര്‍ഗത്തിലാണ്‌ നാമെങ്കില്‍ മറയ്‌ക്കാന്‍ യാതൊന്നുമില്ല. സാധാരണ കാര്യങ്ങളില്‍ പോലും നാമിത്രമാത്രം രഹസ്യം സൃഷ്‌ടിക്കുന്നതെന്തിനാണ്‌? വ്യക്തികളുടെയോ കുടുംബത്തിന്റെയോ സ്ഥാപനത്തിന്റെയോ സ്വകാര്യതയല്ല ഞാനുദ്ദേശിച്ചത്‌. അവ ആദരിക്കപ്പെടേണ്ടതു തന്നെയാണ്‌. സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്‌ക്കപ്പെടേണ്ടതുണ്ട്‌. ന്യായമായ കാര്യങ്ങളില്‍ പോലും അനാവശ്യമായ രഹസ്യാത്മകത കത്തോലിക്കാ സഭയില്‍ സൂക്ഷിക്കപ്പെടുന്നുണ്ട്‌. നമ്മുടെ ഇടപാടുകളില്‍ അനീതിയും അന്യായവും നെറികേടുമുണ്ടാകുമ്പോള്‍ മാത്രമാണ്‌ രഹസ്യമാക്കിവെക്കാനുള്ള പ്രവണത ഉദിക്കുന്നത്‌. അനാവശ്യമായ മറച്ചുവെക്കല്‍ പ്രവണത മതമേധാവികളില്‍ സാധാരണമാണ്‌.

സഭാ വസ്‌ത്രം അഴിച്ചുവെച്ച്‌ ഓടിപ്പോരാന്‍ പെട്ടെന്നെന്തെങ്കിലും കാരണം?

മഠത്തിനുള്ളിലും ജോലിസ്ഥലത്തും സിസ്റ്റര്‍മാരുടെ വിവിധ ഗ്രൂപ്പുകളുണ്ടായിരുന്നു. ഓരോരുത്തര്‍ക്കും അടുപ്പമുള്ളവരുടെയും 'പ്രത്യേക സ്‌നേഹ'മുള്ളവരുടെയും സംഘം. ഇഷ്‌ടക്കാരെ സ്‌നേഹിക്കുകയും ഇഷ്‌ടമില്ലാത്തവരെ പീഡിപ്പിക്കുകയും ചെയ്യുക പതിവാണ്‌. കൂടാതെ ചിലരില്‍ നിയന്ത്രണാതീതമായി കാണപ്പെട്ട സ്വവര്‍ഗപ്രേമവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും എനിക്ക്‌ ഉള്‍ക്കൊള്ളാനായില്ല.
വിമല കോളെജില്‍ അധ്യാപനം ആരംഭിച്ച കാലത്ത്‌ പ്രിന്‍സിപ്പലിന്റെ ഇച്ഛകള്‍ക്ക്‌ വഴങ്ങാത്തതിനാല്‍ അവരെന്നെ ഇകഴ്‌ത്തി. ഓരോരോ കാരണങ്ങള്‍ കണ്ടെത്തി പീഡിപ്പിച്ചു. മനോരോഗിയാണെന്ന്‌ മുദ്രകുത്താനുള്ള ശ്രമങ്ങളുണ്ടായി. ഒടുവിലൊരു ദിവസം മനോരോഗ ചികിത്സക്കായി ഒരു ഡോക്‌ടറെ വിളിച്ചുവരുത്തി എന്നെ ചികിത്സയ്‌ക്കു വിധേയമാക്കാന്‍ ശ്രമിച്ചു. അന്ന്‌ ദൈവത്തിന്റെ കരുണ കൊണ്ട്‌ ഞാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

വിമല കോളെജ്‌ പ്രിന്‍സിപ്പലായപ്പോള്‍, സ്വാശ്രയ കോളെജുകളിലെയും മറ്റും ക്രമക്കേടുകളെയും അഴിമതിയെയും കുറിച്ച്‌ തുറന്നെതിര്‍ത്തതു കാരണം സന്യാസി സമൂഹത്തിലെ ചിലര്‍ വീണ്ടും മാനസിക രോഗിയായി ചിത്രീകരിച്ചു. മാനസികമായി നോര്‍മലായ എന്നെ നിര്‍ബന്ധിച്ച്‌ ചികിത്സിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ നിര്‍വാഹമില്ലാതെ സഭാ വസ്‌ത്രം വിട്ടെറിഞ്ഞുപോരാനുള്ള തീരുമാനമെടുത്തത്‌. തുടര്‍ന്ന്‌ കോളെജ്‌ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ചു.

വിദ്യാഭ്യാസത്തിന്റെ കമ്പോള വത്‌കരണം, സ്വാശ്രയ സ്ഥാപനങ്ങളിലെ അഴിമതികള്‍,
പുരോഹിതര്‍ക്കെതിരെയുയര്‍ന്ന ലൈംഗികാരോപണങ്ങള്‍ തുടങ്ങി കത്തോലിക്കാ സഭയെ
അപകീര്‍ത്തിപ്പെടുത്തുന്ന ഒട്ടേറെ വിവാദങ്ങള്‍ സമീപകാലത്തുണ്ടായി. ആരോപണങ്ങളെ സഭ
പ്രതിരോധിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഒരു സ്ഥാപനത്തിന്റെ ഭാഗമായിരുന്നതിലുള്ള
കുറ്റബോധമായിരുന്നോ രചനയുടെ പ്രചോദനം?

സഭയുടെയും സന്യാസി സമൂഹത്തിന്റെയും ഇന്നത്തെ അവസ്ഥ ദയനീയമാണ്‌. സ്വാശ്രയ സ്ഥാപനങ്ങളിലെ അഴിമതിയും ലൈംഗികാരോപണങ്ങളും അപമാനകരം തന്നെയാണ്‌. സിസ്റ്റര്‍ അഭയ കേസ്‌ സഭയ്‌ക്കു തീരാ നാണക്കേടാണ്‌. അഭയ കേസ്‌ നടക്കുമ്പോള്‍ സിസ്റ്റര്‍മാര്‍ പറയുമായിരുന്നു- കേസ്‌ തെളിയുമ്പോള്‍, ഞങ്ങള്‍ പിന്നിലേക്ക്‌ ഒതുക്കിയിടാറുള്ള മുഖംമൂടി മുന്നോട്ടു കെട്ടേണ്ടിവരുമെന്ന്‌.

സഭയിലും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങളിലും ദുഷിപ്പ്‌ ഏറ്റവും കൂടിയ ഈ സമയത്ത്‌ സഭയില്‍ നിന്ന്‌ പുറത്തായതില്‍ അതിയായ ആഹ്ലാദമുണ്ട്‌. സന്യാസി സഭയുടെ ഇന്നത്തെ വലിയ ശാപം ഭയമാണ്‌. ഒന്നും പുറത്തുപറയാന്‍ പാടില്ലെന്ന, പുറത്തറിഞ്ഞാല്‍ എല്ലാം തകരുമെന്ന ഭീകരമായ ഭയം. ജെസ്‌മിയെന്ന പീറപ്പെണ്ണിനെ പോലും സഭ ഭയപ്പെടുന്നു.

തിരുസഭയ്‌ക്കകത്തുണ്ടായിരുന്നപ്പോഴത്തെ എന്റെ അനുഭവത്തെ മരിച്ചുപോയ സിസ്റ്റര്‍ അഭയ, സിസ്റ്റര്‍ അനുപമ മേരി എന്നിവരുമായി മാധ്യമങ്ങള്‍ താരതമ്യപ്പെടുത്തിയിരുന്നു. അവരുടെ അനുഭവങ്ങള്‍ വിവരിക്കാന്‍ അവര്‍ ജീവിച്ചിരിപ്പില്ല. എന്നാല്‍, എന്റെ അനുഭവങ്ങള്‍ അതേപടി വെളിയില്‍ കൊണ്ടുവരേണ്ട കടമ, ഞാന്‍ ജീവിച്ചിരിക്കുന്നതിനാല്‍ സ്വാഭാവികമായി എന്റെ മേല്‍ വന്നുചേര്‍ന്നിരിക്കുന്നു.

താങ്കള്‍ അംഗമായിരുന്ന കോണ്‍ഗ്രഗേഷനിലെ വിവിധ സന്യാസി സമൂഹത്തില്‍ പെട്ട
കന്യാസ്‌ത്രീകളുടെ സ്വഭാവവും പെരുമാറ്റ രീതികളും സിസ്റ്റര്‍ മറയില്ലാതെ
രേഖപ്പെടുത്തിയിട്ടുണ്ട്‌. സാധാരണക്കാരുടെ ജീവിതത്തില്‍ പോലും അത്ര സാധാരണമല്ലാത്ത
വിധത്തില്‍ അസൂയയും പകയും അഹങ്കാരവുമൊക്കെ കന്യാസ്‌ത്രീകളില്‍ നിറഞ്ഞു
നില്‌ക്കുന്നതായി ആമേന്‍ സാക്ഷ്യപ്പെടുത്തുന്നു. യഥാര്‍ഥത്തില്‍ ഇതിന്റെ കാരണം
മനശ്ശാസ്‌ത്രപരമല്ലേ?

ആത്മീയസത്ത (സ്‌പിരിറ്റ്‌) ചോര്‍ന്നുപോകുന്നതുകൊണ്ടാണ്‌ സിസ്റ്റര്‍മാരില്‍ ആശാസ്യമല്ലാത്ത രീതികള്‍ കടന്നുകൂടിയത്‌. ഇരു ചേരികളും ധാരാളം അനുയായികളുമായി പരസ്‌പരം യുദ്ധം നടത്തുന്ന രണ്ടു വിഭാഗങ്ങള്‍ മഠങ്ങളിലുണ്ടായിട്ടുണ്ട്‌. മഠങ്ങളിലെ സിസ്റ്റര്‍മാര്‍ക്കിടയില്‍ ലൈംഗികവൈകൃതം വ്യാപകമാണ്‌. സ്‌പിരിറ്റും ഉള്‍വിളിയുമില്ലാതെ കന്യാവസ്‌ത്രം അണിയുന്നവര്‍ക്കിടയില്‍, അമര്‍ത്തിവെച്ച വികാരങ്ങള്‍ പുറത്തുചാടുന്നത്‌ സ്വാഭാവികമാണ്‌.

ഇങ്ങനെ അച്ഛന്‍മാരെ പ്രണയിച്ചും പുറത്തുള്ളരെ പ്രണയിച്ചും വിവാഹം കഴിച്ച്‌ മഠങ്ങളില്‍ നിന്ന്‌ രക്ഷപ്പെടുന്ന ഒരുപാട്‌ പേരുണ്ട്‌. പുറത്തുചാടാന്‍ ധൈര്യമില്ലാത്ത ചിലര്‍ പരസ്‌പരം പ്രണയിച്ചും, ഇടയ്‌ക്കൊക്കെ പുറത്തുപോയി ആനന്ദം കണ്ടെത്തിയും ഒരവസരത്തിനായി കഴിഞ്ഞു കൂടുന്നു. വികാരങ്ങള്‍ അമര്‍ത്തിവെച്ച്‌ രക്ഷപ്പെടാന്‍ കാത്തിരിക്കുന്നവര്‍ മഠങ്ങളില്‍ ഒരുപാടുണ്ട്‌.

30 സിസ്റ്റര്‍മാര്‍ വലിയ കുഴപ്പമില്ലാതെ ഒരുമിച്ചു ജീവിക്കുന്ന മഠമാണ്‌ ലോകത്തെ മഹാത്ഭുതമെന്നാണ്‌ എന്റെ അഭിപ്രായം! മൂല്യങ്ങളില്‍ നിന്ന്‌ അത്രയ്‌ക്ക്‌ അവര്‍ അകന്നുപോയിരിക്കുന്നു. സാധാരണ വിശ്വാസികളും സ്‌ത്രീകളും മഠത്തിലും കോളെജിലുമുള്ള സിസ്റ്റര്‍മാരെപ്പറ്റി, ഇവരെക്കാളും എത്രയോ ഉയരത്തിലാണ്‌ നമ്മളെന്ന്‌ പറയാറുണ്ടായിരുന്നത്‌ ഞാന്‍ പലതവണ കേട്ടിട്ടുണ്ട്‌. `എ' ഗ്രേഡിലുള്ള, അടുക്കളപ്പണിയും മറ്റും ചെയ്യുന്ന സിസ്റ്റര്‍മാര്‍ ഉന്നതസ്ഥാനത്തുള്ള സിസ്റ്റര്‍മാരെക്കാള്‍ മുന്‍പേ സ്വര്‍ഗത്തിലെത്തുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളുടെ കോഷന്‍ ഡെപ്പോസിറ്റ്‌ പഠനം കഴിഞ്ഞാല്‍ അവര്‍ക്ക്‌ തിരിച്ചുകൊടുക്കേണ്ടതുണ്ടല്ലോ. ഇതില്‍ പോലും ചിലര്‍ തിരിമറി നടത്തിക്കണ്ടിട്ടുണ്ട്‌. `വട്ടച്ചെലവിന്‌' തുകയെടുത്ത ശേഷമാണ്‌ തിരിച്ചുനല്‌കാറുള്ളത്‌. പണത്തിന്റെ ക്രയവിക്രയങ്ങളിലുള്ള രഹസ്യാത്മകത സന്യസ്‌തര്‍ക്ക്‌ വളരെ കൂടുതലാണെന്ന്‌ തോന്നിയിട്ടുണ്ട്‌. പണം വകമാറ്റുന്നതിലും വ്യാജ കണക്കുണ്ടാക്കുന്നതിലും എല്ലാവരെക്കാളും വിദഗ്‌ധരാണ്‌ സന്യാസിവേഷധാരികള്‍ എന്ന്‌ സമ്മതിക്കാതെ വയ്യ.

സമ്പൂര്‍ണ സന്യാസ ജീവിതം മനുഷ്യന്റെ മൗലിക ചോദനകളെയും വികാര വിചാരങ്ങളെയും
അമര്‍ത്തിവെക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ സിസ്റ്ററുടെ അനുഭവത്തില്‍ നിന്ന്‌
വ്യക്തമാകുന്നു. ബ്രഹ്മചര്യം സന്തുലിത മനുഷ്യപ്രകൃതിയുമായി ഏറ്റുമുട്ടുന്നു എന്ന
തുറന്ന പ്രഖ്യാപനമാണോ കന്യാസ്‌ത്രീ വസ്‌ത്രം ഉപേക്ഷിച്ച താങ്കളുടെ നിലപാട്‌?

ഞാന്‍ കന്യാസ്‌ത്രീ വസ്‌ത്രം ഉപേക്ഷിച്ചിട്ടേയുള്ളൂ. ബ്രഹ്മചര്യം ഉപേക്ഷിച്ചിട്ടില്ല. വിവാഹം കഴിക്കാനോ കുടുംബ ജീവിതം നയിക്കാനോ വേണ്ടിയല്ല ഞാന്‍ മഠമുപേക്ഷിച്ചു ഓടിപ്പോന്നത്‌. ഞാന്‍ ജീസസിനെയാണ്‌ പ്രണയിക്കുന്നത്‌.

ഉള്‍വിളിയില്ലാതെ മഠങ്ങളില്‍ ജീസസിന്റെ മണവാട്ടിമാരാകാനെത്തുന്നവരുടെ എണ്ണം കൂടുന്നുണ്ട്‌. സഭയുടെ `മഹത്വം' നിലനിര്‍ത്താന്‍ കന്യാസ്‌ത്രീകളുടെ എണ്ണം പെരുപ്പിച്ചു കാണിക്കേണ്ടതുകൊണ്ട്‌ സ്‌പിരിറ്റ്‌ ഉള്‍ക്കൊള്ളാത്തവരെ മഠങ്ങളിലേക്ക്‌ എടുക്കുന്നത്‌ വ്യാപകമായതാണ്‌ ഇപ്പോഴുള്ള സാഹചര്യത്തിനു കാരണം. ആത്മീയക്രിയകള്‍ ചെയ്യാനായി ഉള്‍വിളിയോടെഎത്തുന്നവര്‍ക്ക്‌ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ല. ഒറ്റയ്‌ക്കായിരിക്കുമ്പോള്‍ സമൂഹത്തിനും ദൈവത്തിനും വേണ്ടി കൂടുതലായി ചെയ്യാന്‍ അവസരം ലഭിക്കുന്നുണ്ട്‌. ഇതൊരു വ്രതമായി എടുക്കുന്നവര്‍ക്കേ ബ്രഹ്മചര്യം ചേരുകയുള്ളൂ. അല്ലാത്തവരെ നിര്‍ബന്ധിച്ച്‌ മഠങ്ങളില്‍ ചേര്‍ക്കുന്നതുകൊണ്ടാണ്‌ ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത്‌.
കാരുണ്യക്കടലായ ദൈവം അവന്റെ പ്രീതിക്കു വേണ്ടി മനുഷ്യര്‍ ശാരീരിക കാമനകള്‍ വെടിയണമെന്ന്‌ കല്‌പിക്കുമെന്ന്‌ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു!

കുറച്ചുപേര്‍ക്കു മാത്രം ലഭിച്ച വരമാണ്‌ ദൈവത്തെ സേവിക്കാനുള്ള അവസരം. ദൈവകാര്യങ്ങള്‍ക്കു വേണ്ടി സ്വയം അര്‍പ്പിച്ച്‌ അതിനായി ജീവിതം നീക്കിവെച്ചവരാണവര്‍. ദൈവത്തിനു വേണ്ടി സ്വയം ഷണ്‌ഡരാക്കപ്പെട്ടവരാണിവര്‍. ഇതൊരു നിര്‍ബന്ധ കല്‌പനയല്ല. ദൈവത്തെ വരവേല്‌ക്കാന്‍ വെള്ള വസ്‌ത്രം ധരിച്ച്‌ ഹലേലുയാ പാടാന്‍ കുറച്ചുപേര്‍ തയ്യാറാകുകയാണ്‌.

സന്യാസജീവിതം അനുശാസിക്കുന്ന ബൈബിള്‍ വചനങ്ങളുണ്ടോ?

നേരിട്ട്‌ സന്യാസ ജീവിതം കല്‌പിക്കുന്ന വിശുദ്ധ വചനങ്ങള്‍ ഉള്ളതായി അറിയില്ല. ഒരുപാടു വചനങ്ങളുടെ വ്യാഖ്യാനങ്ങളനുസരിച്ചാണ്‌ സന്യസ്‌ത ജീവിതം പ്രോത്സാഹിപ്പിക്കപ്പെടുന്നത്‌. അത്തരം ഒട്ടേറെ വ്യാഖ്യാനങ്ങള്‍ ഞങ്ങള്‍ക്ക്‌ പഠിപ്പിച്ചുതരുന്നുമുണ്ട്‌.

സഭയ്‌ക്കും പുരോഹിതര്‍ക്കും അപരിമിതമായ അധികാരങ്ങള്‍ കയ്യാളാനാകുന്നതാണല്ലോ ദൈവസഭകളെ ദുഷിപ്പിക്കുന്നത്‌. പൗരോഹിത്യത്തിന്‌ ദൈവശാസ്‌ത്രപരമായ സാധുതയുണ്ടോ?
സഭയില്‍ നിന്ന്‌ ദൈവം പുറത്തുകടന്നുവെന്നു വേണം പറയാന്‍! സഭ ബൈബിള്‍ അധിഷ്‌ഠിതമല്ലെന്ന ഒരു സുഹൃത്തിന്റെ പ്രയോഗം ഓര്‍മവരുന്നു. അമിതമായ അധികാരവും സുതാര്യതയില്ലായ്‌മയും അടിച്ചമര്‍ത്തലുമാണ്‌ സഭകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്‌.

അനുസരണവ്രതത്തിന്റെ പേരില്‍ കന്യാസ്‌ത്രീകള്‍ നിരവധി പീഡനങ്ങള്‍ക്ക്‌
വിധേയരാവുകയാണ്‌. അന്ധമായി, ബലമായി അധികാരികളെ അനുസരിപ്പിക്കുന്നത്‌ മനുഷ്യന്റെ
സ്വാതന്ത്ര്യവാഞ്‌ഛയെ അനാദരിക്കലല്ലേ?

അനുസരണവ്രതം സഭ വളരെ കര്‍ശനമായി പാലിക്കുന്നുണ്ട്‌. നിര്‍ബന്ധപൂര്‍വവും അല്ലാതെയും പരിപൂര്‍ണ അനുസരണയ്‌ക്കു പാകമാകുന്ന തരത്തിലാണ്‌ മഠങ്ങളില്‍ സിസ്റ്റര്‍മാര്‍ക്ക്‌ പരിശീലനങ്ങള്‍ നല്‌കുന്നത്‌. അനുസരണവ്രതത്തെ കുറിച്ച്‌ മനോഹരവും കവിത തുളുമ്പുന്നതുമായ വാചകങ്ങളാണ്‌ സഭയുടെ ഭരണഘടനയില്‍ എഴുതിവെച്ചിരിക്കുന്നത്‌.

മദറിനെയും സുപ്പീരിയര്‍മാരെയും അച്ചന്മാരെയും അന്ധമായി അനുസരിക്കുന്നത്‌ ശരിയല്ല. അന്ധമായ അനുസരണമാണ്‌ ഇന്നു സഭകളില്‍ നടക്കുന്നത്‌. ഒരു തൈ വേര്‌ മേല്‌പോട്ടാക്കി നടാന്‍ സുപ്പീരിയര്‍മാര്‍ കല്‌പിച്ചാല്‍ അതംഗീകരിക്കാന്‍ ഒരു സിസ്റ്റര്‍ ബാധ്യസ്ഥയാണ്‌. ആ ചെടി മുളയ്‌ക്കുമെന്നും അവള്‍ വിശ്വസിച്ചേ തീരൂ! എന്നാല്‍, ഉത്തരവാദിത്ത പൂര്‍ണവും ക്രിയാത്മകവുമായ അനുസരണയാണ്‌ യഥാര്‍ഥത്തില്‍ വേണ്ടത്‌. ഞാന്‍ എന്റെ വിദ്യാര്‍ഥികള്‍ക്കും മറ്റും ഈയൊരു ബോധമാണ്‌ പകര്‍ന്നു നല്‌കാന്‍ ശ്രമിച്ചത്‌. അന്ധമായ അനുസരണയെ പലപ്പോഴും മഠത്തില്‍ ഞാന്‍ ചോദ്യം ചെയ്‌തിട്ടുണ്ട്‌. ഇത്‌ പലപ്പോഴും എതിര്‍പ്പ്‌ ക്ഷണിച്ചുവരുത്തിയ അനുഭവം എനിക്കുണ്ടായിട്ടുണ്ട്‌.

കന്യാസ്‌ത്രീ വസ്‌ത്രം ഉപേക്ഷിക്കാന്‍ തയ്യാറുള്ളവരെ മാന്യമായി സ്വീകരിക്കാന്‍
നിയമനിര്‍മാണം വേണമെന്ന വനിതാ കമ്മിഷന്‍ ശിപാര്‍ശയെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം?

സഭയില്‍ നിന്ന്‌ ഇറങ്ങാന്‍ തയ്യാറുള്ളവര്‍ ഒരുപാടുണ്ട്‌. പലര്‍ക്കും ധൈര്യമില്ലാത്തതിനാലാണ്‌ സഭാവസ്‌ത്രം ഊരിയെറിയാത്തത്‌. ഇത്തരക്കാര്‍ക്ക്‌ സംരക്ഷണം നല്‌കാന്‍ സംവിധാനം ഉണ്ടാകണം. അത്തരം ഷെല്‍ട്ടറുകള്‍ കേരളത്തില്‍ രൂപപ്പെട്ടുവന്നാല്‍ കൂടുതല്‍ പേര്‍ മഠങ്ങളില്‍ നിന്ന്‌ പുറത്തുചാടും.

സഭ പിന്തുടരുന്നത്‌ സ്‌ത്രീവിരുദ്ധ നയങ്ങളാണെന്ന്‌ താങ്കള്‍ ആവേശത്തോടെ ആത്മകഥയില്‍
പറയുന്നുണ്ട്‌. ഈ വിവേചനം യേശുവിന്റെ അധ്യാപനങ്ങള്‍ക്ക്‌ വിരുദ്ധമല്ലേ?

സഭ പിന്തുടരുന്നത്‌ ബൈബിള്‍ നയങ്ങളല്ല എന്നു പറയേണ്ടിവരും. അച്ഛന്മാര്‍ക്കും സിസ്റ്റര്‍മാര്‍ക്കുമിടയില്‍ കാര്യമായ വിവേചനം നിലനില്‌ക്കുന്നുണ്ട്‌. സാമ്പത്തികമായും കടുത്ത വിവേചനമുണ്ട്‌. അച്ചന്മാര്‍ക്ക്‌ എത്രവേണമെങ്കിലും സമ്പാദിക്കാനുള്ള അവസരമുണ്ട്‌. സിസ്റ്റര്‍മാര്‍ എത്ര കഠിനമായ ജോലി ചെയ്യുന്നവരായാലും ഉയര്‍ന്ന ഉദ്യോഗമുള്ളവരായാലും പോക്കറ്റ്‌ മണിയായി മാസം തുച്ഛമായ 75 രൂപയാണ്‌ നല്‌കുന്നത്‌. അതേസമയം ഒന്നിലേറെ വാഹനങ്ങളും അരമന ജീവിതവുമായി അച്ചന്മാര്‍ സുഖിച്ചു ജീവിക്കുന്നു. ഇത്‌ കടുത്ത വിവേചനമാണ്‌. ബൈബിള്‍ അനുശാസിക്കുന്നതല്ല ഇത്‌. സ്‌ത്രീവിരുദ്ധ നിലപാട്‌ യേശു അംഗീകരിക്കുന്നില്ല. പാശ്ചാത്യ ചിന്താഗതി വച്ചുപുലര്‍ത്തുന്ന സെന്റ്‌പോള്‍ അപ്പോസ്‌തലനാണ്‌ സ്‌ത്രീവിരുദ്ധ നിലപാടുകള്‍ ബൈബിളില്‍ എഴുതിച്ചേര്‍ത്തത്‌. ഇദ്ദേഹത്തിന്റെ നിലപാടുകള്‍ കടുത്ത സ്‌ത്രീ വിരുദ്ധമായിരുന്നു.

പ്രവര്‍ത്തനംകൊണ്ട്‌ താങ്കള്‍ ഒരു വിമോചനവാദിയാണ്‌. എന്നാല്‍ വിമോചന ദൈവശാസ്‌ത്രം
അംഗീകരിക്കുന്നുണ്ടോ?
വിമോചന ദൈവശാസ്‌ത്രം അംഗീകരിക്കുന്നില്ല. ഞാന്‍ ഒരു ആക്‌ടിവിസ്റ്റല്ല, ഫെമിനിസ്റ്റുമല്ല. എന്നാല്‍ സ്‌ത്രീയുടെ സ്വാതന്ത്യത്തിനും ഉയര്‍ച്ചയ്‌ക്കും വേണ്ടി പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നു. ഞാന്‍ സ്‌ത്രീയെ സ്‌നേഹിക്കുന്നു. ശക്തമായ ചില വിശ്വാസങ്ങളില്‍ അധിഷ്‌ഠിതമാണ്‌ എന്റെ ജീവിതം. ലിബറേഷന്‌ പരിധിയുണ്ടെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. സമൂഹത്തെ കുറേയൊക്കെ മാനിക്കേണ്ടതുണ്ട്‌.

പൗരോഹിത്യത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള സിസ്റ്ററുടെ ഇറങ്ങിപ്പോക്ക്‌ കത്തോലിക്കാ സഭ
എങ്ങനെയാണ്‌ കാണുന്നത്‌?

രഹസ്യംവെക്കുന്ന സഭയാണിത്‌. സാധാരണ കാര്യങ്ങള്‍ പോലും പുറത്തുപറയാന്‍ മടിക്കുന്ന സഭയ്‌ക്ക്‌ എന്നോട്‌ പൊറുക്കാനാവില്ല. എന്നാല്‍, പൊതുസമൂഹം നൂറു കൈയും നീട്ടിയാണ്‌ എന്നെ സ്വീകരിച്ചത്‌. ആദ്യമൊക്കെ കത്തോലിക്കര്‍ക്ക്‌ എന്നെ ഉള്‍ക്കൊള്ളാനായിരുന്നില്ല. ഇപ്പോള്‍ അവരും ഒളിഞ്ഞും തെളിഞ്ഞും എന്നോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ട്‌.

ഇസ്ലാമും ക്രിസ്‌തുമതവും തമ്മില്‍ ചില കാര്യങ്ങളിലൊക്കെ (അബ്രഹാം പ്രവാചകന്‍, ഇസാഖ്‌ പ്രവാചകന്‍...) യോജിക്കുന്നുണ്ടെന്ന്‌ സിസ്റ്റര്‍ ജെസ്‌മിക്കറിയാമെങ്കിലും വിശദമായ പഠനത്തിന്‌ അവസരം ലഭിച്ചില്ലെന്നവര്‍ സമ്മതിക്കുന്നു. പരസ്‌പരം താരതമ്യം ചെയ്യാന്‍ സിസ്റ്റര്‍മാര്‍ക്ക്‌ അവസരമില്ലെന്ന്‌ ജെസ്‌മി വ്യക്തമാക്കി. അച്ഛന്മാര്‍ക്കു മാത്രമേ അതിനു അവസരമുണ്ടാകാറുള്ളൂ. വിശദമായി ദൈവശാസ്‌ത്രം പഠിക്കാനും സിസ്റ്റര്‍മാര്‍ക്ക്‌ അവസരമില്ല. പൗരോഹിത്യത്തിന്റെ കാര്യത്തില്‍ ഇസ്ലാമിന്റെ നിലപാടു തന്നെയല്ലേ യേശുവിനും എന്ന ചോദ്യത്തിന്‌ ആയിരിക്കാമെന്നായിരുന്നു സിസ്റ്ററിന്റെ മറുപടി.

അതിനിടെ സന്ദര്‍ശനവേളയില്‍ ഞങ്ങള്‍ സമ്മാനിച്ച ഖുര്‍ആന്‍ മലയാളപരിഭാഷ അപൂര്‍വ സമ്മാനമാണെന്ന്‌ ജെസ്‌മി ആഹ്ലാദത്തോടെയാണ്‌ പറഞ്ഞത്‌. തനിക്കിതുവരെ ആരും ഇത്തരമൊരു വിശുദ്ധ സമ്മാനം നല്‌കിയില്ലെന്നും ജെസ്‌മി വ്യക്തമാക്കി. മുസ്ലിം സുഹൃത്തുക്കള്‍ കുറെയുണ്ടെന്നും അവര്‍ വല്ലാതെ സ്‌നേഹിക്കുന്നവരാണെന്നും അനുഭവങ്ങളില്‍ നിന്ന്‌ ജെസ്‌മി ഓര്‍ത്തു.

ഇതിനിടെ ഒരുപാട്‌ ഫോണ്‍കോളുകള്‍ വരുന്നുണ്ടായിരുന്നു. ഫാദര്‍ പുലിക്കുന്നേല്‍ പാലായില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാവശ്യപ്പെട്ടും ടെലിഫോണുണ്ടായിരുന്നു. സഭയോട്‌ പ്രത്യക്ഷ ഏറ്റുമുട്ടലിനില്ലെന്നായിരുന്നു, അടങ്ങിയിരിക്കാന്‍ വയ്യാത്ത പ്രകൃതക്കാരിയായ സിസ്റ്റര്‍ പ്രതികരിച്ചത്‌. സഭയ്‌ക്കു പുറത്തുള്ള 'സന്യസ്‌തര്‍ക്കു' വേണ്ടി, സഭയില്‍ നിന്ന്‌ രക്ഷപ്പെട്ടെത്തുന്നവര്‍ക്കു വേണ്ടി, സര്‍വോപരി സ്‌ത്രീകള്‍ക്കു വേണ്ടി ജീവിക്കാനാണ്‌ സിസ്റ്റര്‍ ജെസ്‌മിയുടെ ഭാവി പരിപാടി. ഇതു അകത്തുനിന്നുള്ള നിര്‍ബന്ധമായി ജെസ്‌മി കരുതുന്നു.

ഇതിനായി ആമേന്‍ എന്ന പേരില്‍ ഒരു അഭയകേന്ദ്രം സ്ഥാപിക്കണം. പുസ്‌തകം വിറ്റും മറ്റും ലഭിക്കുന്ന വരുമാനം ഇതിനു വേണ്ടി നീക്കിവെക്കും. ഇവിടെ സ്‌ത്രീക്ക്‌ സ്വതന്ത്രമായി താമസിക്കാം, ഉറങ്ങാം, എഴുതാം, ടി വി കാണാം, വെറുതെയിരിക്കാം, ഇഷ്‌ടം തോന്നുമ്പോള്‍ വരാം... നിര്‍മാണത്തിനായി സമാന മനസ്‌കരുമായി യോജിച്ച്‌ ട്രസ്റ്റുണ്ടാക്കണം. ഇപ്പോള്‍ എഴുത്തിന്റെ തിരക്കിലാണ്‌. എഴുത്ത്‌ വല്ലാത്തൊരു ആത്മീയസുഖം നേടിത്തരുന്നുണ്ട്‌. മറ്റു വേദനകളെല്ലാം എഴുതിക്കഴിയുമ്പോള്‍ ഓടിമറയും... പെന്‍ബുക്‌സിനു വേണ്ടി ഇംഗ്ലീഷ്‌ പുസ്‌തകത്തിന്റെ രചനയുടെ തിരക്കിനിടെ സിസ്റ്റര്‍ ജെസ്‌മി പറഞ്ഞു.
Share:

10 അഭിപ്രായം(ങ്ങൾ):

 1. മഠത്തിനുള്ളിലും ജോലിസ്ഥലത്തും സിസ്റ്റര്‍മാരുടെ വിവിധ ഗ്രൂപ്പുകളുണ്ടായിരുന്നു. ഓരോരുത്തര്‍ക്കും അടുപ്പമുള്ളവരുടെയും 'പ്രത്യേക സ്‌നേഹ'മുള്ളവരുടെയും സംഘം. ഇഷ്‌ടക്കാരെ സ്‌നേഹിക്കുകയും ഇഷ്‌ടമില്ലാത്തവരെ പീഡിപ്പിക്കുകയും ചെയ്യുക പതിവാണ്‌. കൂടാതെ ചിലരില്‍ നിയന്ത്രണാതീതമായി കാണപ്പെട്ട സ്വവര്‍ഗപ്രേമവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും എനിക്ക്‌ ഉള്‍ക്കൊള്ളാനായില്ല.
  വിമല കോളെജില്‍ അധ്യാപനം ആരംഭിച്ച കാലത്ത്‌ പ്രിന്‍സിപ്പലിന്റെ ഇച്ഛകള്‍ക്ക്‌ വഴങ്ങാത്തതിനാല്‍ അവരെന്നെ ഇകഴ്‌ത്തി. ഓരോരോ കാരണങ്ങള്‍ കണ്ടെത്തി പീഡിപ്പിച്ചു. മനോരോഗിയാണെന്ന്‌ മുദ്രകുത്താനുള്ള ശ്രമങ്ങളുണ്ടായി. ഒടുവിലൊരു ദിവസം മനോരോഗ ചികിത്സക്കായി ഒരു ഡോക്‌ടറെ വിളിച്ചുവരുത്തി എന്നെ ചികിത്സയ്‌ക്കു വിധേയമാക്കാന്‍ ശ്രമിച്ചു. അന്ന്‌ ദൈവത്തിന്റെ കരുണ കൊണ്ട്‌ ഞാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

  ReplyDelete
 2. Valare nannaayirikkunnu. Congratulations.

  ReplyDelete
 3. അഭിമുഖത്തിന്റെ ഒരു ഫോട്ടൊ കൂടി ഇടാമായിരുന്നില്ലേ?

  ReplyDelete
 4. ഇതൊക്കെ എഴുത്താനായി ജീവിച്ചിരിപ്പുണ്ട് അല്ലെ

  ReplyDelete
 5. ദീര്‍ഘകാലം കന്യാസ്ത്രീ മഠത്തിന്റെ കരിങ്കല്‍ഭിത്തികള്‍ നല്കിയ സുരക്ഷിതത്വത്തില്‍ കഴിഞ്ഞതിനുശേഷം അതുപേക്ഷിച്ചു പുറംലോ കത്തിന്റെ അനിശ്ചിതത്വങ്ങളിലേക്കു പടിയിറങ്ങിയ ഒരു കന്യാസ്ത്രീയുടെ മനസ്സില്‍ ദീര്‍ഘകാലം കെട്ടിക്കിടിന്നിരുന്ന സ്നേഹനിഷേധങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ട വികാരവിക്ഷോഭങ്ങളുടെയും മലവെള്ളപ്പാച്ചിലാണ് "ആമേന്‍.'' ഉരുള്‍പൊട്ടലുണ്ടാകുമ്പോള്‍ കെട്ടിക്കിടി രുന്ന വെള്ളത്തിന്റെ ഭാരം കൊണ്ടു വീര്‍പ്പുമുട്ടിയിരുന്ന മല ശാന്തമാവുകയും മല വെള്ളം പാഞ്ഞൊഴുകുന്ന പ്രദേശങ്ങളില്‍ വസിക്കു വര്‍ക്കു നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യും. ഇതു പ്രകൃതിനിയമമാണ്.

  കോളജദ്ധ്യാപികയായിരുന്ന സിസ്റര്‍ ജെസ്മി കഠിനമായ മനോവേദനയ്ക്കൊടുവിലാണു മഠംവിട്ടു പുറത്തുപോകാന്‍ തീരുമാനിച്ച ത്. അസഹനീയമായ ആത്മസംഘര്‍ഷങ്ങളും ആത്മനൊമ്പരങ്ങളും അനുഭവിച്ചുകൊണ്ട്, വൈരാഗ്യബുദ്ധിയോടെ മഠത്തില്‍ കഴിയു തിനേക്കാള്‍ അത്യന്തം ശ്ളാഘനീയമായ ഒരു പ്രവൃത്തിയാണ്, അവിടെയുള്ള ജീവിതം ഉപേക്ഷിച്ചു പുറത്തിറങ്ങുന്നത്. വി. ഡോ ബോസ്കോ സെമിനാരിയില്‍ ചേര്‍ സമയത്ത്, അദ്ദേഹത്തിന്റെ അമ്മ പറഞ്ഞ വാക്കുകളാണിപ്പോള്‍ ഓര്‍മ്മ വരുന്നത്. അതിപ്രകാര മായിരുന്നു: "മകനേ, നിന്നെ ഒരു വൈദികന്റെ വേഷത്തില്‍ കാണുന്നത് എനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. പക്ഷേ, എനിക്കു നിന്നൊട് ഒരപേക്ഷയു ണ്ട്. എപ്പോഴെങ്കിലും സന്യാസജീവിതത്തെപ്പറ്റി സംശയം തൊന്നിയാല്‍ അപ്പോള്‍ത്ത നീ നിന്റെ വൈദികവൃത്തി ഉപേക്ഷിക്കണം. കാരണം, ഒട്ടും ആ ത്മാര്‍ത്ഥതയില്ലാത്ത ഒരു വൈദികനായി നി കാ ണുതിനേക്കാള്‍ എനിക്കേറെയിഷ്ടം പാവപ്പെട്ട ഒരു കൃഷീവലനായി നിന്നെ കാണുന്നതാണ്.'' തിയ ഡോര്‍ മെയ്നാര്‍ഡ് എഴുതി യ 'സെയ്ന്റ്സ് ഫോര്‍ ഔര്‍ ടൈംസ്' എ പുസ്തക ത്തിലാണ് ഈ ചരിത്രസംഭ വം രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ചിന്തി ക്കുമ്പോള്‍ സിസ്റര്‍ ജെസ്മി യുടെ തീരുമാനം ഉചിതവും അഭിനന്ദനാര്‍ഹവുമാണ്.

  ReplyDelete
 6. 'ആമേന്‍' സി. ജെസ്മിയുടെ മനസ്സിലെ ഉരുള്‍പൊട്ടലിന്റെ ഫലമായുണ്ടായതാണ്. ഉരുള്‍വെള്ളം കുത്തിയൊഴുകിപ്പോകുന്ന വഴി യില്‍, കഷ്ടനഷ്ടങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന നിരപരാധികളുടെയും നിഷ്കളങ്കരുടെയും രോദനം കൂടി കേള്‍ക്കാന്‍ സി. ജെസ്മി ശ്രദ്ധിച്ചാല്‍ ന‍നായിരുന്നു. കേരളത്തിലെ കന്യാസ്ത്രീമഠങ്ങളിലെല്ലാം പലതരം പീഡനമുറകളാണ് അരങ്ങേറിക്കൊണ്ടിരിക്കുത് എന്ന ചിന്തയാണു വായനക്കാരനു ലഭിക്കുന്നത്. പക്ഷേ, കന്യാമഠത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ നിന്നു സ്വര്‍ഗ്ഗീയസുഗന്ധം പരത്തുന്ന എത്രയോ വിശുദ്ധകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. സി. ജെസ്മിയുടെ ന്യായവാദങ്ങള്‍, എത്രമാത്രം ശരിയാണുന്നു ബാഹ്യലോകത്തിനറിയി ല്ല. ഇപ്പോള്‍ സി. ജെസ്മിക്കും 'ആമേനും' ഓശാന പാടാനും ജയ് വിളിക്കാനും സഭാവിരോധികള്‍ മ ത്സരിച്ചുകൊണ്ടിരിക്കുകയാണ്. പ ക്ഷേ, ഇതു ക്ഷണികമാണ്. അവരുടെ ആവശ്യം കഴിഞ്ഞതിനുശേ ഷം, സി. ജെസ്മിയെ അവര്‍ പാടെ അവഗണിക്കും. അപ്പോള്‍ 'ആമേന്‍' വിറ്റുകിട്ടിയ പണംകൊണ്ടു 'കുശവന്റെ പറമ്പു വാങ്ങാന്‍' സി. ജെസ്മിക്ക് ഇടവരാതിരിക്കട്ടെ.

  ReplyDelete

Latest News

Categories

2014 AbduRabbu Amen Android Article Aruvikkara Beach Book Review Cyclone Gonu Demonetisation Demonetization Education Eid Eid Mubarak facebook fb notification gaza Gonu Google Harshal Hollyday Hussain Madavoor IUML KairaliTV Kanthapuram kavitha Kerala Kerala Police KK KSRTC LDF Madhyamam makkalam malayalam Malayali Peringode Mangalam TV mazha mazhathulli MediaOne Meelad Milad Minister MM Akbar Mobile Modi Muharram Mujahid Mujeeb Edavanna Muslim League N D F OsamaBinLadin Outing Peace School Pinarayi Vijayan poem Political Politics QLS rain Ramadan Saudi SDPI sea Shabab Shukkoor Swalahi Sister Jesmi SNC Lavalin Tips & Tricks UAE varthamanam VT Balram അനാചാരം അനുഭവം അബ്ദുല്‍ഹമീദ് അഭിമുഖം അയുക്തീ അരുവിക്കര അവധി ആമേന്‍ ആശംസകള്‍ ഇസ്രാഈല്‍ ഇസ്‌റാഈല്‍ ഈദ് മുബാറക് ഉസാമ എൻ ഡി എഫ് എൽഡി‌എഫ് എസ് ഡി പി ഐ ഏകാന്തത ഐനു നുഹ ഒസാമ ബിൻ ലാദിൻ ഓര്‍മ ഓര്‍മക്കുറിപ്പ് കമല സുരയ്യ കവിത കള്ള ആത്മീയത കാത്തിരിപ്പ് കാന്തപുരം കാരക്കുന്ന് കാര്‍ട്ടൂണ്‍ കിനാലൂര്‍ കെ കെ മുഹമ്മദ് സുല്ലമി കേരള പോലീസ് കൈരളി ഖുര്‍‌ആന്‍ ലേണിംഗ് സ്കൂ‍ള്‍ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ ഗസ്സ ഗാസ ചതി ചന്ദ്രിക ചാവേര്‍ ചെറിയമുണ്ടം ജമാ‌അത്തെ ഇസ്‌ലാമി ജയ് ഹിന്ദ് ടിവി ടിവി ഡാര്‍വിനിസം തീവ്രവാദം തൃപ്പനച്ചി ദാറുല്‍ഇസ്‌ലാം ദാറുല്‍കുഫ്രര്‍ ദാറുല്‍ഹര്‍ബ്‌ ദുബൈ ദൈവം നരഹത്യ നാ‍ട്ടിലേക്ക് നുണയും തിന്മയും നോട്ട് അസാധു നോട്ട് നിരോധനം പഠനം പലവക പാഠപുസ്തകം പിണറായി വിജയൻ പുതുമഴ പുസ്തകം പോലീസ് പൌരോഹിത്യം പ്രതികരണം ഫലസ്തീന്‍ ഫലസ്ത്വീന്‍ ഫലസ്ഥീന്‍ ഫെയ്സ്ബുക്ക് ബഷീർ ബിജെപി ബിദ്‌അത്ത് ബേനസീര്‍ ഭീകരാക്രമണം മംഗളം മതം മത്സ്യം മദനി മലയാളി മസ്ജിദ് മഴ മാധവിക്കുട്ടി മാധ്യമം മാംസം മീഡിയ വൺ മീലാദ് മുജീബ് എടവണ്ണ മുട്ട മുംബൈ മുസ്‌ലിം ലീഗ് മോദി യാത്ര യുക്തിവാദം രമേശ് ചെന്നിത്തല രാഷ്ട്രീയം ലാവ്‌ലിൻ കേസ് ലേഖനം ലോക വൃദ്ധ ദിനം വഖഫ് ബോര്‍ഡ് വർഗീയത വര്‍ത്തമാനം വർത്തമാനം വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ് വഹീദുദ്ദീന്‍ ഖാന്‍ വായന വാര്‍ത്ത വിമർശം വിസ്ഡം വ്യക്തി ശബാബ് വാരിക ശശീന്ദ്രൻ ശിഹാബ് തങ്ങള്‍ ശുക്കൂർ സ്വലാഹി സാമൂഹികം സി‌എം മഖാം സി‌എം മടവൂർ സി‌എം സെന്റർ സിപി‌ഐ‌എം സിസ്റ്റര്‍ ജെസ്‌മി സൗദി സ്വാതന്ത്ര്യദിനാശംസ ഹുസൈന്‍ മടവൂര്‍ ഹൂറി റമദാന്‍

Ordered List

Definition List