മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Thursday, March 30, 2017

മംഗളം ചൊല്ലിപ്പിരിയുന്നവർ...



#മംഗളം, മാധ്യമ ചരിത്രത്തിൽ തുടക്കം മുതൽ മഹാഭൂരിപക്ഷവും വെറുത്തുപോയ ഒരു ചാനൽ! ഇതുപോലെ മറ്റൊന്നുണ്ടാകുമോ എന്ന് അറിയില്ല. മംഗളത്തിനെതിരെ മാധ്യമ ധർമത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും സ്വകാര്യ-കുടുംബ ജീവിതങ്ങളിലേക്കുള്ള നുഴഞ്ഞു കയറ്റത്തെയും കുറിച്ചുള്ള ആവലാതികൾ, ‘കിട്ടാത്ത മുന്തിരി പുളിക്കും‘ എന്ന പഴയ കുറുക്കന്റെ മനോ നിലയാണെന്നാണ് ഇപ്പോഴും യാതൊരു ഉളുപ്പും ഇല്ലാതെ മംഗളമെന്ന നീലത്തിരയിൽ തുടരുന്നവരുടെ ന്യായീകരണം.

പലരെ കൊണ്ടും നിർബന്ധിച്ച് ഫെയ്സ്ബുക്കിൽ ന്യായീകരണ പോസ്റ്റുകളും, രാജി വെച്ചവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളും ഇടീപ്പിക്കുന്നുണ്ട് എന്ന് സ്വകാര്യ വർത്തമാനം. അതെന്തോ ആകട്ടെ, ഇപ്പോൾ ഈ #നീലത്തിര വിട്ടിറങ്ങാനും, തന്റെ നിലപാട് ലോകത്തോടു വിളിച്ചു പറയാനും ധൈര്യം കാണിച്ച അൽ ന‌ഈമ അശ്‌റഫിനെ അഭിനന്ദിക്കാതെ തരമില്ല. അവരുടെ ന്യൂസ് എഡിറ്റർ എസ് വി പ്രദീപ്, തന്റെ ഫെയ്സ്ബുക് ടൈം‌ലൈനിൽ ന‌ഈമയെ അപകീർത്തിപ്പെടുത്തി ഒരൊറ്റ രാത്രി ഒരേ പോസ്റ്റ് ഡിലീറ്റ് ചെയ്തു പോസ്റ്റ് ചെയ്തുകൊണ്ടിരുന്നത് 200ലധികം തവണയാണ്! അയാൾ ഇടുന്ന പോസ്റ്റുകളിൽ വന്നുകൊണ്ടിരുന്ന വൃത്തികെട്ട തെറികളെ ഒരിക്കലും ന്യായീകരിക്കുന്നില്ല. ആ കടുത്ത തെറികളൊന്നും അല്ല പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ കാരണം. ഓരോ തവണയും അയാളുടെ പോസ്റ്റിനു അയാണ് വാട്ട്സ്‌ആപ്പിൽ ഷെയർ ചെയ്ത നിരപരാധിയായ ഒരു പെൺകുട്ടിയുടെ ചിത്രത്തിന്റെ സ്ക്രീൻഷോട്ട് കമന്റായി വരുമ്പോഴാണോരോ പ്രാവശ്യവും പോസ്റ്റ് ഡിലീറ്റ് ആയിക്കൊണ്ടിരുന്നത് എന്നത് ശ്രദ്ധേയമാണ്.

ഒരു എക്സ്ക്ലൂസീവ് എന്ന് കൊട്ടിഘോഷിക്കപ്പെട്ട്, പുറത്തു വിട്ട വാർത്ത, അത് മംഗളം മാനേജ്മെന്റ് ചെല്ലും ചെലവും കൊടുത്ത് ഏർപ്പാടാക്കിയ തങ്ങളുടെ തന്നെ ജോലിക്കാരിയായിരുന്നു എന്ന് മലയാളികൾ മനസിലാക്കിയപ്പോൾ തുടങ്ങിയ ഈർഷ്യ ഇപ്പോൾ മലയാളികളോട് മൊത്തത്തിൽ ഉണ്ടെന്ന് ഉറപ്പായിട്ടുണ്ട്. നാളെ രാവിലെ പതിനൊന്നു മണിക്ക് ഒരു ബോംബ് പൊട്ടിക്കാൻ പൊട്ടിക്കാൻ പോകുന്നേ എന്നും പറഞ്ഞ്, തങ്ങൾക്കെതിരെ സോഷ്യൽ മീഡിയകളുലും മറ്റും വന്നുകൊണ്ടിരുന്ന വിമർശനങ്ങളെ ശമിപ്പിക്കാനും, തങ്ങളെ വിമർശിക്കുന്നവരെ ഒന്നു പേടിപ്പെടുത്താനും, ടാം റേറ്റിംഗിൽ വ്യൂവേഴ്സിന്റെ എണ്ണം 100ൽ താഴെയും ആയപ്പോൾ ചെയ്ത ഒരു നമ്പർ ആയിട്ടാണ് അവിടെയുള്ള ചില ടെക്നിക്കൽ സ്റ്റാഫ് സ്വകാര്യമായി പങ്കുവെച്ച വിവരം. ഒരു പ്രാദേശിക ചാനലിനു പോലും ആയിരക്കണക്കിനു വ്യൂവേഴ്സ് ഉണ്ടാകുന്ന കേരളത്തിലാണ് കാഴ്ചക്കാർ 100ൽ താഴെ ആകുന്ന ഒരു ‘മുഖ്യധാര‘ മാധ്യമം എന്നത് ഒന്നാലോചിച്ചു നോക്കൂ, ആളുകൾ എത്രമാത്രം ഇതിനെ വെറുത്തു പോയി എന്നത്.

മറ്റൊരു സബ് എഡിറ്റർ പറയുന്നത്, മംഗളത്തെ തകർക്കാം ആഗോള വൻകിട മാധ്യമലോബി മംഗളത്തെ തകർക്കാൻ ഇറങ്ങിയിരിക്കുന്നു എന്നാണ്. ഔ ബല്ലാത്ത ജാതി തന്നെ! മംഗളത്തെ ഇനി പ്രത്യേകമായി ആരെങ്കിലും തകർക്കണോ? ഒരു ന്യൂസ് ചാനൽ എന്ന രീതിയിൽ അതിനെ കാണുന്ന ആരെങ്കിലും ഈ ലോകത്തുണ്ടോ? മലയാളികളുടെ മനസിൽ മംഗളം ‘നീല‘ നിറം ചാർത്തിക്കഴിഞ്ഞില്ലേ? ജനമസിൽ നിന്നും മംഗളം പടിയിറങ്ങിക്കഴിഞ്ഞില്ലേ? മംഗളത്തിലാണ് ജോലി എന്ന് പറയുന്നതു പോലും ഒരുതരം അറപ്പോടെ കാണുവാൻ ആളുകൾ ശീലിച്ചു കഴിഞ്ഞില്ലേ? അവർ ചെയ്ത തെറ്റിന്റെയും, അതുമൂലമുണ്ടാകുന്ന ഭവിഷ്യത്തുകളുടെ ഭയാനകതയും അവരുടെ ബോഡിലാംഗേജിൽ നിന്ന് കൃത്യമായും വായിച്ചെടുക്കാൻ കഴിയുന്നുണ്ട്. ആരും പൂട്ടിക്കാൻ മെനക്കെടേണ്ട, അവർതന്നെ സ്വയം കുഴി തോണ്ടിക്കഴിഞ്ഞിരിക്കുന്നു. അവർക്കുള്ള അവരുടെ സ്വന്തം തെമ്മാടിക്കുഴി!

മംഗളത്തിൽ നിന്നും അഭിമാനത്തോടെ രാജിവെച്ച രണ്ടു ധീരരായ മാധ്യമപ്രവർത്തകരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ ഇതാ ഇങ്ങനെ വായിക്കാം...

അൽ ന‌ഈമ അശ്‌റഫിന്റെ പോസ്റ്റ്:

ഇന്നലെ വരെ മംഗളത്തിൽ ജോലി ചെയ്ത ഞാൻ ഇന്ന് രാജി വച്ചു.രാജി കത്ത് ബന്ധപ്പെട്ടവർക്ക് കൈമാറിയതിന് ശേഷമാണ് ഈ പോസ്റ്റ് എഴുതുന്നത്. ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ജോലിയായിരുന്നു ഇത്. പ്രധാനപ്പെട്ട മീഡിയ ഹൗസിന്റെ ഭാഗമായ ചാനലിൽ ജോലി കിട്ടിയപ്പോൾ സന്തോഷിക്കുകയും ചെയ്തു. പക്ഷേ മാധ്യമ പ്രവർത്തക എന്ന നിലയിൽ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായതിനാലാണ് രാജി വച്ചത്.ആദ്യ വാർത്ത തന്നെ അവിടെ ജോലി ചെയ്യുന്നവരെ അപാമനകരമായ സാഹചര്യത്തിലാണ് എത്തിച്ചിരിക്കുന്നത്. ഇത് ഒരു അളവോളം പ്രതീക്ഷിച്ചിരുന്നു.എന്നാൽ ഇത്രക്കു തരം താഴ്ന്ന രീതിയിൽ ആകുമെന്ന് കരുതിയിരുന്നേയില്ല.

കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഞാൻ മംഗളത്തിൽ ജോയിൻ ചെയ്തത്.ആ ഘട്ടത്തിൽ തന്നെ 5 റിപ്പോർട്ടർമാരെ ഉൾപ്പെടുത്തി ഒരു investigation team നെ രൂപീകരിച്ചിരുന്നു. ആ സംഘത്തിലേക്ക് എന്നെയും നിർദ്ദേശിച്ചിരുന്നു.എന്നാൽ ഞാൻ അതിന് തയ്യാർ അല്ല എന്ന് അറിയിച്ചിരുന്നു.investigation team ന്റെ ഉദ്ദേശങ്ങൾ എന്റെ പ്രതീക്ഷയിലെ മാധ്യമ പ്രവർത്തനം അല്ല എന്ന് അപ്പോൾ തന്നെ തോന്നിയതിനാലാണ് അങ്ങനെ പറഞ്ഞത്.

മന്ത്രി A.K. ശശിന്ദ്രനുമായി ബന്ധപ്പെട്ട വിവാദ വാർത്ത, ചാനൽ പുറത്ത് വിട്ടപ്പോളാണ് ഞാനും അറിഞ്ഞത്. എന്നാൽ വലിയ ചാനൽ breaking ഉണ്ടാകുമെന്ന് സൂചന തന്നിരുന്നുവെങ്കിലും, പക്ഷേ ഇങ്ങനെ ഒരു വാർത്ത ആണ് എന്ന് അറിയില്ലായിരുന്നു.തുടക്കത്തിൽ investigation team രൂപീകരണ സമയത്ത് പറഞ്ഞ കാര്യങ്ങളുമായി ചേർത്ത് ആലോചിച്ചപ്പോൾ ഇതിലെ ശരികേട് പൂർണമായും ബോധ്യപ്പെട്ടത്. എന്റെ മനസ്സിൽ പല ചോദ്യങ്ങളും ഉണ്ട്. ആരാണ് ആ പരാതിക്കാരിയായ സ്ത്രീ ? ,എന്ത് പരാതി പറയാനാണ് transport മന്ത്രിയെ സമീപിച്ചത്?, ഫോണിന്റെ മറുതലക്കൽ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്?.ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം എല്ലാവരെയും പോലെ എനിക്കും അറിയാൻ ആഗ്രഹമുണ്ട്. മറ്റ് ചില ചോദ്യങ്ങൾ കൂടി എന്റെ ഉള്ളിൽ ഉണ്ട്.

ഈ സംഭവത്തോടെ സംസ്ഥാനത്തെ മുഴുവൻ വനിതാ മാധ്യമ പ്രവർത്തകരും സംശയത്തിന്റെ നിഴലിലാക്കുകയും അപമാനിതരാക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ട്.അത് സങ്കടകരമാണ്.

ഞാൻ പഠിക്കുമ്പോഴും ജോലി ചെയ്ത് തുടങ്ങിയപ്പോഴും മാധ്യമ പ്രവർത്തനത്തെ കുറിച്ച് എനിക്ക് ഉണ്ടായിരുന്ന സങ്കൽപങ്ങൾ ഏതായാലും ഇവിടെ ഇപ്പോൾ നടക്കുന്നത് അല്ല. ഇവിടുന്ന് പുറത്ത് ഇറങ്ങിയാലും യഥാർത്ഥ journalism ചെയ്യാൻ ആകുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ട്. എല്ലാവർക്കും നന്ദി.




നിതിൻ അംബുജന്റെ പോസ്റ്റ്:

ഇന്നലെ വരെ ഞാൻ മംഗളം ടെലിവിഷൻ കുടുബാംഗമായിരുന്നു.

ഇന്ന് മംഗളം ടെലിവിഷൻ എന്നെയേൽപ്പിച്ച ഉത്തരവാദിത്തമായ തൃശ്ശൂർ ബ്യൂറോ റിപ്പോർട്ടർ സ്ഥാനത്ത് നിന്ന് രാജിവെച്ചിരിക്കുകയാണ്. ഫെബ്രുവരി 8നായിരുന്ന ജേർണലിസ്റ്റ് ട്രെയിനി എന്ന നിലയിൽ ഞാൻ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്. ഫെബ്രുവരി 24ന് തൃശ്ശൂർ ബ്യൂറോയിലെ ചാനൽ റിപ്പോർട്ടറായി ചുമതലയേൽക്കുകയും ചെയ്തു. മാധ്യമ പ്രവർത്തനമെന്നത് ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടും, സാധാരണക്കാർ ഇപ്പോഴും മാധ്യമപ്രവർത്തനത്തിൽ വിശ്വാസ്തയർപ്പിക്കന്നതു കൊണ്ടും ഏൽപ്പിച്ച ചുമതലയെ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ഏറ്റെടുത്തത്. ചാനലിന്റെ ഭാഗമായി നിൽക്കുന്ന വ്യക്തയെന്ന നിലയിൽ ഇതിന്റെ ഉദ്ഘാടനവേളയിലും ചാനൽ ഒരു ബ്രേക്കിംഗ് ന്യൂസ് പുറത്തുവിടുമെന്ന് ഞാനും ഏറെ പ്രചരിപ്പിക്കുകയും ചെയ്തു.
എന്നാൽ 26ന് 11 മണിക്ക് ചാനൽ ഓൺഎയർ ചെയ്ത ബ്രേക്കിംഗ് ന്യൂസിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തട്ടെ...

ന്യൂസ് പുറത്ത് വിട്ടതിന് ശേഷം അനേകം ചോദ്യങ്ങൾ ഉയർന്നു. ആ സംഭാഷണത്തിലെ സ്ത്രി ആരാണ്, എന്താണ് മന്ത്രിയോടുള്ള പരാതി, സംഭാഷണം വഴിവിട്ട രീതിയിൽ പോകുന്നുവെന്നറിഞ്ഞിട്ടും എന്ത് കൊണ്ട് മറുഭാഗത്തുള്ള വ്യക്തി ഫോൺ കട്ട് ചെയ്തില്ല (അതിനർഥം അവരുടെ ഇഷ്ടപ്രകാരമുള്ള സംഭാഷണമായിട്ടല്ലേ അതിനെ കാണേണ്ടത്), ഇതിൽ അവർക്ക് പരാതിയുണ്ടോ, ഇല്ലയോ എന്ന് മംഗളത്തിനല്ലാതെ പുറംലോകത്തിനറിയില്ല.

ഇനി മാധ്യമ പ്രവർത്തകരാണെന്ന് കരുതി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് ചെല്ലാമോ ?

ഇത്തരത്തിൽ ഉയർന്നു വന്ന വിവാദ ചോദ്യങ്ങൾക്ക് ചാനൽ രണ്ട് ദിവസത്തിനുള്ളിൽ മറുപടി നൽക്കുമെന്ന് കരുതി. എന്നാൽ വാർത്ത പുറത്ത് വിട്ട് നാലുനാൾ കഴിഞ്ഞിട്ടും സമൂഹത്തിൽ നിന്ന് ഉയർന്ന് വന്ന് ഇത്തരം ചോദ്യങ്ങൾക്ക് ചാനലിന് ഇത് വരെ വ്യക്തമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല. ഇത് ചില ഓൺലൈൻ പോർട്ടലുകൾ പുറത്തുവിട്ടതാണ് വാസ്തവമെന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ്. അങ്ങനെയെങ്കിൽ അത് മാധ്യമ പ്രവർത്തനമല്ല എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാൻ. അത്തരം മാധ്യമ പ്രവർത്തനത്തോട് യോജിപ്പുമില്ല. പഠിച്ചതും, ചെയ്യാനാഗ്രഹിക്കുന്നതും അത്തരം മാധ്യമ പ്രവർത്തനമല്ല. അത് കൊണ്ട് തന്നെ ആ പ്രവർത്തന രീതി മനസ്സാക്ഷിക്ക് നിരക്കാത്തതാണെന്ന ഉറച്ച വിശ്വസത്തോടെയാണ് ആ സ്ഥാപനവുമായിട്ടുള്ള ബന്ധം വിട്ടത്.

സ്ത്രീ സുരക്ഷയക്ക് പ്രാധാന്യം നൽകി കൊണ്ട് തുടക്കം കുറിച്ച്, ചാനൽ പുറത്ത് വിട്ട വാർത്തയ്ക്ക് ശേഷം വനിതാ മാധ്യമ പ്രവർത്തകരാകെ സംശയത്തിന്റെ നിഴലിലായി. സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും സുരക്ഷയുടെയും ധാർമ്മികതയുടെയുമൊക്കെ അതിർത്തികൾ കൂടുതൽ അവ്യക്തമാവുകയും ചെയ്തു.

ചാനൽ ലോഞ്ച് ചെയ്ത പിറ്റേ ദിവസങ്ങളിൽ തന്നെ മലപ്പുറം സ്വദേശിനി തന്റെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന രീതിയിലുള്ള പരാതിയുമായി രംഗത്തെതുകയും ചെയ്തു.
അത് തന്നെയാണ് മംഗളത്തിൽ നിന്ന് പടിയിറങ്ങാം എന്ന നിലപാടിലേക്ക് കൊണ്ടെത്തിച്ചത്.

അതിന്യൂനപക്ഷം വരുന്ന സ്ഥാപിതതാൽപ്പര്യക്കാർക്കൊഴികെ ബഹുഭൂരിപക്ഷം തൊഴിലാളികൾക്കും സത്യത്തെക്കുറിച്ചും ഉള്ളുകളികളെക്കുറിച്ചും ഉപജാപങ്ങളെക്കുറിച്ചും അറിയില്ലെന്നിരിക്കെ, പാപഭാരം പേറിയും ആക്ഷേപ വർഷം സഹിച്ചും, നിവൃത്തികേടുകൊണ്ട് അവിടെ തുടരുന്നവർക്ക് എന്റെ പൂർണ്ണ പിന്തുണ....

(മംഗളം ടെലിവിഷൻ അംഗമെന്ന നിലയിൽ വാർത്ത വന്നതിന് ശേഷം വ്യക്തിപരമായും അല്ലാതെയും അത്തരം മാധ്യമ സംസ്കാരത്തോട് യോജിക്കുന്നുണ്ടോ എന്ന് ചോദിച്ചവരോടുള്ള മറുപടിയാണിത് ).




No comments:

Post a Comment