മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Monday, January 14, 2019

എന്താ, മലപ്പുറത്തുള്ളവര്‍ സമരം ചെയ്താല്‍?


ജയരാജന്‍ പറഞ്ഞതുപോലെ ആലപ്പാട് സമരത്തില്‍ മലപ്പുറത്തു നിന്നുള്ളവരാണ് പങ്കെടുക്കുന്നതില്‍ തന്നെ ആ ജില്ലയില്‍ നിന്നുള്ളവര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമില്ലേയെന്നാണ് ചോദിക്കാനുള്ളത് 





സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ആലപ്പാട് സമരം മലപ്പുറത്തുള്ളവര്‍ ചെയ്യുന്നതാണെന്നാണ് ഇന്നലെ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞത്. മലപ്പുറത്തുള്ളവര്‍ എന്നത് കൊണ്ട് ജയരാജന്‍ ഉദ്ദേശിക്കുന്നത് ഇസ്‌ലാം മത വിഭാഗത്തില്‍ പെട്ടവരെന്നാണോ അതോ ഏതെങ്കിലും ഇസ്‌ലാമിക സംഘടനകളില്‍ പെട്ടവരെന്നോ? രാത്രി ഈ പ്രദേശത്ത് നടക്കുന്ന കരിമണല്‍ കള്ളക്കടത്ത് തടയാന്‍ നടപടിയെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം ജയരാജന്‍ വ്യക്തമാക്കിയത്. പ്രദേശവാസികള്‍ ഈ വിഷയത്തില്‍ ഇതുവരെ നന്നായി സഹകരിച്ചിരുന്നു. സമരത്തിനുള്ള സാഹചര്യമെന്താണെന്ന് പരിശോധിക്കുമെന്നും ഇപ്പോള്‍ പറയുന്നു. ബാഹ്യശക്തികളുടെ ഇടപടെലാണ് ഈ സമരത്തിന് പിന്നിലെന്നാണ് ജയരാജന്‍ പറയാതെ പറഞ്ഞുവയ്ക്കുന്നത്.

ജനസംഖ്യയുടെ വലിയൊരു ഭൂരിപക്ഷവും ഇസ്‌ലാം മതവിഭാഗത്തില്‍ പെട്ടവരാണെന്നതാണോ മലപ്പുറത്തിന്റെ പേരെടുത്ത് പറയാന്‍ ജയരാജനെ പ്രേരിപ്പിച്ചത്? എങ്കില്‍ അദ്ദേഹത്തിന് ചരിത്രമറിയില്ലെന്ന് മാത്രമാണ് പറയാനാവുക. 
കോഴിക്കോട്, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളിലായി കിടന്ന പ്രദേശങ്ങളെ മലപ്പുറമെന്ന ഒരു ജില്ലയായി രൂപീകരിക്കുമ്പോള്‍ കുട്ടിപാകിസ്ഥാനെന്നും മാപ്പിളവര്‍ഗീയവാദികളുടെ കേന്ദ്രമെന്നുമെല്ലാം ആക്ഷേപമുന്നയിച്ച് ജില്ലാ രൂപീകരണത്തെ എതിര്‍ത്തവര്‍ നിരവധിയാണ്. ഭാരതീയ ജനസംഘവും കോണ്‍ഗ്രസും ഒറ്റക്കെട്ടായി നിന്ന് ജില്ലാ രൂപീകരണത്തിനെതിരെ വാദിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്ലിംലീഗും മറുവശത്ത് ഒന്നിച്ച് നിന്നതാണ് ഈ ജില്ലയുടെ ചരിത്രം. 1967ല്‍ അധികാരത്തില്‍ വന്ന ഇഎംഎസ് മന്ത്രിസഭയാണ് 1969 ജൂണ്‍ 16ന് മലപ്പുറം ജില്ല പ്രഖ്യാപിച്ചത്. ആ ചരിത്രമാണ് മലപ്പുറത്തെ അവഹേളിച്ചുകൊണ്ട് ജയരാജന്‍ ഇന്നലെ മറന്നത്. അതേസമയം ഇതാദ്യമായല്ല പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ജനകീയ സമരങ്ങള്‍ക്ക് മേല്‍ തീവ്രവാദ ബന്ധം ആരോപിക്കുന്നത്.

ഇതിന് മുമ്പ് പുതുവൈപ്പിനില്‍ എല്‍പിജി സംഭരണശാലയ്ക്കെതിരെ നാട്ടുകാര്‍ നടത്തിയ സമരത്തിനാണ് അധികൃതര്‍ തീവ്രവാദ ബന്ധം ആരോപിച്ചത്. മന്ത്രിമാരൊന്നുമല്ല അന്ന് അത്തരമൊരു പ്രസ്താവന നടത്തിയതെങ്കിലും സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായ പോലീസ് തലപ്പത്തു നിന്നുണ്ടായ ആ ആരോപണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന് തന്നെയാണ്. സമരക്കാര്‍ക്ക് പിന്നില്‍ ഇടത് തീവ്രവാദികളുണ്ടെന്നായിരുന്നു എസ് പി എ വി ജോര്‍ജ്ജിന്റെ പ്രതികരണം. ആഭ്യന്തര വകുപ്പിന് ഇത് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു ജോര്‍ജ്ജ്. സമരത്തിനിടെ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരെ കണ്ടെന്നാണ് ജോര്‍ജ്ജ് പറഞ്ഞത്. അതല്ലാതെ സ്ത്രീകളും കുട്ടികളുമടക്കം ഇത്രയും വലിയ സമരത്തിനിറങ്ങുമെന്ന് കരുതുന്നില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു. സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ച സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍ അടക്കം രംഗത്തെത്തിയതോടെയാണ് പോലീസ് ഈ വാദം ഉന്നയിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകര്‍, മത്സ്യത്തൊഴിലാളി യൂണിയന്‍, ജനകീയ സമരസമിതി തുടങ്ങിയവര്‍ ചേര്‍ന്ന് നയിച്ച സമരത്തെയാണ് തീവ്രവാദികളുടെ സമരമായി പോലീസ് വ്യാഖ്യാനിച്ചത്.

2017 നവംബറിലും ഗെയ്ല്‍ പൈപ്പ്ലൈനെതിരെ നടന്ന സമരം അക്രമാസക്തമാക്കിയപ്പോഴും പോലീസിന്റെ ആരോപണം സംഘര്‍ഷമുണ്ടാക്കിയത് പുറത്തുനിന്നുള്ളവരാണെന്നായിരുന്നു. മലപ്പുറത്തെ കീഴുപറമ്പില്‍ നിന്നുള്‍പ്പെടെ ആളുകള്‍ എത്തിയിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞത്. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് നേതൃത്വം നല്‍കിയെന്നും ആരോപണമുണ്ടായി. സര്‍വേയ്ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്ന് പറഞ്ഞ റൂറല്‍ എസ്പി പുഷ്‌കരന്‍ അതേസമയം രാവിലെ സമരം തുടങ്ങിയപ്പോള്‍ മുതല്‍ പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്ന് സമ്മതിച്ചു. സമരക്കാരുടെ പന്തലും വാഹനങ്ങളും പോലീസ് അടിച്ചുതകര്‍ത്തപ്പോള്‍ കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നേരെ സമരക്കാരുടെ ഭാഗത്തു നിന്നും കല്ലേറുണ്ടാകുകയായിരുന്നു.

കീഴാറ്റൂര്‍ സമരത്തിനാണ് പിന്നീട് തീവ്രവാദ ബന്ധം പതിച്ചു കിട്ടിയത്. കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന് സിപിഎം സംസ്ഥാന നിര്‍വാഹക സമിതി അംഗം എംവി ഗോവിന്ദനാണ് ആരോപിച്ചത്. 2018 മാര്‍ച്ച് 24ന് തളിപ്പറമ്പില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ സംരക്ഷണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പിറ്റേന്ന് വയല്‍ക്കിളികളുടെ രണ്ടാംഘട്ട സമരം തുടങ്ങാനിരുന്ന സാഹചര്യത്തിലായിരുന്നു കീഴാറ്റൂരില്‍ ജനകീയ സംരക്ഷണ സമിതി രൂപീകരിച്ച് സിപിഎം വലിയൊരു പ്രതിഷേധ പരിപാടിക്ക് തുടക്കം കുറിച്ചത്. കീഴാറ്റൂരിലെ സമരത്തില്‍ കേരളത്തിന്റെ പലഭാഗത്തു നിന്നുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരെയും സാമൂഹിക പ്രവര്‍ത്തകരെയും അടക്കമുള്ളവരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചപ്പോഴാണ് സമരത്തിന് തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടത്.

2018 ഏപ്രിലില്‍ മലപ്പുറം ദേശീയ പാതാ വികസനത്തിനെതിരായി നടന്ന സമരത്തിന് നേരെയും സമാനമായ ആരോപണമുണ്ടായി. സമരത്തിന് പിന്നില്‍ അണിനിരക്കുന്നത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്ന് ആരോപിച്ചത് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് ആണ്. ഒറ്റപ്പെട്ട പ്രയാസങ്ങളെ പെരുപ്പിച്ച് വൈകാരികത സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്നായിരുന്നു മോഹന്‍ദാസിന്റെ ആരോപണം. മുസ്ലിം ലീഗ് ഈ സമരത്തെ പിന്തുണച്ചതാണ് സിപിഎമ്മിനെ അന്ന് പ്രകോപിപ്പിച്ചത്. നാടിന്റെ ജലസംഭരണിയായ 35 ഏക്കര്‍ നെല്‍വയലും 68 വീടുകളുമാണ് ദേശീയപാത വികസനത്തിന്റെ പേരില്‍ നഷ്ടമാകുന്നത്. ജനങ്ങളോട് ചര്‍ച്ച ചെയ്യാതെ വികസനം നടപ്പാക്കുന്നതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

2018 ജൂണില്‍ ആലുവ എടത്തലയില്‍ വച്ച് ഉസ്മാന്‍ എന്ന യുവാവിനെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ജനകീയ പ്രക്ഷോഭമുണ്ടായപ്പോള്‍ സാക്ഷാല്‍ പിണറായി വിജയന്‍ തന്നെയാണ് തീവ്രവാദ പരാമര്‍ശം നടത്തിയത്. ഉസ്മാനാണ് പോലീസിനോട് ആദ്യം തട്ടിക്കയറിയതെന്ന് നിയമസഭയില്‍ ന്യായീകരിച്ച മുഖ്യമന്ത്രി സംഭവത്തില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത് തീവ്രവാദ സംഘടനകളാണെന്നും ആരോപിച്ചു. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികള്‍ ഉള്‍പ്പെടെ മാര്‍ച്ചില്‍ പങ്കെടുത്തെന്നായിരുന്നു പിണറായിയുടെ ആരോപണം. തീവ്രവാദം അനുവദിച്ചുകൊടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ തുടര്‍ച്ചയായി രണ്ട് ദിവസം പ്രതിപക്ഷം പ്രതികരിച്ചപ്പോള്‍ ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മഫ്തിയിലുള്ള പോലീസുകാര്‍ സഞ്ചരിച്ച സ്വകാര്യ കാര്‍ തന്റെ ബൈക്കിലിടിച്ചത് ചോദ്യം ചെയ്തതിനാണ് അവര്‍ ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്. കാറിലുണ്ടായിരുന്നത് പോലീസുകാരാണെന്ന് ഉസ്മാനും നാട്ടുകാര്‍ക്കും അറിയില്ലായിരുന്നു. അവര്‍ ബലമായി ഉസ്മാനെ കാറിനുള്ളില്‍ പിടിച്ചു കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഉസ്മാനെ ഗുണ്ടാസംഘം തട്ടിക്കൊണ്ട് പോയെന്ന് കരുതി പരാതി കൊടുക്കാന്‍ നാട്ടുകാര്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് അവര്‍ പോലീസുകാരാണെന്ന് നാട്ടുകാരും അറിഞ്ഞത്. കാറിനുള്ളില്‍ വച്ചും സ്റ്റേഷനില്‍ വച്ചും ഉസ്മാന് ക്രൂരമായി മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു.

ഈ പറഞ്ഞ തീവ്രവാദ പരാമര്‍ശങ്ങള്‍ നടന്നതിലേറെയും ഇസ്‌ലാമിനെ ലക്ഷ്യമിട്ടാണെന്നത് ശ്രദ്ധേയമാണ്. ഇനി ജയരാജന്‍ പറഞ്ഞതുപോലെ ആലപ്പാട് സമരത്തില്‍ മലപ്പുറത്തു നിന്നുള്ളവരാണ് പങ്കെടുക്കുന്നതെങ്കില്‍ തന്നെ ആ ജില്ലയില്‍ നിന്നുള്ളവര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമില്ലേയെന്നാണ് ചോദിക്കാനുള്ളത്. മലപ്പുറം ജില്ല പാകിസ്ഥാനില്‍ ഉള്‍പ്പെട്ട പ്രദേശമൊന്നുമല്ലല്ലോ? സംഘപരിവാറിന്റെ ഇസ്ലാമോഫോബിയയെ സിപിഎമ്മും ഏറ്റെടുക്കുന്നതിനെ ദുരന്തമെന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ.

-അരുണ്‍ ടി. വിജയന്‍

No comments:

Post a Comment