മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Wednesday, January 2, 2019

സംഘപരിവാറുകാർക്ക് യുദ്ധഭൂമിയാക്കാൻ കേരളത്തെ വിട്ടുകൊടുക്കാതിരിക്കുക





പ്രിയമുള്ളവരെ,

അതിസങ്കീർണമായ ഒരു സന്ദർഭമാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ മതേതര-സ്വൈരവിഹാരങ്ങൾക്ക് ഭംഗം സംഭവിക്കാവുന്ന, ഒരു ചെറുതീപ്പൊരി കൊണ്ട് ആളിക്കത്തുന്ന ഭീതിജനകമായ അവസ്ഥയാണ് സംസ്ഥാനത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കി കൊണ്ട് നിർണായകമായ ഈ അവസരത്തിൽ സർക്കാരിനും പൊലീസ് സേനക്കും പിന്തുണ കൊടുക്കുകയാണ് ഓരോ കേരളപൗരന്റെയും കടമ എന്ന് മനസ്സിലാക്കി, നാം ഇടപെടുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിലും കമന്റുകളിലും ട്രോളുകളിലും അങ്ങേയറ്റത്തെ ജാഗ്രതപുലർത്തേണ്ട സന്ദർഭമാണിത്.

പ്രളയസമയത്ത് മറ്റെല്ലാം മാറ്റിവെച്ച് നാം ജനങ്ങളുടെ രക്ഷക്കെത്തിയ മഹത്തായ മാതൃക പിൻപറ്റി, ഇപ്പോഴും അങ്ങനെ പെരുമാറണമെന്നും ജാഗ്രതകാണിക്കണമെന്നും മനസ്സിലാക്കി വിവേകപൂർവം പ്രതികരിക്കുക. ഈ സംഘർഷാവസ്ഥയിൽ നിന്ന് മോചിതമായതിനു ശേഷം നിങ്ങൾക്ക് ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടത്തുകയും മറ്റു സംവാദങ്ങൾ നടത്തുകയുമാവാം.

അക്രമികളെ മുഴുവൻ അക്രമികളായി കാണുകയും അവരെ പാർട്ടിയും മുന്നണിയും നോക്കാതെ ശിക്ഷിക്കാൻ പോലീസ് ഉണ്ട്. അവരത് കൈകാര്യം ചെയ്യട്ടെ. ആമ്പുലൻസ് പോലും കല്ലെറിയുന്ന രീതിയിലേക്ക് തരംതാഴുന്ന പ്രതിഷേധക്കാർക്ക് നമ്മുടെ നാട് കലാപഭൂമിയാക്കുകയും അതുവഴി ഇവിടെയും, യാതൊരു സുരക്ഷയും സുരക്ഷിതബോധവും ഇല്ലാത്ത ഗുജറാത്തും യുപിയുമാക്കി മാറ്റുക എന്നതാണ് ഈ ക്ഷുദ്രകക്ഷികളുടെ ഉന്നം. അതിലേക്ക് എണ്ണയൊഴിക്കാൻ നാം നിന്നുകൊടുക്കാതിരിക്കുക.

ഇന്നലെ സുകുമാരൻ നായർ പ്രസ്താവിച്ചത് പലമാധ്യമങ്ങളും റിപോർട്ട് ചെയ്തിരുന്നു, ‘മതിൽ കഴിഞ്ഞാൽ ചെകുത്താന്റെ നാടാകും കേരളം‘ എന്നായിരുന്നു അത്. ഇന്ന് യുവതികൾ ശബരിമലദർശനം നടത്തിയെന്ന റിപോർട്ടുകൾ വന്നുകഴിഞ്ഞപ്പോൾ, സംഘപരിവാരം ഇറക്കിയ പോസ്റ്റ്; ‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഹിന്ദു മരിച്ചു’ എന്നായിരുന്നു. എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ വലിയ ഗൂഢാലോചനകൾ പിന്നാമ്പുറത്ത് നടന്നിട്ടുണ്ട് എന്ന് ഏതൊരാൾക്കും മനസ്സിലാക്കാവുന്നതാണ്.

കിട്ടിയ ചാൻസിൽ സർകാരിനെ വിമർശിക്കാൻ അവസരം നോക്കി നടക്കുന്ന ആളുകൾ തത്കാലം നിങ്ങളുടെ വിമർശനങ്ങൾക്ക് രണ്ടോ മൂന്നോ ദിവസത്തെ അവധിയെങ്കിലും നൽകുക. ദയവു ചെയ്ത്, നമ്മുടെ കേരളം നമുക്ക് പോലും നിൽക്കാൻ കഴിയാത്ത നാടാക്കി മാറ്റാനായുള്ള പടപ്പുറപ്പാടിൽ പങ്കാളികളാവാതിരിക്കാൻ ജാഗ്രതകാണിക്കുക....

തത്സമയ വാർത്തകൾ റിപോർട്ട് ചെയ്യുന്ന ദൃശ്യ-ഓൺലൈൻ മാധ്യമങ്ങളും അവരുടെ റിപോർട്ടർമാരും യുദ്ധമുഖത്തു നിന്നെന്ന പോലെയുള്ള കണ്ഠമിടറിയുള്ള ആക്രോശ റിപോർട്ടിംഗ് നിയന്ത്രിച്ച് സഹകരിക്കാൻ കഴിയുമെങ്കിൽ അതിനായി ശ്രമിക്കുക. തങ്ങളുടെ റിപോർട്ടർമാർക്ക് അതിന്നായുള്ള നിർദ്ദേശങ്ങൾ എത്രയും പെട്ടെന്ന് നൽകുവാൻ അധികൃതർ ശ്രദ്ധിക്കുക...

സംഘികളല്ലാത്ത മറ്റു പാർട്ടിക്കാരോട് പറയാനുള്ളത്, (സംഘികളോട് പറഞ്ഞിട്ടു കാര്യമില്ലല്ലോ) ഈ സമയത്ത് നിങ്ങളുടെ കൊടിയോ, ബാനറോ ആരെങ്കിലും നശിപ്പിക്കുന്നു എങ്കിൽ അതിനു പ്രതിരോധം തീർക്കാനും മറുപടികൊടുക്കാനും ഇറങ്ങാതിരിക്കുക. ഒരു കൊടിയോ ബാനറോ ഫ്ലെക്സോ നശിപ്പിക്കപ്പെട്ടാൽ തകരുന്ന, വ്രണപ്പെടുന്ന ആശയാദർശങ്ങളിലല്ല നിങ്ങൾ നിലയുറപ്പിച്ചിരിക്കുന്നത് എന്ന ആത്മവിശ്വാസം സ്വന്തമായും, തങ്ങളുടെ അനുയായികൾക്കും നൽകുക.

ആത്മസംയമനം അടിയറവല്ല, അഭിമാനമാണെന്നും അതാണു ശരിയായ നിലപാടെന്നും പിന്നീട് കാലം തെളിയിക്കുകതന്നെ ചെയ്യും. മുമ്പും പലവിഷയങ്ങളിലും അത് പകൽ പോലെ തെളിഞ്ഞുവന്നിട്ടുള്ളതാണല്ലോ...

കേരളത്തിന്റെ സമാധാനാന്തരീക്ഷം നിലനിൽക്കണം എന്നാഗ്രഹിക്കുന്ന ആർക്കും ഈ പോസ്റ്റ് കോപി പെയ്സ്റ്റ് ചെയ്തും ഷെയർ ചെയ്തും സഹകരിക്കാം...

സ്നേഹത്തോടെ,
സമാധാനാന്തരീക്ഷം പുലരണമെന്ന അങ്ങേയറ്റത്തെ ആഗ്രഹത്തോടെ

No comments:

Post a Comment