പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാരനാണെന്ന് പാക് സുപ്രീം കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നവാസ് ശരീഫ് രാജി വെച്ചത് പാകിസ്താന്‍ രാഷ്ട്രീയത്തില്‍ വന്‍കൊടുങ്കാറ്റ് ഉയര്‍ത്തിയിരിക്കുന്നു.
തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ശരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തു വിവരങ്ങളാണ് പനാമ രേഖകളിലൂടെ പുറത്തു വന്നിരിക്കുന്നത്. മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം വഴി ശരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം.
സത്യസന്ധനായ പാര്‍ലമെന്റ് അംഗമായി തുടരാന്‍ നവാസ് ശരീഫിന് യോഗ്യതയില്ലെന്ന് സുപ്രീം കോടതി ജഡ്ജി ഇജാസ് അഫ്‌സല്‍ ഖാന്‍ വിധിന്യായത്തില്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് അപ്രതീക്ഷിത രാജി ഉണ്ടായത്. മൂന്നാം തവണ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോഴാണ് വിദേശത്തെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പനാമ വെളിപ്പെടുത്തലുകള്‍ ശരീഫിന് വിനയായിരിക്കുന്നത്. പ്രധാനമന്ത്രിപദത്തില്‍ ഒരുവര്‍ഷംകൂടി തികയ്ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പാകിസ്താന്റെ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ പ്രധാനമന്ത്രിയെന്ന ഖ്യാതി നവാസ് ശരീഫിനു ലഭിച്ചേനേ. പാകിസ്താനിലെ പട്ടാള ഭരണാധികാരികളല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ലെന്നിരിക്കെ, ഇത് നവാസിനു വലിയ രാഷ്ട്രീയ നേട്ടമാകുകയും ചെയ്യുമായിരുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ എല്ലാം അഴിമതിക്കേസില്‍ തട്ടി തകര്‍ന്നു പോയിരിക്കുന്നു.
1993 ജനുവരി ഒന്നിനാണ് ശരീഫ് കുടുംബം നെസ്‌കോള്‍ ലിമിറ്റഡില്‍ നിന്ന് ആദ്യത്തെ ഫ്‌ളാറ്റ് വാങ്ങുന്നത്. 1995 ജൂലൈ 31 ന് നീല്‍സെന്‍ എന്റര്‍പ്രൈസസില്‍ നിന്ന് രണ്ടാമത്തെയും മൂന്നാമത്തെയും ഫ്‌ളാറ്റുകള്‍ സ്വന്തമാക്കി. ശരീഫിന് സ്വന്തമായുള്ള സ്വത്തുക്കള്‍ രണ്ട് കോടി പൗണ്ടിന് മുകളില്‍വരും. അത്യാര്‍ഭാടമുള്ള ജീവിതമാണ് നവാസും കുടുംബവും നയിച്ചിരുന്നതും. ലണ്ടനില്‍ അവര്‍ 3 ഫ്‌ളാറ്റുകളും, കോടികള്‍ വിലവരുന്ന സ്വത്തുക്കളും സ്വന്തമാക്കി.
ശരീഫിന്റെ മകള്‍ മറിയം വ്യാജരേഖകള്‍ സൃഷ്ടിച്ചതായും സ്വത്തുവിവരം മറച്ചു വച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2006 ഫെബ്രുവരിയിലാണ് മറിയം വ്യാജരേഖകള്‍ നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തിരുന്ന് അനധികൃത ഇടപാടുകള്‍ നടത്തിയെന്നാരോപിച്ച് ശരീഫിനെതിരെ മുന്‍ ക്രിക്കറ്റ് താരവും പാക്കിസ്താന്‍ തെഹ്രീക് ഏ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം അരംഭിച്ചത്.
പനാമ ആസ്ഥാനമായി കള്ളപ്പണം നിക്ഷേപിക്കാന്‍ ഇടപാടുകാര്‍ക്ക് രേഖകള്‍ ഉണ്ടാക്കി നല്‍കുന്നത് മൊസാക്കോ ഫോണ്‍സേക്ക എന്ന കമ്പനിയാണ്. കഴിഞ്ഞ വര്‍ഷം ഈ കമ്പനിയുടെ നികുതി രേഖകള്‍ ചോര്‍ന്നിരുന്നു. ഇതോടെ നാല്‍പത് വര്‍ഷത്തെ കള്ളപ്പണ നിക്ഷേപത്തിന്റെ രേഖകളാണ് പുറത്തു വന്നത്. അമേരിക്കയിലെ സന്നദ്ധ സംഘടനയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസമാ(ICIJ)ണ് രേഖകള്‍ക്ക് പനാമ പേപ്പര്‍ എന്ന് പേരിട്ടത്. ഇതില്‍ പന്ത്രണ്ടോളം മുന്‍ ലോക നേതാക്കന്മാരും 128 രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ശതകോടീശ്വരന്മാരും സിനിമാ താരങ്ങളും കായിക താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
നവാസ് ശരീഫ് കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ പാകിസ്താനില്‍ ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നു. എന്നാല്‍ സൈനിക നേതൃത്വം ഈ അവസരം ഉപയോഗപ്പെടുത്തി സ്വാധീനം ഉറപ്പിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ ശരീഫിന്റെ പിന്‍ഗാമിയായി ആരായിരിക്കുമെന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളാണ്.
പഞ്ചാബ് പ്രവിശ്യാ ഗവര്‍ണറും ശരീഫിന്റെ സഹോദരനുമായ ശഹബാസ് പ്രധാനമന്ത്രി പദത്തിലെത്തിയേക്കുമെന്ന് കരുതുന്നവരുണ്ട്. ഇടക്കാല പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ പാകിസ്താനിലെ ഭരണകക്ഷിയായ പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസി (പിഎംഎല്‍ എന്‍)നെ സ്പീക്കര്‍ ചുമതലപ്പെടുത്തിയേക്കും. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളും അവകാശവാദം ഉന്നയിച്ച് രംഗത്തെത്താനിടയുണ്ട്.
2018 ലാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കേണ്ടത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള പിഎംഎല്‍എന്‍ ശരീഫിനു ശക്തനായ ഒരു പിന്‍ഗാമിയെ വെച്ച് കാലാവധി പൂര്‍ത്തിയാക്കിയാല്‍ പോലും ഇനി ഒരിക്കല്‍ കൂടി അദ്ദേഹത്തിനു പ്രധാനമന്ത്രി പദത്തില്‍ മടങ്ങിയെത്തുക ദുസ്സാധ്യമാണെന്നാണ് പാക് രാഷ്ട്രീയ നിരീക്ഷകര്‍ വിശ്വസിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ ഏഷ്യയിലെ മിക്ക രാജ്യങ്ങളും തുല്യമാണെന്നാണ് നവാസ് ശരീഫിന്റെ പതനം വിളിച്ചോതുന്നത്.
No comments:
Post a Comment