ഫാറൂഖ് ട്രെയിനിങ് കോളെജ് അധ്യാപകൻ മാറിടത്തെ വത്തക്കയോടുപമിച്ചു എന്ന സ്റ്റോറി, ഓഡിയോ ക്ലിപ്പ്, റിപോർട്ടറുടെ വക നാലു ‘ഡയകോല്’ എല്ലാം കൂടിയായപ്പോൾ കൃത്യമായി. ഒറ്റനോട്ടത്തിൽ ഏതൊരാൾക്കും തോന്നുക; ഇദ്ദേഹം കോളെജിൽ വെച്ചുനടത്തിയ ക്ലാസ് ആണെന്നാണ്! ഉദ്ദേശം വ്യക്തം.
എന്നാൽ അദ്ദേഹം ഒരു മതസംഘടന നടത്തിയ പരിപാടിയിൽ നടത്തിയ പ്രസംഗമാണെന്ന് മനസ്സിലാക്കിയിട്ടും അതുപറയാത്തത് എന്താണ്? ഈ റിപോർട്ട് ചെയ്ത ചാനലുകളുടെ എഡിറ്റോറിയൽ മീറ്റിംഗുകളും, അവരുടെ ട്രെയിനിംഗ് സംബന്ധമായ ക്ലാസുകളും, പ്രസന്റർമാർക്കും, അവതാരകർക്കും, മറ്റു ജീവനക്കാർക്കും നൽകുന്ന നിർദ്ദേശങ്ങളും, ക്ലാസുകളും അവയുടെ ഓഡിയോ മാത്രം മുറിച്ചോ മുറിക്കാതെയോ പുറത്തുവിട്ടാൽ അതിലൊക്കെ എന്തുമാത്രം സ്ത്രീവിരുദ്ധതയുണ്ടാകും? എന്തുമാത്രം തൊഴിലാളിവിരുദ്ധതയുണ്ടാകും?
പിന്നീടാണ്, അയാളുടെ അതേ പ്രസംഗത്തിന്റെ മുഴുവൻ വീഡിയോ ശ്രദ്ധയിൽ പെടുന്നത്. വീഡിയോ ഉണ്ടായിട്ടും ഓഡിയോ മാത്രം കേൾപ്പിച്ചതിന്റെ സൈക്കോളജി അന്നം തിന്നുന്നവർക്കുമാത്രം മനസ്സിലാക്കാവുന്നതാണ്.
ഒരു മതസംഘടനയിലെ പ്രവർത്തകർക്കു മാത്രമായി നടത്തുന്ന പരിപാടിയിൽ, അവരുടെ മതവിശ്വാസമനുസരിച്ച് സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള വസ്ത്രധാരണ രീതിയെ കുറിച്ചു പറയുമ്പോൾ മതവിശ്വാസം പോലും ഇല്ലാത്തവർ, അയാൾ പറയാത്ത കാര്യങ്ങൾ പറഞ്ഞെന്നു വരുത്തി തീർത്ത് കാപട്യം കാണിക്കുന്നത് എന്തിനായിരിക്കും? മതസംഘടനകളുടെ ബോധവത്കരണ ക്യാമ്പുകളിൽ ഡിജെ പാർട്ടി ഉണ്ടാവുകയില്ല എന്ന് അറിയാത്തവരാണോ ഈ വക്രീകരണ തൊഴിലാളികൾ?
എന്തുകൊണ്ട് അയാൾ വിമർശിക്കപ്പെട്ടു എന്നത് ആലോചിച്ചപ്പോൾ എനിക്കു തോന്നിയ ചില കാര്യങ്ങൾ ഇതാണ്. ഒന്നാമതായി അയാൾ വിസ്ഡം ഗ്ലോബൽ ഇസ്‌ലാമിക് മിഷൻ എന്ന മതസംഘടനയുടെ പ്രവർത്തകനാണെന്നതാണ്.
രണ്ടാമതായി അയാൾ ജൗഹർ എന്ന മുസ്‌ലിം പേരുകാരനായി എന്നതാണ്. ഇതിലും സ്ത്രീവിരുദ്ധവും സങ്കുചിതത്വവുമായ അഭിപ്രായപ്രകടനം സ്ത്രീകളുടെ വസ്ത്രധാരണ വിഷയത്തിൽ തന്നെ പറഞ്ഞ തമ്പുരാട്ടിമാരും, പ്രൊഫസർമാരും, ഗന്ധർവന്മാരും, പള്ളീലച്ചന്മാരും ഈ കേരളത്തിൽ തന്നെ ഉണ്ടായിട്ടുണ്ടല്ലോ. അന്നൊന്നും ഈ കോലാഹലും ബ്രേകിംഗും സ്ക്രോളിംഗും ആറ്റം ബോംബ് വീണതുപോലുള്ള റിപോർട്ടിംഗുമൊന്നും കണ്ടിട്ടില്ല.
മൂന്നാമതായി അയാൾ ജോലി ചെയ്യുന്നത് ഫാറൂഖ് കോളെജ് കാമ്പസിലാണെന്നതാണ്! മുമ്പും ഫാറൂഖ് കോളേജിനെതിരെ അതിന്റെ മാനേജ്മെന്റ് മുസ്‌ലിം മാനേജ്മെന്റ് ആയിപോയി എന്നതിനാൽ ഇതിനേക്കാൾ വലിയ അപവാദപ്രചരണങ്ങൾ നടന്നിട്ടുണ്ട്. ഇനിയും അതു പ്രതീക്ഷിക്കുകയും ചെയ്യാം.
ആവേശപൂർവം ഈ വിഷയം വർഗീയച്ചുവയോടെ റിപോർട്ട് ചെയ്ത ന്യൂസ് പതിനെട്ട്, ഒരു ജീവനക്കാരിയെ സ്നേഹിച്ച് സ്നേഹിച്ച് ആത്മഹത്യാശ്രമത്തിൽ വരെ എത്തിക്കുകയും പലരും ആ കേസിൽ പ്രതികളാക്കപ്പെടുകയും ചെയ്തത് നൂറ്റാണ്ടുകൾക്ക് മുമ്പൊന്നും അല്ല. ഒരു ടിവി അവതാരകൻ പറഞ്ഞത് ഫാറൂഖ് കോളെജിനെ മദ്‌റസയാക്കരുത് എന്നാണ്! മദ്‌റസയെന്നാൽ സ്കൂൾ എന്നതിന്റെ അറബി പദമാണെന്ന് ആരെങ്കിലും ആ മുസ്‌ലിം പേരുകാരനായ സീനിയർ റിപോർട്ടറോട് ഒന്നു പറഞ്ഞുകൊടുക്കണേ... പ്ലീസ്...
വത്തക്കയെന്നു പറഞ്ഞ് രണ്ടു തവണയും അദ്ദേഹം കഴുത്തിലേക്കാണ്! ചൂണ്ടുന്നത്. അപ്പോഴേക്കും വത്തക്ക എന്നാൽ മാറിടമാണെന്ന് കണ്ടെത്തി. അത് അങ്ങനെ തന്നെയെന്ന് വരുത്തി തീർക്കാൻ വേണ്ടി വീഡിയോ ഉണ്ടായിട്ടും ഓഡിയോ മാത്രം കേൾപ്പിച്ചു. പറ്റിയത് അബദ്ധമല്ല, മനഃപൂർവമായ വർഗീയദ്രുവീകരണം എന്നു തന്നെ ആണെന്ന് പിന്നീട് വീഡിയോ കണ്ടിട്ടും പറയുന്നില്ല എന്നതിൽ നിന്നു തന്നെ വ്യക്തമാണ്.
ഒരു പ്രഭാഷണം അതിന്റെ സദസ്സും, സന്ദർഭവും, വിഷയവും അനുസരിച്ച് അപ്പപ്പോൾ പ്രയോഗിക്കുന്ന ഉപമകളും ഉദാഹരണങ്ങളും സന്ദർഭത്തിൽ നിന്നും കട്ടുമുറിച്ചും കോട്ടിമാട്ടിയും താത്കാലികമായി നിങ്ങൾക്ക് മേൽക്കൈ നേടാൻ സഹായകമായേക്കാം. ഇങ്ങനൊരു പ്രഭാഷകനെ കേൾക്കുക പോലും ചെയ്യാതിരുന്ന ഞാൻ പോലും അയാളുടെ കുറേ പ്രഭാഷണങ്ങൾ തെരഞ്ഞുപിടിച്ചു കേൾക്കാൻ ഈ വിവാദത്തോടെ സന്നദ്ധനായി!
അനുഷ്ഠാന തീവ്രതയും വിശ്വാസ ജീർണതകളുമുള്ള ഒരു വിഭാഗമാണ് ഈ വിസ്ഡം ഗ്ലോബൽ മിഷൻ. ഓണം, വിഷു പോലുള്ള ‘അമുസ്‌ലിം‘ ആഘോഷങ്ങളുടെ ഒരു ആശംസ പോലും പറയാൻ പാടില്ല. അവരുടെ പലരുടെയും പ്രൊഫൈലുകളിൽ നിങ്ങൾ കണ്ടെന്നു വരില്ല അത്തരം ആശംസകൾ. ഓണത്തിനോ വിഷുവിനോ ക്രിസ്തുമസിനോ നമ്മുടെ സുഹൃത്തുക്കൾ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കൽ പോലും നിഷിദ്ധമാണ് അവർക്ക്. സംഗീതത്തിന്റെ ഒരു തരി പോലും ഹറാമാണ് അവർക്ക്. താടി നീട്ടി വളർത്താത്തവൻ നമസ്കാരങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പോലും പറ്റാത്ത ആളാണ്! അങ്ങനെ നിരവധി കുടുസ്സായ അന്ധകാര നിബിഢമായ കാര്യങ്ങൾ അവരിൽ ഉണ്ടായിരിക്കെ ഈ ഇല്ലാക്കഥ ഉണ്ടെന്ന് വരുത്തിതീർത്ത് പ്രചരിപ്പിക്കുന്നത് എന്തിനാണ്?
നിങ്ങൾക്ക് അസഹിഷ്ണുത മുസ്‌ലിം പേരുകാരോടാണോ?
നിങ്ങൾക്ക് അസഹിഷ്ണുത മുസ്‌ലിം മാനേജ്മെന്റിനോടാണോ?
നിങ്ങൾക്ക് അസഹിഷ്ണുത ഫാറൂഖ് കോളെജിനോടാണോ?
നിങ്ങൾക്ക് അസഹിഷ്ണുത ആ അധ്യാപകനോടാണോ?
നിങ്ങൾക്ക് അസഹിഷ്ണുത മുസ്‌ലിം സ്ത്രീകൾ മാറുമറക്കുന്നതിനോടാണോ?
പുലിവാൽ:
ഫാറൂഖ് കോളെജിലെ വത്തക്കവിപ്ലവം കഴിഞ്ഞെങ്കിൽ കെഎസ്‌യുക്കാരും എസ്‌എഫ്‌ഐക്കാരും കണ്ണൂർ ധർമശാലയിലെ ’നിഫ്റ്റി ക്യാമ്പസ്’ വരെ ഒന്നു പോകണമെന്ന് ഓർമിപ്പിക്കുന്നു.
-മലയാളി പെരിങ്ങോട്
നിങ്ങൾക്ക് അസഹിഷ്ണുത മുസ്‌ലിം പേരുകാരോടാണോ?
ReplyDeleteനിങ്ങൾക്ക് അസഹിഷ്ണുത മുസ്‌ലിം മാനേജ്മെന്റിനോടാണോ?
നിങ്ങൾക്ക് അസഹിഷ്ണുത ഫാറൂഖ് കോളെജിനോടാണോ?
നിങ്ങൾക്ക് അസഹിഷ്ണുത ആ അധ്യാപകനോടാണോ?
നിങ്ങൾക്ക് അസഹിഷ്ണുത മുസ്‌ലിം സ്ത്രീകൾ മാറുമറക്കുന്നതിനോടാണോ?
പുലിവാൽ:
ഫാറൂഖ് കോളെജിലെ വത്തക്കവിപ്ലവം കഴിഞ്ഞെങ്കിൽ കെഎസ്‌യുക്കാരും എസ്‌എഫ്‌ഐക്കാരും കണ്ണൂർ ധർമശാലയിലെ ’നിഫ്റ്റി ക്യാമ്പസ്’ വരെ ഒന്നു പോകണമെന്ന് ഓർമിപ്പിക്കുന്നു.