Tuesday, May 15, 2007

കനല്‍ പെയ്യുന്ന മരുഭൂമിയില്‍ നിന്ന്...

കനല്‍ പെയ്യുന്ന മരുഭൂമിയില്‍
നിന്ന്...
സുഹൃത്തുക്കളെ...

ആസന്നമായ ഒരു മടക്കയാത്രയുടെ വിമ്മിട്ടത്തിലും ബേജാറിലുമാണ് ഗള്‍ഫുകാരന്റെ മനസിപ്പോള്‍. തിമര്‍ത്ത് പെയ്യുന്നൊരു പെരുമഴക്കാലത്തില്‍ ഉള്ളും മനവ്വും തണുപ്പിക്കാന്‍ കഴിയാതെ, കാത്തിരിപ്പിന്റെ സഹാറയില്‍ അവനെത്ര ദൂരം താണ്ടാനാവും?

ഒരായുസ്സിന്റെ നീളം മുഴുവനും പ്രവാസകാലത്തില്‍ ഉണ്ടുറങ്ങിയിട്ടും, ഒരു കൂരയോ, മെച്ചപ്പെട്ട ഒരു ജീവിതമോ കെട്ടിപ്പടുക്കാന്‍ കഴിയാത്ത ഹതഭാഗ്യരാണ് കണക്കെടുപ്പ് കഴിഞ്ഞാലേറെയും...

എന്നെങ്കിലും കണ്ടെത്തുമെന്ന് വൃഥാ മോഹിക്കുന്ന ഒരു മരുപ്പച്ചയുടെ തണലും, തെളിനീരുമന്വേഷിച്ച്, മരുക്കാറ്റടിക്കുന്ന ജീവിതത്തിലൂടെ കടന്നു പോകുമ്പോള്‍, ഗള്‍ഫുകാരനോര്‍ക്കാന്‍, ഓമനിക്കാന്‍ ഗൃഹാതുരത്വത്തിന്റെ മൃദുസ്പര്‍ശമില്ല.

കുടുംബത്തിന്റെ മണ്‍ചെരാതായി മാറുവാനുള്ള പരക്കം പാച്ചിലിന്നിടയില്‍ സ്നിഗ്ധ വികാരങ്ങള്‍ക്കും, പൂവിട്ടു തളിര്‍ക്കുന്ന ഓര്‍മക്കീറുകള്‍ക്കുമെന്ത് പ്രസക്തി?

അവസ്ഥകള്‍, മുമ്പത്തെപ്പോലെ ആയാസകരമല്ല. തൊഴില്‍ സാധ്യതകളും, സ്പോണ്‍സറുടെ കീഴിലല്ലാതെ എവിടെയും തൊഴിലെടുക്കാമെന്ന അവസ്ഥയും മാറിക്കഴിഞ്ഞു. വര്‍ഷം തോറും യൂണിവേഴ്സിറ്റികളില്‍ നിന്നുമിറങ്ങുന്ന സ്വദേശീ യൂവതീ-യുവാക്കള്‍ക്ക് ജോലി നല്‍കേണ്ട കടമയും ബാധ്യതയും അതാത് ഗവണ്മെന്റുകള്‍ക്കുണ്ട്. തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്നത് അനാരോഗ്യകരമായ മത്സരങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.
ഘട്ടം ഘട്ടമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്വദേശീവത്കരണം, പിടിചുനില്‍ക്കാനുള്ള അവസാന കച്ചിത്തുരുമ്പും, പ്രവാസികള്‍ക്ക് നഷ്ടമാക്കുന്നു. ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് അടുപ്പെരിയാനുള്ള എണ്ണയാകുന്ന, അറേബ്യന്‍ മണ്ണിന്റെ കനിവും, ദയയും നിലച്ചുപോയാല്‍ ഉണ്ടാകുന്ന സാമൂഹിക പ്രത്യാകാതങ്ങള്‍ ഏറെയാണ്. ഗള്‍ഫ് മണ്ണിലെ കുടിയൊഴിപ്പിക്കല്‍, പ്രവാസീകുടുംബങ്ങളില്‍ ആശങ്കകളുടെ കരിനിഴല്‍ വീഴ്ത്താന്‍ തുടങ്ങിയിട്ട് ഏറെയായി. ഗള്‍ഫ് എന്നത്, നമ്മുടെ നാടിന്റെയും, ഗവണ്മെന്റിന്റെയും ഒഴിച്ചുകൂടാനാവാത്ത സാമ്പത്തിക സ്സ്രോതസ്സാണ്.
സുഹൃത്തുക്കളെ,
അമ്പിളിമാഞ്ഞ ആകാശം, ഇരുട്ട് പുതച്ചുതുടങ്ങുകയാണ്... അറബിക്കടല്‍ കടന്ന് തിരിച്ചുപോവുന്ന ഓരോ ആകാശക്കപ്പലുകളിലും, കൈപ്പിടി നഷ്ടപ്പെട്ട് കണ്ണീരോടെ മടങ്ങുന്ന ഒരുപാട് പേരുണ്ട്. കുടുംബത്തെയോര്‍ത്ത് വ്യാകുലപ്പെടുന്ന അവരുടെ മനസ്സിന്റെ തിരതള്ളിച്ച, വിമാനത്തിന്നിരമ്പലില്‍ മുങ്ങിപ്പോയേക്കാം. എന്നാല്‍... വിസ ക്യാന്‍സല്‍ ചെയ്ത് തിരിച്ചുവരുന്ന ഭര്‍ത്താവിനെ, പിതാവിനെ, മകനെ, മകളെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തുന്ന സ്വന്തക്കാരുടെ മുഖത്തെ മ്ളാനത ആര്‍ക്കാണ്‍ മായ്ച്ചുകളയാനാവുക..? പെയ്യാന്‍ പാകത്തില്‍ മൂടിക്കെട്ടിക്കിടക്കുന്ന അവരുടെ മുഖങ്ങളിലെ മേഘക്കീറുകള്‍..., അശാന്തി നിറഞ്ഞൊരു ഭാവിയെയാണ്‌ സൂചിപ്പിക്കുന്നത്.
ഗള്‍ഫിന്റെ പോരിശയെക്കുറിച്ച് അത്തറുമണക്കുന്ന പാട്ടുകള്‍ അലയടിപ്പിക്കുന്ന കാലം കഴിഞ്ഞുപോയിരിക്കുന്നു. ഗള്‍ഫ് ഭാര്യയുടെ വിരഹത്തിന്‍ വിതുമ്പലും തോതുമളക്കുന്ന കത്തുപാട്ടുകളുടെ തരംഗവും ഓര്‍മകളിലേക്ക് മാഞ്ഞുപോയിരിക്കുന്നു. ഗള്‍ഫ് ഭര്‍ത്താക്കന്‍മാര്‍ക്ക് കച്ചവടമൂല്യമുണ്ടായിരുന്ന നാളുകളും ഇനി ഓര്‍മയില്‍ മാത്രം. യഥാര്‍ഥ്യത്തിന്റെ പുതിയ കാലത്തില്‍ പ്രവാസിയും, പ്രവാസവും ഒരു കഥകളും വിരചിക്കുന്നില്ല. കത്തിത്തീരുന്ന മെഴുകുതിരികളായി, കുടുംബത്തിനുവേണ്ടി ജീവിക്കാന്‍ വിധിക്കപ്പെട്ടവനായി ത്യാഗത്തിന്റെ മൂര്‍ത്തീഭാവമായി ചിത്രീകരിച്ചിരുന്ന, പഴയ പരിവേഷവും ഗള്‍ഫുകാരനിന്നില്ല.
ഗള്‍ഫുകാരന്റെ ത്യാഗം, നിയതമായ ഒരു നിയോഗമായി മാറുകയാണ്. ആര്‍ക്കും, ആരോടും പ്രതിബദ്ധതയില്ലാത്ത പുതിയകാലത്തില്‍, പാര്‍ശ്വവത്കരിക്കപ്പെടുന്ന പ്രവാസികള്‍ ഒരു വെറും ചോദ്യം പോലും ഉണര്‍ത്തുന്നുമില്ല. ദിനരാത്രങ്ങളിലൂടെ കടന്നു പോകുന്ന വെറുമൊരു ചാക്രിക ചലനം മാത്രമായൊതുങ്ങുന്ന പ്രവാസിയുടെ ജീവിതവും, എവിടെയും വിഷയീഭവിക്കപ്പെടുന്നില്ല.
ജി സി സി രാഷ്ട്രങ്ങളൊക്കെയും തന്നെ ധ്രുത ഗതിയിലുള്ള സ്വദേശീവല്കരണത്തിന്റെ പാതയിലാണ്. വിവിധ തൊഴില്‍ മേഖലകള്‍ പരീക്ഷണാര്‍ഥം ഇപ്പോള്‍ തന്നെ ദേശസാല്‍ക്കരിക്കപെട്ടും കഴിഞ്ഞു. ഇത്തരം മേഖലകളില്‍ നിന്നും കൂട്ടത്തോടെ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ വഴിയാധാരമാവുകയും ചെയ്യുന്നു. ഇന്നല്ലെങ്കില്‍ നാളെ ഓരോ വിദേശിയുടെയും നിലനില്പ് അവതാളത്തിലാവുമെന്ന ബോധ്യം ഓരോരുത്തര്‍ക്കുമുണ്ട്.
ഉള്ളിലെ ഈ ഭയാശങ്കകള്‍ ഉണര്‍ത്തുന്ന കറുത്തപാടയോട് കൂടിയാണ്‌ പ്രവാസികളുടെ ഓരോ ദിനരാത്രങ്ങളും കടന്നു പോവുന്നതും.
35 (മുപ്പത്തിയന്‍ച്) ലക്ഷത്തോളം ജനങ്ങളില്‍ 26 (ഇരുപത്തിയാറ്‌) ലക്ഷത്തോളം പ്രവാസികളെ ദയാവായ്പ്പോടെ സ്വീകരിച്ച ഈ യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളിലെ മലയാളീ പ്രവാസികളുടെ ജീവിതം നോക്കിക്കാണുകയാണ്, ഞാന്‍ ... പ്രവാസികളും പ്രവാസവും ഏത് മേഖലയിലും ഒരേചിന്തയും പ്രശ്നങ്ങളുമാണുണര്‍ത്തുന്നത് എന്നതിനാല്‍ അറേബ്യന്‍ ഭൂഖണ്ഡത്തിലെ ഏതു രാജ്യത്തിലെ പ്രവാസികളുമായും ഇവരെ ബന്ധിപ്പിക്കാവുന്നതാണ്.
ഗള്‍ഫ് രാജ്യങ്ങള്‍ ആധുനിക രാഷ്ട്ര നിര്‍മിതിയുടെ മകുടോദാഹരണങ്ങളാണ്. വികസന സ്വപ്നങ്ങളെ താലോലിക്കുകയും ദീര്‍ഘദൃഷ്ടിയോടെ ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭരണകര്‍ത്താക്കള്‍. നാടിന്റെ വളര്‍ച്ചയോടൊപ്പം പൌരന്മാരുടെ അവകാശ സംരക്ഷണവും, അതീവ ജാഗ്രതയോടെ നോക്കിക്കാണുന്നതില്‍ ബദ്ധശ്രദ്ധരാണവര്‍. അതുകൊണ്ടാകാം, തൊഴില്‍ മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള സത്വര നടപടികള്‍ കൈക്കൊള്ളുന്നതും.
മാറുന്ന ലോകത്തോടൊപ്പം സഞ്ചരിക്കുന്നവര്‍ക്ക് മാത്രമെ, അവസരങ്ങളുള്ളൂ. ഐ ടി യുഗത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള മാത്സര്യം അതുകോണ്ടുതന്നെയാണ്.
ഗള്‍ഫുകാരന്റെ മാനസിക പിരിമുറുക്കം, തൊഴില്‍ മേഖലകളിലെ അനിശ്ചിതത്വത്തിന്റെ പരിണിത ഫലമാണ്.
നഷ്ടപ്പെട്ടവര്‍, നഷ്ടപ്പെടുത്തിയവര്‍, തുഴഞ്ഞ് തുഴഞ്ഞ് ശക്തി ക്ഷയിച്ചവര്‍, കരിവേപ്പിലപോലെ വലിച്ചെറിയപ്പെട്ടവര്‍, അപ്പൂപ്പന്‍ താടിപോലെ നിയത്രണമില്ലാതെ പറന്നു പൊങ്ങിയവര്‍....
കണ്ടുമുട്ടിയവരില്‍, അങ്ങിനെ ഒരുപാട് മുഖങ്ങള്‍....
അവരുടെ കണ്ണുകളില്‍ കിനിഞ്ഞ വികാരം പങ്കുവെക്കുമ്പോള്‍, പല ചോദ്യങ്ങളുടെയും വ്യര്‍ഥതയറിയുന്നു....
വര്‍ഷങ്ങളായി, മരുഭൂമിയില്‍ പ്രവാസ ജീവിതം നയിച്ചുവരുന്ന ഒരാള്‍, കാലക്രമേണ ഒരൊട്ടകമായി പരിണമിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ചിത്രം, ഈയിടെ കാണാനിടയായി. അതിലെ തമാശയുടെ അളവില്‍ രസിച്ചിരിക്കെ, മുമ്പിലെ കണ്ണാടിയില്‍ വെറുതെയൊന്ന് പാളിനോക്കി....
വലിയ ചെവികളും, നീളന്‍ മുഖവുമായി ഞാനും ഒരൊട്ടകമായി മാറിക്കൊണ്ടിരിക്കുന്നു!!
പ്രവാസിയായി കഴിഞ്ഞ വര്‍ഷങ്ങളുടെ, കണക്കെടുപ്പ് കഴിഞ്ഞ് അന്തിച്ചു നില്‍ക്കെ; കണ്ണാടി, ഒരു തമാശ കണ്ടിട്ടെന്നപോലെ ആര്‍ത്താര്‍ത്തു ചിരിക്കാന്‍ തുടങ്ങി...
----------------------------തുടരാന്‍ സാധ്യത!
Share:

9 അഭിപ്രായം(ങ്ങൾ):

 1. കനലെരിയുന്ന പ്രവാസിയുടെ മനസ്സിന്റെ വിഹ്വലതകള്‍
  പകര്‍ത്താന്‍ ഈ പോസ്റ്റിന് കഴിയുന്നുണ്ട്,സുഹൃത്തെ.
  പ്രവാസ ജീവിതത്തിന്റെ
  നോവുകളിലും നൊമ്പരങ്ങളിലും എപ്പോഴും തെളിഞ്ഞുകാണുന്നത് ഒരു മടക്കയാത്രയുടെ
  ഭാണ്ഡമൊരുക്കല്‍ തന്നെയാണ്.

  തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

  ReplyDelete
 2. ആദ്യ കമെന്റര്‍ക്ക് ആദ്യ നന്ദി....

  മിന്നാമിനുങ്ങെ,
  നന്ദി....
  വായിച്ചു പോകുന്നവരേ...
  കമന്‍റ്റൂ.... എന്നെ എഴുതാന്‍ പ്രേരിപ്പിക്കൂ

  ReplyDelete
 3. Valarea sathyasandhamaya vivaranam. Thudarcha pratheekshikkunnu

  ReplyDelete
 4. Valarea sathyasandhamaya vivaranam. Thudarcha pratheekshikkunnu

  ReplyDelete
 5. കമന്റ് എഴുതി എന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്ന നിങ്ങള്‍ക്ക്, നന്ദി...
  തീര്‍ച്ചയായും തുടര്‍ച്ചപ്രതീക്ഷിക്കാം...

  ReplyDelete
 6. വര്‍ത്തമാനം,
  ഹൃദയ സ്പര്‍ശിയായ പൊസ്റ്റ് വായിച്ചു.
  മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും,മാറ്റങ്ങള്‍ക്കനുസരിച്ച് ക്രിയാത്മകമായി മാറാനും ഗള്‍ഫ് മലയാളിയുടെ നന്മനിറഞ്ഞ മനസ്സില്‍ വസിക്കുന്ന ദൈവം അവര്‍ക്കു ശക്തി നല്‍കട്ടെ എന്ന് ആത്മാത്ഥമായി ചിത്രകാരന്‍ പ്രാര്‍ത്ഥിക്കുന്നു.
  കേരളക്കരയില്‍ വിപ്ലവം നടത്തിയ ഗള്‍ഫ് മലയാളിയോട് കേരളമോ ഇന്ത്യയോ നീതി പുലര്‍ത്തുമെന്ന് പ്രതീക്ഷീക്കാതിരിക്കുക.
  കാരണം നാം ഗള്‍ഫ് മലയാളിയുടെ ചിലവില്‍ സാമ്പത്തികമായി മാത്രമേ അഭിവൃദ്ധി പ്രാപിച്ചിട്ടുള്ളു... സാംസ്കാരികമായി നാം ഇപ്പോഴും ജീര്‍ണമായ സെപ്റ്റിക് ടാങ്കില്‍തന്നെയാണുള്ളത്.
  താങ്കളുടെ നല്ല ചിന്തക്ക് ചിത്രകാരന്റെ പ്രണാമം.

  ReplyDelete
 7. റസാഖ് -

  ഹൃദയത്തെ സ്പര്‍ശിച്ച പോസ്റ്റ് ... പ്രവാസിയുടെ ദുഖവും തിരിച്ചുപോകാനുള്ള ആഗ്രഹവും മരുപ്പച്ച തേടിയുള്ള യാത്രയും.. അവിടുത്തെ ജീവിതത്തെ നേരിട്ട് കണ്ട പോലെ...

  ആരും ഇല്ലാത്തവന്, അള്ളാഹു തുണ..

  - ആശംസകളോടെ , സന്ധ്യ :)

  ReplyDelete
 8. കനല്‍ പെയ്യുന്നമരുഭൂമിയില്‍ നിന്ന്.....>ഈ രചന എത്ര തവണ ഞാന്‍ വായിച്ചു എന്ന് എനിക്കു തന്നെ അറിയില്ലാ ഒരൊ തവണ വായിക്കുമ്പോഴും ഒര്‍മ്മകള്‍ വേട്ടയാടുകയാണ്. ഗള്‍ഫുകാരന്‍ കത്തി തീരുന്ന മെഴുകുതിരിയൊ ? അതോ ഒരു അഗ്നിപര്‍വതമോ? നൊമ്പരകളും,കടമകളും, കടപ്പാടുകളും ഒറ്റപ്പെടലുകളും,എല്ലാമെല്ലാം ഉള്ളില്‍ ഇട്ട് പുകക്കുന്ന ഗള്‍ഫ് കാരന്‍. ഒരു കുന്നൊളം സ്വപ്നങ്ങളും ചുമന്ന് ഗള്‍ഫില്‍ വന്നിറങ്ങുന്ന എത്രപേരാ ചുമടിറക്കുന്നു? ശരിയാണ് കാലക്രമത്തില്‍ ഒട്ടകമായി മാറുകയാണ് , വീണ്ടും വീണ്ടും ചുമടുകള്‍ ഏറ്റു വാങ്ങി കൊണ്ട് ,ആദ്യം മാതാപിതാക്കള്‍, സഹോദരങ്ങള്‍ , പിന്നെ മക്കള്‍ ചുമടും ഭാരവും കൂടുന്നേ ഒള്ളു.. പ്രതികരണശേഷി പൊലും നഷ്ടപ്പെട്ടാ ഈ ഒട്ടകം കനല്‍ പെയ്യുന്നാ മരുഭുമിയില്‍ വീണ്ടും തുടരുകയാണ്........

  ReplyDelete

Latest News

Categories

2014 AbduRabbu Amen Android Article Aruvikkara Beach Book Review Cyclone Gonu Demonetisation Demonetization Education Eid Eid Mubarak facebook fb notification gaza Gonu Google Harshal Hollyday Hussain Madavoor IUML KairaliTV Kanthapuram kavitha Kerala Kerala Police KK KSRTC LDF Madhyamam makkalam malayalam Malayali Peringode Mangalam TV mazha mazhathulli MediaOne Meelad Milad Minister MM Akbar Mobile Modi Muharram Mujahid Mujeeb Edavanna Muslim League N D F OsamaBinLadin Outing Peace School Pinarayi Vijayan poem Political Politics QLS rain Ramadan Saudi SDPI sea Shabab Shukkoor Swalahi Sister Jesmi SNC Lavalin Tips & Tricks UAE varthamanam VT Balram അനാചാരം അനുഭവം അബ്ദുല്‍ഹമീദ് അഭിമുഖം അയുക്തീ അരുവിക്കര അവധി ആമേന്‍ ആശംസകള്‍ ഇസ്രാഈല്‍ ഇസ്‌റാഈല്‍ ഈദ് മുബാറക് ഉസാമ എൻ ഡി എഫ് എൽഡി‌എഫ് എസ് ഡി പി ഐ ഏകാന്തത ഐനു നുഹ ഒസാമ ബിൻ ലാദിൻ ഓര്‍മ ഓര്‍മക്കുറിപ്പ് കമല സുരയ്യ കവിത കള്ള ആത്മീയത കാത്തിരിപ്പ് കാന്തപുരം കാരക്കുന്ന് കാര്‍ട്ടൂണ്‍ കിനാലൂര്‍ കെ കെ മുഹമ്മദ് സുല്ലമി കേരള പോലീസ് കൈരളി ഖുര്‍‌ആന്‍ ലേണിംഗ് സ്കൂ‍ള്‍ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ ഗസ്സ ഗാസ ചതി ചന്ദ്രിക ചാവേര്‍ ചെറിയമുണ്ടം ജമാ‌അത്തെ ഇസ്‌ലാമി ജയ് ഹിന്ദ് ടിവി ടിവി ഡാര്‍വിനിസം തീവ്രവാദം തൃപ്പനച്ചി ദാറുല്‍ഇസ്‌ലാം ദാറുല്‍കുഫ്രര്‍ ദാറുല്‍ഹര്‍ബ്‌ ദുബൈ ദൈവം നരഹത്യ നാ‍ട്ടിലേക്ക് നുണയും തിന്മയും നോട്ട് അസാധു നോട്ട് നിരോധനം പഠനം പലവക പാഠപുസ്തകം പിണറായി വിജയൻ പുതുമഴ പുസ്തകം പോലീസ് പൌരോഹിത്യം പ്രതികരണം ഫലസ്തീന്‍ ഫലസ്ത്വീന്‍ ഫലസ്ഥീന്‍ ഫെയ്സ്ബുക്ക് ബഷീർ ബിജെപി ബിദ്‌അത്ത് ബേനസീര്‍ ഭീകരാക്രമണം മംഗളം മതം മത്സ്യം മദനി മലയാളി മസ്ജിദ് മഴ മാധവിക്കുട്ടി മാധ്യമം മാംസം മീഡിയ വൺ മീലാദ് മുജീബ് എടവണ്ണ മുട്ട മുംബൈ മുസ്‌ലിം ലീഗ് മോദി യാത്ര യുക്തിവാദം രമേശ് ചെന്നിത്തല രാഷ്ട്രീയം ലാവ്‌ലിൻ കേസ് ലേഖനം ലോക വൃദ്ധ ദിനം വഖഫ് ബോര്‍ഡ് വർഗീയത വര്‍ത്തമാനം വർത്തമാനം വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ് വഹീദുദ്ദീന്‍ ഖാന്‍ വായന വാര്‍ത്ത വിമർശം വിസ്ഡം വ്യക്തി ശബാബ് വാരിക ശശീന്ദ്രൻ ശിഹാബ് തങ്ങള്‍ ശുക്കൂർ സ്വലാഹി സാമൂഹികം സി‌എം മഖാം സി‌എം മടവൂർ സി‌എം സെന്റർ സിപി‌ഐ‌എം സിസ്റ്റര്‍ ജെസ്‌മി സൗദി സ്വാതന്ത്ര്യദിനാശംസ ഹുസൈന്‍ മടവൂര്‍ ഹൂറി റമദാന്‍

Ordered List

Definition List