ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്
മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഉപഭൂഖണ്ഡത്തില്‍ ഉരുണ്ടുകൂടിയ സംഘര്‍ഷം വന്‍നാശം വിതയ്‌ക്കുന്ന ഒരു യുദ്ധത്തിലേക്ക് നയിക്കുമോ എന്നതാണ് ഇപ്പോള്‍ ജനകോടികളെ ഉല്‍ക്കണ്‌ഠാഭരിതരാക്കുന്ന ഒരു സുപ്രധാന വിഷയം. ആഗോളവത്‌കരണത്തിന്റെ യുഗത്തില്‍ ഏതൊരു യുദ്ധവും ഒരു മേഖലയിലുള്ളവരെമാത്രം ബാധിക്കുന്നതാവില്ല എന്നതിനാല്‍, പ്രമുഖ ലോകരാഷ്‌ട്രങ്ങളും ഈ വിഷയത്തില്‍ ആശങ്ക പങ്കുവയ്‌ക്കുന്നു. ജനലക്ഷങ്ങള്‍ക്ക് നാശം വരുത്തുകയും സഹസ്രകോടിക്കണക്കില്‍ വിലവരുന്ന സ്വത്തുവകകള്‍ നാമാവശേഷമാക്കുകയും ചെയ്യുന്ന യുദ്ധങ്ങള്‍ മാധ്യമങ്ങളിലൂടെ കണ്ടറിയുകയും അവയുടെ കെടുതികള്‍ നേരിട്ട് അനുഭവിക്കുകയും ചെയ്‌ത മനുഷ്യരൊക്കെ- വിശിഷ്യാ ഇന്ത്യയിലെ പാകിസ്‌താനിലെയും ബഹുഭൂരിപക്ഷം ജനങ്ങള്‍- സമാധാനത്തിന്റെ പക്ഷത്താണെങ്കിലും ഇരുരാജ്യങ്ങളിലെയും തീവ്രവാദികള്‍ യുദ്ധമാണ് ആഗ്രഹിക്കുന്നത്. അവര്‍ ഭീകരാക്രമണങ്ങളും അട്ടിമറികളും നടത്തുന്നതുതന്നെ ഭരണകൂടങ്ങളെ യുദ്ധത്തിലേക്ക് തള്ളിവിടാന്‍ വേണ്ടിയാണ്. രാജ്യസുരക്ഷയ്‌ക്ക് നേരെ ഭീഷണി ഉയരുമ്പോള്‍ വിട്ടുവീഴ്‌ചയൊന്നും കൂടാതെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതമാകുമെന്ന യാഥാര്‍ ഥ്യം മനസ്സിലാക്കിയാണ് സമാധാനത്തിന്റെ ശത്രുക്കളായ ഭീകരര്‍ സ്‌ഫോടനങ്ങളും ആക്രമണങ്ങളും ആസുത്രണം ചെയ്യുന്നത്.
ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്ത് അതിക്രമിച്ച് കയറി മുഖ്യ റയില്‍വേ സ്റ്റേഷനിലെ യാത്രികരെയും ആഡംബര ഹോട്ടലുകളിലെ അതിഥികളെയും നിഷ്‌കരുണം ആക്രമിച്ചവരില്‍ ചിലരെങ്കിലും പാകിസ്‌താനീ പൗരന്മാരാണെന്ന് ഇതിനകം അനിഷേധ്യമായി തെളിഞ്ഞിട്ടുണ്ട്. ഭീകരാക്രണത്തിനിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായ ഭീകരന്‍ അജ്‌മല്‍ ഖസബ് പാകിസ്‌താനീ പൗരനാണെന്ന് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് തന്നെ പ്രസ്‌താവിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സി എസ് ടി റയില്‍വേസ്റ്റേഷനില്‍ ഈ ഭീകരന്‍ കണ്ണില്‍കണ്ടവരെയൊക്കെ വെടിവെച്ചു വീഴ്‌ത്തുന്ന ചി ത്രം (സി സി ടി വി കാമറയില്‍ പകര്‍ത്തിയത്) മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലശ്‌കറെ തയ്യിബയുടെ മേധാവികള്‍ മുംബൈ ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുമായി സംഭാഷണം നടത്തിയതിന്റെ ടേ പുകള്‍ ഇന്ത്യന്‍ അധികൃതര്‍ പാകിസ്‌താന് കൈമാറിയതായും മാധ്യമ റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ഇതൊക്കെ പരിഗണിക്കുമ്പോള്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്‌തവരെ ഇന്ത്യയ്‌ക്ക് കൈമാറണമെന്ന ആവശ്യം അന്യായമാണെന്ന് ആര്‍ക്കും പറയാനാവില്ല. ഇക്കാര്യത്തില്‍ പാകിസ്‌താന്റെ നിലപാട് സുതാര്യമല്ലെങ്കില്‍ ഇന്ത്യക്ക് കടുത്ത ചിലനടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് വിദേശകാര്യമന്ത്രി പ്രണബ് മുഖ ര്‍ജി മുന്നറിയിപ്പ് നല്‍കിയതിനെ യുദ്ധഭീഷണിയായി വ്യാഖ്യാനിക്കുകയാണ് പാക് അധികൃതര്‍ ചെയ്‌തത്.
തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഇരു രാഷ്‌ട്രങ്ങളുടെയും പ്രധാനമന്ത്രിമാര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പരോക്ഷമായ യുദ്ധഭീഷണികള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുണ്ട്. വേണ്ടിവന്നാല്‍ യുദ്ധത്തിനൊരുങ്ങാന്‍ ഇരുരാജ്യങ്ങളുടെയും സേനകള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നുമുണ്ട്. രാഷ്‌ട്രതന്ത്രത്തിന്റെയും നയതന്ത്രത്തിന്റെയും പ്രയോഗസാധ്യതകളില്‍, ഭീകരത എന്ന പ്രശ്‌നത്തിന് അന്ത്യംകുറിക്കാന്‍ ഒരു യുദ്ധത്തിലൂടെ കണക്കുതീര്‍ക്കുക എന്ന മര്‍ഗമല്ലാതെ മറ്റൊന്നും ഉരുത്തിരിഞ്ഞു കാണാത്തതുകൊണ്ടാണോ യുദ്ധ ഭീഷണിയെന്ന് വ്യാഖ്യാനിക്കാവുന്ന വാക്‌പയറ്റുകളില്‍ ഇരുവിഭാഗവും ഏര്‍പ്പെടുന്നത്? ഭീകരവാദികളെ ഉന്മൂലനം ചെയ്യുക എളുപ്പമല്ലെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ക്കെല്ലാം അറിയാം. എന്നാല്‍ യുദ്ധം ഒരു എളുപ്പവഴിയാണോ? യുദ്ധം രണ്ടുതരത്തില്‍ നഷ്‌ടക്കച്ചവടമാണ്. ഒന്ന്, ഒറ്റപ്പെട്ട ഭീകരാക്രമണങ്ങള്‍ നിമിത്തം സംഭവിക്കുന്നതിനേക്കാള്‍ അനേകം മടങ്ങ് നാശനഷ്‌ടങ്ങള്‍ യുദ്ധംമൂലം സംഭവിക്കും. രണ്ട്, യുദ്ധമുണ്ടായാല്‍ ഭീകരവാദം കൂടുതല്‍ വളരുമെന്നാണ് പല രാഷ്‌ട്രീയ നിരീക്ഷകരും ദീര്‍ഘദര്‍ശനം ചെയ്യുന്നത്. എവിടെ യുദ്ധമുണ്ടായാലും വന്‍ ആയുധ വ്യവസായികള്‍ ക്കല്ലാതെ മറ്റാര്‍ക്കും യഥാര്‍ഥത്തില്‍ ലാഭമുണ്ടാകാറില്ലെന്നതാണ് യുദ്ധത്തിലേക്ക് എടുത്തുചാടിയ എല്ലാ രാഷ്‌ട്രങ്ങളും പഠിച്ച അനുഭവപാഠം. ഭീമന്‍ ആയുധ വ്യവസായികള്‍ക്ക് ലഭിക്കുന്ന ബില്യണ്‍ കണക്കിലുള്ള ലാഭത്തിന്റെ ഗണ്യമായ ഒരു പങ്ക് അമേരിക്കന്‍ ഭരണകൂടത്തിന് ലഭിക്കുന്നതിനാല്‍ അവര്‍ക്ക് മാത്രമാണ് യുദ്ധം ഒരളവോളം ലാഭകരമായിത്തീരാന്‍ സാധ്യതയുള്ളത്.
ലക്ഷം കോടികളുടെ നാശത്തില്‍ കലാശിക്കുന്ന യുദ്ധം ഒഴിവാക്കണമെങ്കില്‍ ഇരുരാഷ്‌ട്രങ്ങളുടെയും സാരഥികള്‍ യാഥാര്‍ഥ്യബോധവും വിട്ടുവീഴ്‌ചാ മനസ്ഥിതിയും പ്രകടിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ല. പക്ഷെ, ഭീകരത സംബന്ധിച്ച വസ്‌തുതകളില്‍നിന്ന് തങ്ങള്‍ക്ക് അനുകൂലമായത് മാത്രം ഉറക്കെ പറയുകയും അപ്രിയ സത്യങ്ങളെ മൗനത്തില്‍ ഒതുക്കുകയുമാണ് ഭരണകര്‍ത്താക്കളും നയതന്ത്രജ്ഞരും മറ്റും ചെയ്യുന്നത്. പാകിസ്‌താനില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഭീകരാക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ ഉണ്ട് എന്നത് പാക് അധികാരികള്‍തന്നെ അംഗീകരിക്കുന്ന സത്യമാണ്. മാത്രമല്ല, മുശര്‌റഫും സര്‍ദാരിയും ഭീകരര്‍ക്കെതിതിരില്‍ നിരന്തരം പൊരുതിക്കൊണ്ടിരുന്നിട്ടുമുണ്ട്.
ബേനസീറിനെ മാത്രമല്ല, പാകിസ്‌താനിലെ പല രാഷ്‌ട്രീയ നേതാക്കളെയും ആക്രമണലക്ഷ്യമാക്കിയിട്ടുള്ളവരാണ് അവിടുത്തെ ഭീകരവാദികള്‍. എന്നിരിക്കെ, സര്‍ദാരിയും മറ്റും അവര്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് കരുതാന്‍ ന്യായം കാണുന്നില്ല. പിന്നെ, പാക് ഇന്റലിജന്റ്‌സ് ഏജന്‍സിയായ ഐഎസ്‌ഐക്ക് ഭീകരാക്രമണങ്ങളുമായി വല്ല ബന്ധവും ഉണ്ടായിരിക്കാനുള്ള സാധ്യതയാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. പാക് ഭരണകൂടത്തിന്റെ ഭാഗമായ കുറ്റാന്വേഷണ ഏജന്‍സി എങ്ങനെയാണ് സര്‍ദാരിയെയും ഗീലാനിയെയും മറ്റും ബദ്ധശത്രുക്കളായി ഗണിക്കുന്ന ഭീകരവാദികളെ തുണയ്‌ക്കുക? അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെയോ ഇസ്‌റാഈലിന്റെ ചാരക്കൂട്ടമായ മൊസാദിന്റെയോ ദുസ്വാധീനത്തിന് ഐഎസ്‌ഐ മേധാവികള്‍ വിധേയരായിട്ടുണ്ടെങ്കില്‍ മാത്രമേ ഇങ്ങനെയൊരു സാധ്യതയുള്ളൂ. അങ്ങനെയാണെങ്കില്‍ ഉപഭൂഖണ്ഡത്തില്‍ സംഘര്‍ഷം തിളപ്പിച്ചു നിര്‍ത്തിയിട്ട് ലക്ഷം കോടികളുടെ യു എസ്, ഇസ്‌റാഈലീ ആയുധങ്ങള്‍ക്ക് വിപണിയുണ്ടാക്കാനുള്ള സിഐഎ-മൊസാദ് ശ്രമങ്ങളെ പൂര്‍ണമായി പരാജയപ്പെടുത്താനുള്ള ആര്‍ജവമാണ് ഇന്ത്യയിലെയും പാകിസ്‌താനിലെയും ഉന്നതര്‍ പ്രകടിപ്പിക്കേണ്ടത്.
പാകിസ്‌താന്‍ ഭീകരതയുടെ ഇരയാണെന്നതും, പാക് ഭരണകൂടം എല്ലാ ഭീകരവാദികളെയും ഉന്മൂലനം ചെയ്യാന്‍ പ്രതിജ്ഞാബദ്ധമാണെന്നതും സത്യമാണെങ്കില്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ അവരെന്തിന് മടിക്കുന്നു എന്നതാണ് പിന്നെയുള്ള പ്രസക്തമായ ചോദ്യം. കുറ്റവാളികളെ പരസ്‌പരം കൈമാറാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ നിലവിലില്ല എന്നതും, മതിയായ തെളിവ് കൂടാതെ അങ്ങനെ കൈമാറിയാല്‍ സര്‍ക്കാര്‍ നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കും എന്നതുമാണ് ഇതിനെതിരില്‍ പാക് പക്ഷത്തുനിന്ന് ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍. ഇന്ത്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാല്‍ സര്‍ദാരിയുടെയും മറ്റും രാഷ്‌ട്രീയഭാവി അപകടത്തിലാകും എന്നത് അവര്‍ തുറന്നുപറയാത്ത പ്രശ്‌നം.
മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് തീവ്രവാദികള്‍ക്കെതിരില്‍ തങ്ങള്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് പാക് അധികൃതര്‍ അവകാശപ്പെടുന്നത്. ആക്രമണത്തില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ട ലശ്‌കറെ തയ്യിബയുടെ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്‌തതിന് പുറമെ ലശ്‌കറിന്റെ ഉപരിസംഘടനയെന്ന പേരില്‍ കരിംപട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട ജമാഅത്തുദ്ദഅ്വ എന്ന പ്രബോധന-ജീവകാരുണ്യ സംഘടനയെയും പാ ക്‌ഭരണകൂടം നിരോധിക്കുകയും അതിന്റെ നൂറുകണക്കില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും അതിന്റെ നേതാവ് ഹാഫിസ് മുഹമ്മദ് സഈദിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്‌തിട്ടുണ്ടത്രെ.
ഈ നടപടികള്‍ തന്നെ പാക് പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിന് വിധേയമായിട്ടുമുണ്ട്. ജമാഅത്തുദ്ദഅ്വയെ നിരോധിച്ച നടപടിയെ ശക്തിയായി എതിര്‍ത്തത് അവിടത്തെ മുസ്‌ലിം സംഘടനകള്‍ മാത്രമല്ല. സിന്ധിലെ ഹൈദരാബാദില്‍ ഒട്ടേറെ ഹിന്ദുസ്‌ത്രീകളും ഇതിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങുകയുണ്ടായി. ഹിന്ദുക്കളായിട്ടും തങ്ങള്‍ക്ക് ഭക്ഷണവും കുടിനീരും എത്തിച്ചുതരുന്ന ജമാഅത്തുദ്ദഅ്വയെ നിരോധിച്ച നടപടി മനുഷ്യത്വവിരുദ്ധമാണെന്നത്രെ അവിടെ തെരിവിലിറങ്ങിയ ഹിന്ദു സ്‌ത്രീകള്‍ വിളിച്ചുപറഞ്ഞത്. ഈ പ്രകടനത്തിന്റെ ഫോട്ടോ 29-12-08ലെ ഔട്ട്‌ലൂക്ക് വാരിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജമാഅത്തുദ്ദ അ്വയെ ന്യായീകരിക്കാന്‍ വേണ്ടിയല്ല ഇതെഴുതുന്നത്. അവരുടെ കര്‍മപരിപാടികളില്‍ ന്യായമായതും അന്യായമായതും ഉണ്ടാകും. ഇന്ത്യയിലെ എല്ലാ മതക്കാരുടെ ഇടയിലുമുണ്ടാകും മാനുഷിക സേവനങ്ങ ളും വിദ്രോഹപ്രവര്‍ത്തനങ്ങളും കൂട്ടിക്കലര്‍ത്തുന്നവര്‍. ഇതുതന്നെയായിരിക്കാം പാകിസ്‌താനിലെയും അവസ്ഥ. ഇങ്ങനെയുള്ളവരെയൊക്കെ നിയമനടപടികള്‍ക്ക് വിധേയരാക്കി ശിക്ഷിക്കുക എന്നത് അത്യന്തം പ്രയാസകരമായിരിക്കും.
ഇത്തരക്കാര്‍ക്ക് രാജ്യാന്തര ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന് ആക്ഷേപമുയരുമ്പോള്‍ ബന്ധപ്പെട്ട രാഷ്‌ട്രങ്ങള്‍ക്ക് അത് വലിയ തലവേദനയായി പരിണമിക്കുന്നു. ആക്രമണത്തിന് ഇരയായ രാഷ്‌ട്രത്തിന് നഷ്‌ടപരിഹാരവും, ഭാവിയില്‍ സുരക്ഷയെ സംബന്ധിച്ച ഉറപ്പും ലഭിക്കുക എന്ന ന്യായമായ ആവശ്യം സാധിച്ചുകിട്ടാന്‍ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കേണ്ടിവരുക സ്വാഭാവികമാണെങ്കിലും നിലവിലുള്ള സാഹചര്യത്തില്‍ കൂടുതല്‍ ഫലപ്രദമായ നയതന്ത്രമാര്‍ഗങ്ങള്‍ ആരായുക മാത്രമാണ് ആശ്വാസ്യമായിട്ടുള്ളത്. ഇന്ത്യയോടും പാകിസ്‌താനോടും സൗഹൃദബന്ധം പുലര്‍ത്തുന്ന ദുഷ്‌ടലാക്കുകളില്ലാത്ത രാഷ്‌ട്രങ്ങള്‍ക്ക് ഇരുരാഷ്‌ട്രങ്ങളെയും ഗ്രസിക്കുന്ന ഭീകരതയെ തളയ്‌ക്കുന്നതോടൊപ്പം നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതില്‍ ക്രിയാത്മകമായി സഹകരിക്കാന്‍ സാധിച്ചേക്കും.
ആക്രമണത്തില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ട ലശ്‌കറെ തയ്യിബയുടെ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്‌തതിന് പുറമെ ലശ്‌കറിന്റെ ഉപരിസംഘടനയെന്ന പേരില്‍ കരിംപട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട ജമാഅത്തുദ്ദഅ്വ എന്ന പ്രബോധന-ജീവകാരുണ്യ സംഘടനയെയും പാ ക്‌ഭരണകൂടം നിരോധിക്കുകയും അതിന്റെ നൂറുകണക്കില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും അതിന്റെ നേതാവ് ഹാഫിസ് മുഹമ്മദ് സഈദിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്‌തിട്ടുണ്ടത്രെ.
ReplyDeleteഈ നടപടികള്‍ തന്നെ പാക് പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിന് വിധേയമായിട്ടുമുണ്ട്. ജമാഅത്തുദ്ദഅ്വയെ നിരോധിച്ച നടപടിയെ ശക്തിയായി എതിര്‍ത്തത് അവിടത്തെ മുസ്‌ലിം സംഘടനകള്‍ മാത്രമല്ല. സിന്ധിലെ ഹൈദരാബാദില്‍ ഒട്ടേറെ ഹിന്ദുസ്‌ത്രീകളും ഇതിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങുകയുണ്ടായി. ഹിന്ദുക്കളായിട്ടും തങ്ങള്‍ക്ക് ഭക്ഷണവും കുടിനീരും എത്തിച്ചുതരുന്ന ജമാഅത്തുദ്ദഅ്വയെ നിരോധിച്ച നടപടി മനുഷ്യത്വവിരുദ്ധമാണെന്നത്രെ അവിടെ തെരിവിലിറങ്ങിയ ഹിന്ദു സ്‌ത്രീകള്‍ വിളിച്ചുപറഞ്ഞത്. ഈ പ്രകടനത്തിന്റെ ഫോട്ടോ 29-12-08ലെ ഔട്ട്‌ലൂക്ക് വാരിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജമാഅത്തുദ്ദ അ്വയെ ന്യായീകരിക്കാന്‍ വേണ്ടിയല്ല ഇതെഴുതുന്നത്.
Aadyamayanu ivide. Manoharam. Ashamsakal.
ReplyDelete