മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Thursday, January 5, 2017

അമ്പത്താറിഞ്ചല്ല, ഇരട്ടച്ചങ്കുമായി എൽഡി‌എഫ് വന്നു; എല്ലാരേം ശരിയാക്കിത്തുടങ്ങി!


അമ്പത്താറിഞ്ചല്ല, ഇരട്ടച്ചങ്കുമായി എൽഡി‌എഫ് വന്നു; എല്ലാരേം ശരിയാക്കിത്തുടങ്ങി!
 


യുഡി‌എഫിന്റെ മൃദു ഹിന്ദുത്വവും, വർഗീയതയോട് പുറം തിരിഞ്ഞു നിൽക്കുന്ന സമീപനവും മൂലം മു‌സ്‌ലിം ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണമില്ലെന്നും അവരെയൊക്കെ കൈവിട്ട്, മതനിരപേക്ഷ കക്ഷിയായ എൽഡി‌എഫിനെ വാരിപ്പുണരണമെന്നും എങ്കിൽ മാത്രമേ മുസ്‌ലിംകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും ഈ രാജ്യത്ത് സുരക്ഷയും സംരക്ഷണവും ലഭ്യമാകൂ എന്ന് അവരിൽ പെട്ട ആളുകളെ കൊണ്ടു തന്നെ ലേഖനങ്ങളായും സോഷ്യൽ മീഡിയ പോസ്റ്റുകളായും സമകാലിക പ്രസിദ്ധീകരണങ്ങളിൽ കവർ സ്റ്റോറികൾ വരെ ചെയ്യിപ്പിക്കുകയും ചെയ്ത് അധികാരത്തിന്റെ സുഖശീതളിമയിലേക്ക് ഇടിച്ചു കയറിയ ഒരു വിഭാഗമുണ്ട്.

ഉത്തരേന്ത്യയിൽ ബീഫ് നിരോധിച്ചപ്പോൾ അവർ ഈ കൊച്ചു കേരത്തിൽ ബീഫ് ഫെസ്റ്റുകൾ നടത്തി, തങ്ങളാണ് ആവിഷ്കാര-പൗര സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയർത്തുന്ന, പോരാടുന്ന ഒരേയൊരു വിപ്ലവ പ്രസ്ഥാനം എന്ന് പെരുമ്പറമുഴക്കി. കുറേ 'നിഷ്കുകൾ' അതും വിശ്വസിച്ച്, പോസ്റ്ററുമൊട്ടിച്ച് നടന്നു. ഇരട്ടച്ചങ്കും, ഉരുക്ക് നട്ടെല്ലും, നിലപാടുകളിലെ കാർക്കശ്യക്കാരനുമായ സഖാവ് പിണറായി തന്നെ വേണം മുഖ്യമന്ത്രിയായിട്ട് എന്നും എല്ലാവരും വാഴ്ത്തിപ്പാടി. ഭരണം കയ്യാളി അധികം വൈകാതെ പോലീസ് സേനാ ആസ്ഥാനത്ത് നടപ്പിലാക്കിയ ബീഫ് നിരോധനം നീക്കാൻ പോലും ശേഷിയില്ലാത്ത ഇരട്ടച്ചങ്ക് പിന്നീട് #ഇരട്ടസംഘൻ ആയി പരിണമിക്കുന്നത് എല്ലാവരും തിരിച്ചറിയാൻ തുടങ്ങി. അപ്പോഴും ന്യായീകരണങ്ങൾ നിരത്തിക്കൊണ്ട്, ഉടനെ ശരിയാകും ഉടനെ ശരിയാകും എന്നു കരുതി പലരും രംഗത്ത് വന്നു കൊണ്ടിരുന്നു. #എല്ലാംശരിയാകും എന്നും പറഞ്ഞായിരുന്നല്ലോ അവർ ഓടി നടന്നിരുന്നത്.

LDF തെരഞ്ഞെടുപ്പ് പ്രചരണ കാമ്പയിൻ പോസ്റ്ററുകളിലൊന്ന്


പിന്നീട് കണ്ടത് എന്തൊക്കെയാണ്? മിണ്ടിയാൽ യു എ പി എ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോയിത്തുടങ്ങി. വ്യാജ ഏറ്റുമുട്ടൽ കൊല, നോവലെഴുതിയതിന്റെ പേരിൽ, എഫ്ബി പോസ്റ്റ് ഇട്ടതിന്റെ പേരിൽ, ഇടാത്ത എഫ്ബി പോസ്റ്റിന്റെ പേരിൽ... അങ്ങനെ യു‌എ‌പി‌എ ഒരു ഹരമായി മാറി.

കൊടിഞ്ഞിയിൽ ഒരു മനുഷ്യൻ തനിക്കിഷ്ടപ്പെട്ട മതം സ്വീകരിച്ചു എന്ന ഒറ്റക്കാരണത്താൽ, ഭീകര സംഘടനയായ ആർഎസ്‌എസുകാർ വെട്ടി നുറുക്കിയതും, അതിന് ഗൂഢാലോചന നടത്തിയത് ഒരു വിദ്യാലയമാണെന്ന് വ്യക്തമായിട്ടു പോലും, ആ വിദ്യാലയമൊന്ന് കയറി പരിശോധിക്കാനോ, അതിന്റെ നടത്തിപ്പുകാർക്കെതിരെ കേസെടുക്കാനോ ഇരട്ടസംഘനു പേടിയായി.

സ്കൂളുകൾ കേന്ദ്രീകരിച്ച് ഇക്കഴിഞ്ഞ ക്രിസ്തുമസ് അവധിക്കാലത്ത് സംഘി തീവ്രവാദികൾ ആയുധപരിശീലനം നടത്തുന്നു എന്ന് പലരും പറഞ്ഞിട്ടും കേൾക്കാതായപ്പോൾ, സ്വന്തം ചാനലായ 'കൈരളി പീപ്പിൾ' ആയുധ പരിശീലനത്തിന്റെ ചൂടാറാത്ത ദൃശ്യങ്ങൾ മലയാളികൾക്ക് മുന്നിലെത്തിക്കുകയുണ്ടായി. അതേ ചാനലിൽ പിന്നീട് നടന്ന ചർച്ചയിൽ സംഘികൾ തന്നെ വന്നിരുന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനെയും പോലീസ് സേനയേയും വെല്ലുവിളിച്ചു. സ്വന്തം പാർട്ടി പ്രവർത്തകർ പോലും ഇതിനെതിരെ നടപടിയെടുക്കണമെന്നു പറഞ്ഞിട്ടും ഇരട്ടച്ചങ്ക് കുലുങ്ങിയില്ല.

പോലീസുകാരുടെ ഭീകരമായ നടപടികളും, സമീപനങ്ങളും തുറന്നു കാണിക്കുമ്പോൾ, പട്ടാളക്കാരുടെ മനോവീര്യം തകർക്കരുത് എന്ന ടോണിൽ, 'പോലീസുകാരുടെ മനോവീര്യം തകർക്കരുത്' എന്ന് തിരിച്ച് ന്യായം കണ്ടെത്തി. അവസാനം ഇതാ ഒരു സ്കൂൾ പോലീസ് അതിസാഹസികമായി റെയ്ഡ് ചെയ്തിരിക്കുന്നു. പീസ് ഇന്റർ നാഷ്ണൽ സ്കൂൾ! സംഘീ ഭീകരർ പരിശീലനം നടത്തിയതിനല്ല. അവിടെ പോയി എന്തും ചെയ്യാം എന്നും എന്തു തെറ്റാണ്  ഇവർ ചെയ്തത് എന്നും ചോദിച്ച് ഒരുത്തനും വരാൻ 'ധൈര്യം കാണിക്കില്ല' എന്ന ഉറപ്പും ഉണ്ട്. കാരണം ഇത് മുസ്‌ലിം മാനേജ്മെന്റ് ആണല്ലോ.

പീസ് സ്കൂളിലേക്ക് മാർച്ച് നടത്തിയ ഒരൊറ്റ എസ്എഫ്ഐകാരനും ഡിവൈഎഫ്ഐക്കാരനും ആയുധപരിശീലനം നടത്തിയ സ്കൂളുകളിലേക്കോ, കൊലപാതകാസൂത്രണം നടത്തിയ സ്കൂളിലേക്കോ നോക്കി ഒന്ന് കണ്ണുരുട്ടിയിട്ടു പോലും ഇല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

ഇത്രയും വായിക്കുമ്പോൾ 'ഞങ്ങളെ വർഗീയവാദികൾ ആക്കുകയാണോ' എന്ന് തോന്നുന്നവർ സ്വയം, സ്വന്തം പാർട്ടിയുടെയും മുന്നണിയുടെയും ആഭ്യന്തര വകുപ്പിന്റെയും വർഗീയമനസ്സും, വർഗീയ നടപടികളും കാണാതെ പോകരുതെന്നും ഒരു "സ്വയം വിമർശന പ്ലീനം" ആരുമറിയാതെ സ്വകാര്യമായെങ്കിലും ഒന്ന് നടത്തി നോക്കണം എന്നും വളരെ വിനീതമായി അഭ്യർഥിക്കുന്നു.

ഓഫ് ടോപ്പിക്:
വല്ലാതെ പേടിയുള്ളവർക്ക് ഈ പോസ്റ്റ് വായിച്ച് ലൈക് പോലും ചെയ്യാതെ പോകാം. അല്പം ഭയമേ ഉള്ളൂ വെങ്കിൽ ഒരു ലൈക്ക് കൊടുക്കാം. ഒട്ടും ഭയമില്ലെങ്കിൽ മാത്രം ഷെയർ ചെയ്യാം!

- മലയാളി പെരിങ്ങോട്
- www.malayaali.com

1 comment: