മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ -
മനുഷ്യത്വത്തിന്റെ എല്ലാ അടയാളങ്ങളും വറ്റിയ ഇസ്‌റാഈല്‍ പട്ടാളത്തിന്റെ രാക്ഷസീയ താണ്ഡവം ഗസ്സയില്‍ തുടരുകയാണ്. ഇതെഴുതുമ്പോള്‍ മരണ നിരക്ക് ആയിരത്തിനടുത്ത് വരും. അതിലേറെയും കുട്ടികളും സ്‌ത്രീകളും. കൊല്ലപ്പെട്ടവരുടെ രണ്ടിരട്ടി ഗുരുതരമായ പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നു. ആശുപത്രികള്‍ ജനസാന്ദ്രമാണെങ്കിലും അവിടെ രക്ഷാപ്രവര്‍ത്തകരില്ല. അവശ്യ മരുന്നും ചികിത്സാ സൗകര്യങ്ങളുമില്ല. വൈദ്യുതിയോ കുടിവെള്ളം പോലുമോ ഇല്ല. റെഡ്‌ക്രോസ്സും യു എന്നിന്റെ വളണ്ടിയര്‍മാരും സഹായപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കയാണ്. ദുരിതാശ്വാസ പ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെട്ട സാഹചര്യത്തിലാണവര്‍ സേവനം മതിയാക്കാന്‍ നിര്‍ബന്ധിതമായത്.
ക്രൂരമായ നരമേധം
ഗസ്സയില്‍ അഭയാര്‍ഥികളെപ്പോലെ ദുരിതംപേറി കഴിയുന്ന ഫലസ്‌തീനികളെ വംശഹത്യ ചെയ്യുകയാണ് ഇസ്‌റാഈലി ആക്രമണത്തിന്റെ ലക്ഷ്യം. പതിനഞ്ച് ലക്ഷം വരുന്ന ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന കുട്ടികളെയും യുവാക്കളെയും കൊന്നു തള്ളി ജൂതരാഷ്‌ട്രത്തിന്റെ `രക്തശുദ്ധി' വരുത്തുകയാവുമവര്‍. അതുകൊണ്ട് ഫലസ്‌ത്വീന്‍ വേട്ടയില്‍ ആര്‍ദ്രതയുടെ തരിമ്പും വന്നുപോകരുതെന്ന് ഇസ്‌റാഈലി പട്ടാളത്തിന് നിര്‍ബന്ധമുണ്ട്. സര്‍വകലാശാലകള്‍ക്കും സ്‌കൂളുകള്‍ക്കും അഭയാര്‍ഥികളുടെ ടെന്റുകള്‍ക്കും നേരെ ഉന്നംതെറ്റാതെ മിസൈലുകള്‍ പതിച്ചുകൊണ്ടിരിക്കുമ്പോള്‍ നാം മറ്റെന്താണ് ഊഹിക്കേണ്ടത്. ജനുവരി മൂന്നിന് ഗസ്സയില്‍ കരയുദ്ധം ആരംഭിച്ചപ്പോള്‍ ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി യഹൂദ് ബറാക് പറഞ്ഞു: “ഇനി ഗസ്സ മുനമ്പില്‍ അതിശയങ്ങള്‍ നിറയും.”
ജനുവരി മൂന്നിന് ഇസ്‌റാഈല്‍ കരസേനയുടെ ഒരു ബറ്റാലിയന്‍ സൈത്തൂന്‍ നഗരത്തിലെ ഒരു സെറ്റില്‍മെന്റില്‍ ഭയചകിതരായ ഫലസ്‌ത്വീനി കുടുംബങ്ങളോട് തൊട്ടടുത്തുള്ള ഒരു സ്‌കൂള്‍ കെട്ടിടത്തില്‍ കയറി രക്ഷപ്പെട്ടുകൊള്ളാന്‍ പറഞ്ഞു. കുടുംബങ്ങള്‍ അതനുസരിച്ചു. അടുത്ത ദിവസം, ആ കെട്ടിടത്തിനകത്ത് ഇസ്‌റാഈല്‍ പട്ടാളത്തിന്റെ ബോംബേറില്‍ പിടഞ്ഞു മരിച്ച അമ്പതോളം വരുന്ന കുട്ടികളുടെയും സ്‌ത്രീകളുടെയും ജഡങ്ങളാണ് കണ്ടെടുത്തത്. ഇതാണോ യഹൂദ് ബറാക് പറഞ്ഞ അതിശയം?! ഐക്യരാഷ്‌ട്രസഭയ്‌ക്കു കീഴില്‍ നടന്നുവരുന്ന ജബലിയ്യയിലെ അല്‍ഫല്ലൂജ സ്‌കൂളിലും ഗസ്സ എലിമെന്ററി സ്‌കൂളിലും ഇസ്‌റാഈല്‍ ഉഗ്ര പ്രഹരശേഷിയുള്ള ബോംബിട്ടപ്പോള്‍ കൊല്ലപ്പെട്ടത് 45 പേരാണ്. യുദ്ധത്തിന്റെ ആദ്യനാളുകളില്‍ ഉപയോഗിച്ച അമേരിക്കന്‍ നിര്‍മിത എഫ് -16, എഫ് -18 യുദ്ധവിമാനങ്ങള്‍ മൂന്നു മിനിട്ടിനകം അന്‍പത് സ്ഥലത്താണ് ആക്രമണം നടത്തിയത്. ഒറ്റയടിക്ക് ചിതറിത്തെറിച്ചത് 276 ഫലസ്‌തീനികള്‍.
അമേരിക്ക ഇറാഖിലും 2006ല്‍ ഇസ്‌റാഈല്‍ ലബനാന്‍ യുദ്ധത്തിനിടയിലും ഉപയോഗിച്ച പോലെ, ഇസ്‌റാഈല്‍ ഗസ്സയിലും രാസാക്രമണം നടത്തിയിട്ടുണ്ടെന്ന് യു എന്‍ രക്ഷാപ്രവര്‍ത്തകര്‍ പ്രസ്‌താവിച്ചിരിക്കുന്നു. നിരോധിത രാസവസ്‌തുക്കളായ വെള്ള ഫോസ്‌ഫറസ് ഷെല്ലുകളും ഡിപ്ലീറ്റഡ് യുറേനിയവും ഗസ്സയില്‍ പ്രയോഗിച്ചിരിക്കുന്നു. ഈ മാരകവസ്‌തുക്കള്‍ രോഗപ്രതിരോധ ശേഷി തകര്‍ക്കുകയും ഡി എന്‍ എയില്‍ മാറ്റംവരുത്തുകയും ചെയ്യും. കരള്‍, പ്ലീഹ, വൃക്ക തുടങ്ങിയ ആന്തരാവയവങ്ങളെ ശാശ്വതമായി അപകടപ്പെടുത്തുകയും കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വരുത്തുകയും ചെയ്യുന്നതാണ് ഈ രാസവസ്‌തുക്കള്‍. റേഡിയോ വികിരണത്തിന് കാരണമാകുന്ന ഇത്തരം രാസായുധങ്ങളുടെ പ്രയോഗം ജനീവനിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. എല്ലാ യുദ്ധനിയമങ്ങളും മാനവികമൂല്യങ്ങളും പരസ്യമായി ലംഘിച്ച് ലോകത്തെ `അതിശയിപ്പിക്കുക' തന്നെയാണ് ഈ കൊടുംഭീകരര്‍.
ലോകസമൂഹത്തിന്റെ നിസ്സംഗത
ഭീകരമായ വിധം സയണിസ്റ്റുകള്‍ ഗസ്സ ചാമ്പലാക്കിക്കൊണ്ടിരിക്കുമ്പോഴും ലോകരാഷ്‌ട്രങ്ങളും ഐക്യരാഷ്‌ട്ര സഭയടക്കമുള്ള അന്താരാഷ്‌ട്രവേദികളും ഒന്നും ചെയ്യാനാവാതെ കാഴ്‌ചക്കാരാവുകയാണെന്നതാണ് ഏറെ ഖേദകരം. യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ അക്രമം അവസാനിപ്പിക്കണമെന്ന് പ്രസ്‌താവനയിറക്കിയെങ്കിലും അതാരും ഗൗനിച്ചില്ല. ജനുവരി 9ന് ഗസ്സയില്‍ എത്രയും വേഗം വെടിനിര്‍ത്തണമെന്ന് ഐക്യരാഷ്‌ട്രസഭയുടെ രക്ഷാസമിതി പ്രമേയം പാസ്സാക്കി. എന്നാല്‍, അതിന് ചെവികൊടുക്കാതെ തൊട്ടടുത്ത ദിനം അഞ്ഞൂറിലധികം ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിയത്. ലിബിയ അടക്കമുള്ള അറബ് രാഷ്‌ട്രങ്ങളുടെ സമ്മര്‍ദ ഫലമായാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്. ഐകകണ്‌ഠ്യേന പാസ്സാക്കാന്‍ ലക്ഷ്യമിട്ട പ്രമേയത്തില്‍ നിന്ന് പക്ഷെ, ഇസ്‌റാഈലിന്റെ ദത്തച്ഛന്‍ അമേരിക്ക മാറിനിന്നു. യുദ്ധമാരംഭിച്ചതു മുതല്‍ ഇസ്‌റാഈലിന് എല്ലാവിധ ഒത്താശകളും ചെയ്‌തുകൊടുത്ത അമേരിക്ക, വീറ്റോ അധികാരമുപയോഗിച്ച് ഫലസ്‌ത്വീന്‍ കൂട്ടക്കൊലക്ക് അവസരമൊരുക്കുകയാണ് ചെയ്‌തത്.
സാക്ഷാല്‍ കുറ്റവാളി അമേരിക്ക
ആഗോള സാമ്രാജ്യത്വശക്തിയായ അമേരിക്കയുടെ പിന്തുണ കൊണ്ട് മാത്രമാണ് ഇസ്‌റാഈലിന് ഈ കൊടുംക്രൂരതകള്‍ ചെയ്യാനാവുന്നത്. അല്ലായിരുന്നുവെങ്കില്‍ ഹോങ്കോങിനേക്കാള്‍ ജനസംഖ്യ കുറഞ്ഞ ഒരു കൊച്ചു ഭൂപ്രദേശത്തിന് ലോകത്തെ വിറപ്പിക്കാനാവുമായിരുന്നില്ല. 1948ല്‍ ഫലസ്‌ത്വീന്‍ പകുത്ത് ജൂതരാഷ്‌ട്രം സ്ഥാപിച്ചപ്പോള്‍, ഫലസ്‌ത്വീനിലെ ജൂത ജനസംഖ്യ അവിടത്തെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് മാത്രമായിരുന്നു. പക്ഷെ, ഫലസ്‌തീന്‍ ഭൂമിയുടെ 53 ശതമാനവും അവര്‍ കൈവശപ്പെടുത്തി. പിന്നീട് 1948 മെയ് 15ന് ആരംഭിച്ച അറബ്-ഇസ്‌റാഈല്‍ യുദ്ധത്തില്‍ ജറൂസലമിന്റെ പകുതിയും യഥാര്‍ഥ ഫലസ്‌തീന്റെ 78 ശതമാനവും കൈക്കലാക്കി. 7,50,000 ഫലസ്‌ത്വീനികളെ ആട്ടിയോടിച്ചു. തുടര്‍ന്നുണ്ടായ മൂന്നു യുദ്ധങ്ങളിലൂടെ വെസ്റ്റ് ബാങ്കിന്റെയും ഗസ്സയുടെയും വലിയ പങ്ക് അവര്‍ കീഴടക്കുകയായിരുന്നു.
അയല്‍ക്കാരായ അറബ് രാജ്യങ്ങളെ ആക്രമിച്ചാല്‍ തങ്ങളുടെ സഹായം നല്‌കില്ലെന്ന് 1967ല്‍ ഫ്രാന്‍സിന്റെ അന്നത്തെ പ്രസിഡന്റ് ചാള്‍സ് ഡീഗോര്‍ ഇസ്‌റാഈലിനെ അറിയിച്ചതിനെ തുടര്‍ന്നാണ് യുറോപ്പുമായുള്ള ബന്ധം വിച്ഛേദിച്ച് ഇസ്‌റാഈല്‍ അമേരിക്കയുമായുള്ള ചങ്ങാത്തം ആരംഭിക്കുന്നത്. ആ ബന്ധം അതിശക്തമായി വളരുകയായിരുന്നു. പാട്രിക് സീല്‍ എഴുതിയ പോലെ, പട്ടി വാലാട്ടുന്നതിനു പകരം വാല്‍ പട്ടിയെ ആട്ടുന്ന സ്ഥിതിയിലേക്ക് കാലക്രമത്തില്‍ ഈ ബാന്ധവം വളര്‍ച്ച പ്രാപിക്കുകയായിരുന്നു.
കലവറയില്ലാത്ത സഹായം
മറ്റൊരു രാജ്യത്തിനു വേണ്ടി അമേരിക്ക ചെലവാക്കുന്ന സഹായധനത്തിന്റെ പകുതിയിലധികവും ഇസ്‌റാഈലിനുവേണ്ടിയാണ്. അതായത് ആഫ്രിക്കയിലെ സഹാറ മരൂഭൂമി പ്രദേശത്തെ രാജ്യങ്ങളിലും ലാറ്റിനമേരിക്കയിലെയും കരീബിയന്‍ പ്രദേശത്തെയും എല്ലാ രാജ്യങ്ങളിലും കൂടിയുള്ള 1,054,000,000 ജനങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്നതിലുമധികം വെറും 5.8 ദശലക്ഷം ജനസംഖ്യയുള്ള ഇസ്‌റാഈലിനു വേണ്ടി അമേരിക്ക ചെലവഴിക്കുന്നു. 1997 സാമ്പത്തിക വര്‍ഷത്തില്‍ 3000 കോടി ഡോളര്‍ വിദേശ ധനസഹായമായും 525 ദശലക്ഷം മറ്റു സഹായമെന്ന ഇനത്തിലും 2000 കോടി ഡോളര്‍ ഫെഡറല്‍ വായ്‌പ ഗ്യാരണ്ടി ഇനത്തിലും ഇസ്‌റാഈല്‍ അമേരിക്കയില്‍ നിന്ന് പറ്റിയിട്ടുണ്ട്. ആ വര്‍ഷം അമേരിക്ക ഇസ്‌റാഈലിന് മൊത്തം 5500 കോടി ഡോളര്‍ സഹായിച്ചിട്ടുണ്ട്! അതായത് പ്രതിദിനം 15,068,493 ഡോളര്‍ വീതം 365 ദിവസവും അമേരിക്ക ഇസ്‌റാഈലിന് സാമ്പത്തിക സഹായം നല്‌കിയിട്ടുണ്ടെന്നര്‍ഥം. അമേരിക്കന്‍ ബജറ്റിന്റെ വിവിധ നീക്കിയിരുപ്പുകളില്‍ നിന്നും ഇസ്‌റാഈലിനു ലഭിച്ച ധനസഹായവും വായ്‌പകളും വിദേശസഹായവും എല്ലാം കൂടി കൂട്ടിയാല്‍ 1949നു ശേഷം കഴിഞ്ഞ വര്‍ഷം വരെ സുമാര്‍ 84.8 ബില്യണ്‍ ഡോളര്‍ അമേരിക്ക ഇസ്‌റാഈലിന് നല്‌കിയിരിക്കുന്നു. കാലാവധി തീര്‍ന്ന 10,000 കോടി ഡോളറിന്റെ അമേരിക്കന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി ഇതിനു പുറമെയാണ്. 1997 ഒക്‌ടോബര്‍ 31 വരെയുള്ള കണക്കുവെച്ച് നോക്കിയാല്‍, ഒരു അമേരിക്കന്‍ നികുതിദായകന്‍ ഓരോ ഇസ്‌റാഈല്യനും വേണ്ടി 23,241 ഡോളര്‍ ചെലവാക്കുന്നു!
അമേരിക്കയിലെ സ്വകാര്യകോര്‍പ്പറേറ്റ് കമ്പനികള്‍ ഇസ്‌റാഈലിനു നല്‌കുന്ന സംഭാവനയുടെ കണക്ക് പൂര്‍ണമായും ലഭ്യമല്ല. അത് അനേകം ശതകോടികള്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. ഇസ്‌റാഈല്‍ പക്ഷപാതത്തിന്റെ പേരില്‍ അമേരിക്ക സഹിക്കുന്ന നഷ്‌ടംകൂടി ചേര്‍ത്തുവെക്കേണ്ടതുണ്ട്. ഉദാഹരണത്തിന് 1973ലെ യുദ്ധത്തില്‍ ഇസ്‌റാഈലിനെ സഹായിച്ചതിന്റെ പേരില്‍ അറബ് രാജ്യങ്ങള്‍ യു എസ്സിന് എണ്ണ നല്‌കിയില്ല. കോടികളുടെ നഷ്‌ടമാണ് ഇതുമൂലം അമേരിക്കയ്‌ക്കുണ്ടായത്. ഇസ്‌റാഈലിന് കാവലായി മെഡിറ്ററേനിയന്‍ തീരത്ത് നങ്കൂരമിട്ട അമേരിക്കയുടെ ആറാം കപ്പല്‍ പടയ്‌ക്കും മേഖലയിലെ വ്യോമസേനാവ്യൂഹത്തിനും കൂടി ചെലവിടുന്ന തുക ബഹുകോടികള്‍ വേറെയുണ്ട്. അമേരിക്കയുടെ മുന്‍ പ്രതിരോധ അണ്ടര്‍സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്‌തതനുസരിച്ച് ഇസ്‌റാഈലിനെ പോറ്റാന്‍ അമേരിക്ക വര്‍ഷംപ്രതി 11,000 കോടി തുലയ്‌ക്കുന്നു. ഇപ്പോള്‍ ഈ സംഖ്യ അതിലുമെത്രയോ കൂടിയിരിക്കാനേ തരമുള്ളൂ.
അന്താരാഷ്‌ട്രവേദികളില്‍
ഗസ്സയില്‍ വെടിനിര്‍ത്തണമെന്നാവശ്യപ്പെടുന്ന പ്രമേയത്തില്‍ നിന്ന് അമേരിക്ക വിട്ടുനില്‍ക്കുകയാണുണ്ടായതെന്ന് നാം കണ്ടു. ഫലസ്‌തീന്‍ പ്രശ്‌നം ഐക്യരാഷ്‌ട്രസഭയുടെ വേദികളില്‍ വരുമ്പോഴൊക്കെ അമേരിക്ക കണ്ണടച്ച് ഇസ്‌റാഈല്‍ പക്ഷപാതിത്വം പ്രകടിപ്പിച്ച ചരിത്രമേയുള്ളൂ. മനുഷ്യാവകാശതത്വങ്ങളും ഐക്യരാഷ്‌ട്രസഭയുടെ പ്രമേയങ്ങളും യുദ്ധനിയമങ്ങള്‍ സംബന്ധിച്ച നാലാം ജനീവ ചാര്‍ട്ടറിലെ തത്വങ്ങളുമെല്ലാം ചുരുട്ടിയെറിഞ്ഞ് ഇസ്‌റാഈല്‍ നടത്തുന്ന അധിനിവേശ ശ്രമങ്ങളെ അമേരിക്ക തങ്ങളുടെ വീറ്റോ അധികാരമുപയോഗിച്ച് നിരന്തരം പിന്തുണച്ചുപോരുന്നു. ഫലസ്‌തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന കടന്നുകയറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഒരു പ്രമേയം കഴിഞ്ഞവര്‍ഷം യു എന്നിന്റെ രക്ഷാസമിതിയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ അമേരിക്കയും മൈക്രോനേഷ്യയും മാത്രമാണ് ഇസ്‌റാഈലിനൊപ്പം നിന്നത്. 185 അംഗരാഷ്‌ട്രങ്ങളില്‍ ബാക്കി മുഴുവന്‍ രാഷ്‌ട്രങ്ങളും ഒറ്റക്കെട്ടായിട്ടും അമേരിക്ക തന്റെ വത്സലപുത്രിയെ മാറോടണയ്‌ക്കാന്‍ മടിച്ചില്ല.
അമേരിക്കയിലെ ജൂതലോബി
അമേരിക്കന്‍ ജനതയുടെ അഭിപ്രായരൂപീകരണവും ഭരണകൂടത്തിന്റെ നയരൂപീകരണവും ഇസ്‌റാഈലിന് അനുകൂലമാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയില്‍ വ്യവസ്ഥാപിതമായി ഇസ്‌റാഈല്‍ ലോബികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വവിപുലീകരണ പദ്ധതി (ുിമര), ഭീകരതയ്‌ക്കെതിരിലുള്ള യുദ്ധം, അഫ്‌ഗാന്‍, ഇറാഖ് അധിനിവേശം തുടങ്ങി അമേരിക്കയുടെ വിദേശ- പ്രതിരോധ നയരൂപീകരണ രംഗങ്ങളിലൊക്കെ ഇത്തരം ലോബികളുടെ സ്വാധീനം പ്രകടമാണ്. അമേരിക്കന്‍- ഇസ്‌റാഈല്‍ പബ്ലിക് അഫയേഴ്‌സ് എന്ന പ്രസിദ്ധ ജൂതലോബി 15 മില്യണ്‍ ഡോളറിന്റെ വാര്‍ഷികബഡ്‌ജറ്റും 150 ജീവനക്കാരുമുള്ള വിപുലമായ സംവിധാനമാണ്. ഇതുപോലെ മറ്റനേകം ലോബികള്‍ വേറെയുമുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ ഗണ്യമായി സ്വാധീനിക്കുക, ഇസ്‌റാഈല്‍ വിരുദ്ധരെ കുടുക്കാന്‍ ചാരപ്പണിയെടുക്കുക, രാഷ്‌ട്രീയ ഉപജാപകസംഘങ്ങളെ ഉണ്ടാക്കുക തുടങ്ങിയ ദൗത്യങ്ങളാണ് അമേരിക്കന്‍ ജൂതലോബികളുടെ പ്രധാനജോലി. ജൂതലോബികള്‍ക്കിഷ്‌ടമില്ലാത്ത ഉന്നത ഉദ്യോഗസ്ഥരെ പുകച്ചു പുറത്തുചാടിച്ച എത്രയെങ്കിലും അനുഭവങ്ങള്‍ അമേരിക്കയിലുണ്ട്.
ഇസ്‌റാഈല്‍ സഖിത്വത്തിലൂടെ യു എസ്സിനുണ്ടാകുന്ന നഷ്‌ടങ്ങളും കുറച്ചല്ല. ഈജിപ്‌തിനു മേല്‍ പഴിചാരാന്‍ വേണ്ടി 1967ല്‍ യു എസ് എസ് ലിബര്‍ട്ടി എന്ന നാവികക്കപ്പല്‍ ഇസ്‌റാഈല്‍ തകര്‍ക്കുകയുണ്ടായി. 34പേര്‍ സംഭവത്തില്‍ കൊല്ലപ്പെടുകയും 171 പേര്‍ക്ക് മാരകമായ പരിക്കേല്‍ക്കുകയും ചെയ്‌തു. എന്നാല്‍ അമേരിക്ക അതേക്കുറിച്ചത് ഒരന്വേഷണം പോലും നടത്തിയില്ല! ഗസ്സയില്‍ ഫലസ്‌തീന്‍ വീടുകള്‍ നശിപ്പിക്കുന്നതില്‍ നിന്നും ഇസ്‌റാഈല്‍ സേനയെ വിലക്കിയ അമേരിക്കന്‍ സമാധാനസേനയിലെ റെയ്‌ച്ചര്‍ കോറി എന്ന ഉദ്യോഗസ്ഥനെ ഇസ്‌റാഈല്‍ പട്ടാളം ബുള്‍ഡോസര്‍ കയറ്റി കൊന്ന സംഭവം മറ്റൊരുദാഹരണം. ഇക്കാലം വരെ ഈ സംഭവത്തെക്കുറിച്ചും ഒരന്വേഷണവുമുണ്ടായില്ല. എന്നാല്‍, ഹമാസ് ഒരു ഉരുക്കുപൈപ്പ് ഇസ്‌റാഈലിനു നേരെ തൊടുത്താല്‍ ആ നിമിഷം തന്നെ പ്രതികരിക്കാന്‍ അമേരിക്കന്‍ ഭരണകൂടം വ്യഗ്രതപ്പെടുമെന്നത് മറ്റൊരുകാര്യം.
യാങ്കിവഴിയില്‍ ഇന്ത്യയും
നാലയലത്തേക്ക് അടുപ്പിക്കാതെ ഇന്ത്യ മാറ്റിനിര്‍ത്തിയ രാജ്യമായിരുന്നു ഇസ്‌റാഈല്‍. ഒരു മതത്തിന്റെ പേരില്‍ സ്ഥാപിതമായ രാജ്യം, നിരന്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന രാജ്യം, ഫലസ്‌തീനില്‍ അധിനിവേശം നടത്തുന്ന ശക്തി എന്നിങ്ങനെയുള്ള ന്യായീകരണങ്ങളാണ് അതിന് ഇന്ത്യയ്‌ക്കുണ്ടായിരുന്നത്. 1950ല്‍ മാത്രമാണ് ഇസ്‌റാഈലിനെ ഒരു രാഷ്‌ട്രമായിപ്പോലും ഇന്ത്യ അംഗീകരിച്ചത്. എന്നാല്‍ 1991 വരെ യാതൊരു തരത്തിലുള്ള നയതന്ത്രവും ആ രാജ്യവുമായി നാം സ്ഥാപിച്ചില്ല. ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രബല ന്യൂനപക്ഷമായ മുസ്ലിംകളോടുള്ള കടപ്പാടും നമ്മുടെ പരമ്പരാഗത സുഹൃത്തുക്കളായ അറബ് രാജ്യങ്ങളോടുള്ള ബന്ധവും ഈ നിലപാട് കൈക്കൊള്ളുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് ആഗോള ശാക്തിക ബന്ധങ്ങളില്‍ വന്ന മാറ്റങ്ങളോടെയാണ് ഇന്ത്യ ഇസ്‌റാഈലുമായി അടുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. കോണ്‍ഗ്രസിന് ശക്തിക്ഷയമുണ്ടാകുകയും ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രഭരണം സ്ഥാപിതമാവുകയും ചെയ്‌തതോടെ ഈ പ്രവണത വര്‍ധിച്ചു. തൊണ്ണൂറുകളില്‍ ഇന്ത്യ അമേരിക്കയോട് ആശ്രിത സമാനമായ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതോടെ, അമേരിക്കയുടെ ഇഷ്‌ടസഖിയായ ഇസ്‌റാഈലുമായും നാം അടുക്കാന്‍ തുടങ്ങി.
ബി ജെ പിക്ക് ഇസ്‌റാഈലുമായി പ്രത്യയശാസ്‌ത്രപരമായി തന്നെ ഐക്യസാധ്യതയുണ്ടായിരുന്നു. രണ്ടും മതാധിഷ്‌ഠിത രക്തശുദ്ധി വാദത്തില്‍ വിശ്വസിക്കുന്നുവെന്നതു മാത്രമല്ല, രണ്ടു പ്രത്യയശാസ്‌ത്രങ്ങളും മുസ്ലിംകളെ ശത്രുപക്ഷത്ത് കാണുകയും ചെയ്യുന്നു. കൂടാതെ, മിഡ്‌ല്‍ ഈസ്റ്റിലും ഇന്ത്യയിലും ഒരേപോലെ `ഇസ്ലാമിക ഭീകരവാദ'ത്തിന്റെ സാന്നിധ്യം ശക്തമാണെന്നും യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ അതിനു തടയിടാനാവുമെന്നും ഇരുവിഭാഗവും ചിന്തിക്കുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ വന്നതോടെ ഇന്ത്യ- ഇസ്‌റാഈല്‍ സഹകരണ കരാറുകള്‍ ശക്തിപ്പെടുന്നത്. 2004ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തിരിച്ചുവന്നശേഷം, ബി ജെ പി തുടങ്ങിവെച്ച ബന്ധങ്ങളും കരാറും കൂടുതല്‍ ആവേശത്തോടെ നടപ്പാക്കാനും തുടങ്ങി.
1992ല്‍ സ്ഥാപിതമായ ഇന്ത്യ-ഇസ്‌റാഈല്‍ നയതന്ത്ര ബന്ധം ഇപ്പോള്‍ ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ട്. പ്രതിരോധ, രാജ്യസുരക്ഷാ രംഗങ്ങളില്‍ ഗാഢമായ സഹകരണകരാറുകളും സംയുക്തനീക്കങ്ങളും നിലവില്‍ വന്നിരിക്കുന്നു. ആയുധവില്‍പനയാണ് ഇസ്‌റാഈലിന്റെ പ്രധാന വരുമാനോപാധി. അതിനനുസരിച്ചാണ് അവര്‍ വിദേശനയങ്ങളും രാജ്യാന്തര നയതന്ത്രവും ആവിഷ്‌കരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ ചാര ഏജന്‍സികള്‍ മുഖേന കുഴപ്പവും ഛിദ്രതയുമുണ്ടാക്കി രാഷ്‌ട്രീയ അസ്ഥിരതയും അസ്വസ്ഥതയും സൃഷ്‌ടിച്ച്, സൈനിക ബഡ്‌ജറ്റ് കൂട്ടാന്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ പോലും ഇസ്‌റാഈലിനു മടിയില്ല. ഇസ്‌റാഈലുമായി സൈനികസഹകരണമുള്ള രാഷ്‌ട്രങ്ങളില്‍ `ഭീകരത' സ്ഥിരമായിത്തീരുന്നതാണനുഭവം.
1997ല്‍ ആദ്യമായി അന്നത്തെ ഇസ്‌റാഈല്‍ പ്രസിഡന്റ് എസര്‍ വീല്‍സ്‌മാന്‍ ഇന്ത്യ സന്ദര്‍ശിച്ചു. അതേത്തുടര്‍ന്നാണ് ഇസ്‌റാഈലില്‍ നിന്നും ആയുധം വാങ്ങാനുള്ള കരാറുകള്‍ തുടങ്ങിയത്. ഇസ്‌റാഈലിന്റെ കയറ്റുമതിയുടെ 30-40 ശതമാനവും ആയുധമാണ്. 2003 മുതല്‍ ഇന്ത്യയെക്കൊണ്ട് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിപ്പിക്കാന്‍ നിരവധി ഏജന്റുകളെ ഇസ്‌റാഈല്‍ അയച്ചിരുന്നു. 2005 ആകുമ്പോഴേക്കും ഇസ്‌റാഈലില്‍ നിന്നും ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. ആ വര്‍ഷം 36 ശതലക്ഷം അമേരിക്കന്‍ ഡോളര്‍ മതിക്കുന്ന ഇസ്‌റാഈലിന്റെ ആയുധക്കയറ്റുമതിയുടെ പകുതിയും ഇന്ത്യയിലേക്കായിരുന്നു. കാര്‍ഗില്‍ യുദ്ധസമയത്ത് ലേസര്‍ നിയന്ത്രിത ബോംബും ആയുധവാഹിനികളായ വിമാനങ്ങളുമടക്കം കൂടുതല്‍ ആയുധങ്ങള്‍ നല്‌കി `സഹായിച്ച്' പ്രതിരോധരംഗത്ത് ഇന്ത്യയുടെ കൂട്ടാളിയായി. ഈ ബന്ധം ഇസ്‌റാഈലിന്റെ മിലിട്ടറി സാറ്റലൈറ്റ് വിക്ഷേപിക്കാന്‍ ഇന്ത്യയുടെ വിക്ഷേപണകേന്ദ്രം (ഐഎസ്‌ആര്‍ഒ) വിട്ടുകൊടുക്കുന്നേടത്തേക്കു വരെയെത്തി. ഇന്നിപ്പോള്‍ കര, വ്യോമ, നാവിക രംഗങ്ങളില്‍ മിലിട്ടറി സഹകരണവും സൈനികപരിശീലനവും രഹസ്യാന്വേഷണ പരിശീലനവുമടക്കമുള്ള തന്ത്രപ്രധാന രംഗങ്ങളില്‍ ഇസ്‌റാഈല്‍ ഇന്ത്യയ്‌ക്ക് അവിഭാജ്യഘടകവും ഉറ്റമിത്രവുമായിത്തീര്‍ന്നിരിക്കുന്നു.
ഗസ്സ: ഇന്ത്യയുടെ മൗനം
ലബനാന്‍ യുദ്ധകാലത്ത് ഇസ്‌റാഈല്‍ സേന ക്വാനയില്‍ നിരപരാധികളായ കുട്ടികളെയും സ്‌ത്രീകളെയും കശാപ്പുചെയ്‌തപ്പോള്‍ ഇസ്‌റാഈലിനെ വിമര്‍ശിക്കാന്‍ ഇന്ത്യ വൈമനസ്യം കാണിച്ചത് വിവാദമായിരുന്നു. ഇന്നിപ്പോള്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ നരനായാട്ടു തുടരുമ്പോഴും ഇന്ത്യയ്‌ക്കു ആര്‍ജവത്തോടെ ഒരു വാക്ക് പറയാനാകാത്തത്, ഇതിനകം സ്ഥാപിച്ച ഉഭയകക്ഷി ബന്ധം കൊണ്ടുമാത്രമാണ്. ഫലസ്‌തീനികളോട് സഹതപിച്ച് മുതലക്കണ്ണീര്‍ വാര്‍ത്ത പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കേരളത്തില്‍ വെച്ചുപോലും ഇസ്‌റാഈല്‍ എന്ന പേര് പറയാന്‍ മടിച്ചുകളഞ്ഞു. ഈ മൗനം യാദൃച്ഛികമല്ല. ഇസ്‌റാഈലുമായി അഞ്ചു ബില്യന്‍ ഡോളറിന്റെ ആയുധസാമഗ്രികള്‍ക്ക് ഓര്‍ഡര്‍ നല്‌കി കാത്തിരിക്കുകയും ഇന്ത്യ ഏറ്റവുമധികം ആയുധമിറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാഷ്‌ട്രമായി ഇസ്‌റാഈലിനെ തെരഞ്ഞെടുക്കുകയും ഇന്ത്യന്‍ കമാന്റോകള്‍ക്ക് ഭീകരപ്രതിരോധരംഗത്ത് പരിശീലനം നല്‌കാന്‍ ഇസ്‌റാഈലുമായി സഹകരണപദ്ധതി തയ്യാറാക്കുകയും ചെയ്‌ത സാഹചര്യത്തിലുള്ള ബോധപൂര്‍വമായ മൗനമാണിത്. ഈ മൗനത്തിന് രാജ്യം കനത്ത വില നല്‌കേണ്ടിവരുമെന്ന് ഭരണകര്‍ത്താക്കള്‍ മറന്നുപോകരുതായിരുന്നു. അമേരിക്കന്‍ ജനതയുടെ സുരക്ഷ അപകടത്തിലായതിന് ഒരു കാരണം ഇസ്‌റാഈലുമായുള്ള വഴിവിട്ട ബന്ധമാണ്. അത് നമുക്കും പാഠമായിരിക്കണം. ഇന്ത്യ നല്‌കുന്ന പണംകൊണ്ട്, ഇന്ത്യയുടെ കേന്ദ്രത്തില്‍ വിക്ഷേപിച്ച ചാര ഉപഗ്രഹത്തിന്റെ സഹായത്താല്‍ ഗസ്സയിലെ പാവപ്പെട്ട കുരുന്നുകളെ ബോംബിട്ട് കൊല്ലുമ്പോള്‍ നമുക്ക് മനസ്സാക്ഷിക്കുത്തുണ്ടാവാത്തത് അമേരിക്കന്‍ ദാസ്യത്തിന്റെ ഭയംകൊണ്ടല്ലെങ്കില്‍ മറ്റെന്തുകൊണ്ടാണ്?
ലബനാന്‍ യുദ്ധകാലത്ത് ഇസ്‌റാഈല്‍ സേന ക്വാനയില്‍ നിരപരാധികളായ കുട്ടികളെയും സ്‌ത്രീകളെയും കശാപ്പുചെയ്‌തപ്പോള്‍ ഇസ്‌റാഈലിനെ വിമര്‍ശിക്കാന്‍ ഇന്ത്യ വൈമനസ്യം കാണിച്ചത് വിവാദമായിരുന്നു. ഇന്നിപ്പോള്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ നരനായാട്ടു തുടരുമ്പോഴും ഇന്ത്യയ്‌ക്കു ആര്‍ജവത്തോടെ ഒരു വാക്ക് പറയാനാകാത്തത്, ഇതിനകം സ്ഥാപിച്ച ഉഭയകക്ഷി ബന്ധം കൊണ്ടുമാത്രമാണ്. ഫലസ്‌തീനികളോട് സഹതപിച്ച് മുതലക്കണ്ണീര്‍ വാര്‍ത്ത പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കേരളത്തില്‍ വെച്ചുപോലും ഇസ്‌റാഈല്‍ എന്ന പേര് പറയാന്‍ മടിച്ചുകളഞ്ഞു. ഈ മൗനം യാദൃച്ഛികമല്ല. ഇസ്‌റാഈലുമായി അഞ്ചു ബില്യന്‍ ഡോളറിന്റെ ആയുധസാമഗ്രികള്‍ക്ക് ഓര്‍ഡര്‍ നല്‌കി കാത്തിരിക്കുകയും ഇന്ത്യ ഏറ്റവുമധികം ആയുധമിറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാഷ്‌ട്രമായി ഇസ്‌റാഈലിനെ തെരഞ്ഞെടുക്കുകയും ഇന്ത്യന്‍ കമാന്റോകള്‍ക്ക് ഭീകരപ്രതിരോധരംഗത്ത് പരിശീലനം നല്‌കാന്‍ ഇസ്‌റാഈലുമായി സഹകരണപദ്ധതി തയ്യാറാക്കുകയും ചെയ്‌ത സാഹചര്യത്തിലുള്ള ബോധപൂര്‍വമായ മൗനമാണിത്. ഈ മൗനത്തിന് രാജ്യം കനത്ത വില നല്‌കേണ്ടിവരുമെന്ന് ഭരണകര്‍ത്താക്കള്‍ മറന്നുപോകരുതായിരുന്നു. അമേരിക്കന്‍ ജനതയുടെ സുരക്ഷ അപകടത്തിലായതിന് ഒരു കാരണം ഇസ്‌റാഈലുമായുള്ള വഴിവിട്ട ബന്ധമാണ്. അത് നമുക്കും പാഠമായിരിക്കണം. ഇന്ത്യ നല്‌കുന്ന പണംകൊണ്ട്, ഇന്ത്യയുടെ കേന്ദ്രത്തില്‍ വിക്ഷേപിച്ച ചാര ഉപഗ്രഹത്തിന്റെ സഹായത്താല്‍ ഗസ്സയിലെ പാവപ്പെട്ട കുരുന്നുകളെ ബോംബിട്ട് കൊല്ലുമ്പോള്‍ നമുക്ക് മനസ്സാക്ഷിക്കുത്തുണ്ടാവാത്തത് അമേരിക്കന്‍ ദാസ്യത്തിന്റെ ഭയംകൊണ്ടല്ലെങ്കില്‍ മറ്റെന്തുകൊണ്ടാണ്?
ReplyDelete...