റിപ്പോർട്ടർ ചാനലിൽ, അഭിലാഷ് നടത്തുന്ന ക്ലോസ് എൻകൗണ്ടറിൽ എം എം അക്ബർ നടത്തിയ ദയനീയമായ പ്രകടനവും ശേഷം അദ്ദേഹത്തിന്റേതായി വന്ന വിശദീകരണവും കണ്ടതിന് ശേഷമാണ് ഈ പോസ്റ്റ്.
'എം എം അക്ബർ റിപോർട്ടറിൽ' എന്ന് ഒലക്കമുക്കി പോസ്റ്ററൊട്ടിച്ചവരെ ഒന്നും തന്നെ അഭിമുഖത്തിന് ശേഷം പിന്നെ ആ വഴിക്ക് കണ്ടിരുന്നില്ല. പൊതുസമൂഹത്തിന് അറിയാനുള്ള ചോദ്യങ്ങളാണ് അഭിലാഷ് ഉന്നയിച്ചത്. പ്രസ്തുത ചോദ്യങ്ങൾക്ക് മുമ്പിൽ പതറി പോയപ്പോഴും, അദ്ദേഹത്തിന്റെ ചില ഭക്തന്മാർ, ചാനൽ ഇന്റർവ്യൂവിലൂടെ എം എം അക്ബർ പ്രബോധനം നടത്തുന്നു എന്ന മട്ടിൽ വിജയാഹ്ലാദം നടത്തിയിരുന്നു. അവർ തന്നെ പിന്നീട് അദ്ദേഹത്തിന്റെ വിശദീകരണം ഷെയർ ചെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇതൊരു കിറുക്കാണ്. കാരണം, വിജയകരമായി പ്രകടനം നടത്തി എന്നവകാശപ്പെട്ടിരുന്ന ഒരു അഭിമുഖത്തിന് പിന്നീട് എന്തിനാണ് വിശദീകരണം നൽകുന്നത്? ജയിച്ച കേസിൽ ജയിച്ചു എന്ന് പറഞ്ഞവർ തന്നെ അപീൽ പോകുന്ന പോലെയായിപ്പോയി.
ഇവിടെ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. എം എം അക്ബർ ഏതെങ്കിലും കാര്യങ്ങൾ പറയാതെ പോയതുകൊണ്ടല്ല, പ്രസ്തുത അഭിമുഖം വിമർശിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ വിശദീകരണത്തിന് പ്രസക്തിയില്ല. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളും ശൈലിയുമാണ് വിമർശനത്തിന്റെ നിദാനം.
ആയിരകണക്കിന് സംവാദങ്ങൾ നടത്തിയ വ്യക്തിത്വമാണ് എം എം അക്ബർ. പക്ഷെ, അതിലെല്ലാം സ്റ്റേജും മൈക്കയും അദ്ദേഹത്തിന്റെ അടുത്ത് തന്നെയായിരുന്നു. മറ്റു സംഘടനകളോ പ്രസ്ഥാനങ്ങളോ മതവിഭാഗമോ നടത്തിയ എത്ര സംവാദങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട് എന്നതും പഠനവിധേയമാക്കേണ്ടതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ; ഏകപക്ഷീയമായ സംവാദങ്ങളായിരുന്നു അവയിൽ മിക്കതും. നേർക്ക് നേരെയുള്ള കൗണ്ടറിംഗ് അതിലൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ക്ലോസ് എൻകൗണ്ടർ പോലുള്ളവ നേർക്ക് നേരെയുള്ള ജനാധിപത്യപരമായ സംവാദമാണ്. അതിൽ പിടിച്ച് നിൽക്കാൻ വാഗ്ചാതുരി മാത്രം പോരാ. തെളിവുകളും വസ്തുതകളും അനുകൂലമായിരിക്കണം. പറയുന്നതിൽ സത്യമുണ്ടായിരിക്കണം. യഥാർഥത്തിൽ, പൊതു സമൂഹത്തോട് വിശദീകരിക്കാൻ കഴിയുന്ന ഒന്നും തന്റെ പക്കലില്ല എന്ന് വിളിച്ചു പറയുന്നതായിരുന്നു ആ അഭിമുഖം. അദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെ സ്വന്തം അണികളോടാണെങ്കിൽ വാലിഡാണ്. എന്നാൽ, അദ്ദേഹത്തിന്റെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ സിവിൽ സമൂഹത്തെ തൃപ്തിപ്പെടുത്താൻ പര്യാപ്തമായ ഒരും ന്യായീകരണം പോലും അവതരിപ്പിക്കാൻ അദ്ദേഹത്തിനായിട്ടില്ല. ധൃതി കാണിച്ച് ഇങ്ങനെ ഒരു അഭിമുഖത്തിന് അദ്ദേഹം മുതിരേണ്ടിയിരുന്നില്ല. ഒരു പക്ഷെ, അബദ്ധത്തിൽ ഹൈദരാബാദ് വഴി യാത്ര ചെയ്തത് പോലെ തന്നെ, ഒരു ഇര പരിവേഷം സൃഷ്ടിച്ചെടുക്കാനുള്ള വ്യഗ്രതയാവും അഭിമുഖം നൽകിയതിന് പിന്നിലുള്ള ചേതോവികാരം എന്ന് കരുതുന്നു. വെളുക്കാൻ തേച്ചത് പാണ്ടായെന്നേ പറയാനുള്ളൂ.
പൊതു സമൂഹം ചോദിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ, അതേ വികാരത്തിൽ ചോദിക്കാനാവുക എന്നതാണ് മികച്ച മാധ്യമ പ്രവർത്തകൻ്റെ മിടുക്ക്. അഭിലാഷ് മികച്ച മാധ്യമ പ്രവർത്തകനാണ്. ശശികലയെ പോലുള്ളവരെ ക്ലോസ് എൻകൗണ്ടറിൽ തേച്ചൊട്ടിച്ചത് നമ്മൾ എല്ലാവരും ആഘോഷിച്ചതുമാണ്. ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യവും കൂടിയുണ്ട് ഡിയർ ഫാൻസ്... റോഡിലൂടെ നടന്നു പോകുന്ന എം എം അക്ബർ സാഹിബിനെ പിടിച്ചുവലിച്ചു സ്റ്റുഡിയോയിലേക്ക് തള്ളിയിട്ട്, കസേരയിൽ പിടിച്ചു കെട്ടിയിട്ടിട്ടല്ല അഭിലാഷ് ക്ലോസ് എൻകൗണ്ടർ നടത്തിയത്. നേരത്തെ വിളിച്ചു പറഞ്ഞ്, അപോയിന്റ്മെന്റ് എടുത്ത് തന്നെയാകും. അപ്പോൾ ആവശ്യമായ ഡാറ്റകൾ ശേഖരിക്കാനും പഠിക്കാനും ഗൃഹപാഠം ചെയ്യാനും ഉള്ള സമയം എടുത്ത് ഒരു ഡെയ്റ്റ് കൊടുത്താൽ മതിയായിരുന്നു. നിച് ഓഫ് ട്രൂത്തിന്റെ വളണ്ടിയർമാർ ചുറ്റും നിന്ന് സംരക്ഷണ വലയം തീർത്ത മൈകിലൂടെ വരുന്ന ചോദ്യങ്ങളല്ല നേരിടേണ്ടി വരിക എന്ന കോമൺസെൻസ് ഉപയോഗിക്കാതിരുന്നത് എം എം അക്ബറിന്റെ മാത്രം തെറ്റാണ് എന്ന് ദയവു ചെയ്തു മനസ്സിലാക്കുക.
അഭിമുഖം വിമർശിക്കപ്പെടുന്നത് പറയാതെ പോയ കാര്യങ്ങളുടെ പേരിലല്ല, മറിച്ച് പറഞ്ഞ കാര്യങ്ങളിലെ അബദ്ധങ്ങളും പൊരുത്തക്കേടുകളുമാണ്.
ഒന്ന്, പീസ് സ്കൂളിനെ ഐ എസ് റിക്രൂട്ട്മെന്റിന്റെ ലോഞ്ചിംഗ് പാഡായി വ്യാഖ്യാനിക്കുന്നതിനെ വസ്തുതാപരമായും യുക്തിപരമായും നേരിടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പീസ് സ്കൂളിലെ 400 സ്റ്റാഫുകളിൽ 4 പേരുടെ കാര്യങ്ങളിൽ അദ്ദേഹം പറഞ്ഞ ചെറിയ ഒരംശം എന്ന ന്യായം, അദ്ദേഹത്തിന്റെ തന്നെ മുൻവാദങ്ങളെയും പ്രചരണ കോലാഹലങ്ങളെയും റദ്ദ് ചെയ്യുന്നതാണ്. സിറിയയിലേക്ക് പോയ 21 പേരിൽ 4 പേർ മാത്രമായത് കൊണ്ട് അത് ഗൗനിക്കേണ്ടതില്ലത്രെ.
അടിപൊളി! മുസ്‌ലിം മാനേജ്മെന്റ് നടത്തുന്ന ആയിരകണക്കിന് സ്കൂളുകളിൽ വിരലിലെണ്ണാവുന്നത് മാത്രം കേസിനെ നേരിടുന്നതും ആയിരകണക്കിന് മത പ്രഭാഷകരിൽ വിരലിലെണ്ണാവുന്നവർ മാത്രം കേസിനെ നേരിടുന്നതും ഗൗനിക്കേണ്ടതില്ല.!! എങ്ങനെയുണ്ട്?! അദ്ദേഹത്തിന്റെ വാദമനുസരിച്ച് ഇങ്ങനെയും പറയാലോ.
അദ്ദേഹത്തിന്റെ എതിരാളികളുടെ വാദത്തിന് വളം വെച്ച് കൊടുക്കുന്നതായി പോയി അദ്ദേഹത്തിന്റെ ഈ ന്യായങ്ങൾ എന്ന് പറയാതെ വയ്യ.
എം എം അക്ബർ ചാനലിൽ വരുന്ന പരസ്യം മുജാഹിദ് വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിപ്പിച്ച പോസ്റ്റർ |
രണ്ടാമതായി, കേരള സലഫികളിൽ നിന്ന് ആരെങ്കിലും ഐ എസിലേക്ക് പോയിട്ടുണ്ടെങ്കിൽ അത് ടി പി അബ്ദുല്ലക്കോയ മദനി ഉൾപ്പെടുന്ന കെ എൻ എം നേതൃത്വം വിശദീകരിക്കട്ടെ (സലഫി നേതൃത്വം) എന്ന നിലപാട് അത്യന്തം പ്രതിലോമകരമാണ്. ബഹുമാന്യനായ ടി പി അടക്കമുള്ള ഏതെങ്കിലും കെ എൻ എം നേതാക്കളിലേക്കോ, മുജാഹിദ് പ്രസ്ഥാനത്തിലേക്കോ ഐ എസ് വിവാദത്തിന്റെ വേരുകൾ നീളുന്നുണ്ടെങ്കിൽ അതിന്റെ ഒരേയൊരു ഉത്തരവാദി എം എം അക്ബർ മാത്രമാണ്. അദ്ദേഹത്തിന്റെ നിച്ച് ഓഫ് ട്രൂത്തും പീസ് സ്കൂളും വഴിയല്ലാതെ ഐ എസ് വിവാദം മുജാഹിദ് പ്രസ്ഥാനത്തിലേക്ക് എത്തിനോക്കുന്നു പോലുമില്ല. നൂറ് ശതമാനം അദ്ദേഹം മാത്രം വിശദീകരിക്കേണ്ട കാര്യങ്ങളാണവ. എന്നിട്ട് സുന്ദരമായി കൈകഴുകാനുള്ള ഹീനമായ ശ്രമം അദ്ദേഹത്തോടുള്ള എല്ലാ ആദരവും നഷ്ടപ്പെടുത്തുന്നതാണ്.
അക്ബർ ഞങ്ങളുടെ പ്രഭാഷകനാണ് എന്ന് പറയാൻ കെ എൻ എം നേതൃത്വം കാണിച്ച മാന്യതയെങ്കിലും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ചുപോയി. പക്ഷെ, ഗൾഫ് സലഫിസത്തെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിൽ ബൗദ്ധികമായി നേതൃത്വം വഹിച്ച നിച്ച് ഓഫ് ട്രൂത്തിന്റേയും ദഅവ ബുക്സിന്റേയും അമരക്കാരനിൽ നിന്ന് ആ മാന്യത പ്രതീക്ഷിച്ച നമുക്കാണ് തെറ്റ് പറ്റിയത്.
അതിലേറെ രസം, വിശദീകരണ വീഡിയോയിൽ കൂട്ടിപിടിക്കുന്ന ചില ചരിത്ര വസ്തുതകളാണ്. ഇ. മൊയ്തു മൗലവിയേയും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനേയും മുമ്പിലേക്ക് ഇടുന്നുണ്ട്. പ്രതിസന്ധികളിൽ അതാണല്ലോ ശീലം. സലഫി എന്ന വാക്ക് ചരിത്രത്തിൽ ആരൊക്കെ ഉപയോഗിച്ചു എന്ന് നോക്കി അവരെയൊക്കെ ആധുനിക സലഫിസത്തിന്റെ മുൻ മാതൃകകളാക്കാനുള്ള വൃഥാ ശ്രമത്തെ കുറിച്ച് ഹെൻറി ലോസിയർ പറയുന്നുണ്ട്. സലഫിസം എന്ന സംജ്ഞയുടെ ആശയ ചരിത്രത്തെ കുറിച്ചുള്ള പഠനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. പല വേഷങ്ങളിലൂടെ കടന്നുവന്ന പ്രസ്തുത പദത്തെ, ഉപയോഗിച്ചവരെയെല്ലാം ഒറ്റക്കള്ളിയിൽ പെടുത്താനുള്ള ശ്രമം, നിൽക്കക്കള്ളിയില്ലാതായവരുടെ നിസ്സഹായത മാത്രമാണ്.
അവസാനമായി, എതിരാളികളില്ലാത്ത സ്നേഹ സംവാദമല്ല, ചാനൽ ഇന്റർവ്യൂകൾ. അതിൽ നേർക്ക് നേരെയുള്ള കൗണ്ടറിംഗ് ഉണ്ടാകും. അണികളോട് വിശദീകരിക്കുന്ന ഭാഷയും ശൈലിയും അവിടെ മതിയാകാതെ വരും. വസ്തുതകളും സത്യവും കൂടെയുണ്ടെങ്കിൽ, പറഞ്ഞ ചില കാര്യങ്ങൾ വെട്ടിമാറ്റിയിട്ടുണ്ടെങ്കിൽ തന്നെ, പ്രേക്ഷകർക്ക് കാര്യങ്ങൾ ബോധ്യപ്പെടാൻ പറഞ്ഞ കാര്യങ്ങൾ മാത്രം മതിയാകും. ഉരുളൽ ഭക്തന്മാർക്ക് മനസ്സിലായില്ലെങ്കിലും പൊതു സമൂഹത്തിന് മനസ്സിലാകും.
ധൈര്യമുള്ളവർക്ക് ഷെയർചെയ്യാം! :)
-മലയാളി പെരിങ്ങോട്
എഫ്ബി പോസ്റ്റ്:
No comments:
Post a Comment