മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Saturday, July 25, 2015

പുസ്തകമില്ലാത്ത അഭ്യാസങ്ങള്‍


വിവാദങ്ങളുടെ കളിത്തോഴനെന്ന നാമം തനിക്ക് എത്രത്തോളം ഇണങ്ങുമെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്. ഇരിക്കുന്ന സ്ഥാനത്തിന്ന് താന്‍ എത്രമാത്രം യോഗ്യനാണെന്ന് തെളിയിക്കേണ്ട സമയത്തൊക്കെ അബദ്ധപഞ്ചാംഗം നാവില്‍ കളിയാടുന്നു എന്ന 'ദോഷം' റബ്ബിനുണ്ടെന്ന് ആളുകള്‍ അടക്കം പറയാന്‍ തുടങ്ങിയതിനെ പിന്നെയും പിന്നെയും ശരിവെക്കുകയാണ് ശ്രീമാന്‍ അബ്ദുറബ്ബെന്ന മന്ത്രി പുംഗവന്‍.




പാഠപുസ്തകം വൈകുന്നത് കേരളത്തില്‍ ഇത് ആദ്യമായിട്ടൊന്നുമല്ല. രണ്ടാം മുണ്ടശ്ശേരിയെന്ന് അവകാശപ്പെടുന്ന എം എ ബേബിയുടെ കാലത്തുപോലും പുസ്തകമില്ലാതെ ശൂന്യതയില്‍ നിന്ന് വിജ്ഞാനം ആവാഹിച്ച് പരീക്ഷയെഴുതി അത്ഭുതം കാട്ടിയ കിടാങ്ങളാണ് നമ്മുടേത്. എന്നാല്‍ അന്നൊന്നുമില്ലാത്ത വിധം അബ്ദുറബ്ബ് വിമര്‍ശനങ്ങളുടെ കേന്ദ്രബിന്ദുവാകുന്നതിന്നും നാട്ടുകാര്‍ക്കിടയില്‍  കോമാളിയാകുന്നതിന്നും പിന്നില്‍ വിവിധ കാരണങ്ങളുണ്ട്. അടിസ്ഥാനപരമായി ലീഗ് കയ്യാളുന്ന വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തിന്റെ പേരില്‍ അസഹിഷ്ണുതയുള്ളത് പുതിയ പക്ഷത്തിനോ എതിര്‍പക്ഷ വര്‍ഗീയ പാര്‍ട്ടിക്കോ മാത്രമല്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. കോണ്‍ഗ്രസിനകത്തു തന്നെയുള്ള അസംതൃപ്തരുടെ കൂടി ഉന്നമാണ് അബ്ദുറബ്ബിനെ 'വെടക്കാക്കുക' എന്നുള്ളത്. പാഠപുസ്തകങ്ങളുടെ വിതരണത്തിലുള്ള അപാതകളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ ആവശ്യപ്പെടുന്നത് അതിന്റെ ഭാഗമാണ്.

പുസ്തകവിതരണം നടത്തുന്നതിലെ കാലതാമസം നേരിട്ടതിനെയും അച്ചടിക്കു നല്കിയതിലുള്ള അഴിമതി ആരോപണത്തെയും ലാക്കാക്കി ഫെയ്‌സ്ബുക്കിലൂടെ തൊടുത്തുവിട്ട അമ്പ് ചെന്നു തറയ്ക്കുന്നത് കേവലമൊരു പാഠപുസ്തക വിവാദത്തില്‍ മാത്രമല്ല, അത് അങ്ങ് മുസ്‌ലീം ലീഗിന്റെ പ്രാമാണിത്തത്തിലേക്കും അഞ്ചാം മന്ത്രിക്കാലത്തേക്കും കൂടിയാണ്. സര്‍ക്കാറിനെതിരെ നടക്കാന്‍ ഇരുന്ന കെ എസ് യു സമരത്തിനു പിന്നിലും അത്തരം ഒരു ലക്ഷ്യമുണ്ടായിരുന്നു. എന്നാല്‍ കൗശലക്കാരനായ കുഞ്ഞാലിക്കുട്ടി ഒന്ന് അര്‍ഥം വെച്ചു നോക്കിയാലും ഒന്ന് സ്വരം മാറി വിളിച്ചാലും ചൂളിപ്പോകുന്ന മുഖ്യമന്ത്രിക്ക് അത്തരം അടിത്തട്ടിലെ വിമര്‍ശന സ്വരങ്ങളെ അടിച്ചൊതുക്കാതെ തരമില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. ഇത്തരം ഒരു ഗതികെട്ട കാലത്ത് സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ പോലും പാങ്ങില്ലാത്ത ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ഇരുന്നു ഭരിക്കേണ്ട ഒരു ഗതികേടിലേക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒതുക്കപ്പെട്ടു കഴിഞ്ഞു.

എന്നാല്‍ ഇത്തരം ഭരണപരമായ തീരുമാനങ്ങളിലൂടെ ഒതുക്കിനിര്‍ത്താന്‍ കഴിയുന്നതല്ല പാഠപുസ്തക വിവാദം. വാര്‍ത്താചാനലുകളിലെ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിയലെ പരിഹാസവും വിട്ട് സമരങ്ങള്‍ തെരുവിലേക്ക് ഇറങ്ങിക്കഴിഞ്ഞു. 'പുസ്തകമെവിടെ റബ്ബേ' എന്നു ചോദിക്കുന്നവരെ തെരുവിലിട്ട് തല്ലിച്ചതക്കുന്നതിലൂടെ കെട്ടുപോകുന്നതല്ല ഇത്തരം പ്രതിഷേധ സ്വരങ്ങളെന്ന് സര്‍ക്കാറും മന്ത്രിയും ഘടക കക്ഷികളും ഓര്‍ത്തിരിക്കുന്നത് നന്നാകും. ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളെപ്പോലും ഇങ്ങനെ രക്തത്തില്‍ മുക്കി നിശ്ശബ്ദരാക്കാനുള്ള ഉരുക്കുമുഷ്ടികളുടെ സര്‍ക്കാര്‍ നയങ്ങള്‍ കൂടുതല്‍ അപകടത്തെ വിളിച്ചു വരുത്തുകയേ ഉള്ളൂ.

സ്വന്തം പിഴവ് ഏറ്റുപറയുകയെന്ന ലളിതമായ മാര്‍ഗം ഉള്ളപ്പോള്‍ അബ്ദുറബ്ബ് തന്റെ വിവാദക്കുപ്പായം എടുത്തണിഞ്ഞ് ഓണം നേരത്തെ വന്നതാണ് പുസ്തകങ്ങള്‍ വൈകാന്‍ കാരണമെന്ന് പ്രഖ്യാപിച്ചതാണ് ഏറ്റവും വലിയ ഫലിതം. സര്‍ക്കാറിനോട് സമയം ചോദിച്ചറിഞ്ഞ്, പാഠപുസ്തകം ഒക്കെ റെഡിയായതിനുശേഷം മാത്രമേ ഓണം വരാന്‍ പാടുണ്ടായിരുന്നുള്ളൂ എന്നൊരു വഷളന്‍ ഫലിതം ആയിരുന്നു അത്. ഓര്‍ക്കാതിരിക്കേ പെട്ടെന്ന് ഓടിവന്നതാണോ ഈ ഓണം? ഓണം അടുത്ത മൂന്നാലു വര്‍ഷത്തേക്ക് എപ്പോള്‍ വരുമെന്ന് കണക്കുകൂട്ടാന്‍ കഴിയാത്ത ഏതു ലോകത്തിരുന്നാണ് അബ്ദുറബ്ബ് രാജഭരണം നടത്തുന്നത്?  അതിനിടക്ക് ഓണപ്പരീക്ഷ വൈകിക്കുന്നത് ഓണാഘോഷം അട്ടിമറിക്കാനാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മണ്ടത്തരം വിളമ്പുന്നതില്‍ തങ്ങളും പിറകിലല്ലെന്ന് ഒരു ബി ജെ പിക്കാരന്‍ കട്ടക്കു കട്ട നിന്നതാണ് റബ്ബിന്ന് ഒരു താല്ക്കാലികാശ്വാസം നല്കുന്നത്.

നിലവിളക്കിലും പച്ച സാരിയിലും വച്ച ബോര്‍ഡിലുമെല്ലാം അബ്ദുറബ്ബിന് പറയാന്‍ ഒരുപാടു ന്യായങ്ങളുണ്ടായിരുന്നു. പൊതു സമൂഹത്തിന്നുപോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ബഹുസ്വരതയുടെയും കീഴ്‌വഴക്കങ്ങളുടെയും ഒരു പാടു കാര്യകാരണങ്ങളും അതോടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ പാഠപുസ്തക  വിവാദത്തില്‍ അബ്ദുറബ്ബിന് വീഴ്ച പറ്റിയതായി ഏറ്റുപറയുക മാത്രമായിരുന്നു പിടിച്ചുനില്ക്കാനുള്ള ഏക പോംവഴി. അതിനെയാണ് ഓണം നേരത്തെ വന്നുവെന്ന കോമാളിത്തരത്തില്‍ മുക്കിയ പ്രസ്താവന കൊണ്ട് മന്ത്രി സ്വയം അപഹാസ്യനായത്.

പാഠപുസ്തകം അച്ചടി ഉടന്‍ സ്വകാര്യ പ്രസ്സിന് നല്കിയതിനു പിന്നില്‍ ദുരൂഹതകള്‍ നിലനില്ക്കുന്നുണ്ട്. തങ്ങള്‍ നല്കിയ കുറഞ്ഞ തുക നല്കിയ ടെന്‍ഡറിനെ മറി കടന്നാണ് മണിപ്പാല്‍ പ്രസിന് കൊടുത്തതെന്ന് പരാതിപ്പെട്ട് സോളാര്‍ ഓഫ് സെറ്റ് പ്രിന്റേഴ്‌സ് ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. 3.92 കോടിക്ക് മണിപ്പാല്‍ ടെക്‌നോളജീസിന് കരാര്‍ കൊടുത്തു എന്നാണ് പരാതി. വിവാരവകാശം ഇത്ര സുതാര്യമായ ഈ കാലത്ത് വിദ്യാഭ്യാസ വകുപ്പ് കയ്യാളുന്ന ഒരു മന്ത്രി എന്ത് ധാര്‍ഷ്ട്യത്തിന്റെ പേരിലായിരിക്കും ഇത്തരം ഒരു വിവാദത്തിന് തലവെച്ചുകൊടുക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

കേസ് കോടതിയിലെത്തിയാല്‍ അച്ചടി വകുപ്പും വിദ്യാഭ്യാസ വകുപ്പും ധനവകുപ്പുമെല്ലാം പ്രതിക്കൂട്ടിലാണ്. കര്‍ണാടകത്തിലെ മണിപ്പാല്‍ ടെക്‌നോളജീസ്, അഭിമാനി പബ്ലിക്കേഷന്‍സ്, സോളാര്‍ പ്രിന്റേഴ്‌സ് എന്നിവരാണ് ടെന്‍ഡര്‍ കൊടുത്തിരുന്നത്. ഇതില്‍ ടെന്‍ഡര്‍ തുക കുറഞ്ഞിട്ടും മറ്റുള്ളവര്‍ കൃത്യസമയത്ത് നിരതദ്രവ്യം കെട്ടിവെച്ചില്ലെന്ന വാദം പറഞ്ഞ് പ്രത്യേക താല്പര്യം എടുത്ത് മണിപ്പാല്‍ ടെക്‌നോളജീസിന് അച്ചടി ഏല്പിക്കുകയായിരുന്നു സര്‍ക്കാര്‍.

പാഠപുസ്തക വിതരണം തടസ്സപ്പെട്ടതിലൂടെയാണ് ഇതിന്നു പിന്നിലെ ഉള്ളുകള്ളികള്‍ കൂടുതലായി വെളിപ്പെട്ടു തുടങ്ങുന്നത്. എന്തായാലും അബ്ദുറബ്ബിന് ഈ വിവാദത്തില്‍ നിന്ന് പെട്ടെന്നൊന്നും ഊരിപ്പോരാന്‍ കഴിയില്ല. പിന്നെ ഇത്രയേറെ വിവാദവും അഴിമതിയും കോഴയും പകല്‍പോലെ വ്യക്തമായ ഒരു സമയത്തും അരുവിക്കരയില്‍ ന്യൂനപക്ഷ ഭീതി വിതച്ച് ജയിച്ച സര്‍ക്കാറിന് ഇതൊന്നും ഒരു കുലുക്കമേയല്ല എന്നതു വേറെ കാര്യം! പുതിയ അഴിമതിയും കോഴക്കഥയും വരുമ്പോള്‍ ജനം ഇതും മറന്നുകൊള്ളും എന്നതാണ് ഏക ആശ്വാസം. കേരളം ഇപ്പോള്‍ അങ്ങനെയൊക്കെ ശീലിച്ചു തുടങ്ങി.





Download PDF

1 comment:

  1. ചിലര്‍ മനഃപൂര്‍വം മന്ത്രിക്കിട്ട് പണി കൊടുക്കുന്നതാണെന്ന് എന്റെ അഭിപ്രായം

    ReplyDelete