മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Wednesday, November 6, 2013

ഞാനെന്ന അഹങ്കാരത്തിന് വിരാമമായ ദിനം...

ജീവിതത്തിൽ അനുഭവിക്കുന്ന സുഖങ്ങൾക്കും സൗകര്യങ്ങള്‍ക്കും പൊലിമ പോരാ എന്ന് ചിന്തിച്ച് ജീവിതപ്പാച്ചിൽ നടത്തുന്നതിനിടയിലാണീ ദുരന്തജീവിതം കാണുന്നത്. ജീവിതം എന്ന് പൂർണാർഥത്തിൽ പറയാമോ എന്നു പോലും സംശയമാണ്.
അത്രക്കും ദുരിതമാണീ ജീവിതം. ഇത് മഞ്ചുദാസ്. തമിഴ്നാട് സ്വദേശികളാണെങ്കിലും പതിറ്റാണ്ടുകളായി ഇവരുടെ കുടുംബം കോഴിക്കോടാണ് താമസിക്കുന്നത്. ഒട്ടും തമിഴ് കലരാത്ത ശുദ്ധ മലയാളമാണ് എല്ലാവരും സംസാരിക്കുന്നത്. എങ്കിലും അവർ പരസ്പരം ശുദ്ധമായ തമിഴിലും പേശും. ഇരുപത്തിയേഴ് വയസുവരെ നമ്മെ പോലെ ഓടിച്ചാടി നടന്ന് ജീവിതത്തിന്റെ ഏറ്റവും ഊർജ്വസ്വലമായ ആ ഇരുപത്തിയേഴാം വയസിൽ കുളിക്കാൻ പോയി, കുളത്തിലേക്ക് എടുത്തു ചാടിയതാണ് ദാസ്. വിചാരിച്ചത്ര വെള്ളം കുളത്തിൽ ഇല്ലായിരുന്നു. തല ചെന്ന് താഴെ പാറയിൽ ഇടിച്ചു! സപൈനൽ കോഡ് തകർന്നു തരിപ്പണമായി... അതിനു ശേഷം കഴുത്തിനു മുകൾ ഭാഗം മാത്രമേ ചലിച്ചിട്ടുള്ളൂ! ഈ അനന്തമായ കിടപ്പ് തുടങ്ങിയിട്ട് 26 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു...

കോഴിക്കോട് രാമൻ മേനോൻ റോഡിൽ കണ്ടംകുളം ജൂബിലി ഹാളിനു പുറകിൽ, ഒരു വാടക വീട്ടിലാണ് ഇദ്ദേഹം ഉള്ളത്. ഐ എസ് എം മെഡിക്കൽ എയ്ഡ് സെന്റർ പ്രവർത്തകർ, പുതിയ വാട്ടർബെഡുമായി പോകുന്നത് കണ്ട് അവരോടൊപ്പമാണ് ഞാനും ഇവിടെയെത്തിയത്. ഒറ്റനോട്ടത്തിൽ മനസ് തകർന്നുപോയി... എല്ലാ അഹന്തകളും ഒലിച്ചുപോയി...
‘നിങ്ങൾ നിങ്ങളേക്കാൾ ഉയർന്നവരിലേക്കല്ല, താഴെയുള്ളവരിലേക്കാണ് നോക്കേണ്ടത്’ 
എന്ന പ്രവാചക വചനമാണ് ഓർമയിൽ ഓടിയെത്തിയത്. അതെ നമ്മുടെ എല്ലാ അഹങ്കാരങ്ങളുടെയും അടിവേരറുക്കാൻ ഇത്തരം കാഴ്ചകൾ കൊണ്ട് സാധിക്കും.

കേരളത്തിൽ നിരവധി ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി ഐ എസ് എം പ്രവർത്തകർ ഇത്തരം ഒട്ടനവധി രോഗികളുടെ സാന്ത്വനവും സമാശ്വാസവും ചികിത്സയും ഏറ്റെടുത്തിട്ട് പതിറ്റാണ്ടുകളായി! നിശബ്ദമായ അവരുടെ ഈ കാരുണ്യ പ്രവർത്തനങ്ങൾ, പലരും ചെയ്യുന്നതു പോലെ ഒരു മാർകറ്റിംഗ് ഉപാധിയാക്കാൻ അവർ മെനക്കെട്ടിട്ടില്ല എന്നതും, ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ജാതിയും മതവും നോക്കുന്നില്ല എന്നതും അവരുടെ ഔന്നത്യം വർദ്ധിപ്പിക്കുന്നുണ്ട്.

 നിരവധി പാലിയേറ്റീവ് ക്ലിനിക്കുകൾക്കും, സൗജന്യ മരുന്ന് വിതരണവും, വൃക്ക രോഗനിർണയ ക്യാമ്പുകളും, കൊച്ചു കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയയും എല്ലാം ഐ എസ് എമ്മിന്റെ മേൽനോട്ടത്തിൽ ‘കണ്ണീരൊപ്പാൻ കൈകോർക്കുക’ എന്ന മുദ്രാവാക്യവുമായി നടന്നുവരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലും, കണ്ടംകുളത്തുള്ള സി ഐ ജി ബിൽഡിംഗിലും സൗജന്യ മരുന്നു വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.

മെഡിക്കൽ കോളേജ് പരിസരത്ത് അകലെ നിന്നു വരുന്ന കാൻസർ/വൃക്ക രോഗികൾക്കും അവരെ പരിചരിക്കാൻ വരുന്നവർക്കും സൗകര്യമൊരുക്കാനായി ‘കെയർ ഹോം’ പ്രൊജക്റ്റ് ഉയർന്നു കൊണ്ടിരിക്കുന്നു. യാതനകളും ദുരിതങ്ങളുമനുഭവിക്കുന്ന അശരണരെ സഹായിക്കുന്നവർക്ക് ദൈവപ്രീതിയുണ്ടാകും എന്ന പ്രതീക്ഷയോടെ ആയിരക്കണക്കിന് യുവാക്കൾ ഐ എസ് എമ്മിനു കീഴി വളണ്ടിയർമാരായി സേവനം ചെയ്യുന്നു. അല്ല, അവരുടെ ജീവിതം ഈ പാവങ്ങൾക്കായി പകുത്തു നൽകിക്കൊണ്ടിരിക്കുന്നു...

12 comments:

 1. ഞാനെ അഹങ്കാരത്തിന് വിരാമമായ ദിനം...

  ReplyDelete
 2. ഞാനെന്ന അഹങ്കാരത്തിനും !! :(

  ReplyDelete
 3. ഇല്ലാത്തവന്റെ ചുടു നിശ്വാസം നമ്മുടെ മുഖത്തു പതിക്കണം
  എങ്കിലേ നമ്മുടെ അഹന്ത ഉരുകൂ
  അത്ര കട്ടിയുണ്ടതിന്

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. May Allah cure this poor soul and save us all from such a pathetic condition...!

  ReplyDelete
 6. നമുക്കും അവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം.

  ReplyDelete
 7. മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു, കണ്ണടകള്‍ വേണം...

  ReplyDelete
 8. പട്ടിണി പതിയെ പതിയെ വിട്ടു പോകുമ്പോൾ നമ്മെ വീണ്ടും ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീണ്ടും കൊണ്ട് പോകുന്നത് രോഗങ്ങളാണ് . കുടുംബത്തിലെ ഏതെങ്കിലും ഒരംഗത്തിന് ഒരു കാര്യമായ രോഗം വന്നാൽ അതു മതിയാകും ആ കുടുംബത്തിന്റെ സാമ്പത്തിക നില തകരാൻ ..!! സർവ ശക്തൻ മാരക രോഗങ്ങൾ തന്നു കൊണ്ടുള്ള പരീക്ഷണങ്ങളിൽ നിന്നും നമ്മെ കാത്തു രക്ഷിക്കട്ടെ ..ആമീൻ .

  ReplyDelete
 9. മനുഷ്യൻ എത്ര നിസാരൻ..

  ReplyDelete
 10. മാനവ സേവകര്‍ക്ക് സലാം

  ReplyDelete
 11. എത്രയൊക്കെ കണ്ടാലും അല്‍പ്പം കഴിയുമ്പോള്‍ അതൊക്കെ നമ്മള്‍ മറക്കും .

  ReplyDelete