മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Thursday, January 22, 2009

ചാവേറുകളും ഹൂറികളും


ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌മുംബൈ ഭീകരാക്രമണത്തിനിടയില്‍ പിടിയിലായ മുഹമ്മദ്‌ അജ്‌മല്‍ ആമിര്‍ കസബ്‌ എന്ന ഭീകരന്‌ ഒരു അഭിഭാഷകന്റെ സേവനം ലഭ്യമാക്കേണ്ടതുണ്ടോ എന്നത്‌ സംബന്ധിച്ച്‌ ദേശീയ തലത്തില്‍ അറിയപ്പെടുന്ന പ്രഗത്ഭരായ നിയമജ്ഞരുടെ ഒരു ചര്‍ച്ച ഇയ്യിടെ ഒരു പ്രമുഖ ഇംഗ്ലീഷ്‌ വാരിക പ്രസിദ്ധീകരിച്ചിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു പ്രശസ്‌ത നിയമജ്ഞന്‍ തന്റെ ലേഖനത്തിന്‌ നല്‌കിയ തലക്കെട്ട്‌ ‘നമ്മുടെ ജയിലുകള്‍ക്കുള്ളില്‍ ഹൂറികള്‍ ഇല്ല’ എന്നര്‍ഥം വരുന്നതാണ്‌. അജ്‌മല്‍ കസബിന്‌ വേണ്ടി കേസ്‌ വാദിക്കാന്‍ മുന്നോട്ടുവന്ന നാല്‌ അഭിഭാഷകര്‍ ശിവസേനക്കാരുടെ ഭീഷണി നേരിടുകയും, ബോംബെ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ്‌ കോടതി ബാര്‍ അസോസിയേഷന്‍ അതിലെ മെമ്പര്‍മാരാരും ഈ ഭീകരാക്രമണത്തിലെ പ്രതികള്‍ക്കു വേണ്ടി കേസ്‌ വാദിക്കുകയില്ലെന്ന്‌ പ്രമേയം പാസ്സാക്കുകയും ചെയ്‌തതിനെതിരില്‍ പ്രതികരിച്ചുകൊണ്ട്‌ പ്രശസ്‌ത നിയമജ്ഞന്‍ എഴുതിയ ലേഖനത്തിന്‌ ഇങ്ങനെയൊരു തലക്കെട്ട്‌ നല്‌കിയതിന്റെ കാരണം അവസാനത്തെ ഖണ്ഡികയിലെത്തിയപ്പോള്‍ മാത്രമേ മനസ്സിലായുള്ളൂ.ഹൈദരാബാദിലെ റസാക്കര്‍മാര്‍ക്കും ശൈഖ്‌ അബ്‌ദുല്ലയ്‌ക്കും അദ്ദേഹത്തോടൊപ്പം രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടവര്‍ക്കും മഹാത്മാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും ഘാതകര്‍ക്കും അഭിഭാഷകരുടെ സേവനം ലഭ്യമായിരുന്നുവെന്നും, ഇത്തരക്കാര്‍ക്കു വേണ്ടി കേസ്‌ വാദിക്കുന്നത്‌ തങ്ങളുടെ സല്‍പേരിന്‌ കളങ്കമേല്‌പിക്കുമെന്ന്‌ അഭിഭാഷകരാരും കരുതിയിരുന്നില്ലെന്നും സമര്‍ഥിക്കുന്ന പ്രശസ്‌ത നിയമജ്ഞന്റെ ഒട്ടൊക്കെ ന്യായയുക്തമായ ലേഖനം സമാപിക്കുന്നത്‌ ഇപ്രകാരമാണ്‌:
“ഞാനൊരു ന്യായാധിപനായിരുന്നെങ്കില്‍ ഞാന്‍ കസബിന്‌ വധശിക്ഷ നല്‌കുകയില്ല. കാരണം ഒരു ഇന്ത്യന്‍ ജയിലിലെ നരകത്തില്‍ വെച്ച്‌ മാത്രമേ അയാള്‍ക്ക്‌ ബോധ്യപ്പെടുകയുള്ളൂ; മുല്ലമാര്‍ തന്നോട്‌ പറഞ്ഞത്‌ അവാസ്‌തവമാണെന്ന്‌. ദൈവം തന്റെ സ്വര്‍ഗത്തില്‍ അയാള്‍ക്ക്‌ സ്ഥലം അനുവദിക്കാന്‍ ഇടയില്ല. അങ്ങനെയൊരു സ്വര്‍ഗം തന്നെ ഉണ്ടാകാന്‍ മിക്കവാറും സാധ്യതയില്ല താനും. തന്റെ പരേതരായ ഒമ്പതു കൂട്ടുകാരും അവരുടെ ദു:ഖകരമായ പര്യവസാനത്തെക്കുറിച്ച്‌ അയാളുമായി ആശയവിനിമയം നടത്തുകയുമില്ല. ഇന്ത്യന്‍ ജയിലിലെ ദീര്‍ഘകാല വാസം അയാളില്‍ കുത്തിവെക്കപ്പെട്ട അന്ധവിശ്വാസങ്ങളുടെയും മിഥ്യാധാരണകളുടെയും വിഷം നീക്കിക്കളയാന്‍ പര്യാപ്‌തമായിരിക്കും.” ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ ചെന്ന്‌ ചാവേറായി പൊട്ടിത്തെറിക്കുകയോ കാണുന്നവരെയൊക്കെ വെടിവെച്ച്‌ വീഴ്‌ത്തുന്നതിനിടയില്‍ കൊല്ലപ്പെടുകയോ ചെയ്‌താല്‍ രക്തസാക്ഷിത്വം എന്ന പദവി ലഭിക്കുമെന്നും നേരിട്ട്‌ സ്വര്‍ഗത്തിലെത്തുമെന്നും അവിടെ ഹൂറിമാര്‍ എന്ന സുന്ദരിമാരുടെ ഒരു സംഘം സുഖിപ്പിക്കാന്‍ ഉണ്ടാകുമെന്നുമാണ്‌ മുല്ലമാര്‍/മതപണ്ഡിതന്മാര്‍ ചെറുപ്പക്കാരെ പഠിപ്പിക്കുന്നത്‌ എന്നത്രെ ഈ നിയമജ്ഞനെപ്പോലുള്ള വിദ്യാസമ്പന്നരായ ധാരാളം അമുസ്‌ലിംകളുടെ മനസ്സുകളില്‍ രൂഢമൂലമായിട്ടുള്ള ധാരണ. മുസ്‌ലിംകളെക്കുറിച്ച്‌, വിശിഷ്യാ മതം പഠിപ്പിക്കുകയും പ്രബോധനം നടത്തുകയും ചെയ്യുന്നവരെ സംബന്ധിച്ച്‌ ഇത്രയും മോശമായ ധാരണ അമുസ്‌ലിംകളുടെ മനസ്സില്‍ വേരുറയ്‌ക്കാന്‍ എന്താണ്‌ കാരണം? സയണിസ്റ്റുകള്‍, ക്രിസ്‌ത്യന്‍ മൗലികവാദികള്‍, സംഘപരിവാര്‍, യുക്തിവാദികള്‍ തുടങ്ങി ഇസ്‌ലാം വിരുദ്ധപ്രചാരണം മുഖ്യപരിപാടിയായി ഏറ്റെടുത്ത വിഭാഗങ്ങളും പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനവലയത്തിലമര്‍ന്ന മാധ്യമങ്ങളും സൃഷ്‌ടിക്കുന്ന തെറ്റിധാരണകളും മുന്‍വിധികളും മുസ്‌ലിം സമൂഹത്തെ അപഖ്യാതിയുടെ കരിനിഴലിലാക്കിയിട്ടുണ്ട്‌ എന്നതില്‍ സംശയമില്ല. ഖണ്ഡനം കൊണ്ടോ ഭര്‍ത്സനം കൊണ്ടോ ഇതിനൊക്കെ മാറ്റം വരുത്തുക ക്ഷിപ്രസാധ്യമല്ല എന്നതും അവിതര്‍ക്കിതമത്രെ.
എന്നാല്‍ മുസ്‌ലിംകള്‍ ചെയ്യേണ്ടതും അവര്‍ക്ക്‌ ചെയ്യാവുന്നതും തങ്ങളുടെ നിലപാടുകളും നടപടികളും ഇസ്‌ലാമിന്‌ അപഖ്യാതിയുണ്ടാക്കുന്നുണ്ടോ എന്ന്‌ ആത്മപരിശോധന നടത്തുകയാണ്‌. പലതരം അക്രമപ്രവര്‍ത്തനങ്ങളിലും അധാര്‍മിക വൃത്തികളിലും ഏര്‍പ്പെടുന്നവര്‍ മറ്റെല്ലാ സമൂഹങ്ങളിലും ഉള്ളതുപോലെ മുസ്‌ലിം സമൂഹത്തിലും ഉണ്ടാകും. സംസ്‌കരണശ്രമങ്ങള്‍ എത്ര നടത്തിയാലും ഇതിനൊക്കെ ഒരളവോളം മാറ്റമുണ്ടാക്കാനേ കഴിയൂ. ഇസ്‌ലാം വിമര്‍ശകര്‍ പൊക്കിക്കാണിക്കുന്നത്‌ മുസ്‌ലിം ബഹുജനങ്ങളുടെ ദുര്‍വൃത്തികളെയല്ല. ഇസ്‌ലാമിക പ്രതിബദ്ധത അവകാശപ്പെടുകയും സമൂഹത്തെ ആദര്‍ശവത്‌കരിക്കുന്നതിനെക്കുറിച്ച്‌ വാചാലരാവുകയും ചെയ്യുന്നവരുടെ തീവ്രതയും അതിക്രമങ്ങളുമാണ്‌ ചര്‍ച്ചകളെ ഹൂറികളിലോളം എത്തിക്കുന്നത്‌.മുഹമ്മദ്‌ നബി(സ) എപ്പോഴും ചിന്തിച്ചിരുന്നത്‌ മനുഷ്യരുടെ ഇഹപര നന്മയെക്കുറിച്ചായിരുന്നു. താന്‍ പരമാവധി ശ്രമിച്ചിട്ടും ജനങ്ങള്‍ നരകത്തിന്റെ വഴിയിലേക്ക്‌, തീജ്വാലയിലേക്ക്‌ ഇയ്യാംപാറ്റകളെന്നോണം കുതിച്ചോടുന്നതിലുള്ള വ്യാകുലത അദ്ദേഹം വിശ്വാസികളുമായി പങ്കുവെച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ദൗത്യത്തെക്കുറിച്ച്‌ ഒരു ഖുര്‍ആന്‍ സൂക്തത്തില്‍ പറയുന്നത്‌ ഇപ്രകാരമാണ്‌: ``അവരോട്‌ അദ്ദേഹം സദാചാരം കല്‌പിക്കുകയും ദുരാചാരത്തില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്‌തുക്കള്‍ അവര്‍ക്ക്‌ അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്‌തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലക്കുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു''(7:157).അറിയപ്പെട്ടത്‌ അഥവാ പരിചിതമായത്‌ എന്നര്‍ഥമുള്ള മഅ്‌റൂഫ്‌ എന്ന പദമാണ്‌ ഈ സൂക്തത്തില്‍ സദാചാരത്തെ കുറിക്കാന്‍ പ്രയോഗിച്ചിട്ടുള്ളത്‌. വെറുക്കപ്പെട്ടതെന്നോ അപരിചിതമെന്നോ അര്‍ഥമുള്ള മുന്‍കര്‍ എന്ന പദമാണ്‌ ദുരാചാരത്തെ കുറിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്‌. സന്മനസ്സുള്ള മനുഷ്യര്‍ക്കെല്ലാം നല്ലതെന്ന്‌ ബോധ്യംവരുന്ന കാര്യങ്ങളാണ്‌ നബി(സ) കല്‌പിച്ചതെന്നും, വിവേകമുള്ള മനുഷ്യര്‍ക്ക്‌ അരോചകവും അപരിചിതമായി അനുഭവപ്പെടുന്ന കാര്യങ്ങളാണ്‌ അദ്ദേഹം വിലക്കിയതെന്നും ഈ സൂക്തം സൂചിപ്പിക്കുന്നു. തന്റെ അധ്യാപനങ്ങള്‍ യഥാര്‍ഥ നന്മയ്‌ക്ക്‌ പ്രേരിപ്പിക്കുന്നതും തിന്മകളില്‍ നിന്ന്‌ പിന്തിരിപ്പിക്കുന്നതുമായിട്ടും പലരും അത്‌ വിശ്വസിക്കാതിരുന്നതിന്റെ പേരിലാണ്‌ നബി(സ)ക്ക്‌ ഏറെ ദു:ഖം തോന്നിയത്‌.“അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞുപോയതിനെത്തുടര്‍ന്ന്‌ (അതിലുള്ള) ദു:ഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.” (വി.ഖു 18:6)“എന്നാല്‍ തന്റെ ദുഷ്‌പ്രവൃത്തികള്‍ അലംകൃതമായി തോന്നിക്കപ്പെടുകയും അങ്ങനെ അത്‌ നല്ലതായി കാണുകയും ചെയ്‌തവന്റെ കാര്യമോ? അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നതാണ്‌. അതിനാല്‍ അവരെപ്പറ്റിയുള്ള കൊടും ഖേദം നിമിത്തം നിന്റെ പ്രാണന്‍ പോകാതിരിക്കട്ടെ. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു.”(വി.ഖു 35:9)ജനങ്ങളോടുള്ള ഗുണകാംക്ഷയും അവര്‍ നല്ല ആദര്‍ശവും നല്ല ചര്യയും സ്വീകരിച്ചു കാണാനുള്ള അതിയായ ആഗ്രഹവും നിമിത്തമാണ്‌ അവരുടെ വിപരീത നിലപാടില്‍ നബി(സ)ക്ക്‌ കൊടും ഖേദമുണ്ടായത്‌. എന്നിട്ടും അവരോട്‌ അദ്ദേഹത്തിന്‌ വെറുപ്പോ വിദ്വേഷമോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ എന്നും കാരുണ്യവും കനിവുമാണ്‌ നിറഞ്ഞുനിന്നിരുന്നത്‌. ദൈവികമായ കാരുണ്യത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു അത്‌.“(നബിയേ), അല്ലാവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞുപോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക്‌ മാപ്പ്‌ കൊടുക്കുകയും അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട്‌ കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‌പിക്കുക. (തന്നില്‍) ഭരമേല്‌പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്‌ടപ്പെടുന്നതാണ്‌.” (വി.ഖു 3:159)“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരും നീതിക്ക്‌ സാക്ഷ്യംവഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതിക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക്‌ പ്രേകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ്‌ ധര്‍മനിഷ്‌ഠയോട്‌ ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചെല്ലാം സൂക്ഷ്‌മമായി അറിയുന്നവനാകുന്നു അല്ലാഹു.”(വി.ഖു 5:8)ഈ ഖുര്‍ആനിക അധ്യാപനങ്ങളും പ്രവാചകചര്യയും മുറുകെ പിടിക്കുന്നവര്‍ക്ക്‌ മാര്‍ക്കറ്റുകളിലോ റെയില്‍വേ സ്റ്റേഷനുകളിലോ ചാവേര്‍ ആക്രമണം നടത്തി നിരപരാധികള്‍ക്ക്‌ നാശനഷ്‌ടങ്ങള്‍ വരുത്തുന്ന ഹീനകൃത്യത്തിലേര്‍പ്പെടാന്‍ യാതൊരു ന്യായവുമില്ല. അത്തരം ഹീനകൃത്യം അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച ജിഹാദാവുകയില്ല. നിരപരാധികളെ കൊന്നൊടുക്കുന്നതോടൊപ്പം ആത്മഹത്യ എന്ന മഹാപാപവും കൂടി ചെയ്യുന്നവര്‍ നരകത്തിലാണ്‌ എത്തിച്ചേരുക. മരിക്കുന്നതോടെ ചാവേറുകള്‍ നേരെ സ്വര്‍ഗത്തിലെത്തുമെന്ന്‌ പ്രചരിപ്പിക്കുന്നവര്‍ സ്വര്‍ഗത്തെയും ഹൂറികളെയുമെല്ലാം പരിഹാസ്യമാക്കുകയാണ്‌ ചെയ്യുന്നത്‌.

3 comments:

 1. ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ ചെന്ന്‌ ചാവേറായി പൊട്ടിത്തെറിക്കുകയോ കാണുന്നവരെയൊക്കെ വെടിവെച്ച്‌ വീഴ്‌ത്തുന്നതിനിടയില്‍ കൊല്ലപ്പെടുകയോ ചെയ്‌താല്‍ രക്തസാക്ഷിത്വം എന്ന പദവി ലഭിക്കുമെന്നും നേരിട്ട്‌ സ്വര്‍ഗത്തിലെത്തുമെന്നും അവിടെ ഹൂറിമാര്‍ എന്ന സുന്ദരിമാരുടെ ഒരു സംഘം സുഖിപ്പിക്കാന്‍ ഉണ്ടാകുമെന്നുമാണ്‌ മുല്ലമാര്‍/മതപണ്ഡിതന്മാര്‍ ചെറുപ്പക്കാരെ പഠിപ്പിക്കുന്നത്‌ എന്നത്രെ ഈ നിയമജ്ഞനെപ്പോലുള്ള വിദ്യാസമ്പന്നരായ ധാരാളം അമുസ്‌ലിംകളുടെ മനസ്സുകളില്‍ രൂഢമൂലമായിട്ടുള്ള ധാരണ. മുസ്‌ലിംകളെക്കുറിച്ച്‌, വിശിഷ്യാ മതം പഠിപ്പിക്കുകയും പ്രബോധനം നടത്തുകയും ചെയ്യുന്നവരെ സംബന്ധിച്ച്‌ ഇത്രയും മോശമായ ധാരണ അമുസ്‌ലിംകളുടെ മനസ്സില്‍ വേരുറയ്‌ക്കാന്‍ എന്താണ്‌ കാരണം? സയണിസ്റ്റുകള്‍, ക്രിസ്‌ത്യന്‍ മൗലികവാദികള്‍, സംഘപരിവാര്‍, യുക്തിവാദികള്‍ തുടങ്ങി ഇസ്‌ലാം വിരുദ്ധപ്രചാരണം മുഖ്യപരിപാടിയായി ഏറ്റെടുത്ത വിഭാഗങ്ങളും പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനവലയത്തിലമര്‍ന്ന മാധ്യമങ്ങളും സൃഷ്‌ടിക്കുന്ന തെറ്റിധാരണകളും മുന്‍വിധികളും മുസ്‌ലിം സമൂഹത്തെ അപഖ്യാതിയുടെ കരിനിഴലിലാക്കിയിട്ടുണ്ട്‌ എന്നതില്‍ സംശയമില്ല.

  ReplyDelete
 2. നിരപരാധികളെ കൊന്നൊടുക്കുന്നതോടൊപ്പം ആത്മഹത്യ എന്ന മഹാപാപവും കൂടി ചെയ്യുന്നവര്‍ നരകത്തിലാണ്‌ എത്തിച്ചേരുക.

  ReplyDelete
 3. [നിരപരാധികളെ കൊന്നൊടുക്കുന്നതോടൊപ്പം ആത്മഹത്യ എന്ന മഹാപാപവും കൂടി ചെയ്യുന്നവര്‍ നരകത്തിലാണ്‌ എത്തിച്ചേരുക. മരിക്കുന്നതോടെ ചാവേറുകള്‍ നേരെ സ്വര്‍ഗത്തിലെത്തുമെന്ന്‌ പ്രചരിപ്പിക്കുന്നവര്‍ സ്വര്‍ഗത്തെയും ഹൂറികളെയുമെല്ലാം പരിഹാസ്യമാക്കുകയാണ്‌ ചെയ്യുന്നത്‌. ]

  ഈ ഖുർ‌ആൻ വാക്യം തീവ്രവാദികളായ യുവാക്കളെ പഠിപ്പിച്ചാൽ ഒരു ചാവേറിനെകിട്ടാൻ എവിടെ പോകും?

  [രക്തസാക്ഷിത്വം എന്ന പദവി ലഭിക്കുമെന്നും നേരിട്ട്‌ സ്വര്‍ഗത്തിലെത്തുമെന്നും അവിടെ ഹൂറിമാര്‍ എന്ന സുന്ദരിമാരുടെ ഒരു സംഘം സുഖിപ്പിക്കാന്‍ ഉണ്ടാകുമെന്നുമാണ്‌ മുല്ലമാര്‍/മതപണ്ഡിതന്മാര്‍ ചെറുപ്പക്കാരെ പഠിപ്പിക്കുന്നത്‌ എന്നത്രെ ഈ നിയമജ്ഞനെപ്പോലുള്ള വിദ്യാസമ്പന്നരായ ധാരാളം അമുസ്‌ലിംകളുടെ മനസ്സുകളില്‍ രൂഢമൂലമായിട്ടുള്ള ധാരണ.]

  അമുസ്ലീംങ്ങൾക്ക് മുസ്ലീംങ്ങളുടെ സ്വർഗ്ഗം അക്രമിച്ച്‌ കീഴടക്കി സുഖമായി കഴിയാൻ തന്നെ.

  ഇതേതപ്പാ ഈ പുതിയ മുല്ല അവതാരം........

  ReplyDelete