മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Tuesday, December 11, 2018

‘നിശ്ശബ്ദനായ പോരാളി’: രാജസ്ഥാനിലെ സിപിഎം മുന്നേറ്റത്തിനു പിന്നിലെ കർഷക നേതാവ് ഹന്നൻ മൊല്ലയെ അടുത്തറിയാം

രാജസ്ഥാനിൽ 2008 തെരഞ്ഞെടുപ്പിൽ മൂന്ന് സിപിഎം സ്ഥാനാർ‌ത്ഥികളുടെ വിജയത്തിന് അടിത്തറയൊരുക്കിയത് ഹന്നൻ മൊല്ലയുടെ പ്രവർത്തനങ്ങളാണ്.



രാജസ്ഥാനിൽ സംഘടിപ്പിക്കപ്പെട്ട വലിയ കർഷകപ്രക്ഷോഭങ്ങൾ രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. 2017ൽ രാജസ്ഥാനിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ 16 ജില്ലകളിൽ നിന്ന് 17,000ത്തിലധികം കര്‍ഷകർ പങ്കെടുത്ത് അറസ്റ്റ് വരിക്കുകയുണ്ടായി. സെപ്റ്റംബര്‍ നാലിന് പ്രതീകാത്മകമായി വസുന്ധര രാജെ സര്‍ക്കാരിന്റെ ശവദാഹവും നടത്തി. സികാര്‍ ജില്ലയില്‍ നിന്ന് കര്‍ഷക പ്രക്ഷോഭമായി തുടങ്ങി വലിയ ബഹുജനമുന്നേറ്റമായി മാറിയ പ്രക്ഷോഭത്തെ ഏറെ പ്രാധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സികാര്‍ അടക്കം രാജസ്ഥാനിലെ ആറു ജില്ലകളില്‍ ഗതാഗതം സ്തംഭിച്ചു. 20,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ രണ്ടാഴ്ചയോളം നീണ്ട പ്രക്ഷോഭം അവസാനിച്ചു. ഈ പ്രക്ഷോഭങ്ങള്‍ക്കെല്ലാം പിന്നിൽ പ്രവർത്തിച്ചത് ഹന്നൻ മൊല്ല എന്ന പോരാളിയാണ്. ദശകങ്ങളായി ഇന്ത്യൻ തൊഴിലാളികൾക്കിടയിൽ ഓടിനടന്ന് പ്രവർത്തിക്കുന്ന മൊല്ല എന്ന നേതാവിന്റെ കൂടി വിജയമാണ് രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ സിപിഎം നടത്തുന്ന മുന്നേറ്റം.

ആരാണ് ഹന്നൻ മൊല്ല?

നിശ്ശബ്ദനായ പോരാളി. അതാണ് ഹന്നൻ മൊല്ലയെ വിശേഷിപ്പിക്കാൻ അദ്ദേഹത്തിന്റെ സഖാക്കൾ ഉപയോഗിക്കാറുള്ള പ്രയോഗം. സിപിഎ കേന്ദ്ര കമ്മറ്റിയിൽ 1986ൽ അംഗമായയാളാണ് ഈ 72കാരൻ. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, ബുദ്ധദേബ് ഭട്ടാചാര്യ എന്നിവർക്കൊപ്പമാണ് മൊല്ല കേന്ദ്ര കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആൾ ഇന്ത്യ അഗ്രികൾച്ചറൽ വർക്കേഴ്സ് യൂണിയന്റെ ജോയിന്റ് സെക്രട്ടറിയാണ് ഇപ്പോൾ ഇദ്ദേഹം. ആൾ ഇന്ത്യ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയും ഇദ്ദേഹമാണ്.

ഉലുബേരിയ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് 29 വർഷത്തോളം പാർലമെന്റംഗമായി പ്രവർത്തിച്ചു. ഡിവൈഎഫ്ഐയുടെ മുൻ ജനറൽ സെക്രട്ടിയായും പ്രവർത്തിച്ചിട്ടുണ്ട്.

എന്തുകൊണ്ട് ഹന്നൻ മൊല്ല?

രാജ്യത്തെ കർഷകർക്കിടയിൽ അവിശ്രമം ഓടിനടന്ന് പ്രവർത്തിക്കുന്നയാളാണ് ഹന്നൻ മൊല്ല. ഇതിനു വേണ്ടി ഒരുപാട് യാത്രകൾ ചെയ്യുന്നു. ബഹുജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിൽ മൊല്ലയ്ക്കുള്ള കഴിവുകൾ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഭൂമിയേറ്റെടുക്കൽ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനായി നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ട് മൊല്ല. പശ്ചിമബംഗാളിലെ സിംഗൂരിലും നന്ദിഗ്രാമിലും കർഷകരുടെ പ്രക്ഷോഭങ്ങൾക്ക് കാരണമായത് പഴക്കമേറിയ ഭൂമിയേറ്റെടുക്കൽ നിയമങ്ങൾ നടപ്പാക്കിയതാണെന്ന് കരുതുന്നയാളാണ് മൊല്ല. അപരിഷ്കൃതമായ ഈ നിയമങ്ങൾ മാറ്റേണ്ട കാലം കഴിഞ്ഞെന്ന് കരുതുന്നയാളാണ് മൊല്ല.


രാജസ്ഥാനിൽ മൊല്ലയുടെ പ്രാധാന്യമെന്ത്?

രാജസ്ഥാനിൽ 2008 തെരഞ്ഞെടുപ്പിൽ മൂന്ന് സിപിഎം സ്ഥാനാർ‌ത്ഥികളുടെ വിജയത്തിന് അടിത്തറയൊരുക്കിയത് ഹന്നൻ മൊല്ലയുടെ പ്രവർത്തനങ്ങളാണ്. ഇത്തവണ രണ്ട് സിപിഎം സ്ഥാനാർത്ഥികളാണ് വിജയിച്ചിരിക്കുന്നത്. 2018നെ അപേക്ഷിച്ച് ഏറെ ദുഷ്കരമായ സ്ഥിതിവിശേഷമായിരുന്നു ഇത്തവണത്തേത്. എന്നിട്ടും മികച്ച വിജയമൊരുക്കാൻ ഹന്നൻ മൊല്ലയ്ക്ക് സാധിച്ചു. രാജസ്ഥാനിലെ പാർട്ടി സംവിധാനത്തെ കർഷകർക്കു വേണ്ടി പോരാട്ടം നടത്തുന്ന ഒന്നാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും സിപിഎമ്മിന്റെ അജണ്ട സെറ്റ് ചെയ്യുന്നതിലും ഹന്നൻ മൊല്ല വലിയ പങ്കാണ് വഹിച്ചത്. മൻഡ്സോറിലെ പൊലീസ് വെടിവെപ്പിനു പിന്നാലെ സ്ഥലത്തെത്തിയ ആദ്യ രാഷ്ട്രീയ നേതാവ് ഹന്നൻ മൊല്ലയായിരുന്നു.

സിപിഎമ്മിന്റെ സംഘടനാ ചട്ടക്കൂടിൽ ഹന്നൻ മൊല്ല

യുപിഎ സർക്കാരിൽ നിന്നും പിൻവാങ്ങിയ ശേഷം കർഷക പ്രക്ഷോഭങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ധാരണ പാർട്ടിക്കുള്ളിൽ രൂപപ്പെട്ടു വന്നപ്പോൾ ഹന്നൻ മൊല്ലയാണ് അതിന് നേതൃത്വം നൽകിയത്. രാജ്യത്ത് ഈയടുത്തകാലത്തുണ്ടായ കർഷക പ്രക്ഷോഭങ്ങളുടെയെല്ലാം പിന്നിൽ പ്രവർത്തിച്ചത് ഹന്നൻ മൊല്ലയാണ്. ആർഎസ്എസ്സിന്റെ പിന്തുണയുള്ള ബിജെപി ഒരു ഫാഷിസ്റ്റ് ശക്തിയാണെന്നും അവരെ എന്തു വില കൊടുത്തും പരാജയപ്പെടുത്തണമെന്നും നിലപാടുള്ളയാളാണ് ഇദ്ദേഹം.




കടപ്പാട്: അഴിമുഖം
Please LIKE @ facebook

No comments:

Post a Comment