മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Sunday, March 25, 2018

വയല്‍കിളി സമരവും വികസന വിവാദങ്ങളും | Please Share | malayaali.com



ജനകീയ സമരമാവുമ്പോള്‍ പലരും വരുകയും പോവുകയും ചെയ്യും. ജമാഅത്തെ ഇസ്‌ലാമിക്കാരായിരിക്കും, ബിജെപിക്കാരായിരിക്കും, നക്‌സലൈറ്റുകളായിരിക്കും, ആര്‍എംപി പ്രവര്‍ത്തകരായിരിക്കും ഇവരോടൊന്നും ഞങ്ങള്‍ക്ക് യോജിപ്പുണ്ടായിട്ടാവണമെന്നില്ല. സമരത്തില്‍ വരുന്നവരോട് വരരുതെന്ന് ഞങ്ങള്‍ക്ക് പറയാനാവില്ല. സമരം മുതലെടുക്കാനായി ഇപ്പോള്‍ എല്ലാവരും ചാടി വീഴുന്നുമുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് കൃത്യമായ നിലപാടുണ്ട്, രാഷ്ട്രീയമുണ്ട്.'

കീഴാറ്റൂരിലെ അറുപതില്‍ അമ്പത്തിയാറ് ഭൂവുടമകളും തങ്ങള്‍ ബൈപ്പാസിനായി ഭൂമി വി്ട്ടുനല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് സമ്മത പത്രം നല്‍കി ഇതാണ് സിപിഎമ്മിന്റെയും ബൈപ്പാസ് അനുകൂലികളുടേയും വാദം. എന്നാല്‍ കീഴാറ്റൂരിലെ നാല്‍പ്പത്തിയഞ്ച് ഭൂവുടമകള്‍ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് കളക്ടര്‍ക്ക് പരാതി നല്‍കിയതായും ഇതില്‍ മൂന്ന് പേര്‍ ഇപ്പോള്‍ മറുപക്ഷത്തേക്ക് ചാടിയതായും സമരക്കാര്‍ പറയുന്നു.

അനുമതി പത്രം നല്‍കിയവര്‍ കൂവോട് ഭാഗത്തെ ഭൂ ഉടമകളാണെന്നും കീഴാറ്റൂരിലെ പത്തില്‍ താഴെ ആളുകള്‍ മാത്രമാണ് അനുമതി പത്രം നല്‍കിയിട്ടുള്ളതെന്നും വയല്‍ക്കിളികള്‍ വാദിക്കുന്നു. എന്നാല്‍ ഭൂമിയേറ്റെടുക്കലിന് സമ്മതപത്രമേ വേണ്ടെന്ന് റവന്യൂ ഉദ്യോഗസ്ഥനായ ഹരിദാസ് പറയുന്നു. 'ദേശീയപാതാ വികസനത്തിനായാലും, റെയില്‍വേക്കായാലും ഏത് പദ്ധതികള്‍ക്കായാലും സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കിക്കഴിഞ്ഞാല്‍ ആ ഭൂമി സര്‍വേ നടത്തി ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമേ റവന്യൂ ഉദ്യോഗസ്ഥര്‍ക്കുള്ളൂ. അതില്‍ ഭൂ ഉടമയുടെ അനുമതിയോ വിയോജിപ്പോ ഒന്നും പരിഗണിക്കില്ല. ആവശ്യപ്പെടുകയുമില്ല'.

സമ്മതപത്രം ആവശ്യമില്ലാതിരിക്കെ എന്തിനാണ് സമ്മതപത്രം ഒപ്പിട്ടുനല്‍കിയത് എന്ന ചോദ്യത്തിന് സിപിഎം ഏരിയാ സെക്രട്ടറി മുകുന്ദന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്, 'യഥാര്‍ഥത്തില്‍ ഭൂ ഉടമകളുടെ അനുമതി ആവശ്യമില്ല. എന്നാല്‍ മുഴുവന്‍ ഭൂ ഉടമകളുടേയും പിന്തുണ ഉണ്ടെന്ന ബൈപ്പാസ് വിരുദ്ധ സമരക്കാരുടെ വാദത്തെ ഖണ്ഡിക്കാന്‍ വേണ്ടി തന്നെയാണ് അത് ചെയ്തത്.

കൃഷിയില്ലാതെ ജീവിതമില്ല, കൃഷിയില്ലാതായാല്‍ വേറൊന്നുമില്ല എന്ന് പറയുന്നവരെ തുറന്നുകാട്ടാനായാണ് അത് ചെയ്തത്. ആരാണ് ഭൂ ഉടമകള്‍, ആരല്ല അത് പുറത്തുകൊണ്ടുവരണമെന്ന ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് സമ്മതപത്രം വാങ്ങിയത്'. എന്നാല്‍ ഭൂ ഉടമസ്ഥതയോ ഭൂമി നഷ്ടപ്പെടലോ അല്ല, തങ്ങള്‍ ഉയര്‍ത്തുന്നത്, 'കുടിവെള്ളത്തിന് ക്യൂ നില്‍ക്കാന്‍ കീഴാറ്റൂരിന് കഴിയില്ല' എന്ന മുദ്രാവാക്യവും അതിലെ രാഷ്ട്രീയവുമാണെന്ന് വയല്‍ക്കിളികള്‍ പറയുന്നു.

കൃഷി ചെയ്യാതെ തരിശുകിടക്കുന്ന നിലങ്ങള്‍ നികത്താമോ? ഇതിനുള്ള ഉത്തരം കാലങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നതാണ്. കൃഷി എന്ന പ്രാഥമിക ധര്‍മ്മത്തിനപ്പുറത്തേക്ക് വയലുകളും നീര്‍ത്തടങ്ങളും നിര്‍വ്വഹിക്കുന്ന ഒട്ടനവധി ധര്‍മ്മങ്ങളുണ്ട്. കുടിവെള്ളം ഇല്ലാതെ സംസ്ഥാനത്തെ ഭൂരിഭാഗം പേരും നെട്ടോട്ടമോടുമ്പോള്‍, ഭൂജലം ക്രമാതീതമായി കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍ അവശേഷിക്കുന്ന നീര്‍ത്തടങ്ങളും നെല്‍വയലുകളെങ്കിലും സംരക്ഷിച്ചുനിര്‍ത്തുക എന്നതാണ് വിവിധ കാലങ്ങളില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്ന കാര്യം. വേനല്‍ക്കാലത്തുപോലും കുടിവെള്ളം സുലഭമായി കിട്ടുന്ന കുന്നുകളാല്‍ ചുറ്റപ്പെട്ട് നില്‍ക്കുന്ന കീഴാറ്റൂര്‍ പാടശേഖരങ്ങള്‍ യഥാര്‍ഥത്തില്‍ മഴക്കാലത്ത് വയലായിരിക്കില്ല, പകരം ഒരു പുഴയായി ഒഴുകും, പെയ്തിറങ്ങുന്ന ജലത്തെ അതിനുള്ളില്‍ പിടിച്ചുനിര്‍ത്തും. ഒരു കൃഷി മാത്രമാണ് കീഴാറ്റൂര്‍ വയലുകളില്‍ നടക്കുന്നത്.

മഴക്കാലത്ത് അത് ജലസംഭരണിയാണ്. കുപ്പം പുഴയുടെ അഞ്ച് മൈക്രോ വാട്ടര്‍ഷെഡ്ഡുകളില്‍ പെടുന്നതാണ് കുപ്പം, കുറ്റിക്കോല്‍, കീഴാറ്റൂര്‍ പ്രദേശങ്ങളിലെ പാടശേഖരങ്ങള്‍. കൂവോട്, പുളിമ്പറമ്പ്, പ്ലാത്തോട്ടം പ്രദേശങ്ങളില്‍ നിന്നും തളിപ്പറമ്പ് നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന ജലം കൂവോട്, കീഴാറ്റൂര്‍ ഭാഗങ്ങിലേക്കാണ് എത്തിച്ചേരുക. പിന്നീട് ഇത് കുറ്റിക്കോല്‍ പുഴയില്‍ ചെന്ന് ചേരും. ഒന്നരമീറ്റര്‍ ഉയരത്തില്‍ വരെ വെള്ളം പൊങ്ങാറുണ്ട് ഈ പ്രദേശങ്ങളില്‍ .വേനലില്‍ നഗരപ്രദേശത്ത് ജലക്ഷാമം രൂക്ഷമാവുമ്പോള്‍ ആശ്രയിക്കുന്നത് കീഴാറ്റൂരിലെ ജലസംഭരണികളെയാണ്. ഈ സാഹചര്യത്തിലാണ് വയല്‍ക്കിളികള്‍ ഉയര്‍ത്തുന്ന വാദം ഗൗരവമായി കണക്കിലെടുക്കേണ്ടത്.

തരിശുകിടക്കുന്ന നിലമെന്ന് കരുതിയോ, വയല്‍ നികത്തിയാല്‍ നഷ്ടമുണ്ടാവില്ലെന്നോ കരുതുന്നവര്‍ അവ ഉണ്ടാക്കാന്‍ പോവുന്ന നഷ്ടത്തെക്കുറിച്ച് പഠിക്കണം അത് തന്നെയാണ് വയല്‍ക്കിളികളുടെ ആവശ്യവും. വയലിനെ കീറി മുറിച്ച് റോഡ് വരുമ്പോള്‍, മണ്ണിട്ട് നികത്തി ഉയരത്തില്‍ റോഡ് കെട്ടുമ്പോള്‍ അവിടെയുണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിക്കുക എന്നത് തള്ളിക്കളയാനാവുന്ന ആവശ്യമല്ല. ശാസ്ത്രസാഹിത്യ പരിഷത് കണ്ണൂര്‍ ജില്ലാ കമ്മറ്റി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടും നിര്‍ദ്ദേശിക്കുന്നത് ഇക്കാര്യങ്ങളാണ്.

ഹൈവേ വികസനത്തിന് ഏത് അലൈന്‍മെന്റ് ആയിരുന്നാലും നോട്ടിഫിക്കേഷന്‍ ഇറക്കിയാല്‍ നിയമപരമായി സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാം. എന്നാല്‍ ദേശീയപാതാ വികസനത്തിനായി ഏക്കറുകണക്കിന് നെല്‍വയലുകള്‍ ഏറ്റെടുക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് ഇടതുസര്‍ക്കാരിന്റെ നയങ്ങളാണ്. പരിസ്ഥിതിയെ ഇല്ലാതാക്കിക്കൊണ്ടുള്ള വികസനം ഇല്ല എന്ന പ്രകടന പത്രികയിലെ വാഗ്ദാനം, അതാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. മറ്റ് സാധ്യതകള്‍ നിലവിലുണ്ടായിട്ടും പാരിസ്ഥികാഘാത പഠനം നടത്താനുള്ള ക്ഷമ പോലും കാണിക്കാതെ വയലുകള്‍ നികത്തി റോഡുണ്ടാക്കാന്‍ അനുവാദം നല്‍കുന്ന സര്‍ക്കാരിന്റെ നയങ്ങളെയാണ് വയല്‍ക്കിളികളും ചോദ്യം ചെയ്യുന്നത്.


-കെ ആര്‍ ധന്യ

1 comment:

  1. കൃഷിയില്ലാതെ ജീവിതമില്ല, കൃഷിയില്ലാതായാല്‍ വേറൊന്നുമില്ല എന്ന് പറയുന്നവരെ തുറന്നുകാട്ടാനായാണ് അത് ചെയ്തത്. ആരാണ് ഭൂ ഉടമകള്‍, ആരല്ല അത് പുറത്തുകൊണ്ടുവരണമെന്ന ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് സമ്മതപത്രം വാങ്ങിയത്'. എന്നാല്‍ ഭൂ ഉടമസ്ഥതയോ ഭൂമി നഷ്ടപ്പെടലോ അല്ല, തങ്ങള്‍ ഉയര്‍ത്തുന്നത്, 'കുടിവെള്ളത്തിന് ക്യൂ നില്‍ക്കാന്‍ കീഴാറ്റൂരിന് കഴിയില്ല' എന്ന മുദ്രാവാക്യവും അതിലെ രാഷ്ട്രീയവുമാണെന്ന് വയല്‍ക്കിളികള്‍ പറയുന്നു.

    ReplyDelete