ഇലകളില്‍ പറ്റിക്കിടക്കുന്ന കുഞ്ഞുമുട്ടകള്‍ വളര്‍ന്നു പുഴുവായി ഇലകള്‍ ഭക്ഷിച്ച് വലുതായി തോലുപൊഴിച്ച് തൂങ്ങിക്കിടക്കുന്ന നേര്‍ത്ത കൂട്ടിനുള്ളില്‍ സമാധിയായി മാറ്റം സംഭവിച്ച് ഒടുക്കം ആവരണം തകര്‍ത്ത് ചിറകടിച്ചു തുടങ്ങുമ്പോള്‍ ഒരു ചിത്രശലഭത്തിന് പ്രകൃതിയിലെ അതിന്റെ ജൈവദൗത്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകും. പൂവില്‍ നിന്ന് പൂവിലേക്ക് പൂമ്പൊടിയും പേറി പറക്കുമ്പോള്‍ പ്രകൃതിയിലെ സ്വാഭാവികമായ പ്രജനന പ്രക്രിയയിലെ പ്രധാനപ്പെട്ട പങ്കാളികളായി മാറുന്നുണ്ട് താരതമ്യേന ആയുര്‍ദൈര്‍ഘ്യം കുറഞ്ഞ ശലഭങ്ങള്‍. ആരോഗ്യമുള്ള ആവാസവ്യവസ്ഥയുടെ സൂചകമായ (കിറശരമീേൃ ുെലരശല)െ ഇവയുടെ സാന്നിധ്യം സമാനമായ അനവധി ചെറുപ്രാണികളുടെ വൈവിധ്യത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. ശലഭങ്ങളെക്കാള്‍ സാധാരണവും വര്‍ണവൈവിധ്യം കുറഞ്ഞതും ചെറുതുമായ ഉറുമ്പുകള്‍ക്കുപോലുമുണ്ട് പകരം വെക്കാനാകാത്ത ദൗത്യങ്ങള്‍. അച്ചടക്കത്തോടെ ജീവിക്കുന്ന ഇവ മണ്ണിലെ വായുസഞ്ചാരവും ഫലപുഷ്ടിയും നിലനിര്‍ത്തുന്നു. പ്രകൃതിക്കും ഇതര ജീവികള്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ഉറുമ്പുകള്‍ സ്വന്തം കൂടുകള്‍പോലും നിര്‍മിക്കുന്നത്.
നിസ്സാരമെന്ന് തോന്നുന്ന, സൂക്ഷ്മവും അല്ലാത്തതുമായ എണ്ണമറ്റ ജീവികള്‍ നമുക്കു ചുറ്റുമുണ്ട്. അതിജീവനം അസാധ്യമെന്ന് തോന്നുന്ന വളരെ കുറഞ്ഞതും കൂടിയതുമായ താപനിലകളിലും കൊടുമുടികളിലും ആഴക്കടലിലും ജീവന്റെ സാന്നിധ്യമുണ്ട്. ഇവയോരോന്നിനും തന്നെ കൃത്യവും ഒഴിച്ചുകൂടാനാകാത്തതുമായ പ്രത്യേകം ചുമതലകളുണ്ട്. അതുവഴി പ്രകൃതിയുടെ താളം നിലനിര്‍ത്തുകയും സ്വാഭാവികമായ മാറ്റങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ഇതോടൊപ്പം സന്തുലിതാവസ്ഥയിലുണ്ടാകുന്ന താളപ്പിഴകള്‍ക്ക്, അതെത്ര ചെറുതായിരുന്നാല്‍ പോലും ശക്തമായ സൂചനകള്‍ നല്‍കുകയും ചെയ്യുന്നു. ''ഞങ്ങളുടെ രക്ഷിതാവേ, ഇതൊന്നും നീ വ്യര്‍ഥമായി സൃഷ്ടിച്ചതല്ല'' എന്ന ഖുര്‍ആനിക വചനം പ്രപഞ്ചത്തിലെ ഏതൊരു പ്രതിഭാസത്തെ അഭിമുഖീകരിക്കുമ്പോഴും ഉള്ളില്‍ ഉയര്‍ന്നുവരേണ്ട ഒന്നാണ്.
ആഴത്തില്‍ ചിന്തിച്ചുനോക്കിയാല്‍ പ്രകൃതിയിലെ ഏറ്റവും നിസ്സാരവും നിസ്സഹായനുമായ ജീവി മനുഷ്യനാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. സസ്യങ്ങളെപ്പോലെ സ്വന്തം ആവശ്യത്തിനോ മറ്റു ജീവികള്‍ക്കുവേണ്ടിയോ ഭക്ഷണം ഉത്പാദിപ്പിക്കാന്‍ മനുഷ്യന് സാധ്യമല്ല. മൃഗങ്ങളെപ്പോലെ ഇതര ജീവികള്‍ക്ക് ഭക്ഷണമാകാനും കഴിയില്ല (പാല്‍, മുട്ട, മാംസം എന്നിവ ഉദഹാരണം). പ്രകൃതിയുടെ നിര്‍മാണ- പരിപാലന- പരിഹാര പ്രക്രിയകളില്‍ അവിഭാജ്യ ഘടകമായി മനുഷ്യന്‍ മാറുന്നുമില്ല.
എന്നാല്‍ ജീവശാസ്ത്രപരമായ ഇത്തരം പരിമിതികളെ മറികടക്കാനുള്ള മാര്‍ഗമാണ് ചിന്തിക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള മനുഷ്യന്റെ സഹജമായ സിദ്ധി. ഇതര ജീവികളില്‍ നിന്ന് വ്യത്യസ്തമായ ഈ പ്രത്യേകതകളെ ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ''പേനകൊണ്ട് പഠിപ്പിച്ചവനാണ്. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു'' (96:4,5). അതിനാല്‍ തന്നെ ജീവിതത്തിലുടനീളം ആലോചനയിലൂടെ ഉത്തരം കണ്ടെത്തി യുക്തിപരമായി പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുക എന്നതാണ് യഥാര്‍ഥത്തില്‍ ഓരോ മനുഷ്യനില്‍ നിന്നും പ്രതീക്ഷിക്കുന്നത്. സ്വന്തം വിശ്വാസംപോലും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കിയത് ഇതിനുദാഹരണമാണ്. എന്നാല്‍ പ്രകൃതിയുടെയും പരിസ്ഥിതിയുടെയും ഇതരജീവികളുടെയും സംരക്ഷകനായി നിലകൊള്ളേണ്ടതിനു പകരം ക്രൂരനായ ഒരു ശത്രുവിന്റെ സ്ഥാനത്തേക്ക് മനുഷ്യന്‍ അധപ്പതിക്കുന്നുണ്ട്. സ്വന്തം സഹോദരന്റെ പോലും അവകാശങ്ങളെ ഹനിക്കുംവിധം പ്രവര്‍ത്തിക്കാന്‍ സങ്കോചമില്ലാതിരിക്കെ പ്രകൃതിവിഭവങ്ങളെയും ജീവജാലങ്ങളെയും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ക്കും വിനോദത്തിനും വേണ്ടി ചൂഷണം ചെയ്യുന്നതില്‍ അത്ഭുതമില്ല.
എന്നാല്‍ സഹജീവികളുടെ കൂടെ ജീവിക്കാനും സ്വതന്ത്രവിഹാരം നടത്താനും ഇര തേടാനും പ്രത്യുല്പാദനം നടത്താനും മറ്റുമുള്ള യാതൊരു അവകാശത്തെയും തടയാനുള്ള അര്‍ഹതയോ അധികാരമോ മനുഷ്യന് മതവും നിയമങ്ങളും നല്‍കുന്നില്ല.
ജീവികളുടെ അവകാശങ്ങള്‍
പരസ്പരം സ്‌നേഹവും കാരുണ്യവും വെച്ചുപുലര്‍ത്താന്‍ നിര്‍ദേശിക്കുന്ന സമഗ്രമായ ജീവിതരീതിയാണ് ഇസ്‌ലാം. മനുഷ്യരോട് മാത്രമല്ല, മൃഗങ്ങളോടും സസ്യങ്ങളോടും സ്‌നേഹത്തില്‍ പെരുമാറാനും അവയെ സംരക്ഷിക്കാനും ആഹ്വാനം ചെയ്യുന്ന വചനങ്ങള്‍ ഖുര്‍ആനിലും ഹദീസിലും കാണാന്‍ സാധിക്കും. എല്ലാ ജീവജാലങ്ങള്‍ക്കും വേണ്ടിയാണ് ഭൂമിയെ സൃഷ്ടിച്ചിരിക്കുന്നതെന്ന് ഖുര്‍ആനില്‍ നിന്ന് ഗ്രഹിക്കാം.
ഭൂമിയിലെ നല്ലതില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക എന്ന് ഖുര്‍ആന്‍ മനുഷ്യരോട് പറയുന്നുണ്ട്. കന്നുകാലികളെക്കുറിച്ച് പ്രതിപാദിക്കുന്ന വചനത്തില്‍ പറയുന്നു: ''നിങ്ങള്‍ക്ക് കാലികളെ അവയില്‍ നിന്ന് (ചിലതിന്മേല്‍) നിങ്ങള്‍ക്കു സവാരി ചെയ്യാന്‍ വേണ്ടി ഉണ്ടാക്കിതന്നിട്ടുള്ളവനത്രെ അല്ലാഹു. അവയില്‍ നിന്ന് (ചിലതിനെ) നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.'' പ്രകൃതി വിഭവങ്ങളെ ഉപയോഗിക്കാനുള്ള അനുമതി നല്‍കുന്നതോടൊപ്പം അവയെ അമിതമായി ചൂഷണം ചെയ്യുന്നതും ഉപദ്രവിക്കുന്നതും കര്‍ശനമായി വിലക്കുന്നു. അറവു മൃഗത്തോട് കാണിക്കേണ്ട മര്യാദകള്‍ ഉദാഹരണമാണ്. മൃഗത്തെ കൊന്നുകളയേണ്ട സാഹചര്യം വന്നാല്‍ ഏറ്റവും നല്ല രീതിയില്‍ ചെയ്യുകയും അറുക്കുമ്പോള്‍ ആയുധം മൂര്‍ച്ചയുള്ളതാക്കി പെട്ടെന്ന് അറുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട് മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍. വിനോദത്തിനുവേണ്ടി കൊല്ലപ്പെട്ട പക്ഷി വിചാരണനാളില്‍ ഈ മനുഷ്യന്‍ യാതൊരു ഉപകാരത്തിനും വേണ്ടിയല്ലാതെ എന്നെ കൊന്നിരിക്കുന്നുവെന്ന് പരാതി പറയുമത്രെ.
നീതിപൂര്‍വമല്ലാത്ത കാരണത്താല്‍ ഒരാള്‍ ഒരു പക്ഷിയെ കൊന്നാല്‍ വിചാരണനാളില്‍ അല്ലാഹു അവനെ പിടികൂടുമെന്ന് പ്രവാചകന്‍(സ) പറഞ്ഞപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: നീതിപൂര്‍വകമായ കാരണം എന്നാല്‍ എന്താണ് റസൂലേ? പ്രവാചകന്‍ പറഞ്ഞു: വെറുതെ തലയറുത്തുകളഞ്ഞ് ഉപേക്ഷിക്കാനല്ലാതെ ഭക്ഷിക്കാന്‍വേണ്ടി മാത്രം കൊല്ലുക എന്നതാണത്. വിനോദത്തിനുവേണ്ടി വേട്ടയാടുന്നത് നിരോധിക്കുന്നതോടൊപ്പം ഭക്ഷണത്തിനുവേണ്ടി വേട്ടമൃഗത്തെ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ ഹദീസില്‍ വിവരിക്കുന്നു. വേട്ട മൃഗം ഇരയുമായി എത്തുമ്പോള്‍ അതിന് ജീവന്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ക്ലേശം അനുഭവിക്കാതിരിക്കാനായി അതിന്റെ കണ്ഠനാളം ഉടനെ മുറിച്ചുകളയണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു ഹദീസില്‍, പ്രവാചകനോടൊപ്പം യാത്ര ചെയ്യുന്ന സ്വഹാബികളുടെ സംഘം പ്രവാചകന്റെ അസാന്നിധ്യത്തില്‍ ഒരു തള്ളപ്പക്ഷിയെയും അതിന്റെ കുഞ്ഞുങ്ങളെയും കാണുകയും എന്നിട്ട് കൂട്ടില്‍നിന്ന് കുഞ്ഞിപ്പക്ഷികളെ സ്വഹാബികള്‍ എടുക്കുകയും ചെയ്തതായി പറയുന്നു. തള്ളപ്പക്ഷി അവര്‍ക്കുചുറ്റും ഒച്ചവെച്ച് വട്ടമിട്ടു പറക്കുന്നത് കണ്ട പ്രവാചകന്‍ 'ആരാണ് പക്ഷിക്കുഞ്ഞുങ്ങളെ കൂട്ടില്‍ നിന്നെടുത്ത് തള്ളപ്പക്ഷിയെ വിഷമിപ്പിക്കുന്നത് എന്ന് ചോദിച്ച് അവയെ തിരിച്ചുനല്‍കാന്‍ നിര്‍ദേശിക്കുകയുണ്ടായി.
സൂറതു ഗാശിയയില്‍ അല്ലാഹു ചോദിക്കുന്നു: ''എന്നാല്‍ അവര്‍ ഒട്ടകത്തിലേക്ക് നോക്കുന്നില്ലേ? അതെങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്?'' മറ്റൊരു വചനത്തില്‍ അല്ലാഹു പറയുന്നു: ''നിങ്ങളുടെ സൃഷ്ടിയിലും ജീവികളായി അവന്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നതിലും ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.'' (45:4)
ഇറാനിലെ മിഡില്‍ഈസ്റ്റ് ഗവേഷകസംഘം പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ഖുര്‍ആനിലെയും ഹദീസിലെയും വചനങ്ങളെ വിശകലനം ചെയ്ത് ജീവികള്‍ക്കുനേരെയുള്ള ചൂഷണം വിലക്കന്‍ പ്രാപ്തമായ ആറ് ഇസ്‌ലാമിക നിബന്ധനകള്‍ ചൂണ്ടിക്കാണിക്കുന്നു.
1). തേന്‍ ശേഖരിക്കുന്ന സമയത്ത് തേനീച്ചക്കൂട്ടില്‍ മതിയായ അളവിലുള്ള തേന്‍ ബാക്കിവെക്കണം. ശൈത്യകാലത്ത് ഇതിന്റെ അളവ് കൂടുതലായിരിക്കുകയും വേണം.
2). സവാരി നടത്തുമ്പോഴും ഭാരം എടുപ്പിക്കുമ്പോഴും മൃഗത്തിന് ആവശ്യമായ വെള്ളവും തീറ്റയും നല്‍കണം. അമിതഭാരം നല്‍കരുത്. മൃഗസവാരി ആവശ്യങ്ങള്‍ക്കു മാത്രമേ ആകാവൂ എന്നും പല്ലക്കുപോലെ മൃഗങ്ങളെ ഉപയോഗിക്കരുതെന്നും പറയുന്നു. ക്ഷീണിച്ചാല്‍ അതിന് വിശ്രമിക്കാനുള്ള സമയം നല്‍കണം.
3). മൃഗങ്ങളെ ശാരീരികമായി ഉപദ്രവിക്കുന്നതും (മുഖത്തടിക്കുന്നത് പ്രത്യേകിച്ചും) പ്രകോപിപ്പിക്കുന്നതും നിരോധിക്കുകയും മറ്റു മൃഗങ്ങളുടെ മുന്നില്‍വെച്ച് കശാപ്പ് ചെയ്യുന്നത് വിലക്കുകയും ചെയ്തിരിക്കുന്നു ഇസ്‌ലാം.
4). രാത്രി വേട്ടയാടുന്നതും വിനോദത്തിനുവേണ്ടി മൃഗങ്ങളെ കൊല്ലുന്നതും പാപമായി കണക്കാക്കപ്പെടുന്നു.
5). കുഞ്ഞുങ്ങളെ മാതാവില്‍ നിന്ന് വേര്‍പ്പെടുത്തുന്നതും കുടുവിട്ടു പറക്കാത്ത പക്ഷികളെ വേട്ടയാടുന്നതും ഇസ്‌ലാം വിലക്കുന്നു.
6). കുതിരയും ഒട്ടകവും ഉപയോഗിച്ചുള്ള സവാരികളും മത്സരങ്ങളും അനുവദിക്കുന്നതോടൊപ്പം മൃഗങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന രീതിയിലുള്ള കായിക വിനോദങ്ങള്‍ കര്‍ശനമായി വിലക്കുന്നു. മൃഗങ്ങളെ തമ്മിലടിപ്പിച്ച് വിനോദിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
കാര്യങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കുകയും ചിന്തിക്കുകയും ചെയ്യുന്ന യഥാര്‍ഥ വിശ്വാസി ഇത്തരം നിയമങ്ങള്‍ പാലിക്കേണ്ടതും അതുവഴി രക്ഷിതാവ് ഉദ്ദേശിക്കുന്ന യഥാര്‍ഥ ആശയങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുമാണ്.
ഭരണഘടനാപരമായ സംരക്ഷണ നിയമങ്ങള്‍
ജീവികള്‍ക്കെതിരെയുള്ള വ്യാപകമായ ചൂഷണങ്ങളും ക്രൂരതകളും തടയുന്നതിനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും വേണ്ടി ഇന്ത്യയില്‍ ഒരുപാട് നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വിവിധങ്ങളായ നിയമങ്ങള്‍ക്ക് കീഴില്‍പ്പെടുത്തി ജീവികളെ എല്ലാതരം അനീതികളില്‍ നിന്നും സംരക്ഷിക്കാന്‍ ഇത്തരം നിയമനിര്‍മാണം അനിവാര്യമാണ്. ഇണക്കി വളര്‍ത്തുന്ന ജീവികളെക്കാള്‍ ഭീഷണി നേരിടുന്നത് വന്യജീവികളാണല്ലോ. അതുകൊണ്ടുതന്നെ 1972-ലെ വന്യജീവി സംരക്ഷണനിയമം വളരെ സുപ്രധാനമായ ഒന്നാണ്. ശ്രദ്ധിക്കപ്പെടേണ്ട സമാനമായ നിയമങ്ങളും നിര്‍ദേശങ്ങളും ഇപ്രകാരമാണ്:
1. എല്ലാ ജീവജാലങ്ങളോടും പ്രകൃതിയോടും സഹാനുഭൂതി പുലര്‍ത്തുക എന്നത് ഓരോ ഇന്ത്യന്‍ പൗരന്റെയും മൗലിക കര്‍ത്തവ്യമാണ്. (ആര്‍ടിക്ള്‍ 51 എ)
2. തെരുവുനായ അടക്കമുള്ള മൃഗങ്ങളെ അനാവശ്യമായി കൊല്ലുന്നതും മുറിപ്പെടുത്തുന്നതും കുറ്റകരമാണ്. (ഐപിസി 428 42എ)
3. മൃഗങ്ങളെ തെരുവിലോ മറ്റോ ഉപേക്ഷിക്കുന്നത് മൂന്നുമാസം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. (Prevention of cruetly to Animals (PCA) Act, Section 11(1) (i), Section 11(1)(j)
4. കോഴിയടക്കമുള്ള ഒരു ജീ വിയെയും അറവുശാലയിലല്ലാതെ അറുക്കാന്‍ പാടില്ല. രോഗബാധയുള്ളതും ഗര്‍ഭിണിയായതുമായവയെ അറുക്കാന്‍ പാടില്ല. (Rule 3, PCA & Food saftey and standards regulation 2011)
5. ജനനനിയന്ത്രണത്തിന് വിധേയമാക്കിയ തെരുവുനായകളെ പിടികൂടാനോ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനോ പാടില്ല. (Animal birth cotnrol Rule 2011)
6. ഭക്ഷണം, പാര്‍പ്പിടം എന്നിവ തടഞ്ഞുകൊണ്ട് മൃഗങ്ങളോട് ഉപേക്ഷ കാണിക്കുന്നതും ദീര്‍ഘസമയത്തേക്ക് ചങ്ങലയിലോ മറ്റോ പൂട്ടിയിടുന്നതും പിഴയും ജയില്‍ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. (PCA Act 1960, Section 11(1)(n)
7. വന്യജീവി സരംക്ഷണ നിയമ (1972) പ്രകാരം കുരങ്ങുകളെ വളര്‍ത്താനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല.
8. കരടി, കുരങ്ങ്, കടുവ, പുലി, സിംഹം, കാള എന്നിവയെ പരിശീലിപ്പിക്കുന്നതും സര്‍ക്കസിനും മറ്റും ഉപയോഗിക്കുന്നും നിരോധിച്ചിരിക്കുന്നു (PCA Act 1960, section 22(ii)
9. മൃഗബലി രാജ്യത്തുടനീളം നിരോധിക്കപ്പെട്ടതാണ് (Rule 3, slaughterhouse Rule 2001)
10. മൃഗങ്ങള്‍ തമ്മിലുള്ള പോരുകള്‍ സംഘടിപ്പിക്കുന്നതും അതില്‍ പങ്കെടുക്കുന്നതും കുറ്റകരം. (Section 11(1)(m)(ii) & section 11(1)(n), PCA Act 1960)
11. സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരീക്ഷണത്തിന് മൃഗങ്ങളെ ഉപയോഗിക്കുന്നതും അത്തരം ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതും നിരോധിതം. (Rules 148C, 135B, Drugs & cosmetics Rules 1945)
12. മൃഗബലിയിലെ പ്രകോപനം, ഭക്ഷണം നല്‍കല്‍, മൃഗങ്ങളെ ശല്യപ്പെടുത്തല്‍ എന്നിവയും മൃഗശാല മലിനപ്പെടുത്തുന്നതും 25000 രൂപ പിഴയോ ജയില്‍വാസമോ ലഭിക്കാവുന്ന കുറ്റമാണ്. (Wildlife Pretection Act 1972)
13. വന്യജീവികളെ പിടികൂടുക, കെണിയില്‍ പെടുത്തുക, വിഷം വെക്കുക, ഇരയായി ഉപയോഗിക്കുക എന്നിവ ചെയ്യുന്നതും ചെയ്യാന്‍ ശ്രമിക്കുന്നതും 25000 രൂപ പിഴയോ 7 വര്‍ഷം തടവോ ലഭിക്കാവുന്ന കുറ്റമാണ് (Section 9, wildlife protection Act 1972)
14. പക്ഷികളുടെയോ ഉരഗങ്ങളുടെയോ മുട്ടകള്‍, കൂടുകള്‍ എന്നിവ നശിപ്പിക്കുകയോ വില്‍ക്കുകയോ കൂടുള്ള മരങ്ങള്‍ വെട്ടിനശിപ്പിക്കുകയോ ചെയ്യുന്നതും ചെയ്യാന്‍ ശ്രമിക്കുന്നതും 25000 രൂപ പിഴയോ ഏഴ് വര്‍ഷം ജയില്‍ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്. (Section 9, wildlife protection Act 1972)
15. വാഹനത്തിലേ, മറ്റോ മൃഗങ്ങള്‍ക്ക് വേദനയോ അസ്വസ്ഥതയോ ഉണ്ടാക്കുന്ന രീതിയിലുള്ള കൊണ്ടുപോകല്‍ ശിക്ഷാര്‍ഹമാണ്. (Section 11, (1)(d), PCA Act (Transport of Animals) Rules motor vehicle Act 1978)
ഇത്തരം ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ വ്യാപകമാകുന്നത്. സ്പാനിഷ് കാളപ്പോര്, ജെല്ലിക്കെട്ട്, കോഴിപ്പോര്, സര്‍ക്കസുകള്‍, മൃഗപ്രദര്‍ശനങ്ങള്‍, സവാരികള്‍, ഒറാങുട്ടന്‍ ബോക്‌സിംഗ് (തായ്‌ലന്റ്) തുടങ്ങിയവ മനുഷ്യന്റെ ക്രൂരവിനോദങ്ങള്‍ക്കു വേണ്ടി മിണ്ടാപ്രാണികളെ ഉപയോഗിക്കുന്നതിന്റെ ഭീകരമായ ഉദാഹരണങ്ങളാണ്.
ഇത്തരം വാര്‍ത്താശ്രദ്ധ പിടിച്ചുപറ്റിയ വിനോദങ്ങളെക്കാളേറെ ഒരുപക്ഷേ ജീവികള്‍ ചൂഷണം ചെയ്യപ്പെടുന്നത് വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി അവയെ ഉപയോഗിക്കമ്പോഴാണ്. ആഡംബര വസ്തുക്കള്‍ക്കുവേണ്ടി മൃഗങ്ങളുടെ തോലും രോമവും കൊമ്പും പല്ലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ലെതര്‍കൊണ്ടുള്ള ബാഗുകള്‍, ചെരിപ്പുകള്‍, ബെല്‍റ്റുകള്‍ എന്നിവ നിര്‍മിക്കുന്നതിനു വേണ്ടി അപൂര്‍വമായ മൃഗങ്ങളെപ്പോലും നിഷ്‌കരുണം വേട്ടയാടുന്നുണ്ട്.
ചികിത്സാ ആവശ്യങ്ങള്‍ക്കു വേണ്ടിയും സൗന്ദര്യവര്‍ധകമായും മൃഗക്കൊഴുപ്പുകളും ഉപയോഗിച്ചുവരുന്നു. അനിയന്ത്രിതവും നിയമത്തിന്റെ കണ്ണില്‍ പെടാതെയുമുള്ള ഇത്തരം ചൂഷണങ്ങള്‍ ഒരു വംശത്തിന്റെ തന്നെ നാശത്തിന് കാരണമാകാറുണ്ട്. ബീച്ചുകളില്‍ സ്ഥാപിച്ചിരിക്കുന്ന വിളക്കുകള്‍പോലും കടലാമകളുടെ സ്വാഭാവിക പ്രജനനത്തിനെ സാരമായി ബാധിക്കുന്നുണ്ടെന്നറിയുമ്പോള്‍ ജീവികളുടെ വംശനാശത്തില്‍ മനുഷ്യരുടെ പങ്ക് എത്രമാത്രമാണെന്ന് ബോധ്യമാകും. ചുറ്റുമുള്ള വൈവിധ്യങ്ങളായ ജന്തുജാലങ്ങളുടെ അദ്വിതീയമായ പ്രത്യേകതകള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത് അനുവദനീയമായ ആവശ്യങ്ങള്‍ക്ക് നിബന്ധനകള്‍ പാലിച്ച് ഉപയോഗപ്പെടുത്തുകയും രക്ഷിതാവിന്റെ സൃഷ്ടി മാഹാത്മ്യത്തെക്കുറിച്ച് വാഴ്ത്തുകയും അതില്‍ നന്ദിയും വിനയവുമുള്ളവരായിത്തീരുകയുമാണ് ഒരു വിശ്വാസി ചെയ്യേണ്ടത്.
•┈┈┈┈•✿❁✿•┈┈┈┈•
@ശബാബ് വാരിക
2017 ഫെബ്രുവരി 03
വെള്ളി
Ma sha allah
ReplyDelete