മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Sunday, September 29, 2013

ഓര്‍മ കളിൽ കെ കെ

ലോകചരിത്രത്തില്‍ നാം വായിക്കുന്നത്, കാലത്തിന്റെ അഗ്നി പരീക്ഷകളെ നെഞ്ചൂക്കോടെ പൊരുതി അതിജീവിക്കുകയും അധ്വാനത്തിലൂടെ ജീവിതം സാക്ഷാത്കരിക്കുകയും ചെയ്ത ത്യാഗികളായ ഒരായിരം സാധാരണക്കാരുടെ കഥയല്ല; അന്തപ്പുരങ്ങള്‍ വാണരുളിയ ഭരണാധിപന്മാരുടെയും ചക്രവര്‍ത്തിമാരുടെയും രാജാക്കന്മാരുടെയും ചരിത്രപുസ്തകങ്ങളാകട്ടെ, നേതാക്കളുടെയും ഔദ്യോഗിക ഭാരവാഹികളുടെയും നാമങ്ങള്‍ മാത്രം രേഖപ്പെടുത്തുന്നു. ഭാരവാഹിപ്പട്ടികയിലും മനുട്‌സുകളിലും പേര്‍ ചേര്‍ക്കപ്പെടാതെ, പ്രസ്ഥാനങ്ങള്‍ക്ക് ആത്മാര്‍ഥമായി ഉയിരും ഊര്‍ജവും നല്കിയ ആയിരങ്ങള്‍ തമസ്‌കരിക്കപ്പെടുന്നു.


ഇസ്വ്‌ലാഹി ചരിത്രത്തില്‍ പലപ്പോഴും കെ കെ ഒരു നേതാവല്ല. സാമ്പ്രദായികമായ അര്‍ഥത്തില്‍ ഒരു പണ്ഡിതനുമല്ല. കേവലം അനുയായി എന്നോ പ്രഭാഷകന്‍ എന്നോ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് തികഞ്ഞ അല്‍പത്തവുമാകും. എങ്കില്‍ കെ കെ ആരാണ്? അറിഞ്ഞുകൂടാ.

പക്ഷെ, ഒന്നറിയാം. ഇസ്വ്‌ലാഹി പ്രസ്ഥാനത്തില്‍ ഒരു തലമുറയുടെ ശില്പിയായിരുന്നു അദ്ദേഹം. കര്‍മതേജസ്സാര്‍ന്ന ഒരു യുഗത്തിന്റെ നായകന്‍. നേതാക്കളുടെ വിനീതനായ അനുയായിയായി പ്രസ്ഥാനത്തിന്റെ ജൈത്രയാത്രയില്‍ ഊക്കുള്ള കാല്‍വെപ്പോടെ പിന്നണിയില്‍ അദ്ദേഹം നടന്നു. അതേസമയം, നേതാക്കള്‍ക്കു മാര്‍ഗദര്‍ശനവും ധൈര്യവും തണലുമായി അദ്ദേഹം നേതാക്കളുടെ നേതാവായി.

നേതാവിന്റെ അഹന്തയ്‌ക്കോ അനുയായിയുടെ അനാവശ്യ വിനയത്തിനോ സ്വന്തം വ്യക്തിത്വത്തിന്റെ ഗതി തെറ്റിക്കാന്‍ ഇട നല്കാത്ത അദ്ദേഹം, തീര്‍ച്ചയായും വിനയാന്വിതനായ ഒരു ധിക്കാരി തന്നെയായിരുന്നു.

വ്യക്തി പ്രസ്ഥാനമായി രൂപാന്തരപ്പെടുന്നതിന്റെ അപൂര്‍വ ഉദാഹരണങ്ങളിലൊന്നാണ് കെ കെ. പക്ഷെ, പ്രസ്ഥാനം വ്യക്തിയായി ചുരുങ്ങുന്ന വേളകളില്‍ കനത്ത ഗര്‍ജനമായി അദ്ദേഹം ജ്വലിക്കുകയും ചെയ്തു.

പണ്ഡിതന് സമൂഹമേര്‍പ്പെടുത്തിയ ദിവ്യ പരികല്‍പനകളെ വലിച്ചു ചീന്തിയ അദ്ദേഹം, പച്ച മനുഷ്യര്‍ക്കിടയില്‍ ഒരാളായി. 'വിഗ്രഹങ്ങള്‍, ഉടയ്ക്കുകയായിരുന്നല്ലോ കെ കെയ്ക്ക് ഇഷ്ടവിനോദം.
സ്വന്തം വഴിവെട്ടി അതിലൂടെ നടക്കാനാണ് കെ കെ ഏറെ കൊതിച്ചത്. വ്യാഖ്യാനങ്ങളില്‍, പ്രസംഗത്തില്‍, എഴുത്തില്‍, സംഘാടനത്തില്‍, അധ്യാപനത്തില്‍... എവിടെയും നടപ്പുകള്‍ ഉല്ലംഘിച്ച് പുതിയ വ്യാകരണങ്ങള്‍ അദ്ദേഹം എഴുതിച്ചേര്‍ത്തു.

ധീരനായ ആ മുജാഹിദ് യാത്രയായി. ആകാശത്ത് ചില്ലകള്‍ വിരിച്ച് ഭൂമിയില്‍ ആഴത്തില്‍ വേരുകള്‍ പടര്‍ത്തിയ ഈ മഹാ പ്രസ്ഥാനം കെ കെയോട് കടപ്പെട്ടിരിക്കുന്നു.

ഈ മഹാ സൗധത്തിന്റെ പ്രവര്‍ത്തകരും 'ഭാരവാഹികളും' ഉത്തരത്തിനു ചുവട്ടിലെ പഴയ പല്ലിയെപോലെ അവകാശവാദങ്ങളുന്നയിച്ചുകൊണ്ടിരിക്കുമ്പോള്‍ കെ കെയെപ്പോലെ, മഹാന്മാരായ നേതാക്കള്‍ തിരശ്ശീലയ്ക്കു പിന്നില്‍ കുലുങ്ങിച്ചിരിക്കുകയാവും.

'ശബാബി'നെ സ്വന്തം കുഞ്ഞായി എന്നും ലാളിച്ച കെ കെയുടെ ഓര്‍മകള്‍ക്കുവേണ്ടി സ്‌നേഹത്തോടെ ഈ ലക്കം ശബാബ് സമര്‍പ്പിക്കുന്നു.


 (തുടർന്നുള്ള വായനക്ക് മുമ്പ്... ശബാബ് 2005 ആഗസ്റ്റ് 12 ലക്കം പ്രസിദ്ധീകരിച്ച ഓർമപ്പതിപ്പാണിത്. അദ്ദേഹത്തിനു ശേഷം മരണപ്പെട്ടു പോയ നേതാക്കളും പണ്ഡിതന്മാരും പങ്കുവെച്ച ഓർമകൾ അന്ന് അവർ വഹിച്ചിരുന്ന സ്ഥാനങ്ങൾ എന്നിവ അതേ പോലെ ഇപ്പോൾ ബ്ലോഗിലും പ്രസിദ്ധീകരിക്കുന്നു.)

*******

ദീപ്തസ്മൃതികള്‍ അവശേഷിപ്പിക്കുന്ന വ്യക്തിത്വം

ചെറിയമുണ്ടം അബ്ദുല്‍ഹമീദ്

ഒട്ടേറെ വ്യതിരിക്തതകളാല്‍ ഇസ്വ്‌ലാഹി രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിയായിരുന്നു കെ കെ മുഹമ്മദ് സുല്ലമി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്നവര്‍ അത്യധികമുണ്ടാകും. ഒരിക്കല്‍ പരിചയപ്പെട്ട ആര്‍ക്കും അദ്ദേഹത്തെ മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ പ്രസംഗം ഒരിക്കല്‍ കേട്ടവര്‍ വീണ്ടും വീണ്ടും അത് കേള്‍ക്കാന്‍ കൊതിക്കും. തനിക്ക് അവതരിപ്പിക്കാനുള്ള ആശയം ലാളിത്യവും സ്ഫുടതയും കൊണ്ട് അനുഗൃഹീതമായ ശൈലിയില്‍ അദ്ദേഹം പ്രസരിപ്പിക്കുമ്പോള്‍ ശ്രോതാക്കളുടെ മനസ്സിന്റെ അഗാധതലങ്ങളെ അത് സ്പര്‍ശിക്കുന്നു. ആശയപരമായി വിയോജിക്കുന്നവരെപ്പോലും  പ്രകോപിപ്പിക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ ഭാഷയും ശൈലിയും. കെ കെയുടെ പല സഹപാഠികളെയും ശിഷ്യന്മാരെയും ഈ ലേഖകന് അടുത്ത പരിചയമുണ്ട്. അവര്‍ക്കൊക്കെയും ആ വ്യക്തിത്വത്തോട് തികഞ്ഞ ആദരവും മതിപ്പുമാണുള്ളത്. സുല്ലമുസ്സലാമിലെ അദ്ദേഹത്തിന്റെ പതിവ് ക്ലാസ്സുകളും നാട്ടിന്റെ നാനാഭാഗങ്ങളില്‍ അദ്ദേഹം നടത്തിയ ഖുര്‍ആന്‍ ക്ലാസ്സുകളും പഠിതാക്കള്‍ക്ക് ഹൃദ്യമായ അനുഭവമായിരുന്നു.

അരോഗദൃഢമായ ശരീരവും കരുത്തുറ്റ മനസ്സും തളരാത്ത സാഹസികതയും അതുല്യമായ കര്‍മോല്‍സുകതയുമാണ് കെ കെയുടെ വ്യക്തിത്വം ഈ ലേഖകന്റെ മനസ്സില്‍ അവശേഷിപ്പിക്കുന്നത്. മറ്റുള്ളവര്‍ക്ക് അസാധ്യമെന്ന് തോന്നുന്ന പല കാര്യങ്ങളും അദ്ദേഹത്തിന് അയത്‌നലളിതമായിരുന്നു. അതുകൊണ്ട് തന്നെ ഏറെ വിഷമകരമായ പല കാര്യങ്ങള്‍ക്കും അദ്ദേഹത്തെയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചുമതലപ്പെടുത്തിയിരുന്നത്. അങ്ങനെയാണ് മുജാഹിദ് സമ്മേളനങ്ങളിലെ ഭക്ഷണവിതരണമെന്ന ഭാരിച്ച ഉത്തരവാദിത്തം മിക്കപ്പോഴും അദ്ദേഹത്തിന്റെ ചുമലില്‍ അര്‍പ്പിതമായത്. ഏറെ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഇടയാക്കാവുന്ന ആ ദൗത്യം ഒട്ടും ആത്മസംഘര്‍ഷം കൂടാതെ അദ്ദേഹം നിര്‍വഹിച്ചുപോന്നു. ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന് പലതലങ്ങളില്‍ നേതൃത്വം നല്കിയ വ്യക്തി എന്ന നിലയില്‍ ഇതുപോലെ ശ്രമകരമായ ഒട്ടേറെ ദൗത്യങ്ങള്‍ അദ്ദേഹത്തിന് നിര്‍വഹിക്കാനുണ്ടായിരുന്നു. എന്നാല്‍ വൈമനസ്യം പ്രകടിപ്പിക്കലോ ഒഴിഞ്ഞുമാറലോ അദ്ദേഹത്തിന്റെ പ്രകൃതമായിരുന്നില്ല.

ഔപചാരിക മതവിദ്യാഭ്യാസം സിദ്ധിക്കാത്ത ആയിരക്കണക്കിലാളുകള്‍ക്ക് അഭ്യസ്തവിദ്യരും ഇടത്തരക്കാരും വ്യാപാരികളും കുടുംബിനികളും ഉള്‍പ്പെടെ  സമൂഹത്തിന്റെ  പലതലങ്ങളിലുമുള്ളവര്‍ക്ക് വിശുദ്ധഖുര്‍ആനിന്റെ ഉള്ളടക്കം വിശദമായിത്തന്നെ പഠിക്കാന്‍ അവസരം നല്കുന്ന ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകളുടെ സാരഥി എന്ന നിലയില്‍ കെ കെ വഹിച്ച റോള്‍ മഹനീയവും മികവുറ്റതുമാകുന്നു. സമകാലിക മനസ്സുകള്‍ക്ക് ദൈവിക ഗ്രന്ഥത്തിന്റെ അമാനുഷികതയും മൗലികതയും ബോധ്യപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഈ അനൗപചാരിക വിദ്യാഭ്യാസ സംരംഭം വിജയകരമാക്കുന്നതില്‍ അദ്ദേഹത്തിന്റെ ചിന്തയും ആസൂത്രണവും നിര്‍ണായകമായിരുന്നു. ക്യു എല്‍ എസ് പഠിതാക്കളുടെ സംഗമങ്ങളില്‍ കെ കെ നടത്തിയ പ്രസംഗങ്ങള്‍ വിശുദ്ധഖുര്‍ആനിന്റെ പൊരുള്‍ തേടുന്നവര്‍ക്ക് ഏറെ പ്രചോദകവും ആവേശദായകവുമായിരുന്നു. ഒരു സംഘാടകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിജയത്തിന് നിദാനമായ ഒരു പ്രധാന ഘടകം, നേതാവായിരിക്കെത്തന്നെ ഒരു വിനീതനായ വളണ്ടിയറെപ്പോലെ പ്രവര്‍ത്തിക്കാനും അദ്ദേഹം സന്നദ്ധനായിരുന്നു എന്നതാണ്. ആള്‍ക്കൂട്ടത്തിലൊരാളാകാന്‍, അവരുമായി ഉയരവ്യത്യാസം കൂടാതെ ഇഴുകിച്ചേരാന്‍ അദ്ദേഹത്തിന് ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. സുഹൃത്തുക്കളോടൊപ്പം പുഴയില്‍ മത്സ്യം പിടിക്കാനും ഗ്രാമങ്ങളില്‍ പക്ഷികളെ വേട്ടയാടാനും പോകാറുണ്ടായിരുന്ന കെ കെയെ പലരും ഗൃഹാതുരത്വത്തോടെ അനുസ്മരിക്കുന്നു. സുഹൃദ്ബന്ധങ്ങളെ ഇങ്ങനെയൊക്കെ ഊട്ടിയുറപ്പിക്കുന്നവര്‍ ഇസ്വ്‌ലാഹി പ്രബോധകര്‍ക്കിടയില്‍ അത്യപൂര്‍വമായിരിക്കും.

'ശബാബി'ല്‍ അദ്ദേഹം എഴുതിക്കൊണ്ടിരുന്ന ഖുര്‍ആന്‍ ആസ്വാദന ലേഖനങ്ങള്‍ ലളിതവും സുഗ്രാഹ്യവുമായിരുന്നു. ചില പദങ്ങള്‍ക്ക് അദ്ദേഹം നല്കിയ തര്‍ജമയിലും മറ്റും ഈ ലേഖകന് ചെറിയ വിയോജിപ്പുകളുള്ളത് വ്യക്തമാക്കുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് ഉദാരവും സുതാര്യവുമായിരുന്നു. ആശയപരമായ ശാഠ്യങ്ങളൊന്നും അദ്ദേഹം പുലര്‍ത്തിയിരുന്നില്ല. അല്ലാഹു അദ്ദേഹത്തിനും നമുക്കും പാപമോചനവും അനുഗ്രഹങ്ങളും നല്കുമാറാകട്ടെ. അദ്ദേഹത്തിന്റെ വിയോഗത്താല്‍ ദുഃഖമനുഭവിക്കുന്ന ബന്ധുമിത്രാദികള്‍ക്ക് അല്ലാഹു ആശ്വാസവും സമാധാനവും ലഭ്യമാക്കുമാറാകട്ടെ.

*******  

മരണത്തെ  ഭയക്കാതെ
എ വി അബ്ദുര്‍റഹ്മാന്‍ ഹാജി
(പ്രസിഡന്റ് കെ എന്‍ എം)


[അന്ന് കെ എൻ എമ്മിന്റെ പ്രസിഡന്റ് ആയിരുന്ന എ വി  ഇന്ന് നമ്മോടൊപ്പമില്ല, അദ്ദേഹത്തിനു അല്ലാഹു മർഹമത്തും മഗ്ഫിറത്തും നൽകുമാറാകട്ടെ...]
 
കെ കെ മുഹമ്മദ് സുല്ലമിയുമായുള്ള എന്റെ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുസ്‌ലിം സമുദായത്തിനു പൊതുവിലും ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന് പ്രത്യേകിച്ചും അദ്ദേഹം ചെയ്ത സേവനങ്ങള്‍ ഒരിക്കലും വിസ്മരിക്കാവതല്ല.

മരണത്തെ അദ്ദേഹം ഭയന്നിരുന്നില്ല. ജീവിതത്തില്‍ ഏതു സന്ദര്‍ഭങ്ങളിലും അദ്ദേഹം പുലര്‍ത്തിയിരുന്ന ആത്മധൈര്യം അവസാനം വരെ തുടരുകയായിരുന്നു. തന്റെ രോഗത്തെക്കുറിച്ചോ വേദനയെക്കുറിച്ചോ ആകുലപ്പെടാതെ അദ്ദേഹം കടന്നുപോയി. നമ്മുടെ പ്രസ്ഥാനത്തിന് ആഴമേറിയ ചിന്തയും പഠനോത്സുകതയുമുള്ള പണ്ഡിതന്മാരെ അല്ലാഹു ഇനിയും പ്രദാനം ചെയ്യുമാറാകട്ടെ. 



*******


ഒരു വ്യത്യസ്ത വ്യക്തിത്വം
ഇ ടി മുഹമ്മദ് ബഷീര്‍ (വിദ്യാഭ്യാസ വകുപ്പ് മന്ത്രി)

കെ കെ മുഹമ്മദ് സുല്ലമിയുമായി വളരെ അടുത്ത ഒരു വ്യക്തിബന്ധം എനിക്കില്ല. എങ്കിലും അദ്ദേഹത്തിന്റെ സരസവും ഗഹനവുമായ പ്രസംഗശൈലിയും ലാളിത്യം കലര്‍ന്ന ജീവിതരീതിയും എന്നെ ആകര്‍ഷിച്ച പ്രധാന ഘടകങ്ങളായിരുന്നു. കോഴിക്കോട് ജില്ലയിലെ കരുവമ്പൊയിലില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം സ്വപ്രയത്‌നവും കഠിനാധ്വാനവും മൂലമാണ് കേരളത്തിലെന്നല്ല വിദേശ രാജ്യങ്ങളില്‍പോലും സലഫി ചിന്തകന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ട കെ കെ ആയി മാറിയത്.

'ഖുര്‍ആനും ശാസ്ത്രവും' എന്ന വിഷയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗഹനമായ എഴുത്തും പ്രസംഗവും ഒട്ടേറെ പേരെ ദീനിലേക്ക് ആകര്‍ഷിക്കുന്നതിന് ഏറെ കാരണമായിട്ടുള്ള ഘടകമാണ്. മര്‍ഹൂം കെ പി മുഹമ്മദ് മൗലവിയുടെ ശിഷ്യനായാണ് ഇസ്വ്‌ലാഹീ പ്രവര്‍ത്തന രംഗത്തേക്ക് കെ കെ കടന്നുവന്നത്. കേരളത്തില്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന് ശക്തമായ ഒരു അടിത്തറ പാകുന്നതില്‍ കെ കെ വഹിച്ച പങ്ക് നിസ്തുലമാണ്.

സരസമായ പ്രസംഗശൈലി, ലാളിത്യം കലര്‍ന്ന ജീവിതരീതി എന്നിവ അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. ജീവിതത്തിന്റെ അവസാന നാളുകളില്‍ 'ഖുര്‍ആനിന്റെ ആസ്വാദനം' എന്ന ഒരു ബ്രഹത്തായ ഗ്രന്ഥത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം എന്ന് അറിയാന്‍ കഴിഞ്ഞു. പക്ഷേ അത് ആസ്വാദകരുടെ കൈയിലെത്തിക്കുന്നതിന് മരണം അദ്ദേഹത്തെ അനുവദിച്ചില്ല. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്ത് നല്കട്ടെ. ആമീന്‍

*******
 
അറിവിന്റെ ആഴമറിഞ്ഞ ചിന്തകന്‍
എം പി അബ്ദുസ്സമദ് സമദാനി (എം പി)


കെ കെ മുഹമ്മദ് സുല്ലമി സാഹിബിന്റെ ആകസ്മികമായ വേര്‍പാടിന്റെ വാര്‍ത്ത പത്രത്തില്‍ കണ്ടപ്പോള്‍ വല്ലാത്ത ദുഃഖവും ഹൃദയനഷ്ടവും അനുഭവപ്പെട്ടു. അസാധാരണത്വം പുലര്‍ത്തിയ ധന്യവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കെ കെ. കൂട്ടത്തില്‍ ചേര്‍ന്നു നിന്നപ്പോഴും സ്വന്തമായൊരു വഴി ചിന്താരംഗത്തും കര്‍മ മണ്ഡലത്തിലും നെയ്‌തെടുത്തപ്പോഴും സുല്ലമി സാഹിബിന്റെ ജീവിതം അടിമുടി വിജ്ഞാനത്തില്‍ പ്രതിഷ്ഠാപിതമായിരുന്നു. അറിവിന്റെ നിരവധി മേഖലകളിലൂടെ അദ്ദേഹം വിഹരിച്ചു. ഗവേഷണാത്മകമായിരുന്നു അദ്ദേഹത്തിന്റെ വൈജ്ഞാനിക സമീപനങ്ങള്‍. ആഴമേറിയ വിശകലനങ്ങളും പരിചിന്തനങ്ങളും അദ്ദേഹത്തിന്റെ അഭിവീക്ഷണങ്ങള്‍ക്ക് കരുത്തുപകരുന്നു. അപ്പോഴൊക്കെ അദ്ദേഹം നാടന്‍ മനുഷ്യന്‍ മാത്രമായിരുന്നു. എഴുത്തും പ്രസംഗവും കൃഷിയുമെല്ലാം ചേര്‍ന്നൊഴുകിയ പ്രശാന്തമായൊരു ജീവിത നദിയാണ് അല്ലാഹുവിന്റെ വിധിയില്‍ വിലയം പ്രാപിച്ചത്. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്കട്ടെ.





*******
 
പ്രസ്ഥാനത്തിന് സമര്‍പ്പിച്ച ജീവിതം
കെ എന്‍ ഇബ്‌റാഹീം മൗലവി

 
കെ കെ മുഹമ്മദ് സുല്ലമിയെ ഞാനാദ്യമായി കാണുന്നത് മദീനത്തുല്‍ ഉലൂം അറബിക് കോളെജില്‍ വെച്ചാണ്. അന്ന് അദ്ദേഹം സുല്ലമുസ്സലാമില്‍ അധ്യാപകനായിരുന്നു. കെ പിയോടൊത്തുള്ള നിരന്തര സഹവാസം അദ്ദേഹത്തിന്റെ ജീവിതത്തെ പ്രസ്ഥാനത്തിന് സമര്‍പ്പിക്കുന്ന വിധത്തിലാക്കുകയായിരുന്നു. തികഞ്ഞ പണ്ഡിതനായിരുന്നു കെ കെ. ഖുര്‍ആനിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴമേറിയ ജ്ഞാനം വിസ്മയമുളവാക്കുന്നതാണ്. ദീനിനോടുള്ള പ്രതിബദ്ധതയും ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെ വ്യത്യസ്തരായ ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹം കാണിച്ച ശ്രദ്ധയും എന്നും അനുസ്മരിക്കപ്പെടുന്നതാണ്.

അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്കി അനുഗ്രഹിക്കട്ടെ.



*******

 ജനകീയ നേതാവ്
എച്ച് ഇ മുഹമ്മദ് ബാബുസേട്ട്


കെ കെയെ കുറിച്ച് ഓര്‍മിക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം വന്നെത്തുന്നത് ഒരു പ്രഭാഷണ കാസറ്റാണ്. 'ആയത്തുല്ലാഹി ഫില്‍ ആഫാഖ്'. ഖുര്‍ആനിന്റെ ദൈവികതയെയും ശാസ്ത്രീയതയെയും കുറിച്ച ഇന്നുള്ളയത്ര പഠനങ്ങളോ ഗവേഷണങ്ങളോ ഒന്നും നടന്നിട്ടില്ലാത്ത ഒരു കാലത്ത് മതത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പല ഭാഗങ്ങളില്‍ നിന്നായി പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ കെ കെ നടത്തിയ ഒരു പ്രഭാഷണമാണിത്.

ഖത്തറില്‍ ഒരു ഹ്രസ്വ സന്ദര്‍ശനാര്‍ഥം എത്തിയതായിരുന്നു ഞാന്‍. അന്നവിടെവെച്ചായിരുന്നു അതിന്റെ റെക്കാര്‍ഡിംഗ് വര്‍ക്കുകള്‍ നടന്നിരുന്നത്. ഞാനടക്കമുള്ള അനേകം പേര്‍ക്ക് ഒരു പുതുമയുള്ള അനുഭവമായിരുന്നു ആ വിഷയവും പ്രഭാഷണവും. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു ആ അവതരണം. ഏകദൈവവിശ്വാസത്തിന്റെ സത്യതയും പ്രഫുല്ലതയും ആ ഒരൊറ്റ പ്രഭാഷണത്തിലൂടെ ആയിരക്കണക്കിന് ജനങ്ങളിലേക്കെത്തിയിരുന്നു.

കെ കെയുടെ സ്വഭാവരീതി ഏറെ വ്യത്യസ്തമായിരുന്നു. ഏതുകാര്യത്തിലും തനിക്കുള്ള അഭിപ്രായം തുറന്നുപറയുന്നതില്‍ അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നില്ല. കെ പി ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ പോലും സ്വന്തം അഭിപ്രായങ്ങള്‍ അദ്ദേഹം മറച്ചുവെച്ചിരുന്നില്ല.

'വര്‍ത്തമാനം' ആഴ്ചപ്പതിപ്പില്‍ പി ടി വീരാന്‍കുട്ടി സുല്ലമി കെ കെയെക്കുറിച്ച് എഴുതിയത് വായിച്ചപ്പോള്‍ സമ്മേളനങ്ങളിലെ കെ കെയെ ഞാനും ഓര്‍ത്തുപോയി. സ്റ്റേജിലോ പന്തലിലോ പോലും അദ്ദേഹത്തെ കാണാനുണ്ടായിരുന്നില്ല. ആരും തന്നെ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. സമ്മേളനപ്പന്തലില്‍ നിന്നും ദൂരെ വളണ്ടിയര്‍മാര്‍ക്കൊപ്പമായിരുന്നു എന്നും അദ്ദേഹം.

അല്ലാഹു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുകയും സ്വര്‍ഗം നല്കുകയും ചെയ്യുമാറാകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.


*******

എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍

സി പി ഉമര്‍ സുല്ലമി
(പ്രസിഡന്റ്, കെ ജെ യു)

പ്രിയപ്പെട്ട കെ കെയും നമ്മെ വിട്ടുപിരിഞ്ഞു. ''തീര്‍ച്ചയായും നാം എല്ലാം അല്ലാഹുവിന്റേതാണ്, നാം അവനിലേക്ക് തന്നെ മടങ്ങുന്നവരാണെന്നും തീര്‍ച്ച'' (2:156). ആപത്തുകള്‍ നേരിടുമ്പോള്‍ അങ്ങനെ പറഞ്ഞു സമാധാനിക്കാനാണല്ലോ അല്ലാഹു നമ്മെ പഠിപ്പിച്ചത്. ''അല്ലാഹുവേ, ഞങ്ങളുടെ ഈ വിപത്തിലെ സഹനത്തിന് നീ ഞങ്ങള്‍ക്ക് പ്രതിഫലം നല്‌കേണമേ. ഞങ്ങള്‍ക്ക് നഷ്ടമായതിനേക്കാള്‍ ഉത്തമമായത് പകരം നല്കുകയും ചെയ്യേണമേ'' എന്ന് പ്രാര്‍ഥിക്കാന്‍ നബി(സ) പഠിപ്പിച്ചിട്ടുണ്ട്.


കെ കെ 'നീ' എന്ന് ഞാന്‍ സംബോധന ചെയ്യുകയും സി പി 'നീ'യെന്ന് എന്നെ വിളിക്കുകയും ചെയ്യുന്ന ഒരടുത്ത സുഹൃത്താണ് എനിക്ക് നഷ്ടമായത്. വിദ്യാര്‍ഥികളായിരുന്ന കാലത്തെ ആ സംസാരരീതി ഞങ്ങള്‍ മാറ്റിയിരുന്നില്ല. തമ്മിലുള്ള മാനസിക അടുപ്പമാണിത് സൂചിപ്പിക്കുന്നത്. പഴയ സഹപാഠികളില്‍ ചിലരെങ്കിലും ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കിലും മൗലവി അല്ലെങ്കില്‍ സി പി, നിങ്ങള്‍ എന്നൊക്കെ അഭിസംബോധന ചെയ്യുന്നതു കേള്‍ക്കുമ്പോള്‍ അരോചകമായി തോന്നാറുണ്ട്. എന്നാല്‍ കാലത്തിന്റെ മാറ്റം ഞങ്ങളെ അങ്ങനെ അകറ്റിയിരുന്നില്ല. കെ കെയെക്കുറിച്ചോര്‍ക്കുമ്പോള്‍ സുല്ലമുസ്സലാമിലെ ആ പഴയകാല ജീവിതമാണ് ഓര്‍മവരുന്നത്. ഞങ്ങള്‍ ഇരുവരും ഒരു കൊല്ലത്തെ വ്യത്യാസത്തിലാണ് അവിടെ വന്ന് ചേര്‍ന്നതും അവിടെ നിന്ന് വിട പറഞ്ഞതും. പക്ഷേ, കെ കെ പിന്നീട് ലൈബ്രേറിയനായും അധ്യാപകനായും അവിടേക്ക് വന്നു. സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് കുറച്ച് പള്ളിദര്‍സുകളില്‍ പഠിച്ചതിനു ശേഷമാണ് ഞാന്‍ സുല്ലമില്‍ ചേര്‍ന്നത്. ഒരു കൊല്ലത്തിനു ശേഷം സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കെ കെയും അവിടെ എത്തിപ്പെട്ടു. ആ പ്രായത്തിലെ കുസൃതികള്‍ കെ കെയില്‍ പെട്ടെന്ന് പ്രകടമായിരുന്നുവെങ്കിലും പൊതുവെ തണുപ്പനായിരുന്ന ഞാനും കുസൃതിയില്‍ മോശമായിരുന്നില്ല. ആ പ്രായത്തില്‍ കുറച്ചൊക്കെ അങ്ങനെയില്ലെങ്കില്‍ ഭാവിയില്‍ അവര്‍ ഒന്നിനും കൊള്ളാത്തവരോ സ്വാര്‍ഥികളായി ഒതുങ്ങിക്കഴിയുന്നവരോ ആയിരിക്കും എന്നതാണ് അനുഭവം എന്ന് പ്രായമായതിന് ശേഷം ഞങ്ങള്‍ പറയാറുണ്ടായിരുന്നു. അതു മുമ്പേ മനസ്സിലാക്കിയതുകൊണ്ടായിരിക്കണം വന്ദ്യഗുരുനാഥന്മാരായ ശൈഖ് മൗലവി, കെ പി മൗലവി, മമ്മദ് മൗലവി (റ) എല്ലാം ഞങ്ങളെ ഉള്‍ക്കൊണ്ടത്. 

വിദ്യാര്‍ഥീ ജീവിതത്തിലെ ചില വികൃതികളുടെ പേരില്‍ പുറത്താക്കല്‍ പോലെയുള്ള ചില കടുത്ത നടപടികള്‍ സ്വീകരിക്കണം എന്നു ചിലര്‍ പറയുമ്പോള്‍ അത്തരം ശിക്ഷ ഞങ്ങള്‍ക്ക് മുമ്പ് കിട്ടിയിരുന്നുവെങ്കില്‍ ഞങ്ങളൊന്നും ഈ സ്ഥിതിയില്‍ എത്തുമായിരുന്നില്ല എന്ന് വിദ്യാര്‍ഥികള്‍ കേള്‍ക്കാതെ ഞാന്‍ പറയാറുണ്ട്. എന്നാല്‍ വിദ്യാര്‍ഥികളിലെ തരംതാണ ജീര്‍ണതയ്ക്ക് അന്നും ഞങ്ങള്‍ എതിരായിരുന്നു. ജീര്‍ണതകളെ എതിര്‍ക്കാന്‍ കെ കെയും ഞാനും കൂടി ഒരു കൊച്ചു സംഘടന തന്നെ ഉണ്ടാക്കിയത് ഇപ്പോഴും ഓര്‍ത്തുപോവുകയാണ്. കെ കെയുമൊത്തുള്ള ഹോസ്റ്റല്‍ ജീവിതവും വോളിബോള്‍ കളിയും മറ്റും ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു. കെ പി മൗലവി സംഘടനാ നേതൃത്വത്തിലേക്ക് വരുന്നതിനു മുമ്പ് കെ എന്‍ എമ്മിന്റെ സ്ഥിതി വളരെ പരിതാപകരമായിരുന്നു. ചുരുക്കം ചില വ്യക്തികളുടെ കൈയിലായിരുന്നു കെ എന്‍ എം. ജമാഅത്തെ ഇസ്‌ലാമിയുമായി വേദി പങ്കിട്ടുകൊണ്ട് ഇസ്‌ലാമിനെ പരിചയപ്പെടുത്തുക എന്ന പേരില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുക വരെ വേണ്ടിവന്നിരുന്നു. അന്നത്തെ കെ എന്‍ എം നേതാക്കന്മാരുടെ അസംതൃപ്തിയോടു കൂടി തന്നെ ഐ എസ് എം രൂപീകരിക്കുകയും മുജാഹിദ് യുവാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായി കെ എന്‍ എം നേതൃത്വം കെ പി മൗലവിയുടെയും സഹപ്രവര്‍ത്തകരുടെയും കരങ്ങളിലെത്തിയപ്പോഴാണ് സംഘടനയ്ക്ക് ഒരന്തസ്സുണ്ടായത്. ആ മാറ്റത്തിനു വേണ്ടി പ്രവര്‍ത്തിച്ച യുവമുജാഹിദുകളുടെ മുന്‍നിരയില്‍ കെ കെയും ഉണ്ടായിരുന്നു. ഒരവസരത്തില്‍ കെ കെ ഐ എസ് എമ്മിന്റെ ജനറല്‍സെക്രട്ടറി കൂടിയായിരുന്നു. ഐ എസ് എമ്മിനെ വളര്‍ത്തിക്കൊണ്ടുവന്നതില്‍ മുഖ്യപങ്കുവഹിച്ച ചിലര്‍ തന്നെ കെ എന്‍ എം കൗണ്‍സില്‍ ആലോചിക്കുക പോലും ചെയ്യാതെ ഐ എസ് എമ്മിനെ പിരിച്ചുവിടാന്‍ മുന്‍കൈയെടുത്തപ്പോള്‍ സൂറത്തുന്നഹ്‌ലിലെ 92ാം സൂക്തത്തില്‍ പറഞ്ഞ 'വിഡ്ഢിയായ സ്ത്രീയെപ്പോലെ നിങ്ങള്‍ അത് ചെയ്യരുത്' എന്നു പറഞ്ഞ് എതിര്‍ത്തവരുടെ മുന്‍പന്തിയിലും കെ കെ ഉണ്ടായിരുന്നു. 

രോഗിയായി കിടക്കുന്ന അവസരത്തില്‍ കാണാന്‍ ചെന്നപ്പോള്‍ സംസാരമധ്യേ കെ പി മൗലവിയുടെ നേതൃത്വത്തില്‍ പ്രസ്ഥാനം ശക്തി പ്രാപിച്ചുവരുമ്പോള്‍ പ്രബോധന രംഗത്ത് നിറഞ്ഞുനിന്ന പണ്ഡിതന്മാരെ ഓര്‍ത്തുകൊണ്ട് അവര്‍ എത്ര പേരുണ്ടായിരുന്നുവെന്ന് കെ കെ എന്നോട് ചോദിക്കുകയുണ്ടായി. കൈവിരലിലൊതുങ്ങുന്നവര്‍ മാത്രം എന്ന് അദ്ദേഹം തന്നെ പറഞ്ഞശേഷം തന്നെയും എന്നെയും കെ എസ് കെ തങ്ങളെയും എം എം മദനിയെയും ഐദീദ് തങ്ങളെയും അദ്ദേഹം പേരെടുത്ത് പറഞ്ഞു. വിദൂര ദിക്കുകളില്‍ കൃത്യമായി യാത്രപ്പടിപോലും ലഭിക്കാതെ പലതരം വാഹനങ്ങളില്‍ തൂങ്ങിപ്പിടിച്ച് കുളിക്കാനും വസ്ത്രംമാറാന്‍ പോലും സാധിക്കാതെ ക്ലാസെടുക്കാന്‍ ചെന്നാലോ -ക്ലാസെടുക്കുന്നതിന് വീഴ്ചയൊന്നും വരുത്തുകയില്ല- ഉസ്താദും പ്രിന്‍സിപ്പലുമായ കെ പി മൗലവി അതനുവദിക്കുകയുമില്ല.

പരിശുദ്ധഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ച മഹദ് വ്യക്തിത്വമാണ് കെ കെയുടേത്. ശാസ്ത്ര ബോധവും ഉന്നത വിദ്യാഭ്യാസവുമുള്ളവര്‍ക്ക് അനുയോജ്യവും സാധാരണക്കാരന് മനസ്സിലാക്കാവുന്നതുമായ വിധത്തില്‍ ക്ലാസെടുക്കാനുള്ള കെ കെയുടെ കഴിവ് ഒന്നു വേറെ തന്നെയായിരുന്നു. ഞങ്ങള്‍ ഒന്നിച്ചിരിക്കുന്ന സമയങ്ങളില്‍ ഒഴിവു കിട്ടുമ്പോഴെല്ലാം ഖുര്‍ആന്റെ ഒരു ഭാഗം അദ്ദേഹം ചര്‍ച്ചക്കെടുത്തിടും. ഞങ്ങളുടെ അറിവുകള്‍ പരസ്പരം കൈമാറുകയും ഞങ്ങള്‍ക്ക് മനസ്സിലാവാത്ത പ്രശ്‌നങ്ങള്‍ കൂടുതല്‍ പഠിക്കണമെന്നു പറഞ്ഞ് പിരിയുകയും ചെയ്യും. രോഗശയ്യയിലിരിക്കെ സന്ദര്‍ശിച്ചപ്പോള്‍ കൂടി അദ്ദേഹം അവസരം അതിനുപയോഗപ്പെടുത്തി എന്നത് അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വിജ്ഞാനദാഹവും വിശ്വാസദാര്‍ഢ്യവുമാണ് വിളിച്ചോതുന്നത്. അല്ലാഹു മനുഷ്യരെ ഭൂമിയില്‍ 'ഖലീഫ'യാക്കി എന്നതിനെ പരാമര്‍ശിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ വളരെ ശ്രദ്ധേയമായിരുന്നു. സ്വൂഫികളെപ്പോലെയും ഇസ്‌ലാമിസ്റ്റുകളെപ്പോലെയും മനുഷ്യര്‍ ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധികളാണെന്ന ധാരണ തിരുത്താന്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വളരെ പ്രയോജനകരമായിട്ടുണ്ട്.

ഗുരുതരമായ രോഗം നിര്‍ണയിച്ചു ചികിത്സ തേടുന്നതിനുമുമ്പായി എല്ലാം ഡോക്ടര്‍ വിശദീകരിച്ചുകൊടുത്തു. യാതൊരു ഭാവ വ്യത്യാസങ്ങളുമില്ലാതെ സ്വതഃസിദ്ധമായ പുഞ്ചിരിയോടെ കേട്ടിരുന്ന അദ്ദേഹത്തോട് നിങ്ങള്‍ക്ക് ഇതെല്ലാം കേട്ടിട്ടും യാതൊരു ഭാവവ്യത്യാസവും ഇല്ലാത്തത് എന്തുകൊണ്ടാണ് എന്ന് ഡോക്ടര്‍ ചോദിച്ചുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞു. രോഗം സുഖപ്പെടുത്തുന്നത് ഡോക്ടറല്ല, സര്‍വശക്തനായ അല്ലാഹുവാണ് എന്നാണെന്റെ വിശ്വാസം എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഏതുകാര്യത്തിലും ഉടനെ പ്രതികരിക്കുന്ന പ്രകൃതമായിരുന്നു കെ കെയുടേത്. അത് ചിലപ്പോള്‍ വലിയ കോളിളക്കത്തിന് നിമിത്തമായിട്ടുണ്ട്. പട്ടാളപ്പള്ളിയുടെ പുതിയ കെട്ടിട നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന അവസരം, വ്യത്താകൃതിയിലാണ് കെട്ടിടം പണിയുന്നത്. കെ കെ അതാകെയൊന്നു നോക്കി ഉടനെ പ്രതികരിച്ചു. ഇതെന്താ പള്ളിയോ അതോ ശിവബിംബമോ? അത് വലിയ ഒച്ചപ്പാടുണ്ടാക്കി. അതുമായി ബന്ധപ്പെട്ട പ്രധാനികളില്‍ ചിലര്‍ നേതാവും ഗുരുനാഥനുമായ കെ പി മൗലവിയോടു സങ്കടം ബോധിപ്പിച്ചു. മൗലവിയുടെ മുഖഭാവമാകെ മാറി. ദേഷ്യംകൊണ്ട് ചുണ്ടുകള്‍ വിറച്ചു. പതിവുപോലെ കൈവിരലുകള്‍ താടിയെ സ്പര്‍ശിച്ചുകൊണ്ട് മൗലവിയുടേതായ ഭാഷയില്‍ കെ കെയെ ശക്തിയായി ശകാരിച്ചു. അനുസരണയുള്ള ഒരു ശിഷ്യനെന്ന നിലക്ക് ഗുരുവിന്റെയും നേതാവിന്റെയും ശകാരം മൗനമായി നിന്നു കേട്ടു. യാതൊരു മറുപടിയും പറഞ്ഞില്ല. ശേഷം അപ്പുറത്തുവന്ന് ഞങ്ങളോടായി പറഞ്ഞു: കണ്ടോ അങ്ങനെ തന്നെയാണ് വേണ്ടത് പള്ളിയുടെ കാര്യത്തില്‍. ഞാന്‍ പ്രതികരിച്ചു. ആരെങ്കിലും പ്രതികരിക്കണ്ടേ. മൗലവി അവരുടെ മുന്നില്‍ വെച്ച് എന്നെ ശകാരിച്ചു. അതും അങ്ങനെ തന്നെയാണ് വേണ്ടത്. ഞാന്‍ പ്രതികരിക്കണം മൗലവി എന്നെ ശകാരിക്കണം. ഇപ്പോള്‍ കാര്യം ഭംഗിയായല്ലോ.

തനിക്ക് പിടിപെട്ട ഗുരുതരമായ രോഗത്തെപ്പറ്റി വസ്തുനിഷ്ഠമായി മനസ്സിലാക്കി സന്ദര്‍ശകരോട് വാചാലമായി സംസാരിച്ച് അവരെ സമാശ്വസിപ്പിച്ചു. അഭിപ്രായ വ്യത്യാസമുള്ള സന്ദര്‍ശകരോട് സ്വതസിദ്ധമായ ശൈലിയില്‍ ആശയ വിനിമയം നടത്തി. ഇടക്കാലത്ത് പ്രസ്ഥാനത്തിലുണ്ടായ ഭിന്നിപ്പുമൂലം മറുചേരിയിലായ അപൂര്‍വം ശിഷ്യന്മാരില്‍ ചിലര്‍ വന്നപ്പോള്‍ അവരോട് ചോദിച്ചു: ഞാന്‍ 'ഇഖ്‌റഇ'ന്ന് വിശദീകരണം നല്കിയത് വലിയ വിവാദമായി അല്ലേ. എന്താണതില്‍ തെറ്റ്? അങ്ങനെ ഒരര്‍ഥം അതിനില്ലേ? ഞാന്‍ പറഞ്ഞതുപോലെ വിശദീകരിച്ചാല്‍ ഖുര്‍ആന്റെ മഹത്വം കുറയുമോ, കൂടുമോ? ഖുര്‍ആന്റെ മഹത്വം വര്‍ധിച്ചതായി തോന്നുന്ന ഒരു പുതിയ വിശദീകരണം നല്കിയാല്‍ അതില്‍ തെറ്റുണ്ടോ? കേട്ടിരുന്ന ഒരു സുല്ലമി താന്‍ അത്രക്കൊന്നും ചിന്തിച്ചിട്ടില്ല എന്ന് പറഞ്ഞ് തല്ക്കാലം രക്ഷപ്പെട്ടു. മറ്റൊരു സുല്ലമി വന്നപ്പോള്‍ പറഞ്ഞു: എടാ ജീര്‍ണതകള്‍ കണ്ടാല്‍ പ്രതികരിക്കാനല്ലേ നമ്മുടെ ഗുരുനാഥന്മാര്‍ നമ്മെ പഠിപ്പിച്ചത്. അതുകൊണ്ട് തന്നെയല്ലേ സുല്ലമികളില്‍ അധികവും നമുക്കൊപ്പം നില്ക്കുന്നത്. രോഗശയ്യയില്‍ കിടന്ന് ഇങ്ങനെയെല്ലാം എന്റെ പ്രിയപ്പെട്ട കെ കെ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു: ''കെ കെ ഒരു കാര്യം, നാം ഒന്നിലും വളഞ്ഞ വഴിക്കു പോയിട്ടില്ല. നേരെ ചൊവ്വേ മാത്രമേ പോയിട്ടുള്ളൂ. ആരോടും അനീതി കാണിച്ചിട്ടുമില്ല. അതു തന്നെയാണ് നമുക്ക് മനസ്സമാധാനം നല്കുന്നത്.'' സൂറത്തു ഫുസ്സിലത്തിലെ 30ാം ആയത്ത് ഞാന്‍ ഓതിക്കേള്‍പ്പിച്ചു. അപ്പോള്‍ കെ കെ പറഞ്ഞു: ''സി പി അത് ഒന്നുകൂടി ഓത്. അത് മനസ്സില്‍ നിന്നും വിട്ടതുപോലെ.'' ഞാന്‍ ആവര്‍ത്തിച്ചോതി. അദ്ദേഹം ആലോചിച്ചിരുന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കെ കെയുടെ മാതാവ് മരിച്ച ദിവസം ഞാനും ഭാര്യയും വീട്ടിലെത്തി. ഞാന്‍ ജനാസയെ പിന്തുടര്‍ന്ന സമയത്ത് എന്റെ ഭാര്യയും കുഞ്ഞിബീവി ടീച്ചറും കൂടി കെ കെയെ കണ്ട് സംസാരിച്ചു. പക്ഷേ അത് എന്റെ ഭാര്യയാണെന്ന് അത്ര മനസ്സില്‍ പതിഞ്ഞില്ല. ഞാന്‍ തിരിച്ചുവന്നശേഷം ഭാര്യയും കൂടെ ഉണ്ടെന്നറിഞ്ഞപ്പോള്‍ ഉടനെ വിളിക്കാന്‍ പറഞ്ഞു. വന്നപ്പോള്‍ അവളോടായി പറഞ്ഞു: ''എന്തേ ക്ഷണിച്ചിട്ടു വേണോ എന്റെ അടുക്കല്‍ വരാന്‍, എന്തുകൊണ്ട് ഇതുവരെയും വന്നില്ല?'' ആദ്യം വന്നു കണ്ട വിവരം പറഞ്ഞപ്പോള്‍ അതെന്റെ മനസ്സില്‍ അത്ര പതിഞ്ഞില്ല. അതുകൊണ്ടാണെന്ന് പറഞ്ഞു. പിന്നെ ഉമ്മായെപ്പറ്റി കുറെ പറഞ്ഞു. മക്കളുടെ കാര്യവും സംസാരിച്ചു.

പൂര്‍വകാല ജീവിതം അനുസ്മരിക്കും വിധം അവസാനത്തിലും ഞങ്ങള്‍ക്കൊന്നിച്ചു കഴിയാന്‍ ഒരവസരം കിട്ടി. കഴിഞ്ഞ ശഅ്ബാനില്‍ ഉംറ നിര്‍വഹിക്കാനും അതിനോടനുബന്ധമായി ഹറമില്‍ ഒരു പണ്ഡിത 'ദൗറ'യില്‍ പങ്കെടുക്കാനും കേരളത്തിലെ കുറച്ച് പണ്ഡിതന്മാര്‍ക്ക് അവസരം കിട്ടി. ഹൃദ്‌രോഗിയായ കെ കെയെ അതിലുള്‍പ്പെടുത്തേണ്ടെന്ന് ആദ്യം കരുതിയെങ്കിലും കെ കെയുടെ അമിത താല്പര്യം മൂലം അതിലുള്‍പ്പെടുത്തി. ചില രംഗങ്ങളിലുള്ള അദ്ദേഹത്തിന്റെ അമിതാവേശം പ്രകടിപ്പിക്കുന്നത് നിയന്ത്രിക്കാന്‍ എന്നെതന്നെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ക്ലാസെടുക്കാനെത്തുന്ന പണ്ഡിതന്മാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലായിരുന്നു കെ കെ പല ചര്‍ച്ചകളും അവതരിപ്പിച്ചിരുന്നത്. അവിടെ നിന്നും തിരിച്ചുവന്ന ശേഷം രോഗം പിടിപെട്ട് കിടപ്പിലായി. അവസാനം കാണാന്‍ ചെന്നപ്പോള്‍ വളരെനേരം സംസാരിച്ച് പിരിയുമ്പോള്‍ ഞാന്‍ രോഗശമനത്തിന് വേണ്ടി പ്രാര്‍ഥിച്ചു. കെ കെ ആമീന്‍ പറഞ്ഞു. സലാം പറഞ്ഞു പിരിഞ്ഞു. ഇനി ഞങ്ങളെ അല്ലാഹു സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ.


*******


ആ കൊടുങ്കാറ്റ് നിലച്ചു

ഡോ. ഹുസൈന്‍ മടവൂര്‍
(ജന. സെക്രട്ടറി, കെ എന്‍ എം)


ഖുര്‍ആനാണല്ലോ കെ കെയുടെ പ്രചോദനം. സയ്യിദ് റശീദ് രിദായുടെ തഫ്‌സീറുല്‍ മനാറും ഇമാം റാസിയുടെ തഫ്‌സീറുല്‍ കബീറും സമഖ്ശരിയുടെ വിഖ്യാത തഫ്‌സീറും കെ കെയുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെ ശക്തമായി സ്വാധീനിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. ഖുര്‍ആനിന്റെ ആശയങ്ങള്‍ വിശദീകരിക്കുമ്പോള്‍ ബുദ്ധിയുടെയും ചിന്തയുടെയും തലങ്ങളില്‍ മാറ്റുരയ്ക്കുകയെന്ന ശൈലിയും ഭാഷാപരമായ വിശകലനവും അങ്ങനെ വന്നുചേര്‍ന്നതാണ്. അല്ലാമാ ഇബ്‌നുഖല്‍ദൂനിന്റെ  മുഖദ്ദിമയില്‍  ചരിത്രപഠനത്തിനു ബുദ്ധിയുപയോഗിച്ചുള്ള വിലയിരുത്തലിന്റെ ആവശ്യകത പല തവണ ആവര്‍ത്തിച്ചതായി കാണാം. അബദ്ധങ്ങളും ബുദ്ധിശൂന്യമായ വ്യാഖ്യാനങ്ങളും ഏത് വലിയവന്‍ പറഞ്ഞാലും തള്ളിക്കളയാന്‍ കെ കെയ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. ചിലപ്പോള്‍ ആ സമീപനം കൂടുതല്‍ ശക്തമാണെന്നു തോന്നിയിട്ടുണ്ട്. അത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത് എനിക്ക് അല്ലാഹുവിന്റെ ഗ്രന്ഥത്തിനോടാണ് കടപ്പാടും പ്രതിബദ്ധതയുമെന്നാണ്. കെ കെയുടെ ചില വ്യാഖ്യാനങ്ങള്‍ ചിലര്‍ വിവാദമാക്കി. അദ്ദേഹം പറഞ്ഞു. എനിക്കിങ്ങനെയാണു മനസ്സിലാവുന്നത്. അല്ലാഹുവിന്റെ വചനങ്ങളുടെ വലുപ്പമുയര്‍ന്നു കാണുക തന്നെയായിരുന്നു കെ കെയുടെ ആഗ്രഹം. ഖുര്‍ആനിന്റെ പകുതിയോളം ഭാഗം ആ നിലയില്‍ ആസ്വാദനത്തോടെ വ്യാഖ്യാനിച്ച് പൂര്‍ത്തിയാക്കിയാണദ്ദേഹം വിടപറഞ്ഞത്.

കെ കെ കഠിനാധ്വാനിയായിരുന്നു. വിശ്രമമില്ലാതെ പ്രയത്‌നിച്ചു. പ്രസ്ഥാനത്തില്‍ ഇത്രയേറെ പണിയെടുത്ത മറ്റൊരാളില്ല. സാധാരണക്കാരനോടൊപ്പമായിരുന്നു എന്നുമദ്ദേഹം. അതുകൊണ്ടാണല്ലോ മരണവാര്‍ത്തയറിഞ്ഞു മണിക്കൂറുകള്‍കൊണ്ട് ആയിരങ്ങള്‍ അവസാനനോക്ക് കാണാന്‍ ഓടിയെത്തിയത്. കെ കെ നല്കിയ ധൈര്യം വലുതായിരുന്നു.

പരിചയപ്പെട്ടത് മുതല്‍ മരണം വരെ കെ കെയുമായുള്ള ബന്ധം സ്‌നേഹമസൃണമായിരുന്നു. ഇളം തലമുറയെ വളര്‍ത്തിയെടുക്കാന്‍ അവരുടെ പ്രായത്തിനൊത്ത് പെരുമാറണമെന്നാണ് അദ്ദേഹം നല്കിയ പാഠം. സ്‌നേഹനിധിയായ കെ കെക്ക് അല്ലാഹു മഗ്ഫിറത്ത് നല്കട്ടെ.

1979ല്‍ മുജാഹിദ് സമ്മേളനം ചേരുമ്പോള്‍ ചുമരെഴുത്ത് വേണമോ വേണ്ടയോ എന്നു കെ എന്‍ എം എക്‌സിക്യുട്ടീവില്‍ ചര്‍ച്ചയുണ്ടായി. കെ കെയുടെ അഭിപ്രായം ചുമരെഴുത്ത് വേണ്ട. രാഷ്ട്രീയക്കാരെപ്പോലെ മതസംഘടനകള്‍ ചുമരെഴുതുന്നത് അത്ര മാന്യമല്ല എന്നായിരുന്നു. ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷം ചുമരെഴുതാമെന്നാണ് ഭൂരിപക്ഷ അഭിപ്രായപ്രകാരം എക്‌സിക്യുട്ടീവില്‍ തീരുമാനമായത്. പിന്നീട് നാം കണ്ടത് ബക്കറ്റില്‍ ചുണ്ണാമ്പ് കലക്കി ചുമരെഴുതുന്ന കെ കെയെയാണ്.

ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷം 92ല്‍ പാലക്കാട് സമ്മേളനം നിര്‍ത്തിവെക്കണമോ എന്ന് കെ എന്‍ എമ്മില്‍ ചര്‍ച്ചയുണ്ടായി. കെ കെയും വേറെ പല ഉത്തരവാദപ്പെട്ടയാളുകളും പ്രത്യേക സാഹചര്യത്തില്‍ സമ്മേളനം നിര്‍ത്തിവെക്കണമെന്നു പറഞ്ഞു. സമ്മേളനം നടത്തണമെന്നഭിപ്രായക്കാരുമുണ്ടായിരുന്നു. അവസാനം കെ പി മുഹമ്മദ് മൗലവി, ഇക്കാര്യത്തില്‍ പ്രസിഡന്റ് ഡോ. ഉസ്മാന്‍ സാഹിബിന്റെ തീരുമാനം സ്വീകരിക്കാമെന്നു പറഞ്ഞു: ഡോക്ടര്‍ അല്പനേരം മിണ്ടാതിരുന്നു. ഒരു ഇല്‍ഹാം പോലെ ഇങ്ങനെ പറഞ്ഞു. ഇതൊരു ജിഹാദാണ്, ദഅ്‌വത്താണ്. നാം സമ്മേളനവുമായി മുന്നോട്ടുപോവുക. അല്ലാഹു സഹായിക്കും. അതോടെ കെ കെ സമ്മേളന പ്രവര്‍ത്തനത്തില്‍ മുഴുകി.

ഒരു യോഗത്തില്‍ അതിശക്തമായ നിലയില്‍ സംസാരിക്കുകയാണ്. അന്നത്തെ സെക്രട്ടറിമാരായ എ പിയും അബ്ദുര്‍റസ്സാഖ് മൗലവിയുമൊക്കെയുണ്ട് പ്രസീഡിയത്തില്‍. സാധാരണപോലെ തട്ടുത്തരങ്ങളുണ്ടായി. കെ കെ വിടുന്ന ലക്ഷണമില്ല. വീണ്ടും എഴുന്നേറ്റ് സംസാരം തുടങ്ങി. ആദരണീയനായ മര്‍ഹൂം കെ പി മുഹമ്മദ് മൗലവി പറഞ്ഞു: മുഹമ്മദ് ഇരിക്കണം. ഉടന്‍ തന്നെ കെ കെ ഇരുന്നു. ചില സുഹൃത്തുക്കള്‍ ചോദിച്ചു. കെ കെ എന്താണു പിന്നീടൊന്നും പറയാതിരുന്നത്. കെ കെ പറഞ്ഞു: മൗലവി എന്റെ ഗുരുനാഥനാണ്. കെ കെയെ നിശബ്ദനാക്കാന്‍ ആ ഗുരുവിനേ കഴിഞ്ഞുള്ളൂ.

മുജാഹിദ് പ്രസ്ഥാനത്തില്‍ പ്രശ്നങ്ങളുണ്ടാവുകയും യാതൊരു തത്വദീക്ഷയുമില്ലാതെ  മറുപക്ഷം  ആരോപണശരങ്ങള്‍ തൊടുത്തുവിടുകയും ചെയ്തപ്പോള്‍, കെ കെ എന്നോട് ചോദിച്ചു: നിങ്ങള്‍ ഐ എസ് എം പ്രസിഡന്റായിരുന്ന കാലത്തെ സാമ്പത്തിക ഇടപാടുകള്‍ എങ്ങനെയായിരുന്നു. ഞാന്‍ പറഞ്ഞു: ഞാന്‍ നേരിട്ട് പണം കൈകാര്യം ചെയ്തിട്ടില്ല. ആര്‍ക്കും സംഘടനയുടെ പണം നല്കുകയോ പണം വാങ്ങുകയോ ചെയ്തിട്ടില്ല. ഓഫീസില്‍ വരുന്ന കാശിന് അവിടന്ന് റസീപ്റ്റ് കൊടുക്കും. ചെലവുകള്‍ക്ക് ബില്ലും റസീപ്റ്റുമുണ്ടാകും. ഇടപാടുകള്‍ ബാങ്ക് വഴിയാണ് നടത്തുക. രണ്ട് പേരൊപ്പിട്ടാല്‍ മാറാവുന്ന ജോയിന്റ് എക്കൗണ്ടാണത്. കെ കെ പറഞ്ഞു: വളരെ നല്ലത്. ഒന്നും പേടിക്കണ്ട. സാമ്പത്തിക ഇടപാടുകള്‍ എന്നും പരിശോധിക്കാനാവുമല്ലോ. നിങ്ങളെ തകര്‍ക്കാന്‍ സാമ്പത്തിക ക്രമക്കേടാരോപിക്കാന്‍ ആര്‍ക്കും കഴിയില്ല. കെ കെയുടെ വിലയിരുത്തല്‍ ഏറ്റവും ശരിയായിരുന്നു. അങ്ങനെത്തന്നെയാവണം ഇടപാടുകള്‍ എന്ന് അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. കോഴിക്കോട്ട് വരുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന അത്യാവശ്യങ്ങള്‍ക്ക് സംഘടനയുടെ പണം അഡ്ജസ്റ്റ് ചെയ്യാതെ വ്യക്തികളോട് കടം വാങ്ങുന്ന ശീലം തുടര്‍ന്നുപോകുന്നതും കെ കെയുടെ പ്രേരണ കൊണ്ടാണ്.

കെ കെയുടെ സമീപനം നേര്‍ക്കുനേരെയായിരുന്നു. അറിയാത്ത കാര്യങ്ങള്‍ പറഞ്ഞുനടക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ആരോടാണോ പറയേണ്ടത് അയാളെ കണ്ട് പറയുക. അതായിരുന്നു സമീപനം. സംഘടനാ പ്രശ്‌നത്തില്‍ തനിക്കുള്ള നിര്‍ദേശം ടി പി അബ്ദുല്ലക്കോയ മദനിയെ നേരില്‍ ചെന്നുപറഞ്ഞ് മനസ്സിലാക്കിക്കൊടുത്തത് ഈ ഒരു സമീപനം കൊണ്ടായിരുന്നു. മുജാഹിദ് പ്രസ്ഥാനത്തില്‍ പ്രശ്‌നങ്ങളുണ്ടാവുകയും കെ കെ ഉള്‍പ്പെടെയുള്ള ചേരിയിലുള്ളവര്‍ക്ക് തൗഹീദില്ലെന്നും തൗഹീദില്‍ വ്യതിയാനമുണ്ടെന്നും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഒന്നിച്ച് പ്രവര്‍ത്തിച്ച പലരും രണ്ട് ചേരിയിലായി. ആരോപണങ്ങള്‍ ശക്തിപ്പെട്ട സാഹചര്യത്തില്‍ എന്താണ് പരിഹാരമെന്നു ഞാന്‍ കെ കെയോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ആരോപണങ്ങള്‍ക്ക് മറുപടി പറയണ്ട, ബുദ്ധിയുള്ള ജനം സ്വയം വിലയിരുത്തും. ഒരുദാഹരണം: ഞാനും മുഹമ്മദ് മദനിയും ഒന്നിച്ചൊരു പാട് പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പുതിയ പ്രദേശങ്ങളില്‍ മദനിയാണാദ്യം പ്രസംഗിക്കുക. പരലോകം എന്ന വിഷയം വളരെ ഭംഗിയായി അദ്ദേഹം അവതരിപ്പിക്കും. നരകവും സ്വര്‍ഗവുമെല്ലാം അതില്‍ വരും. ആളുകള്‍ ആ പരലോകചിന്തയില്‍ ലയിച്ചിരിക്കുമ്പോള്‍ ഞാന്‍ തൗഹീദ് പ്രസംഗിക്കും. അങ്ങനെയായിരുന്നു ആദ്യകാലത്തെ പരിപാടികള്‍. ആദ്യം തൗഹീദ് പറയണമെന്നും അല്ലെങ്കില്‍ വ്യതിയാനമാകുമെന്നും അന്ന് ആരും പറഞ്ഞിരുന്നില്ല. ഇതല്ലേ പുതുമ! തൗഹീദ് പറഞ്ഞ എനിക്ക് തൗഹീദില്ലത്രെ. പരലോകം പറഞ്ഞ മദനിക്ക് തൗഹീദുണ്ടുപോലും. കെ കെയുടെ വിലയിരുത്തല്‍ കൃത്യമായിരുന്നു.    



*******




നഗ്നപാദനായി വെളിച്ചത്തിലേക്ക്

കെ പി സകരിയ്യ
(ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി)

ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഒരു യാത്രക്കിടെ കെ കെ ഞങ്ങളോടായി പറഞ്ഞു: ''ഞാനൊരു സ്വപ്നം കണ്ടു. കുറെ കറുത്ത പുക. അതിനിടയില്‍ ഒരു ആള്‍ രൂപം. കറുത്ത പുകമാറി വെളുത്ത പുക വന്നു. അതിനിടയില്‍ അയാള്‍ ഉയരങ്ങളിലേക്ക് ഉയര്‍ന്നുപോകുന്നു.'' എന്തായിരിക്കും ഈ സ്വപ്നത്തിന്റെ അര്‍ഥം? -കെ കെ ചോദിച്ചു. ഞങ്ങള്‍ക്ക് അന്ന് അതിന്റെ അര്‍ഥം അറിയില്ലായിരുന്നു. നബി(സ) പറഞ്ഞു: ''എനിക്ക് ശേഷം പ്രവാചകത്വമില്ല. സുവിശേഷവാര്‍ത്തകള്‍ മാത്രം. പ്രവാചകരേ, എന്താണ് സുവിശേഷ വാര്‍ത്തകള്‍? നബി (സ) പറഞ്ഞു: സദ്‌സ്വപ്നങ്ങള്‍''. (അഹ്മദ്, നസാഈ, അബൂദാവൂദ്) ഈ സ്വപ്നത്തിന്റെ പുലര്‍ച്ചയായിരുന്നുവോ ജൂലായ് 28ന് കാലത്ത് സംഭവിച്ചത്? (അല്ലാഹു അഅ്‌ലം)


തന്റെ പ്രിയഗുരു കെ പിയെപ്പോലെ സിരകളില്‍ ഖുര്‍ആന്‍ ആവാഹിച്ച വ്യക്തിത്വമായിരുന്നു കെ കെയുടേത്. ആദരണീയനായ കെ പി ബേബി ഹോസ്പിറ്റലിലെ കിടക്കയില്‍ നിന്ന് എന്നോട് പറഞ്ഞത് ഞാനോര്‍ക്കുന്നു: 'നീ സലഫി ലൈബ്രറിയില്‍ നിന്ന് ഇമാം സുയൂഥിയുടെ ഇത്ഖാന്‍ കൊണ്ടുവന്നുതരണം.' ഇത്ഖാന്‍ ഖുര്‍ആന്‍ വിജ്ഞാനീയങ്ങളുടെ ഒരു അത്ഭുതകലവറയാണ്. കെ കെയുടെ അവസാന ശ്വാസത്തിലും ഖുര്‍ആനിന്റെ ഗന്ധമുണ്ടായിരുന്നു. വാക്കിലും നോക്കിലും വസ്ത്രത്തിലും വര്‍ത്തനത്തിലും കാപട്യമേശാത്ത അപൂര്‍വം വ്യക്തിത്വങ്ങളിലൊരാളായിരുന്നു കെ കെ.
 

ഏകദേശം നാല് മാസങ്ങള്‍ക്കു മുമ്പ് വൈകുന്നേരം മകന്‍ അസ്‌ലമിനോടൊപ്പം മര്‍കസുദ്ദഅ്‌വയില്‍ വന്നിറങ്ങിയ കെ കെ നമസ്‌കാരശേഷം മുകളിലേക്ക് കയറാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഞാനിവിടെ ഇരിക്കാമെന്നു പറഞ്ഞ് താഴെ ട്രൂത്തിന്റെ ഓഫീസിലിരുന്നു. എന്നെ അടുത്തു വിളിച്ച് ചില സ്വകാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞു. തന്റെ രോഗത്തിന്റെ നിലവിലുള്ള അവസ്ഥയെയും ചികിത്സയെയും അതിന്റെ പരിണാമത്തെയും സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. ''എന്റെ രോഗത്തിന്റെ സ്ഥിതിയെ സംബന്ധിച്ച് അസ്‌ലമിന്നറിയാം. നീയും കൂടി ഇതറിയുന്നത് നന്നായിരിക്കും. എന്റെ ക്ലാസുകളും മറ്റുപരിപാടികളും എനിക്ക് മുമ്പത്തെപ്പോലെ ഇനി മുമ്പോട്ടു കൊണ്ടുപോകാനാവില്ല. എന്നാല്‍ ഖുര്‍ആന്‍ പാഠത്തിന്റെ രചന എന്റെ അവസാന നിമിഷം വരെ തുടരണമെന്ന് ഞാന്‍ വിചാരിക്കുന്നു.'' കാന്‍സറിന്റെ മാരകമായ വ്രണങ്ങള്‍ തന്നെ കീഴടക്കിയിട്ടുണ്ടെന്നറിഞ്ഞിട്ടും നിര്‍ഭയമായി സംസാരിക്കുന്ന വിശ്വാസദാര്‍ഢ്യതയുള്ള അപൂര്‍വ മനുഷ്യന്‍. തന്നെ സന്ദര്‍ശിക്കാന്‍ വന്നവരെയെല്ലാം ആശ്വസിപ്പിച്ചു വിട്ട അപൂര്‍വ വ്യക്തിത്വം. വേദന തിന്ന് കിടക്കുമ്പോഴും വരുന്നവരോട് തമാശപറഞ്ഞ് കുശലാന്വേഷണം നടത്തിയ ഈ മനുഷ്യന് കരുത്തേകിയതെന്താണ്? കാപട്യം തീണ്ടാതെ നടന്നുതീര്‍ത്ത കര്‍മനൈരന്തര്യത്തിന്റെ ഇന്നലെകളെ സംബന്ധിച്ച ഈമാനികമായ ഓര്‍മകള്‍. നബി പറഞ്ഞു: ''അല്ലാഹു ഒരാള്‍ക്ക് വല്ല ഗുണവും ചെയ്യാനുദ്ദേശിച്ചാല്‍ അയാളെ പരീക്ഷിക്കും'' (ബുഖാരി, മുസ്‌ലിം). അബൂഹുറയ്‌റ നിവേദനംചെയ്ത മറ്റൊരു ഹദീസില്‍ നബി പറഞ്ഞു: ''ഒരു മുസ്‌ലിന് ക്ഷീണമോ രോഗമോ ദുഃഖമോ ക്ലേശമോ വ്യഥയോ ബാധിക്കുന്നില്ല. അവന് ഒരു മുള്ളുപോലും തറക്കുന്നില്ല. അവന്റെ പാപങ്ങള്‍ അല്ലാഹു ക്ഷമിച്ചുകൊടുത്തിട്ടല്ലാതെ.'' (ബുഖാരി, മുസ്‌ലിം)

ആയിരക്കണക്കിന് മനുഷ്യര്‍ക്ക് വിശുദ്ധഖുര്‍ആനിന്റെ വെളിച്ചം പ്രസരിപ്പിക്കുന്ന ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളെന്ന ബ്രഹത്തായ അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയുടെ ജീവനാഡിയായിരുന്ന കെ കെയ്ക്ക് ഖുര്‍ആന്‍ പഠനക്ലാസുകള്‍ എന്നും ജീവനായിരുന്നു. ബൈപാസ് ഓപ്പറേഷന് ശേഷവും സ്വുബ്ഹ് നമസ്‌കാരാനന്തരം തിരക്കുള്ള ബസ്സില്‍ തൂങ്ങിപ്പിടിച്ചു നിന്ന് കോഴിക്കോട്ട് ക്ലാസ്സിനെത്തിയിരുന്ന കെ കെ ഖുര്‍ആനിലൂട്ടപ്പെട്ട വ്യക്തിത്വം തന്നെയായിരുന്നു. ചില ദിവസങ്ങളില്‍ രാത്രി ക്യു എല്‍ എസ് ക്ലാസ് കഴിഞ്ഞ് 10 മണിക്കുശേഷമുള്ള തിരക്കേറിയ മൈസൂര്‍ ബസ്സില്‍ പാഞ്ഞുകയറി നാട്ടിലേക്ക് തിരിക്കുന്ന കെ കെ ഖുര്‍ആനിനെ ജീവിക്കുന്ന സന്ദേശമാക്കുകയായിരുന്നു. ഒരു ദിവസം രാത്രി പ്രസ്ഥാനബന്ധുവായ ഒരു കണ്ടക്ടര്‍ കെ എസ് ആര്‍ ടി സി കാന്റീനില്‍ ചായ കുടിച്ചുകൊണ്ടിരിക്കുന്നു. നല്ല തിരക്കുള്ള ദിവസമായിരുന്നു. ക്യു എല്‍ എസ് ക്ലാസ് കഴിഞ്ഞ് കൈയില്‍ ഒരു കവറില്‍ വീട്ടിലെക്കുള്ള സാധനങ്ങളുമായി കെ കെ സ്റ്റാന്റിലെത്തുന്നു. ബസ് സ്റ്റാര്‍ട്ട് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. തിങ്ങിനിറഞ്ഞ ബസ്സിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്ന ബൈപ്പാസ് കഴിഞ്ഞ തന്റെ പ്രിയ കെ കെ വീഴുമെന്ന ഘട്ടം വന്നപ്പോള്‍ അയാള്‍ ചായ കുടി നിര്‍ത്തി ഓടിവന്ന് കെ കെയെ പിടിച്ചിറക്കി. അയാള്‍ പറഞ്ഞു: സാര്‍ നേരത്തെ പോകേണ്ടിയിരുന്ന ഒരു ബസ് ഗ്യാരേജില്‍ റിപ്പയര്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അത് വന്നിട്ട് പോകാം.

കണ്ണൂരില്‍ നടന്ന ക്യു എല്‍ എസ് സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണത്തിന് വേണ്ടിയുള്ള യാത്രയായിരുന്നു സംഘടനാപരമായി നടത്തിയ അവസാനയാത്ര. യാത്രക്കിടയില്‍ ഡ്രൈവറോട് കെ കെ ചോദിച്ചു: 'ഒരു സെകനന്റ് കാറിന് എന്തു വില വരും?' കരുവമ്പൊയില്‍ അങ്ങാടിയിലെത്തി അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള ഊടുവഴിയിലേക്ക് വാഹനം തിരിച്ചുവിടാന്‍ തുടങ്ങിയപ്പോള്‍ കെ കെ ഡ്രൈവറോട് പറഞ്ഞു. ഇവിടെ റോഡരികില്‍ നിര്‍ത്തുക. വീട്ടില്‍ വിടാന്‍ സമ്മതിച്ചില്ല. കെ കെ പറഞ്ഞു: ഞാനേറെ നടന്നവഴിയാണിത്. നിങ്ങള്‍ക്ക് ഇനിയും കുറേ പോകാനുണ്ടല്ലോ. സോക്രട്ടീസിനെപ്പോലെ അദ്ദേഹം നഗ്നപാദനായി ആ ഇരുട്ടിനെ മുറിച്ച് വെളിച്ചത്തിലേക്ക് നടന്നു. ഒരു കാറുമില്ലാതെ അനന്തമായ കാറുകളുടെ ഇരമ്പമുള്ള ലോകത്തേക്ക്.

മക്കയിലെ മസ്ജിദുല്‍ ഹറമിന് തൊട്ടടുത്തുള്ള 'ദാറുക്കും' ഹോട്ടല്‍. സുഹൃത്തുക്കളെല്ലാം ഉറങ്ങിക്കിടക്കുന്നു. കെ കെ രാത്രി മൂന്നു മണിക്ക് എഴുന്നേറ്റ് ഹറമിലേക്ക് നടന്നു. തിരക്കില്ലാത്ത നേരം നോക്കി ഹജറുല്‍ അസ്‌വദ് മുത്തി തഹജ്ജുദ് നമസ്‌കാരം നിര്‍വഹിച്ച് നിര്‍വൃതിയടഞ്ഞ കെ കെയുടെ സന്തോഷഭരിതമായ മുഖം ഇപ്പോഴും കണ്‍മുമ്പില്‍ തെളിയുകയാണ്. അതെ, അതായിരുന്നു അറിയപ്പെടാത്ത നിഷ്‌കളങ്കനായ കെ കെ. താര്‍ക്കികനെന്ന് നമ്മില്‍ പലരും കരുതുന്ന കെ കെയെ അറിവിന്റെ നിറകുടങ്ങളായ ഉമ്മുല്‍ഖുറാ യൂണിവേഴ്‌സിറ്റിയിലെ പണ്ഡിതവര്യരായ പ്രൊഫസര്‍മാര്‍ എത്ര സ്‌നേഹപൂര്‍വമായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. ആരെയും ആകര്‍ഷിക്കുന്ന കീഴടക്കുന്ന, മഹാനായ മനുഷ്യന്‍.

കോഴിക്കോട് എം എം ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ എം എസ് എമ്മിന്റെ പരിപാടി നടക്കുന്നു. ഹാള്‍ തിങ്ങിനിറഞ്ഞ് അകത്ത് കയറാനാവാതെ നൂറുകണക്കിന് കുട്ടികള്‍ പുറത്ത് നില്ക്കുന്നു. പലരും വന്ന് സംഘാടകരായ ഞങ്ങളെ ആക്ഷേപിക്കുന്നു. കെ കെ കടന്നുവരുന്നു. എന്താണ് പ്രശ്‌നമെന്ന് ചോദിക്കുന്നു. 'ഞാനിപ്പോള്‍ വരാം' എന്നു പറഞ്ഞ് കെ കെ പുറത്ത് പോകുന്നു. ചുറ്റുപാടുമുള്ള പരിചയക്കാരുടെ വീടുകളില്‍ കുട്ടികളെ വിട്ട് കട്ടപ്പാരയും കൈക്കോട്ടും സംഘടിപ്പിക്കുന്നു. ഗ്രൗണ്ടില്‍ ഒരു സ്റ്റേജ് ഉണ്ടാക്കുന്നു. മുകളില്‍ വന്ന് പരിപാടി അങ്ങോട്ട് മാറ്റാന്‍ പറയുന്നു. പ്രായോഗികമതിയായ ഒരു നേതാവ് എങ്ങനെയായിരിക്കണമെന്ന് കെ കെ ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു. അന്ന് കെ കെയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന, ഇന്ന് നമ്മോടൊപ്പമില്ലാത്ത എം എസ് എമ്മിന്റെ നിഷ്‌കളങ്കനായ ഉമര്‍ മുട്ടാഞ്ചേരിയെപ്പറ്റിയുള്ള ഓര്‍മകള്‍ മനസ്സില്‍ അസ്വസ്ഥമായ നൊമ്പരമായി കടന്നുവരികയാണ്.

ജൂലായ് 19ന് മഗ്‌രിബ് നമസ്‌കാരാനന്തരം അബൂബക്കര്‍ മൗലവിയും പി ടിയും ഐ പിയുമടക്കം ഞങ്ങള്‍ നാലുപേര്‍ മിംസ് ഹോസ്പിറ്റലില്‍ ഡോക്ടര്‍ അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ റൂമിലെത്തി. കെ കെയുടെ ചികിത്സാസൗകര്യങ്ങളുടെ അനന്തര നടപടികളെ സംബന്ധിച്ച് വിശദമായി ചര്‍ച്ചചെയ്തു. ശേഷം ഞങ്ങള്‍ കെ കെയുടെ വീട്ടിലെത്തി. നിങ്ങളോട് കൂടി ചോദിച്ചു വേണ്ടത് ചെയ്യാമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് എന്നറിയിച്ചപ്പോള്‍ കെ കെ പറഞ്ഞു: ''ഇനി നമ്മള്‍ കൂടുതല്‍ കഠിനമായ ചികിത്സകളൊന്നും ചെയ്യേണ്ടതില്ല. ചെറിയതോതില്‍ കാര്യങ്ങള്‍ ചെയ്ത് സാധ്യമാകുന്നത്ര മുമ്പോട്ട് പോകാം.''

തന്റെ ഗുരുവിന്റെ അതേ ദീര്‍ഘദര്‍ശിത്വം. കെ പിയുടെ മരണത്തിന് ഒരാഴ്ചമുമ്പ് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന അന്നത്തെ എം എസ് എമ്മിന്റെ ഭാരവാഹികളായ ഞങ്ങളോട് അദ്ദേഹം പറഞ്ഞു: മുസ്‌ലിം നിവേദനം ചെയ്ത ഒരു ഹദീസുണ്ട്. അതിപ്രകാരമാണ് എന്റെ ഉമ്മത്തിന്റെ ആയുസ്സ് 60നും 70നുമിടയിലാണ്. ഞാന്‍ ഇപ്പോള്‍ 70 വര്‍ഷം ജീവിച്ചു കഴിഞ്ഞു. ഇനിയുള്ളതെല്ലാം മിച്ചം. സാധ്യമാകുന്നത്ര മുമ്പോട്ട് പോകാം.

മരണത്തിന്റെ തലേന്നാള്‍ വൈകുന്നേരം ഹോസ്പിറ്റലില്‍ ചെന്നപ്പോഴും പ്രയാസകരമായ സാഹചര്യങ്ങളിലൂടെ മുമ്പോട്ട് പോകുമ്പോഴും ദൃഢചിത്തതയോടെ വന്നവരെയെല്ലാം പേര്‍ ചൊല്ലി വിളിച്ചു കുഞ്ഞുങ്ങളെ അടുത്ത് വിളിച്ച് തലോടിയും യാത്രപോകാന്‍ തയ്യാറെടുക്കുകയായിരുന്നു കെ കെ. സ്വുബ്ഹ് നമസ്‌കാരത്തിനു ശേഷം മരിക്കണമെന്നായിരുന്നു ബാപ്പയുടെ ആഗ്രഹമെന്ന് മകന്‍ അസ്‌ലം പറഞ്ഞു. സ്വുബ്ഹ് നമസ്‌കാരശേഷം ബര്‍സഖിയായ ലോകത്തേക്കുള്ള യാത്രയുടെ വിസ്മൃതിയിലേക്ക് അദ്ദേഹം മെല്ലെ മെല്ലെ നീങ്ങുകയായിരുന്നു.

കെ പിയും കെ വിയും കെ കെയുമെല്ലാം വെളുത്ത പുക കടന്ന് ഉയരങ്ങളിലേക്ക് ഉയര്‍ന്നുപോയിരിക്കുന്നു. സര്‍വലോക നാഥാ, മുമ്പേ കടന്നുപോയ ആദരണീയരായ ഞങ്ങളുടെ ഗുരുനാഥന്മാര്‍ക്കും നേതാക്കള്‍ക്കുമെല്ലാം സ്വര്‍ഗാരാമം നല്കി അനുഗ്രഹിക്കേണമേ! (ആമീന്‍)             



*******
 
സംഘാടകനും പ്രബോധകനും

എ അസ്ഗറലി

(സെക്രട്ടറി, കെ എൻ എം)

മുജാഹിദ് പ്രസ്ഥാനം കൂടുതല്‍ ജനകീയമാവുന്നതിലും സംഘടനാപരമായി ശക്തി നേടുന്നതിലും ഐ എസ് എമ്മിന്റെ രൂപീകരണം നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ആചാരാനുഷ്ഠാനങ്ങളിലെ പാളിച്ചകളും വിശ്വാസകാര്യങ്ങളിലെ ജീര്‍ണതകളും വിപാടനം ചെയ്യുന്നത് പോലെ നിരീശ്വര നിര്‍മത പ്രസ്ഥാനങ്ങളുടെ ആശയങ്ങളില്‍ നിന്നും തീവ്ര ഇസ്‌ലാമിക വിപ്ലവ ചിന്തകളില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പ്രസ്ഥാനം തിരിച്ചറിഞ്ഞത് ഐ എസ് എമ്മിന്റെ രൂപീകരണം മുതല്‍ക്കാണ്. അതിനുമുമ്പും ചില പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെങ്കിലും വ്യവസ്ഥാപിതമായി നടത്താന്‍ സാധ്യമായിരുന്നില്ല. ഇസ്‌ലാമിനെ ഇതര വിഭാഗങ്ങള്‍ക്ക് പരിചയപ്പെടുത്താനും ഇസ്‌ലാമിനു നേരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാനും കൂടുതല്‍ ശ്രദ്ധ വേണമെന്ന് പ്രസ്ഥാനം മനസ്സിലാക്കുകയും ചെയ്തു. 1967ല്‍ ഐ എസ് എം രൂപീകൃതമായതുമുതല്‍ ഈ അടിസ്ഥാനത്തില്‍ ക്രിയാത്മക പരിപാടികള്‍ നടപ്പിലാക്കിവരികയുണ്ടായി.

കെ വി മൂസസുല്ലമി ഐ എസ് എം ജനറല്‍ സെക്രട്ടറി ആയതോടെയാണ് പ്രവര്‍ത്തകരിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഐ എസ് എം കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചുതുടങ്ങിയത്.

'ഇസ്‌ലാമിനെ ചര്‍ച്ച ചെയ്യുക' എന്ന പൊതുബാനറില്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മുജാഹിദുവേദികളില്‍ കടന്നുവന്ന് അവരുടെ ആശയങ്ങളിലേക്കും ശൈലികളിലേക്കും ജനങ്ങളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചതും ഇതേ കാലത്തായിരുന്നു.

മേല്പറഞ്ഞ എല്ലാ കാര്യങ്ങളിലും കൃത്യവും വ്യക്തവുമായ കാഴ്ചപ്പാടും ജനങ്ങളിലേക്ക് കടന്നുചെന്ന് പ്രവര്‍ത്തിക്കാന്‍ ആത്മാര്‍ഥതയുമുള്ള ചുരുക്കം നേതാക്കളില്‍ പ്രമുഖനായിരുന്നു കെ കെ മുഹമ്മദ് സുല്ലമി. പൊതുവിഷയങ്ങള്‍ പ്രഭാഷണ പരമ്പരകളില്‍ കൈകാര്യംചെയ്യുന്നതിലും പാരമ്പര്യമായി കൈകാര്യംചെയ്യുന്ന വിഷയങ്ങള്‍ കാലിക പ്രസക്തമായി അവതരിപ്പിക്കുന്നതിലും കെ കെയുടെ കഴിവ് അസാധാരണമായിരുന്നു. ഭൗതിക വിദ്യാഭ്യാസം നേടിയ യുവാക്കള്‍ക്ക് കെ കെയുടെ ഖുര്‍ആന്‍ ക്ലാസുകളും പ്രഭാഷണങ്ങളും മതത്തെക്കുറിച്ച് കൂടുതല്‍ അടുത്തറിയാന്‍ പ്രചോദനം നല്കി.

ഐ എസ് എമ്മിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മൂന്ന് പണ്ഡിതന്മാരുടെ പങ്ക് എക്കാലത്തും സ്മരിക്കപ്പെടേണ്ടതാണ്. കെ കെ മുഹമ്മദ് സുല്ലമി, എം മുഹമ്മദ് മദനി, സി എ മുഹമ്മദ് മൗലവി. ഓരോ പ്രദേശത്തും ഈ മൂന്നുപേരും മൂന്നു ദിവസം പ്രഭാഷണം നടത്തും. അതോടെ ആ പ്രദേശത്ത് മുജാഹിദ് പ്രസ്ഥാനത്തിന്റെ വെളിച്ചം കടന്നുചെല്ലുകയായി. പിന്നീട് ശാഖാ രൂപീകരണവും പള്ളി, മദ്‌റസകള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങളും തുടങ്ങും. എം മുഹമ്മദ് മദനിയുടെ പരലോകം, കെ കെയുടെ തൗഹീദ്, ഖുര്‍ആന്‍ പഠനം, സി എ മൗലവിയുടെ കര്‍മാനുഷ്ഠാന വിഷയങ്ങള്‍ എന്നിങ്ങനെയുള്ള പ്രഭാഷണങ്ങള്‍ പൊതുവില്‍ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ സാധാരണക്കാര്‍ക്ക് കൃത്യമായി മനസ്സിലാക്കാന്‍ സഹായകമായിരുന്നു. ചില ദിവസങ്ങളില്‍ മൂന്നുപേരും ഒരേ ദിവസം തന്നെ മൂന്നു വിഷയങ്ങളും വിശദീകരിക്കും. സാധാരണ പരലോകവിശ്വാസത്തെക്കുറിച്ച മദനിയുടെ ഭക്തിനിര്‍ഭരമായ പ്രഭാഷണം കേട്ട് ആളുകളില്‍ മാനസികമായി അടുപ്പം ഉണ്ടാക്കും. തുടര്‍ന്ന് തൗഹീദിന്റെ വിവിധ തലങ്ങള്‍ പ്രത്യേകശൈലിയില്‍ കെ കെ വിശദീകരിക്കും. എതിര്‍ക്കണമെന്ന് കരുതി വരുന്നപലരും ഖുര്‍ആന്‍വചനങ്ങള്‍ ഉദ്ധരിച്ചുള്ള ഈ പ്രഭാഷണം കേട്ട് മാറിച്ചിന്തിക്കുക പതിവാണ്. സി എയുടെ സുന്നത്തും ബിദ്അത്തും വിശദീകരണം അല്പം കടന്നകൈയായി തോന്നുമെങ്കിലും അതോടെ ആ പ്രദേശത്തുകാര്‍ക്ക് മുജാഹിദ് ആശയം എന്തെന്ന് വ്യക്തമാകാതെ പോവുകയില്ല. പലപ്പോഴും ഗൃഹയോഗങ്ങളിലും ഖുര്‍ആന്‍ ക്ലാസുകളിലുമാണ് ഈ പ്രഭാഷണങ്ങള്‍ നടക്കുക. വളരെ കുറഞ്ഞ ശ്രോതാക്കളാണെങ്കിലും പ്രഭാഷകര്‍ക്ക് യാതൊരു വിഷമവുമില്ല. തുടര്‍ന്ന് കെ വി മൂസ സുല്ലമിയുടെ രംഗപ്രവേശമായി. ഒരു മുജാഹിദ് പ്രവര്‍ത്തകനെ അദ്ദേഹം കണ്ടെത്തും. തല്ക്കാലം 6-7 പേരെ ചേര്‍ത്ത് അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കും.

അരീക്കോട് കോളെജില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് മലബാറിലെ മിക്ക പ്രദേശങ്ങളിലേക്കും നിരന്തരം പ്രഭാഷണത്തിന് പോവുന്ന കെ കെയുടെ ഊണും ഉറക്കവുമൊഴിച്ചുള്ള ഈ ദൗത്യം പ്രസ്ഥാനത്തിന് എത്രമാത്രം ശക്തിപകര്‍ന്നുവെന്ന് ഇന്നും പലര്‍ക്കുമറിയുകയില്ല.

ഐ എസ് എമ്മിന്റെ തുടക്കം മുതല്‍ക്കേ കെ കെ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. ശബാബ് പ്രസിദ്ധീകരണം തുടങ്ങുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഐ എസ് എമ്മിന്റെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നതിലാണ് കെ കെ കൂടുതല്‍ താല്‍പര്യം കാണിച്ചിരുന്നത്. കെ കെ ഒരേസമയം സംഘാടകനും പ്രബോധകനും വളണ്ടിയറുമായിരുന്നു. പ്രഭാഷണങ്ങള്‍ക്ക് ചില സ്ഥലങ്ങളില്‍ പോകുമ്പോള്‍ മൈക്ക് കെട്ടാനും സ്റ്റേജ് ശരിയാക്കാനും കെ കെ മുന്നിലുണ്ടാവും. പിന്നീടാണ് അദ്ദേഹം പ്രഭാഷകനായി രംഗത്തുവരുന്നത്. മുജാഹിദ് പഠനക്യാമ്പുകളിലും സമ്മേളനങ്ങളിലും വളണ്ടിയര്‍മാരെ സംഘടിപ്പിക്കാനും ഏറ്റവും കൂടുതല്‍ ശ്രമകരമായ ഭക്ഷണവകുപ്പ് കൈകാര്യം ചെയ്യാനും കെ കെക്ക് യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല.

കുറ്റിപ്പുറം സമ്മേളനത്തില്‍ അപ്രതീക്ഷിതമായി ജനക്കൂട്ടം സമ്മേളനനഗരിയിലേക്ക് പ്രവഹിച്ചു. മുമ്പത്തെ രജിസ്‌ട്രേഷന്റെ ഇരട്ടിയിലധികം അവസാനത്തെ രണ്ട് ദിവസങ്ങളില്‍  രജിസ്റ്റര്‍ ചെയ്തു. ഇതുകാരണം ഭക്ഷണം ഒന്നും തികയാതെ വന്നു. ആരും തളര്‍ന്നുപോവുന്ന അവസ്ഥ. കെ കെ ഒരു കൂസലും കൂടാതെ ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ എന്ന നിലക്ക് മേല്‍നോട്ടം വഹിക്കുക മാത്രമല്ല പാചകക്കാരനും വെപ്പുകാരനുമൊപ്പം തീയും പുകയും ഏറ്റ് അധ്വാനിക്കുന്ന കാഴ്ചയാണ് കണ്ടത്.  ശിഷ്യന്മാരായ പ്രവര്‍ത്തകര്‍ക്ക് ഗുരുനാഥന്റെ ഈ സേവനസന്നദ്ധക്ക് മുമ്പില്‍ മാറിനില്ക്കാനാവുമായിരുന്നില്ല. അവരും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. പ്രതിനിധികള്‍ക്ക് അല്പം വൈകിയെങ്കിലും ഭക്ഷണം എത്തിക്കുന്നതില്‍ വിജയിക്കുക തന്നെ ചെയ്തു. പാലക്കാട് സമ്മേളനത്തില്‍ വളണ്ടിയര്‍മാരെ സംഘടിപ്പിക്കാനാണ് കെ കെക്ക് ചുമതലയുണ്ടായിരുന്നത്. ഇവിടെ ഭക്ഷണവകുപ്പ് കുറ്റിപ്പുറത്തേക്കാള്‍ വിഷമത്തില്‍ അകപ്പെടുകയായിരുന്നു. കെ കെ വളണ്ടിയര്‍മാര്‍ക്ക്  ഭക്ഷണ കാര്യത്തിലും നേതൃത്വം നല്കാന്‍ നിര്‍ദേശം നല്കി. എന്നാല്‍ പിലാത്തറ സമ്മേളനത്തില്‍ ഭക്ഷണവകുപ്പ് ഏറ്റെടുക്കാന്‍ പലരും മടികാണിച്ചു. കെ കെയെ തന്നെ ഏല്പിക്കണമെന്ന് പലരും ആവശ്യപ്പെട്ടു. എന്നാല്‍ എക്കാലത്തും ഭക്ഷണ വകുപ്പും വളണ്ടിയര്‍വകുപ്പും കൊടുത്ത് സീനിയര്‍ നേതാവിനെ പ്രയാസപ്പെടുത്തുന്നതില്‍ മറ്റു പലരും വിഷമം പങ്കിട്ടു. സ്വാഗതസംഘ പാനല്‍ ആലോചനായോഗത്തില്‍ ഈ ലേഖകന്‍ കെ കെയെ ചുമതലപ്പെടുത്താമെന്ന് ഏറ്റു. ഞാന്‍ കണ്‍വീനറും കെ കെ ചെയര്‍മാനുമായി വകുപ്പ് രൂപീകരിച്ചു. എന്നാല്‍ രണ്ടാം ദിവസം തന്നെ ഞാന്‍ തളരുകയും നിര്‍ബന്ധമായും വിശ്രമിക്കേണ്ട അവസ്ഥയിലാവുകയും ചെയ്തു. എന്നാല്‍ കെ കെ ചെയര്‍മാനും കണ്‍വീനറുമായി എല്ലാം ഒറ്റക്ക് നിറവേറ്റി. പ്രവര്‍ത്തനരംഗത്ത് കെ കെയെ പരാചയപ്പെടുത്താന്‍ അല്ലാഹുവിനല്ലാതെ ആര്‍ക്കും കഴിയുമായിരുന്നില്ല.

കഴിഞ്ഞ റമദാന്‍ മുതല്‍ കെ കെ അസുഖം കാരണം വിഷമത്തിലായിരുന്നു. രോഗം ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചപ്പോഴും അതത്ര ഗൗരവമായി കാണാന്‍ കെ കെ തയ്യാറല്ലായിരുന്നു. അക്കാര്യത്തില്‍ യാതൊരു വിഷമവുമില്ല. രോഗം കാണാന്‍ ചെല്ലുന്നവരോട് സംഘടനാ കാര്യങ്ങളും അവരുടെ നാട്ടിലെ പ്രശ്‌നങ്ങളും വിശദീകരിച്ച് ചോദിക്കുന്ന കെ കെ തന്റെ രോഗകാര്യം മറച്ചുവെക്കാനാണ് ശ്രമിച്ചത്. ആരുടെയും പ്രത്യേകമായ നോട്ടമോ സഹതാപമോ അദ്ദേഹം ഇഷ്‌പ്പെട്ടിരുന്നില്ല. അല്ലാഹുവിന്റെ പ്രീതിയും കാരുണ്യവുമാണ് വലുത്. അവ ലഭിക്കാന്‍ പ്രയത്‌നിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത അദ്ദേഹത്തിന് അല്ലാഹു മഗ്ഫിറത്ത് നല്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിന്നായി നമുക്ക് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം.        


*******    

തലമുറകളുടെ ശില്പി

മുജീബുര്‍റഹ്മാന്‍ കിനാലൂര്‍

ഏറെക്കാലം അധ്യാപകനായിരുന്ന കെ കെ കൂടുതല്‍ ഇഷ്ടപ്പെട്ടത് കുട്ടികള്‍ക്കൊപ്പം സമയം ചെലവിടാനായിരുന്നു. പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കിടയിലും അദ്ദേഹത്തിന്റെ കൂടുതല്‍ ശ്രദ്ധ വരുംതലമുറയ്ക്ക് ദിശാബോധം നല്കുന്നതിലും അവരെ പരിശീലിപ്പിച്ചെടുക്കുന്നതിലും തന്നെയായിരുന്നു.

മുജാഹിദ് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ രൂപീകരണം മുതലുള്ള മുഴുവന്‍ നേതൃപരിശീലന ക്യാമ്പുകളിലും ശിക്ഷണശില്‍പശാലകളിലും കെ കെ ഒരു അനിവാര്യതയായിരുന്നു. വിദ്യാര്‍ഥി സംഘടനക്ക് അടിക്കല്ലുപാകിയ വെള്ളൂര്‍ ക്യാമ്പ്, കുട്ടമംഗലം (വയനാട്) ക്യാമ്പ്, കടവത്തൂര്‍ ക്യാമ്പ്, കൈപ്പമംഗലം ക്യാമ്പ് എന്നിങ്ങനെ നിര്‍ണായകമായ പല പരിശീലനങ്ങളുടെയും ഡയറക്ടര്‍ കെ കെ ആയിരുന്നു. അതിനാല്‍, കെ കെയുടെ ശിക്ഷണത്തിലൂടെ വളര്‍ന്നുവന്നവരാണ് സംഘടനയുടെ രണ്ടാംതലമുറ തൊട്ടുള്ള നേതാക്കളെന്ന് ന്യായമായും പറയാം. പ്രവര്‍ത്തകരില്‍ നിന്ന് നേതൃപാടവമുള്ളവരെ കണ്ടെത്താനും പ്രോത്സാഹനത്തിലൂടെ അവരെ ഉയര്‍ത്തിക്കൊണ്ടുവരാനും കെ കെ കാണിച്ച ഉത്സാഹം മാതൃകാപരമാണ്.

1987ല്‍ കോഴിക്കോടും 1996 തൃശൂരിലും നടന്ന എം എസ് എം സംസ്ഥാന സമ്മേളനങ്ങള്‍ക്ക് മുഖ്യനേതൃത്വം വഹിച്ചവരിലൊരാള്‍ കെ കെയായിരുന്നു. ഇളം തലമുറയുടെ സാന്മാര്‍ഗിക ദിശാബോധം ലക്ഷ്യമിട്ട് എം എസ് എം പുറത്തിറക്കിയ 'ബാലകൗതുകം' മാസികയുടെ വളര്‍ച്ചയില്‍ കെ കെ മുന്‍കൈ എടുത്തിരുന്നു. അതിനുവേണ്ടി വിദേശത്തുനിന്ന് ധനസമാഹരണം നടത്താന്‍ ജാഫര്‍ അത്തോളി, ഡോ. അബൂബക്കര്‍ കടവത്തൂര്‍ എന്നിവരടങ്ങിയ സംഘത്തിന് നേതൃത്വം നല്കിയത് കെ കെ ആയിരുന്നു.

വിദ്യാര്‍ഥി പ്രസ്ഥാനത്തോടൊപ്പം കരുത്തുറ്റ ഒരു യുവജന പ്രസ്ഥാനത്തെയും രൂപപ്പെടുത്തുന്നതില്‍ നേതൃപരമായ പങ്ക് കെ കെയ്ക്ക് അവകാശപ്പെട്ടതാണ്. മുജാഹിദ് സമ്മേളനങ്ങളില്‍ കെ കെ ആവിഷ്‌കരിച്ചു നടപ്പാക്കിയ സുസജ്ജമായ വളണ്ടിയര്‍ സംവിധാനമാണ് ഐ എസ് എമ്മിന്റെ രൂപീകരണത്തിന് തന്നെ നിദാനമായതെന്ന് ചരിത്രം. ചരിത്ര പ്രസിദ്ധമായ മുജാഹിദ് സമ്മേളനങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും ശിക്ഷിതരമായ വളണ്ടിയര്‍മാരും സമര്‍പ്പണ മനോഭാവമുള്ള പ്രവര്‍ത്തകരുമായിരുന്നെങ്കില്‍ ആ ശിക്ഷണത്തിന്റെ ആസൂത്രകനും പരിശീലകനും കെ കെ ആയിരുന്നു.

ചെറുപ്പക്കാരെ, എപ്പോഴും 'നിങ്ങള്‍ ചെറുപ്പക്കാരാണെന്ന്' കെ കെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. പ്രായം കൂടിയിട്ടും താന്‍ ചെറുപ്പമാണെന്ന് കര്‍മരംഗത്ത്  അദ്ദേഹം  തെളിയിച്ചുകൊണ്ടിരുന്നു. സംഘടനാവര്‍ക്കുഷോപ്പുകളില്‍ കെ കെയുടെ ആവേശം ചൊരിയുന്ന ക്ലാസുകളോളം പ്രസ്ഥാനരംഗം ചലിപ്പിക്കാന്‍ പോന്ന മറ്റൊരു പ്രചോദക ഘടകമുണ്ടായിരുന്നില്ലെന്നത് സത്യം.

തലമുറകള്‍ക്കിടയില്‍ വിടവു വരാതെ കാത്തുസൂക്ഷിക്കാന്‍ എന്നും പ്രതിജ്ഞാബദ്ധനായിരുന്നു അദ്ദേഹം. വിദ്യാര്‍ഥി പ്രവര്‍ത്തകരുടെ തോളില്‍ കൈയ്യിട്ട് നടക്കാന്‍ ആ സീനിയര്‍ നേതാവിന് തടസ്സമായില്ല. സമ്മേളനപ്പന്തലുകളുടെ ഊട്ടുപുരകളില്‍ അന്തിയുറങ്ങിക്കൊണ്ട് പാണ്ഡിത്യത്തിന്റെയും നേതൃത്വത്തിന്റെയും സഹജ ജാടകളെ പുച്ഛിച്ചു തള്ളി കെ കെ. ചില്ലുകൂടാരങ്ങളിലിരിക്കുന്ന നേതാക്കള്‍ക്കല്ല, സാധാരണക്കാരുമായി ഇടകലര്‍ന്ന് അവരിലൊരാളായി ലയിക്കുന്നവര്‍ക്ക് മാത്രമാണ് സമൂഹ ഹൃദയങ്ങളില്‍ ഇരിപ്പിടമുള്ളതെന്ന് സ്വന്തം ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തിയാണ് ആ മഹാമനുഷ്യന്‍ കടന്നുപോയത്. നൂറുക്കണക്കിന് യോഗ്യരായ ശിഷ്യന്മാരെ വാര്‍ത്തെടുത്താണ് കെ കെ മണ്‍മറഞ്ഞത്. പക്ഷേ കെ കെയ്ക്കു തുല്യന്‍ ഒരാള്‍ മാത്രമേയുള്ളൂ; കെ കെ മാത്രം!



*******
 
ശാസ്ത്രബോധമുള്ള പണ്ഡിതന്‍, ചിന്തകന്‍, കര്‍മോത്സുകന്‍

പി മുഹമ്മദ് കുട്ടശ്ശേരി


''കയ്ഫര്‍റാസീ''?
ഡോ. ശൈഖ് അബ്ദുല്ല ഖര്‍നിയുടെ തമാശയിലുള്ള ചോദ്യം. മിംസ് ഹോസ്പിറ്റലിലാണ് രംഗം. മക്കയില്‍ പണ്ഡിത സംഗമത്തില്‍ പ്രഭാഷണങ്ങള്‍ നടത്തിയ അറബ് പണ്ഡിതന്മാര്‍ കേരള സന്ദര്‍ശനത്തിനിടയ്ക്ക് കെ കെയെ കണ്ട് ആശ്വസിപ്പിക്കാന്‍ വന്നതാണ്. തനിക്കൊരു രോഗവുമില്ലെന്ന ഭാവത്തില്‍ നിറഞ്ഞ ചിരിയോടെയായിരുന്നു കെ കെയുടെ മറുപടി.


ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇമാം റാസിയെപ്പറ്റി ശൈഖ് ഖര്‍നി നടത്തിയ പരാമര്‍ശം കെ കെയെ പല സംശയങ്ങളുമുന്നയിക്കാന്‍ പ്രേരിപ്പിച്ചു. കേരളത്തില്‍ നിന്നു വന്ന 'ശൈഖ് മുഹമ്മദിനെ' അറബ് പണ്ഡിതന്മാര്‍ക്ക് മറക്കാന്‍ കഴിയില്ല. അദ്ദേഹം അവരുമായി സംശയങ്ങള്‍ ഉന്നയിച്ചു കലഹിക്കാത്ത ദിവസം അപൂര്‍വമായിരുന്നു.

മക്കയിലേക്ക് പുറപ്പെടും മുമ്പ് തന്നെ ഹുസൈന്‍ മടവൂര്‍ ഒരു കാര്യം ഉണര്‍ത്തിയിരുന്നു. ''അറബ് പണ്ഡിതന്മാരോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ വളരെ സുക്ഷ്മത പാലിക്കണം. അവര്‍ പറയുന്നത് ചിലപ്പോള്‍ നമ്മുടെ വീക്ഷണത്തില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങളായിരിക്കും.'' പക്ഷേ, കെ കെ എന്ന സ്വതന്ത്ര ചിന്തകനായ ബുദ്ധിജീവിക്കുണ്ടോ തനിക്കു പെട്ടെന്നു ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങള്‍ കേട്ടാല്‍ ക്ഷമിക്കാന്‍ കഴിയുന്നു! ചോദ്യംചെയ്ത് സംശയം തീര്‍ക്കുന്ന ഈ സ്വഭാവവും അന്വേഷണ തൃഷ്ണയുമാണ് കെ കെയെ കേരളത്തിലെ മറ്റു പണ്ഡിതന്മാരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. സാധാരണ മതപണ്ഡിതന്മാര്‍ മത-ഭാഷാ വിജ്ഞാനങ്ങളുമായി ബന്ധപ്പെട്ട അറബി ഗ്രന്ഥങ്ങളേ വായിക്കാറുള്ളൂ. എന്നാല്‍ കെ കെ അവയ്ക്ക് പുറമെ കഥ, നോവല്‍, ശാസ്ത്രം, സാഹിത്യം, വിവിധ വിജ്ഞാനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളും ആനുകാലികങ്ങളും പതിവായി വായിക്കും. ഈ പരന്ന വായന അദ്ദേഹത്തിന്റെ വിജ്ഞാനമണ്ഡലത്തെ വികസിപ്പിക്കുകയും വിചാരത്തിന് കൂടുതല്‍ മികവ് നല്കുകയും ചെയ്തു. കെ കെയില്‍ ജന്മമെടുത്ത ശാസ്ത്രപണ്ഡിതന്‍ ഖുര്‍ആന്‍ വാക്യങ്ങളെ ആധുനിക ശാസ്ത്രത്തിന്റെ ഏറ്റവുംപുതിയ അറിവുകളുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുമ്പോള്‍ അത് എത്ര അത്യാകര്‍ഷകമായിരുന്നു! പ്രകൃതി വസ്തുക്കളില്‍ ഒളിഞ്ഞുകിടക്കുന്ന, അല്ലാഹുവിന്റെ അത്ഭുതകരമായ സൃഷ്ടി മാഹാത്മ്യത്തെ അദ്ദേഹം അനാവരണം ചെയ്യുമ്പോള്‍ അത് ആരിലും വിസ്മയം ഉളവാക്കും. ഗഹനമായ ശാസ്ത്രസത്യങ്ങള്‍ സാധാരണക്കാര്‍ക്ക് ഗ്രാഹ്യമാകും വിധം ലളിതമായി കൈകാര്യംചെയ്യുന്നതില്‍ അദ്ദേഹം വിജയിച്ചു.

കെ കെയുടെ ഗവേഷണ ബുദ്ധി ഖുര്‍ആനില്‍ മുന്‍ വ്യാഖ്യാതാക്കള്‍ സ്പര്‍ശിക്കാത്ത ചില പുതിയ തത്വങ്ങള്‍ കണ്ടെത്തുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചു. ഇത് തന്റെ പ്രസംഗത്തിലും എഴുത്തിലും ക്ലാസിലുമെല്ലാം അദ്ദേഹം തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിശുദ്ധഖുര്‍ആന്‍ ആയിരുന്നു കെ കെയുടെ പഠനത്തിന്റെ കേന്ദ്രബിന്ദു. ഒരു പ്രത്യേക രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ആസ്വാദനം.

അഭിപ്രായധീരത കെ കെയുടെ മുഖമുദ്രയായിരുന്നു. തനിക്ക് സത്യമെന്ന് തോന്നിയ ഒരഭിപ്രായം തുറന്നു പറയാന്‍ അദ്ദേഹം ആരുടെയും സമ്മതത്തിന്  കാത്തുനില്ക്കുമായിരുന്നില്ല.  അത് പ്രാവര്‍ത്തികമാക്കേണ്ടതാണെങ്കില്‍ അതിന് നടപടി സ്വീകരിക്കാനും കാലതാമസമുണ്ടാകുകയില്ല. ഈ സ്വഭാവം കാരണം തന്നെ ആരെങ്കിലും 'ധിക്കാരി'യായി കാണുന്നതില്‍ അദ്ദേഹത്തിന് ഒട്ടും അങ്കലാപ്പുമുണ്ടായിരുന്നില്ല. വിചാരത്തിലെന്നപോലെ ഭാവത്തിലും കായികമായും അദ്ദേഹം ഈ ധീരത പുലര്‍ത്തിയിരുന്നു.

സാധാരണക്കാരുടെ ഭാഷയില്‍ അവരോട് വര്‍ത്തമാനം പറയും പോലെയാണ് കെ കെയുടെ പ്രസംഗം. അത് പലപ്പോഴും ഒരു ദാര്‍ശനിക ഭാവം ഉള്‍ക്കൊള്ളുന്നതായിരുന്നു. പക്ഷേ, ഏത് ഗഹനമായ വിഷയമാണെങ്കിലും ലളിതമായി, ആസ്വാദ്യകരമായി, സുഗ്രാഹ്യമായി അവതരിപ്പിക്കാന്‍ കെ കെയ്ക്ക് ഒരു പ്രത്യേക ചാതുരിയുണ്ടായിരുന്നു. ഉപമകളും ഉദാഹരണങ്ങളും കൊണ്ട് രസക്കൊഴുപ്പ് കൂട്ടാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കും. വേഷത്തിലും പെരുമാറ്റത്തിലുമെന്നപോലെ പ്രസംഗത്തിലും കൃത്രിമത്വവും ജാഡയും പൊങ്ങച്ചവുമില്ല. ഇത് തന്നെയാണ് കെ കെ ഇത്രയേറെ സ്‌നേഹിക്കപ്പെടാനും കാരണം. സാധാരണക്കാരുടെ കൂടെ അവരില്‍ ഒരാളായി കാണപ്പെടാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. മരണം സംഭവിച്ചു ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്രയേറെ ജനം അദ്ദേഹത്തിന്റെ ജനാസ സംസ്‌കരണത്തിന് ഒരുമിച്ചുകൂടിയ അവരുടെ മനസ്സുകളില്‍ അദ്ദേഹത്തോടുണ്ടായിരുന്ന സ്‌നേഹത്തിന്റെയും ആദരവിന്റെയും ആധിക്യം തെളിയിക്കുന്നതായിരുന്നു.

ഇസ്വ്‌ലാഹീ ആദര്‍ശത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച കര്‍മോജ്വലമായ ആ ജീവിതം അവസാനിച്ചു. അദ്ദേഹത്തില്‍ വിളങ്ങിയിരുന്ന നന്മകള്‍ പകര്‍ത്താന്‍ അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ.           



*******


എന്റെ ഗുരു

എ അബ്ദുസ്സലാം സുല്ലമി

ഒരു വ്യക്തി മരണപ്പെടുന്നതുവരെ അടിസ്ഥാനപരമായ ആരോപണങ്ങള്‍ അദ്ദേഹത്തെക്കുറിച്ചുദ്ധരിക്കുകയും മരണപ്പെട്ടാല്‍ മയ്യിത്ത് ദര്‍ശനത്തിനും നമസ്‌കാരത്തിനും വേണ്ടി ഓടിക്കൂടുകയും ചെയ്യുന്ന പ്രവണത കെ കെ സുല്ലമിയുടെ  മരണത്തോടുകൂടിയെങ്കിലും  നാം അവസാനിപ്പിക്കണമെന്നുണര്‍ത്തട്ടെ.

1970ല്‍ എടവണ്ണ ഓറിയന്റല്‍ ഹൈസ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി പാസായി അരീക്കോട് സുല്ലമുസ്സലാമില്‍ പ്രിലിമിനറിക്ക് ചേര്‍ന്ന അവസരത്തില്‍ തന്നെ കെ കെ സുല്ലമിയുടെ അധ്യാപനം എനിക്ക് ലഭിച്ചിട്ടുണ്ട്. അന്ന് 5 വര്‍ഷമാണ് അഫ്ദല്‍ പാസാവാന്‍ വേണ്ടിയിരുന്നത്. ഒരു വര്‍ഷം എന്‍ട്രന്‍സ്, രണ്ടുവര്‍ഷം പ്രിലിമിനറി, രണ്ടുവര്‍ഷം അഫ്ദലുല്‍ ഉലമ. ഓറിയന്റല്‍ എസ് എസ് എല്‍ സി പാസ്സായതിനാല്‍ എന്‍ട്രന്‍സിന് ചേരേണ്ടിയിരുന്നില്ല. 4 വര്‍ഷത്തെ അദ്ദേഹത്തിന്റെ ശിഷ്യത്വം ലഭിച്ചതിലുള്ള നന്ദി രേഖപ്പെടുത്താന്‍ വേണ്ടി ഞാനിവിടെ പ്രധാനമായും ഉദ്ദേശിക്കുന്നത് ഇബ്‌നുതീമിയ(റ)യോടുള്ള ശിഷ്യത്വത്തിന് നന്ദി കാണിക്കാന്‍ ഇബ്‌നുല്‍ഖയ്യിം(റ) സ്വീകരിച്ച മാര്‍ഗമാണ്. അതായത് എതിരാളികള്‍ അടിസ്ഥാനരഹിതമായ പല ആരോപണങ്ങളും ശൈഖുല്‍ ഇസ്‌ലാമിനെക്കുറിച്ച് ഉന്നയിച്ചപ്പോള്‍ അതിനുള്ള മറുപടി നല്കിക്കൊണ്ടാണ് അദ്ദേഹം തന്റെ കടപ്പാട് നിര്‍വഹിച്ചത്.

ഇസ്വ്‌ലാഹീ പ്രസ്ഥാനം വിശ്വാസരംഗത്തും ഫിഖ്ഹീ രംഗത്തും എല്ലാം തഖ്‌ലീദിനെ എതിര്‍ത്തുപോന്നവരാണ്. എന്നാല്‍ ഖുര്‍ആന്‍ വ്യാഖ്യാനരംഗത്ത് തഖ്‌ലീദിനെ കൈവിടാന്‍ നമുക്ക് സാധിച്ചിട്ടില്ലെന്ന് കെ കെ പലപ്പോഴും ദുഖത്തോടു കൂടി പറയാറുണ്ട്. യഥാര്‍ഥത്തില്‍ കര്‍മരംഗത്ത് നാല് ഇമാമുകളെ തഖ്‌ലീദ് ചെയ്യല്‍ നിഷിദ്ധമാണെങ്കില്‍ ഖുര്‍ആന്‍ വ്യാഖ്യാനരംഗത്ത് തെളിവിന്റെ പിന്‍ബലമില്ലാതെ വല്ല ഖുര്‍ആന്‍ വ്യാഖ്യാനവും പറഞ്ഞതിന് അപ്രമാദിത്തം കല്പിച്ച് അംഗീകരിക്കലും നിഷിദ്ധം തന്നെയാണ്. ഹദീസ് സ്വഹീഹാകുവാന്‍ ഹദീസ് പണ്ഡിതന്മാര്‍ പ്രഖ്യാപിച്ച നിബന്ധനകള്‍ എല്ലാം തന്നെ യോജിച്ച നിലയ്ക്ക് നബിയില്‍ നിന്നും ഉദ്ധരിക്കപ്പെട്ട സ്വഹീഹായ ഖുര്‍ആന്‍ വ്യാഖ്യാനത്തെ കെ കെ ഒരിക്കലും അവഗണിക്കാറില്ല. ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ കെ കെയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന് നാം സങ്കല്പിച്ചാല്‍ തന്നെ ശൈഖുല്‍ഇസ്‌ലാമിന് പറ്റിയ തെറ്റിനെക്കുറിച്ച് ഇബ്‌നുകഥീര്‍(റ) തന്റെ ബിദായയില്‍ പ്രസ്താവിച്ചതാണ് ഇവിടെ എനിക്കും പറയാനുള്ളത്. അതായത് ഒരു വിശാലസമുദ്രത്തില്‍ കലര്‍ന്നുപോയ രണ്ടുമൂന്നു തുള്ളി അഴുക്കുകള്‍ മാത്രമാണ് അദ്ദേഹത്തിന് സംഭവിച്ചിട്ടുള്ളത്. യഥാര്‍ഥത്തില്‍ ചിലര്‍ കെ കെ സുല്ലമി ഖുര്‍ആനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് അദ്ദേഹം മരിക്കുന്നതുവരെ അദ്ദേഹത്തെ വിമര്‍ശിക്കുവാന്‍ വേണ്ടി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അദ്ദേഹം മരിക്കുന്നതിന്റെ എത്രയോ മുമ്പ് 'മുജാഹിദുകള്‍ക്ക് ആദര്‍ശവ്യതിയാനമോ?' എന്ന പേരില്‍ പ്രസിദ്ധീകരിച്ച എന്റെ പുസ്തകത്തില്‍ വിശദീകരിച്ചത് താഴെ കൊടുക്കുന്നു:

പരിശുദ്ധഖുര്‍ആനിലെ 75ാം അധ്യായത്തിലെ 16 മുതല്‍ 19 വരെയുള്ള സൂക്തങ്ങള്‍ക്ക് കെ കെ മുഹമ്മദ് സുല്ലമി ശബാബില്‍ നല്കിയ വ്യാഖ്യാനമാണ് ഇവര്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതിലും മുജാഹിദ് പണ്ഡിതന്മാര്‍ക്ക് വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് സമര്‍ഥിക്കാന്‍ തെളിവായി ഉദ്ധരിക്കുന്ന ഒരു പുല്‍ക്കൊടി. ഇബ്‌നു അബ്ബാസില്‍(റ) നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസിന് ഈ പരിഭാഷയും വ്യാഖ്യാനവും എതിരാണെന്നും ഇവര്‍ ജല്പിക്കുന്നു.


മറുപടി: 1. ഇത് കെ കെ സുല്ലമി സ്വയം കണ്ടുപിടിച്ച വ്യാഖ്യാനമോ മുഅ്തസിലിയാക്കളുടെ മാത്രം വ്യാഖ്യാനമോ അല്ല. ഇമാം റാസി(റ)യുടെ തഫ്‌സീറില്‍ ഖഫ്ഫാലിന്റെ വ്യാഖ്യാനമായി മാത്രം ഉദ്ധരിച്ചതുമല്ല. ഖഫ്ഫാലിന്റെ മുമ്പുതന്നെ ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഉദ്ധരിച്ചത് അദ്ദേഹം എടുത്തുകാണിച്ചതാണ്. ബുദ്ധിയില്‍ ഇതിനെ, എതിര്‍ക്കുന്ന യാതൊന്നുമില്ല. റിപ്പോര്‍ട്ടുകളില്‍ ഇത് വന്നിട്ടില്ലെങ്കിലും (റാസി: 224, 223) ശേഷം ഇമാം റാസി(റ) ഈ വ്യാഖ്യാനത്തെ ഖണ്ഡിക്കാതെ അംഗീകരിക്കുന്നു. പുറമെ ഈ വ്യാഖ്യാനത്തില്‍ തന്നെ ഉറച്ചു നില്ക്കണമെന്ന വാശി തനിക്കില്ലെന്ന് കെ കെ സമ്മതിച്ചിട്ടുണ്ടെന്ന് ജംഇയ്യത്തിന്റെ തീരുമാനത്തില്‍ പ്രസ്താവിക്കുകയും ചെയ്തതായി പറയുന്നു.

മറുപടി 2: മുഅ്തസിലിയാക്കള്‍ പറഞ്ഞു എന്ന കാരണത്താല്‍ ഒരു കാര്യം അസത്യമാകുകയില്ലെന്ന് ജനാബ് ഉമര്‍ മൗലവി തന്റെ സല്‍സബീലില്‍ പല സ്ഥലങ്ങളില്‍ എഴുതുന്നത് കാണാം.

മറുപടി 3: ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിച്ചതായി ഇവര്‍ പറയുന്ന വ്യാഖ്യാനം നബി(സ)യില്‍ നിന്ന് കേട്ടതായി അദ്ദേഹം പ്രസ്താവിക്കുന്നില്ല. ഇബ്‌നു അബ്ബാസ് (റ) നാവ് ചലിപ്പിച്ചുകാണിച്ചു എന്നു പറഞ്ഞതുകൊണ്ട് അത് നബി(സ)യിലേക്ക് ഉയര്‍ത്തപ്പെട്ടു എന്നതിന് ഒരിക്കലും തെളിവാകുന്നില്ല. നബി(സ)ക്ക് ആദ്യകാലത്ത് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിരുന്ന സന്ദര്‍ഭത്തില്‍ അത് മനപാഠമാക്കാന്‍ ധൃതികാണിച്ചിരുന്നു. ഈ അധ്യായത്തില്‍ പറയുന്ന നാവ് ചലിപ്പിക്കല്‍ അതായിരിക്കുമെന്ന് അവരുടെ വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിച്ചതാണ്, നബി(സ) ഇപ്രകാരം ചെയ്തിരുന്ന കാലത്ത് ഇബ്‌നു അബ്ബാസ്(റ) ജനിക്കുക പോലും ചെയ്തിരുന്നില്ല.

മറുപടി 4: ഖുര്‍ആനിന്റെ ആയത്തുകള്‍ക്ക് ഇബ്‌നു അബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന വ്യാഖ്യാനങ്ങള്‍ ധാരാളം ആയത്തുകള്‍ക്ക് വ്യാഖ്യാനമായി ഉദ്ധരിക്കാതെ ഉപേക്ഷിച്ചത് ഇബ്‌നുകസീര്‍, ഇബ്‌നുജരീര്‍, റാസി, ഖുര്‍തുബി പോലെയുള്ള എല്ലാ തഫ്‌സീറുകളിലും കാണാം.

മറുപടി 5: കെ എന്‍ എം പ്രസിദ്ധീകരിക്കുന്ന അമാനി മൗലവിയുടെ പരിഭാഷയില്‍ ഇമാം ബുഖാരിയും മുസ്‌ലിമും ഏകോപിച്ചുകൊണ്ട് നബി(സ) തന്നെ പറഞ്ഞതായി നിവേദനം ചെയ്യുന്ന പല ആയത്തുകളുടെ വ്യാഖ്യാനങ്ങള്‍ ഉപേക്ഷിച്ച്  മറ്റു ചില വ്യാഖ്യാനങ്ങള്‍ നല്കുന്നത് കാണാം. നബി(സ) പറഞ്ഞതായി ഒരിക്കലും ഉദ്ധരിക്കപ്പെടാത്തതായ വ്യാഖ്യാനങ്ങളാണവ. ചില ഉദാഹരണങ്ങള്‍ കാണുക:

1. സൂറത്തുഖലമിലെ 42ാം സൂക്തത്തിന്റെ വ്യാഖ്യാനമായി ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു. അബൂസഇദ് (റ) നിവേദനം. നബി(സ) പറയുന്നതായി ഞാന്‍ കേട്ടു. 'നമ്മുടെ രക്ഷിതാവ് അവന്റെ കണങ്കാല്‍ വെളിവാക്കപ്പെടുന്ന ദിവസം' (ബുഖാരി 4919, മുസ്‌ലിം 302). എന്നാല്‍ കെ എന്‍ എം പ്രസിദ്ധീകരിക്കുന്ന അമാനി മൗലവിയുടെ പരിഭാഷയില്‍ ഈ വ്യാഖ്യാനം ഉപേക്ഷിച്ചിരിക്കുന്നു. ഖിയാമത്ത് നാളിലെ അതിഗൗരവഘട്ടം വിവരിക്കാന്‍ അലങ്കാര പ്രയോഗമായി ഉപയോഗിച്ചതാണ് എന്ന് പറയുന്നു. (4:3393)

2. സൂറത്തുയാസീനിലെ 38ാം സൂക്തത്തിന് അബൂദര്‍റ്(റ) നബി(സ) പ്രസ്താവിച്ചതായി ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന വ്യാഖ്യാനമല്ല അമാനി മൗലവിയുടെ പരിഭാഷയില്‍ ഉള്ളത്. (ബുഖാരി 4802, മുസ്‌ലിം 250) (അമാനിയുടെ പരിഭാഷ 4:2729) നസാഈയും മറ്റും ഉദ്ധരിച്ച വ്യാഖ്യാനവും ഉപേക്ഷിച്ചിട്ടുണ്ട്. ഇതും നബിയിലേക്ക് ചേര്‍ത്തി പറയുന്ന വ്യാഖ്യാനമാണ്.

3. സൂറത്തു റഅ്ദിലെ 31ാം സൂക്തത്തിന് ഇബ്‌നു അബ്ബാസില്‍ നിന്ന് ബുഖാരിയുടെ മാത്രം നിവേദകന്മാര്‍ ഉദ്ധരിച്ച ഒരു വ്യാഖ്യാനം അപകടം പിടിച്ചതിനാല്‍ അമാനി മൗലവിയുടെ പരിഭാഷയില്‍ ഇപ്രകാരം ഒരു വ്യാഖ്യാനമുള്ള സൂചനപോലും നല്കുന്നില്ല. പൂര്‍ണമായും അതിനെ അവഗണിച്ചിരിക്കുന്നു.

4. സൂറഃ അന്നിസാഇലെ മൂന്നാം ആയത്തിന് വ്യാഖ്യാനമായി ആഇശ(റ)യില്‍ നിന്നുള്ള ഒരു അഭിപ്രായം ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നത് കാണാം. എന്നിട്ടും ഇബ്‌നു ജരീര്‍(റ) തന്റെ തഫ്‌സീറില്‍ ഈ ഹദീസിനെ ആസ്പദമാക്കിയുള്ള വ്യാഖ്യാനത്തെയല്ല ആയത്തിന്റെ സന്ദര്‍ഭവുമായി യോജിച്ച മറ്റൊരു വ്യാഖ്യാനമാണ് അംഗീകരിക്കുന്നത്. (ഇബ്‌നുജരീര്‍ 3:158) സ്വഹാബിവര്യന്മാരില്‍ നിന്ന് ഈ വ്യാഖ്യാനം സ്ഥിരപ്പെട്ട പരമ്പരയിലൂടെ ഉദ്ധരിക്കപ്പെടുന്നുമില്ല. ഇക്കാരണത്താല്‍ ഇബ്‌നുജരീറിന് ഇഖ്‌വാനിസം ബാധിച്ചുവെന്ന് ഇവര്‍ ജല്പിക്കുമോ? പരിശുദ്ധ ഖുര്‍ആനില്‍ വ്യാഖ്യാനിക്കുവാനുള്ള കാലഘട്ടം അവസാനിച്ചുവെന്നും ഇനി ആര്‍ക്കും ഖുര്‍ആനില്‍ ഗവേഷണം ചെയ്യാന്‍ പാടില്ലെന്നുമുള്ള ഖുറാഫികളുടെ വാദം ആരോപകര്‍ക്കുണ്ടെങ്കില്‍ ഏത് കാലഘട്ടത്തോടുകൂടിയാണ് ഈ അവകാശം അവസാനിച്ചുപോയതെന്ന് ആരോപകര്‍ വ്യക്തമാക്കണം. ഖുര്‍ആനിനെ വ്യാഖ്യാനിക്കാന്‍ ഇനി ആര്‍ക്കും അവകാശമില്ലെന്ന വാദം ആരോപകര്‍ക്കുണ്ടെങ്കില്‍ അതും വ്യക്തമാക്കണം.

ഇമാം അബൂഹനീഫ സൂറത്തുന്നിസാഇലെയും മാഇദയിലെയും ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് മലമൂത്ര വിസര്‍ജനം ചെയ്ത സ്ത്രീ പുരുഷന്മാര്‍ ശുദ്ധിയാക്കല്‍ നിര്‍ബന്ധം പോലുമില്ലെന്ന് എഴുതുന്നു. സൂറത്തുര്‍റഅ്ദിലെ ഒരു ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന് സ്വഹീഹായ പരമ്പരയിലൂടെ ഖുര്‍ആന്‍ എഴുതിയ എഴുത്തുകാരന് തൂങ്ങിയുറക്കം ബാധിച്ചതിനാല്‍ ആയത്തില്‍ സംഭവിച്ച പിഴവാണെന്ന് വരെ ഉദ്ധരിക്കപ്പെടുന്നു. ഇബ്‌നുകഥീര്‍(റ) 'വലൗ അന്നഹു ഇന്‍ദലമൂ' എന്ന സൂറത്തുന്നിസാഇലെ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഒരു ഗ്രാമീണന്‍ നബിയുടെ ഖബ്‌റിന്നടുത്തുവന്ന് ഈ ആയത്തുദ്ധരിച്ച് പാപമോചനത്തിന് തേടിയ സംഭവം ഉദ്ധരിക്കുകയും നബി അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് പാപമോചനം നല്കിയെന്ന് പറയുന്ന കഥ പറഞ്ഞ് മൗനം പാലിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ പൂര്‍വിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് സംഭവിച്ച പിഴവുകളുമായി കെ കെയുടെ പിഴവുകള്‍ തട്ടിച്ചുനോക്കുമ്പോള്‍  അത് വളരെ നിസ്സാരമാണെന്ന് അവസാനമായി ഉണര്‍ത്തട്ടെ.   



*******


താങ്ങും തണലുമായി കെ കെ

സി എ സഈദ് ഫാറൂഖി

മദ്‌റസാ വിദ്യാഭ്യാസ രംഗത്തെ രണ്ടാം മുന്നേറ്റത്തിനു മുന്നില്‍ നിന്നവരില്‍ പ്രഥമഗണനീയനാണ് ബഹുമാന്യനായ കെ കെ. ഈ രംഗത്തെ നൂതന സമീപനങ്ങളെ രൂപപ്പെടുത്തുന്നതില്‍ തന്റെ അറിവിന്റെയും കഴിവിന്റെയും അനുഭവ സമ്പത്ത് അവസരോചിതം സമര്‍പ്പിക്കുന്നതില്‍ കെ കെ അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ചില സന്ദര്‍ഭങ്ങളിലെല്ലാം ചില കാര്യങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായം അതിശക്തമായി പ്രകടിപ്പിക്കാന്‍ അദ്ദേഹം മടികാണിച്ചിരുന്നില്ല. ബോധ്യം വരാത്ത മേഖലകളെ ബോധ്യംവരുംവരെ ആലോചനക്കു വിധേയമാക്കിയിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ 'സമ്മതമൂളക്കം' വളരെ വൈകിയാണ് പ്രകടിപ്പിച്ചിരുന്നത്. തനിക്കു ബോധ്യം വരാത്ത ഒന്നും മൂളി സമ്മതിക്കാന്‍ കെ കെ തയ്യാറായിരുന്നില്ല.

മദ്‌റസാ പാഠപുസ്തക ശൃംഖലയിലെ ആദ്യപുസ്തകം അച്ചടിച്ചു വന്നപ്പോള്‍ അതിനെ നെഞ്ചോട് ചേര്‍ത്തുവെച്ച് പുറപ്പെടുവിച്ച കമന്റ് എല്ലാ അര്‍ഥതലങ്ങളെയും സമഗ്രമായി ഉള്‍ക്കൊണ്ടിരുന്നു. അതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരെ അനുമോദിക്കാനും ചില കാര്യങ്ങളിലുള്ള നിര്‍ദേശങ്ങള്‍ നല്കാനും ഒട്ടും മടികാണിച്ചുമില്ല. എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലുമായി കെ കെ നമ്മോടൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സല്‍പ്രവര്‍ത്തനങ്ങളെ അല്ലാഹു സ്വീകരിക്കുമാറാകട്ടെ.    



*******


വയനാടിന്റെ നഷ്ടം

പി മുസ്തഫാ ഫാറൂഖി

വയനാട്ടിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം കെ കെ മുഹമ്മദ് സുല്ലമിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് വിലയിരുത്തുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. കെ കെയുടെ സ്വതസിദ്ധവും അത്യാകര്‍ഷകവുമായ പ്രഭാഷണം കടന്നുചെല്ലാത്ത കേന്ദ്രങ്ങള്‍ ഈ മലയോരപ്രദേശത്ത് അപൂര്‍വമാണെന്നതാണ് കാരണം.


കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ കൊടും ശൈത്യത്തിന്റെ നാളുകളില്‍, പ്രതികൂല സാഹചര്യങ്ങളില്‍, യാത്രാസൗകര്യം തീരെ അപര്യാപ്തമായ കാലത്ത് തൗഹീദിന്റെ സന്ദേശം ജനമനസ്സുകളില്‍ എത്തിക്കാന്‍ കെ കെ കഠിനമായി യത്‌നിച്ചു. പ്രസംഗത്തിന് വയനാട്ടുകാര്‍ കെ കെയെ എപ്പോള്‍ ക്ഷണിച്ചാലും ഒരൊഴിവുകഴിവും പറയാതെ അദ്ദേഹം തയ്യാറാകും.

അരീക്കോട് സുല്ലമുസ്സലാമിലെ പഠനം കഴിഞ്ഞയുടന്‍ കെ കെ തന്റെ തട്ടകമായി തെരഞ്ഞെടുത്തത് വയനാടന്‍ ഗ്രാമമായ പിണങ്ങോട് ആയിരുന്നു. ഒരു വര്‍ഷത്തെ സേവനത്തിന് ശേഷം കെ കെ അരീക്കോട് കോളെജിലേക്ക് തിരിച്ചുപോയെങ്കിലും വയനാടുമായുള്ള ബന്ധം തുടര്‍ന്നുകൊണ്ടേയിരുന്നു, രോഗിയാകുന്നതുവരെയും.
1970കളില്‍ കെ കെ, കെ വി മൂസ സുല്ലമി, എം മുഹമ്മദ് മദനി, ഡോ. കുഞ്ഞഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ 10 ദിവസം നീണ്ടുനിന്ന ആദര്‍ശ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് വയനാട്ടിലെ ഇസ്വ്‌ലാഹീ പ്രവര്‍ത്തനരംഗം കര്‍മോത്സുകമാക്കിയത്. കെ കെയുടെ ബുദ്ധിപരമായ നേതൃത്വവും സജീവമായ പങ്കാളിത്തവും കൊണ്ട് ധന്യമായിരുന്നു ഈ കാമ്പയിന്‍ എന്ന് ഇപ്പോഴും വയനാട്ടിലെ ഇസ്വ്‌ലാഹീ പ്രവര്‍ത്തന രംഗത്ത് നേതൃത്വം നല്കുന്ന കെ ഹൈദര്‍ മൗലവിയെ പോലുള്ളവര്‍ ഓര്‍ക്കുന്നു.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വയനാട്ടില്‍ സംഘടിപ്പിച്ച ഏതാണ്ട് എല്ലാ കേമ്പുകളിലും പൊതുപരിപാടികളിലും നിത്യ സാന്നിധ്യമായി കെ കെ നിറഞ്ഞുനിന്നു. 1987ല്‍ കുട്ടമംഗലത്ത് സംഘടിപ്പിച്ച എം എസ് എം സംസ്ഥാന നേതൃപരിശീലനകേമ്പിന്റെ ഡയരക്ടറും കെ കെ ആയിരുന്നു. കുട്ടമംഗലം ക്യാമ്പില്‍ കെ കെ പരിശീലിപ്പിച്ചെടുത്ത കുട്ടികളാണ് പിന്നീട് പ്രസ്ഥാനത്തിന്റെ മുന്നണിയില്‍ കേരളത്തിനകത്തും പുറത്തും സേവനവീഥിയില്‍ ഉണ്ടായിരുന്നത് എന്നത് ശ്രദ്ധേയമാണ്.

സാധാരണ മുജാഹിദ് പ്രവര്‍ത്തകരുമായി ഹൃദയബന്ധം കാത്തുസൂക്ഷിക്കാന്‍ പണ്ഡിതനായ കെ കെക്ക് ക്ഷിപ്രസാധ്യമായിരുന്നുവെന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഉജ്വലമായ വശം. അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍വമായ ഇടപെടലുകള്‍, സോദ്ദേശ്യപരമായ ഓര്‍മപ്പെടുത്തലുകള്‍, ഗുണകാംക്ഷയുള്ള ശാസനകള്‍, ആത്മാര്‍ഥതയുള്ള നിര്‍ദേശങ്ങള്‍ എല്ലാം എന്റെ തലമുറക്ക് ഹൃദയഹാരിയായ ഓര്‍മയായി അവശേഷിക്കുന്നു.

ഖുര്‍ആനുമായി ബന്ധപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ ഡയരക്ടറായി കെ കെയുടെ പേര്‍ മാത്രമേ അന്നത്തെ ആലോചനായോഗത്തില്‍ വന്നുള്ളൂ. ക്യു എല്‍ എസ് ഡയരക്ടറായി കെ കെയെ നിശ്ചയിച്ചതറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഉത്തരവാദിത്തമാണിത്. ഇത് അര്‍ഹിക്കുന്ന രൂപത്തില്‍ നിര്‍വഹിക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.'' എല്ലാ ഗ്രാമങ്ങളിലും ഒരു ക്യു എല്‍ എസ് എന്നത് കെ കെയുടെ സ്വപ്നമായിരുന്നു.

എന്റെ തലമുറയെ ഇത്രയധികം സ്വാധീനിച്ച പണ്ഡിതന്‍ അപൂര്‍വമാണെന്ന് പറയാം. പഠനപരിശീലന കേമ്പുകളില്‍ അധ്യാപകനും കളിക്കളത്തില്‍ കൂട്ടുകാരനും ജീവിതത്തില്‍ വഴികാട്ടിയും രക്ഷിതാവുമൊക്കെയായി അദ്ദേഹം ഞങ്ങള്‍ക്ക് മാതൃകയായി. നായാട്ടും മീന്‍പിടിത്തവും കെ കെയുടെ ഹോബിയായിരുന്നു. ഇടവേളകളില്‍ അദ്ദേഹം ഇതിനായി വയനാട്ടിലെത്തുന്നത് പ്രവര്‍ത്തകര്‍ക്ക് ഏറെ സന്തോഷം പകരുന്ന അനുഭവമായിരുന്നു. കളിച്ചും ചിരിച്ചും ചിന്തിപ്പിച്ചും കെ കെ അവരില്‍ ഒരാളായിത്തീരും.

ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന കാലം. കല്‍പറ്റയില്‍ സംഘടിപ്പിച്ച ജില്ലാ സമ്മേളന പരിപാടിയില്‍ നിന്ന് കെ കെയെ ഞങ്ങള്‍ ബോധപൂര്‍വം ഒഴിവാക്കിയിരുന്നു. എന്നാല്‍ പരിപാടി ആരംഭിച്ചപ്പോഴേക്കും പുഞ്ചിരിച്ചുകൊണ്ട് കെ കെ നടന്നുവരുന്നു. സംഘാടകരായ ഞങ്ങള്‍ വിഷമിച്ചുപോയി. കെ കെ പറഞ്ഞു: ''വയനാട്ടിലെ പൊതുപരിപാടിയായതുകൊണ്ട് വീട്ടിലിരിക്കാന്‍ കഴിഞ്ഞില്ല. എല്ലാവരെയും കാണാമല്ലോ.'' ഇതായിരുന്നു കെ കെ.
അല്ലാഹു അദ്ദേഹത്തിന് മഹത്തായ പ്രതിഫലം നല്കി അനുഗ്രഹിക്കട്ടെ. കുടുംബത്തിനും പ്രസ്ഥാനത്തിനും വന്ന നഷ്ടം നികത്തിത്തരട്ടെ.




*******


കെ കെ പറയാതെ പോയത്

എന്‍ വി സകരിയ്യ


നാല് വര്‍ഷം വിദ്യാര്‍ഥിയാകാനും പിന്നീട് സഹപ്രവര്‍ത്തകനാകാനും തുടര്‍ന്ന് കെ കെയുടെ കീഴില്‍ ജോലി ചെയ്യാനും അവസരമുണ്ടായിട്ടുണ്ട്. അസാമാന്യ മനക്കരുത്തുള്ള സാധുവായ ഒരു സാധാരണക്കാരന്‍, ഉള്ളില്‍ ഒന്നും ഒളിച്ചുവെച്ച് സംസാരിക്കാനറിയാത്ത പച്ചയായ ഒരു മനുഷ്യന്‍, പണ്ഡിതന്‍, പ്രഭാഷകന്‍, ബുദ്ധിജീവി, എഴുത്തുകാരന്‍, കര്‍മകുശലന്‍.... കെ കെയെ ഓര്‍ക്കുമ്പോള്‍ വിശേഷണങ്ങള്‍ മതിയാകാതെ വരുന്നു.

ഖുര്‍ആന്‍ പഠനത്തോട് കൊതിതീരാത്ത ആര്‍ത്തിയായിരുന്നു കെ കെക്ക്. എന്‍ വി ഇബ്‌റാഹീം മാസ്റ്റര്‍, പ്രൊഫ. ബീരാന്‍ സാഹിബ്, ഡോ. അബൂബക്കര്‍ തുടങ്ങിയവര്‍ സുല്ലമുസ്സലാം അറബിക് കോളെജ് ലൈബ്രറിയില്‍ കെ കെയുടെ നേതൃത്വത്തില്‍ ഖുര്‍ആന്‍ പഠനഗവേഷണത്തിന്നായി ഒത്തുചേരുന്നത് കണ്ടിട്ടുണ്ട്. ഖുര്‍ആനിലെ ഓരോ പദത്തെക്കുറിച്ചും ആഴത്തില്‍ ചിന്തിച്ചും പഠിച്ചും മുന്നോട്ട് നീങ്ങുന്ന ശൈലിയായിരുന്നു കെ കെയുടേത്.

കെ കെയുമായി കണ്ടുമുട്ടുമ്പോഴൊക്കെ മിക്കവാറും ഖുര്‍ആന്‍ വ്യാഖ്യാനത്തെക്കുറിച്ചായിരുന്നു സംസാരം. സംഘടനാ പ്രശ്‌നത്തിലെ കെ കെയുടെ നിലപാടിനോടും ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് കെ കെ നല്കിയ വ്യാഖ്യാനത്തോടും യോജിക്കാന്‍ കഴിയാത്ത വ്യക്തിയായതുകൊണ്ട് ഒഴിഞ്ഞുകിട്ടുമ്പോഴെല്ലാം കെ കെയെ എതിര്‍ക്കാനാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിക്കാറുള്ളത്. ആ സംസാരം ഒരു തുറന്ന ചര്‍ച്ചയായി രൂപപ്പെടുമ്പോള്‍ കെ കെയുടെ  ആത്മാര്‍ഥതയും കാഴ്ചപ്പാടിലെ വ്യതിരിക്തതയും തെളിഞ്ഞുവരാറുണ്ട്. സൂറഃ ഖിയാമയിലെ 16ാം വചനത്തെക്കുറിച്ചും 'ഇഖ്‌റഅ് ബിസ്മി'യെക്കുറിച്ചും നാല് മണിക്കൂറില്‍ കൂടുതല്‍ സമയം ഹൃദ്യവും വൈജ്ഞാനികവുമായ ഒരു ചര്‍ച്ച നടത്താന്‍ അവസരമുണ്ടായിട്ടുണ്ട്. കെ കെയുടെ ചില കാഴ്ചപ്പാടുകളിലും വ്യാഖ്യാനത്തിലും വിയോജിപ്പ് തോന്നിയിട്ടുണ്ടെങ്കിലും അവയൊന്നുംതന്നെ ആദര്‍ശ വ്യതിയാനമായി ഒരിക്കലും തോന്നിയിട്ടില്ല. താന്‍ എഴുതിവരുന്ന ഖുര്‍ആന്‍ ആസ്വാദനത്തെക്കുറിച്ചും അതില്‍ സ്വീകരിച്ച ശൈലിയെക്കുറിച്ചും മരിക്കുന്നതിന്റെ തൊട്ടടുത്ത നാളുകളില്‍ പോലും ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അതിന്റെ പൂര്‍ത്തീകരണവും പ്രസിദ്ധീകരണവും തടസ്സപ്പെടുമോ എന്ന ആശങ്ക മാത്രമേ രോഗിയായിരിക്കുമ്പോള്‍ തന്നെ ആകുലപ്പെടുത്തുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാമതൊരാള്‍ വായിച്ചു നോക്കാതെ അത് പ്രസിദ്ധീകരിക്കരുത് എന്ന് ഞാന്‍ നിര്‍ദേശിച്ചപ്പോള്‍ ഒരാളല്ല നൂറുപേര്‍ വായിച്ചുനോക്കുന്നതിനും വിരോധമില്ല എന്നായിരുന്നു മറുപടി. മാത്രമല്ല അവര്‍ ചൂണ്ടിക്കാട്ടുന്ന തിരുത്തുകളും വിയോജിപ്പുകളും അടിക്കുറിപ്പായി പ്രസിദ്ധീകരിക്കുകയും ചെയ്യാം. കെ കെ തന്റെ വിശാലമനസ്‌കത തുറന്നുകാട്ടി.

തന്റെ ഖുര്‍ആന്‍ ആസ്വാദനം ആദര്‍ശ വ്യതിയാനമായി ചിത്രീകരിക്കപ്പെട്ടതില്‍ കെ കെ ഏറെ ദുഃഖിതനായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് രോഗസന്ദര്‍ശനത്തിന്നായി വീട്ടില്‍ ചെന്നപ്പോള്‍ ആ കാര്യം അദ്ദേഹം സൂചിപ്പിച്ചു. എന്റെ കൂടെ അബ്ദുര്‍റഹ്മാന്‍ സലഫിയും അബ്ദുല്ല സുല്ലമിയും ഉണ്ടായിരുന്നു. എന്നെ അഭിമുഖീകരിച്ചു കൊണ്ട് ഞങ്ങളോടായി അദ്ദേഹം ചോദിച്ചു: എനിക്ക് വയസ്സ് എത്രയായി എന്നറിയുമോ? പത്തറുപത്തഞ്ച് വയസ്സായി. ഇനി കൂടുതലൊന്നും ജീവിക്കുമെന്ന് കരുതുന്നില്ല. ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നവന് പരലോകത്ത് ലഭിക്കുന്ന ശിക്ഷയുടെ കാഠിന്യം എന്തായിരിക്കുമെന്നും ശരിക്കും ബോധ്യമുള്ള ഒരാളാണ് ഞാന്‍. ഈ പ്രായത്തില്‍ ഖുര്‍ആനിനെ സൂക്ഷ്മതയില്ലാതെ ഞാന്‍ സമീപിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അപ്പോള്‍ ഞാന്‍ പറഞ്ഞു: എത്ര സൂക്ഷ്മത പുലര്‍ത്തിയാലും നമ്മളൊക്കെ മനുഷ്യരല്ലേ? അബദ്ധങ്ങളും തെറ്റുകളും പറ്റാതിരിക്കില്ലല്ലോ. സ്വഹീഹായ ഹദീസിനും സച്ചരിതരായ പൂര്‍വികരുടെ നിലപാടിനും വിരുദ്ധമാകുന്ന വ്യാഖ്യാനങ്ങള്‍ വരുന്നുണ്ടോ എന്ന് നാം ശ്രദ്ധിക്കണം. പ്രത്യേകിച്ചും ആരോപണം ഉണ്ടാകുമ്പോള്‍. മറുപടിയായി കെ കെ തന്റെ നിലപാട് വിശദീകരിച്ചു: ''സ്വഹീഹായ ഹദീസുകള്‍ക്ക് വിരുദ്ധമായി വ്യാഖ്യാനിക്കാന്‍ പാടില്ല. അല്ലാഹുവിന്റെ റസൂലിന്റെ വാക്കുകളേക്കാള്‍ മികച്ച വ്യാഖ്യാനം പറയാന്‍ ആര്‍ക്കാണ് കഴിയുക? അതുപോലെ സലഫുസ്സ്വാലിഹുകളുടെ നിലപാടുകള്‍ക്കും എതിരായി വ്യാഖ്യാനിക്കാന്‍ പാടില്ല. അതെല്ലാം തര്‍ക്കമറ്റ കാര്യമാണ്. എതിരാകാതെ ഇതരമാകുന്നതിന് വിരോധമില്ല. ഇതരമായി പറയുന്നതിനെ എതിരായി തെറ്റിദ്ധരിക്കുകയാണ് പലരും. സ്വഹാബിമാര്‍ പറഞ്ഞതല്ലാത്ത വ്യാഖ്യാനങ്ങള്‍ താബിഉകളും താബിഉകള്‍ പറഞ്ഞതല്ലാത്തത് പിന്‍ഗാമികളും പറഞ്ഞിട്ടുണ്ട്. അതൊന്നും എതിരല്ല. എന്നാല്‍ ഇതരമാണ്. അവര്‍ പറഞ്ഞതല്ലാത്ത മറ്റൊന്നും പറയാന്‍ പാടില്ലെങ്കില്‍ പിന്നെ വ്യത്യസ്ത തഫ്‌സീറുകളുടെ പ്രസക്തി എന്താണ്?'' തന്റെ നിലപാട് ഞങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞുതീര്‍ന്നപ്പോള്‍ അദ്ദേഹം ഏറെ സന്തോഷിക്കുന്നതായി തോന്നി.


കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ വെച്ചാണ് കെ കെ മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പത്തര മണിക്ക്. ഏകദേശം ഒരു മണിക്കൂര്‍ മുമ്പ് റൂമിലേക്ക് കടന്നുചെന്നപ്പോള്‍ അദ്ദേഹത്തിന് കലശലായ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടായിരുന്നു. അതിനാല്‍  ഓക്‌സിജന്‍ നല്കിക്കൊണ്ടിരിക്കുകയാണ്. ആഗതന്‍ ഞാനാണെന്ന് മരുമകന്‍ അബ്ദുസ്സലാം ധരിപ്പിച്ചപ്പോള്‍ തുറിച്ച കണ്ണുകളോടെ കെ കെ എന്നെ തിരിച്ചറിഞ്ഞു. ഉടന്‍ മുഖത്ത് നിന്ന് ഓക്‌സിജന്‍ മാക്‌സ് വലിച്ചുമാറ്റി എന്തോ പറയാന്‍ തുടങ്ങി. ശ്വസിക്കാന്‍ ഏറെ പ്രയാസപ്പെടുന്നുണ്ടെങ്കിലും പറഞ്ഞതിലെ രണ്ടു പദങ്ങള്‍ വ്യക്തമായിരുന്നു. എ പി, മദനി. വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ കാര്യം മനസ്സിലായി. എ പി അബ്ദുല്‍ഖാദര്‍ മൗലവിയും എം മുഹമ്മദ് മദനിയും തൊട്ടടുത്ത ദിവസങ്ങളില്‍ പോലും തന്നെ സന്ദര്‍ശിക്കാന്‍ വന്നതിലെ സന്തോഷം പങ്കുവെക്കുകയാണ് കെ കെ. ജീവിതത്തിന്റെ അന്തിമനിമിഷങ്ങളില്‍ പോലും കെ കെയുടെ ചുണ്ടുകളില്‍ എ പിയും മദനിയും! ശിര്‍ക്കിനെതിരെ പരസ്പരം കെട്ടിപ്പിടിച്ച് വന്‍മതില്‍ തീര്‍ത്തവരെ ആരൊക്കെയോ പിടിച്ചുമാറ്റി രണ്ടാക്കി നിര്‍ത്തിയിട്ടും തൗഹീദിന്റെ പാതയില്‍ ഒരുമിച്ചു ചിന്തിയ വിയര്‍പ്പിന്റെ ഗന്ധം തുടച്ചു നീക്കാനായിട്ടില്ല എന്നറിയിക്കുകയാണ് കെ കെയുടെ ചുണ്ടുകള്‍.

ശോഭയാര്‍ന്ന ഇന്നെലകളില്‍ കുറെ ചുരുക്കാക്ഷരങ്ങളായിരുന്നല്ലോ മുജാഹിദ് പ്രസ്ഥാനം. എ പിയും കെ പിയും സി പിയും ടി പിയും കെ കെയും മദനിയും.... ഏതൊരു മുജാഹിദ് പ്രവര്‍ത്തകനും പ്രാര്‍ഥനയോടെ മാത്രം ഉരുവിട്ടിരുന്ന ചുരുക്കാക്ഷരങ്ങള്‍! കൈകോര്‍ത്ത് പിടിച്ച് പ്രസ്ഥാനത്തെ ചുമലിലേറ്റി നടന്നവരും പ്രസ്ഥാനം പടത്തുയര്‍ത്താന്‍ ആയുസ്സും ആരോഗ്യവും തീറെഴുതിക്കൊടുത്തവരുമാണവര്‍. ഈ ചുരുക്കാക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ ഞങ്ങള്‍; സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് ഇനിയും ഭാഗ്യമുണ്ടാകുമോ? മുജാഹിദുകള്‍ക്കെന്തിനാണ് രണ്ട് കുടകള്‍? ഒരു കുട പൂട്ടിവെക്കാന്‍ സമയമായിട്ടില്ലേ? നീക്കുപോക്കില്ലാത്ത വാശിക്കാര്‍ക്ക് മരിച്ചുപോവേണ്ടേ? വഴിപിരിഞ്ഞവര്‍ക്ക് പുനരാലോചന നടത്തിക്കൂടേ? മാറിനില്‌ക്കേണ്ടവര്‍ മാറി നിന്നുകൂടേ? ഇനി മറ്റൊരു കെ കെ മരണപ്പെടുന്നതിനു മുമ്പെങ്കിലും മുജാഹിദുകള്‍ യോജിക്കുമോ?



*******


പടയോട്ടം തെക്കന്‍ കേരളത്തിലും

എം സ്വലാഹുദ്ദീന്‍ മദനി

മലബാര്‍ പ്രദേശങ്ങളിലെന്നപോലെ തെക്കന്‍ കേരളത്തിലും കെ കെയുടെ ശബ്ദമെത്താത്ത പ്രദേശങ്ങള്‍ കുറവാണ്. ഒരിക്കല്‍ കായംകുളത്തുണ്ടായ ഒരു സംഭവം ഓര്‍ത്തുപോകുന്നു. മുജാഹിദ് എന്ന് പറയുന്നവരാകമാനം വഴിപിഴച്ചവരാണെന്നും അവരെ വകവരുത്തിയാല്‍ ഏറെ പുണ്യമുണ്ടെന്നും തെറ്റിദ്ധരിച്ച ചിലര്‍ കായംകുളത്ത് പലപ്പോഴും മുജാഹിദ് പരിപാടികള്‍ അലങ്കോലമാക്കിയിട്ടുണ്ട്. അന്ന് കായംകുളത്ത് കൈവിരലുകളില്‍ എണ്ണാന്‍ പോലും ആളുകളുണ്ടായിരുന്നില്ല. കായംകുളത്തും പരിസരങ്ങളിലും ഈ ആദര്‍ശം എത്തിക്കാന്‍ അഹോരാത്രം യത്‌നിച്ച പരേതനായ അബ്ദുല്‍ഖാദിര്‍ സാഹിബ് മാത്രമായിരുന്നു പ്രവര്‍ത്തിക്കാനുണ്ടായിരുന്നത്. അദ്ദേഹം പുല്ലേപ്പടിയില്‍ വരികയും അന്ന് 'സൗത്ത് റീജിയന്‍' സെക്രട്ടറിയായിരുന്ന അഹ്മദ് താഹിര്‍ സേട്ടിന്റെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുകയുമാണ് ചെയ്തിരുന്നത്.

പരിപാടി പ്രഖ്യാപിച്ചതു മുതല്‍ എതിര്‍പ്പും തുടങ്ങി. അടുക്കുന്തോറും ശക്തിപ്പെട്ടുകൊണ്ടിരുന്നു. 'ഞങ്ങളുടെ കാക്കകാരണവന്മാരെയും ഔലിയാക്കളെയും ശൈഖുമാരെയും എന്തെങ്കിലും പറഞ്ഞാല്‍ പ്രസംഗിപ്പിക്കില്ല; ശരിപ്പെടുത്തും' എന്ന ഭീഷണിയുമായി ധാരാളം പേര്‍ തടിച്ചുകൂടി. കെ കെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അല്ലാഹുവിനെ പരിചയപ്പെടുത്തിത്തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ വൈദ്യുതി നിലച്ചു. വല്ലാതെ ഭീതിജനകമായ അന്തരീക്ഷം!  എതിര്‍ക്കുന്നവരധികവും  സംഘാടകര്‍ വിരലിലെണ്ണാവുന്നവരും! കല്ലുകള്‍ തുരുതുരെ വന്നു വീഴുമെന്ന് എല്ലാവരും കരുതി. അതിന് മുമ്പ് അങ്ങനെ ഒരനുഭവം അവിടെയുണ്ടായിട്ടുണ്ടുതാനും. പരിപൂര്‍ണ നിശ്ശബ്ദത! കറന്റുവന്നു. ദുരുദ്ദേശ്യവുമായി വന്നുനിന്ന ഒരാളും നിന്നസ്ഥലത്തു നിന്ന് അനങ്ങിയില്ലെന്നു മാത്രമല്ല, കല്ലുകളില്‍ നിന്ന് ശൂന്യമായ കൈകളായിരുന്നു അവരുടേത്. കെ കെ പ്രസംഗം തുടര്‍ന്നു. അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥനയും നേര്‍ച്ച വഴിപാടുകളും തവക്കുലുമെല്ലാം വിശുദ്ധഖുര്‍ആനിനെതിരാണെന്നും ബഹുദൈവാരാധനയാണെന്നും മറ്റും തെളിവുകള്‍ നിരത്തി നര്‍മങ്ങള്‍ കലര്‍ത്തി അവതരിപ്പിച്ചു. മണിക്കൂറുകള്‍ നീണ്ടുനിന്ന ആ പ്രഭാഷണം പലരെയും മാറിച്ചിന്തിക്കാനും തൗഹീദിന്റെ പ്രചാരകരാക്കാനും വഴിയൊരുക്കി.   

'ആയാത്തുല്ലാഹി ഫില്‍ ആഫാഖ്', 'റബ്ബ്' തുടങ്ങിയ അദ്ദേഹത്തിന്റെ പ്രഭാഷണ കാസറ്റുകള്‍ ഉണ്ടാക്കിയ പരിവര്‍ത്തനം ചില്ലറയൊന്നുമല്ല. പൗരോഹിത്യത്താല്‍  വികൃതമാക്കപ്പെട്ട  ഇസ്‌ലാമിക വിശ്വാസാചാരങ്ങളെ തെറ്റിദ്ധരിച്ച് അകന്നുനിന്ന വിദ്യാസമ്പന്നരായ മുസ്‌ലിംയുവതയെ ഇസ്‌ലാമിലേക്കും അതിലൂടെ ഐ എസ് എമ്മിലേക്കും ആകര്‍ഷിക്കുന്നതില്‍ കെ കെയുടെ ഖുര്‍ആനും ശാസ്ത്രവും ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രഭാഷണങ്ങള്‍, ഏറെ സഹായകമായിട്ടുണ്ട്. അനവധി ഭിഷഗ്വരന്മാരും മറ്റു ഉന്നത വിദ്യാഭ്യാസം നേടിയവരുമായി നിരവധി പേര്‍ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് എത്തിപ്പെടുന്നതിന് കാരണമായത് കെ കെയുടെ ഇത്തരം പ്രവര്‍ത്തനങ്ങളായിരുന്നു.


പ്രസംഗത്തിനു ചെന്ന പ്രദേശത്ത് സംഘാടകരമായ ചെറുപ്പക്കാര്‍ക്ക് മൈക്ക് വാടക കൊടുക്കാന്‍ നിര്‍വാഹമില്ലെന്ന് മനസ്സിലാക്കി തന്റെ ബസ്‌കൂലി എടുത്തുകൊടുത്തിട്ട് മൈലുകള്‍ നടന്നും കരികയറ്റിയ ലോറിയില്‍ കയറിക്കൂടി കരിപുരണ്ട വസ്ത്രവുമായി കോഴിക്കോട്ടും അരീക്കോട്ടും എത്തിയ ത്യാഗിവര്യനായ കെ കെയെ എഴുതിത്തള്ളാന്‍ ഇസ്വ്‌ലാഹീ കേരളത്തിന് സാധിക്കുമോ?

സമ്മേളന നഗരികളില്‍ നാമെല്ലാം ബാഡ്ജും കുത്തി സ്റ്റേജില്‍ കയറി ഇരിക്കുമ്പോള്‍ അല്ലെങ്കില്‍ ശീതീകരണമുറികളില്‍ വിശ്രമിക്കുമ്പോള്‍ പൊടിപുരണ്ട വസ്ത്രവുമായി ഭക്ഷണം തയ്യാറാക്കുന്നിടത്തും ഭക്ഷണശാലയിലും വെള്ളം സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളിലും ശൗചാലയങ്ങള്‍ക്ക് സമീപവും വളണ്ടിയര്‍മാര്‍ക്ക് നടുവിലും പന്തലുകളിലും വിശ്രമമില്ലാതെ ഓടി നടക്കുന്ന കെ കെയുടെ ചിത്രം ഒരു യഥാര്‍ഥ മുജാഹിദിന്റെ മനസ്സില്‍ നിന്ന് മായ്ച്ചുകളയാന്‍ കഴിയുമോ? അതിനിടയില്‍ സമ്മേളനത്തില്‍ തനിക്ക് നിശ്ചയിച്ച വിഷയം യഥാസമയത്ത് സ്റ്റേജില്‍ കയറിവന്ന് അത്യാകര്‍ഷണീയമായ ശൈലിയിലവതരിപ്പിച്ച് അനുവാചക ഹൃദയങ്ങളില്‍ അവാച്യമായ അനുഭൂതി പകര്‍ന്നു തന്നിരുന്ന കെ കെ എന്ന  ത്യാഗിവര്യനെ വെട്ടിമാറ്റാന്‍ ആര്‍ക്കെങ്കിലും പറ്റുമോ?

ജനങ്ങളുടെയിടയില്‍ 'ജടപെടാലിറ്റി' ഇല്ലാതെ ജീവിച്ച് അവരുടെ പ്രശ്‌നങ്ങളിലിടപെട്ട് തന്നാലാകുന്നതെല്ലാം നല്കിയ നിസ്വാര്‍ഥനായ ഒരു ജനസേവകനെ കെ കെയില്‍ നമുക്ക് കാണാം. അദ്ദേഹത്തിന്റെ നാട്ടിലെ ഓരോ മണല്‍ത്തരിക്കും സുപരിചിതനും ഉപകാരിയുമായിരുന്നു അദ്ദേഹം. ''ജനങ്ങളുമായി ഇടകലര്‍ന്നു ജീവിക്കുകയും അവരില്‍ നിന്നുണ്ടാകുന്ന വിഷമതകളെ സഹനതയോടെ നേരിടുകയും ചെയ്യുന്നവനാണ് ഉത്തമനായ സത്യവിശ്വാസി,'' ''സത്യവിശ്വാസി ഇണക്കമുള്ളവനും ഇണങ്ങാന്‍ പറ്റുന്നവനുമാകുന്നു. ഇണക്കമില്ലാത്തവനില്‍ യാതൊരു നന്മയുമില്ല'' എന്നീ പ്രവാചക വചനങ്ങള്‍ ശരിക്കും ഉള്‍ക്കൊണ്ട് ജീവിച്ചിരുന്നു അദ്ദേഹമെന്ന് ആ പ്രവര്‍ത്തനങ്ങള്‍ വിളിച്ചറിയിക്കുന്നു.

കക്ഷി-രാഷ്ട്രീയ-വിഭാഗീയ-സങ്കുചിത ചിന്തികള്‍ക്കതീതമായി കെ കെ ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ തെളിവായിരുന്നു ജനാസ സംസ്‌കരണത്തിന് എത്തിപ്പെട്ട ആ ജനസഞ്ചയം. എത്തിച്ചേരാന്‍ കഴിയാതെ കണ്ണുനീര്‍ പൊഴിച്ച് പടച്ചവനോട് പ്രാര്‍ഥിച്ചവര്‍ അതിലും എത്രയോ അധികം! ഇനി അദ്ദേഹത്തിന്റെ സേവനങ്ങള്‍ അല്ലാഹു സ്വീകരിച്ച് പരലോകത്ത് അര്‍ഹമായ പ്രതിഫലം നല്കാന്‍ പ്രാര്‍ഥിക്കാനേ നമുക്ക് കഴിയൂ; ഒപ്പം ആ നല്ല മാതൃക പ്രബോധനരംഗത്ത് പിന്തുടരാനും.

അല്ലാഹു അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ യഥാവിധി സ്വീകരിക്കുകയും പരലോകത്ത് അര്‍ഹമായ പ്രതിഫലം നല്കി ആദരിക്കുകയും ചെയ്യട്ടെ. 



*******


ഒഴിവുനാളിലെ ഒപ്പ്

നജീബ് പേരാമ്പ്ര
(എം എസ് എം സംസ്ഥാന പ്രസിഡന്റ്)

[അന്ന് എം എസ് എമ്മിന്റെ പ്രസിഡന്റ് ആയിരുന്ന നജീബ് പേരാമ്പ്ര ഇന്ന് നമ്മോടൊപ്പമില്ല, അദ്ദേഹത്തിനു അല്ലാഹു മർഹമത്തും മഗ്ഫിറത്തും നൽകുമാറാകട്ടെ...]

കെ കെയെ ആദ്യമായി കാണുന്നത് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അരീക്കോട് സുല്ലമുസ്സലാം അറബിക് കോളെജില്‍ നിന്നും ജ്യേഷ്ഠന്റെ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് തിരിച്ചുവാങ്ങണം. അഡ്മിഷനു ശേഷം രണ്ടാമത് അവിടെ പോകുന്നത് സര്‍ട്ടിഫിക്കറ്റ് തിരിച്ചുവാങ്ങാനാണ്. രണ്ടുപേര്‍ക്കും കൃത്യമായി വഴിയറിയില്ല. മുഷിഞ്ഞ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് ഷാള്‍പുതച്ച ഒരാളോട് വഴിയന്വേഷിച്ചു. 'എന്താ മക്കളേ ആവശ്യം'- അയാളുടെ ചോദ്യം. നീരസമാണ് തോന്നിയത്. ഇയാളോട് പറയേണ്ട ആവശ്യമെന്ത്? ചിന്തിച്ചത് അങ്ങനെ. ആ മനുഷ്യന്‍ പറഞ്ഞു: ഞാനാ വഴിക്കാണ്, പക്ഷേ അവിടെ ആരെങ്കിലുമുണ്ടോ എന്നറിയില്ല. ഇന്ന് ഒഴിവ് ദിവസമാണ്. അയാള്‍ കാണിച്ചുതന്ന വഴിയെ ഞങ്ങള്‍ കോളെജില്‍ പോയി. ക്ലാര്‍ക്കിനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. പ്രിന്‍സിപ്പലുടെ ഒപ്പില്ലാതെ എനിക്ക് സര്‍ട്ടിഫിക്കറ്റ് തരാന്‍ കഴിയില്ല. നിങ്ങള്‍ ഒപ്പ് വാങ്ങിവന്നാല്‍ തരാം. ഇതും പറഞ്ഞ് പ്രിന്‍സിപ്പലുടെ താമസസ്ഥലം കാണിച്ചുതന്നു. ഞങ്ങളവിടേക്ക് ചെന്നപ്പോള്‍ നേരത്തെ കണ്ട മനുഷ്യനെയാണ് അവിടെ കണ്ടത്. അയാളോട് ഞങ്ങള്‍ പ്രിന്‍സിപ്പലെ അന്വേഷിച്ചു. ചെറിയൊരു പുഞ്ചിരിയോടെ ഞങ്ങളുടെ അപേക്ഷവാങ്ങി അതില്‍ കെ കെ എന്ന വിനീത പണ്ഡിതന്‍ ഒപ്പുവെച്ചപ്പോഴാണ് ഞങ്ങള്‍ ശരിക്കും ഞെട്ടിയത്.

ആ ചിത്രം ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. അവിടന്നിങ്ങോട്ട് എം എസ് എമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമ്പോള്‍ പലപ്പോഴും ആ വലിയ മനുഷ്യനെ കാണാനും അറിയാനും പരിചയപ്പെടാനുമൊക്ക അവസരം ലഭിച്ചു. ആ സരസ സംഭാഷണം വല്ലാതെ ആകര്‍ഷിച്ചു. എം എസ് എമ്മിന്റെ ഏത് പരിപാടിയുടെയും പോഗ്രാം ചര്‍ച്ചചെയ്യുമ്പോള്‍ മുന്‍നിരയില്‍ കടന്നുവരാറുള്ളത് കെ കെയുടെ പേരായിരുന്നു. കാരണം കാമ്പസുകളില്‍ പ്രത്യേകിച്ചും മെഡിക്കല്‍കോളെജ്, ആര്‍ ഇ സി പോലുള്ള പ്രൊഫഷണല്‍ സ്ഥാപനങ്ങളിലേക്ക് കടന്നുചെല്ലാന്‍ സഹായകമായത് ഖുര്‍ആനിനെ വിദ്യാര്‍ഥികളുടെ തലത്തില്‍ അവതരിപ്പിക്കുന്ന കെ കെയുടെ സഹായത്താലായിരുന്നു.

എം എസ് എമ്മിന്റെ കാമ്പയ്ന്‍, ശില്പശാല, ലീഡര്‍ഷിപ്പ് ക്യാമ്പ് തുടങ്ങിയവയില്‍ ആദികാലം തൊട്ടേ കെ കെയുടെ സാന്നിധ്യമില്ലാതിരുന്നിട്ടില്ല. എന്നും വഴികാട്ടിയായി ആ വിളക്ക് മുമ്പിലുണ്ടായിരുന്നത് ധൈര്യവും ആശ്വാസവും നല്കിയിരുന്നു. കുറഞ്ഞ ആളുകളുള്ള സദസ്സില്‍ വരുമ്പോള്‍ ഞങ്ങള്‍ പറയുമായിരുന്നു കെ കെയോട്, സാര്‍ കുട്ടികള്‍ എത്തുന്നതേയുള്ളൂ, വിചാരിച്ചത്ര എത്തിയില്ല എന്നൊക്കെ. ''ഹ്അ, അതങ്ങനെയാടോ, ബേജാറാവണ്ട, എത്തിക്കൊള്ളും.'' ആ ശബ്ദം ഇന്നും ആശ്വാസമായി കാതുകളില്‍ മുഴങ്ങുന്നു. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്കി അനുഗ്രഹിക്കട്ടെ. 



*******


എന്റെ വഴികാട്ടി

എം ഐ മുഹമ്മദലി സുല്ലമി

കെ കെ അനശ്വരമായ ലോകത്തേക്ക് യാത്രയായി. താനുമായി ബന്ധധപ്പെട്ടവരിലെല്ലാം ധാരാളം നല്ല സ്മരണകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വിടപറഞ്ഞത്.

''നബി(സ)യുടെയും അനുചരന്മാരുടെയും മുമ്പിലൂടെ ഒരിക്കല്‍ ഒരു മൃതശരീരം വഹിച്ചുകൊണ്ടുപോയപ്പോള്‍ അവര്‍ അയാളെക്കുറിച്ച് പ്രശംസിച്ചു. നബി(സ) അപ്പോള്‍ പറഞ്ഞു: അത് സാക്ഷാത്കൃതമായി. മറ്റൊരു മൃതശരീരം കൊണ്ടുപോയപ്പോള്‍ ആളുകള്‍ അയാളെക്കുറിച്ചു മോശമായി സംസാരിച്ചു. പ്രവാചകന്‍ പറഞ്ഞു: അതും അനിവാര്യമായി.''

കെ കെയുടെ മൃതശരീരവുമായി പോകവെ കേട്ടതെല്ലാം നല്ല വാക്കുകളും പ്രശംസകളുമായിരുന്നു. അദ്ദേഹത്തിന്റെ ശുഭപര്യവസാനത്തെയാണവ സൂചിപ്പിക്കുന്നതെന്ന് നമുക്ക് വിശ്വസിക്കാം. അതിന്നായി സര്‍വശക്തനോട് പ്രാര്‍ഥിക്കാം.

എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു സുല്ലമുസ്സലാമിലെ പഠനം. ആദര്‍ശരംഗത്തും ജീവിതത്തിലും പരിവര്‍ത്തനങ്ങളുണ്ടാക്കിയ സുല്ലമുസ്സലാമിലേക്ക് കാലെടുത്തുവെച്ചത് 1973 മെയ് മാസത്തിലായിരുന്നു. കോളെജ് പ്രവേശനത്തിനുള്ള ഇന്റര്‍വ്യൂവിന് ധാരാളം പേര്‍ വന്നെത്തിയിരുന്നു. കെ കെയായിരുന്നു എന്നോട് മിക്ക ചോദ്യങ്ങളും ചോദിച്ചത്. കോളെജില്‍ അഡ്മിഷന്‍ ലഭിച്ചാല്‍ അഞ്ചു വര്‍ഷം പഠിച്ച് അഫ്ദലുല്‍ ഉലമ പൂര്‍ത്തിയാക്കുമോ എന്നതായിരുന്നു അവസാനത്തെ ചോദ്യം. അതെ എന്ന് ഉത്തരം പറഞ്ഞു. അവിടെനിന്നും പിരിയുമ്പോള്‍ അഡ്മിഷന്‍ ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസം കെ കെയുടെ മുഖത്ത് നോക്കിയപ്പോള്‍ എനിക്കുണ്ടായി.

സുല്ലമുസ്സലാമില്‍ എത്തിയതു മുതല്‍ ഹോസ്റ്റല്‍ വിദ്യാര്‍ഥികളായ ഞങ്ങളുടെ രക്ഷിതാവ് കെ കെയായിരുന്നു. ഹോസ്റ്റല്‍ വാര്‍ഡനും അധ്യാപകനുമായിരുന്ന കെ കെ പ്രഭാത നമസ്‌കാരത്തിന് വേണ്ടി ഒരു പ്രത്യേകരീതിയില്‍ വാതിലുകളില്‍ മുട്ടാറുണ്ടായിരുന്നു. ആ ശബ്ദം ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നതുപോലെ തോന്നുന്നു.

സാമ്പത്തിക പരാധീനതകളും ക്ഷാമവും ഇന്നത്തെക്കാളുമുള്ള കാലം. റേഷന്‍ അരിയും ഗോതമ്പുമൊക്കെയായിരുന്നു ഹോസ്റ്റലില്‍ പാകംചെയ്തിരുന്നത്. ഒരു ദിവസം രാത്രിയില്‍ വിളമ്പിയ കഞ്ഞിയില്‍ ഞെണ്ടുപോലുള്ള ഒരു ജീവിയെ വേവിക്കപ്പെട്ട രൂപത്തില്‍ കണ്ടു. കണ്ടവരെല്ലാം ശബ്ദകോലാഹലം ഉണ്ടാക്കുകയും കഞ്ഞി കുടിക്കരുതെന്ന് ആഹ്വാനം നടത്തുകയും ചെയ്യുന്നു. അപ്പോഴതാ കെ കെയും കഞ്ഞികുടിക്കാനായി ഹോസ്റ്റലിലെത്തുന്നു. എല്ലാവരും പരാതിയുമായി കെ കെയുടെ അടുത്തേക്ക്. കെ കെ വേവിച്ച രൂപത്തെ കഞ്ഞിയില്‍ നിന്ന് എടുത്തുനോക്കുകയും പുറത്തേക്ക് എറിയുകയും ചെയ്തു. ആ പാത്രത്തിലെ കഞ്ഞി കെ കെ തന്നെ കുടിക്കാനാരംഭിച്ചു. അതോടെ ആ കോലാഹലം അവസാനിച്ചു. എല്ലാവരും കഞ്ഞികുടിച്ചു.

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത ഒരു കുടിയേറ്റപ്രദേശമാണ് പാലേമാട്. 1960കളില്‍ അവിടെ പ്രഥമ മദ്‌റസ സ്ഥാപിതമായി. അവിടെ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നത് കെ കെ ഹംസ മൗലവി എടത്തനാട്ടുകര (കെ കെ സകരിയ്യ സ്വലാഹിയുടെ പിതാവ്) യായിരുന്നു. ആദ്യകാല ജമാഅത്ത് പ്രവര്‍ത്തകരിലൊരാളായ അദ്ദേഹമാണ് അവിടെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രചാരണത്തിന് തുടക്കമിട്ടത്. അതിലാകൃഷ്ടനായ ഞങ്ങളുടെ പിതാവിലൂടെയാണ് ഞാനും സഹോദരന്‍ എം ഐ അബ്ദുര്‍റഹ്മാനും (പി എസ് എം ഒ കോളെജ്) ജമാഅത്തെ ഇസ്‌ലാമിക്കാരായത്.

എന്റെ പഠനകാലത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടനയായിരുന്ന ഐ എസ് എല്ലിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സുഹൈര്‍ ചുങ്കത്തറയെപോലുള്ള വേറെയും ചിലര്‍ ഇപ്രകാരമുണ്ടായിരുന്നു.

ഒഴിവുള്ള സന്ദര്‍ഭങ്ങളിലെല്ലാം ഞങ്ങളെ വിളിച്ചുവരുത്തി കെ കെ ഇബാദത്ത്, ദീന്‍- ദുനിയാവ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമായിരുന്നു. ആ സൗഹാര്‍ദപരമായ ചര്‍ച്ചകളാണ് എന്നെയും എന്റെ സഹോദരന്‍ അബ്ദുര്‍റഹ്മാനെയും മറ്റുപലരെയും സത്യത്തിന്റെ വീഥിയിലേക്ക് നയിച്ചത്.

പ്രസംഗത്തില്‍ ലയിച്ചുപോയ സദസ്സ്

നിലമ്പൂരിനടുത്ത കരുനെച്ചി എന്ന ഗ്രാമത്തില്‍ കെ കെയുടെ ഒരു പ്രസംഗം സംഘടിപ്പിച്ചു. വിഷയം തൗഹീദ്. മഗ്‌രിബ് നമസ്‌കാരാനന്തരം ആരംഭിച്ച ആ പ്രസംഗപരിപാടി രണ്ടു മണിക്കൂറിലേറെ തുടര്‍ന്നു. ശ്രോതാക്കള്‍ മുഴുവനും പ്രസംഗത്തില്‍ ലയിച്ചതുപോലെ. പ്രസംഗം അവസാനിച്ചിട്ടും ആളുകള്‍ എഴുന്നേറ്റുപോകാതെ നിശ്ശബ്ദരായിരിക്കുന്നു. 'പ്രസംഗം അവസാനിച്ചു, പിരിഞ്ഞുപോകാം' എന്നു മൈക്കിലൂടെ അറിയിച്ച ശേഷമാണ് ആ സദസ്സ് പിരിഞ്ഞത്.

മൂന്നു മണിക്കൂര്‍ നീണ്ട വിവാഹ ഖുത്വ്‌ബ

1982ലാണ് ഞാന്‍ വിവാഹിതനായത്. അന്ന് പാലേമാട് മുജാഹിദ് പള്ളി ഉണ്ടായിരുന്നില്ല. വിവാഹ ഖുത്വ്‌ബ മലയാളത്തില്‍ നടത്താന്‍ തന്നെ തീരുമാനിച്ചു. ഇതില്‍ പ്രതിഷേധിച്ച് പാലേമാട് മഹല്ല് ഭാരവാഹികള്‍ വിവാഹ ബഹിഷ്‌കരണം പ്രഖ്യാപിച്ചു. കെ കെയായിരുന്നു വിവാഹ
ഖുത്വ്‌ബ നിര്‍വഹിച്ചത്. ക്ഷണിക്കപ്പെട്ടവരും അല്ലാത്തവരും നിക്കാഹിന് വന്നുചേര്‍ന്നു. ഒരു സമ്മേളനത്തിന്റെ പ്രതീതി. കെ കെയുടെ ഖുത്വ്‌ബ ഏകദേശം മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. ആ പ്രസംഗം അവസാനിക്കുംവരെ ഒരാള്‍പോലും സദസ്സില്‍നിന്ന് എഴുന്നേറ്റുപോയില്ല.
കെ കെക്ക് 'ആദര്‍ശവ്യതിയാനം'!

കെ കെ എന്നും സത്യത്തിന്റെ വക്താവായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുമായി അദ്ദേഹം 'ഖലീഫ'യുടെ അര്‍ഥത്തെ സംബന്ധിച്ച് സംവാദം നടത്തി. മുജാഹിദ് നേതാക്കളില്‍ ചിലര്‍പോലും അദ്ദേഹത്തോട് ആദ്യഘട്ടത്തില്‍ വിയോജിച്ചു. കെ ഉമര്‍ മൗലവി തന്നെ അതിനൊരുദാഹരണമാണ്. താമസിയാതെ ഉമര്‍ മൗലവി കെ കെ പറയുന്നത് തന്നെയാണ് ശരിയെന്നു സല്‍സബീലില്‍ സമര്‍ഥിച്ചു. പില്‍ക്കാലത്ത് ഗള്‍ഫില്‍ പോയപ്പോള്‍ പ്രമുഖ പണ്ഡിതനായിരുന്ന അലി ത്വന്‍താവി(റ) കെ കെയുടെ വാദത്തെ ശരിവെച്ച് സുഊദി ടെലിവിഷനില്‍ ഒരു ചോദ്യത്തിന് മറുപടി നല്കിയപ്പോള്‍ എന്റെ പ്രിയ ഗുരുവിനെക്കുറിച്ച് എനിക്കുണ്ടായ അഭിമാനത്തിന് കണക്കില്ല. പിന്നീടൊരിക്കല്‍ മനുഷ്യനെ 'ഖലീഫതുല്ലാഹി' എന്ന വിശേഷിപ്പിക്കുന്നത് തെറ്റാണെന്ന് സുഊദിയിലെ പ്രമുഖ പണ്ഡിതര്‍ ഫത്‌വ നല്കിയതും ഞാന്‍ വായിക്കുകയുണ്ടായി.

പക്ഷെ 99ല്‍ സംഘടനക്കകത്ത് വിവാദങ്ങളുണ്ടായപ്പോള്‍ കെ കെയും ഇഖ്‌വാനിയായി! 'ഇഖ്‌റഅ്'ന് കെ കെ നല്കിയിരുന്ന വ്യാഖ്യാനം അതിനു മുമ്പ് പ്രൊഫസര്‍ വീരാന്‍ സാഹിബും എന്‍ വി ഇബ്‌റാഹീം മാസ്റ്ററും നല്കിയിരുന്നു. ഡോ. ശൗക്കത്തലി അതിനെ പ്രശംസിച്ചുകൊണ്ട് സുല്ലമുസ്സലാമിന്റെ അമ്പതാം വാര്‍ഷിക പതിപ്പില്‍ ലേഖനമെഴുതിയിരുന്നു. ഇ കെ എം പന്നൂരും അബ്ദുര്‍റഹ്മാന്‍ സലഫിയുമൊക്കെ അതിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിലുണ്ടായിരുന്നു. അവര്‍ക്കാര്‍ക്കും ആദര്‍ശവ്യതിയാനമുണ്ടെന്ന് അന്നും ഇന്നും ആരും പറയുന്നില്ല. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷം അതേ വ്യാഖ്യാനം കെ കെ എഴുതിയപ്പോള്‍ കെ കെ ഇഖ്‌വാനിയും മുഅ്തസിലിയുമൊക്കെയായി!

അല്ലെങ്കിലും എന്തു പറയാനാണ്? ആദര്‍ശവ്യതിയാനത്തിന്റെ ആരോപണങ്ങളെല്ലാം ഇപ്രകാരമല്ലേ? തങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ പറഞ്ഞാല്‍ അത് ആദര്‍ശം, അതേകാര്യം തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ പറഞ്ഞാല്‍ വ്യതിയാനം. അതെ പിശാച് ജയിക്കുന്നു. മനുഷ്യന്‍ തോല്ക്കുന്നു.

തന്നെക്കുറിച്ച് ആരോപണം ഉന്നയിച്ചവരെ എന്നിട്ടും കെ കെ വെറുത്തില്ല. അവരിലധികപേരും തന്റെ ശിഷ്യന്മാരാണല്ലോ എന്നത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു എങ്കിലും അദ്ദേഹം അവരെ ആക്ഷേപിച്ചില്ല. അവരിലൊരാള്‍ തന്റെ തെറ്റുകള്‍ മാപ്പാക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ വിശാലഹൃദയനായ കെ കെ ആ ശിഷ്യനെ ആശ്വസിപ്പിച്ചു. പ്രസ്ഥാനം പിളര്‍ന്നതില്‍ അദ്ദേഹം ദുഃഖിച്ചു. ഐക്യമുണ്ടായി കാണണമെന്ന് ആഗ്രഹിച്ചു.

കെ കെ നമ്മോട് വിടചൊല്ലി, ധീരനും സത്യസന്ധനും കര്‍മകുശലനും വിശാല ഹൃദയനും ധിഷണാശാലിയുമായ കെ കെ വെട്ടിത്തെളിയിച്ച പാതയിലൂടെ നമുക്ക് ചരിക്കാം. സര്‍വശക്തന്‍ ആ മഹാനുഭാവന്റെ കൂടെ സ്വര്‍ഗീയ പൂന്തോപ്പുകളില്‍ വിഹരിക്കാന്‍ നമ്മെ അനുഗ്രഹിക്കട്ടെ. നാഥാ, ഞങ്ങളുടെ ഗുരുവിനെ നീ അനുഗ്രഹിക്കേണമേ.    



*******
*******




ഓർമകളുടെ തീനാളങ്ങൾ

ചെറിയമുണ്ടം അബ്ദുർ‌റസ്സാഖ്

എന്തിനായിരുന്നു എന്റെ കെ കെ എന്നെ കാണണമെന്നു പറഞ്ഞത്?

എന്തായിരുന്നു എന്റെ കെ കെക്ക് എന്നോട് പറയാനുണ്ടായിരുന്നത്?

ജൂലൈ 28ന് കാലത്ത് 8 മണിക്ക് കോഴിക്കോട് 'മിംസ്' ഹോസ്പിറ്റലില്‍ നിന്നും ഫോണ്‍ കാള്‍ വന്നു: ''ഉപ്പ നിങ്ങളെ കാണണമെന്നു പറയുന്നു. ഉടനെ വരണം.''

''മോള് കരയരുത്. ഞാനുടനെ എത്തുന്നുണ്ട്.''

കോളെജില്‍ ഓഫീസ് ക്ലര്‍ക്കും എന്റെ ആത്മസുഹൃത്തുമായിരുന്ന കുഴിപ്പുറം മുഹമ്മദ് കുട്ടി സാഹിബിന്റെ മരണവിവരം അറിഞ്ഞ് അങ്ങോട്ടു പുറപ്പെടുകയായിരുന്നു ഞാന്‍. നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാതെ അതുവഴി തന്നെ കോഴിക്കോട്ടേക്കു വിടാനുള്ള ഒരുക്കങ്ങള്‍ ചെയ്തു. പള്ളിയില്‍ മുഹമ്മദ് കുട്ടി സാഹിബിന്റെ ജനാസ നമസ്‌കാരത്തിന് കൈകെട്ടാന്‍ നേരം അടുത്തുനിന്ന ഒരാള്‍ പറഞ്ഞു:

''കെ കെ മരിച്ചിരിക്കുന്നു!''

''ഇന്നാലില്ലാഹി....''

കണ്ണില്‍ ഇരുട്ട്. ശ്വാസം തൊണ്ടയില്‍ തടഞ്ഞു തടഞ്ഞ്! പരീക്ഷണത്തിനുമേല്‍ പരീക്ഷണം! അകത്തെ പള്ളിയിലെ മുന്നിലെ സ്വഫ്ഫിലായിരുന്ന ഞാന്‍ പെട്ടെന്ന് വരാന്തയിലേക്ക് ഓടി. കാറ്റ് കിട്ടുംവിധം വാതില്‍കട്ടില ചാരി നിന്നു. തക്ബീര്‍ നാലും തീര്‍ത്തു. റോഡിലെത്തി കാറില്‍ സീറ്റിലേക്കു വീഴുകയായിരുന്നു.

എന്തിനായിരിക്കും എന്റെ കെ കെ എന്നെ കാണണമെന്നു പറഞ്ഞത്?

ഇനി ഹോസ്പിറ്റലില്‍ പോയിട്ടെന്ത്? യാത്ര വീട്ടിലേക്കു തന്നെയാക്കി. വീട്ടില്‍ വന്നപ്പോള്‍ വിവരങ്ങളെല്ലാം അവിടെ വിളിച്ചറിയിക്കപ്പെട്ടിരുന്നു.

''അഞ്ചുമണിക്കു മുമ്പായി കരുവമ്പൊയിലില്‍ എത്തുക!''

എത്താം.

വീട്ടുകാരെ വിഷമമറിയിക്കാതിരിക്കാന്‍ ഭക്ഷണം കഴിച്ചെന്നുവരുത്തി. കട്ടിലില്‍ കയറിക്കിടന്നു. ഗുളികകള്‍ രണ്ടു മൂന്നെണ്ണം വായിലിട്ടു. കണ്ണുകള്‍ അടച്ചു.

എന്തായിരിക്കും എന്റെ കെ കെക്ക് എന്നോട് പറയാനുണ്ടായിരുന്നത്?

ആരോ തട്ടിയുണര്‍ത്തി. ഹമീദ് മൗലവി, ഖാദിര്‍ സുല്ലമി.....

''ഇനിയും ഈ കിടപ്പ്? വണ്ടിയെത്തി. രണ്ടര മണിക്കൂറെങ്കിലും ഓടണ്ടേ...? മണി രണ്ട് കഴിഞ്ഞു.''

ഓടണം. എത്ര മണിക്കൂറും ഓടണം.

എന്തിനായിരുന്നു എന്റെ കെ കെ എന്നെ കാണണമെന്ന് പറഞ്ഞത്?

ഒരു പിടച്ചില്‍. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ മലര്‍ന്നു.
ചാലിയാറിലെ ഓളങ്ങളുടെ കളകളം. പഞ്ചാരമണലിന്റെ പുഞ്ചിരി. അരീക്കോട്ടെ സുല്ലമുസ്സലാം സ്ഥാപനങ്ങളുടെ തറയുടെ മിനുപ്പ്. എല്ലാം കെ കെയില്‍ നിന്നും പകര്‍ത്തപ്പെട്ടവ. കെ കെയുടെ ജീവിതത്തിന്റെ മുച്ചൂടും മോന്തിക്കുടിച്ചവ. അക്കരെ ഫുട്‌ബോള്‍ മൈതാനത്തിലെ പുല്‍നാമ്പുകളും ഇക്കരെ വോളിബോള്‍ ഗ്രൗണ്ടിലെ ചരല്‍ക്കല്ലുകളും കെ കെയുടെ പാദങ്ങളെ മണം പിടിപ്പിക്കുന്നു. കൂട്ടുജീവിതങ്ങളുടെ പുളകം അയവിറക്കുന്നു. എന്തിനായിരിക്കും ആ കൂട്ടുകാരില്‍ ഒരുവനെ കാണണമെന്ന് അവസാന നിമിഷം കെ കെ ആവശ്യപ്പെട്ടിരിക്കുക?

വയനാട്ടിലെ പിണേങ്ങാട്ടെ പള്ളിയങ്കണത്തിനും മദ്‌റസാക്കോലായക്കും ടൈലര്‍ സഅ്ദ്കാന്റെ വിദേശതോക്കിനും രാത്രിയില്‍ കാപ്പിക്കാടുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന കാട്ടുകോഴിക്കും മുയലിണകള്‍ക്കും എന്തൊക്കെ പറയാനുണ്ടാകുമെന്ന് എനിക്കറിയാം.

കരുവമ്പൊയില്‍ പുഴ, മീന്‍വലയുടെ കഥ പറയുമ്പോള്‍ കിഴക്കകലത്തെ കാട്, പിതാവിന്റെ തോക്കിന്റെ വീരചരിത്രം പറയും. ആ വീട്ടുവരാന്തയില്‍ വേട്ടയാടിക്കൊണ്ടുവന്ന മത്സ്യത്തിന്റെയും മുയലിറച്ചിയുടെയും വറമണം നിരവധി നാളുകള്‍ എന്റെ നാസാരന്ധ്രങ്ങളെ തരിപ്പിച്ചതും കെട്ടിപ്പിടിച്ചുറങ്ങിയ രാവുകള്‍ കുളിര് ചൊരിഞ്ഞതും ഓര്‍മയുടെ ഫലകത്തില്‍ എനിക്കു വായിച്ചെടുക്കാനാവും.
തിരൂര്‍ പുറത്തൂരിലെ കുഞ്ഞിബാവ ഹാജിയുടെ വീടിനും അങ്ങാടിയിലെ തൗഹീദ് പ്രഭാഷണങ്ങള്‍ക്കൊപ്പം അന്തിയുറക്കത്തിന്റെയും മീന്‍വേട്ടയുടെയും കഥകളുണ്ട് പറയാന്‍. ഖാദിര്‍സുല്ലമിയുടെ കണ്ണീരിനും പറയാനുള്ളത് ഏറെ. തളിപ്പറമ്പിലെ കുഞ്ഞബ്ദുല്ല ഹാജിയുടെ തേങ്ങലുകള്‍ക്കും സംഭവങ്ങളുടെ ചൂടുണ്ട് അനുഭവിക്കാന്‍.
എന്നാല്‍

 എന്തായിരുന്നു എന്റെ കെ കെക്ക് ഒടുവിലായി എന്നോട് പറയാനുണ്ടായിരുന്നത്?

വിരുന്നു നാളുകളിലായി ഞങ്ങളിരുപേരെയും ഏറെ പ്രാവശ്യം ആഹാരമൂട്ടിയിരുന്ന എന്റെ സഹധര്‍മിണിയുടെ ചുളിവു വീണ കവിളുകളിലെ നീര്‍ച്ചാലുകളേ,

എന്തിനാണ് എന്റെ കെ കെ അവസാനമായി എന്നെ ചോദിച്ചത്?
ഫ്രാന്‍സിസ് റോഡിലെ ഓടുമേഞ്ഞ പീടിക മുകളിലെ നീണ്ട കൊതുകുകളേ, ശബാബിന്റെ ജോലികളോ പ്രഭാഷണമോ കഴിഞ്ഞുവന്ന് ഒരേ പുതപ്പിനുള്ളില്‍ ചുരുണ്ട ഇരു ജീവികളുടെ കാതില്‍ നിങ്ങള്‍ മൂളിയ പാട്ടില്‍ തേടാമോ എനിക്ക് ഉത്തരം.

എന്താണ് എന്റെ കൂട്ടുകാരന് അവസാനമായി എന്നോട് പറയാനുണ്ടായിരുന്നത്?

അന്നൊക്കെ എവിടെയും 'സഹജീവി' (അങ്ങനെ മാത്രമേ ഞങ്ങള്‍ പരസ്പരം വിളിക്കാറുണ്ടായിരുന്നുള്ളൂ) കൂടെ വേണമായിരുന്നു.
ചാലിയാറിനൊപ്പം കാലത്തിന്റെ കുത്തൊഴുക്ക്. നീണ്ട നാല്പത്തിയഞ്ചു വര്‍ഷം.  സതീര്‍ഥ്യനായി,  സഹപ്രവര്‍ത്തകനായി, സഹജീവിയായി.... കാലം ഇരട്ടപെറ്റ സഹോദരങ്ങളായി, മനവും തനുവും ഒന്നായി, പരസ്പരം കൈമാറാന്‍ ഒന്നും ബാക്കിയില്ലാതെ, കളിയായെങ്കിലും ഒരിക്കലെങ്കിലും ഒന്നു പിണങ്ങാതെ.....
അങ്ങനെ.... അങ്ങനെ....

ഓര്‍മകളെ തീനാളങ്ങളാക്കി, ഉടലിനെ പകുത്ത്, ആത്മാവിനെ ഉരുക്കി.... ഹാ... എന്റെ കെ കെ....

പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ ഖുര്‍ആന്‍ ആസ്വാദന രചനയെപ്പറ്റിയല്ല. അത് ഒരാഴ്ചമുമ്പ് പറഞ്ഞു തീര്‍ന്നിരുന്നുവല്ലോ. സാമ്പത്തികമോ കുടുംബപരമോ അല്ല. അതും സംസാരിച്ചു കഴിഞ്ഞിരുന്നു. സംഘടനാ കാര്യങ്ങളുമല്ല. അത് എത്രയോ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. പിന്നെയെന്ത്?

മരണത്തിനു നാലുനാള്‍ മുമ്പ് 'മിംസ്' ആശുപത്രിയിലെ കാഷ്വാലിറ്റി കിടക്കയില്‍ കെട്ടിപ്പിടിച്ച് കരഞ്ഞു കിടന്നപ്പോള്‍ ആ കൈകള്‍ എന്റെ പുറം തടവി. ചൂണ്ടുകള്‍ വിറച്ചു:

''കരയരുത്!''

ആരോ എന്നെ പിടിച്ച് വേര്‍പെടുത്തി. താങ്ങിപ്പിടിച്ചു പുറത്തേക്കു കൊണ്ടുപോന്നു. നമസ്‌കാര ദിവസം കെ കെയുടെ വീട്ടുമുറ്റത്തുവെച്ചു സംഭവിച്ചതുപോലെ തന്നെ. അവിടെ നിയന്ത്രണം വിട്ട എന്നെ താങ്ങിയെടുത്തത് എന്റെ സഹോദരന്‍ വീരാന്‍കുട്ടി സുല്ലമി.
പ്രിയ സഹോദരാ.

എന്തിനായിരുന്നു ഒടുവിലായി എന്റെ കെ കെ എന്നെ കാണണമെന്നു പറഞ്ഞത്? പള്ളിയും മദ്‌റസയും മുറ്റങ്ങളും കവിഞ്ഞ് കരുവമ്പൊയിലിലെ ടാര്‍ റോഡില്‍ ജനാസ നമസ്‌കാരത്തിന് അണിനിരന്ന ആയിരക്കണക്കായ സഹോദരങ്ങളേ,

എന്തായിരുന്നു അവസാനമായി എന്റെ കെ കെക്ക് എന്നോട് പറയാനുണ്ടായിരുന്നത്?

അന്തരീക്ഷത്തില്‍ തിങ്ങിനിറഞ്ഞ റഹ്മത്തിന്റെ മലക്കുകളേ,
എന്തിനായിരുന്നു എന്റെ കെ കെ എന്നെ കാണണമെന്ന് പറഞ്ഞത്?

അല്ലാഹുമ്മജ്അലില്‍ ജന്നത്ത മഅ്വാഹ്...! 



*******


ഉപദേഷ്ടാവ്

ഖദീജാ നര്‍ഗീസ്
(എം ജി എം സംസ്ഥാന ജനറല്‍സെക്രട്ടറി)


സൈദ് മൗലവിക്കുശേഷം എന്നെ ഏറെ സ്വാധീനിച്ച പണ്ഡിതന്മാരില്‍ പ്രമുഖനാണ് കെ കെ മുഹമ്മദ് സുല്ലമി. കെ കെയുടെ മരണം ദുഃഖം എന്നതിനേക്കാളേറെ ഉള്ളില്‍ നിറയ്ക്കുന്നത് ഭയമാണ്. കാരണം ഇത്രയേറെ വിശാലമനസ്‌കതയും എളിമയുള്ള പണ്ഡിതര്‍ വിരളമാണ്. ആ വ്യക്തിത്വത്തോട് എനിക്ക് ഏറെ മതിപ്പാണുള്ളത്. വനിതകളുടെ മുന്നേറ്റത്തിലും ആത്മീയോല്കര്‍ഷത്തിലും അദ്ദേഹത്തിന് ഏറെ താല്പര്യവും ശ്രദ്ധയുമുണ്ടായിരുന്നു. അതിന്നായുള്ള കഠിനശ്രമങ്ങളില്‍ അവസാനം വരെ അദ്ദേഹം നിലകൊണ്ടു. പാണ്ഡിത്യലോകത്തിനും ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിനും ആ വിയോഗം കനത്ത നഷ്ടമാണ്.

സ്ത്രീകളെ  നവോത്ഥാനപരമായി  ഉള്‍വലിയിക്കാനുള്ള നവയാഥാസ്ഥിതികത്വത്തിന്റെ ശ്രമങ്ങളെ പുച്ഛത്തോടെയായിരുന്നു അദ്ദേഹം കണ്ടിരുന്നത്. സ്ത്രീകളെ കറുപ്പില്‍ പുതച്ച് അവരുടെ അസ്തിത്വത്തിന് മങ്ങലേല്പിക്കുന്നതിനും അദ്ദേഹം എതിരായിരുന്നു. എന്നാല്‍ നബി(സ) കല്പിച്ച വസ്ത്രവും മര്യാദയും യഥോചിതം പാലിക്കണമെന്ന് കര്‍ക്കശമായി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 'കുട്ടി കരയും ചട്ടി കരിയും' എന്നതിനപ്പുറം മറ്റു ചിന്തകളൊന്നുമില്ലാതിരുന്നതാണ് സ്ത്രീകളുടെ അധോഗതിക്ക് കാരണമെന്ന് കെ കെ പലപ്പോഴും തമാശയായി സൂചിപ്പിക്കുമായിരുന്നു. സ്ത്രീകളുടെ നന്മയും അധികാരാവകാശങ്ങളും ചരിത്രപരമായാണ് അദ്ദേഹം വിവരിച്ചുതന്നത്. ആ സ്‌നേഹസാന്നിധ്യം നഷ്ടപ്പെട്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ഉള്ളില്‍ ദുഃഖം കനം കെട്ടുന്നു.     



*******

ഫറോക്കിലെ പെരുമഴ

കെ പി ഖാലിദ്  


'കുട്ടികളേ,'
കേരളീയ മുസ്‌ലിം നവോത്ഥാനത്തിന് ജീവനും ഊര്‍ജവുമായി മാറിയ ഇസ്വ്‌ലാഹി യുവജന പ്രസ്ഥാനം, കനല്‍പാത താണ്ടുകയായിരുന്ന ഒരു കാലഘട്ടത്തില്‍ ഫറോക്കില്‍ ചേര്‍ന്ന ഐ എസ് എം പ്രതിനിധി സമ്മേളനത്തെ കെ കെ അഭിസംബോധന ചെയ്തത് അങ്ങനെയായിരുന്നു. മഴയുടെ കുത്തൊഴുക്കിലും കാലിടറാത്ത ആത്മവിശ്വാസവുമായി, ഒരു കായലായി മാറിയ സമ്മേളന നഗരിയിലേക്ക് ഒഴുകി എത്തിയ മുജാഹിദ് യുവതയുടെ മനസ്സുകളിലേക്ക് സമാശ്വാസത്തിന്റെ തേന്‍ മഴയായി സ്വയം കോരിച്ചൊരിയുകയായിരുന്നു കെ കെ മുഹമ്മദ് സുല്ലമി എന്ന നിഷ്‌കളങ്ക ഗുരുവര്യന്‍.

ജീര്‍ണതയുടെ ആഴം താണ്ടിയിരുന്ന കേരളീയ മുസ്‌ലിം സമൂഹത്തിലേക്ക് ചിന്തയുടെ വെളിച്ചമായി കടന്നുവന്ന ഐ എസ് എമ്മിനെ ചിറകരിഞ്ഞൊതുക്കാന്‍ ശ്രമിച്ചവര്‍ ഒരു വശത്ത്. ഈ മൗഢ്യതയെ തടയാന്‍ ചെന്ന ആത്മാര്‍ഥതയുള്ള മനുഷ്യരെ എറിഞ്ഞുവീഴ്ത്താന്‍ ശ്രമിച്ചവര്‍ വേറൊരു ഭാഗത്ത്. കലുഷമായ പ്രസ്ഥാനരംഗത്തെ ഈ വിവേകരഹിതരെ ഒക്കെയും നെഞ്ചുവിരിച്ചുകൊണ്ട്  നേരിട്ട നേതാക്കളിലൊരാളായിരുന്നു കെ കെ. ആരോപണങ്ങള്‍ കേട്ട്, ആധിപൂണ്ട യുവമനസ്സുകളില്‍ അദ്ദേഹത്തിന്റെ അധരസ്പന്ദനങ്ങള്‍ തേന്‍മൊഴികളായി കിനിഞ്ഞിറങ്ങി. സൗഹൃദങ്ങള്‍ക്ക് പ്രായത്തിന്റെ അതിര്‍വരമ്പുകളില്ലെന്ന് തെളിയിച്ച അദ്ദേഹം, സ്വഭാവമഹിമയുടെ മഹത്വം കൊണ്ട് മനുഷ്യന്‍ വിഹായസ്സോളമുയര്‍ന്നത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കുകയായിരുന്നു. ലാളിത്യം ജീവിതത്തിന്റെ വൈശിഷ്ട്യമാര്‍ന്ന അലങ്കാരമാണെന്ന് വിശ്വസിച്ചു അദ്ദേഹം. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ആസ്വാദനം, മറ്റുപലരും നടന്നുചെല്ലാന്‍ ധൈര്യപ്പെടാത്ത വൈജ്ഞാനിക ഭൂമികയിലൂടെ സധീരം കടന്നുചെന്നപ്പോള്‍ ആ ധിഷണാവൈഭവം, ചിന്തകള്‍ മുളക്കാത്ത കന്നുകളില്‍ അറിവിന്റെ മഴയായി പെയ്തിറങ്ങി. അതിനെയൊക്കെ വിമര്‍ശിച്ചവരാകട്ടെ മനുഷ്യര്‍ ചെറുതാവുന്നതെങ്ങനെയെന്ന് നമുക്ക് കാട്ടിത്തരികയും ചെയ്തു.

കരുവമ്പൊയിലിലെ കെ കെയുടെ ശിഷ്യനും സന്തതസഹചാരിയുമായ കെ ടി മുഹമ്മദ് പറഞ്ഞത് സത്യമായിരുന്നു: കെ കെയുടെ മരണം നമ്മുടെ ജീവിതത്തെ ഒരു വലിയ ശൂന്യതയിലേക്കാണ് കൊണ്ടുചെെന്നത്തിച്ചിരിക്കുന്നത്. അരീക്കോട് സുല്ലമുസ്സലാമിലെ പ്രധാനാധ്യാപകനായിരിക്കെ കെ ടി മുഹമ്മദ് കണ്ട ഒരു സംഭവം അദ്ദേഹം വിവരിച്ചുതന്നു: ഹോസ്റ്റല്‍ മെസ്സില്‍ കുട്ടികള്‍ക്കൊപ്പം ഭക്ഷണത്തിന്നിരുന്ന കെ കെയുടെ അരികിലുണ്ടായിരുന്ന ഒരു വിദ്യാര്‍ഥി, കഴിച്ചിരുന്ന ചപ്പാത്തിയില്‍ നിന്നൊരു കഷ്ണം കീറിക്കളഞ്ഞ് ഒഴിവാക്കിയതു കണ്ട അദ്ദേഹം കാരണമന്വേഷിച്ചു. ചപ്പാത്തി നനഞ്ഞിരിക്കുന്നുവെന്ന മറുപടി കേട്ട അദ്ദേഹം ആ കഷണമെടുത്ത് സ്വയം വായിലിട്ട് ചവച്ചരച്ചുകഴിച്ചു! ത്യാഗവും സമര്‍പ്പണവും എന്തെന്ന് തന്റെ ശിഷ്യഗണങ്ങള്‍ക്ക് സ്വന്തം ജീവിതംകൊണ്ട് കാട്ടിക്കൊടുക്കുകയായിരുന്നു അദ്ദേഹം.

മുഹമ്മദ് പറഞ്ഞ ശൂന്യതയുടെ വ്യാപ്തി വളരെ വലുതാണെന്ന് കെ കെയുടെ അസാന്നിധ്യം ഓരോ നിമിഷവും വിളിച്ചുപറയുന്നതുപോലെ തോന്നുന്നു. സഹജീവികളുടെ ഹൃദയങ്ങളിലെവിടെയെങ്കിലും ശൂന്യതകളുണ്ടെങ്കില്‍ സ്‌നേഹംകൊണ്ടും സാരോപദേശം കൊണ്ടും അവിടങ്ങളിലേക്ക് പെയ്തുകയറിയ കെ കെ ഒരു ചാറല്‍മഴയുടെ അകമ്പടിയോടെ ഈ ലോകത്തു നിന്ന് യാത്രയായപ്പോള്‍ തോന്നുന്നത് തികഞ്ഞ അനാഥത്വം. അദ്ദേഹം കടന്നുപോയ പാതയുടെ പര്യവസാനം സ്വര്‍ഗത്തിലാവട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ്. 



*******


പിതൃവാത്സല്യത്തിന്റെ തൂവല്‍സ്പര്‍ശം

സുബൈര്‍ മങ്കട

''മോനേ, ആ സ്റ്റൂള്‍ എടുത്ത് അതില്‍ കേറിനിന്നോ. ഇങ്ങനെ പ്രയാസപ്പെടേണ്ട.'' അസ്വര്‍ നമസ്‌കരിച്ച് വരികയായിരുന്ന കെ കെ സ്‌നേഹവാത്സല്യങ്ങളോടെ അന്ന് പറഞ്ഞ വാക്കുകള്‍ക്ക് മരണമില്ല. അത് ചേതനയില്‍ എന്നെന്നും അങ്കിതമായികിടക്കും.


പുരോഗമനത്തിന്റെ മീന്‍വെളിച്ചം പോലുമേല്ക്കാത്ത ഒരു കുഗ്രാമത്തില്‍, വൈദ്യുതീകരിച്ചിട്ടില്ലാത്ത ഒരു വീട്ടില്‍ ജനിച്ചുവളര്‍ന്ന പെന്‍സില്‍മാര്‍ക്ക് ചെറുപയ്യനായിരുന്ന എനിക്ക് വൈദ്യുതസ്വിച്ച് ഒരു ഹരമല്ല, മഹാത്ഭുതമായിരുന്നു അന്ന്. തള്ളവിരലില്‍ ഊന്നിനിന്ന് മേലോട്ടും താഴോട്ടും സ്വിച്ച് ചലിപ്പിക്കാനുള്ള പെടാപ്പാടിലായിരുന്നു ഞാന്‍. എന്നെ, എന്റെ ഭൗതിക സാമൂഹ്യ സാഹചര്യങ്ങളെ കൃത്യമായി മനസ്സിലാക്കിയ കെ കെ എന്റെ കുസൃതിത്തരങ്ങളില്‍ ക്രിയാത്മകമായി ഇടപെടുകയും ഫലപ്രദമായി നിയന്ത്രിക്കുകയും വ്യക്തിത്വത്തില്‍ ഗുണകരമായ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തതങ്ങനെയാണ്. എന്നെ മാത്രമല്ല, സുല്ലമില്‍ വന്നവരെയൊക്കെ. അതാണ് കെ കെ. അതാണ് കെ കെയുടെ രീതി. അങ്ങനെയാണ് തലമുറകള്‍ കെ കെയുടെ കൈകളില്‍ പക്വവും സുരക്ഷിതവുമായി വളര്‍ന്നുവന്നത്.


ദുര്‍ഗുണ പാഠശാലകളിലോ ജുവനൈല്‍ കോടതികളിലോ എത്തേണ്ട എത്രയോ പയ്യന്മാര്‍ കെ കെയുടെ പാഠശാലയില്‍ നിന്ന് ബഹുമാന്യരായി, സംസ്‌കൃതചിത്തരായി, സാമൂഹ്യ പ്രവര്‍ത്തകരായി പുറത്തിറങ്ങിയിട്ടുണ്ട്. കെ കെയുടെ കൈകളിലാണെങ്കില്‍ എന്റെ കുട്ടിയുടെ ഭാവി സുരക്ഷിതമായിരിക്കും എന്ന ഉറച്ച വിശ്വാസമാണ് വേണ്ടത്ര സൗകര്യങ്ങളില്ലാതിരുന്നിട്ടും സുല്ലമിലേക്ക്, സുല്ലമിലെ ഹോസ്റ്റലിലേക്ക് മക്കളെ അയക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിച്ചത്. സുല്ലമിനും സുല്ലമികള്‍ക്കും സാമൂഹ്യമായ ഒരംഗീകാരം വേറെത്തന്നെ ലഭിച്ചിരുന്നു. അതിനുള്ള അനിഷേധ്യവും പ്രമുഖവുമായ കാരണം കെ കെയുടെ സാന്നിധ്യവും അഭ്യന്തര ഭരണത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പാടവവും തന്നെയാണ്. അദ്ദേഹത്തിന്റെ സമീപനരീതികള്‍ ഒരു തരംഗമായി മാറി.

മനുഷ്യനെന്ന മഹാവിസ്മയത്തെ, ബാല്യകൗമാരങ്ങളിലെ  സങ്കീര്‍ണ ഘട്ടങ്ങളെ കെ കെ പഠിച്ചത് ഖുര്‍ആനില്‍ നിന്നാണ്. ആ പഠനം നിലച്ചില്ല. ആ പഠിതാവ് പഠിച്ചുകൊണ്ടിരിക്കെ പാഠം തീരും മുമ്പ് പഠനമുറിയില്‍ നിന്ന് ഇറങ്ങിനടന്നു. അന്ത്യയാത്രയ്ക്കു മുമ്പ് ഗുരുവര്യനെ കാണാന്‍ ചെന്നപ്പോഴും ഖുര്‍ആനികാസ്വാദനത്തെക്കുറിച്ചു തന്നെയാണ് ദീര്‍ഘമായി ഞങ്ങളോട് സംസാരിച്ചത്. കെ കെയുടെ ഖുര്‍ആനിക സംവേദനരീതി പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. വിയോജിക്കാനുള്ള അവകാശം എന്റേതാണ്. പക്ഷേ, ഗുരുനാഥന്മാരോട് വിയോജിപ്പ് രേഖപ്പെടുത്തുന്നതിന് നിയതമായ രീതിയുണ്ട്. ചേരിതിരിവിന്റെ ലഹരിയില്‍ അതെല്ലാം ലംഘിക്കപ്പെട്ടുവോ എന്ന തോന്നല്‍ എന്നെ വല്ലാതെ വേട്ടയാടി. ചേരികള്‍ക്കതീതമായി അറിവിന്റെ വെളിച്ചം ഞാന്‍ കണ്ടാസ്വദിക്കാന്‍ തുടങ്ങിയപ്പോള്‍ ഗുരുവര്യനെ ചെന്നുകണ്ടു. വീക്ഷണങ്ങള്‍ എന്തുമാവട്ടെ, വിനീതനായ വിദ്യാര്‍ഥിയെന്ന നിലക്ക് എന്റെ വാക്കുകളിലെ പിഴവുകള്‍ക്ക് പരിഹാരം തേടി. ഒന്നുമില്ല, ആരോടുമൊട്ടും പരിഭവമില്ല. വൈരാഗ്യമോ വിദ്വേഷമോ ഇല്ല. കെ കെ പഴയ കെ കെ തന്നെ. ഗുരുമനസ്സിന്റെ വിശാലത അപ്പോള്‍ ഞാനാദ്യമായി അനുഭവിച്ചു. അദ്ദേഹം എല്ലാം ഉള്ളുതുറന്നു സംസാരിച്ചു. ''ഇഖ്‌റഇന്ന് പെറുക്കി എന്ന് ഞാന്‍ അര്‍ഥം പറഞ്ഞിട്ടില്ല. അതറിയാവുന്ന നീ, മറ്റാരു പറഞ്ഞാലും അങ്ങനെ പറയുമെന്ന് കരുതിയിരുന്നില്ല.'' എനിക്ക് ലജ്ജയും ദുഃഖവും തോന്നി. അതിലുപരി, വാക്കുകള്‍ കൊണ്ട് മായാജാലം കളിക്കുന്നതിലുള്ള അപകടത്തെക്കുറിച്ച് ഞാന്‍ കൂടുതല്‍ ബോധവാനായി.

കെ കെയുടെ സാമ്പത്തിക ഭദ്രത എന്താവട്ടെ, അദ്ദേഹം എന്നും ഒരുപോലെ ജീവിച്ചു. എന്നും ബസ്സില്‍ യാത്ര ചെയ്തു. ഒരേ വസ്ത്രം ധരിച്ചു. ഒരേ ഭക്ഷണം കഴിച്ചു. അദ്ദേഹം ചെന്നെത്താത്ത ഗ്രാമങ്ങളില്ല. പ്രസംഗിക്കാത്ത വേദികളില്ല. എടുക്കാത്ത ജോലികളില്ല. ദുന്‍യാവ് അദ്ദേഹത്തിന് ഒരു കളിപ്പാവയായിരുന്നു, യജമാനനായിരുന്നില്ല. അതുകൊണ്ടുതന്നെ, ദുന്‍യാവിനു മറ്റുപലരെയും വീഴ്ത്താന്‍ കഴിഞ്ഞെങ്കിലും അദ്ദേഹത്തെ വീഴ്ത്താന്‍ കഴിഞ്ഞതുമില്ല.
കെ കെയുടെ മാര്‍ഗം ചിന്തയുടേതാണ്. സ്വാഭാവികമായും അതിന് വിമര്‍ശനങ്ങളുണ്ടുതാനും. അതിന്റെ മാര്‍ഗത്തില്‍ സാഹസികമായ ധീരത തന്നെയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. തന്റെ ശിഷ്യന്മാരില്‍ അത്തരം ഒരു ത്വര വളര്‍ത്തിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ ചിന്താപരമായ പിന്‍ഗാമിത്വം ഏറ്റെടുക്കാന്‍ കരുത്തുള്ള ശിഷ്യന്മാരുണ്ടോ എന്നത് സംശയാസ്പദമാണ്.

കെ കെ സ്വതന്ത്രനായിരുന്നു. നിരങ്കുശമായ സ്വാതന്ത്ര്യബോധം അദ്ദേഹം തലമുറകള്‍ക്ക് പകര്‍ന്നുകൊടുത്തു. ആ സ്വാതന്ത്ര്യബോധമായിരിക്കണം അദ്ദേഹത്തെ സ്വാര്‍ഥ താല്‍പര്യങ്ങളുടെ കളകള്‍ മുളയ്ക്കാത്ത മനോഹരമായ ഒരു ആരാമമാക്കിത്തീര്‍ത്തത്. അതുകൊണ്ടു തന്നെയായിരിക്കണം ചിന്തയിലും സമീപനത്തിലും തനിക്ക് ധാരാളം ശിഷ്യന്മാരുള്ളപ്പോള്‍ പാര്‍ശ്വവര്‍ത്തികളും ഉപശാലകളും ഒട്ടുമില്ലാതെ പോയതും. സ്വാര്‍ഥംഭരികളുടെ കണ്ണില്‍ ഒരു കരടായും കുടിലന്മാരുടെ കണ്ഠത്തില്‍ ഒരു മുള്ളായും അദ്ദേഹം ജീവിച്ചു. അനീതിക്ക് കൂട്ടുനില്ക്കാത്ത അദ്ദേഹം, വിസമ്മതത്തിന്റെ കരുത്ത് തെളിയിക്കുമ്പോഴും ശാന്തനായി, സമാധാന പ്രിയനായി വര്‍ത്തിച്ചു. ആഴക്കടലില്‍ ഓളങ്ങളുണ്ടാവാറില്ല. അതുകൊണ്ടായിരിക്കാം ഓളങ്ങളുടെ ബഹളങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹം മുതിരാതിരുന്നത്.

അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് കീഴ്‌പ്പെടാതിരിക്കാന്‍ ആര്‍ക്കുമാവില്ല. പക്ഷേ, വിധിയെ സന്തോഷപൂര്‍വം സ്വീകരിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കും. ഞാന്‍ അവസാനമായി ഗുരുവര്യനെ കാണുമ്പോള്‍ വിധിയെ സ്വീകരിക്കാന്‍ അദ്ദേഹം മാനസികമായി തയ്യാറെടുത്തു കഴിഞ്ഞതായി എനിക്ക് തോന്നിയിട്ടുണ്ട്; വൈമനസ്യത്തോടെയല്ല, പൂര്‍ണ സമ്മതത്തോടെ, സന്തോഷത്തോടെ. എനിക്ക് ഒരു വല്ലാത്ത ആശ്വാസമനുഭവപ്പെട്ടു. വിശ്വാസത്തിന്റെ ചിറകിലേറി വന്ന വഴിയെ തിരിച്ചുപോകാന്‍ സാധിക്കുന്നത് അല്ലാഹുവിന്റെ തൗഫീഖാണ്. ആ മഹാമനുഷ്യന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്കട്ടെ, ആമീന്‍. 



*******


കൈപിടിച്ചുയര്‍ത്തിയ മാര്‍ഗദര്‍ശി

പ്രൊഫ. മുഹമ്മദ് ത്വയ്യിബ് സുല്ലമി

(പ്രിന്‍സിപ്പാള്‍, സുല്ലമുസ്സലാം അറബിക് കോളെജ്)

1976ല്‍ സുല്ലമില്‍ വിദ്യാര്‍ഥിയായി എത്തിയതോടെയാണ് കെ കെയുമായി ഇടപഴകാന്‍ അവസരം ലഭിച്ചത്. ഞങ്ങളുടെ വന്ദ്യനായ ഗുരുനാഥന്‍ എല്ലാ അര്‍ഥത്തിലുമുള്ള രക്ഷിതാവ് തന്നെയായിരുന്നു. കെ പി മുഹമ്മദ് മൗലവിയുടെ സാരഥ്യവും ഹോസ്റ്റല്‍ ജീവിതത്തില്‍ കെ കെ നല്കിപ്പോന്ന പ്രത്യേകമായ തര്‍ബിയത്തും ഈ ലോകത്തുവെച്ച് ലഭിച്ചതില്‍ ഏറ്റവും അമൂല്യമായത് പലതും ഞങ്ങള്‍ക്ക് നേടിത്തന്നു. 'കടിച്ചാല്‍ പൊട്ടാത്ത' വിഷയമായാല്‍ പോലും കെ കെയാണ് ക്ലാസെടുക്കുന്നതെങ്കില്‍ ഇതെത്ര ലളിതം എന്നാണ് അനുഭവപ്പെടുക. ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരണ നല്കിക്കൊണ്ടാണ് ഏതു വിഷയെത്തയും കെ കെ സമീപിക്കുക. സുഗ്രാഹ്യമായ ഉദാഹരണങ്ങളും ലളിതമായ ശൈലിയും കെ കെയുടെ ക്ലാസുകളെ അതീവ ഹൃദ്യമാക്കി. അല്ലാഹു മനുഷ്യന് നല്കിയ അപാരമായ അനുഗ്രഹങ്ങളിലൊന്നാണ് അവന്റെ ബുദ്ധിയെന്നും അത് ശരിയായി ഉപയോഗിക്കുമ്പോള്‍ മാത്രമേ അല്ലാഹുവിനോടുള്ള ശുക്‌റ് ആയിത്തീരുകയുള്ളൂവെന്നുമുള്ള സന്ദേശം ഏറ്റവും ശക്തമായ രീതിയില്‍ കെ കെ പകര്‍ന്നുതന്നു. മറ്റുള്ളവരുടെ ബുദ്ധികൊണ്ടല്ല, അവനവന്റെ ബുദ്ധികൊണ്ട് ചിന്തിക്കണമെന്ന് കെ കെ ഉപദേശിച്ചു. ബൗദ്ധിക-വൈജ്ഞാനിക-ഭൗതിക മേഖലകളില്‍ വിഭിന്ന സാഹചര്യങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികളുടെ മുഴുവന്‍ ശാരീരിക-മാനസിക വശങ്ങള്‍ മനസ്സിലാക്കി ആവശ്യമായ മാര്‍ഗനിര്‍ദേശവും നേതൃത്വവും നല്കി വളര്‍ത്തിക്കൊണ്ടുവരുന്ന കാര്യത്തില്‍ ഞങ്ങളുടെ വന്ദ്യഗുരുനാഥനുമുണ്ടായിരുന്ന സവിശേഷമായ കഴിവ്, അല്പകാലമെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യത്വത്തിന് ഭാഗ്യം കിട്ടിയവര്‍ക്കെല്ലാം മറക്കാനാവാത്ത അനുഭവമായിരിക്കും.

1980ല്‍ അഫ്ദലുല്‍ ഉലമാ പരീക്ഷയെഴുതി നില്ക്കുന്ന അവസരത്തില്‍, പരിക്ഷാഫലം പോലും പുറത്ത് വരുന്നതിന് മുമ്പ് കോളെജിലേക്ക് വിളിച്ച്, കോളെജ് ഹോസ്റ്റലിന്റെയും മദ്‌റസയുടെയും ചുമതല കെ പി ഏല്പിച്ചുതന്നപ്പോള്‍, ഓരോ അവസരങ്ങളിലും പ്രായോഗികമായ നിര്‍ദേശങ്ങള്‍ തന്നുകൊണ്ട് പുതിയ ഉത്തരവാദിത്വത്തിന്റെ രംഗത്ത് കൈ പിടിച്ചുയര്‍ത്തിയത് കെ കെയാണ്. തുടര്‍ന്ന് കോളെജില്‍ അധ്യാപകനായി. കെ പിടെയും കെ കെയുടെയും ഈ വിനീത ശിഷ്യന് അവരുടെ സഹപ്രവര്‍ത്തകന്‍ കൂടിയാവാന്‍ സര്‍വശക്തന്‍ അവസരമൊരുക്കിയപ്പോഴും, കെ കെയുടെ ഉപദേശനിര്‍ദേശങ്ങളുണ്ടായിരുന്നു.

കോളെജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഈ കുറിപ്പുകാരനെ എം എസ് എം പ്രവര്‍ത്തനത്തില്‍ പങ്കാളിയാക്കിക്കൊണ്ട് സംഘടനാരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയതില്‍ മുഖ്യപങ്ക് കെ കെക്ക് തന്നെയായിരുന്നു. തുടര്‍ന്ന് ഐ എസ് എം പ്രവര്‍ത്തനരംഗത്ത് കടന്നുവരുന്ന കാര്യത്തില്‍ ആവശ്യമായ പ്രേരണകളും നിര്‍ദേശങ്ങളുമൊക്കെ കാര്യമായി നല്കിയതും അദ്ദേഹം തന്നെയായിരുന്നു.

കഴിഞ്ഞ ശഅ്ബാനിലും റമദാനിലുമായി മക്കയില്‍ വെച്ചുനടന്ന പണ്ഡിത സംഗമത്തില്‍ ഒരംഗമായി കെ കെയോടൊപ്പം പങ്കെടുക്കാന്‍ സാധിച്ചത് അവിസ്മണീയമായ ഒരനുഭവമായി ഹൃദയത്തില്‍ തങ്ങിനില്ക്കുന്നു. അഗാധപാണ്ഡിത്യത്തിന്റെയും അതുല്യമായ വിനയത്തിന്റെയും ഉടമകളായിരുന്ന ശൈഖുമാരുടെ ക്ലാസുകള്‍ ഞങ്ങള്‍ക്ക് ജീവിതത്തില്‍ ലഭിച്ച അമൂല്യമായ ഒന്നായിരുന്നു. ക്ലാസുകളെ ഏറെ സജീവമാക്കിയിരുന്നത് മിക്ക അവസരങ്ങളിലും കെ കെ തന്നെയായിരുന്നു. പരിശുദ്ധ ഹറമിലേക്കുള്ള കെ കെയുടെ അവസാനയാത്രയായിരുന്നുവത്. പരിശുദ്ധ ഉംറ ചെയ്യാനും ഹറമില്‍ ഏതാനും ദിവസങ്ങള്‍ കഴിച്ചുകൂട്ടാനുമായി, സംഘാംഗമായിരുന്ന സഈദ് ഫാറൂഖിയോടൊപ്പം യാത്രതിരിച്ചിരുന്ന അദ്ദേഹത്തിന്റെ പത്‌നി, സേഹാദരി മുനീറയെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു. എല്ലാവര്‍ക്കും അല്ലാഹു അവന്റെ വിശാലമായ കാരുണ്യം ചൊരിഞ്ഞുതരട്ടെ.

ഇനിയുമുള്ള കാലം അല്ലാഹു അനുവദിച്ച 'ബോണസ് ലൈഫാ'ണെന്ന്  പറഞ്ഞുകൊണ്ട്  പുഞ്ചിരിയോടെ കര്‍മൗത്സുക്യത്തിന്റെയും നൈരന്തര്യത്തിന്റെയും ഒരു മാതൃക കെ കെ കാണിച്ചുതരികയായിരുന്നു. നാട്യങ്ങളും ജാടകളുമില്ലാതെ, ജനങ്ങള്‍ക്കിടയില്‍ ജീവിച്ച കെ കെ വാക്കുകളിലൂടെയും അല്ലാതെയും ആ സന്ദേശം തന്നെയാണ് മുജാഹിദ് കേരളത്തിന് പൊതുവിലും തന്റെ ശിഷ്യഗണങ്ങള്‍ക്ക് പ്രത്യേകിച്ചും പകര്‍ന്നുനല്കിയത്. അല്ലാഹുവിനെ മാത്രം ഭയക്കേണ്ട രംഗത്ത് മറ്റാരെയും ഭയക്കേണ്ടതില്ലെന്ന ധീരതയുടെ സന്ദേശവും അദ്ദേഹം കൈമാറിയ ഏറ്റവും വിലപ്പെട്ട പാഠമായി ഉള്‍ക്കൊള്ളുകയാണ്. 



*******


അവസാനത്തെ വിദേശയാത്ര

പി കെ മുജീബുര്‍റഹ്മാന്‍ (യു എ ഇ)

ഞെട്ടലോടെയാണ് ഓരോ ഇസ്വ്‌ലാഹീ സെന്റര്‍ പ്രവര്‍ത്തകനും ആ വാര്‍ത്ത കേട്ടത്. കേട്ടവരെല്ലാം ഗദ്ഗദത്തോടെയാണ് 'ഇന്നാലില്ലാഹി...' എന്നു പറഞ്ഞത്. കാരണം കെ കെയുടെ മരണം പ്രവാസികളായ ഇസ്വ്‌ലാഹീ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തിന്റെ വിയോഗം പോലെയായിരുന്നു.

പണ്ഡിതന്മാരുമായുള്ള സഹവാസം ഏതൊരു വിജ്ഞാനകുതുകിക്കും ആശ്വാസം നല്കുന്നതാണ്. നാട്ടില്‍ തിരക്ക് പിടിച്ച മുഴുസമയ പ്രബോധന പ്രവര്‍ത്തനങ്ങളിലും സംഘടനാകാര്യങ്ങളിലും ഏര്‍പ്പെടുന്ന പണ്ഡിതരെ നാട്ടില്‍ വെച്ച് കാണാന്‍ കുറഞ്ഞ ലീവില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സാധിക്കാറില്ല. എന്നാല്‍ നമ്മുടെ പണ്ഡിതര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഗള്‍ഫിലെത്തുമ്പോള്‍ അവരുമായി ആശയങ്ങളും സംശയങ്ങളും പങ്കുവെക്കാന്‍ ലഭിക്കുന്ന അവസരം ഓരോ ഇസ്വ്‌ലാഹീ പ്രവര്‍ത്തകനും അസുലഭമുഹൂര്‍ത്തമായി കാണുന്നു.

കഴിഞ്ഞ റമദ്വാനില്‍ സംഘടനാ ആവശ്യങ്ങള്‍ക്കായി കെ കെ മുഹമ്മദ് സുല്ലമി യു എ ഇ സന്ദര്‍ശിച്ചിരുന്നു. പാണ്ഡിത്യം വിനയം വര്‍ധിപ്പിക്കും എന്നതിന്റെ ജീവിച്ചിരുന്ന തെളിവായിരുന്നു കെ കെ എന്നത് ഓരോ ഇസ്വ്‌ലാഹീ സെന്റര്‍ പ്രവര്‍ത്തകനും അനുഭവിച്ചറിയാന്‍ അദ്ദേഹത്തിന്റെ ഹ്രസ്വ സന്ദര്‍ശനം കൊണ്ട് സാധിച്ചു. ആരോടും സ്‌നേഹപൂര്‍വം പെരുമാറുകയും ഉപദേശങ്ങള്‍ നല്കുകയും ചെയ്യുന്ന കെ കെയുടെ മഹിതമായ ഗുണം അദ്ദേഹത്തെ വ്യതിരിക്തനാക്കിയിരുന്നു. സന്ദര്‍ശനം കഴിഞ്ഞ് സെന്ററില്‍ നിന്ന് മടങ്ങുംമുമ്പ് ഓരോ പ്രവര്‍ത്തകനോടും യാത്ര പറയാനും അദ്ദേഹം മറന്നില്ല.


ഇസ്വ്‌ലാഹീ സെന്റര്‍ കഴിഞ്ഞ റമദാനില്‍ കറാമ സെന്ററില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കൗണ്‍സിലില്‍ അദ്ദേഹം ദീര്‍ഘനേരം പ്രസംഗിച്ചു. ആരെയും നോവിക്കാതെ സംഘടനാകാര്യങ്ങള്‍ ഓരോ പ്രവര്‍ത്തകന്റെയും ഹൃദയത്തില്‍ തട്ടുന്ന രീതിയില്‍ വിശദീകരിച്ചു. സംഘടനാ പ്രശ്‌നങ്ങളുടെ തുടക്കത്തില്‍ ധനാഢ്യരായ ചിലര്‍ അനുരഞ്ജനത്തിന് തയ്യാറാകാതിരുന്നതും സംഘടനയെ ഭിന്നിപ്പിച്ചവര്‍ പുറത്തുപോയ ശേഷം ആരോപിച്ച ആദര്‍ശവ്യതിയാനം വെറും ധൂളികളാണെന്ന് തിരിച്ചറിഞ്ഞ ഇസ്വ്‌ലാഹീ പ്രവര്‍ത്തകര്‍ ഒരു ഭാഗത്ത് ഉറച്ചുനിന്നപ്പോള്‍ നേരത്തെ ഐക്യം അലര്‍ജിയായവര്‍ അനുരഞ്ജന മാര്‍ഗങ്ങളുമായി പ്രസ്ഥാന നേതാക്കളെ സമീപിച്ചതും അദ്ദേഹം സൂചിപ്പിച്ചു. ആദര്‍ശം സമ്പന്നര്‍ക്ക് മുന്നില്‍ അടിയറവെക്കാന്‍ തയ്യാറാകാതിരുന്ന ഇമാം ബുഖാരി(റ)യുടെ ചരിത്രം അനസ്മരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സത്യത്തിലാണ് നമ്മളെന്ന് നൂറുശതമാനം ബോധ്യമായതിനാല്‍ പ്രസ്ഥാനരംഗത്ത് കൂടുതല്‍ സേവനംചെയ്യാന്‍ ഓരോരുത്തരും ശ്രമിക്കണമെന്ന കെ കെയുടെ ഉപദേശം ഓരോ പ്രവര്‍ത്തകരും നെഞ്ചിലേറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് കൂടുതല്‍ പരിപാടികളില്‍ കെ കെ യെ പ്രസംഗിപ്പിക്കേണ്ടെന്ന് സംഘാടകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രവാചകന്‍ പ്രവചിച്ച ജീവിതായുസ്സ് ഞാന്‍ ജീവിച്ചുതീര്‍ത്തുവെന്നും ഇനിയുള്ളത് 'ബോണസ് ലൈഫാണ്' എന്നുമായിരുന്നു കെ കെയുടെ പ്രതികരണം. ദേര ഹാജി നാസര്‍ മസ്ജിദില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം ശ്രവിക്കാന്‍ ദുബയ്‌യുടെ നാനാദിക്കില്‍ നിന്നും ജനങ്ങളെത്തിയിരുന്നു. ഖുര്‍ആന്‍ പഠനം വ്യാപകവും യുക്തിപൂര്‍വകവുമാക്കാനുള്ള പണ്ഡിതോചിതമായ നിര്‍ദേശങ്ങള്‍ യു എ ഇയിലെ ക്യു എല്‍ എസ് ഇന്‍സ്ട്രക്ടര്‍മാര്‍ക്കും ഇസ്വ്‌ലാഹീ സെന്റര്‍ ഭാരവാഹികള്‍ക്കും അദ്ദേഹം നല്കി. നാഥാ.... അദ്ദേഹത്തിന്റെ നഷ്ടം മൂലം കുടുംബത്തിനും പ്രസ്ഥാനത്തിനുമുണ്ടായ നഷ്ടം നീ നികത്തേണമേ... അദ്ദേഹത്തിന്റെ സേവനത്തിന് നീ സ്വര്‍ഗം പ്രതിഫലം നല്കി അനുഗ്രഹിക്കേണമേ.... കെ കെയ്ക്ക് വേണ്ടി ഓരോ പ്രവാസിയും പ്രാര്‍ഥിക്കുന്നു, നിറമിഴിയോടെ.    



ഖത്തര്‍ സന്ദര്‍ശനവേളയില്‍

നാസറുദ്ദീന്‍ ചെമ്മാട് (ഖത്തര്‍)

കെ കെ മരിക്കുന്നതിന്റെ രണ്ടാഴ്ച മുമ്പാണ് വീട്ടില്‍ ചെന്ന് കണ്ടത്. 1978ല്‍ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. അന്ന് ഞാന്‍ അരീക്കോട് സുല്ലമിലെ ഹോസ്റ്റല്‍ വിദ്യാര്‍ഥിയായിരുന്നു. ഹോസ്റ്റലിന്റെ ചാര്‍ജ് കെ കെക്കായിരുന്നു. കെ കെയെക്കുറിച്ച് അദ്ദേഹത്തിന്റെ ശിഷ്യന്മാരും സഹപ്രവര്‍ത്തകരും എഴുതാന്‍ തുടങ്ങിയാല്‍ അതിന് അറ്റമുണ്ടാവില്ല. അത്രമാത്രം അനുഭവസമ്പത്ത് കെ കെയുമായി ഒരോരുത്തര്‍ക്കുമുണ്ടാകും.

കുട്ടികളെ പിതൃതുല്യം സ്‌നേഹിക്കുന്ന രക്ഷിതാവും വൈകുന്നേരങ്ങളില്‍ കൂടെ ഷട്ടില്‍ കളിക്കുന്ന, ഫുട്‌ബോള്‍ കളിക്കുന്ന കൂട്ടുകാരനുമായിരുന്നു കെ കെ. പുലര്‍ച്ചെ ചാലിയാറില്‍ മുങ്ങിക്കുളിക്കാനും കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനും കൊണ്ടുപോകും. വികൃതിയും വിക്രസുമായി നടക്കുന്ന ഞങ്ങളെ എന്തിനാണ് കെ കെ ഇങ്ങനെ സ്‌നേഹിക്കുന്നതെന്ന മനസ്സിലെ പഴയ ചോദ്യത്തിന് ഒരിക്കല്‍ കെ കെ തന്നെ മറുപടി തന്നു: ''ആ കുട്ടികളെ സംഘടനാരംഗത്ത് കണ്ടുമുട്ടുമെന്നെനിക്കുറപ്പുണ്ടായിരുന്നു. ഒന്നാം നമ്പര്‍കാരായ ആരെയും പിന്നെ ഞാന്‍ കാണാറില്ല.''

കെ കെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ വരുന്നതിന്റെ മുന്നോടിയായി വിളിച്ചുചേര്‍ത്ത ഇസ്വ്‌ലാഹീ സെന്റര്‍ യോഗത്തില്‍ അബ്ദുര്‍റഊഫ് മദനി പറഞ്ഞു: കെ കെ ഇവിടെയെത്തിക്കഴിഞ്ഞാല്‍ നിങ്ങളാരും അദ്ദേഹത്തെ കെ കെ എന്ന് വിളിക്കരുത്. മൗലവി എന്നോ സാര്‍ എന്നോ അഭിസംബോധന ചെയ്യണം. അപ്പോള്‍ ഞങ്ങള്‍ കുറച്ചുപേര്‍ (കെ കെയെ നേരത്തെ അറിയുന്നവര്‍) പറഞ്ഞു: അത് സാധ്യമല്ല, ഞങ്ങളുടെ ഹൃദയാന്തര്‍ ഭാഗത്തു നിന്നുമുള്ള സ്‌നേഹത്തിന്റെയും റഹ്മത്തിന്റെയും വിളിയാണ് കെ കെ. അത് മാറ്റാന്‍ പറ്റില്ല. കെ കെയുടെ ഖത്തര്‍ സന്ദര്‍ശനവും അവിടെ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളും ഓരോ സെന്റര്‍ പ്രവര്‍ത്തകന്റെയും മനസ്സില്‍ പച്ചപിടിച്ച് നില്ക്കുന്നു. അവസാനമായി കണ്ടപ്പോഴും ഖത്തര്‍ സന്ദര്‍ശനത്തെക്കുറിച്ചും ഇസ്വ്‌ലാഹീ സെന്റര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി.

കെ കെയുടെ സന്ദര്‍ശനവേളയിലെ ഒരു സായാഹ്നം. ഞങ്ങള്‍ നടക്കുകയാണ്. കെ കെ ചോദിച്ചു: ''ഇവിടെ തെങ്ങുണ്ടോ?''
ഞാന്‍ പറഞ്ഞു: ''കാഴ്ചക്കുവേണ്ടി വെച്ച തെങ്ങുകളുണ്ട്. എന്നാല്‍ അതില്‍ തേങ്ങായൊന്നുമുണ്ടാവാറില്ല.''
ഉടനെ കെ കെ പറഞ്ഞു: ''തെങ്ങിന്റെ പൂക്കുലയുടെ മണം എനിക്കനുഭവപ്പെടുന്നുണ്ടല്ലോ.''

അതും പറഞ്ഞ് ഈത്തപ്പനകള്‍ക്കിടയില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന ഒരു തെങ്ങിന്റെ അടുത്തേക്ക് ഓടിച്ചെന്നു അദ്ദേഹം. നോക്കുമ്പോള്‍ അത് പൂത്തുനില്ക്കുന്നു. ശേഷം കെ കെ പറഞ്ഞു: ''ഞാന്‍ ഒരു കര്‍ഷകന്‍ കൂടിയാണെടോ.''
ഒരു വെള്ളിയാഴ്ച ദിവസം. ഇ

സ്വ്ലാഹീ സെന്ററിലാണെല്ലാവരും. സ്വുബ്ഹിക്കുശേഷം എല്ലാവരും നല്ല ഉറക്കത്തിലാണ്. ഞാന്‍ പുറത്തുവന്നുനോക്കുമ്പോള്‍ കാണുന്നത് കെ കെ വിശാലമായ ആ മുറ്റം അടിച്ചുവാരുകയാണ്. ഞാനോടിച്ചെന്ന് ഞാന്‍ ചെയ്‌തോളാമെന്ന് പറഞ്ഞ് ചൂല്‍ പിടിച്ചെടുക്കാന്‍ നോക്കിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ''ഇന്ന് എന്റെ ഊഴമാണ്. നീ വേണമെങ്കില്‍ അടുത്ത വെള്ളിയാഴ്ച ക്ലീനാക്കിക്കോളൂ''- കെ കെ പറഞ്ഞു.

എന്റെ നാട്ടില്‍ സാധാരണക്കാര്‍ക്ക് ലളിതമായ ഖുര്‍ആന്‍ ക്ലാസും വിദ്യസമ്പന്നര്‍ക്ക് ഖുര്‍ആനിനെ ശാസ്ത്രവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള മറ്റൊരു ഖുര്‍ആന്‍ ക്ലാസും കുറെ വര്‍ഷം കെ കെ നടത്തിയിരുന്നു. ഖുര്‍ആന്‍, അത് ആര്‍ക്കും വായിക്കാനും പഠിക്കാനും മനസ്സിലാക്കാനും പറ്റുന്ന ഒരു ഗ്രന്ഥമാണെന്ന് കെ കെ സമൂഹത്തിന്റെ മുന്നില്‍ തെളിയിച്ചു. ശബാബിലെ അദ്ദേഹത്തിന്റെ കോളം രോഗശയ്യയില്‍ കിടന്നും അദ്ദേഹം തന്നെയാണ് എഴുതുന്നതെന്നു പറഞ്ഞപ്പോള്‍ വല്ലാത്ത വിഷമം തോന്നി. മിഴി നനയുന്നത് കണ്ടിട്ടാവാം, കെ കെ പറഞ്ഞു: ''എനിക്ക് മരിക്കുന്നതില്‍ ഒരു ഭയവുമില്ല മക്കളേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രണ്ട് പുരുഷായുസ്സില്‍ ചെയ്യാവുന്ന ദഅ്‌വത്ത് ഞാന്‍ ചെയ്തിട്ടുണ്ട്. മരിക്കുംവരെ ആ മാര്‍ഗത്തില്‍ ഞാനുണ്ടാകും. ഞാന്‍ മതപ്രബോധനം തുടങ്ങുമ്പോള്‍ ആറ് ആളുകളാണ് നമുക്കുണ്ടായിരുന്നത്. ഇന്ന് ഞാന്‍ വിടവാങ്ങുകയാണെങ്കില്‍ ആറായിരത്തോളം പ്രബോധകരെ കണ്ടുകൊണ്ടാണ് പോകുന്നത്.'' അറിവിന്റെയും വിജ്ഞാനത്തിന്റെയും വലിയമേഖല തുറന്നുകൊണ്ട് കെ കെ നമ്മെ വിട്ടുപിരിഞ്ഞു.





ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ പറയും, കെ പി എന്ന്. ഒരൊറ്റ വ്യക്തിയെ മാത്രമേ ഇഷ്ടമില്ലാത്ത കാര്യത്തില്‍ അനുസരിച്ചിട്ടുള്ളൂ. 1961ല്‍ സുല്ലമുസ്സലാം അറബിക് കോളെജില്‍ ഒരു വിദ്യാര്‍ഥിയായി കടന്നുവന്നതു മുതല്‍ 1982വരെ (ആ വര്‍ഷമാണ് കെ പി സുല്ലമുസ്സലാമില്‍ നിന്ന് പിരിഞ്ഞത്)യുള്ള നീണ്ട ഇരുപതു വര്‍ഷങ്ങളത്രയും സംഭവബഹുലമായിരുന്നു. കെ പിയുമായി ഞാന്‍ ബന്ധപ്പെട്ട ഓര്‍മകള്‍ ഒരു കാലിഡോസ്‌കോപ്പിലെ ചിത്രങ്ങള്‍ പോലെ അടുക്കും ചിട്ടയുമൊന്നുമില്ലാതെ മനസ്സിലൂടെ മിന്നിമറയുന്നു.

എവിടെ നിന്നു തുടങ്ങണം എന്നാലോചിക്കുകയായിരുന്നു ഞാന്‍. അതിനുമാത്രം കെ പി എന്റെ ജീവിതത്തില്‍ നിറഞ്ഞുനിന്നിട്ടുണ്ടല്ലോ. ഗുരുനാഥനായും സഹപ്രവര്‍ത്തകനായും രക്ഷകനായും ശിക്ഷകനായും നേതാവായും മാര്‍ഗദര്‍ശിയായും പിതൃസമാനനായും മേലധികാരിയായും. അവിടെയാണ് ഞാന്‍ നേരത്തെ പറഞ്ഞ പ്രതിസന്ധി. എവിടെനിന്ന് തുടങ്ങണം!

വിദ്യാര്‍ഥി ജീവിതത്തില്‍ നിന്നു തന്നെ തുടങ്ങട്ടെ. ഇതു പറയുമ്പോള്‍ ശാന്തനും അനുസരണശീലനും സദ്‌സ്വഭാവിയുമായ ഒരു മാതൃകാ വിദ്യാര്‍ഥിയുടെ രൂപം മനസ്സില്‍ തെളിയുന്നുവല്ലേ? നിങ്ങള്‍ക്കു തെറ്റി. ആകാവുന്ന എല്ലാ കുസൃതികളും വേലത്തരങ്ങളുമൊപ്പിച്ച് ഗുരുനാഥന്മാരില്‍ നിന്നു മുറയ്ക്ക് ശിക്ഷ വാങ്ങുകയും അവരെ ശുണ്ഠിപിടിപ്പിക്കാന്‍ പോന്നത്ര തെറ്റുകള്‍ നൂറ്റൊന്നാവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വിദ്യാര്‍ഥിയെ സങ്കല്പിച്ചുനോക്കൂ. അല്ലെങ്കില്‍ സങ്കല്പിക്കുകയൊന്നും വേണ്ട. അവനാണ് ഈ വരികള്‍ കുറിക്കുന്നത്. മറ്റൊരു രൂപത്തില്‍.


പിന്നീട് വരാന്‍പോകുന്ന ശിക്ഷയെക്കുറിച്ചുള്ള ഓര്‍മകള്‍ ഒരു ഭാഗത്തേക്ക് മാറ്റിവെച്ച് കുസൃതിത്തരങ്ങളിലേര്‍പ്പെട്ട് നേരെ എത്തുക കെ പിയുടെ മുമ്പിലാവും. കട്ടികൂടിയ പുരികങ്ങള്‍ക്ക് കീഴെ തിളക്കമുള്ള കണ്ണുകളില്‍ നിന്നുവരുന്ന ചുട്ട നോട്ടം കണ്ണടക്കുള്ളിലൂടെ കടന്നുവരുമ്പോള്‍ ചൂളിനിന്ന ദിവസങ്ങള്‍ കഴിഞ്ഞിട്ട് ഇരുപതുവര്‍ഷങ്ങള്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കാനാവുന്നില്ല.

മേല്‍പറഞ്ഞ രൂപത്തിലുള്ള ഒരു ശിഷ്യനെ പിതൃതുല്യമായ വാത്സല്യത്തോടെ കെ പിയിലെ ഗുരുനാഥന്‍ ജീവിതത്തില്‍ ഇത്രമാത്രം സ്വാധീനിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. അഫ്ദലുല്‍ ഉലമ കഴിഞ്ഞ്, ഒച്ച് സ്വന്തം ഓട്ടിനുള്ളിലേെക്കന്നപോലെ ഉള്‍വലിഞ്ഞ് വയനാട്ടിലെ ഒരു കുഗ്രാമത്തില്‍ ഒതുങ്ങിക്കഴിയുകയായിരുന്ന എന്നെ കത്തയച്ച് വരുത്തുമ്പോള്‍ എന്നില്‍ എന്തെങ്കിലും കഴിവുകള്‍ അദ്ദേഹം കണ്ടിട്ടുണ്ടാവണം. ഞാനദ്ദേഹത്തിന്റെ പ്രതീക്ഷകളോട് പൂര്‍ണമായും നീതിപുലര്‍ത്തിയോ എന്നെനിക്കറിഞ്ഞുകൂടാ. പലപ്പോഴും എന്നെ മറ്റുള്ളവര്‍ക്കു മുമ്പില്‍ പരിചയപ്പെടുത്തുന്നത് മനം നിറയെ ആഹ്ലാദത്തോടെ ഞാന്‍ എത്രയോ തവണ കേട്ടുനിന്നിട്ടുണ്ട്.

കെ പിയുടെ വിനയം അതാണല്ലോ പരിചയപ്പെടുന്നവരൊക്കെ അദ്ദേഹത്തില്‍ ആദ്യം കാണുന്ന മഹത്വം- ഞാന്‍ അധ്യാപകനായി സുല്ലമില്‍ വരുന്ന ആദ്യകാലത്ത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

കോളെജില്‍ കയറിവരുന്ന പ്രസ്ഥാനബന്ധുക്കളോട് കെ പി പറയും: ''കെ കെ മുഹമ്മദ് മൗലവി നല്ലവണ്ണം പ്രസംഗിക്കും. അദ്ദേഹത്തെ വിളിച്ച് നിങ്ങളുടെ നാട്ടില്‍ ഒരു പ്രസംഗം സംഘടിപ്പിക്കണം.'' പിന്നെ ഞാന്‍ പ്രസംഗിക്കാന്‍ പോയ സ്ഥലങ്ങളൊക്കെ അവരുടെ മുമ്പില്‍ നിരത്തും.

സാധാരണ കെ കെ അല്ലെങ്കില്‍ മുഹമ്മദ് എന്നൊക്കെ എന്നെ വിളിക്കാറുള്ള കെ പി മറ്റുള്ളവരുടെ മുമ്പില്‍ എന്നെ പരിചയപ്പെടുത്തുമ്പോഴും  കുട്ടികളോട്  എന്നെപ്പറ്റി പരാമര്‍ശിക്കുമ്പോഴുമൊക്കെ മൗലവി എന്നു ചേര്‍ത്തുപറയും. കെ കെ മൗലവി എന്നോ മുഹമ്മദ് മൗലവി എന്നോ ഒക്കെ.

ഒരു ഉത്തരവാദിത്തം ഒരാളെ ഏല്പിച്ചുകഴിഞ്ഞാല്‍ പിന്നെ അക്കാര്യത്തില്‍ ഏല്പിക്കപ്പെട്ട ആള്‍ ആവശ്യപ്പെട്ടാലല്ലാതെ കെ പി ഇടപെടുകയില്ല. മുന്‍പരിചയമൊന്നുമില്ലാതെ അധ്യാപകനായി കയറിവന്ന എനിക്ക് ആദ്യം കിട്ടിയ ഉത്തരവാദിത്വം എന്നെ സംബന്ധിച്ചേടത്തോളം ഭാരിച്ചതുതന്നെയായിരുന്നു. തലേദിവസംവരെ സഹപാഠികളായിരുന്ന, കുസൃതികളില്‍ പങ്കാളികളായിരുന്ന കൂട്ടുകാര്‍ താമസിക്കുന്ന ഹോസ്റ്റലിന്റെ വാര്‍ഡനായി ചുമതലയേല്ക്കണം. ഈ കൂട്ടുകാരുമൊത്ത് പണ്ട് ഞാനൊരു നിവേദനം കെ പിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. നിവേദനത്തിന്റെ സാരം ഇതായിരുന്നു: അലക്കാനും കുളിക്കാനും കളിക്കാനുമൊക്കെയായി ഒരുപാട് സമയം വേണം. അതുകൊണ്ട് ഞങ്ങളുടെ സമയത്തിന്റെ ഭൂരിഭാഗവും കവരുന്ന കോളെജ് ഇനി വേണ്ട, ഹോസ്റ്റല്‍ മാത്രം മതി! ഇതൊരു വലിയ പ്രശ്‌നം തന്നെയായിരുന്നു. കെ പി ആവശ്യപ്പെട്ടതനുസരിച്ച് ചുമതലയേറ്റു.

അധ്യാപകനെന്ന നിലയില്‍ ഒരുപാട് പഠിക്കാനുണ്ടാകുമല്ലോ. എന്നിട്ടും കെ പി ഞാന്‍ അങ്ങോട്ടാവശ്യപ്പെടുമ്പോള്‍ മാത്രമായിരുന്നു എന്തെങ്കിലും കാര്യത്തിലിടപെട്ടിരുന്നത്. ഒറ്റയ്ക്ക് തന്നെ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യാനുള്ള ത്രാണി ഉത്തരവാദിത്വമേല്പിക്കപ്പെട്ടവരിലുണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പോളിസി. കഴിയുമെങ്കില്‍ പ്രശ്‌നങ്ങള്‍ ഒറ്റയ്ക്കുതന്നെ പരിഹരിക്കട്ടെ. ഇതേ പോളിസി തന്നെ പുലര്‍ത്താന്‍ എന്നെ പ്രേരിപ്പിച്ചത് വിജയകരമായ അനുഭവമാകാം.

കെ പി കൈനീട്ടി സഹായിച്ചവരില്‍ ഞാനൊരുവന്‍ മാത്രമല്ല, സുല്ലമുസ്സലാമില്‍ വന്ന് പഠിച്ച ഓരോ വിദ്യാര്‍ഥിക്കും, ജീവിതത്തിന്റെ ഏതെങ്കിലും നാല്ക്കവലയില്‍ വെച്ച് കെപിയുമായി പരിചയപ്പെട്ട ആര്‍ക്കും കെ പി ഇത്തരം സഹായം ചെയ്തിട്ടുണ്ടാവും, തീര്‍ച്ച.

എല്ലാ വിദ്യാര്‍ഥികളെയും ഏതെങ്കിലും ഒരു സ്ഥാനത്തെത്തിക്കണം. ഈ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്നായി ശ്രമിക്കുകയും കുട്ടികളെ അറബി പത്രങ്ങള്‍ വായിപ്പിച്ച് പരിശീലിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു കെ പി.


കാഴ്ചയില്‍ പാവമായിരുന്ന ഞങ്ങളുടെ കോളെജിലെ ഒരു വിദ്യാര്‍ഥിയോട് അഫ്ദലുല്‍ ഉലമ കഴിഞ്ഞ ഉടനെ ഹോസ്റ്റലില്‍ വാര്‍ഡനായി നില്ക്കാന്‍ കെ പി ആവശ്യപ്പെട്ടു എന്നറിഞ്ഞപ്പോള്‍ ഞാന്‍ അന്തംവിട്ടുപോയി. അക്കാഡമിക് നിലവാരത്തിലും അച്ചടക്കത്തിലും മറ്റുള്ളവര്‍ക്ക് മാതൃകയായിരുന്ന ഈ കുട്ടിക്ക് പക്ഷേ ഹോസ്റ്റല്‍ ഭരിക്കാന്‍ കഴിയും എന്ന് ഞങ്ങള്‍ക്കൊരിക്കലും തോന്നിയില്ല. ഞാന്‍ കെ പിയോട് അക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവോ? ഓര്‍മയില്ല. കെ പി നിയമിച്ചതല്ലേ, ഒന്നും കാണാതെ അങ്ങനെ ചെയ്യില്ല. മനസ്സു സമാധാനിച്ചു.

എത്രമാസം കഴിഞ്ഞുകാണും? കൃത്യമായി ഓര്‍ക്കുന്നില്ല. ഈ കുട്ടി എല്ലാവിധ കണക്കുകൂട്ടലുകളും തെറ്റിച്ച് ഭരണരംഗത്തും അധ്യാപനരംഗത്തും തന്റെ പ്രാഗത്ഭ്യം തെളിയിച്ചത് വളരെ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു. ഞങ്ങളൊക്കെ അഭിപ്രായം തിരുത്തി. കെ പിയുടെ ഈ ദീര്‍ഘദര്‍ശിത്വത്തിന് സമാനത കണ്ടെത്താനാവുമോ?

സുല്ലമിന്റെ ആദ്യകാല കഥ കഷ്ടിപ്രയാസങ്ങളുടേതാണ്. ആ കഥയില്‍ രാജകുമാരനും രാജകുമാരിയുമില്ല. അക്കാലത്താണ് ഞങ്ങളൊക്കെ കോളെജില്‍ പഠിച്ചിരുന്നതും പഠിപ്പിച്ചിരുന്നതും. പുഴുവും കല്ലുമുള്ള അരി(പുഴുക്കല്ലരി) കൊണ്ടുണ്ടാക്കിയ കഞ്ഞി എന്തൊരു രുചിയോടെയാണ് കെ പി കുടിക്കുക. ഉമി കളഞ്ഞിട്ടില്ലാത്ത ഗോതമ്പ് കൊണ്ടുണ്ടാക്കിയ ചപ്പാത്തി നീണ്ട ചെറുപയര്‍ കറിയില്‍ മുക്കി 'ക്ടും' എന്ന് കെ പി ഇറക്കുമ്പോള്‍ അതു നോക്കിനില്ക്കുന്നത് തന്നെ സുഖമുള്ള കാഴ്ചയാണ്. സാമ്പത്തികമായി വളരെ മുമ്പു തന്നെ ഭദ്രത കൈവരിച്ച ഒരു കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് അദ്ദേഹം വരുന്നതെന്നോര്‍ക്കുക.

വ്യത്യസ്തമായ ജോലികള്‍ ഒരേസമയം ചെയ്യാന്‍ കെ പിക്കു പ്രയാസമില്ലായിരുന്നു. ഒരേസമയം അദ്ദേഹം സുല്ലമിന്റെ പ്രിന്‍സിപ്പലും അന്‍സാറിന്റെ മേല്‍നോട്ടക്കാരനും കെ എന്‍ എം ജനറല്‍ സെക്രട്ടറിയുമായിരുന്നു. അതോടൊപ്പം ജംഇയ്യത്തുല്‍ ഉലമയുടെ ഭാരവാഹിയും 'അല്‍ബുശ്‌റ'യുടെ പത്രാധിപരും റാപ്പര്‍ ഒട്ടിക്കുന്ന ആളും എല്ലാമെല്ലാമായിരുന്നു. 'അല്‍മനാറി'ലേക്കു ലേഖനം തയ്യാറാക്കും. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കും. ഗ്രന്ഥരചന നടത്തും. ഖുര്‍ആന്‍ പരിഭാഷ പരിശോധന നിര്‍വഹിക്കും. സ്ഥിരോത്സാഹിയായ നേതാവ്. 'ഒന്നില്‍ നിന്ന് വിരമിച്ചാല്‍ മറ്റൊന്ന് തുടങ്ങുക' എന്ന വാക്യത്തിന്റെ വിപുലമായ അര്‍ഥം കെ പിയില്‍ നിന്നാണ് ഞാന്‍ നേരിട്ട് കാണുന്നത്. പലരും ഒരേസമയം ഒരേ തരത്തിലുള്ള ജോലികള്‍ കുറെ ചെയ്യും. എന്നാല്‍ വ്യത്യസ്ത ജോലികള്‍ കൃത്യമായും കണിശമായും ചെയ്യുക. അതിലാണ് കെ പിയുടെ സൂക്ഷ്മത.

കെ പിയുമായി ഒരിക്കല്‍ ബന്ധപ്പെട്ടവര്‍ക്കു പിന്നെയും പിന്നെയും ബന്ധപ്പെടണമെന്നു തോന്നും. എതിരാളികളെപോലും പെരുമാറ്റത്തിലൂടെ കൈയിലെടുക്കും. അദ്ദേഹം ആരെയും സംസാരിച്ച് 'അടിച്ചിരുത്തി'യിരുന്നില്ല. ആഗതര്‍ക്ക് ഹൃദ്യമായ കൂടിക്കാഴ്ചയായിരിക്കും കെ പിയുമായുള്ളത്. അതിനാല്‍ തന്നെ സുഹൃദ്‌വലയം നാള്‍ക്കുനാള്‍ ഇരട്ടിച്ചു. ആദ്യമായി പരിചയപ്പെടുന്നവര്‍ക്ക് അദ്ദേഹം ഒരു പാവമാണെന്ന് തോന്നിയേക്കും. എന്നാല്‍ വളഞ്ഞ വഴി പെട്ടെന്നു കാണാനാവും കെ പിക്ക്. പറഞ്ഞു തെറ്റിദ്ധരിപ്പിക്കാനോ പറ്റിക്കാനോ കഴിയില്ല. നാം കാണുന്നതിന്റെ എത്രയോ അപ്പുറം കെ പി കണ്ടിരിക്കും.

നല്ലൊരു സഹപ്രവര്‍ത്തകന്‍ കൂടിയായിരുന്നു കെ പി. ഓഫീസില്‍ മാത്രമല്ല, പുറത്തും. സുല്ലമുസ്സലാം ബില്‍ഡിംഗ് നിര്‍മാണവേള. രാത്രിയിലാണ് ഞങ്ങള്‍ കല്ലും മണലും തലയിലേറ്റിയിരുന്നത്. ഞങ്ങള്‍ എത്തുന്നതിനുമുമ്പ് തന്നെ കെ പി എത്തിയിരിക്കും. കിലോകണക്കിനു ഭാരമുള്ള ചാക്ക് കെ പിയും ഏറ്റും. ഞങ്ങള്‍ എത്രതവണ വേണ്ടെന്നു പറഞ്ഞാലും അദ്ദേഹം അത് ചെവിക്കൊള്ളില്ല. അതായിരുന്നുവല്ലോ ഞങ്ങളുടെ ആവേശവും മാതൃകയും.

കെ പിയെക്കുറിച്ചുള്ള ഓര്‍മകള്‍ ഇനിയുമെത്രയോ ഉണ്ട്. സുഖകരമായതും അല്ലാത്തതുമായ ഒരുപാട് കാര്യങ്ങള്‍ മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു. ജീവിതത്തിന്റെ മഹാസംഗമത്തിന് നടുവില്‍ കനിവിന്റെ ഒരു തുരുത്തായി വര്‍ത്തിച്ച പ്രിയ ഗുരുനാഥന്റെ സ്മരണയായി അടുക്കും ചിട്ടയുമില്ലാതെ കുത്തിക്കുറിച്ച ഇത്തരമൊരു അനുസ്മരണത്തില്‍ ആ വലിയ മനുഷ്യനോട് ഞാന്‍ നീതി പുലര്‍ത്തിയോ?

വിശിഷ്യാ, ഇനിയും പൊരുത്തപ്പെടാനാവാത്ത ആ യാഥാര്‍ഥ്യത്തിന്, അദ്ദേഹത്തിന്റെ മരണത്തിന് ശേഷം. അറിയില്ല; റബ്ബിനല്ലാതെ.

(കെ പി അനുസ്മരണ ശബാബില്‍ നിന്ന്)



ക്യു എല്‍ എസിന്റെ രക്ഷിതാവ്

ശംസുദ്ദീന്‍ പാലക്കോട്

''ക്യു എല്‍ എസിലെ റാങ്കുജേതാക്കളെ വിളിച്ചുവരുത്തി സല്‍ക്കരിക്കണം- അവരെ പ്രത്യേകം ആദരിക്കണം.'' ക്യു എല്‍ എസിന്റെ ശില്പിയും സംവിധായകനുമായ കെ കെ മുഹമ്മദ് സുല്ലമിയുടെ വാക്കുകള്‍ ആവേശകരമായിരുന്നു. താന്‍ മരിച്ചാലും താന്‍ കത്തിച്ചുവെച്ച വിളക്ക് പ്രകാശം പരത്തി പരിലസിക്കുമെന്ന സന്തോഷവും ശുഭാപ്തി വിശ്വാസവും ഇത് പറയുമ്പോള്‍ കെ കെയുടെ മുഖത്തു നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുമായിരുന്നു. മരണത്തിന്റെ ഒരാഴ്ച മുമ്പ് കെ കെ യുടെ മാതാവ് മരണപ്പെട്ടപ്പോള്‍ സന്ദര്‍ശിക്കാന്‍ ചെന്നതായിരുന്നു ഞങ്ങള്‍. രണ്ട് ദുരന്തങ്ങള്‍- മാതാവിന്റെ മരണവും തന്റെ രോഗവും- ഒന്നിച്ചുബാധിച്ചപ്പോഴും ആദര്‍ശ നിബദ്ധമായ സംസാരത്തിനോ പ്രസന്നപൂരിതമായ നിശ്ചയദാര്‍ഢ്യനിലപാടുകള്‍ക്കോ കെ കെ മുടക്കം വരുത്തിയില്ല. 'അധികം സംസാരിക്കേണ്ട, ബുദ്ധിമുട്ടാകും' എന്ന് കെ കെയുടെ സഹപ്രവര്‍ത്തകനും സമാദരണീയ പണ്ഡിതനുമായ സി പി ഉമര്‍സുല്ലമി ഉണര്‍ത്തിയെങ്കിലും ഞങ്ങള്‍ പിരിയുവോളം കെ കെ സംസാരിച്ചുകൊണ്ടേയിരുന്നു. രോഗബാധിതനായി ശയ്യാവലംബിയായ കെ കെയെയല്ല, മറിച്ച് ശുഭാപ്തി വിശ്വാസിയും കര്‍മോത്സുകനുമായ കെ കെയെ തന്നെയാണ് ഞങ്ങളപ്പോഴും കണ്ടത്.

ഖുര്‍ആന്‍ പഠനത്തെ ജനകീയമാക്കിയ, ക്യു എല്‍ എസിന്റെ ശില്പിയായ കെ കെ മുഹമ്മദ് സുല്ലമിയെ കണ്ണൂര്‍ ജില്ലക്ക് മറക്കാനാവില്ല. അത്രമേല്‍ ഈ ജില്ലയിലെ നവോത്ഥാന സംരംഭങ്ങളുടെ കൂടെ കെ കെയുടെ സാന്നിധ്യമുണ്ടായിരുന്നു. 1967ല്‍ തളിപ്പറമ്പില്‍ നടന്ന ശാഖാ മുജാഹിദ് സമ്മേളനം മുതല്‍ 1998ല്‍ കണ്ണൂര്‍ ടൗണ്‍ഹാളില്‍ നടന്ന പ്രഥമ ക്യു എല്‍ എസ് ജില്ലാസംഗമം വരെ ചെറുതും വലുതുമായ മിക്ക ഇസ്വ്‌ലാഹീ ചലനങ്ങളിലും കെ കെയുടെ നിറസാന്നിധ്യം കണ്ണൂര്‍ജില്ലക്കാര്‍ക്ക് മറക്കാനാവാത്ത അനുഭവമാണ്. എലാങ്കോട്, കടവത്തൂര്‍, കല്ലിക്കണ്ടി തുടങ്ങിയ പ്രദേശങ്ങളില്‍ പഴയ കാലത്ത് നടന്ന ഒരാഴ്ചയിലധികം നീണ്ടുനിന്നിരുന്ന മതപ്രസംഗപരിപാടികളില്‍ കെ കെയില്ലാത്ത പരിപാടികള്‍ വിരളമായിരുന്നുവെന്ന് എലാങ്കോട്ടെ പി കെ ഇബ്‌റാഹീം ഹാജി അനുസ്മരിക്കുന്നു. പ്രസംഗപരിപാടികളില്‍  പങ്കെടുത്ത് പ്രവര്‍ത്തകരോടൊപ്പം രാത്രി താമസിച്ച് അതിരാവിലെ നാഷണല്‍ ഹൈവേയില്‍ നിന്ന് ലോറിയിലോ മറ്റ് കിട്ടാവുന്ന വാഹനത്തിലോ അരീക്കോട്ടേക്ക് പുറപ്പെടുന്ന കെ കെയുടെ ചിത്രം മനസ്സില്‍ നിന്ന് മായുന്നില്ലെന്ന് തളിപ്പറമ്പിലെ സി അബ്ദുല്ലഹാജി അനുസ്മരിക്കുന്നു.

1997മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം തലശ്ശേരി മുജാഹിദ് കോംപ്ലക്‌സില്‍ കെ കെ നേരിട്ട് വന്ന് ക്യു എല്‍ എസ് ക്ലാസെടുത്തിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും രണ്ട് ബാച്ചുകളിലായി നടന്നിരുന്ന കെ കെ യുടെ ക്യു എല്‍ എസ് ക്ലാസില്‍ പഠിതാക്കളായെത്തിയവര്‍ നിരവധിയായിരുന്നു. ലുലു സാരീസ് പാര്‍ട്ട്ണറും വ്യവസായ പ്രമുഖനുമായ അബ്ദുല്‍ഹമീദ്, തലശ്ശേരി ബാറിലെ സീനിയര്‍ അഡ്വക്കറ്റ് മഹ്മൂദ് സാഹിബ്, തലശ്ശേരിയിലെ ഡോക്ടര്‍മാരായ റശീദ്, നജ്മ, പാറാല്‍ ഡി ഐ എ കോളെജ് ജനറല്‍ സെക്രട്ടറി അഹ്മദ് ബശീര്‍, പാനൂരിലെ പ്രൊഫസര്‍ ഉസ്മാന്‍ തുടങ്ങി നിരവധിപേര്‍ കെ കെയുടെ ക്യു എല്‍ എസ് ക്ലാസിലെ പഠിതാക്കളായിരുന്നു.

പരിപാവനമായ ഖുര്‍ആന്‍ പഠനത്തെ ജനകീയ സംരംഭമാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ കെ കെ അത്ഭുതകരമായ വിജയമാണ് നേടിയത്. ബൈപ്പാസ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് തലശ്ശേരിയിലെ ക്യു എല്‍ എസ് ക്ലാസിന് കെ കെക്ക് വരാന്‍ കഴിയാതായെങ്കിലും  ഇന്‍സ്ട്രക്ടര്‍മാര്‍  വിജയകരമായി മുന്നോട്ടുകൊണ്ടുപോവുകയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുതിയ പുതിയ ക്യു എല്‍ എസ് ബാച്ചുകള്‍ ആരംഭിക്കുകയും ചെയ്യുന്നത് ഈ ജനകീയതയുടെ ഉത്തമനിദര്‍ശനമത്രെ.

കെ കെ നമ്മെ വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹം രൂപകല്പന ചെയ്തവതരിപ്പിച്ച ക്യു എല്‍ എസ് കൂടുതല്‍ കൂടുതല്‍ പ്രകാശം പരത്തി പരിലസിക്കുക തന്നെയാണ്. വേര്‍പാടിന്റെ വേദനയില്‍ പ്രകാശത്തിന്റെ ഈ ഇത്തിരിവെട്ടം മാത്രമാണിനി നമുക്ക് ആശ്വാസവും പ്രതീക്ഷയും.



സമ്മേളനങ്ങളില്‍ ഇനി ഓര്‍മ മാത്രം

മുജാഹിദ് സമ്മേളനങ്ങളിലെല്ലാം കെ കെയുടെ സാന്നിധ്യം അടുക്കളയിലായിരുന്നു. ഭക്ഷണവകുപ്പിനെ കുറിച്ച് ചര്‍ച്ചചെയ്യുമ്പോഴൊക്കെ കെ കെയെക്കുറിച്ചാണ് സംഘാടകര്‍ക്ക് ഓര്‍മവരിക. നൂറുക്കണക്കിന് വളണ്ടിയര്‍മാരെ സംഘടിപ്പിച്ചു ഭക്ഷണവകുപ്പ് കുറ്റമറ്റതാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്ന കെ കെ ഇനി നമുക്കില്ല. മലപ്പുറത്ത് നടന്ന ജില്ലാ മുജാഹിദ് സമ്മേളനത്തോടെ ഈ ചരിത്രം അവസാനിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ കോട്ടക്കല്‍ നടന്ന ഉത്തരകേരളാ മുജാഹിദ് സമ്മേളനത്തില്‍ കെ കെയുടെ സാന്നിധ്യം കാണാതിരുന്നവരെല്ലാം നിരാശരായി. പ്രോഗ്രാമില്‍ പ്രാസംഗികനായി കെ കെയുടെ പേരുണ്ടായിരുന്നു. അനാരോഗ്യം കാരണം പങ്കെടുക്കാനായില്ല. ''കെ കെയുടെ അസാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് വേദനയായി'' എന്ന് അന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുകയുണ്ടായി. മെയ് 8ലെ സമാപന ദിവസം പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് കെ കെയായിരുന്നു. ആരോഗ്യസ്ഥിതി അനുവദിക്കാത്തതിനാല്‍ കെ കെ സമ്മേളനത്തിനെത്തുകയില്ലെന്ന് സ്വാഗത പ്രാസംഗികന്‍ അറിയിച്ചപ്പോള്‍ സുല്ലമിയുടെ വാഗ്‌ധോരണികള്‍ക്ക് കാതോര്‍ത്തവര്‍ക്കെല്ലാം വേദനയായി. മികച്ച പ്രാസംഗികനായും ഭക്ഷണവകുപ്പിന്റെ തലവനായും സമ്മേളനങ്ങളില്‍ ശോഭിച്ചുനിന്നിരുന്ന കെ കെയുടെ ആരോഗ്യത്തിന്നായി അന്ന് കോട്ടക്കലില്‍ വെച്ച് ജനലക്ഷങ്ങള്‍ കണ്ണീരോടെ പ്രാര്‍ഥിക്കുകയായിരുന്നു.

ഉബൈദുല്ല താനാളൂര്‍


1996 മുതല്‍ 2004വരെ കെ കെയുടെ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളിലെ വിദ്യാര്‍ഥികളിലൊരാളായിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ നിറവും പൂര്‍ണതയും പല സന്ദര്‍ഭങ്ങളിലും വ്യക്തമായി മനസ്സിലാക്കാന്‍ എനിക്കായിട്ടുണ്ട്. 'ഇഖ്‌റഅ് ബിസ്മി...'യുടെ അര്‍ഥം വിവരിക്കുന്നിടത്ത് അദ്ദേഹത്തില്‍ നിന്നുകേട്ട വിശകലനങ്ങള്‍ തന്നെ മതി അദ്ദേഹത്തിന്റെ മഹാ പാണ്ഡിത്യത്തിന്റെ തെളിവായിട്ട്. വെറുതെയെന്തെങ്കിലും വായിച്ചു പറയുക എന്നതായിരുന്നില്ല കെ കെയുടെ ശൈലി. അല്ലാഹുവിന്റെ ശക്തിമഹത്വങ്ങളെയും കാരുണ്യത്തെയും ബുദ്ധിപരമായ തെളിവുകളോടെ അദ്ദേഹം വിവരിച്ചുതരുമായിരുന്നു.

അല്ലാഹുവിനെക്കുറിച്ചുള്ള പ്രതീക്ഷയായിരുന്നു കെ കെയുടെ ജീവിതം നിറയെ. മരിക്കുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നാട്ടുകാരനൊരാള്‍ അദ്ദേഹത്തോട് പണം കടം ചോദിച്ചത്രെ. അയാള്‍ക്ക് നല്കാന്‍ പൈസയൊന്നുമില്ലാത്തതുകൊണ്ട് തൊടിയിലെ പ്ലാവ് കാണിച്ചുകൊടുത്ത് അത് വെട്ടികൊണ്ടുപോകാനാണത്രെ കെ കെ നിര്‍ദേശിച്ചത്. അതിനെപ്പറ്റി മക്കളാരോ പരിഭവം പറഞ്ഞപ്പോള്‍ 'എനിക്കുണ്ടാക്കാനുള്ളത് ഞാനുണ്ടാക്കുന്നു, നിനക്കുണ്ടാക്കാനുള്ളത് നീയുണ്ടാക്കിക്കോളൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഖുര്‍ആനിക വചനങ്ങള്‍ക്ക് ഏറ്റവും ഫിറ്റായ ആശയങ്ങള്‍ അര്‍ഥമായി നല്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ആര് എന്തു ചോദിച്ചാലും മറുപടി താല്‍പര്യമായിരുന്നു. ഖുര്‍ആന്‍ ക്ലാസ് നടത്തുമ്പോള്‍ പോലും കൃഷിക്കുള്ള മാര്‍ഗദര്‍ശനവും ജീവിതത്തെക്കുറിച്ചുള്ള ക്രിയാത്മക വീക്ഷണവും ഞങ്ങള്‍ക്ക് നല്കിയിരുന്നു. രോഗം കഠിനമായ സമയത്തും ഡോക്ടര്‍മാരോട് അദ്ദേഹം ചോദിച്ചിരുന്നത് 'എന്റെ തലയ്ക്ക് വല്ലതും സംഭവിക്കുമോ?' എന്നായിരുന്നു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനമെഴുത്ത് തുടരാനാവുകയില്ലേ എന്ന ഭയമായിരുന്നു അതിന്റെ കാരണം. വിദ്യാര്‍ഥികളായ ഞങ്ങള്‍ക്കെല്ലാം പ്രസംഗിക്കാനും ആശയങ്ങളാവിഷ്‌കരിക്കാനുമുള്ള അവസരം നല്കിയിരുന്നത് ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

എഞ്ചിനീയര്‍ പി അബൂബകര്‍
കോഴിക്കോട്
ക്യു എല്‍ എസ് പഠിതാവ്‌





ഇനിയും നിലയ്ക്കാത്ത ശബ്ദം

അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി

കെ കെ എന്ന രണ്ടക്ഷരം മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ ഊര്‍ജസ്വലമായ കര്‍മചേതനയുടെ പര്യായമാണ്. നാലുപതിറ്റാണ്ടിലേറെ കേരളക്കരയില്‍ പ്രശോഭിച്ച പ്രോജ്വലമായ ആ പ്രഭാഷകന്‍ ശ്രോതാക്കളുടെ ചിന്താമണ്ഡലത്തോട് സംവദിച്ചു. തൗഹീദ്-അതായിരുന്നു കെ കെയുടെ പ്രസംഗത്തിന്റെ പ്രധാന വിഷയം. മുന്‍ഗാമികളുടെ ഉദ്ധരണികള്‍ തെളിവായി കെ കെ അവതരിപ്പിച്ചിരുന്നത് തന്റെ ധിഷണയുടെ മൂശയില്‍ കാച്ചിയെടുത്ത ശേഷമായിരുന്നു. ആധുനികതയുടെയും ഭൗതികതയുടെയും മുന്നില്‍ കെ കെക്കു സമാനമായി ഏറെ പേരുണ്ടായിരുന്നില്ല. 'എന്തുകൊണ്ട് ദൈവവിശ്വാസം' എന്ന കെ കെയുടെ മാസ്റ്റര്‍പീസ് പലപ്പോഴും അവതരിപ്പിക്കപ്പെട്ടത് ഇന്റലക്ച്വല്‍ വേദികളിലായിരുന്നു. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലൂടെ കുടുംബ സങ്കല്പം കേരളക്കരയില്‍ ജനങ്ങളിലേക്കെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളായിരുന്നു. സി ഡിയില്ലാത്ത, കാസറ്റുപോലും ലഭ്യമാകാത്ത കാലത്ത് കെ കെ തന്റെ പ്രഭാഷണവുമായി കടന്നുചെല്ലാത്ത ഒരു പഞ്ചായത്തുപോലും മലബാര്‍ ജില്ലകളില്‍ ഉണ്ടാവില്ല.


അറിയപ്പെട്ട ഒരെഴുത്തുകാരനായിരുന്നില്ല കെ കെ. എങ്കിലും അദ്ദേഹം ദീര്‍ഘകാലമായി ചെയ്തുകൊണ്ടിരുന്ന 'കോളങ്ങള്‍' ഹൃദ്യമായിരുന്നു. 1970കളില്‍ അല്‍മനാര്‍ മാസികയിലെഴുതിയിരുന്ന കേവലം ഓരോ പേജുവരുന്ന ഹ്രസ്വമായ 'ഖുര്‍ആന്‍ പാഠം' വിശുദ്ധഖുര്‍ആനിനുള്ള ഒരു ഭക്തന്റെ ആസ്വാദനമായിരുന്നു. ദീര്‍ഘമായ ഇടവേളക്കുശേഷം ശബാബില്‍ തുടര്‍ന്ന ആ കോളം മരണത്തിന്റെ തൊട്ടുമുമ്പുള്ള ആഴ്ചയിലും പ്രകാശിതമായി! ചിന്തിക്കുന്നവര്‍ക്ക് ഹൃദ്യമായി തോന്നുന്ന ആ പ്രത്യേക ശൈലി സാധാരണ വായനക്കാരന് ചിലപ്പോള്‍ അല്പം കട്ടിയായി അനുഭവപ്പെടുന്നുവെന്ന് വിലയിരുത്തപ്പെടാറുണ്ട്.

'നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്' എന്ന നബിവചനം അന്വര്‍ഥമാക്കാന്‍ ശ്രമിച്ച കെ കെ, അര്‍ബുദകോശങ്ങള്‍ തന്റെ ശാരീരിക ശേഷി ഇഞ്ചിഞ്ചായി കാര്‍ന്നു തിന്നു തുടങ്ങിയപ്പോഴും പതറിയില്ല. തന്നെ സന്ദര്‍ശിച്ചവരോട് തികഞ്ഞ ആത്മവിശ്വാസത്തോടെ സംസാരിച്ച ആ ശബ്ദം നിലച്ചത് ഖുര്‍ആനിന്റെ ശബ്ദം അനശ്വരമാക്കിക്കൊണ്ടാണ്. മരണാനന്തരവും സത്യവിശ്വാസിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പുണ്യകര്‍മങ്ങളില്‍ പെട്ട 'ഉപകാരപ്രദമായ വിജ്ഞാനം' എന്ന പട്ടികയില്‍ കെ കെയുടെ ഈദൃശപ്രവര്‍ത്തനങ്ങള്‍ അല്ലാഹു ഉള്‍പ്പെടുത്തി അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.

കേരളത്തിലെ ഒരു നേതാവിന്റെയും അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷിയാവാനും പ്രാര്‍ഥിക്കാനും എത്തിച്ചേര്‍ന്നിട്ടില്ലാത്തത്ര ജനാവലി കെ കെ മുഹമ്മദ് സുല്ലമിയുടെ ജനാസ സംസ്‌കരണത്തിന് എത്തിച്ചേര്‍ന്നതില്‍ ഏറിയകൂറും തന്റെ ശിക്ഷ്യഗണങ്ങളായിരുന്നു. ആളുകള്‍ എല്ലാവരും തങ്ങളുടെ തൊഴില്‍ കേന്ദ്രങ്ങളിലെത്തിച്ചേര്‍ന്ന ശേഷമുണ്ടായ മരണവാര്‍ത്ത കര്‍ണാകര്‍ണികയാ കേട്ട് ഓടിക്കൂടിയതാണ് ആ ജനാവലി. അത് ദിവസങ്ങളോളം നീണ്ടുനില്ക്കുകയും ചെയ്തു.

കെ കെയെന്ന അധ്യാപകനെ ഒരു 'കുട്ടി'ക്കും മറക്കാനാവില്ല. സുല്ലമുസ്സലാം അറബിക് കോളെജിന്റെ പര്യായമായിരുന്നു കെ കെ. താന്‍ ഉസ്താദും കുട്ടികള്‍ തന്റെ കീഴിലുള്ളവരും എന്ന ഒരു കാഴ്ചപ്പാട് ഒരിക്കലും അദ്ദേഹത്തിലുണ്ടായിരുന്നില്ല. പഠിതാക്കളുടെ മാര്‍ഗദര്‍ശിയും ഗുണകാംക്ഷിയും രക്ഷിതാവുമായിരുന്ന സുല്ലമി അവരുടെ ഉത്തമസുഹൃത്തായിരുന്നു. അവരിലെ കഴിവുകള്‍ കണ്ടെത്താനും അര്‍ഹതയ്ക്ക് അംഗീകാരം നല്കാനും അദ്ദേഹത്തിനുള്ളിലെ മനശ്ശാസ്ത്രജ്ഞനും സോഷ്യോളജിസ്റ്റും തയ്യാറായി എന്നതാണ് ആ അധ്യാപകന്റെ വിജയത്തിനു കാരണം.

സുല്ലമിലൂടെ കടന്നുപോയ കുട്ടികള്‍ക്ക് ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ബാലപാഠം പഠിപ്പിച്ചതും അവരുടെ കര്‍മചൈതന്യത്തിന് ചൂട്ടുതെളിച്ചതും കെ കെയായിരുന്നു. അക്കാദമിക് തലത്തില്‍ ഒരു നല്ല ടീച്ചറും അതിനപ്പുറം നല്ല സ്‌നേഹിതനും കളിക്കളത്തില്‍ ഒരു നല്ല കളിക്കൂട്ടുകാരനും ഇസ്വ്‌ലാഹീ രംഗത്ത് സഹപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. സമാദരണീയനായ കെ പി മുഹമ്മദ് മൗലവി അമരത്തിരുന്നപ്പോള്‍ 'സുല്ലമെ'ന്ന സ്ഥാപനത്തിനും മുജാഹിദ് സംഘടനക്കും വേണ്ടി അണിയറയില്‍ അധ്വാനിച്ചത് കെ കെയായിരുന്നു. ഈ യാഥാര്‍ഥ്യം കെ പി മുഹമ്മ് മൗലവി അനുസ്മരിക്കാറുണ്ടായിരുന്നു. കെ കെയിലെ കര്‍മകുശലനായ അധ്യാപകനെയും ആത്മാര്‍ഥനായ കര്‍മയോഗിയെയും തിരിച്ചറിഞ്ഞ് യഥാസ്ഥാനത്തിരുത്തിയതാകട്ടെ തന്റെ വന്ദ്യഗുരു കെ പിയും. ഇസ്വ്‌ലാഹീ ചരിത്രത്തിലെ ഇത്തരം നിര്‍ണായക വസ്തുതകള്‍ വിസ്മരിക്കപ്പെട്ടുകൂടാ.

കാര്‍ഷിക പശ്ചാത്തലമുണ്ടായിരുന്ന കെ കെയുടെ കുടുംബത്തിന് ജീവിക്കാന്‍ ഗതിയുണ്ടായിരുന്നു. സുല്ലമുസ്സലാമില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി സ്വന്തം ജീവിത മാര്‍ഗമന്വേഷിച്ച് വയനാട്ടിലേക്കു നീങ്ങിയ കെ കെ ഒരു നിയോഗം പോലെയാണ് സുല്ലമുസ്സലാമിലെ ലൈബ്രറി ചുമതലയുമായി തിരിച്ചുവരുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു അത്; ഇസ്വ്‌ലാഹീ കേരളത്തിന്റെയും. തുച്ഛമായ ശമ്പളം പേരിനു മാത്രം കൈപ്പറ്റി കഠിനാധ്വാനം ചെയ്യുകയായിരുന്നു ആദ്യകാലത്ത്. പിടിച്ചുനില്ക്കാന്‍ കഴിയില്ല. എന്നാല്‍ ജോലിസ്ഥിരതയും ഉയര്‍ന്ന ശമ്പളസ്‌കെയിലും മറ്റും ലഭിച്ചപ്പോഴും പൊതുപ്രവര്‍ത്തന രംഗത്ത് വിശ്വാസ്യതയും ജീവിതശൈലിയില്‍ ലാളിത്യവും ജനസേവന തല്‍പരതയും ഒരേസമയം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സര്‍വീസുകാലം കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോള്‍   സമശീര്‍ഷരായ ഉദ്യോഗസ്ഥന്മാരെപ്പോലെ ബാങ്ക് ബാലന്‍സോ കൊട്ടാരസദൃശമായ വീടോ സൗകര്യങ്ങളോ ഒന്നും ഉണ്ടാക്കിയിട്ടില്ലാത്ത ആ മഹാന്‍ 'തന്റെ ഏറ്റവുംവലിയ സമ്പാദ്യം എന്റെ ശിഷ്യഗണങ്ങളും പ്രസ്ഥാന പ്രവര്‍ത്തകരുമാണ്' എന്നു പറയുമായിരുന്നു.

വിനയവും കാര്‍ക്കശ്യവും ഒത്തിണങ്ങിയ പ്രകൃതമാണ് സ്മര്യപുരുഷന്റേത്. തന്നേക്കാള്‍ ചെറിയ ആരുമില്ല അദ്ദേഹത്തിന്റെ മുന്നില്‍. എന്നാല്‍ കാര്യങ്ങള്‍ തുറന്നുപറയേണ്ടിവരുമ്പോള്‍ തന്നെക്കാള്‍ വലിയവരായി ആരെയും അദ്ദേഹം കണ്ടുമില്ല. സംസാരപ്രിയനെങ്കിലും മുഖസ്തുതി പറയാറില്ല. പോരായ്മകള്‍ എവിടെ കണ്ടാലും ചൂണ്ടിക്കാണിക്കുന്ന അദ്ദേഹത്തെ ആര്‍ക്കും തിരുത്തുകയും ചെയ്യാമായിരുന്നു. തന്റെ അറിവും കഴിവും ഉയിരും ഊര്‍ജവും ദീനിന്നുവേണ്ടി- ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്നു വേണ്ടി- അദ്ദേഹം ഉഴിഞ്ഞുവെച്ചു. രോഗവും ക്ഷീണവും എന്തെന്നറിഞ്ഞിട്ടില്ലാത്ത, അരോഗ ദൃഢനായ കെ കെ, ബൈപാസ് സര്‍ജറിക്ക് വിധേയമായ ശേഷമാണ് വിശ്രമമെന്തെന്ന് ആലോചിക്കുകപോലും ചെയ്തത്. കോളെജില്‍ ക്ലാസ്, യാത്ര, പ്രസംഗം, തിരിച്ചുയാത്ര, നേരെ ക്ലാസിലേക്ക് വീണ്ടും ഇതായിരുന്നു ആ ജീവിതം. അതിനിടയില്‍ സുഖനിദ്ര, വസ്ത്രത്തിന്റെ ഭംഗി, സമയത്തിനു ഭക്ഷണം എല്ലാം അദ്ദേഹം മറന്നു. കുടുംബത്തില്‍ പോലും കൃത്യമായി എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഏതു പരുക്കന്‍ ഭക്ഷണവും പഥ്യം. ഏതു കോലാഹലത്തിന്നിടയിലും സുഖമായി ഉറങ്ങും. അതായിരുന്നു കെ കെ. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം.


ഇസ്വ്‌ലാഹീ രംഗത്ത് കേവലം ഒരു പ്രസംഗകനായിരുന്നില്ല കെ കെ മുഹമ്മദ് സുല്ലമി. ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെ താങ്ങിനിര്‍ത്തിയിരുന്ന നെടുംതൂണായിരുന്നു. വേദിയിലെ പ്രസംഗകന്‍, വേദിക്കുപിന്നില്‍ സംഘാടകന്‍, നാട്ടില്‍ പ്രവര്‍ത്തകന്‍, കൂടിയാലോചനയില്‍ കൂര്‍മബുദ്ധി, കീഴ്ഘടകങ്ങള്‍ക്ക് ഉപദേശകന്‍, മുതിര്‍ന്നവര്‍ക്ക് എളിയ സംരക്ഷകന്‍, എതിരാളികള്‍ക്ക് മുന്നില്‍ കര്‍മധീരന്‍, ഭൗതിക വിജ്ഞാനം നേടിയ മതപണ്ഡിതന്‍, ആദര്‍ശരംഗത്ത് വീട്ടുവീഴ്ചയില്ലാത്ത സുക്ഷ്മാലു എല്ലാം ഒത്തിണങ്ങിയ കെ കെയോടുപമിക്കാവുന്നത് ഇസ്വ്‌ലാഹി കേരളത്തിലെ രണ്ടാം തലമുറയില്‍ ഒരുപക്ഷേ കെ വി മൂസ സുല്ലമി (ഗഫറല്ലാഹു ലഹു) മാത്രമായിരിക്കും.

ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന് നവജീവന്‍ കൈവന്ന എഴുപതുകള്‍ക്ക് ശേഷം നടന്ന അഞ്ചു മുജാഹിദ് സമ്മേളനങ്ങള്‍ കേരളത്തിന്റെ ചരിത്രത്തിലെ നാഴിക്കല്ലുകളായിരുന്നുവെങ്കില്‍ അവയുടെ ശക്തമായ പിന്‍ബലങ്ങളിലൊന്ന് കെ കെയായിരുന്നു. ഒരു വലിയ സംരംഭത്തിന്റെ ഒരു ഭാഗം താങ്ങിനിര്‍ത്താന്‍ കെ കെയും കുട്ടികളും ഉണ്ടായിരുന്നു. ലക്ഷങ്ങള്‍ക്ക്  ഭക്ഷണമൊരുക്കുന്ന  ഊട്ടുപുരയുടെ ഉത്തരവാദിത്വത്തിന്നിടയില്‍ 'കരിപിടിച്ച' ദേഹവുമായി ലക്ഷങ്ങള്‍ക്ക് മുമ്പില്‍ പ്രൗഢമായി ദീനിനെ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ കെ കെയായിരുന്നു. 1982ല്‍ ഫറോക്കിലും 1987ല്‍ കുറ്റിപ്പുറത്തും 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കു'ള്ള ഈ മുന്നേറ്റം കണ്ട് മധ്യപൗരസ്ത്യ ദേശത്തുനിന്നെത്തിയ ലോകോത്തര പണ്ഡിതന്മാര്‍ അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെടുകയായിരുന്നു! തൗഹീദ് നല്കിയ കരുത്തായിരുന്നു അത്. 1992ല്‍ പാലക്കാട്ടും 97ല്‍ കണ്ണൂരിലും 2002ല്‍ കോഴിക്കോട്ടും ഇതാവര്‍ത്തിച്ചു. 2005 മെയ് 8ന് കോട്ടക്കല്‍ നടന്ന ഉത്തരകേരള മുജാഹിദ് സമ്മേളനത്തിലെ കെ കെയുടെ അസാന്നിധ്യമാണ് അദ്ദേഹത്തിന് കാര്യമായ പ്രയാസം അനുഭവപ്പെടുന്നുവെന്ന് ജനങ്ങളെ അറിയിച്ചത്. അദ്ദേഹം രോഗശയ്യയിലായിരുന്നു.

പൊതുവെ ഹൃദ്യമായി സംസാരിക്കുന്ന കെ കെ ആദര്‍ശരംഗത്ത് മറുപക്ഷത്തെ വിമര്‍ശിക്കേണ്ടിവരുമ്പോള്‍ പോലും ആ ഹൃദ്യത കൈവെടിയാറില്ല. ഞാനോര്‍ക്കുകയാണ്. എഴുപതുകളുടെ ആരംഭത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി നടന്ന ആദര്‍ശ സംവാദം. 'പ്രബോധന'ത്തിലെ 'മുജീബി'ന്റെ  (ഒ അബ്ദുര്‍റഹ്മാന്‍ സാഹിബ്) 'ഇബാദത്ത്' സംബന്ധമായി കെ കെയെ വിമര്‍ശിച്ചതിന് അല്‍മനാറിലൂടെ നല്കിയ മറുപടികള്‍. (അന്ന് ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന് വാരികയില്ല) 'ഇബാദത്തി'ന്റെ നിര്‍വചനത്തില്‍ ജമാഅത്ത് ചെപ്പടിവിദ്യ കാണിക്കുന്ന കാലം. ഉമര്‍ മൗലവിയല്ലാതെ മുജാഹിദ് പ്രസ്ഥാനത്തില്‍ അത് തുറന്നുപറയാനാളില്ലായിരുന്ന കാലഘട്ടം. കെ കെയുടെ സ്വതസിദ്ധമായ, സരള ശൈലിയിലുള്ള ഇബാദത്ത് വിശകലനങ്ങള്‍ക്ക് മുന്നില്‍ ജമാഅത്തുകാരുടെ ആവനാഴി കാലിയാവുകയും കേരള മുസ്‌ലിംകള്‍ ആ പൊള്ളത്തരങ്ങള്‍ തിരിച്ചറിയുകയും ചെയ്തത് ചരിത്രമാണ്.

സംഘടനയില്‍ സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ തല്‍പരനായിരുന്നില്ല അദ്ദേഹം. എന്നാല്‍ സ്ഥാനത്തുള്ളവരെ സഹായിച്ചുകൊണ്ട് ശക്തമായി പിന്തുണയ്ക്കുകയായിരുന്നു. എങ്കിലും കെ വി മൂസ സുല്ലമിക്കു ശേഷം ഒരു ടേം ഐ എസ് എമ്മിന്റെ സംസ്ഥാന ജന. സെക്രട്ടറി സ്ഥാനം കെ കെ ഏറ്റെടുക്കേണ്ടിവന്നു.

സ്വന്തം ആളുകള്‍ക്കിടയിലുള്ള ജീര്‍ണതകള്‍ ചൂണ്ടിക്കാണിക്കുന്നതിലും കെ കെ അറച്ചുനിന്നില്ല. സംഘടനയ്ക്കകത്ത് പിളര്‍പ്പുണ്ടായതില്‍ ഏറെ വിഷമിച്ച ഒരാളാണ് കെ കെ. സംഘടനാവേദികളില്‍ ജനാധിപത്യപരമായ അഭിപ്രായസ്വാതന്ത്ര്യവും ധാര്‍മികമായ ബാധ്യതയും ഉള്ളതിനാല്‍ കെ കെ നേതൃത്വത്തിലുള്ളവരെ ക്രിയാത്മകമായി വിമര്‍ശിക്കുമായിരുന്നു. എന്നാല്‍ തന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആവശ്യമില്ലാത്ത ഒരു ചെവിയിലും എത്താതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. സംഘടന രണ്ടു ചേരിയിലായപ്പോള്‍ പോലും തന്റെ 'ദീര്‍ഘകാല പരിചയം' ഒരാളെയും ചെളി വാരിയെറിയാന്‍ അദ്ദേഹം ഉപയോഗിച്ചില്ല.

ഏതു ദിശയില്‍ നോക്കിയാലും ധന്യമെന്ന് പരിചയമുള്ള ആര്‍ക്കും തോന്നുന്ന ആ ജീവിതം യഥാര്‍ഥത്തില്‍ ധന്യമാക്കിത്തീര്‍ക്കാന്‍ നാഥാ, നീ തുണയ്‌ക്കേണമേ. അദ്ദേഹത്തിനും നമുക്കും ഇഹപര നന്മ നല്കി നീ സഹായിക്കേണമേ.

ലാളിത്യത്തിന്റെ ആള്‍രൂപം

അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍


ഏകദേശം 18 വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടില്‍ ഒരു പൊതുപ്രഭാഷണത്തിന് കെ കെയെ കൊണ്ടുവന്നു.  പ്രസംഗം കഴിഞ്ഞ് തിരിച്ചുപോകാന്‍ തരമില്ലാത്തതുകൊണ്ട് ഒരു പ്രവര്‍ത്തകന്റെ വീട്ടില്‍ രാത്രി തങ്ങാന്‍ തീരുമാനിച്ചു. കൂട്ടിന് എന്നെയാണ് ഏല്പിച്ചിരുന്നത്. ഒരു പുതപ്പും തലയണയും ഒരു കൈലിമുണ്ടും അദ്ദേഹത്തിന് കൊടുത്തു. അത് മൂന്നും നിരസിച്ച് കട്ടിലിലുള്ള ഒരു പായയില്‍ കിടന്നു. ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് പൊതുവെ ഇതാണെന്റെ പതിവ് എന്നായിരുന്നു. തുണി മാറുന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍ പ്രതികരിച്ചതിങ്ങനെ: അലക്കാനുള്ള തുണിയുടുത്താണ് ഞാന്‍ പ്രസംഗിക്കാന്‍ വരാറുള്ളത്. കാലത്ത് കോളെജിലെത്തി ഇത് അലക്കിയിട്ട് വേണം ക്ലാസില്‍ പോകാന്‍.


ലാളിത്യം പ്രാവര്‍ത്തികമാക്കുന്നതില്‍ ഇത്രയേറെ മാതൃകായോഗ്യനായ ഒരാളെ വേറെ കണ്ടിട്ടില്ല. വിശുദ്ധഖുര്‍ആന്റെ പഠനത്തിനും ഗവേഷണത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം അക്കാരണം പറഞ്ഞ് വീട്ടിലോ ലൈബ്രറിയിലോ ഒതുങ്ങിക്കൂടിയിരുന്നില്ല. എവിടെപ്പോവാനും എത്ര സംഘര്‍ഷഭരിതമായ സ്ഥലത്ത് പ്രസംഗിക്കാനും ഒരു വൈമനസ്യവും അദ്ദേഹത്തില്‍ ഒരിക്കലും കണ്ടില്ല.

കുറ്റിപ്പുറം സമ്മേളനത്തിന് ചിലര്‍ ഭക്ഷണം കഴിച്ച പാത്രങ്ങള്‍ മണലിലിട്ട് പോയപ്പോള്‍ കെ കെ ആരോടും നിര്‍ദേശിക്കാതെ അവയെല്ലാം പെറുക്കിയെടുത്ത് സ്വയം കഴുകി. ഇത് കാണുന്ന ഏതൊരു പ്രവര്‍ത്തകനാണ് വെറുതെ നില്ക്കാന്‍ സാധിക്കുക? എല്ലാ സമ്മേളനങ്ങളിലും ആദ്യമെത്തി ഏറ്റവും അവസാനം പോകുന്നത് ആരെന്ന ചോദ്യത്തിനുള്ള ഉത്തരം കെ കെ എന്നായിരിക്കും. ചെറുപ്പക്കാരായ പലരും ശീതീകരിച്ച ലോഡ്ജുകളിലും മറ്റും അന്തിയുറങ്ങുമ്പോള്‍ കെ കെ അല്പനേരം തലചായ്ച്ചിരുന്നത് അരിച്ചാക്കിന് മുകളിലായിരുന്നു എന്നതാണ് പിലാത്തറയിലെ ദൃശ്യം.
പഠനത്തില്‍ എന്നും ഒരു വിദ്യാര്‍ഥിയും പഠിപ്പിക്കുമ്പോള്‍ ഒരു നല്ല അധ്യാപകനും  പണിയെടുക്കുമ്പോള്‍  ചുറുചുറുക്കുള്ള പ്രവര്‍ത്തകനുമാവാന്‍ സാധിച്ചത് ഒരുപക്ഷേ കെ കെക്ക് മാത്രമായിരിക്കും.

പല പ്രസംഗകരും ചില പ്രേത്യക വിഷയങ്ങളില്‍ പരിമിതപ്പെടുമ്പോള്‍ ഏല്പിക്കുന്ന ഏത് വിഷയങ്ങളിലും കെ കെ അഗാധമായ വിജ്ഞാനമാണ് സമൂഹത്തിന് സമ്മാനിച്ചത്. ബുദ്ധിജീവികളെന്ന് വാഴ്ത്തപ്പെടുന്ന ചിലരുടെ ബുദ്ധിശൂന്യതയെ തികഞ്ഞ പ്രമാണങ്ങളുടെയും മികച്ച യുക്തിയുടെയും പിന്‍ബലത്തില്‍ പൊളിച്ചെഴുതുമ്പോള്‍ ഏതൊരാളും അത്ഭുതപ്പെട്ടുപോകും. അല്ലാഹു, റബ്ബ്, സ്രഷ്ടാവ് തുടങ്ങിയ ചില വിഷയങ്ങളിലൂടെ പടച്ചതമ്പുരാനെ ഏതൊരാളുടെയും ചിന്താമണ്ഡലത്തിലേക്ക് കൊണ്ടുവന്നിരുന്ന കെ കെ വിശുദ്ധഖുര്‍ആന്റെ അജയ്യത സമര്‍ഥിക്കുന്നത് അത്യുത്ഭുതകരമായിരുന്നു.

മരിക്കുന്നതിന്റെ രാത്രി വൈകി, കാരക്കുന്നിനോടൊപ്പം കാണാന്‍ ചെന്നപ്പോള്‍ അടുത്ത് പിടിച്ചിരുത്തി സംസാരിച്ചതും പൂര്‍ത്തിയാക്കാത്ത ഖുര്‍ആന്‍ വിവരണത്തെക്കുറിച്ചായിരുന്നു. കഴിഞ്ഞ വര്‍ഷം സുഊദിയിലേക്കുള്ള ഇരുപതംഗ സംഘത്തില്‍ അനാരോഗ്യം പരിഗണിച്ച് മാറ്റിനിര്‍ത്തപ്പെടുമോ എന്ന് സംശയിച്ച ഒരു നിമിഷം കെ കെ പ്രതികരിച്ചത് ഇനി എനിക്കതിന് കഴിഞ്ഞില്ലെങ്കിലോ എന്നായിരുന്നു. ആ യാത്രയിലെ ഒരു മാസത്തെ സഹവാസം ഒരുപാട് അനുകരണീയ അനുഭവങ്ങള്‍ പകര്‍ന്നുതന്നിരുന്നു. പലര്‍ക്കും പല കുറവുകളും പറയാനുണ്ടായിരുന്നെങ്കിലും കെ കെയില്‍ നിന്ന് ഒരു പരാതിയും ആരും കേട്ടില്ല. വീക്ഷണ വ്യത്യാസങ്ങളുണ്ടെങ്കിലും അറബി പണ്ഡിതന്മാര്‍ക്കും കെ കെ ഇഷ്ടപ്പെട്ടവനായിരുന്നു.

ഒരു പുരുഷായുസ്സ് പഠിച്ചും പഠിപ്പിച്ചും പ്രവര്‍ത്തിച്ചും പ്രയത്‌നിച്ചും നടന്നുനീങ്ങിയ ആ മഹാനുഭാവന്‍ വിടപറയുമ്പോഴും ഒരിക്കലും മരിക്കാത്ത ഒത്തിരി ഓര്‍മകള്‍ ഓരോ പ്രവര്‍ത്തകനും കൈമാറിയിട്ടുണ്ട്.

അല്പകാലത്തെ വിശ്രമം എല്ലാവരെയും കണ്ട് യാത്ര പറയാന്‍ അവസരം നല്കി. പക്ഷേ ആദര്‍ശത്തെ ചോദ്യംചെയ്ത് ആ വലിയ മനുഷ്യനെ വേദനിപ്പിച്ചവര്‍ക്ക് അദ്ദേഹത്തോട് മാപ്പിരക്കാന്‍ സാധിച്ചുവോ? അവര്‍ക്കും യഥാര്‍ഥത്തില്‍ അദ്ദേഹത്തെക്കുറിച്ച് നല്ലത് മാത്രമേ ഓര്‍ക്കാനുണ്ടാവുകയുള്ളൂ.
അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗം നല്കി അനുഗ്രഹിക്കട്ടെ.





പൗത്രമനസ്സിലെ ഓര്‍മചിത്രങ്ങള്‍

പി എം എ ഗഫൂര്‍

കോഴിക്കോട് മുജാഹിദ് സമ്മേളനത്തിന്റെ രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന്നായുള്ള നീണ്ട ക്യൂവില്‍ ഒരു വൃദ്ധന്‍. അസഹ്യമായ വെയില്‍ ചൂടില്‍ വാടിയമുഖം. ശ്വാസം തിങ്ങുന്ന അദ്ദേഹം നന്നേ പ്രയാസപ്പെടുന്നു. ഭക്ഷണം വാങ്ങിവരികയായിരുന്ന ഞാനെന്റെ ഭക്ഷണം അദ്ദേഹത്തിന് കൊടുത്ത് തണലിലേക്ക് നിര്‍ത്തി.

ആശ്വാസത്തിന്റെ ആര്‍ത്തിയില്‍ ചോറുകഴിക്കാനാരംഭിച്ച അദ്ദേഹം പതുക്കെ പറഞ്ഞുതുടങ്ങിയതിങ്ങനെയായിരുന്നു: ''തീരെ സുഖമില്ലാതെ കിടക്കുകയായിരുന്നു. ഭാര്യയും മക്കളും പോരേണ്ടെന്ന് ഏറെ നിര്‍ബന്ധിച്ചതാണ്. പക്ഷേ എനിക്ക് വരാതെ പറ്റില്ല. ഞാനിങ്ങോട്ട് വന്നത് ഒരെയൊരു കാര്യത്തിന്നാണ്, എന്റെ കെ കെയെ കാണാന്‍.''

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇത്രയുമധികം ഹൃദയാകര്‍ഷക ബന്ധങ്ങള്‍ ഉണ്ടാക്കിവെച്ചു എന്നതായിരുന്നു ആ പ്രിയങ്കരനായ പണ്ഡിതവരേണ്യന്റെ ജീവിത വിജയം.

കെ കെയ്ക്കുശേഷം വന്ന രണ്ടാം തലമുറയാണ് ഞാനടക്കമുള്ളവര്‍. സ്‌നേഹധനനും കളിതമാശക്കാരനുമായ കെ കെ എന്ന അധ്യാപകനെ ഞങ്ങള്‍ക്ക് പരിചയമില്ല. പക്ഷേ, ആരുടെ മനസ്സിലും ഒളിമങ്ങാത്ത ഓര്‍മചിത്രങ്ങള്‍ ബാക്കിവെച്ചുപോയ ആ വലിയ മനുഷ്യനെക്കുറിച്ചുള്ള സ്മൃതിരേഖകള്‍ക്ക് ഒരു പഞ്ഞവുമില്ല.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം രാവിലെ മര്‍കസുദ്ദഅ്‌വയിലെ അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ക്ലാസ് കഴിഞ്ഞ് 'ശബാബി'ല്‍ വന്ന് എന്നെ വിളിച്ചു. ''നമ്മള്‍ക്ക് ഇവിടുത്തെ ലൈബ്രറിയൊന്ന് ശരിയാക്കണം. അറബി തിരിയുന്ന ഒരാളെയും കൂടി വിളിച്ച് നീ വാ.'' ഇതുപറഞ്ഞ് കെ കെ നേരെ പോയത് ലൈബ്രറിയിലേക്കായിരുന്നു. സുഹൃത്ത് ഉമൈര്‍ഖാനെയും കൂട്ടി ഞാന്‍ ചെന്നപ്പോഴേക്ക് അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. നീണ്ട നാലഞ്ചു മണിക്കൂര്‍. ഓരോ പുസ്തകവും ഇനം തിരിച്ച് ക്രോഡീകരിച്ച് വെച്ചശേഷം ചെറുതായൊന്ന് കുളിച്ച് വീണ്ടും ഞങ്ങളെ വിളിച്ചു. ഹോട്ടലില്‍ കൊണ്ടുപോയി കോഴിബിരിയാണി വാങ്ങിത്തന്നു. രോഗിയായി കിടക്കുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്.

കെ കെ സൗഹൃദങ്ങള്‍ക്ക് പ്രായത്തിന്റെ അതിരിട്ടിരുന്നില്ല. ഏതു ചെറുപ്രായക്കാരനോടും എന്തു തമാശയും പറയും. അഹങ്കാരമെന്താണെന്ന് അദ്ദേഹത്തിന്നറിയില്ലായിരുന്നു. വിനയവും എളിമയും അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നില്ല, സംസ്‌കാരമായിരുന്നു.

പ്രിയപ്പെട്ട കെ കെ,
മരണത്തിന്റെ നീണ്ട നിശബ്ദതയിലേക്ക് നിങ്ങളും പോയി. പിതാവ് നഷ്ടപ്പെട്ട മക്കളെപ്പോലെ ഞങ്ങള്‍ ബാക്കിയായിരിക്കുന്നു. ഓര്‍മയിലേക്ക് ഒരായിരം സ്‌നേഹസ്വരങ്ങളുതിര്‍ത്ത നിങ്ങളുടെ നിറസാന്നിധ്യം എന്നും ഞങ്ങള്‍ സൂക്ഷിക്കും. നിങ്ങള്‍ ഞങ്ങള്‍ക്ക് ആവേശമായിരുന്നു, ഖുര്‍ആന്‍ നിങ്ങള്‍ക്ക് ആവേശമായതുപോലെ. ആര്‍ക്കുമുന്നിലും പതറാത്ത നിങ്ങളുടെ ചുവടുകള്‍, ആവേശത്തിന്റെ അലകളുയര്‍ത്തിയ ഉപദേശങ്ങള്‍, പ്രതിസന്ധികളില്‍ കുളിര്‍മഴയായിരുന്ന സാന്ത്വനവാക്കുകള്‍ എന്നും ഞങ്ങള്‍ കാത്തുവെക്കും.

അറിവിന്റെ ആഴത്തില്‍ നിങ്ങളുടെ അരികത്തിരിക്കാന്‍ പോലും അര്‍ഹതയില്ലാത്തവര്‍ നിങ്ങളുടെ വിജ്ഞാനത്തെയും ഭാഷാ പരിജ്ഞാനത്തെയും ചോദ്യം ചെയ്തപ്പോള്‍ നിങ്ങള്‍ ചിരിച്ച ആ ചിരിയുണ്ടല്ലോ, അതിലെല്ലാമുണ്ടായിരുന്നു. എങ്ങനെയാണ് മനുഷ്യര്‍ വിലകെട്ടവരും അവിവേകികളുമാകുന്നതെന്ന് നിങ്ങളെ വിമര്‍ശിച്ചവര്‍ സ്വയം തെളിയിച്ചു.

മതത്തിന്റെ ആഹ്വാനങ്ങള്‍ക്കും ആചരണങ്ങള്‍ക്കും ജീവനുണ്ടെന്ന് തെളിയിച്ചത് നിങ്ങളായിരുന്നു. വരട്ടു തത്വങ്ങളുടെ സഞ്ചിത വചനങ്ങളല്ല ദീന്‍ എന്ന് നിങ്ങളിലൂടെ ഞങ്ങളറിഞ്ഞു. ഏതു വലിയവന്റെ മുന്നിലും കൂമ്പ് കുനിക്കാതെ നിന്ന നിങ്ങളുടെ ആത്മധൈര്യവും നെഞ്ചൂക്കും മുജാഹിദുകള്‍ എന്നും മാര്‍ഗദര്‍ശനമാക്കും. അലച്ചു പെയ്യുന്ന കര്‍ക്കടക പേമാരിയിലും നിങ്ങളെ അവസാനമായി കാണാനെത്തിയ പതിനായിരങ്ങള്‍ അതാണ് സാക്ഷ്യപ്പെടുത്തുന്നത്. അവസാനസമയത്തും മക്കളെക്കുറിച്ചോ സ്വത്തിനെക്കുറിച്ചോ ആധിപ്പെടാതെ ഖുര്‍ആന്‍ വ്യാഖ്യാനം പൂര്‍ത്തിയാക്കാനാകാത്തതില്‍ വ്യഥപൂണ്ട ആ ഭക്തജീവിതം തന്നെയാണ് ഞങ്ങള്‍ക്ക് നിങ്ങള്‍ നല്കിയ ഏറ്റവും വലിയ ഉപദേശം.

ഒരു പിതാവിന്റെ വാത്സല്യം, സഹോദരന്റെ കൃപ, കൂട്ടുകാരന്റെ സൗഹൃദം, ഗുരുനാഥന്റെ മാര്‍ഗദര്‍ശനം, ബുദ്ധിജീവിയുടെ ദീര്‍ഘദര്‍ശനം, നേതാവിന്റെ വഴികാട്ടല്‍, പ്രവര്‍ത്തനത്തിന്റെ ചടുലത, നായകന്റെ ഉത്തേജനം, സാധാരണക്കാരന്റെ ജീവിതം എല്ലാം നിങ്ങളാണ് ഞങ്ങള്‍ക്ക് കാണിച്ചുതന്നത്.

മുപ്പത്തിനാലു വര്‍ഷം നിങ്ങളുടെ ഖുത്വ്ബ കേട്ടവര്‍ക്കും ഇരുപതിലധികം വര്‍ഷമായി നിങ്ങളുടെ ഖുര്‍ആന്‍ ക്ലാസില്‍ പങ്കെടുത്തവര്‍ക്കും കൂടെ പഠിച്ചവര്‍ക്കും കൂടെ പഠിപ്പിച്ചവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അയല്‍പക്കക്കാര്‍ക്കും നിങ്ങള്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന ബസിലെ ജീവനക്കാര്‍ക്കും വരെ നിങ്ങളെ പറ്റി ഒത്തിരി പറയുവാനുണ്ട്. എല്ലാവര്‍ക്കുമുള്ളത് ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍, എത്ര പറഞ്ഞാലും തീരാത്ത നിങ്ങളുടെ മഹത്വങ്ങള്‍! ഒരു പുരുഷായുസ് തീരുമ്പോള്‍ വിജയകരമായി ബാക്കിവെക്കാനുള്ളത് ഇതൊക്കെയല്ലാതെ മറ്റെന്താണ്?
പ്രിയപ്പെട്ട കെ കെ,

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസമായിത്തീര്‍ന്ന നിങ്ങളുടെ മരണം ഒരു വലിയ വിടവാണ് ബാക്കിവെച്ചത്. ആ വിടവിലേക്ക് നിലയ്ക്കാത്ത കണ്ണീര്‍കണങ്ങളല്ലാതെ മറ്റെന്താണ് ഞങ്ങള്‍ നിറയ്ക്കുക? ഉള്ളില്‍ ഗദ്ഗദമായി നിറയുന്ന ഈ വേദന ഓരോ മുജാഹിദ് പ്രവര്‍ത്തകനും അനുഭവിക്കുന്നു. വേര്‍പാടിന്റെ നിലയ്ക്കാത്ത ബാഷ്പം ബാക്കിയാവുന്നു.

നിങ്ങളുയര്‍ത്തിയ ചിന്തകള്‍ ഏറ്റുപിടിക്കാന്‍, ആത്മധൈര്യം പകര്‍ത്തിയെടുക്കാന്‍, നെഞ്ചുറപ്പ് ഏറ്റുവാങ്ങാന്‍, ചങ്കൂറ്റം നിലനിര്‍ത്തുവാന്‍ ഇനിയും മുജാഹിദുകള്‍ ഉണ്ടാവുമോ? ഞങ്ങളതിനായി പ്രാര്‍ഥിക്കുന്നു.           


സഹൃദയനായ പണ്ഡിതന്‍

ശൈഖ്മുഹമ്മദ് കാരകുന്ന്

വയനാട്ടിലെ കല്പറ്റക്കടുത്ത് പിണങ്ങോട്ട് ഇസ്‌ലാമിയാ കോളെജ് കലാ- സാഹിത്യവേദിയുടെ ഉദ്ഘാടന വേളയിലാണ് കെ കെ മുഹമ്മദ് സുല്ലമിയുടെ മരണവാര്‍ത്ത അറിഞ്ഞത്. വീക്ഷണ വ്യത്യാസങ്ങള്‍ക്കതീതമായ  വ്യക്തിബന്ധം  കാരണം മരണാനന്തരകര്‍മങ്ങളില്‍ പങ്കെടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ പിണങ്ങോട്ടെ പരിപാടി പെട്ടെന്ന് അവസാനിപ്പിച്ച് കൊടുവള്ളിക്കടുത്ത കരുവമ്പൊയിലിലെ പരേതന്റെ വീട്ടിലെത്തി. അപ്പോള്‍ അവിടെ കണ്ട ജനബാഹുല്യം കെ കെ സമൂഹത്തില്‍ നേടിയ ആദരവിന്റെയും അംഗീകാരത്തിന്റെയും പ്രകടമായ തെളിവായിരുന്നു.

ഇസ്‌ലാമിക വിജ്ഞാന രംഗത്ത് പുതിയ ചിന്തയും കാഴ്ചപ്പാടും സമര്‍പ്പിക്കുന്നവരിന്ന് വളരെ വിരളമാണ്. എന്നാല്‍, അത്തരമൊരു സാഹസികതക്ക് ധൈര്യം കാണിച്ച അപൂര്‍വം പണ്ഡിതന്മാരില്‍ ഒരാളാണ് കെ കെ മുഹമ്മദ് സുല്ലമി. വിശേഷിച്ചും ഖുര്‍ആന്‍ വ്യാഖ്യാനരംഗത്ത്. അദ്ദേഹം തന്റെ ധൈഷണിക പ്രഭാവത്തിന്റെ പിന്തുണയോടെ പ്രകടിപ്പിച്ച പല അഭിപ്രായങ്ങളും ഏറെ വിവാദവിധേയമായിട്ടുണ്ട്. അവയില്‍ പലതിനോടും പൂര്‍ണമായും യോജിക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും ആ അന്വേഷണവാഞ്ഛയെയും അഭിപ്രായ ധീരതയെയും ആദരിക്കാതിരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പരമ്പരാഗത വ്യാഖ്യാനങ്ങള്‍ക്കപ്പുറവും ഖുര്‍ആന്‍ സൂക്തങ്ങളെ സംബന്ധിച്ച് ചിന്തിക്കണമെന്ന ശക്തമായ അഭിപ്രായം സ്വകാര്യ സംഭാഷണങ്ങളില്‍ അദ്ദേഹം പ്രകടിപ്പിക്കുക പതിവായിരുന്നു.

ആര്‍ഭാടപൂര്‍ണമായ ജീവിതം സമൂഹത്തെ അഗാധമായി ബാധിച്ച ഇക്കാലത്ത് മതപണ്ഡിതന്മാര്‍പോലും അതിനപവാദമല്ല. ലാളിത്യം ഒരു പോരായ്മയായാണ് പലരും പരിഗണിക്കുന്നത്. എന്നാല്‍, അതാണ് മഹത്വത്തിന്റെ അടയാളമെന്ന് യഥാര്‍ഥജ്ഞാനികള്‍ തിരിച്ചറിയുന്നു. അക്കൂട്ടത്തില്‍പെട്ട ശ്രദ്ധേയനായ വ്യക്തിയാണ് കെ കെ മുഹമ്മദ് സുല്ലമി. വേഷത്തിലും ഭാവത്തിലും ലാളിത്യം ഏറെ പ്രകടമായിരുന്നു അദ്ദേഹത്തില്‍.

മതപണ്ഡിതന്മാരില്‍ പലരുമിന്ന് വീക്ഷണ വ്യത്യാസമുള്ളവരോട് തികഞ്ഞ അസഹിഷ്ണുത പുലര്‍ത്തുന്നവരാണ്. സ്വന്തം സംഘടനയ്ക്ക് പുറത്തുള്ളവരോട്  മാന്യമായി  പെരുമാറാന്‍ സന്നദ്ധമാവാത്തവര്‍പോലും വിരളമല്ല. എന്നാല്‍, കെ കെ സുല്ലമി ഇതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. പല വേദികളിലും ഒരുമിച്ചുകൂടാനും ചര്‍ച്ചകളില്‍ പങ്കെടുക്കാനും ഒരുമിച്ച് യാത്ര ചെയ്യാനും അവസരം കിട്ടിയപ്പോഴെല്ലാം ഇത് നന്നായി ബോധ്യമായിട്ടുണ്ട്. വീക്ഷണ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടു തന്നെ ഊഷ്മളമായ സൗഹൃദം പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ജീവിതത്തിന് തെളിച്ചമേകുന്ന വെളിച്ചമാണല്ലോ വിജ്ഞാനം. അത് മനസ്സിന് വികാസം നല്കുന്നു. ലോകത്ത് പ്രകാശം പരത്തുന്നു. അറിവുനേടിയവര്‍ വിനയാന്വിതരാവുമ്പോള്‍ മാത്രമേ ഇത് സാര്‍ഥകമാവുകയുള്ളൂ. അതിനാല്‍ വിജ്ഞാനം വിവേകശാലികളില്‍ വിനയമാണ് വളര്‍ത്തുക. ഈ തത്ത്വം വിളഞ്ഞുനിന്ന പ്രഗത്ഭ പണ്ഡിതനായിരുന്നു പരേതന്‍. സാധാരണക്കാരെപ്പോലെ അവരില്‍ ഒരുവനായിത്തീരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

കെ കെയുടെ ജീവിതത്തിലെ ഏറ്റവുംവലിയ സമ്പാദ്യം സ്‌നേഹസമ്പന്നരായ ശിഷ്യരാണ്. ജീവിതത്തിന്റെ സിംഹഭാഗവും അധ്യാപകവൃത്തിയിലാണല്ലോ അദ്ദേഹം കഴിച്ചുകൂട്ടിയത്. വായനക്കും പഠനത്തിനും ഇത് അദ്ദേഹത്തിന് ഏറെ സഹായകമാവുകയും ചെയ്തു. നല്ലൊരു പ്രസംഗകനും എഴുത്തുകാരനുമായിരുന്നു അദ്ദേഹം.

നദ്‌വത്തുല്‍ മുജാഹിദീന്റെ പ്രമുഖ നേതാവും പണ്ഡിതനുമായിരുന്ന കെ കെ സുല്ലമി സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന ട്രഷറര്‍, ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ സംസ്ഥാന ഡയറക്ടര്‍, ഐ എസ് എം ജനറല്‍ സെക്രട്ടറി, അരീക്കോട് സുല്ലമുസ്സലാം അറബിക് കോളെജ് പ്രിന്‍സിപ്പല്‍ തുടങ്ങിയ നിരവധി പദവികള്‍ അലങ്കരിച്ചിരുന്ന കര്‍മകുശലനായിരുന്നു അദ്ദേഹം.

വാരാദ്യ മാധ്യമം
2005 ആഗസ്ത് 7

 


കെ കെ മുഹമ്മദ് സുല്ലമിമാതൃഭൂമി എഡിറ്റോറിയല്‍ 2005 ജൂലയ് 30

പാണ്ഡിത്യവും കര്‍മശേഷിയും ആര്‍ജവവുംകൊണ്ട് അനുഗൃഹീതമായ വ്യക്തിത്വമായിരുന്നു അന്തരിച്ച കെ കെ മുഹമ്മദ് സുല്ലമിയുടേത്. ഇസ്‌ലാമിക പണ്ഡിതനെന്ന നിലയില്‍ വിഖ്യാതനായ അദ്ദേഹത്തിന് മതത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാനും അത് ശക്തവും സരസവുമായ ശൈലിയിലൂടെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനും കഴിഞ്ഞു. ഇസ്‌ലാഹി രംഗത്തെ പ്രഭാഷകരില്‍ മുന്‍നിരക്കാരനായ അദ്ദേഹത്തിന് വാക്കുകളിലൂടെ ശ്രോതാക്കളുടെ മനസ്സുകളിലേക്കിറങ്ങാന്‍ കഴിയുമായിരുന്നു. അറിവിനെ ഉപാസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ജീവിതയാത്ര ധന്യമാക്കിയത്. ഏതു വിഷയമായാലും വിശദമായ പഠനത്തിനും ചിന്തയ്ക്കും ശേഷം മാത്രമേ കെ കെ തന്റെ നിഗമനങ്ങള്‍ അവതരിപ്പിക്കാറുള്ളൂ. പണ്ഡിത സദസ്സുകളില്‍ അദ്ദേഹം ഏറെ ശ്രദ്ധേയമാകാറുള്ളതിന്റെ കാരണവും മറ്റൊന്നല്ല.

 

കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍, കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ട്രഷറര്‍, ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ സംസ്ഥാന ഡയരക്ടര്‍, നോബിള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗം, അരീക്കോട് സുല്ലമുസ്സലാം അറബിക് കോളെജ് പ്രിന്‍സിപ്പല്‍ തുടങ്ങി ഒട്ടേറെ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിരുന്നു. അവയിലെല്ലാം അങ്ങേയറ്റം ശോഭിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ പാണ്ഡിത്യമോ സ്ഥാനങ്ങളോ ബഹുജന സമ്പര്‍ക്കം പുലര്‍ത്താന്‍ അദ്ദേഹത്തിന് തടസ്സമായില്ല. നിര്‍ദേശങ്ങള്‍ നല്കി മാറിനില്‍ക്കുന്നതിലല്ല പ്രവര്‍ത്തകര്‍ക്കൊപ്പം കൂടുന്നതിലായിരുന്നു അദ്ദേഹത്തിനു താല്പര്യം. ആദര്‍ശനിഷ്ഠമായ ജീവിതം നയിച്ച കെ കെയ്ക്ക് ആരെയും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നു. ശിഷ്യരും സുഹൃത്തുക്കളും പ്രവര്‍ത്തകരുമെല്ലാം തങ്ങളിലൊരാളായാണ് ആ വിനയാന്വിതനെ കണ്ടത്. പണത്തിലും പ്രശസ്തിയിലുമൊന്നും താത്പര്യമില്ലാത്ത കെ കെ രോഗബാധിതനായി കിടപ്പാകുംവരെ സംഘടനാരംഗത്ത് ഊര്‍ജ്വസ്വലതയോടെ പ്രവര്‍ത്തിച്ചു. തന്റെ സദ്ഗുണങ്ങളിലൂടെ ആ പണ്ഡിതന്‍ അനശ്വരനായിരിക്കുന്നു.


 

മോനേ, എന്റെ കെട്ടെവിടെ?

ഒരിക്കല്‍ മര്‍കസുദ്ദഅ്‌വയിലെ പരാതിപ്പെട്ടിയില്‍ നിന്നും മാനേജറുടെ പേരില്‍ ഒരെഴുത്ത് കിട്ടി.

സര്‍,
ഏജന്‍സികള്‍ക്ക് ശബാബ് എത്തിക്കുന്നതിന് സ്വന്തമായൊരു വാഹനവും ഡ്രൈവറും നമുക്കുണ്ട്. എന്നാല്‍ കരുവമ്പൊയില്‍ ശാഖയിലേക്കുള്ള ശബാബ് കെട്ട് നമ്മുടെ സംസ്ഥാന നേതാവും എല്ലാവരും ബഹുമാനിക്കുകയും ചെയ്യുന്ന കെ കെ മുഹമ്മദ് സുല്ലമിയുടെ പക്കലാണ് മര്‍കസുദ്ദഅ്‌വയില്‍ നിന്ന് കൊടുത്തയക്കുന്നത്. പ്രായവും രോഗവും തളര്‍ത്തിയ കെ കെ വശം ശബാബ് കൊടുത്തയക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണം. ഇനി മുതല്‍ കെ കെ വശം ശബാബ് കൊടുത്തയക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

പേര് ചേര്‍ക്കാത്ത ഈ പരാതി എഴുതിയതിനു പിന്നിലെ പ്രേരണ കെ കെയോടുള്ള ബഹുമാനവും സ്‌നേഹവും ഒന്നുമാത്രമാണെന്നതില്‍ സംശയമില്ല.

എല്ലാ ചൊവ്വാഴ്ചയും മഗ്‌രിബിന് ക്യു എല്‍ എസിനായി കെ കെ മര്‍കസുദ്ദഅ്‌വയില്‍ എത്താറുണ്ടായിരുന്നു. ക്ലാസ് തുടങ്ങുന്നതിനു മുമ്പേ എന്നോട് ''മോനേ, എന്റെ കെട്ടെവിടെ'' എന്നു ചോദിച്ച് അത് കൈക്കലാക്കും. ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോള്‍ കരുവമ്പൊയിലിലേക്കുള്ള ശബാബ് കെട്ടും തൂക്കിപ്പിടിച്ചായിരുന്നു കെ കെ മടങ്ങിയിരുന്നത്.

തുടര്‍ന്നുള്ള ചൊവ്വാഴ്ച ഞാന്‍ കെ കെ വശം ശബാബ് കൊടുത്തില്ല. കാരണമന്വേഷിച്ച കെ കെയ്ക്ക് പരാതിക്കത്ത് കാണിച്ചുകൊടുത്തു. കത്ത് വായിച്ച കെ കെ പറഞ്ഞു: 'എടോ ഇത് വാപ്പയില്ലാത്ത കത്താണ്. പേരും ഊരും ഈ കത്തിന് താഴെയില്ല. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ എന്നെ നേരിട്ട് കാണാന്‍ പറയുക.' കെ കെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു. കരുവമ്പൊയിലിലേക്കുള്ള ശബാബിനുവേണ്ടി ജീപ്പ് ഒടേണ്ട എന്ന നിര്‍ബന്ധബുദ്ധിയായിരുന്നു ഇതിനദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഏറെക്കാലം മുമ്പ് തുടങ്ങിയ ഈ സേവനം കെ കെ കിടപ്പിലാകുന്നതുവരെ തുടര്‍ന്നിരുന്നു.

അല്ലാഹു അദ്ദേഹത്തെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ഉന്നത പദവികള്‍ നല്കി അനുഗ്രഹിക്കുകയും ചെയ്യട്ടെ!
അബ്ദുസ്സലാം (മര്‍കസുദ്ദഅ്‌വ ഡ്രൈവര്‍)
 


 കെ കെ: നുറുങ്ങുകള്‍

കര്‍മയോഗിയുടെ മടക്കയാത്ര

എം എ ചെമ്മാട്

കര്‍മനൈരന്തര്യത്തിന്റെ തെളിഞ്ഞ പാദമുദ്രകള്‍ പിന്‍മുറക്കാര്‍ക്കായി ബാക്കിവെച്ച്, ഇസ്വ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിലെ ആ ഉജ്വലവ്യക്തിത്വം വിടവാങ്ങി.  അനിതരമായ ചിന്താവൈഭവത്തിലൂടെയും ജിവിതവിശുദ്ധിയിലൂടെയും മാതൃകാ വ്യക്തിത്വത്തിലൂടെയും പ്രസ്ഥാനത്തിന്റെ മുന്നേറ്റ വീഥികളില്‍ ത്യാഗസമ്പന്നമായ സാന്നിധ്യം കാഴ്ചവെച്ച കെ കെയുടെ മരണം പ്രസ്ഥാനത്തിന്റെ കര്‍മോത്സുകമായ കാലഘട്ടത്തിന്റെ അസ്തമയമാവുകയാണ്. ഗഹനമായ ചിന്തകള്‍ ലളിതവും സരസവുമായ അവതരണത്തിലൂടെ തലമുറകള്‍ക്ക് കൈമാറി ഓര്‍മയിലേക്ക് നടന്നുനീങ്ങിയ ആ മഹദ് ജീവിതത്തിന്റെ ശേഷിപ്പായി ഇനി മരിക്കാത്ത കുറെ സാര്‍ഥകമായ അക്ഷരങ്ങളും അറിവുകളും.

*  *  *

കെ കെ യെ ഒരിക്കലെങ്കിലും കണ്ടവര്‍ക്ക് പോലും അദ്ദേഹത്തെക്കുറിച്ച് പങ്കുവെക്കാന്‍ ഓര്‍മകളേറെ. അദ്ദേഹത്തിന്റെ ലാളിത്യം, നര്‍മം, ചിന്ത, ധൈര്യം, സ്ഥൈര്യം, അറിവ് എല്ലാം ഓരോരുത്തരുടെയും സ്മൃതിപഥത്തില്‍ നിറയുന്നു. ഇപ്രകാരം, പരിചയപ്പെട്ടവര്‍ക്കെല്ലാം ഓര്‍മയിലൊരു സമ്പത്തായി മാറിയ അപൂര്‍വം ചിലരിലൊരാളാവുകയാണ് കെ കെ.

ഒരു വലിയ പണ്ഡിതന്‍ എന്നതിലുപരി മറ്റെന്തൊക്കെയോ ആയിരുന്നുവെന്നതാണ് കെ കെയെ വ്യതിരിക്തനാക്കുന്നത്. നല്ലൊരു അധ്യാപകന്‍, നേതാവ്, പിതാവ്, സുഹൃത്ത്, ഗുണകാംക്ഷി, സംഘാടകന്‍..... എല്ലാമായിരുന്നു കെ കെ. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമെല്ലാം 'കാര്യങ്ങള്‍' മാത്രം പറഞ്ഞിരുന്ന ആ മഹാന്റെ വിയോഗം പ്രസ്ഥാനത്തിനുമേല്‍ നഷ്ടത്തിന്റെ കാര്‍മേഘമാവുകയാണ്.

*  *  *

കെ കെയുടെ ചരമവാര്‍ത്ത പത്രങ്ങള്‍ക്ക് നല്കാന്‍ ഒരു ഫോട്ടോവേണം. പ്രസ്ഥാനത്തിന്റെ സമ്മേളനങ്ങളുടെ ആല്‍ബങ്ങളാണ് ആദ്യം പരതിയത്. നല്ല ഒന്നുപോലും ലഭിച്ചില്ല. അതെ, സമ്മേളനങ്ങളിലെല്ലാം അടുക്കളയിലും നഗരിയുടെ മുക്കുമൂലകളിലും അധ്വാനിക്കുന്ന 'വളണ്ടിയറാ'യിരുന്നു കെ കെ എന്നും. സമ്മേളനവിജയത്തിന്നായി പിന്നണിയില്‍ വിയര്‍പ്പൊഴുക്കുന്ന കെ കെ പലപ്പോഴും ക്യാമറക്കണ്ണുകള്‍ എത്തിനോക്കാത്ത ഏതെങ്കിലും മൂലയിലായിരിക്കും. അടുക്കളയിലെ അത്യധ്വാനത്തിന്നിടയില്‍ തലയില്‍ കെട്ടിയ മുണ്ടഴിച്ച് മുഖത്തെയും കൈകളിലെയും കരിതുടച്ച് നേരെ വേദിയിലെത്തി പതിനായിരങ്ങളെ കൈയിലെടുക്കുന്ന ഗഹനമായ പ്രഭാഷണം, ശേഷം വീണ്ടും അടുക്കളയിലേക്ക്! ഇതായിരുന്നു സമ്മേളനത്തിലെ കെ കെ!!

*  *  *

കരുവമ്പൊയില്‍ അങ്ങാടിയില്‍ നിന്നല്പം മാറി വളവും കുഴിയും നിറഞ്ഞ ചെമ്മണ്‍ പാതയിലൂടെ കുറച്ച് നടന്നാണവിടെ എത്തിയത്. പഴയ ഒരു കൊച്ചുവീട്. കേരളത്തിലും വിദേശങ്ങളിലും അറിയപ്പെട്ട, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരക്കണക്കിന് ശിഷ്യന്മാരുള്ള ആ കര്‍മയോഗിയുടെ വീട്. ആവേശപൂര്‍വം നെഞ്ചിലേറ്റിയ ആദര്‍ശ പ്രസ്ഥാനത്തിന് ജീവിതം പണയപ്പെടുത്തിയ, ഒരിക്കല്‍പോലും 'തനിക്കെന്തു കിട്ടി'യെന്ന് ചിന്തിക്കാതെ അറിവിന്റെ നിറവിളക്കായി ഉയര്‍ന്ന കെ കെയ്ക്ക് 'കാലത്തിനൊത്ത' വീട് ഒരു സ്വപ്‌നമേ ആയിരിക്കാനിടയില്ല.

*  *  *


കെ കെയുടെ മരണവാര്‍ത്തയറിഞ്ഞതുമുതല്‍ കരുവമ്പൊയിലിലേക്ക് ജനങ്ങളുടെ പ്രവാഹമായിരുന്നു. വേര്‍പാടിന്റെ വേദിയില്‍, വേദനപുരണ്ട മുഖത്തോടെ, വിതുമ്പുന്ന മനസ്സോടെ പ്രിയനേതാവിന് വിടനല്കാന്‍..... ഇടവിട്ട് പെയ്യുന്ന മഴയും വഴിയുടെ ദുര്‍ഘടതയുമൊന്നുമവര്‍ക്ക് തടസ്സമായില്ല. മുന്നിലെ ചെമ്മണ്‍ പാതയില്‍ അറ്റം കാണാത്ത വരിയിലൊരാളായി ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ നടന്നുനീങ്ങുകയായിരുന്ന തങ്ങളുടെ കെ കെയെ അവസാനമായൊന്ന് കാണാന്‍. മഴയും ചെളിയും കുഴികളും വളവും കയറ്റവും താണ്ടി മുന്നോട്ടുനീങ്ങുന്ന ആയിരങ്ങളെ നിയന്ത്രിക്കാന്‍ ഒരു വളണ്ടിയറുടെ പോലും ആവശ്യം വന്നില്ല. അതെ, ഈ അച്ചടക്കത്തിന് പിന്നില്‍പോലും കെ കെയുണ്ടായിരുന്നു. ഏതൊരു പരിപാടിയിലും (കല്യാണ ചടങ്ങുകളില്‍പോലും)  അച്ചടക്കം  ഉറപ്പുവരുത്താന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി വരാറുള്ള കെ കെയുടെ അനുസരണയുള്ള ശിഷ്യന്മാരായി പ്രവര്‍ത്തകരും നേതാക്കളും സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കുകയായിരുന്നു.

*  *  *

ദുഃഖം ഘനീഭവിച്ചൊഴുകുന്ന ഒരു സാഗരം കണക്കെ ജനസഹസ്രങ്ങള്‍ ജനാസ നമസ്‌കാരത്തിന്നായി അണിനിരന്ന നിമിഷങ്ങള്‍! രണ്ട് പള്ളികളും മദ്‌റസയും നിറഞ്ഞുകവിഞ്ഞ് ജനം റോഡിലും വളരെ നീളത്തിലായി നിറഞ്ഞുനില്ക്കുന്നു. 'ഇസ്വ്‌ലാഹീ പ്രബോധനരംഗത്ത് കൊടുങ്കാറ്റായി മാറിയ നമ്മുടെ കെ കെ നാഥനിലേക്ക് യാത്രയായിരിക്കുകയാണ്-' കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സി പിയുടെ വാക്കുകള്‍ ഉച്ചഭാഷിണിയിലൂടെ ഉയര്‍ന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും കെ കെയെ സ്‌നേഹിച്ച ഓരോരുത്തരുടെയും കണ്ണുകള്‍ നനയ്ക്കുകയായിരുന്നു. പലരും നമസ്‌കാരം കഴിഞ്ഞപ്പോഴേക്കും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. അല്ലാഹുവേ, ഈ സ്‌നേഹം ആ മഹാനുവേണ്ടിയുള്ള പ്രാര്‍ഥനയായി നീ സ്വീകരിക്കേണമേ.

*  *  *

കെ കെയുടെ ജനാസ വീട്ടില്‍ നിന്നും പള്ളിയിലേക്കെടുത്തപ്പോഴാണ് ജിദ്ദ കിംഗ് ഫഹദ് മസ്ജിദ് ഇമാമും ഇസ്‌ലാമിക് ഗൈഡന്‍സ് സെന്റര്‍ ഡയറക്ടറുമായ ശൈഖ് അബ്ദുല്ല ഫൈസല്‍ അസ്സഹ്‌റാനി എത്തിയത്. മയ്യിത്തിനെ അനുഗമിച്ച് ഖബര്‍സ്ഥാന്‍വരെ നടന്ന ശൈഖ് സഹ്‌റാനി ഖബ്‌റിടത്തില്‍ തസ്ബീത്തും പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. തൊട്ടടുത്ത ദിവസം ഫാറൂഖ് കോളെജില്‍ നടന്ന സെമിനാറില്‍ അദ്ദേഹം കെ കെയ്ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുകയും ചെയ്തു.
ഗള്‍ഫിലെ സലഫി പണ്ഡിതന്മാരുമായി വലിയ ബന്ധമായിരുന്നു കെ കെയ്ക്ക്. കഴിഞ്ഞ വര്‍ഷം മക്കയില്‍ നടന്ന പണ്ഡിത സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്കിയ അറേബ്യന്‍ പണ്ഡിതന്മാര്‍ കെ കെയെ 'സ്വാഹിബുല്‍ അഖ്ല്‍' (ധിഷണാശാലി) എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. സമ്മേളനത്തിലെ കെ കെയുടെ പ്രകടനവും അദ്ദേഹത്തിന്റെ പാണ്ഡിത്യവും അവരെ അത്ഭുതപ്പെടുത്തിയിരുന്നു. കെ കെയുടെ നിര്യാണവാര്‍ത്തയറിഞ്ഞ് റാബിത്വ അഡൈ്വസര്‍ ഡോ. സഅദ് ശഹ്‌റാനി, ഉമ്മുല്‍ഖുറാ യൂണിവേഴ്‌സിറ്റി അഖീദ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ. അബ്ദുല്ല അല്‍ഖര്‍നി തുടങ്ങിയ ഒട്ടേറെ വിദേശ പണ്ഡിതര്‍ അനുശോചനമറിയിക്കുകയുണ്ടായി.

*  *  *

മരണത്തിന്റെ മണിക്കൂറുകള്‍ക്കു മുമ്പ് ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ ഈ കുറിപ്പുകാരനോട് സംഘടനയിലുണ്ടായ ദുരന്തത്തെക്കുറിച്ചാണ് കെ കെയ്ക്ക് പറയാനുണ്ടായിരുന്നത്. 'ആകെ കുഴപ്പം, അടിപിടി, ഗുണ്ടായിസം' - കെ കെ ഗദ്ഗദത്തോടെ പറഞ്ഞുനിര്‍ത്തി.

ഒരു പുരുഷായുസ്സു മുഴുവന്‍ ആദര്‍ശ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി സമര്‍പ്പിച്ച നിഷ്‌കാമകര്‍മിയും മുവഹ്ഹിദുമായ കെ കെയുടെ ജീവിതസായാഹ്നത്തിലുണ്ടായ ഈ ദുരന്തം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു. താന്‍ സ്‌നേഹിച്ചവരും തന്നെ സ്‌നേഹിച്ചവരുമായ പലരും തന്റെ ആദര്‍ശത്തെ നിഷേധിച്ച് എവിടന്നോ 'പെറുക്കിയെടുത്ത' വ്യാജ ആരോപണങ്ങളുമായി തന്നെ കടിച്ചുകീറിയത് കെ കെയെ അസ്വസ്ഥനാക്കി.

കെ കെയെക്കുറിച്ച് ഒരു അനുസ്മരണക്കുറിപ്പിന്നായി ഫോണിലൂടെ സൂചിപ്പിച്ചപ്പോള്‍ ധാര്‍ഷ്ട്യത്തോടെ കയര്‍ത്ത് ഫോണ്‍ കട്ട്‌ചെയ്ത ഒരു 'മഹാനേതാവി'ന്റെ സ്വരം ഈ വേദനയുടെ ചൂണ്ടുപലകയാവുകയാണ്. എങ്കിലും യാദൃച്ഛികമായെങ്കിലും അത് സംഭവിച്ചു. കെ കെയുടെ മരണത്തിനു തൊട്ടുതലേന്നിറങ്ങിയ ഭിന്നിപ്പുവാരിക ഇങ്ങനെ എഴുതി:

''.....ഒരു കാര്യം സത്യമാവണമെങ്കില്‍ അത് സത്യമായാല്‍ മാത്രം മതി. പണ്ടുള്ള പണ്ഡിതന്‍മാരാരെങ്കിലും അത് പറഞ്ഞിട്ടുണ്ടാകണമെന്നില്ല. പണ്ടുള്ളവരാരെങ്കിലും പറഞ്ഞത് കൊണ്ടുമാത്രം ഒരു കാര്യവും സത്യമായിത്തീരുന്നില്ല. അതിനര്‍ഥം, അവരാരും താന്താങ്ങള്‍ക്ക് മനസ്സിലായ സത്യം തുറന്നുപറയുമ്പോള്‍ അത് മറ്റാരെങ്കിലും പറഞ്ഞതാണോ എന്നു പരിഗണിച്ചല്ല എന്നതാണ്...... പക്ഷേ ആരും മുമ്പ് പറഞ്ഞില്ല എന്നതുകൊണ്ട് മാത്രം തെളിവുള്ള ഒരു സത്യം പറയാതിരിക്കേണ്ടതില്ല...... ഏതു കാര്യത്തിലും നമുക്ക് വ്യക്തമായ കാര്യം തുറന്നുപറയാമെങ്കില്‍ അതു മുന്‍ഗാമികളാരെങ്കിലും പറഞ്ഞിരിക്കണം എന്നു ശഠിക്കണമെന്നില്ല. ഇങ്ങനെ മുന്‍ഗാമികളും ശഠിച്ചിരുന്നെങ്കില്‍ മുമ്പും ആര്‍ക്കും ഒന്നും പറയാന്‍ കഴിയുമായിരുന്നില്ല.'' (ഭിന്നിപ്പുവാരിക, 2005 ജൂലയ് 29)          











15 comments:

  1. ആദര്‍ശ പ്രചാരണത്തിനു വേണ്ടി ജീവിച്ച കെ കെ ഒടുവില്‍ അതേ ആദര്‍ശത്തിന്റെ പേരില്‍ കുറ്റവിചാരണ നേരിട്ടു. അങ്ങാടികളിലും തെരുവുകളിലും കെ കെയെ വലിച്ചിഴച്ചു. ഒരിക്കല്‍ പോലും കെ കെയിലുണ്ടായ വ്യതിയാനം വ്യക്തമാക്കപ്പെട്ടില്ല. കെ കെയെ അറിയാത്ത, കെ കെയുടെ ആദര്‍ശം മനസ്സിലാക്കാത്ത ഒരുകൂട്ടം ചെറുപ്പക്കാരെ ഇതിനായി നിയോഗിച്ചവര്‍ക്കെതിരെ കെ കെ ഒരിക്കല്‍ പോലും പരിധിവിട്ട്‌ പ്രതികരിച്ചില്ല എന്നത്‌ ആ മഹാന്റെ പാണ്ഡിത്യത്തിന്റെ കരുത്തിന്‌ തെളിവാണ്‌. ,അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കി സ്വര്‍ഗം കൊടുത്തു അനുഗ്രഹികട്ടെ . ആമീന്‍

    ReplyDelete
  2. ആദർശ പ്രചാരണത്തിലും നവോഥാന ചുവടുകളിലും ചമയങ്ങളില്ലാതെ മുന്നിൽ നടന്ന മഹാനായിരുന്നു കെ കെ മുഹമ്മദ്‌ സുല്ലമി. കെ കെ എന്ന രണ്ടക്ഷരം മതി ഇസ'ലാഹി പ്രവർത്തകർക്ക് ആ ചരിത്രം ഓർമ്മിച്ചെടുക്കാൻ. ഇന്നത്തെ 'ഗവേഷകർക്ക്' ഇത്തരം ത്യാഗികളെയും അവരുടെ സമർപ്പണത്തെയും അറിയില്ല. അതു കൊണ്ടു തന്നെയാണ് അവർക്ക് ചുവടുകൾ പിഴക്കുന്നതും. ജാടകളില്ലാതെ നിസ്വാർത്ഥ മനസ്സോടെ പ്രവർത്തന രംഗത്തിറങ്ങുന്ന പതിനായിരങ്ങളുടെ മനസ്സിൽ ഇന്നും കെ കെ യുണ്ട'. ആ ധീര മുജാഹിദിനു വേണ്ടിയുള്ള പ്രാർത്ഥനയുണ്ട്. കെ കെ അനുസ്മരണം ബ്ലോഗിലാക്കാൻ അധ്വാനിച്ച മലയാളിയെ ഹൃദയം തൊട്ട് അഭിനന്ദിക്കുന്നു. കേരളത്തിലെ ഇസ'ലാഹി ചരിത്രത്തിലെ പച്ച പിടിച്ചു നിന്ന ഒരേടാണ് താങ്കളിവിടെ പകർത്തിയിരിക്കുന്നത്. മഹത്തായ പ്രവൃത്തി. പിറകെ വരുന്നവർക്ക് ഒരു വഴി വിളക്കായി ഈ അക്ഷരങ്ങളുണ്ടാകും. സർവ്വ ശക്തൻ താങ്കളെ അനുഗ്രഹിക്കട്ടെ.

    ReplyDelete


  3. നമ്മുടെ കെ കെയെക്കുറിച്ച് എന്തെഴുതിയാലും അതൊല്ലാം കുറഞ്ഞ് പോവും... നാഥാ നിന്റ് ജന്നാത്തുൽ ഫിർദൗസിൽ ഇടം നൽകി അനുഗ്രഹിക്കേണമേ... ആമീൻ....

    റസാഖ് ഭായ്.... പടച്ചവൻ ബറക്കത്ത് ചെയ്യട്ടെ...

    ReplyDelete


  4. നമ്മുടെ കെ കെയെക്കുറിച്ച് എന്തെഴുതിയാലും അതൊല്ലാം കുറഞ്ഞ് പോവും... നാഥാ നിന്റ് ജന്നാത്തുൽ ഫിർദൗസിൽ ഇടം നൽകി അനുഗ്രഹിക്കേണമേ... ആമീൻ....

    റസാഖ് ഭായ്.... പടച്ചവൻ ബറക്കത്ത് ചെയ്യട്ടെ...

    ReplyDelete
  5. അനിതരമായ ചിന്താവൈഭവത്തിലൂടെയും ജിവിതവിശുദ്ധിയിലൂടെയും മാതൃകാ വ്യക്തിത്വത്തിലൂടെയും പ്രസ്ഥാനത്തിന്റെ മുന്നേറ്റ വീഥികളില്‍ ത്യാഗസമ്പന്നമായ സാന്നിധ്യം കാഴ്ചവെച്ച കെ കെയുടെ മരണം പ്രസ്ഥാനത്തിന്റെ കര്‍മോത്സുകമായ കാലഘട്ടത്തിന്റെ അസ്തമയമാവുകയാണ്. ഗഹനമായ ചിന്തകള്‍ ലളിതവും സരസവുമായ അവതരണത്തിലൂടെ തലമുറകള്‍ക്ക് കൈമാറി ഓര്‍മയിലേക്ക് നടന്നുനീങ്ങിയ ആ മഹദ് ജീവിതത്തിന്റെ ശേഷിപ്പായി ഇനി മരിക്കാത്ത കുറെ സാര്‍ഥകമായ അക്ഷരങ്ങളും അറിവുകളും. - See more at: http://malayaliperingode.blogspot.in/2013/09/Ormakalil-KK.html#sthash.7mv79j5v.dpuf

    ReplyDelete
  6. കെ കെ യെ കുറിച്ച് പല മഹത്തുക്കളുടെയും അനുസ്മരണം ഒരു ബ്ലോഗാക്കിയ പ്രിയ സേന്ഹിതന്‍ മലയാളി എന്ന റസ്സാഖ് പെരിങ്ങോട് നെ അഭിനന്ദിക്കുന്നു . എന്റെ നിക്കാഹ് നടത്തി തന്നത് കെ കെ ആയിരുന്നു .കെ കെ നയിച്ച ഖുതുബ ട്രെയിനിങ്ങിലും , അരീക്കോട് ഞാന്‍ ഫൈനലിന് പഠിക്കുമ്പോള്‍ കെ കെ അവടെ ക്യു എല്‍ എസ് എടുക്കുമായിരുന്നു . എന്‍ വി അബ്ദു റഹിമാന്‍ സാഹിബ് ,ഡോ. പി പി അബ്ദുല്‍ ഹഖ് തുടങ്ങിയ നേതാക്കളാണ് അവിടെ പഠിതാക്കള്‍ .അന്ന് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥി ആയ ഞാന്‍ എന്ത് തിരക്ക് ഉണ്ടെങ്കിലും ആ ക്ലാസ് മുടക്കാറില്ല .അദ്ധേഹത്തിന്റെ അനേകം പ്രഭാഷണങ്ങളിലും നേരിട്ട് പങ്ക് കൊണ്ടിട്ടുണ്ട് . അല്ലാഹു അദ്ദേഹത്തിനു സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ.ആമീന്‍

    ReplyDelete
  7. എത്രവായിച്ചാലും മതിവരാത്തതാണ്‌ കെകെയെ കുറിച്ചുള്ള കുറിപ്പുകൾ..,സ്‌കൂളിൽ പഠിക്കുന്ന കാലത്ത്‌ കെകെയുടെ ക്ലസ്സൊ പ്രസംഗമൊ ഉണ്ടായാൽ ഒഴിവാക്കുമായിരുന്നില്ല, ചെമ്മാട്‌ കുടുംബ ക്ലാസായിട്ട്‌ പോലും ശനിയാഴ്ച്ചയാകാൻ കാത്തിരിക്കുമായിരുന്നു, സൈക്കിളെടുത്ത്‌ സുഹൃത്തുമൊന്നിച്ച്‌ ക്ലാസ്‌ കേൾക്കാൻ പോകുമ്പോ രണ്ടര കിലോമീറ്റർ ദൂരം ചെറുതായി തോന്നി.. കെകെയെ ഇഷ്ടപെടുന്നവരിൽ പ്രായപരിധി കണ്ടെത്താനാവില്ല.

    ലാളിത്യത്തിന്റെ പ്രതിരൂപമായ കെകെയെ കുറിച്ചുള്ള്‌ കുറിപ്പുകൾ നിറകണ്ണുകളൊടെയല്ലാതെ വായിച്ചെടുക്കാനാവില്ല, അല്ലാഹു ജന്നാത്തുൽ ഫിർദൗസ്‌ നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

    ReplyDelete
  8. എത്രവായിച്ചാലും മതിവരാത്തതാണ്‌ കെകെയെ കുറിച്ചുള്ള കുറിപ്പുകൾ..,സ്‌കൂളിൽ പഠിക്കുന്ന കാലത്ത്‌ കെകെയുടെ ക്ലസ്സൊ പ്രസംഗമൊ ഉണ്ടായാൽ ഒഴിവാക്കുമായിരുന്നില്ല, ചെമ്മാട്‌ കുടുംബ ക്ലാസായിട്ട്‌ പോലും ശനിയാഴ്ച്ചയാകാൻ കാത്തിരിക്കുമായിരുന്നു, സൈക്കിളെടുത്ത്‌ സുഹൃത്തുമൊന്നിച്ച്‌ ക്ലാസ്‌ കേൾക്കാൻ പോകുമ്പോ രണ്ടര കിലോമീറ്റർ ദൂരം ചെറുതായി തോന്നി.. കെകെയെ ഇഷ്ടപെടുന്നവരിൽ പ്രായപരിധി കണ്ടെത്താനാവില്ല.

    ലാളിത്യത്തിന്റെ പ്രതിരൂപമായ കെകെയെ കുറിച്ചുള്ള്‌ കുറിപ്പുകൾ നിറകണ്ണുകളൊടെയല്ലാതെ വായിച്ചെടുക്കാനാവില്ല, അല്ലാഹു ജന്നാത്തുൽ ഫിർദൗസ്‌ നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

    ReplyDelete
  9. പ്രിയ സഹോദരാ താങ്കള്‍ നിര്‍വ്വഹിച്ച ഈ മഹത്കൃത്യത്തിന് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ...

    കെകെ ഓര്‍മ്മിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തുന്നവ ഇവയാണ്; ആദര്‍ശം,ലാളിത്യം, സ്നേഹം, ത്യാഗം, പണ്ഡിതന്‍, അധ്യാപകന്‍, സമര്‍പ്പണം, സ്വര്‍ഗ്ഗം.

    ReplyDelete
  10. ENTE PRINCIPALAYIRUNNU. KURE NALLA ORMAKAL BAKIYAKKI ANDHEHAM NAMME VITTU PIRINJU.JANAN ANDHEHATHINNU SULLAMIL NINNU YATHRA AYAPPU NALKUNNA VELLAYIL PRASANGICHATHU IPPOZHUM ORKUNNU. ANDHEHAM MARICHU ENNU THONUNNEYILLA. ALLAHU ANDHEHATHINNU PORUTHU KODUKKATTE...AMEEEN

    ReplyDelete
  11. ENTE PRINCIPALAYIRUNNU. KURE NALLA ORMAKAL BAKIYAKKI ANDHEHAM NAMME VITTU PIRINJU.JANAN ANDHEHATHINNU SULLAMIL NINNU YATHRA AYAPPU NALKUNNA VELLAYIL PRASANGICHATHU IPPOZHUM ORKUNNU. ANDHEHAM MARICHU ENNU THONUNNEYILLA. ALLAHU ANDHEHATHINNU PORUTHU KODUKKATTE...AMEEEN

    ReplyDelete
  12. സുല്ലമുസ്സലാമിൽ സ്കൂളിൽ പഠിക്കുന്ന കാലത്ത് റമദാനിൽ- ക്ലാസ് കഴിഞ്ഞു ദുഹർ നമസ്കാര ശേഷം കെ കെ യുടെ ഖുർആൻ ക്ലാസ് അവിസ്മരണീയമാണ്. ഉച്ച സമയത്ത്, നോമ്പിന്റെ ക്ഷീണത്തിന് പുറമേ ഉറക്കത്തിനു എല്ലാ സാധ്യതയും അതിലേറെ സാഹചര്യവുമുള്ള ആ നേരത്തും കെ കെ യുടെ ക്ലാസ്സിൽ എന്നെപോലെ ധാരാളം വിദ്യാർഥികൾക്ക് അവസാനം വരെ ആസ്വദിക്കാൻ അവസരമൊരുക്കി, ഇത് കെ കെ യുടെ അവതരണ ശൈലിയും നമ്മുടെ ചുറ്റുപാടും സംസ്കാരവും ചരിത്രവും ബന്ധിപ്പിച്ചു കൊണ്ടുള്ള വിശാലമായ തലത്തിൽ ഖുർആനിന്റെ ആശയം ശ്രോതാക്കൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിലുള്ള കഴിവുമാണ്. ആ മഹാ പണ്ഡിതന് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കി സ്വര്‍ഗം കൊടുത്തു അനുഗ്രഹികട്ടെ . ആമീന്‍

    ReplyDelete