മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Tuesday, June 30, 2015

റമദാനിന്റെ ആത്മീയ ലാവണ്യം

അപരന്റെ വിശപ്പിനെ ആത്മാവ് കൊണ്ട് തൊട്ടറിയുന്ന ദൈവീക രഹസ്യത്തിന്റെ നാമമത്രെ റമദാന്‍. ദൈവീക മതത്തിന്റെ  പഞ്ചസ്തംഭങ്ങളില്‍ ഒന്നായി എണ്ണുന്ന വ്രതത്തെ കുറിച്ച് അല്ലാഹുവിന്റെ ഹിതം ഹദീസുകള്‍ വ്യക്തമാക്കുന്നത്, 'നോമ്പ് എനിക്കുള്ളതാണ്  അതിന്റെ പ്രതിഫലം നല്കുന്നത് ഞാന്‍ തന്നെയാണ്' എന്നാണ്. എന്ന് വെച്ചാല്‍ അത്രയും ഗാഢമായ ആത്മബന്ധത്തിലൂടെയാണ് അവന്‍ സൃഷ്ടിയുടെ വ്രതത്തെ ഏറ്റുവാങ്ങുന്നത്. കാരണം നോമ്പ് എന്നത് ഒരു അനുഷ്ടാനമല്ല. അതിന്  നിയതമായ ആചാര രൂപമില്ല. പ്രകടന പരതയുടെ വഴക്കങ്ങളുമില്ല. സൃഷ്ടിയും സൃഷ്ട്ടാവും മാത്രം പരസ്പരം അറിയുന്ന ഒരു പവിത്രമായ  ആരാധനാ  രൂപമാണ് നോമ്പിന്.വ്രതം ഒരു നിരാസമാണ്. ആസക്തികളോടുള്ള നിരാസം. അതിരില്ലാത്ത, ധാര്‍മികതയില്ലാത്ത  മനസ്സിന്റെ,  കാമ, ക്രോധ ഭോഗാസക്തികളോടുള്ള  സമരം കൂടിയാണത്. പകല്‍വേളകളില്‍ അന്നം വെടിയുന്ന ഉപവാസം മാത്രമല്ല നോമ്പ്. അങ്ങിനെയെങ്കില്‍ അവന്റെ സൃഷ്ടികള്‍ക്കിടയില്‍ പട്ടിണിയുടെ ദൈന്യ ജീവിതം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട കോടാനുകോടികള്‍ ജീവിക്കുന്ന ഒരു ലോകത്ത് കേവലം അല്‍പ്പനേരത്തെ വിശപ്പിന്റെ ഇടവേളകള്‍ക്ക് അവന്റെ മുന്നില് ഒരു പുണ്യവും കണ്ടെത്താനാവില്ല. എന്നാല്‍ അന്നസമൃദ്ധിക്ക്  മുന്നില്‍ നിന്ന് കൊണ്ടും അന്നം നിഷേധിക്കപ്പെട്ട ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഒരു വിപ്ലവമുണ്ട് റമദാന്‍ വ്രതത്തിന്. വിശക്കുന്നവന്റെ വേദനയെന്തെന്ന് അനുഭവത്തിലൂടെ തൊട്ടറിയാനും, അവരിലേക്ക് അന്നം എത്തിക്കാനുള്ള ദാന ധര്‍മത്തിന്റെ മഹത്വം ഓര്‍മിപ്പിക്കാനും അതൊരു മതശാസനയായി അവതരിപ്പിക്കുക കൂടിയാണ്  നാഥന്‍ ഈ മാസത്തിലൂടെ.

പ്രത്യയശാസ്ത്രത്തിന്റെ ഗ്രന്ഥപ്പുരകളിലും കവല പ്രഭാഷണങ്ങളുടെ വാഗ്‌ധോരണികളിലും അല്ല സമത്വ ലോകത്തിന്റെ വിപ്ലവം സൃഷ്ട്ടാവ് ആഹ്വാനം ചെയ്തത്. അത് ധനികനോടും ദരിദ്രനോടും പണ്ഡിതനോടും പാമരനോടും സ്വജീവിതത്തില്‍ പുലര്‍ത്തി ലോകത്തില്‍ അനുഭവവേദ്യമാക്കാനാണ്  കല്‍പ്പിച്ചത്. അപരന്റെ വിശപ്പിനെ അറിയുന്നതോടൊപ്പം, ഇല്ലാത്തവന് ഉള്ളവന്റെ സ്വത്തില്‍ അവകാശമുണ്ടെന്നും  റമദാന്‍ നമ്മെ പഠിപ്പിക്കുന്നു. വിശന്നിരിക്കുന്ന ഒരു അയല്‍ക്കാരന്‍ നിങ്ങള്‍ക്ക്  ഉണ്ടാകരുതെന്ന ആജ്ഞയാണ് ഫിത്വര്‍ സകാത്തിനും സ്വദഖകള്‍ക്കും വിശ്വാസികളെ പ്രേരിപ്പിക്കുന്ന മത ബോധനത്തിറെ കാതല്‍.

വ്രതം ദുര്‍മേദസ്സുകളില്‍ നിന്ന് ശരീരത്തെ സ്ഫുടം ചെയ്‌തെടുക്കുമെന്ന്  വൈദ്യശാസ്ത്രം പറയുന്നു
ചരകനും അഗ്‌നിവേശനും ഇബ്‌നുസീനയുമെല്ലം  വ്രതത്തിന്റെ ആരോഗ്യപരമായ വശങ്ങളെ കുറിച്ച് വിശദമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. മനസ്സിന്റെയും ശരീരത്തിന്റെയും ഊര്‍ജ്ജ സ്രോതസ്സായി വ്രതത്തെ ഗാന്ധിജി പരിചയപ്പെടുത്തിയിട്ടുണ്ട്. തപോമാര്‍ഗത്തെ വരിക്കലത്രേ വ്രതം. 'വ്രതേന ദീക്ഷാമാപ്‌നോതി, ദീക്ഷയാപ്‌നോതി ദക്ഷിണാം, ദക്ഷിണാ ശ്രദ്ധയാപ്‌നോതി, ശ്രദ്ധയാ സത്യമാപ്യതേ' എന്ന് വേദം പറയുന്നു. വ്രതം ദീര്‍ഘമായ ഈക്ഷണത്തെ, ദീര്‍ഘദൃഷ്ടിയെ നല്‍കും, ദീര്‍ഘദൃഷ്ടി ദക്ഷതകൈവരുത്തുന്നു, ദക്ഷത ശ്രദ്ധയെ ആനയിക്കുന്നു. ശ്രദ്ധ സത്യദര്‍ശനത്തിനിടവരുത്തുന്നു എന്ന്.

അന്നപാനീയങ്ങള്‍ വെടിയുന്നത് ശരീരത്തിന്റെ മാത്രം  വ്രതമാണ്. അതോടൊപ്പം ശരീരേച്ഛകളോടുള്ള നിരാസം കൂടി ആകുമ്പോഴേ നോമ്പ് ഒരു ആരാധനയുടെ തലത്തിലേക്ക് എത്തുകയുള്ളൂ. കണ്ണുകളുടെ, കാതുകളുടെ, കൈകളുടെ, കാലുകളുടെ സര്‍വ്വോപരി മനസ്സിന്റെ ദുര്‍ബ്ബല  കാമനകളില്‍ നിന്ന്; ശരീരേച്ഛകളില്‍ നിന്ന് ദൈവേച്ഛകളോടുള്ള സമരസപ്പെടലിലാണ് നോമ്പ് പൂര്‍ണമാകുന്നത്.

ഖുര്‍ആന്‍ പറയുന്നു. 'വിശ്വസിച്ചവരെ! നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത് പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. (അതുവഴി) നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി.' മുമ്പുണ്ടായിരുന്ന തലമുറകള്‍ക്ക്  കല്‍പ്പിക്കപ്പെട്ടത് പോലെ എന്ന് പറയുന്നതിലൂടെ എല്ലാ വിഭാഗങ്ങള്‍ക്കും  അവരുടെതായ രീതിയില്‍ വ്രതം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. ജൂതനും ക്രിസ്ത്യാനിക്കും ഹിന്ദുവിനും എന്നുവേണ്ട എല്ലാ മതവിഭാഗങ്ങള്‍ക്കും  ഉപവാസമുണ്ട്. രസനയുടെ രുചി ഭേദങ്ങളോടും  ശരീരത്തിന്റെ ആസക്തികളോടും ചെറുത്തു നിന്ന്, ആത്മീയ സമൃദ്ധിക്ക് വേണ്ടിയുള്ള ഒരു തപഃശുദ്ധിയാണ് ഉപവാസത്തിലൂടെ ഓരോ വിശ്വാസധാരകളും ലക്ഷ്യമിടുന്നത്.

ആകാശത്തിന്റെ അതിരുകള്‍ക്കപ്പുറത്ത് നിന്ന് പ്രവാചകന്റെ ധ്യാനമൗനത്തിലേക്ക്  ദൈവവചനങ്ങള്‍ വെളിപാടുകളായി പെയ്തിറങ്ങിയ വിശുദ്ധ മാസമാണ് റമദാന്‍. അതുകൊണ്ട് തന്നെ ആ പുണ്യവചനങ്ങളുടെ പാരായണം  ഏറെ പ്രോത്സാഹിപ്പിക്കപ്പെടുന്ന മാസം കൂടിയാണ് റമദാന്‍. മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ആ വിശുദ്ധഗ്രന്ഥത്തെ പദാനുപദം ആദരപൂര്‍വ്വം ഉഛാരണ വിധേയമാക്കുക എന്നതിലപ്പുറം ഖുര്‍ആനിന്റെ  ആശയ പ്രപഞ്ചത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ വിശ്വാസികള്‍ക്ക് കഴിയണം. മാനവ ലോകത്തിന്  സന്തോഷ വാര്‍ത്തകളായും ഉദ്‌ബോധനമായും ഭൂത ഭാവി പ്രവചനങ്ങളായും മാര്‍ഗദര്‍ശനമായും, ജീവിത സമസ്യകള്‍ക്ക്  ഉത്തരങ്ങളായും ഇറക്കപ്പെട്ട ഒരു ഗ്രന്ഥം വാക്കുകള്‍ ആവര്‍ത്തിച്ചോതി പുണ്യം ലഭിക്കുന്ന ഒരു അനുഷ്ട്ടാനമായി ഒതുക്കിക്കളയുകയല്ല നാം വേണ്ടത്.  ഖുര്‍ആനിനു ലോകത്തോട് സംവദിക്കാന്‍ എന്താണുള്ളതെന്ന് അന്വേഷിക്കണം. അതിന്റെ ആശയധാരയും ആനന്ദധാരയും നാം സ്വന്തമാക്കണം.

വറുതിയുടെ കാലത്തെ നോമ്പ് സ്മരണകള്‍ ആയിരിക്കും മിക്ക പഴയ തലമുറക്കും പങ്കുവെക്കാനുള്ളത്. നോമ്പിനു മാത്രം കാണുന്ന വിശിഷ്ട വസ്തുവായിരിക്കും അന്നൊക്കെ കാരയ്ക്ക. ഈത്തപ്പഴമെല്ലാം  സമ്പന്നരുടെ ആഡംബരം മാത്രമായിരുന്നു അന്ന്. വിശപ്പിന്റെ പകല്‍  കഴിഞ്ഞാല്‍ കിട്ടുന്ന വയറു നിറയുന്ന ഭക്ഷണം അന്നത്തെ എറ്റവും വലിയ ഭാഗ്യമായിരുന്നു. നോമ്പിനുമാത്രം ഉണ്ടാക്കുന്ന  വിഭവങ്ങള്‍  ഉണ്ടായിരുന്നു അന്നൊക്കെ. ജീരകക്കഞ്ഞിയുടെ ആവി പറക്കുന്ന നെയ്മണമുള്ള  ഓര്‍മയുടെ സുഗന്ധമാണ് പല നോമ്പോര്‍മകളും പഴമക്കാരുടെ മനസ്സില്‍.
ആവശ്യത്തിനു  മാത്രം കഴിച്ച്, സഹോദരനെ നോമ്പ് തുറപ്പിച്ച് നോമ്പിന്റെ പുണ്യം ആഘോഷമായി സ്വീകരിച്ച പഴയ കാലത്തില്‍ നിന്ന് നമ്മള്‍ ഒരുപാട് ദൂരം അകന്നുപോയി. ഇന്ന് നോമ്പുതുറ എന്നത് ഭക്ഷണ വൈവിധ്യങ്ങളുടെ പരീക്ഷണ കാലമാണ്. ഇഫ്താറുകള്‍ ഭക്ഷ്യമേളകളാണ്.  വിശപ്പിന്റെ, ആസക്തി നിരാസത്തിന്റെ, ദൈവഹിതത്തിന്റെ മാസത്തെ നമ്മള്‍ ഭക്ഷണ ധൂര്‍ത്തിന്റെയും  പൊങ്ങച്ച പ്രദര്‍ശനത്തിന്റെയും  മേളകളാക്കി മാറ്റുകയാണ്. രാവു മുഴുവന്‍ ഉണ്ട്, പകല്‍  മുഴുവന്‍ ഉറങ്ങി  യാന്ത്രികമായി അനുഷ്ടിക്കുന്ന ഒരു ആചാരമായിട്ടാണ് പുതിയ തലമുറ ഈ ഉപവാസത്തെ മനസ്സിലാക്കുന്നത്.

റമദാനിന്റെ ആത്മാവിനെ കണ്ടെത്താനായിരിക്കണം നമ്മുടെ വ്രതാനുഷ്ടാനം. റമദാനില്‍ അവതീര്‍ണമായ ദൈവ വചനസാരങ്ങളെ ജീവിതത്തില്‍ ഏറ്റുവാങ്ങാനുള്ളതായിരിക്കണം നമ്മുടെ നോമ്പുകള്‍.

കഴിഞ്ഞ കാലത്തെ  ആത്മവിചാരണ നടത്തി ശുദ്ധം ചെയ്യാനും വരും കാലത്തെ ധാര്‍മീക  ശുദ്ധി കൊണ്ട് രൂപകല്പ്പന ചെയ്യാനുമായിരിക്കണം നമ്മള്‍ നോമ്പ് അനുഷ്ടിക്കുന്നത്. നാഥന്‍ പറയുന്നത് പോലെ നോമ്പ് അവനുള്ളതാണ് . അതിനാല്‍ അവന്റെ പ്രീതിയിലേക്കുള്ള സഞ്ചാര ദൂരമായിരിക്കണം ഈ റമദാന്‍. ആസക്തികളുടെ ലോകത്ത് നിന്ന് ദൈവികാനന്ദത്തിലേക്കുള്ള മനസിന്റെ പലായനം.

1 comment: