മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Wednesday, January 10, 2018

യുഡിഎഫുകാർ തൃത്താലയിലെ സിപിഎമ്മുകാർക്ക് നന്ദി പറയണം!


ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലുമായി നിരവധി വാദപ്രതിവാദങ്ങളും പോർവിളികളും കുറച്ചു കാലങ്ങളായി നടന്നുവരുന്നുണ്ട്. ചില പോസ്റ്റുകളിൽ, അല്ലെങ്കിൽ സാധാരണക്കാരായ ആളുകൾ കാണാൻ സാധ്യതയില്ലാത്ത, സീക്രട്ട്/ക്ലോസ്ഡ് ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ചകൾക്കിടയിൽ നിരവധി പ്രകോപന കമന്റുകൾ വരാറുണ്ട്. ഇങ്ങോട്ട് പ്രവോക്ക് ചെയ്യുന്ന അതേ രീതിയിൽ, അതേ ഭാഷയുപയോഗിച്ച് തിരിച്ച് മറുപടി കമന്റ് കൊടുക്കാറും ഉണ്ട്. സ്ഥിരമായി ഫെയ്സ്ബുക് ഉപയോഗിക്കുകയും, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംവാദങ്ങളിൽ പങ്കെടുക്കുന്നവർക്കും, മാറിനിന്ന് വീക്ഷിക്കുന്നവർക്കും അറിയാവുന്നകാര്യമാണിത്.
അതുപോലെ സ്ഥിരം നടക്കുന്നതു പോലെ ഒരു ഗ്രൂപ്പിൽ കോൺഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിൽ വന്ന ഒരു കമന്റിനു ആ സമയത്തെ വൈകാരികാവേശം കൊണ്ട്, ഒരിക്കലും നടത്താൻ പാടില്ലാത്ത ഒരു പരാമർശവുമായി ശ്രീ വിടി ബൽറാം നൽകിയ ഒരു റിപ്ലെ കമന്റ്, ആ പോസ്റ്റിൽ കമന്റു ചെയ്തിട്ടുള്ള വളരെ കുറച്ചു പേർ മാത്രം കാണാൻ സാധ്യതയുള്ള ഒരു റിപ്ലെ കമന്റ്, സ്ക്രീൻഷോട്ടെടുത്ത് സകലരുടെ മുന്നിലും എത്തിച്ച്, എല്ലാവരിലും ഏകെജിയെ ‘ശരിക്കുമൊരു ബാലപീഡകൻ’ എന്ന പരിവേശം ഉണ്ടാക്കിയെടുത്തത് അദ്ദേഹത്തെ ആരാധിക്കുന്നു എന്നവകാശപ്പെടുന്ന, ഇപ്പോൾ തെരുവിലിറങ്ങി പേക്കൂത്ത് നടത്തുന്ന ഡിവൈ‌എഫൈ എന്നും സിപിഎം എന്നുമൊക്കെ പറയുന്നവർ തന്നെയാണെന്നതിൽ ഒരു തർക്കവും ഇല്ല.
അങ്ങിനെ നോക്കുമ്പോൾ മാപ്പ് പറയേണ്ടത് ബൽറാമോ അതോ അത് കൂടുതൽ ഊക്കോടെ ആവേശത്തോടെ പ്രചരിപ്പിച്ച ഏകേജി ആരാധകരോ? ചീമുട്ടയെറിയേണ്ടത് ബൽറാമിനേയോ ഏകേജീയാരാധകരെയോ?

ഒരു ജോസഫ് മാഷിന്റെ കൈവെട്ട് കേസു പറഞ്ഞ് സുഡാപികളെ അവസരം കിട്ടുമ്പോഴൊക്കെ വിമർശിക്കുന്ന സിപിഎമ്മുകാർ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധജാഥയിൽ വിളിച്ച മുദ്രാവാക്യം ആരെങ്കിലും കേട്ടിരുന്നോ? “കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും ..........നേ ബൽറാമേ” എന്നായിരുന്നു. കൈവെട്ട് നടത്തിയ സുഡാപികൾ തീവ്രവാദികളാകുന്ന നിങ്ങളുടെ അതേ മാനദണ്ഡം അനുസരിച്ച് നിങ്ങളും അതായിക്കഴിഞ്ഞു എന്നുമാത്രമേ അതേക്കുറിച്ച് പറയുന്നുള്ളൂ.
തെരഞ്ഞെടുപ്പിനു ശേഷം ഉറങ്ങിക്കിടന്നിരുന്ന തൃത്താലയിലെ യുഡിഎഫുകാരെ ഊർജസ്വലരാക്കാനും, സംഘടിതരാക്കാനും, വർദ്ധിതവീര്യത്തോടെ പ്രകടനങ്ങളും പ്രതിഷേധങ്ങളുമൊക്കെയായി സജീവമാക്കുന്നതിൽ നിർണായക പങ്കു വഹിച്ച തൃത്താല ഏരിയ സിപിഎം, ഡിഫി നേതാക്കളോട് യുഡിഎഫുകാർ നന്ദി പറയേണ്ടതാണ്.

സോളാറും സരിതയും മറ്റു വിവാദങ്ങളുമായി നിലയില്ലാക്കയത്തിലെന്നപോലെ കഴിഞ്ഞിരുന്ന കോൺഗ്രസ് നേതൃത്വത്തിന് അത്രയൊന്നും ‘താത്പര്യമില്ലാതിരുന്ന’ (ഇത് അവർ സമ്മതിച്ചു തരില്ല എങ്കിലും, സത്യമതാണ്) വിടി ബൽറാം എന്ന എം‌എൽഎയെ സംസ്ഥാനമൊട്ടുക്കും പാർട്ടിപ്രവർത്തകർക്ക്, പ്രത്യേകിച്ചും യുവാക്കൾക്ക് പ്രിയങ്കരനാക്കി മാറ്റിയതിലും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ തൃത്താല ഏരിയ സിപിഎം/ഡിഫി കമ്മിറ്റികൾക്ക് നന്ദി പറയണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്, യുഡിഎഫുകാർക്ക് ഓർമയില്ലാത്ത ബൽറാമിന്റെ വികസനപ്രവർത്തനങ്ങൾ പോലും ‘അനാവശ്യവിമർശനം’ നടത്തി അവരെയും, ജനങ്ങളെയും അറിയിച്ച് 4k യിൽ നിന്ന് 10.5k യിലേക്ക് ഭൂരിപക്ഷമുയർത്താൻ ശ്രീ ബൽറാമിനെ സഹായിച്ചതും മേൽപ്പറഞ്ഞ ഏരിയാ കമ്മിറ്റികൾ തന്നെയാണ്.
ഇപ്പോൾ നടന്ന പ്രതിഷേധം അക്രമാസക്തമായതിന്റെ പേരിൽ നടത്തുന്ന ഹർത്താൽ കൊണ്ട് എന്താണ് കോൺഗ്രസുകാർക്ക്/യുഡിഎഫുകാർക്ക് ലഭിക്കുന്ന നേട്ടം എന്ന് ഒന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതാണ്.

1 comment:

  1. ഹർത്താൽ ഒരു പ്രതിഷേധ മാർഗമാണ്... അതിനോട് വിയോജിപ്പുള്ളവരും ഇല്ലത്തവരും ഉണ്ടാകും...
    ജനത്തെ ഒന്നിനും നിർബന്ധിക്കരുത്...
    ഹർത്താലാണ് പുറത്ത് പോണം എന്ന് ആഗ്രഹിക്കുന്നവരെ ആ വഴിക്ക് വിടണം..തടയരുത്... ഇനി പ്രതിഷേധത്തിന് അനുകൂലിക്കുന്നവർക്ക് സമർത്തിൽ പങ്കു ചേരാം

    ReplyDelete