മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Thursday, February 8, 2024

മുജാഹിദ് സമ്മേളനം എന്നു കേൾക്കുമ്പോൾ...

മുജാഹിദ് സമ്മേളനം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത്, പതിനൊന്നു വയസ്സുകാരനായ എന്നെ കൂട്ടാതെ ഉപ്പയും നാട്ടിലെ മുതിർന്നവരും ജീപ്പ് വിളിച്ച്,  87ലെ കുറ്റിപ്പുറം സമ്മേളനത്തിനു പോയ അന്ന്, അവരുടെ കൂടെ പോകാൻ വേണ്ടി കരഞ്ഞതാണ് ആദ്യം മനസ്സിലേക്ക് എത്തുക. 


 

പിന്നീട് 1992 ഡിസംബർ ആറിന് സംഘ്പരിവാർ ഭീകരർ ബാബ്‌രി മസ്ജിദ് തച്ചു തകർത്ത പശ്ചാത്തലത്തിൽ അതേ വർഷം ഡിസംബർ അവസാനവാരം പാലക്കാട് വെച്ചു നടന്ന ഐതിഹാസിക സംസ്ഥാന സമ്മേളനത്തിൽ നാലു നാൾ മുഴുസമയ വളണ്ടിയർ ആയതും പാലക്കാട്ടെ അതിശൈത്യക്കാലത്തെ പുലർച്ചെയുള്ള കുളിയും ഇപ്പോഴും ഓർക്കുമ്പോൾ ശരീരമൊന്നാകെ വിറയ്ക്കും! 

97ലെ പിലാത്തറ സമ്മേളനം നടക്കുമ്പോൾ അജ്മാനിലാണ്. ഓൺലൈൻ/ലൈവ് പരിപാടികളൊന്നും അന്ന് ഇല്ല. അതിനാൽ തന്നെ കേട്ടറിവുകളും വായിച്ചറിഞ്ഞ ഓർമകളും മാത്രമേ പിലാത്തറ സമ്മേളനവുമായി ബന്ധപ്പെട്ട് ഉള്ളൂ. 

2002ലെ കോഴിക്കോട് സമ്മേളനം, ഇസ്‌ലാഹി സെന്റർ പ്രവർത്തനങ്ങളും മറ്റുമായി കുറേക്കൂടി സംഘടന പ്രവർത്തനങ്ങളോട് ചേർന്നു നിന്ന്, യുവാവായിക്കൊണ്ട് വീണ്ടും വളണ്ടിയറായി സേവനമനുഷ്ടിച്ചു. മറക്കാൻ കഴിയാത്ത കുറേ ഓർമകൾ ഉണ്ട്. കോഴിക്കോട് സമ്മേളനം എന്ന് പറയുമ്പോഴേ, പ്രിയപ്പെട്ട അബ്ദുല്ല തിരൂർക്കാട് മനസ്സിൽ ഓടിക്കയറി വരും. സമാപന സമ്മേളനത്തിലെ അബ്ദുല്ലാന്റെ അറബ്, മലയാളം മിക്സ് ചെയ്തുകൊണ്ടുള്ള സ്വാഗതഗാനം, 'സലാമുൻ യാ ഇബാദല്ലാഹ്...‘ ഇന്നും ശ്രുതിമധുരമായി, അടങ്ങാത്ത ആവേശമായി ഹൃദയം തുടിക്കുന്ന, ശരീരമാസകലം കോരിത്തരിക്കുന്ന സുന്ദരമായൊരോർമയാണ്. 

 

വയനാട് ജില്ലയിലെ പനമരത്താണ് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ഏഴാം സംസ്ഥാന സമ്മേളനത്തിന് വേദിയൊരുങ്ങിയത്. 2008 ഫെബ്രുവരി 7 മുതല്‍ 10 വരെ നടന്ന സമ്മേളനത്തിന്റെ സമയത്തും അജ്മാനിൽ ആണ്. അപ്പോഴേക്കും ലൈവ് വെബ്കാസ്റ്റിംഗ് ഒക്കെ തുടങ്ങിയിരുന്നു. പരിപാടി ഏറെക്കുറെ തത്സമയം കണ്ടും കേട്ടും നാട്ടിലെത്താൻ കഴിയാത്ത സങ്കടം ഉള്ളിലൊതുക്കി, വയനാടൻ കുന്ന് കയറി വന്ന ഇസ്‌ലാഹി പ്രവർത്തകരെ കണ്ട് കണ്ണും മനസ്സും നിറഞ്ഞ് സന്തോഷിച്ചു. 

എന്നാൽ, പനമരം എന്ന് കേൾക്കുമ്പോഴൊക്കെ മനസ്സ് നുറുങ്ങുന്ന വേദനയിൽ ഒരു മുഖം ഓർമയിൽ വന്നുകൊണ്ടേ ഇരിക്കുന്നു... സഹപാഠിയും, സഹപ്രവർത്തകനും, ആത്മമിത്രവുമായിരുന്ന നജീബ് പേരാമ്പ്ര. സമ്മേളന പ്രവർത്തനങ്ങളുടെ ഓട്ടപ്പാച്ചിലിൽ, വിശ്രമമില്ലാതെ, മറ്റൊരാളെയും ഒരു ജോലിയും ഏൽപ്പിക്കാതെ സ്വയം ഊണും ഉറക്കവും ഉപേക്ഷിച്ചുകൊണ്ട് അക്ഷരാർഥത്തിൽ നെറ്റിത്തടത്തിൽ വിയർപ്പുതുള്ളികളുമായി അല്ലാഹുവിലേക്ക് യാത്രയായ രക്തസാക്ഷി! അവനെ ഓർക്കാത്ത ഒരു സമ്മേളനങ്ങളും എന്റെ ജീവിതത്തിൽ പിന്നീട് കഴിഞ്ഞുപോയിട്ടില്ല! അല്ലാഹു അവന് പൊറുത്തുകൊടുക്കുകയും, ശഹീദിന്റെ പദവിയിലേക്ക് ഉയർത്തുകയും ചെയ്യുമാറാകട്ടെ എന്ന് ദുആ ചെയ്യുന്നു. 

ഇതുവരെ പറഞ്ഞതിൽ നിന്ന് ജീവിതത്തോടും മനസ്സിനോടും ഏറെ അടുത്തു നിൽക്കുന്നത്, എട്ടാം സമ്മേളനമാണ്. 2014 ഫെബ്രുവരി 6 മുതല്‍ 9 വരെ മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് എടരിക്കോട്ട് വെച്ചു നടന്ന സമ്മേളനത്തിന്റെ ഐടി, മീഡിയ ചാർജുകളിൽ ചെറിയ രീതിയിൽ പങ്കു വഹിക്കാൻ കഴിഞ്ഞു. എടരിക്കോട് സമ്മേളനത്തിന്റെ ഒരുക്കം മുതൽ അവസാനം വരെ കുടുംബമൊന്നിച്ച് എടരിക്കോട് തന്നെയായിരുന്നു. 

സമ്മേളനത്തിന്റെ തിരക്കുകൾക്കിടയിലും നഗരിയിൽ നിന്ന് പുറത്തു പോയി ചായകുടിക്കാൻ നിർബന്ധിച്ചു കൊണ്ടുപോയിരുന്ന സുഹൃത്ത് ഫഹീം കൊച്ചിയെ മറക്കുവാൻ കഴിയില്ല. പിന്നീട് ആകസ്മികമായി വിടപറഞ്ഞു പോയ നിരവധി ആളുകൾ ഉണ്ട്. അമ്മാവൻ കെവി ബാപ്പുട്ടി എറവറാംകുന്ന്, ഏറെ പ്രിയപ്പെട്ട പണ്ഡിതൻ അബ്ദുസ്സലാം സുല്ലമി എടവണ്ണ, പ്രിയങ്കരനായ പി.ടി. വീരാൻകുട്ടി സുല്ലമി, ഹംസ സുല്ലമി മുത്തേടം... 

സമ്മേളന വാർത്തകളും ദൃശ്യങ്ങളും കോർത്തിണക്കി കൊണ്ട്, പ്രിയപ്പെട്ട ഫഹീമും അഫ്സൽ മിഖ്ദാദും, നവാസ് ബ്നു ആദമും എല്ലാം ചേർന്ന് യാതൊരു സൗകര്യവും ഇല്ലാതെ, ഒരു ട്രൈപോഡ് പോലുമില്ലാതെ തട്ടിക്കൂട്ടിയ ഇസ്‌ലാഹി ന്യൂസ് ഇപ്പോഴും ഒരു നൊമ്പരമുയർത്തുന്ന ഓർമയാണ്. റിപോർട്ടർ ആയി തകർത്താടിയ ഫഹീമിന്റെ ദൃശ്യം ഇപ്പോഴും കണ്ണു നിറയാതെ കണ്ട് അവസാനിപ്പിക്കാൻ കഴിയില്ല... 

ഒമ്പതാം സമ്മേളനം, മുജാഹിദ് ഐക്യനാടകത്തിനു ശേഷം എടരിക്കോടിനടുത്തു തന്നെയുള്ള കൂരിയാട്ട് വെച്ചാണ് നടന്നത്, അതിന്റെ പന്തൽ പോലും കാണാൻ മനസ്സ് വന്നിട്ടില്ല, പോയിട്ടും ഇല്ല. 

പത്താമത് സമ്മേളനം വൈവിധ്യങ്ങൾ നിറഞ്ഞതാണ് എന്ന് മനസ്സിലാക്കുന്നുണ്ട്. ഇതുവരെ നടന്ന മുജാഹിദ് സമ്മേളനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ സമ്മേളനത്തോടനുബന്ധിച്ച് പത്തു ദിവസം കൊണ്ട് ഖുർആൻ മുഴുവനായി പഠിക്കാൻ കഴിയുന്ന രീതിയിൽ ’ഖുർആൻ പഠനവേദി‘, കാർഷിക മേള, സാധാരണ സമ്മേളന നഗരിയിൽ, സമ്മേളനം നടക്കുന്ന നാലു ദിവസം മാത്രം ഉണ്ടാക്കുന്ന ബുക് സ്റ്റാൾ എന്ന സങ്കൽപ്പം മാറ്റി, സമ്മേളനം തുടങ്ങും മുമ്പ് തന്നെ തുടങ്ങുന്ന ബുക്സ്റ്റൾജിയ, ദി മെസേജ് സയൻസ് എക്സിബിഷൻ, കിഡ്സ് പോർട്ട് തുടങ്ങി നിരവധി പുതുമകൾ കൊണ്ടു വരാൻ സംഘാടക സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനന്ദനങ്ങൾ!

വ്യക്തിപരമായ ചില പ്രയാസങ്ങളാൽ, ഈ തവണ സമ്മേളന നഗരിയിൽ ഒന്ന് പോകാൻ പോലും പറ്റുമോ എന്ന് ഇപ്പോഴും തീർത്തു പറയാനായിട്ടില്ല. ഈ സമ്മേളന പ്രചരണ, പ്രവർത്തന തിരക്കിനിടയിൽ നമ്മെയൊക്കെ വിട്ടുപോയ നിസുമോനെ ഓർക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കുക വയ്യ... സമ്മേളനവുമായി ബന്ധപ്പെട്ട് ഒരുപാട് ഞങ്ങൾ സംസാരിച്ചിട്ടുണ്ട്, മറ്റുപല കാര്യങ്ങൾക്ക് വിളിച്ചാലും ഈ സമ്മേളനത്തിനു കാണാം, ഇൻശാ അല്ലാഹ് എന്ന് പറഞ്ഞിരുന്നു നിസുമോൻ... പക്ഷേ റബ്ബിന്റെ വിധി മറ്റൊന്നായി... നാഥൻ പൊറുത്തു കൊടുക്കട്ടെ....

സംസ്ഥാന സമ്മേളനം എന്നത് ഏതൊരു മുജാഹിദ് പ്രവർത്തകർക്കും നൂറുകണക്കിന് ഗൃഹാതുരവും, ത്യാഗോജ്വലവുമായ ഓർമകൾ സമ്മാനിക്കുന്നവയാണ്. അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ച് സമ്മേളന പ്രചരണ പ്രവർത്തനങ്ങളിൽ മുഴുകുന്നവർ, പ്രഭാഷകർ, പോസ്റ്റർ ഒട്ടിക്കുന്നവർ, ചുവരെഴുതുന്നവർ, ലഘുലേഖകൾ വിതരണം ചെയ്യുന്നവർ അങ്ങനെയങ്ങനെ... എല്ലാവരെയും ഒത്തൊരുമിച്ചു കാണാനും, കേട്ടും വായിച്ചും അറിഞ്ഞിരുന്ന പലരെയും നേരിട്ട് കാണാനും പരിചയം പുതുക്കാനും കൂടുതൽ ഊർജസ്വലതയോടെ പ്രബോധന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും ഈ കൂടിക്കാഴ്ചകൾ കരുത്തേകും. 

- മലയാളി പെരിങ്ങോട്


No comments:

Post a Comment