മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Friday, November 30, 2007

രണ്ടു കവിതകള്‍

നിറം

നേര്‍ത്ത ഇടര്‍ച്ചയില്‍
പെയ്യുന്ന സ്നേഹമഴയ്ക്ക്
ആര്‍ദ്രതയുടെ
നിറം.
എണ്ണിവെക്കപ്പെടാത്ത
കിനാവുകള്‍ക്കും
മനസ്സിന്റെ ചോര്‍ച്ചയില്‍
നനഞ്ഞുകുതിര്‍ന്ന
മോഹങ്ങള്‍ക്കും
നഷ്ടത്തിന്റെ
നിറം.
ഓര്‍മകളില്‍
ചിക്കിയനക്കുന്ന
ഇന്നലെകളിലെ
അരുതായ്മകള്‍ക്ക്
കുറ്റബോധത്തിന്റെ
നിറം.
തിമിരംബാധിച്ച
കണ്ണുകളില്‍ കെട്ടുപിണയുന്ന
അവ്യക്തചിത്രങ്ങള്‍ക്ക്
ചോദ്യചിഹ്നങ്ങളുടെ
നിറം.
നിറങ്ങള്‍ മെഴുകിയ
വിചാ‍രത്തിണ്ണയില്‍
നിറങ്ങിളില്ലാത്ത
മനസ്സുമായിന്നു
ഞാന്‍....!



സ്വരം

ഉരുകിത്തീരുന്ന ഹൃദയാങ്കണത്തിലേക്ക്
പെയ്തിറങ്ങുന്ന ആശ്വാസവചനങ്ങള്‍ക്ക്
കരുതാതെ ചിതറുന്ന
പളുങ്കുമുത്തുകളുടെ സ്വരം.
ബന്ധനം ഭേദിച്ച സ്വപ്നങ്ങള്‍ക്കും
കടിഞ്ഞാണില്‍നിന്നകന്ന
മരിച്ചമോഹങ്ങള്‍ക്കും
ഒടുവില്‍ കേള്‍ക്കുന്നതോ?
നൈരാശ്യത്തിന്‍ സ്വരം.
ഇന്നിന്റെ വിവേകരാഹിത്യത്തിലും
ഇന്നലെകളുടെ അബദ്ധങ്ങളിലും
ഒളിഞ്ഞിരിക്കുന്നതോ?
കുറ്റബോധത്തിന്റെ സ്വരം.
പുകമറഞ്ഞ മിഴികളിലൂടെ
കാണുന്ന ഭാവിവാഗ്ദാനങ്ങള്‍ക്കോ
ചോദ്യങ്ങളുടെ സ്വരം.
ചുറ്റിലും ഉയരുന്ന സ്വരങ്ങള്‍ക്ക്
നടുവിലിരുന്ന് നാമിന്ന് കേള്‍ക്കുന്നതോ
സ്വമനസ്സിന്റെ പിരിമുറുക്കത്തിന്‍ സ്വരം!

15 comments:

  1. വിവേകരാഹിത്യത്തിലുംഇന്നലെകളുടെ അബദ്ധങ്ങളിലുംഒളിഞ്ഞിരിക്കുന്നതോ?കുറ്റബോധത്തിന്റെ സ്വരം.പുകമറഞ്ഞ മിഴികളിലൂടെകാണുന്ന ഭാവിവാഗ്ദാനങ്ങള്‍ക്കോചോദ്യങ്ങളുടെ സ്വരം.ചുറ്റിലും ഉയരുന്ന
    കവിതയെപ്പറ്റി ഗുണദോശിക്കാനൊ,വിമര്‍ശിക്കനൌള്ള വിവരമൊന്നുമില്ല. ഈ വരികളികള്‍ക്കിടയില്‍ ചിലത് വായിച്ചെടുക്കാന്‍ സാധിച്ചു.

    ReplyDelete
  2. ആര്‍ദ്രതയുടെ നിറം,
    നഷ്ടത്തിന്റെ നിറം.
    കുറ്റബോധത്തിന്റെ നിറം,
    ചോദ്യചിഹ്നങ്ങളുടെ നിറം.
    ഇവയെല്ലാം കൂടി ഒരു വൃത്തത്തില്‍
    ആക്കി തിരിക്കൂ
    അപ്പൊളെല്ലാം കൂടി ചേര്‍ന്ന്
    ഒരു നിറവുമില്ലത്ത അവസ്ഥയില്‍ എത്തും
    എല്ലാ നിറങ്ങളെയും ഉള്‍ക്കോണ്ടാ വെള്ള.
    ശുദ്ധമായ വെള്ള ..
    [സയന്‍സിലെ സ്പെക്‌ട്രം തീയറി.]
    അതായതു ശുദ്ധമായ മനസ്സുമായിന്നു ഞാന്‍....!
    കൊള്ളാം റസാഖ് !!


    പളുങ്കുമുത്തുകളുടെ സ്വരം,
    നൈരാശ്യത്തിന്‍ സ്വരം
    കുറ്റബോധത്തിന്റെ സ്വരം,
    ചോദ്യങ്ങളുടെ സ്വരം
    സ്വമനസ്സിന്റെ പിരിമുറുക്കത്തിന്‍ സ്വരം
    ഈ സ്വരങ്ങളെല്ലാം ഒന്നായി ചേരുമ്പോള്‍
    ഏറ്റവും നല്ലാ നാദബ്രഹ്മം
    ഈ സംഗീത വിരുന്നിന് നന്ദി റസാഖ് ...

    ReplyDelete
  3. മാണിക്യത്തിനും നന്ദി...

    ReplyDelete
  4. പളുങ്കുമുത്തുകളുടെ സ്വരം,
    നൈരാശ്യത്തിന്‍ സ്വരം
    കുറ്റബോധത്തിന്റെ സ്വരം,
    ചോദ്യങ്ങളുടെ സ്വരം
    നിറം ചാലിച്ച സ്വപ്നങ്ങള്‍ സംസാരിക്കുന്നു എന്നോടു തന്നെ പക്ഷെ വിദി എന്നോടു നാളെകളെക്കുറിച്ചും.. നന്മകള്‍ നേരുന്നൂ.

    ReplyDelete
  5. റസാഖെ..
    കവിതക്കൊക്കെ പൂട്ടിട്ടൊ..!

    നീ പറഞ്ഞപോലെ പബ്ലിഷിയാ പബ്ലിക്കാ‍ന്നും പറഞ്ഞു ഓരോര്‍ത്തര്‍ കൊണ്ടു പോയി പുതിയ പോസ്റ്റാക്കുന്നു.

    കവിതകള്‍ നന്നായി..:)

    ReplyDelete
  6. ഏറെ ഇഷ്ടമായി ഈ സ്വരം.ഭാവുകങ്ങള്‍

    ഓ.ടോ:പ്രയാസിച്ചേട്ടന്‍ പറഞ്ഞ പോലെ എല്ലാം പൂട്ടി വെച്ചോളൂ. താങ്കളുടെ വരികളാണെന്നു തോന്നുന്നു മറ്റൊരു പുതുബ്ലോഗില്‍ കണ്ടപോലെ...

    ReplyDelete
  7. പുതുവത്സരവേളയില്‍ ചാലിച്ചെറിഞ്ഞ
    നിറവും സ്വരവും നന്നായിരിക്കുന്നു, റസാഖ്

    ഭാവുകങ്ങള്‍

    ....ശ്യാം | ....shyam

    ReplyDelete
  8. രണ്ടു കവിതകളും നന്നായിരിയ്ക്കുന്നു.

    പുതുവത്സരാശംസകള്‍‌...!
    :)

    ReplyDelete
  9. നേര്‍ത്ത ഇടര്‍ച്ചയില്‍
    പെയ്യുന്ന സ്നേഹമഴയ്ക്ക്
    ആര്‍ദ്രതയുടെ
    നിറം.
    മഴയ്ക്കെന്നും കണ്ണിരിന്റെയും സങ്കടങ്ങളുടെയും,അതിലൂറി വരുന്ന ആര്‍ദ്രതയുടെയും സ്നേഹത്തിന്റെയും ഒക്കെ നിറമാണ്.’പെരുമഴക്കാലം’എന്ന സിനിമ ഓര്‍ക്കുന്നില്ലേ...
    നല്ല വരികള്‍....
    നല്ലൊരു പുതുവര്‍ഷം ആശംസിച്ചു കൊണ്ടു സ്നേഹത്തോടെ...

    ReplyDelete
  10. നിമിഷം തോറും നിറം മാറുന്ന മനുഷ്യരുടെ നിറം എന്താണു മാഷെ? ഒരുമിച്ചു പടുത്തുയര്‍ത്തിയ മോഹസൌധങ്ങളില്‍ നിന്നും താഴെക്കു ഒരാളെ തള്ളിയിടുന്നതിന്റെ നിറമോ?
    മാഷെ അസ്സലായിരിക്കുന്നു. അനുമോദനങ്ങള്‍.. സ്നേഹം ... കുഞ്ഞുബി

    ReplyDelete
  11. റസാഖേ..

    എനിക്കെന്തോ മാണിക്യമ്മയുടെ തിയറി അതിഷ്ടമായി...
    എല്ലാനിറങ്ങളും ഒത്തുചേര്‍ന്ന സമാധാനത്തിന്റെ , സന്തോഷത്തിന്റെ നിറം... “വെള്ള”!

    ഈ നിറങ്ങള്‍ മാറിമറിഞ്ഞുവരും... മനുഷ്യന്റെ വികാരവിചാരങ്ങളും... എങ്കിലും ഒരിക്കലും മായാത്ത നിറമുണ്ട്.. സ്നേഹത്തിന്റെ നിറം...

    - സ്നേഹാശംസകളോടെ, സന്ധ്യ :)

    ReplyDelete
  12. ആഹ്.. രണ്ടാമത്തെ കവിതയെപറ്റി എഴുതാന്‍ മറന്നു.. നിറങ്ങളില്‍ കുളിച്ചുനിന്ന് , എഴുതാന്‍ മറന്നു...

    എന്തിനെപ്പറ്റിയാണിത്ര കുറ്റബോധം..? എല്ലാസ്വരങ്ങള്‍‌ക്കുമൊടുവില്‍ ഇപ്പോല്‍ കേള്‍ക്കുന്നത് സൌഹൃദത്തിന്റെ സ്വരം... നമ്മളേയൊക്കെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന, വീഴ്ച്ചകളില്‍ നിന്നും പിടിച്ചുയര്‍ത്തുന്ന നല്ല കൂട്ടുകാരുടെ സ്നേഹസ്വരം...

    - ആശംസകള്‍, സന്ധ്യ :)

    ReplyDelete