മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Tuesday, May 29, 2007

ആത്മ സൌഹൃദത്തിന്റെ സുഗന്ധം



ആത്മ സൌഹൃദത്തിന്റെ സുഗന്ധം



എന്റെ പ്രിയ ചങ്ങാതിക്ക്
എക്കാലത്തെയും എന്റെ ആത്മസുഹൃത്തിന്,

വേര്‍പാടിന്‍‌റ്റെ നീണ്‍‌ടകനവുകള്‍ക്കിടയില്‍ മറവിയുടെ മഹാമൌനങ്ങളിലേക്ക് ചേര്‍ത്തുവെച്ച സുഹൃത്തുക്കളുടെ പട്ടികയില്‍ ഞാനും പെട്ടുപോയൊ? ബന്ധങ്ങള്‍ക്കിടയില്‍ വിള്ളലും വിങ്ങലുമുണ്‍‌ടാക്കുന്ന വിരഹം നമുക്കിടയിലും അകലങ്ങളുണ്‍‌ടാക്കിയോ? എത്ര ഹൃദയാകര്‍ഷകമായിരുന്നു നമ്മുടെ ആ ചങ്ങാത്തം!
തങ്കവും വൈഢൂര്യവും പോലെ പ്രകാശിച്ചിരുന്ന ആ സ്നേഹം എന്നാണിനി തിരിച്ചുകിട്ടുക? ഒരിക്കലും തിരിച്ചുകിട്ടില്ലെന്നെനിക്കറിയാം. തിരക്കുപിടിച്ച ജീവിതയാത്രയില്‍ നമുക്കൊന്നും ബന്ധങ്ങള്‍ പുതുക്കാന്‍ പോലും സമയമില്ലാതായി, അല്ലേ?
ഇതൊന്നും നമ്മള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഒരിക്കലും പിരിയരുതേ എന്നായിരുന്നു നമ്മുടെ പ്രാര്‍ഥന. പിരിയില്ലെന്ന് നമ്മള്‍ പ്രതീക്ഷിച്ചു, വിശ്വസിച്ചു.
പക്ഷേ...
അനിവാര്യമായ വിധിക്ക് നമ്മളും കീഴ്പ്പെട്ടു. എന്‍‌റ്റെ പ്രിയപ്പെട്ട ചങ്ങാതീ, ബന്ധങ്ങളെല്ലാം വേനല്‍മഴപോലെയാണ്. എപ്പോഴാണ് പെയ്തുവീഴുകയെന്നോ എപ്പോഴാണ് തിരിച്ചു പോവുക എന്നോ നിശ്ചയമില്ലാത്ത മഴത്തുള്ളികള്‍ പോലെ. അല്ലേ, നിനക്കും അങ്ങനെ തോന്നിയിട്ടില്ലേ?
ഓരോ രാവിലും ഓരോ പകലിലും തീരാത്ത ഓര്‍മ്മയായൊഴുകുന്നമാസ്മരികാനുഭവമായി, ഹൃദ്സ്പന്ദിക്കുന്ന സ്നേഹോഷ്മളമായ സുഖമുള്ള ഓര്‍മ്മയായ് നീ എനിക്കുണ്‍‌ടാവണമെന്ന് ഞാനെന്നും ആഗ്രഹിക്കുന്നു, മോഹിക്കുന്നു.
എന്‍‌റ്റെ സുഖങ്ങളില്‍ ഊഷ്മളമായ ശീതക്കാറ്റായ്, എന്‍‌റ്റെ ദുഃഖങ്ങളില്‍ സമാശ്വാസത്തിന്‍‌റ്റെ തണല്‍മുകിലായി നീയുണ്‍‌ടാവണം. സൌഹൃദങ്ങള്‍ക്ക് തിളക്കം നഷ്ടപ്പെട്ട ഇക്കാലത്ത് എന്‍‌റ്റെ ആഗ്രഹങ്ങള്‍ വെറും വിചാരങ്ങള്‍ മാത്രമാണെന്നെനിക്കറിയാം.
എന്നെ, ഈ ചങ്ങാതിയെ നീ മറവിയിലേക്ക് തള്ളിയോ? അങ്ങനെയാവരുതേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിന്‍‌റ്റെ വിവരങ്ങള്‍ എന്നെ അറിയിക്കണം. ജീവിത്യാത്രയില്‍ വീണ്‍‌ടും‌ കാണാനും ഒന്നിച്ചു കഴിയാനും....
എല്ലാം പഴയതുപോലെ പങ്കുവെക്കാനും അവസരങ്ങളുണ്‍‌ടാകുമോ? ഉണ്‍‌ടാകാന്‍ നമുക്ക് ശ്രമിക്കാം, പ്രാര്‍ഥിക്കാം.




നിറഞ്ഞമനസ്സോടെ,
നിന്‍‌റ്റെ ആ പഴയ ചങ്ങാതി.





ഈ കത്ത് ഒരു പഴയ രീതിയാണ്. ബന്ധങ്ങളുടെ പുതിയ കമ്പോളനിലവാരമനുസരിച്ച് വളരെ പഴഞ്ചനാണിത്. ഭ്രാന്തമായൊരു മനസ്സിന്‍‌റ്റെ വൃഥാവിചാരങ്ങള്‍. ഹൃദയമലിഞ്ഞ ആത്മസൌഹൃദങ്ങള്‍ കാലഹരണം ചെയ്ത പുതിയ കാലത്ത് ഇത്തരം മൃദുവിചാരങ്ങളെല്ലാം എടുക്കാത്തനാണയങ്ങളാണ്. ചില്ലലമാരയിലിട്ട് സൂക്ഷിക്കാന്‍ മാത്രം കൊള്ളുന്ന പുരാതന മോഹങ്ങള്‍! ഫാസ്റ്റ്ഫുഡും ഇന്‍സ്റ്റന്റ് ലൈഫും ശീലമാക്കിയ നമ്മുടെ കാലത്ത് സൌഹൃദങ്ങളുടെ വേദനയോ ബന്ധങ്ങളുടെ രുചിയോ ആര്‍ക്കും പഥ്യമല്ല.
മനസ്സിലെ മൃദുമോഹങ്ങള്‍ നോട്ട്‌ബുക്കിന്‍‌റ്റെ നിറമില്ലാത്ത പേജിലേക്ക് ചേര്‍ത്തെഴുതി തുരുമ്പെടുത്ത തപാല്‍‌പെട്ടിയില്‍‌ സൂക്ഷിച്ച്, ആത്മബന്ധത്തിന് നിറം‌ കൂട്ടിയിരുന്ന ആ സുന്ദരകാലം‌ എത്ര രസമായിരുന്നു. കത്ത് കിട്ടിയോ, ഇല്ലേ എന്ന ആധിയോടെ, മറുപടിക്കായുള്ള നീണ്‍‌ട ഓര്‍‌ത്തിരുപ്പ്!! പോസ്റ്റുമാന്‍‌റ്റെ നീളന്‍കുട കാത്തിരുന്ന ദിനങ്ങള്‍‌!!!
ഒന്നും‌ പറഞ്ഞതില്ലെന്നുമെന്‍‌
കൈത്തലം‌
ഒന്നുപതുക്കെ പിടിച്ചമര്‍‌ത്തി-ക്ഷണം‌
നിന്നതല്ലാതെ,
മുഖം‌ തെല്ലുയര്‍‌ത്തിയെന്‍‌
കണ്‍‌കളിലേക്കൊന്ന്
നോക്കിയതല്ലാതെ,
കന്നിവെയിലില്‍‌ നീന്തിയെത്തുന്ന
കാറ്റുപോല്‍‌
ശീതോഷ്ണമാര്‍‌ന്ന നിന്‍‌
ദീര്‍‌ഘനിശ്വാസങ്ങള്‍‌
എന്നെ വലം‌ വെച്ചു പോയതല്ലാതെ
ഒന്നും‌ പറഞ്ഞതില്ലൊന്നും‌.
കാണ്‍‌മതെന്നിനിയെന്നു
ചോദിക്കാനുമാകാതെ
ഒന്നും‌ പറയാതെ, ഒന്നും‌ പറയാതെ...
സ്നേഹസൌഹൃദങ്ങളുടെ മണവും‌ നിറവും‌ തുളുമ്പുന്ന എന്‍‌ മോഹനന്‍‌റ്റെ ‘ഒരിക്കല്‍‌’ എന്ന നോവല്‍‌ ആരം‌ഭിക്കുന്നത് ഓ എന്‍‌ വി യുടെ ഈ വരികള്‍‌ ഉദ്ധരിച്ചാണ്. മൌനവാചാലതയുടെ ആന്തോളനമാണീ വരികള്‍‌. ചങ്ങാത്തത്തിനുമേല്‍‌ കരിമ്പടമായി വന്നുവീഴുന്ന വേര്‍‌പാടിന്‍‌ വേനലിനെ അത്രമേല്‍‌ അടയാളപ്പെടുത്തുന്നുണ്‍‌ട് ഈ വരികള്‍‌.
എന്‍ മോഹനന്‍‌റ്റെ ‘നുണ വെറും നുണ’ എന്ന ചെറുകഥ ഏറെ മനോഹരമാണ്. കുട്ടികളാകുമ്പോള്‍‌ അയല്‍‌ പക്കക്കാരായ ആണ്‍‌കുട്ടിക്കും‌ പെണ്‍‌കുട്ടിക്കും‌ ഊഞ്ഞാലാടി കളിക്കാമായിരുന്നു. മണ്ണുകൊണ്‍‌ട് ചോറും‌ കറിയും‌ വെച്ച് അച്ഛനും‌ അമ്മയുമാകാമായിരുന്നു. ഒന്നിച്ചു പഠിക്കാനും‌ ഒന്നിച്ചു കളിക്കാനും‌ കഴിയുമായിരുന്നു. വലുപ്പം‌ കൂടും‌തോറും‌ അവര്‍‌ക്കിടയില്‍‌ അറിയാതെ അകലവും‌ കൂടി. “എന്തിനാണുനമ്മള്‍‌ വലിയവരായത്?” എന്ന് ഒരുവേള കഥാകാരന്‍‌ ആ കൂട്ടുകാരിയോട് ചോദിക്കുന്നുണ്‍‌ട്.
ചെറിയ ചെറിയ വേദനകള്‍‌ നല്ല സൌഹൃദങ്ങളുടെ അടയാളമാണ്. പുതിയ തലമുറക്ക് ആവശ്യമില്ലാത്തത് ഈ വേദനയാണ്. എല്ലാം ആര്‍‌ഭാടം‌ നിറഞ്ഞ ആഘോഷമാക്കി മാറ്റാനാണ് അവര്‍‌ക്കു പ്രിയം‌. പിന്നെയെവിടെ വേദനയുണ്‍‌ടാക്കുന്ന ആ വിസ്മയബന്ധങ്ങള്‍‌?
അട്ടിയായി കൂട്ടിവെച്ച പുസ്തകങ്ങള്‍‌ക്കു നടുവില്‍‌ കണ്ണും‌ കാതും‌ കനപ്പിച്ചിരിക്കുന്ന പുതിയ വീടുകളിലെ മക്കള്‍‌ക്ക് സ്നേഹമെന്ന വാക്കുപോലും‌ പരിചയം‌ കാണില്ല. ബേബി ഫുഡ് നിറച്ച അവരുടെ മനസ്സില്‍‌ പരിചയങ്ങള്‍ക്ക് ഇടമുണ്‍‌ടാകണമെന്നില്ല, മണ്ണുതട്ടാത്ത അവരുടെ ശരീരത്തില്‍‌. കാറ്റും‌ വെളിച്ചവുമേല്‍‌ക്കാതെയുള്ള ജീവിതമാണ് അവര്‍‌ക്ക്‌ പരിചയം‌. അതാണവരുടെ പുസ്തകവും‌. മണ്ണിലും‌ ചെളിയിലും‌ ജീവിതം‌ പഠിച്ച്, മരക്കൊമ്പത്താടിയും മാഞ്‌ചാടിച്ചുവട്ടില്‍‌ ഓടിയും‌ മാവിന്‍‌ തോപ്പില്‍‌ മത്സരിച്ചു നടന്നും‌ ജീവിച്ചവര്‍‌ക്ക് മരണം‌ വരെ മങ്ങാത്ത ഓര്‍‌മ്മയായിരിക്കും‌ അവയൊക്കെ. ‘ഒരു കൊച്ചു കാറ്റേറ്റ് വീണ തേന്‍‌ മാമ്പഴം‌ ഒരുമിച്ചു പങ്കിട്ട കാലം‌ / ഒരുമിച്ച് പങ്കിട്ട ബാല്യകാലം’ എന്ന കവി വചനത്തില്‍‌ ആ പഴയ ഓര്‍‌മയാണ് പച്ചമാങ്ങപോലെ പുളിക്കുന്നത്.
കുട്ടിക്കാലത്തെ സൌഹൃദങ്ങളുടെ പ്രത്യേകത, സൌഹൃദത്തെക്കുറിച്ചോ സ്നേഹത്തെക്കുറിച്ചോ യാതൊന്നും‌ അറിയാതെയാണ് ആ സൌഹൃദങ്ങള്‍‌ രൂപപ്പെടുന്നതെന്നാണ്. വര്‍‌ഷങ്ങള്‍ക്കുശേഷമുള്ള ഓര്‍‌മയില്‍‌ അത് ആനന്ദം‌ നിറയ്ക്കുമെന്നുമാത്രം‌. എന്നാല്‍‌ കൌമാര-യൌവന കാലങ്ങളിലെ സൌഹൃദങ്ങളങ്ങിനെയല്ല. ജീവിതത്തെക്കുറിച്ചുള്ള ബോധ്യവും‌ ബന്ധങ്ങളെക്കുറിച്ചുള്ള ബോധവും‌ രൂപപ്പെട്ടുതുടങ്ങുന്ന കാലമായതിനാല്‍‌ അക്കാലത്ത് വന്നുകൂടുന്ന സൌഹൃദങ്ങള്‍‌ ഏറെക്കുറെയൊക്കെ ഗൌരവം‌ നിറഞ്ഞതായിത്തീരുന്നു. വേര്‍‌പാട്, താങ്ങാനാവാത്ത വിഷാദമായിത്തീരുന്നതും‌ ആ സൌഹൃദങ്ങള്‍‌ക്കു തന്നെയാണ്. പ്രണയം‌ ഈ അര്‍‌ഥത്തിലാണ് നാം‌ കാണേണ്‍‌ടത്. വ്യക്തിയെ അധര്‍‌മത്തിലേക്ക് നയിക്കുന്നതെല്ലാം‌ തിന്‍‌മയാണ്. അത്, ചെറിയ ഒരു വിചാരമായിരുന്നാലും‌‌, കാഴ്ചയായിരുന്നാലും‌, കേള്‍‌വിയായിരുന്നാലും‌, പ്രണയമായിരുന്നാലും‌.
ഹൃദയമലിഞ്ഞ ആത്മസൌഹൃദങ്ങളെ തിരിച്ചുപിടിക്കാന്‍‌ സാധിക്കുമോ നമുക്ക്? അങ്ങനെയെങ്കില്‍‌ മനസ്സില്‍‌ എന്നും‌ ആഘോഷമായിരിക്കും. ഓര്‍‌ക്കാനും‌ ഓമനിക്കാനും‌ കുറേ നല്ലമുഖങ്ങളുണ്‍‌ടാവുക എന്നത് വലിയ ഭാഗ്യമാണ്. ആ ഭാഗ്യം‌ നഷ്ടപ്പെട്ടുകൊണ്‍‌ടിരിക്കുന്നവരാണ് നമ്മള്‍‌. മനസ്സ് മനസ്സോട് ചേര്‍‌ത്ത് ഉള്‍‌പുളകമായി സ്പന്ദിക്കുന്ന സനാതന സൌഹൃദങ്ങള്‍‌ വീണ്‍‌ടെടുക്കാന്‍‌ നമുക്ക് സാധിക്കട്ടെ. തിരക്കുകള്‍ക്കിടയില്‍‌ ഒറ്റപ്പെട്ടുകൊണ്‍‌ടിരിക്കുന്ന നമ്മുടെ മനസ്സിന് കുളിരുകോരിയിടുന്ന മഞ്ഞുതുള്ളിയായ്, മഴക്കാലമായ്, മായാത്ത മനോഗതമായ്, സുഖശീതളമായ വസന്തകാലമായ് ആ സ്നേഹബന്ധങ്ങള്‍‌ നിറയും‌, തീര്‍‌ച്ച.
“കിയ സൈര്‍‌ ഹം‌നേ ഗുല്‍‌സാര്‍‌-ഏ ദിനിയാ
ഗുല്‍-ഏ-ദോസ്തീ മേ അജബ് രം‌ഗ്-ഓ-ബൂഹൈ”

ഈ ഭൂമിയിലെ മലര്‍‌വാടികളില്‍‌ കൂടി ഞാന്‍‌ ഒരുപാട് സഞ്ചരിച്ചിട്ടുണ്‍‌ട്. സൌഹൃദമാകുന്ന പുഷ്പത്തിന്‍‌റ്റെ നിറവും‌ സുഗന്ധവും‌ എത്ര അതുല്യം‌! (ഖാജാ മീര്‍‌ദര്‍‌ദ്)

16 comments:

  1. ഹൃദയമലിഞ്ഞ ആത്മസൌഹൃദങ്ങള്‍ കാലഹരണം ചെയ്ത പുതിയ കാലത്ത് ഇത്തരം മൃദുവിചാരങ്ങളെല്ലാം എടുക്കാത്തനാണയങ്ങളാണ്. ചില്ലലമാരയിലിട്ട് സൂക്ഷിക്കാന്‍ മാത്രം കൊള്ളുന്ന പുരാതന മോഹങ്ങള്‍! ഫാസ്റ്റ്ഫുഡും ഇന്‍സ്റ്റന്റ് ലൈഫും ശീലമാക്കിയ നമ്മുടെ കാലത്ത് സൌഹൃദങ്ങളുടെ വേദനയോ ബന്ധങ്ങളുടെ രുചിയോ ആര്‍ക്കും പഥ്യമല്ല.
    മനസ്സിലെ മൃദുമോഹങ്ങള്‍ നോട്ട്‌ബുക്കിന്റെ നിറമില്ലാത്ത പേജിലേക്ക് ചേര്‍ത്തെഴുതി തുരുമ്പെടുത്ത തപാല്‍‌പെട്ടിയില്‍‌ സൂക്ഷിച്ച്, ആത്മബന്ധത്തിന് നിറം‌ കൂട്ടിയിരുന്ന ആ സുന്ദരകാലം‌ എത്ര രസമായിരുന്നു. കത്ത് കിട്ടിയോ, ഇല്ലേ എന്ന ആധിയോടെ, മറുപടിക്കായുള്ള നീണ്‍‌ട ഓര്‍‌ത്തിരുപ്പ്!! പോസ്റ്റുമാന്‍‌റ്റെ നീളന്‍കുട കാത്തിരുന്ന ദിനങ്ങള്‍‌!!!

    ReplyDelete
  2. shariyaanu...
    sauhridam innum veru kambola vasthuvaayi maarikondirikkunnu...
    thaankalude nireekshanam
    nannaayi..

    kaalika prasakthi ulla varikal...

    thaankale suhrithaayi kittiyirunnenkil....

    by Arunima Unni
    Trissur

    ReplyDelete
  3. കാലത്തിന്‍റെ വിക്ര്യതിയില്‍ അടര്‍ന്നുപൊയ
    സൌഹ്രുദത്തിന്‍റെ കണ്ണികളെ ഒത്ത് ചേര്‍ക്കാന്‍..!!
    ആ നിമിഷങളിലെ കൊച്ഛ് കൊച്ഛ് നൊമ്പരങളെയും സന്തൊഷങളെയും വീണ്ടും വീണ്ടും ഓര്‍ക്കാന്‍ എല്ലാ സൌഹ്രുദവും ഒരു കണിയായ് തെളിയാന്‍ ആഗ്രഹിച്ഛുപൊകുന്നു മാഷെ..!! അറിയാതെയാണെങ്കിലും ഈ നഗരത്തിരക്കില്‍ നാമെല്ലം മറക്കുനില്ലെ നമ്മുടെ സൌഹുദത്തിന്‍റെ കണ്ണികളെ.!!
    സൌഹുദത്തിന് ഇത്രയും നയിര്‍മല്യതനല്‍കുന്ന താങ്കളെ കളഞ്ഞ് കിട്ടിയ ഒരു നിധിയായ് കരുതുന്നു !!

    ReplyDelete
  4. ഈ കത്ത് വായിച്ചപ്പൊള്‍ ഞാന്‍ എന്റെ കുട്ടിക്കാലത്തേക്ക് പോയി .........
    മനസ്സില്‍ തട്ടിയ ഒരു പോസ്റ്റ്.........

    ReplyDelete
  5. ഫ്രന്‍‌സ് ഫോര്‍ എവര്‍....

    വിഷ്ണു എസ്....

    നന്ദി...

    ഇനി കമന്റാന്‍‌ തയാറായി വരുന്നവര്‍‌ക്കും‌....

    ReplyDelete
  6. പ്രിയപ്പെട്ട റസാഖ് ....
    വായിച്ചു തീര്‍ന്നപ്പോള്‍ കണ്ണ് നനഞ്ഞുപോയി ... എവിടെയെങ്കിലും പോയിരുന്നു അല്പം കരഞ്ഞാലോ എന്ന് പോലും തോന്നി ... ! പിന്നെ എന്റെ ഫിലോസഫി എന്റെ തുണയ്ക്കെത്തി . ജീവിതം ഒരസംബന്ധമോ , നിരര്‍ത്ഥകമായൊരു പാഴ്‌വേലയൊ ആകുന്നു. അതുകൊണ്ട് ജീവിതം ഇങ്ങിനെ യാന്ത്രികമാക്കിയാലെന്ത് ? നഷ്ടപ്പെട്ട ഗതകാല നന്മകള്‍ വീണ്ടെടുത്താലെന്ത് ? ക്ഷമിക്കൂ റസാഖ് , ഇങ്ങിനെ എഴുതിയതിനു .....

    ReplyDelete
  7. നന്ദി...
    സുകുമാരേട്ടാ... നന്ദി...
    സ്നേഹത്തെയും സൌഹൃദത്തെയും
    കുറിച്ച് പറയാന്‍ ഇന്ന് പേടിതോന്നുന്ന കാലം
    അത് വായിച്ച് ആഭിപ്രായം പറയാന്‍ അതിലേറെ
    ഭയം തോന്നുന്ന ഇക്കാലത്ത് തങ്കളെപ്പൊലുള്ളവരുടെ
    അഭിപ്രായങ്ങള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങളുണ്‍ടെന്ന്
    എനിക്ക് തോന്നുന്നു....
    വീണ്‍ടും ഒരായിരം നന്ദി...

    ReplyDelete
  8. Aathma swuhruthathinere Sugandham.....vayichu valare nannayi ..innu sauhrutham illa pakaram " Friendship" ... athenthanannu manasil aakunnum ella karanam athinu verukalilla ..athra thanne.joji

    ReplyDelete
  9. ശരിക്കും ഹൃദയത്തില്‍ തട്ടിയ വാക്കുകളാണു റസാഖ് എഴുതിയിരിക്കുന്നത്...നന്ദി..കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്കു ഒരിക്കല്‍ കൂടി കൊണ്ടു പോയതിനു..

    ReplyDelete
  10. ഇതു വായിച്ചപ്പോള്‍ മനസ്സിലെവിടെയോ സൌഹൃദത്തിന്റെ നനുത്ത വിങ്ങല്‌ ശരിക്കും താങ്കള്‍ ഉദ്ധേശിച്ചതു ഭംഗിയായി എഴുതിയിട്ടുണ്ടു . പക്ഷെ എനികൂ ഒരു വിയോജിപ്പുണ്ട്. സൌഹൃദം ഒരിക്കലും അവസാനിക്കുന്നില്ലാ കാലം കടന്നു പോവുന്നതിനോട്പ്പം സൌഹൃദത്തിന്റെ രീതിക്കു മാറ്റമുണ്ടാവാം കുത്തിപ്പിടിച്ചിരുന്നു കത്തെഴുതുന്നതിന്‌ പകരം നാമിന്നു. ഇന്റെര്‍നെറ്റ്‌ , ഇമെയിലും ,മൊബൈലും ഒകെ ആയി എത്രവേഗമാണ്‌ സൌഹൃദങ്ങള്‍ കൈമാറുന്നതു. സ്നേഹം കൈമോശം വന്നിട്ടില്ലാ സുഹൃത്തേ കാലം എത്ര മാറിയാലും  നല്ല സൌഹൃദം എന്നും നിലനില്‍ക്കും

    ReplyDelete
  11. ഇതു വായിച്ചപ്പോള്‍ മനസ്സിലെവിടെയോ സൌഹൃദത്തിന്റെ നനുത്ത വിങ്ങല്‌ ശരിക്കും താങ്കള്‍ ഉദ്ധേശിച്ചതു ഭംഗിയായി എഴുതിയിട്ടുണ്ടു . പക്ഷെ എനികൂ ഒരു വിയോജിപ്പുണ്ട്. സൌഹൃദം ഒരിക്കലും അവസാനിക്കുന്നില്ലാ കാലം കടന്നു പോവുന്നതിനോട്പ്പം സൌഹൃദത്തിന്റെ രീതിക്കു മാറ്റമുണ്ടാവാം കുത്തിപ്പിടിച്ചിരുന്നു കത്തെഴുതുന്നതിന്‌ പകരം നാമിന്നു. ഇന്റെര്‍നെറ്റ്‌ , ഇമെയിലും ,മൊബൈലും ഒകെ ആയി എത്രവേഗമാണ്‌ സൌഹൃദങ്ങള്‍ കൈമാറുന്നതു. സ്നേഹം കൈമോശം വന്നിട്ടില്ലാ സുഹൃത്തേ കാലം എത്ര മാറിയാലും  നല്ല സൌഹൃദം എന്നും നിലനില്‍ക്കും

    ReplyDelete
  12. “ഒരു കൊച്ചു കാറ്റേറ്റു വീണ തേന്‍ മാമ്പഴം...ഒരുമിച്ചു പങ്കിട്ട ബാല്യകാലം....”
    എന്നാണു കവിത...

    ‘ഭാഗ്യകാലം’ എന്നത് പിഴവാണെന്ന് തോന്നുന്നു....

    - ഒരു വിനീതന്‍

    ReplyDelete
  13. വീനീതനായ അസ്‌ലു,

    ബാല്യകാലമാണൊ ഭാഗ്യകാലമാണോ? നോക്കിയിട്ട് തിരുത്തുന്നതായിരിക്കും... എനിക്കും ശരിക്ക് ഉറപ്പില്ല! എന്തായാലും ചൂണ്ടികാണിച്ചത്തിന് നന്ദി...

    ReplyDelete
  14. റസാഖ് -

    നന്നായി എഴിതിയിരിക്കുന്നു സൌഹൃദങ്ങളെപ്പറ്റി :)

    കവിതയില്‍ , ‘ബാല്യകാലം‘ എന്നാണ് എന്റെയും ഓര്‍മ്മ

    - ആശംസകളോടെ ,സന്ധ്യ :)

    ReplyDelete
  15. വിനീതന്റെയും, സന്ധ്യയുടെയും ‘ഭീഷണികള്‍’ കണക്കിലെടുത്തും, ബാല്യകാലം തന്നെ എന്നുറപ്പുവരുത്തിയതിനാലും അതങ്ങ് തിരുത്തി!

    നന്ദി...

    ReplyDelete
  16. സൌഹൃദത്തിന്റെ സൌരഭ്യം ഒളിഞ്ഞിരുന്നാലും ഒളിച്ചിരിക്കില്ല.അത് ഏത് പ്രതിസന്ധികളെയും മറികടക്കും.... ആത്മാര്‍ധതയുണ്ടെങ്കില്‍....
    ഒരിക്കലും മായാതെ,കുറയാതെ,പരിഭവിക്കാതെ,
    തിരിച്ച് ചോദിക്കാതെ...കൂലി വാങ്ങാത്ത സ്നേഹം

    ReplyDelete