വിമര്‍ശം / മുർശിദ് പാലത്ത്
കമലദാസ് ഇസ്‌ലാം മതം സ്വീകരിച്ചപ്പോള്‍ ആരാണ് തോറ്റത്. അല്ലെങ്കില്‍, അവരുടെ ഇസ്‌ലാമാശ്ലേഷം വിവാദമാകുമ്പോള്‍ ആരാണ് ജയിക്കുന്നത്. കമലാ സുരയ്യ ജയിച്ചുവെന്നതില്‍ രണ്ടഭിപ്രായമുണ്ടാകേണ്ടതില്ല. അവാര്‍ഡുകളും അനുമോദനങ്ങളും ജീവിതത്തിലും മരണാനന്തരവും ഏറെ പ്രതീക്ഷിക്കാവുന്ന ശോഭയാര്‍ന്ന ജീവിതസായാഹ്നത്തില്‍ ഒരു പൊതുവേദിയില്‍ വെച്ച് ശഹാദത്ത് ഏറ്റെടുക്കാന്‍ അവര്‍ കാണിച്ച തന്റേടം അനിതരമാണ്.
മാധവിക്കുട്ടിയായി ജനിച്ച് ജീവിതത്തിന്റെ വസന്തത്തിന്റെ ബഹുഭൂരിഭാഗവും മാധവിക്കുട്ടിയായി ജീവിച്ച് സുരയ്യയായി മരിച്ച സഹൃദയ കേരളത്തിന്റെയും ലോകത്തിന്റെയും പ്രിയപ്പെട്ട കഥാകാരിയും കവയിത്രിയുമായ കമലദാസ് ഇപ്പോഴും പേജുകളിലും സ്‌ക്രീനുകളിലും സജീവമാണ്. കമലയുടെ സാഹിത്യസൃഷ്‌ടികളുടെ കലാമൂല്യവും സന്ദേശബിംബവുമെല്ലാം നേരത്തെ വലിയ ചര്‍ച്ചകളും വിവാദങ്ങളുമായിരുന്നു. ഇത് സാഹിത്യലോകത്ത് സാധാരണമാണ്. സൃഷ്‌ടി പ്രകാശനംചെയ്യപ്പെടുന്ന കാലത്തും പ്രധാന പുരസ്‌കാരങ്ങള്‍ ലഭിക്കുന്ന സമയത്തും പിന്നെ സാഹിത്യകാരിയുടെ മരണസമയത്തുമാണ് ഇങ്ങനെ വിവാദങ്ങള്‍ ഉണ്ടാകാറുള്ളത്. ഇവിടെയും അത് സംഭവിച്ചു. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി കമല സാഹിത്യ-സാംസ്‌കാരിക ലോകത്തു മാത്രമല്ല പുറംസമൂഹത്തിലും ഏറെ ചര്‍ച്ചയാണ്. അവരുടെ ഇസ്‌ലാംമത സ്വീകരണമാണ് ചര്‍ച്ചയാകുന്നത്. ഇപ്പോള്‍ മരിച്ചപ്പോഴും സാഹിത്യം എന്നതില്‍ കവിഞ്ഞ് അവരുടെ മതമാണ് വിഷയീഭവിക്കുന്നത്. ഇവിടെ ആശാസ്യവും അനാശാസ്യവുമായ പലതും നടക്കുന്നുണ്ട്. കമലയുടെ ഇസ്‌ലാംമത സ്വീകരണത്തെ വര്‍ഗീയമായി വിലയിരുത്തുന്നവര്‍, അവരുടെ മാനസിക തകരാറായി അതിനെ കാണുന്നവര്‍, അവരുടെ തീവ്രാനുഭവങ്ങളെ മാനസിക സംഘര്‍ഷമായി കണ്ടെത്തുന്നവര്‍, ഭ്രാന്തസ്വാതന്ത്ര്യമായി പരിചയപ്പെടുത്തുന്നവര്‍... ഒരു കാവ്യബിംബത്തെ സാഹിത്യനിരൂപകര്‍ പലതായി വിലയിരുത്തുകയും സ്വന്തം ബുദ്ധിക്കൊപ്പിച്ച് വിധികല്‌പിക്കുകയും ചെയ്യുന്നതു പോലെയാണ് ഇവിടെയും സംഭവിക്കുന്നത്. സക്രിയ ചര്‍ച്ചകള്‍ എവിടെയും നടക്കട്ടെ.
ഇവിടെ പരിശോധിക്കുന്നത് മറ്റൊരു ഭാഗമാണ്. കമലദാസ് ഇസ്‌ലാം മതം സ്വീകരിച്ചപ്പോള്‍ ആരാണ് തോറ്റത്. അല്ലെങ്കില്‍, അവരുടെ ഇസ്‌ലാമാശ്ലേഷം വിവാദമാകുമ്പോള്‍ ആരാണ് ജയിക്കുന്നത്. കമലാ സുരയ്യ ജയിച്ചുവെന്നതില്‍ രണ്ടഭിപ്രായമുണ്ടാകേണ്ടതില്ല. അവാര്‍ഡുകളും അനുമോദനങ്ങളും ജീവിതത്തിലും മരണാനന്തരവും ഏറെ പ്രതീക്ഷിക്കാവുന്ന ശോഭയാര്‍ന്ന ജീവിതസായാഹ്നത്തില്‍ ഒരു പൊതുവേദിയില്‍ വെച്ച് ശഹാദത്ത് ഏറ്റെടുക്കാന്‍ അവര്‍ കാണിച്ച തന്റേടം അനിതരമാണ്. ഏറെ പഠനവും ലോകപരിചയവും നേടിയ അവര്‍ക്ക് നേരത്തെ ഇസ്‌ലാംമതം സ്വീകരിച്ച ലോകപ്രശസ്‌തര്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ അറിയാതിരിക്കില്ല. ലോകം അവരെ നന്ദികേടോടെ മറന്നതും മറയ്‌ക്കാന്‍ ശ്രമിച്ചതും വിരൂപമാക്കിയതുമെല്ലാം അവര്‍ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. എന്നിട്ടും നേരത്തെ തന്നെ മനസ്സിലാക്കാനും അംഗീകരിക്കാനും പിശുക്കുകാണിച്ച മാതൃഭൂമിയുടെ മാറില്‍ നിന്ന് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തുമ്പോള്‍ അവരേറ്റെടുത്ത ജിഹാദില്‍ വിജയിച്ചു എന്നുതന്നെ വേണം വിലയിരുത്താന്‍. കലിമ ചൊല്ലിയ ദിവസംമുതല്‍ അവര്‍ ശരശയ്യയിലാണ്. ഇവിടെയാണ് മുന്‍ചോദ്യം പ്രസക്തമാകുന്നത്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുകയും വര്‍ണരാജികളില്‍ ജീവിക്കുകയും സ്വര്‍ണക്കട്ടിലുകളില്‍ ശയിക്കുകയും ചെയ്‌ത നാലപ്പാട്ടെ ഓമനപ്പുത്രിക്ക് ജീവിതാന്ത്യം ശരശയ്യയായെങ്കില്‍ അവിടെ ജയിച്ചത് ചില മതവര്‍ഗീയവാദികളും തോറ്റത് മുസ്‌ലിം ഉമ്മത്തുമാണ്.
കേരളത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ ബൗദ്ധികവേദികളില്‍ നീണ്ട ചര്‍ച്ചയും ആശയവിപ്ലവവും സൃഷ്‌ടിക്കുമായിരുന്ന സുരയ്യയുടെ ഇസ്‌ലാംമത സ്വീകരണത്തെ അസഹിഷ്‌ണുതയുടെ ഇടുങ്ങിയ കേരളത്തില്‍ തളച്ചിട്ടതും അവസാനം സ്‌നേഹത്തിന്റെ ആ ഉമ്മക്ക് പെറ്റനാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നതും ആര്‍ എസ് എസ്സുകാരുടെ വിജയത്തെ കുറിക്കുന്നു. തെളിഞ്ഞ ഉള്‍ക്കാഴ്‌ചയും തീവ്രചിന്തയും അവസാനംവരെ കാത്തുപോന്ന കമലയുടെ ചേതനക്ക് എന്‍ ഡി എഫിന്റെ കുട്ടികള്‍ നല്ലവരായി തോന്നിയെങ്കില്‍ അത് മുസ്‌ലിം സമുദായത്തിന്റെ പരാജയത്തെ കുറിക്കുന്നു. പൊതുദര്‍ശനത്തിനു വെച്ച അവരുടെ ജഡത്തിനെങ്ങാന്‍ അനങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തനിക്കുവേണ്ടി ഇപ്പോള്‍ നീണ്ട പ്രാര്‍ഥനയുമായി കട്ടില്‍ തലക്കല്‍ ആടി നില്‍ക്കുന്ന ഉലമാക്കോലങ്ങളെ അവര്‍ ആദ്യം ആട്ടിപ്പായിച്ചേനേ. ഇസ്‌ലാംമതം സ്വീകരിക്കുകയും അല്ലാഹുവിനെ സ്‌നേഹിക്കുകയും ചെയ്‌തതിന്റെ പേരില്‍ വര്‍ഷങ്ങളോളം താന്‍ തീ തിന്നപ്പോഴും ഹിന്ദുഭീകരരില്‍ നിന്ന് ഉന്മൂലന ഭീഷണി നേരിട്ടപ്പോഴും തന്നെ ഇത്രയും കാലം സ്‌നേഹിച്ച സഹപ്രവര്‍ത്തകരില്‍ നിന്ന് ചങ്കെരിയുന്ന കുത്തുവാക്കുകള്‍ കേട്ടപ്പോഴും തിരിഞ്ഞുനോക്കാത്ത സമുദായ സംഘടനകളുടെ അനുശോചനക്കുറിപ്പുകളിലേക്കായിരിക്കും അവര്‍ കാര്‍ക്കിച്ചു തുപ്പുക.
കേരളത്തിലെയെങ്കിലും ബുദ്ധിജീവികള്‍ക്കിടയില്‍ ഇസ്‌ലാമിനെക്കുറിച്ച ചര്‍ച്ചക്ക് തുടക്കമിടാനും സാഹിത്യ-സാംസ്‌കാരിക ലോകത്ത് തീവ്രമായ മതവിശ്വാസ ചര്‍ച്ചക്ക് വഴിതുറക്കാനും ഉതകേണ്ടിയിരുന്ന അവരുടെ ശഹാദത്തിന് തുരങ്കംവെച്ചത് കപ്പലിലുള്ളവര്‍ തന്നെയായിരുന്നു. നമ്മുടെയൊന്നും മനസ്സ് ഇനിയും തുറന്നിട്ടില്ലെന്നു വേണം അനുമാനിക്കാന്‍. ശഹാദത്തിന്റെ വാക്യദ്വയങ്ങള്‍ വരുത്തിയേക്കാവുന്ന ദൂരവ്യാപകമായ ഫലങ്ങളെ കുറിച്ച് മക്കയിലെ ബഹുദൈവാരാധകര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് മുഹമ്മദ് പറയുന്ന പലതും അംഗീകരിക്കാന്‍ കഴിഞ്ഞപ്പോഴും ആ വാക്കുകളില്‍ നിന്ന് പിന്മാറണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചത്. ഈ വാക്യത്തിന്റെ ഇതേ മൂര്‍ച്ച നമ്മുടെ കാലത്തെ ബഹുദൈവാരാധകര്‍ക്കും ദൈവനിഷേധികള്‍ക്കു പോലും മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ കമലയുടെ സുറയ്യ നക്ഷത്രത്തെ ആവുന്നത്ര ജനദൃഷ്‌ടിയില്‍ നിന്നും ബുദ്ധിയില്‍ നിന്നും മറയ്‌ക്കാന്‍ മുറം കമിഴ്‌ത്തിയത്. എന്നാല്‍ ഇത് തിരിയാതെ പോയത് കലിമതുശ്ശഹാദയുടെ വക്താക്കള്‍ക്കാണ്. ഇസ്‌ലാമിനെ മതമായി തൃപ്‌തിപ്പെടുന്നത് നേതാവാണെങ്കിലും നീതനാണെങ്കിലും ധര്‍മസാഹോദര്യത്തിന്റെ ശീതളഛായയില്‍ അവര്‍ക്ക് ആതിഥ്യമരുളേണ്ടതും ആദരിക്കേണ്ടതും ഒരു മുസ്‌ലിമെന്ന നിലയ്‌ക്കുള്ള ബാധ്യതയാണ്. ഒരു മുസ്‌ലിമിന്റെ വീട്ടില്‍ അന്യനായ അതിഥിക്കു പോലും മൂന്നുദിനം മറുചോദ്യമില്ലാത്ത അന്നവും ആതിഥ്യവുമുണ്ട് എന്നിരിക്കെ കമലയോട് നാം ചെയ്‌തത് തീര്‍ത്തും തെറ്റായി. വാര്‍ധക്യത്തിന്റെ അവശതകളിലേക്ക് കാലൂന്നിയ ഒരുവിധവയുടെ ആധി കാണാന്‍ മുസ്‌ലിംസമുദായത്തിന് തീവ്രവാദ സംഘടനയുടെ കേഡര്‍ കമാന്‍ഡോകള്‍ വേണ്ടി വന്നു എന്നത് സമുദായത്തിന്റെ മുഖത്തുവീണ വിഷക്കറയാണ്. ഏത് ക്രീമിട്ടു മസാജ് ചെയ്‌താലും ഭേദമാകാത്ത കറുത്തപാട്. പൗരോഹിത്യത്തിനൊരു രീതിയുണ്ട്; ആരോടും. ജീവിതകാലത്ത് തങ്ങളുടെ നിലനില്‌പിനും വയറ്റുപ്പിഴപ്പിനും വേണ്ടി ആരേയും പരമാവധി ചൂഷണംചെയ്യുക. പിന്നീട് മരിച്ചെന്ന് മനസ്സിലാകുകയും തിരിച്ചു വരില്ലെന്ന് ഉറപ്പാവുകയും ചെയ്‌താല്‍ ജീവിതകാലത്ത് പഠിപ്പിച്ചതിനെല്ലാം വിരുദ്ധമായത് ശവത്തിന് ഓതിക്കൊടുക്കുക. കമലയോടും അവര്‍ അതു തന്നെ കാണിച്ചു. പൊന്നുരുക്കുന്നേടത്ത് പൂച്ചയ്‌ക്കെന്ത്! പൗരോഹിത്യത്തിനെന്ത് നീര്‍മാതളം. ഇന്ത്യന്‍ കറന്‍സിക്ക് ജാതിഭേദമില്ലാത്തതിനാല്‍ നാലപ്പാട്ടെ വിശാലമനസ്‌കയായ കമലാദാസിന്റെ `കാഫിറു'കളായ മക്കള്‍ ദുആ ഇരന്നതിന് കൊടുക്കുന്ന കൈമടക്കിന് ഹറാമും കറാഹത്തുമൊന്നും ബാധകമല്ലല്ലോ.
സൂറത്തുല്‍ ഇന്‍ശിറാഹ് സമുദായം ഇനിയും ഏറെ ഓതേണ്ടിയിരിക്കുന്നു. പ്രവാചകന്‍ മൂസയുടെ റബ്ബിശ്‌റഹ്ലീ സ്വദ്രീ... എന്ന പ്രസിദ്ധമായ പ്രാര്‍ഥനാ വചനങ്ങള്‍ അര്‍ഥമറിഞ്ഞ് ഉരുവിടേണ്ടിയിരിക്കുന്നു.
ഇസ്‌ലാമിനെ കുറിച്ച അറിവില്‍ സുരയ്യമാരെ ഒരു ഒന്നാംക്ലാസ് മദ്‌റസാ വിദ്യാര്‍ഥിയായി കാണാന്‍ എപ്പോഴാണ് നമുക്കു കഴിയുക. അവര്‍ വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും മനനത്തിനും ശേഷമാണ് ഇസ്‌ലാമിന്റെ തീരത്തണഞ്ഞതെന്നത് നേരു തന്നെ. പക്ഷേ, ഇസ്‌ലാമിന്റെ ആഴവും പരപ്പും ക്രമാനുഗതമായി മനസ്സിലാക്കാന്‍ ജനനം മുതല്‍ പരമ്പരാഗതമായി ഇസ്‌ലാം അനുഷ്‌ഠിക്കുന്ന നമ്മില്‍ തന്നെ എത്രപേര്‍ക്ക് കഴിഞ്ഞു എന്നാലോചിക്കുമ്പോഴാണ് വര്‍ഷങ്ങളായി മറ്റൊരു മതം ആചരിച്ചും അനുഷ്‌ഠിച്ചും വരുന്ന, സ്വാതന്ത്ര്യേഛുവായ, പൊതുസമൂഹത്തിലെ ഉന്നത വ്യക്തിത്വമായി ജീവിച്ച ഒരു വ്യക്തിയുടെ ചിന്തകളെയും വാക്കുകളെയും അളക്കാനുള്ള മാപിനിയുടെ ന്യൂനത നമുക്കു ബോധ്യപ്പെടുക. അങ്ങനെയാകുമ്പോള്‍ മാത്രമേ പുതിയ മതത്തില്‍ ഔദ്യോഗികമായി വന്ന് ഏതാനും നാളുകള്‍ക്കുള്ളില്‍ അവര്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളിലെ പെരുംതെറ്റുകളെ ശൈശവത്തിന്റെ കാലിടര്‍ച്ചകളായി കാണാനും കൈപിടിച്ച് നടത്തിക്കാനുമുള്ള വിശാലമനസ്സ് ഉമ്മത്തിന്റെ മാതൃത്വത്തിന് ലഭ്യമാവൂ. ഇതിന് കഴിയാതെ പോയതാണ് നമ്മുടെ പരാജയം. എന്തോ ചിലതു പറഞ്ഞു പോയപ്പോഴേക്കും, അത് പെരുപ്പിച്ചു കാട്ടുന്നതില്‍ ചില സൃഗാല ബുദ്ധികളുടെ കൗശലങ്ങള്‍ പിന്നിലുണ്ടായിട്ടും നായതൊട്ട കലം കണക്കെ അവരെ ദൂരെ മാറ്റിനിര്‍ത്തിയത് വലിയ തെറ്റായിപ്പോയി എന്ന് ഇനിയെങ്കിലും തിരിച്ചറിയുന്നില്ലെങ്കില്‍ സമുദായത്തിന് പെറ്റുവീഴുന്ന മക്കള്‍ക്കു പുറമെ മയ്യിത്തു നമസ്‌കാരത്തിന് ആരും വരാനുണ്ടാകില്ല. മത തീവ്രവാദത്തിന്റെ ത്രിശൂലങ്ങള്‍ക്കു മുമ്പില്‍ നാട്ടിലെ പാവങ്ങള്‍ക്ക് മതംമാറാന്‍ ഭീതിയുണ്ടെന്നത് നേരാണ്. അത് ബുദ്ധിജീവികള്‍ക്കു കൂടി ഭയജനകമാകുന്നുണ്ടെങ്കില്‍ കാര്യം കൂടുതല്‍ ഗൗരവമര്‍ഹിക്കുന്നുണ്ട്.
സുരയ്യയെയും ബഷീറിനെയുമൊക്കെ ഖുതുബുസ്സമാന്മാരെന്നും ശംസുല്‍ ഉലമകളെന്നും താജുല്‍ ഉലമകളെന്നുമൊക്കെ നാം വാഴ്‌ത്തുന്ന പണ്ഡിതകേസരികളുടെ വലതുവശത്തിരുത്തി വിലയിരുത്തുന്നതാണ് നമുക്കു പറ്റുന്ന മൂലാബദ്ധങ്ങള്‍. അവര്‍ കണ്ടെത്തുന്ന ഇസ്‌ലാമുമായി അവര്‍ ജീവിക്കട്ടെ. അവരെ നല്ല മുസ്‌ലിമായി അംഗീകരിച്ചും നിലനിര്‍ത്തിക്കൊണ്ടും തന്നെ ആവും വിധം ബുദ്ധിപരമായി തിരുത്താന്‍ സമര്‍ഥമായി ശ്രമിക്കുന്നതാണ് ബുദ്ധി. അവര്‍ പറയുന്നതാണ് ഇസ്‌ലാമെന്ന്, അല്ലെങ്കില്‍ അവര്‍ വിമര്‍ശിക്കുന്നതെല്ലാം ശരിയായ ഇസ്‌ലാമിന്റെ ന്യൂനതകളെയും തെറ്റുകളെയുമാണ് കുറിക്കുന്നതെന്ന് നേര്‍ബുദ്ധിയുള്ള അധികം ആളുകളൊന്നും വിശ്വസിക്കുകയില്ല. പ്രത്യേകിച്ചും അതിനെ തിരുത്തി ജീവിക്കുന്ന മുസ്‌ലിം ഭൂരിപക്ഷം ജീവിക്കുന്ന സമൂഹത്തില്‍ അത്തരം ചിന്തകള്‍ക്ക് പ്രസക്തിയില്ല. മുഹമ്മദ് നബിയുടെ കാലത്ത് ഇസ്‌ലാമിലേക്കു വന്നവരില്‍ ബഹുഭൂരിപക്ഷവും ഇസ്‌ലാമിന്റെ കലിമതുത്തൗഹീദിന്റെ അഗാധമായ ആത്മീയവശങ്ങളും ഇസ്‌ലാമിക ജീവിതദര്‍ശനത്തിന്റെ സമ്പൂര്‍ണമായ അന്യൂനതയും ബോധ്യപ്പെട്ടതിനാല്‍ വന്നവരായിരുന്നില്ലെന്ന് ആരു മറന്നാലും മുസ്‌ലിംകള്‍ മറക്കരുതല്ലോ. ഇസ്‌ലാമിന്റെ താന്‍ ആഗ്രഹിക്കുന്ന ചില വശങ്ങളുടെ നന്മകണ്ടാണ് പലരും ഭാഗികമുസ്‌ലിംകളായത്. പിന്നീട് അവര്‍ ഇസ്‌ലാമിനകത്തുനിന്ന് ഇസ്‌ലാമിനെ കൂടുതല്‍ നന്നായി അനുഭവിച്ചപ്പോഴാണ് ഇസ്‌ലാമിനെ പൂര്‍ണമായി അന്യൂനമായി മനസ്സിലാക്കിയതും `അല്ലാഹുവിനെ തൃപ്‌തിപ്പെട്ടവരും അല്ലാഹു തൃപ്‌തിപ്പെട്ടവരുമെന്ന്' ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന പദവിയിലേക്കെത്തിയതും.
പാരമ്പര്യമുസ്‌ലിംകള്‍ക്കു മുമ്പേ സ്വര്‍ഗത്തിലെത്തി പുഞ്ചിരിക്കാന്‍ ഇജ്‌തിഹാദില്‍ തെറ്റിയ സുരയ്യമാര്‍ക്കു കഴിയുമായിരിക്കും. അവരുടെ ശാപമേല്‌ക്കാതിരിക്കാന്‍ സ്വയംതെറ്റുകള്‍ മനസ്സിലാക്കി പശ്ചാതപിക്കുക. അവര്‍ ശപിക്കില്ലായിരിക്കാം, കാരണം വിശാലമനസ്‌കരാണവര്‍. സുരയ്യയും ഒരു ചാനല്‍ അഭിമുഖത്തില്‍ അതു പറഞ്ഞല്ലോ- ഞാന്‍ ശപിച്ചാല്‍ പലര്‍ക്കും പലതും പറ്റും. പക്ഷേ, ഞാന്‍ ശപിക്കില്ല. മുസ്‌ലിമല്ലേ, ശപിക്കാന്‍ പാടില്ലല്ലോ. ഈ ഉമ്മ ഒറ്റ വാക്യംകൊണ്ടു സാധിച്ച ഇത്തരം ഒരു സന്ദേശം പൊതു സമൂഹത്തിന്റെ മനോമുകുരങ്ങളിലേക്ക് തൊടുക്കാന്‍ താജുല്‍ ഉലമമാര്‍ക്ക് എത്ര ഡെസിബല്‍ പവറുള്ള ആംപ്ലിഫയര്‍ വേണ്ടിവരും എന്നെങ്കിലും ചിന്തിക്കുക. അതു കഴിഞ്ഞു മതി അവരുടെ വാക്കുകളിലെ അറിവുകുറവിന്റെ സ്‌ഖലിതങ്ങളെ പെരുപ്പിച്ച് ഒറ്റപ്പെടുത്താന്‍. അതെ, സുരയ്യമാര്‍ക്ക് കഴിയുന്ന ചിലതുണ്ട്. നാം എത്ര ശ്രമിച്ചാലും സാധിക്കാത്ത ചിലത്.
No comments:
Post a Comment