മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Monday, February 23, 2009

മരിച്ചവരെ വിളിച്ചുതേടാന്‍ ഹൈടെക്‌ മീഡിയംഎന്‍ എം ഹുസൈന്‍

നിങ്ങള്‍ക്ക്‌ ഫറോവ രണ്ടാമനുമായി സംസാരിക്കണമെന്നുണ്ടോ?

ഹിറ്റ്‌ലറുമായി സംസാരിക്കണമോ?
ജീസസും മോസസുമായി ആശയവിനിമയം നടത്തണമോ?
അസാധ്യമെന്ന്‌ തോന്നാമെങ്കിലും ഇതൊക്കെ നിഷ്‌പ്രയാസം സാധിക്കുമെന്ന്‌ ചിലര്‍ അവകാശപ്പെടുന്നു. പരേതാത്മാക്കളുമായി ബന്ധപ്പെടാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരെ 'മീഡിയം' എന്നാണ്‌ വിളിക്കുക. ഇത്തരക്കാര്‍ ഏറ്റവും കൂടുതലുള്ളത്‌ അമേരിക്കയിലാണ്‌. ഇത്തരം വിശ്വാസക്കാരും ലോകത്ത്‌ ഏറ്റവും കൂടുതലുള്ളത്‌ അമേരിക്കയില്‍ തന്നെ. ശാസ്‌ത്ര-സാങ്കേതിക വിദ്യയും ഭൗതിക പ്രമത്തതയും ഏറ്റവും പ്രബലമായ അമേരിക്കയിലാണ്‌ ലോകത്ത്‌ മറ്റെവിടെയും കാണാത്തവിധം അന്ധവിശ്വാസങ്ങളുള്ളത്‌.
 പ്രത്യക്ഷത്തില്‍ അവിശ്വസനീയമെങ്കിലും ഇതാണ്‌ യാഥാര്‍ഥ്യം. ദൈവസാമീപ്യത്തിനായി ഇടനിലക്കാരുടെ സഹായം അഭ്യര്‍ഥിക്കുന്നവരെയും പിശാചിനെ വരുതിയിലാക്കി മന്ത്രവാദം നടത്തുന്നവരെയും നിങ്ങള്‍ക്ക്‌ പൗരസ്‌ത്യനാടുകളില്‍ കാണാനാവും. എന്നാല്‍ ഫറോവയോടും മോശയോടും ഹിറ്റ്‌ലറോടും നേരില്‍ സംസാരിക്കാമെന്ന്‌ അവകാശപ്പെടുകയും ഈ അവകാശവാദങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ക്ക്‌ പൗരസ്‌ത്യ നാടുകളില്‍ കാണാനാവില്ല. ഇവരെ കണ്ടുകിട്ടാന്‍ അമേരിക്കയിലെത്തണം.മണ്‍മറഞ്ഞ മഹാത്മാക്കളുമായി സംസാരിക്കുന്നത്‌ കൗതുകത്തിനോ വെറും ആത്മശാന്തിക്കോ മാത്രമല്ല. ജീവിതത്തില്‍ മനുഷ്യര്‍ നിത്യേന നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം തേടിയാണ്‌. പരീക്ഷാ വിജയം, ജോലിപ്രശ്‌നം, കുടുംബകലഹം, ബിസിനസ്‌ തകര്‍ച്ച തുടങ്ങി ഏതു പ്രശ്‌നങ്ങള്‍ക്കും പരിഹാരം ലഭിക്കും എന്ന വാഗ്‌ദാനവുമായാണ്‌ മീഡിയമുകള്‍ രംഗത്തെത്തുന്നത്‌. ഇത്ര വലിയ അസംബന്ധത്തില്‍ വിശ്വസിക്കുന്ന ആളുകളുടെ എണ്ണം അത്ര കുറവൊന്നുമല്ല എന്നതാണ്‌ ശ്രദ്ധേയമായ കാര്യം. അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഫെയ്‌റ്റ്‌ (Fate) എന്ന മാഗസിന്‍ ഇത്തരക്കാരെ ആദരപൂര്‍വം അവതരിപ്പിക്കാറുണ്ട്‌. ഓരോ ലക്കത്തിലും നിരവധി പരസ്യങ്ങളും കാണാം.

ശാസ്‌ത്ര സാങ്കേതിക രംഗത്ത്‌ വന്‍ പുരോഗതിയുണ്ടായ അമേരിക്കയില്‍ എന്തുകൊണ്ട്‌ ഇത്തരം വിശ്വാസങ്ങള്‍ പെരുകുന്നു എന്ന സംശയം പ്രസക്തമാണ്‌. ശാസ്‌ത്ര-സാങ്കേതിക വികാസം ഇത്തരം വിശ്വാസങ്ങള്‍ വര്‍ധിക്കുന്നതിന്‌ ഒരു കാരണമാണെന്നതാണ്‌ യാഥാര്‍ഥ്യം. ഫറോവയുമായി ബന്ധമുണ്ടെന്ന്‌ അവകാശപ്പെടുന്ന മീഡിയം മൂടിപ്പുതച്ച്‌ ഒരു മുറിയില്‍ ഇരിക്കുകയല്ല ചെയ്യുന്നത്‌. (നമ്മുടെ നാട്ടില്‍ അത്ഭുതസിദ്ധിയുള്ളവര്‍ ജനലുകള്‍ അടച്ച്‌ വെളിച്ചക്കുറവുള്ള മുറിയിലായിരിക്കും സന്ദര്‍ശകരെ സ്വീകരിക്കുന്നത്‌). മറിച്ച്‌ ശബ്‌ദോപകരണങ്ങള്‍ സജ്ജീകരിച്ച മുറിയിലായിരിക്കും. ഫറോവയുമായി സംസാരിക്കാന്‍ എത്തുന്നവരുടെ ചെവിയിലേക്ക്‌ മൈക്രോ ഫോണ്‍ ഘടിപ്പിക്കും. അതോടെ സംസാരം കേള്‍ക്കാം. പിന്നെ, സംശയിക്കാന്‍ എന്തിരിക്കുന്നു? മാത്രമല്ല, ഇങ്ങനെ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവരെ നുണപരിശോധനക്ക്‌ വിധേയമാക്കാം. പലപ്പോഴും അതിലിവര്‍ വിജയിക്കുന്നു. എങ്കില്‍ ശാസ്‌ത്ര-സാങ്കേതിക സമൂഹത്തില്‍ ജീവിക്കുന്നവര്‍ പിന്നെയെന്തിന്‌ സംശയിക്കണം? (പഠിച്ച കള്ളന്മാരെ പിടികൂടാന്‍ നുണപരിശോധനാ യന്ത്രത്തിന്‌ (lie detector) സാധ്യമല്ല എന്ന വസ്‌തുത പൊതുവേ ജനങ്ങള്‍ക്കറിയില്ല. യഥാര്‍ഥത്തില്‍ സത്യവാനായ ഒരാള്‍ക്ക്‌ ടെന്‍ഷനുണ്ടായാല്‍ നുണപരിശോധനായന്ത്രം അയാളെ നുണയനായി പ്രഖ്യാപിക്കുകയും ചെയ്യും. നമ്മുടെ നാട്ടിലെ ഇന്റലിജെന്‍സ്‌ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ പോലും ഇക്കാര്യം അറിയില്ലെന്നിരിക്കെ സാമാന്യ ജനങ്ങളെ കുറ്റപ്പെടുത്താനാവുമോ?) മരിച്ചുപോയ മഹാത്മാക്കളെ കൂടാതെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മഹാത്മാക്കളെയും സമീപിക്കാറുണ്ട്‌. പക്ഷെ, ഈ മഹാത്മാക്കള്‍ ഭൂമിയിലുള്ളവരല്ല. ഭൂമിക്ക്‌ പുറത്തുള്ള ഏതോ നക്ഷത്രവ്യവസ്ഥയിലെ ഗ്രഹങ്ങളില്‍ ജീവിക്കുന്ന, വളരെ വികാസം പ്രാപിച്ച മഹാത്മാക്കളാണുപോല്‍! ഇവരുമായി ബന്ധം സ്ഥാപിച്ചുവെന്ന്‌ അവകാശപ്പെടുന്ന നിരവധി പറക്കും തളികാകള്‍ട്ടുകള്‍ പാശ്ചാത്യ രാജ്യങ്ങളിലുണ്ട്‌.

ക്രിസ്‌തുമതം, ജൂതമതം തുടങ്ങിയ പരമ്പരാഗത മതങ്ങള്‍ നിലനില്‌ക്കെ തന്നെ പലതരം ആത്മീയ കള്‍ട്ടുകള്‍ പാശ്ചാത്യനാടുകളില്‍ പ്രചരിച്ചതായി കാണാം. സാധാരണ വിവക്ഷിക്കാറുള്ള ആത്മീയതയുമായല്ല ഇവയുടെ നാഡീബന്ധം. മറിച്ച്‌ ആത്മാവു (Spirit) മായാണ്‌. വ്യക്തികള്‍ക്കുള്ള ആത്മാവുമായി ബന്ധപ്പെട്ട്‌ രൂപപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളുമാണ്‌ പാശ്ചാത്യലോകത്തെ ആത്മീയ കള്‍ട്ടുകളുടെ ഉള്ളടക്കം. 1840 മുതല്‍ 1920 കള്‍ വരെയും ഇതിന്‌ കാര്യമായ പ്രചാരമുണ്ടായിരുന്നു. 1987 വരെയും അമേരിക്കയിലും യൂറോപ്പിലുമായി 80 ലക്ഷം അനുയായികള്‍ ഇതിനുണ്ടായിരുന്നു.

അക്കാലത്തെ പ്രമുഖരില്‍ ഒരാളാണ്‌ വില്യം തോമസ്‌ സ്റ്റിഡ്‌ (1849-1912). പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും യുദ്ധവിരുദ്ധനുമൊക്കെയായി പ്രശസ്‌തനായ സ്റ്റിഡ്‌ പരേതാത്മാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി അവകാശപ്പെട്ടു. ഇക്കാലത്തെ സചിത്രവാരിക (Tabloid Journalism) കളുടെ ഉപജ്ഞാതാവായി പോലും ചിലര്‍ ഇദ്ദേഹത്തെ കണക്കാക്കിയിട്ടുണ്ട്‌. പരേതാത്മാക്കളില്‍ നിന്നും സന്ദേശം ലഭിക്കാറുണ്ട്‌ എന്ന്‌ സ്റ്റിഡ്‌ അവകാശപ്പെടുകയുണ്ടായി. `ജൂലിയ' എന്ന പെണ്‍കുട്ടിയുടെ ആത്മാവു വഴിയാണത്രെ ഇത്‌ സാധ്യമായത്‌. 1909 ല്‍ ഇദ്ദേഹം ജൂലിയാസ്‌ ബ്യൂറോ എന്നൊരു സ്ഥാപനം തുടങ്ങി. ഇവിടെ ധാരാളം മീഡിയമുകള്‍ താമസിച്ചിരുന്നു. ഇവര്‍ വഴി ആര്‍ക്കും പരേതാത്മാക്കളുമായി സംസാരിക്കാമായിരുന്നുവത്രെ! ജൂലിയ എന്ന പരേതാത്മാവ്‌ തന്നെക്കൊണ്ട്‌ എഴുതിച്ചു എന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ കുറെ കത്തുകളുടെ സമാഹാരം ഇദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി. ആഫ്‌റ്റര്‍ ഡെത്ത്‌: ലെറ്റേഴ്‌സ്‌ ഫ്രം ജൂലിയ എന്നാണീ കൃതിയുടെ പേര്‌. (123 പേജുകളുള്ള ഈ പുസ്‌തകം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്‌). 1917 ല്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ പ്രസിദ്ധീകൃതമായി. ഈ കൃതി എങ്ങനെ രചിക്കപ്പെട്ടുവെന്നതിനെപ്പറ്റി സ്റ്റിഡ്‌ ആമുഖത്തില്‍ വിവരിച്ചിട്ടുണ്ട്‌. അദ്ദേഹം നിശ്ചലനായി ഇരിക്കും. പരേതാത്മാവ്‌ ഓട്ടോമാറ്റിക്‌ ആയി അദ്ദേഹത്തിന്റെ കൈകൊണ്ട്‌ കടലാസില്‍ കുറിക്കും. മിസ്‌ ജൂലിയ ഇദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. അവര്‍ 1891 ഡിസംബര്‍ 12 ന്‌ മരിക്കുകയും ചെയ്‌തു. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഇവരുടെ ആത്മാവ്‌ സ്റ്റിഡില്‍ ആവേശിച്ച്‌ പുസ്‌തകമെഴുതിപ്പിച്ചുവെന്നര്‍ഥം!

ജീവിച്ചിരിക്കുന്നവര്‍ക്ക്‌ അറിയാത്തതും അസാധ്യവുമായ നിരവധി കാര്യങ്ങള്‍ പരേതാത്മാക്കള്‍ക്ക്‌ അറിയാനും ചെയ്യാനും സാധിക്കുമെന്നാണല്ലോ പലരുടെയും വിശ്വാസം. എന്നാല്‍ സ്റ്റിഡിന്റെ ജീവിതത്തില്‍ സംഭവിച്ചത്‌ മറ്റൊന്നാണ്‌. 1912 ഏപ്രില്‍ 14 ന്‌ പുറപ്പെട്ട ടൈറ്റാനിക്‌ എന്ന വിഖ്യാതമായ കപ്പലില്‍ അദ്ദേഹം കയറിയിരുന്നു. പിറ്റേന്ന്‌ രാവിലെ ഐസു കട്ടയിലിടിച്ച്‌ കടലില്‍ താഴ്‌ന്നുപോയ ടൈറ്റാനിക്കില്‍ സ്റ്റിഡും ഉണ്ടായിരുന്നു. ഒരു പരേതാത്മാവും ഇക്കാര്യം മുന്‍കൂട്ടി അദ്ദേഹത്തെ അറിയിച്ചില്ല. ഏറ്റവും അടുത്ത സുഹൃത്തായ ജൂലിയയുടെ ആത്മാവുപോലും!

പരേതാത്മാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുവെന്ന്‌ അവകാശപ്പെട്ട നിരവധി പേര്‍ പാശ്ചാത്യര്‍ക്കിടയിലുണ്ടായിരുന്നു. 1920 കള്‍ക്ക്‌ ശേഷം ഇതിന്റെ പ്രചാരം കുറഞ്ഞു. പക്ഷെ, 1960 കള്‍ക്ക്‌ ശേഷം ഭൗതികവാദ പാരമ്പര്യത്തിന്‌ മങ്ങലേല്‌ക്കാന്‍ തുടങ്ങിയപ്പോള്‍ പഴയ ആത്മീയ കള്‍ട്ടുകള്‍ പുനരുജ്ജീവനം നേടി. ഭൗതിക വാദത്തിന്റെ ദൗര്‍ബല്യങ്ങളും ഭൗതികസുഖങ്ങളുടെ ക്ഷണികതയും മറ്റേതു സമൂഹത്തേക്കാളും അനുഭവിച്ചറിഞ്ഞ പാശ്ചാത്യര്‍ അനിയന്ത്രിതമായ വിധം ആത്മീയതയിലേക്ക്‌ കൂപ്പുകുത്തുകയായിരുന്നു.

ഭൗതികവാദത്തെയോ ഭൗതികം മാത്രമായ ജീവിതരീതികളെയോ ന്യായീകരിക്കുന്നവര്‍ പാശ്ചാത്യലോകത്ത്‌ കുറ്റിയറ്റുകൊണ്ടിരിക്കുന്നു. ശരിയോ തെറ്റോ ആയ ആത്മീയത അവര്‍ക്ക്‌ അടിയന്തിരാവശ്യമായിരിക്കുകയാണ്‌. താത്വികമായ അന്വേഷണത്തിനും നിഷ്‌പക്ഷമായ വിലയിരുത്തലിനും ശേഷം ആത്മീയ മാര്‍ഗങ്ങളില്‍ ഏതാണ്‌ ശരിയെന്ന്‌ കണ്ടെത്താനുള്ള ക്ഷമയോ സാവകാശമോ ഉള്ളവര്‍ വളരെ കുറവ്‌. ശരീരത്തില്‍ നിന്നും ജലാംശം അറിയാതെ ചോര്‍ന്നുപോയവര്‍ക്ക്‌ ഡീ ഹൈഡ്രേഷന്‍ മൂലം ഗ്ലൂക്കോസ്‌ കയറ്റേണ്ട അടിയന്തിര സാഹചര്യം ഉണ്ടാകാറുണ്ടല്ലോ. വ്യക്തികള്‍ക്ക്‌ സംഭവിക്കാറുള്ള ചികിത്സാ സാഹചര്യമാണ്‌ സാംസ്‌കാരികമായി ഇന്നത്തെ പാശ്ചാത്യര്‍ക്ക്‌ വന്നു ഭവിച്ചിട്ടുള്ളത്‌. ഭൗതികവസ്‌തുക്കളിലും ഭൗതിക സുഖങ്ങളിലും മാത്രമായിരുന്നു അവരുടെ വിശ്വാസം. ജീവിതമഖിലം ഭൗതികതയില്‍ മാത്രം അധിഷ്‌ഠിതമായിരുന്നു. മനുഷ്യമനസിന്റെ അസ്‌തിത്വം പോലും നിഷേധിച്ചവരാണ്‌ ആധുനിക പാശ്ചാത്യ ശാസ്‌ത്രജ്ഞന്മാര്‍. തലച്ചോറിനകത്തെ നാഡീകോശങ്ങളുടെ ആകെത്തുക മാത്രമാണ്‌ മനസ്‌ എന്നായിരുന്നു അവരുടെ വാദം. ഭൗതികപ്രമത്തമായ ഇത്തരം വിശ്വാസങ്ങളിലും ജീവിതരീതികളിലും ഏതാനും തലമുറകള്‍ ആയുസ്‌ ചെലവാക്കിയപ്പോഴേക്കും പാശ്ചാത്യരുടെ സാംസ്‌കാരിക ശരീരം ശോഷിച്ചുണങ്ങി. പ്രാണവായുവും ജീവജലവും ചോര്‍ന്ന്‌ വരണ്ട ജഡസമാനമായ ശാരീരികാവസ്ഥയിലേക്ക്‌ അവര്‍ അധപ്പതിച്ചു. ഒരു തുള്ളി ദാഹജലം പോലും കിട്ടാതെ ദിവസങ്ങള്‍ മരുഭൂവില്‍ അലഞ്ഞുതിരിയേണ്ട ഗതികേടില്‍ അകപ്പെട്ട ഒരാള്‍ ഒരു പാത്രം വെള്ളം കണ്ടാല്‍ എന്ത്‌ വെള്ളമാണെന്ന്‌ അന്വേഷിക്കുമോ? എന്താകട്ടെ വെള്ളമാകണമെന്നേ അയാള്‍ക്ക്‌ നിര്‍ബന്ധമുണ്ടാവൂ. പാശ്ചാത്യരുടെയും അവരുടെ സ്വാധീനത്തില്‍പ്പെട്ട ഒരു വിഭാഗം പൗരസ്‌ത്യരുടെയും ഇന്നത്തെ അവസ്ഥയിതാണ്‌. എന്തില്‍ വിശ്വസിക്കണമെന്നോ എങ്ങനെ വിശ്വസിക്കണമെന്നോ അവര്‍ക്കറിയില്ല. എന്തിലെങ്കിലും വിശ്വസിച്ചേ തീരൂ എന്നുമാത്രം അവര്‍ക്കറിയാം. എന്ത്‌ ആചരിക്കണമെന്നോ എങ്ങനെ ആചരിക്കണമെന്നോ അവര്‍ക്കറിയില്ല. എന്തെങ്കിലും ആചാരങ്ങള്‍ അനുഷ്‌ഠിക്കാതെ മനുഷ്യജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ല എന്നു മാത്രം അവര്‍ മനസ്സിലാക്കിയിട്ടുണ്ട്‌. ആരെ ആരാധിക്കണമെന്നോ എങ്ങനെ ആരാധിക്കണമെന്നോ അവര്‍ക്ക്‌ നിശ്ചയമില്ല. ആരാധനയില്ലാതെ മനുഷ്യമനസ്സിന്‌ ശാന്തി ലഭിക്കില്ല എന്ന കാര്യം മാത്രം അവര്‍ക്ക്‌ നിശ്ചയമുണ്ട്‌. ദൈവത്തിന്‌ പകരം ആരാധിക്കാന്‍ പിശാചിനെ കിട്ടിയാലും മതി എന്നിടത്തോളം വിശ്വാസപ്രതിസന്ധി മൂര്‍ഛിച്ചു. 1970 കളിലും 80കളിലും പ്രചരിക്കാനിടയായ `സാത്താനിക്‌ വര്‍ഷിപ്പ്‌' അഥവാ `പിശാച്‌ ആരാധന' ഇതിന്റെ ഫലമായിരുന്നു. എന്നാല്‍ തൊണ്ണൂറുകളില്‍ ഈ പ്രവണത കുറഞ്ഞതായും കാണുന്നു.

നമ്മുടെ നാട്ടില്‍ ഇത്തരം കള്‍ട്ടുകളിലേക്ക്‌ ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നതിന്‌ ഒരു കാരണം അന്ധമായ പാശ്ചാത്യ അനുകരണമാണ്‌. ന്യൂയോര്‍ക്കുകാരും കാലിഫോര്‍ണിയക്കാരും പിശാച്‌ ആരാധന നടത്തുന്നുവെന്നറിഞ്ഞാല്‍ നഗരങ്ങളിലെ നാടന്‍ സായിപ്പുമാര്‍ക്ക്‌ അടങ്ങിയിരിക്കാനാവുമോ? ഫ്രാന്‍സില്‍ അസ്‌തിത്വവാദം പ്രചരിക്കാന്‍ ഇടയായപ്പോള്‍ ചാളയും പൂളയും കഴിച്ചിരുന്ന അക്കാലത്തെ കേരളീയരില്‍ ചില ബുദ്ധിജീവികള്‍ക്കും അസ്‌തിത്വ ദു:ഖമുണ്ടായതായി കേട്ടിട്ടുണ്ട്‌!

മനുഷ്യന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മതമോ ആത്മീയതയോ പ്രവാചകന്മാരോ ആവശ്യമില്ലെന്ന്‌ നവോത്ഥാന കാല ചിന്തകര്‍ പ്രഖ്യാപിച്ചല്ലോ. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ശാസ്‌ത്രം കണ്ടെത്തുമെന്ന്‌ തുടര്‍ന്നു വന്നവരും ആണയിട്ടു. എന്നാല്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ആധുനിക ശാസ്‌ത്രം മാനുഷിക പ്രശ്‌നങ്ങള്‍ക്ക്‌ യാതൊരു പരിഹാരവും നല്‌കിയില്ലെന്ന്‌ മാത്രമല്ല, മുമ്പെങ്ങുമില്ലാത്ത നിരവധി പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്‌തു. പരിസ്ഥിതിനാശം ഇതിലൊന്നു മാത്രം. മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ മേഖലകള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയും പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാവുകയും ചെയ്‌തു. ശാസ്‌ത്രത്തിന്‌ പരിഹരിക്കാന്‍ കഴിയുന്നതല്ല മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങളെന്ന്‌ നിരവധി ഉത്തരാധുനിക ചിന്തകര്‍ പ്രഖ്യാപിച്ചതോടെ പാശ്ചാത്യസമൂഹം നെട്ടോട്ടമായി. ആരെങ്കിലും ഞങ്ങളെ സഹായിക്കേണമേ എന്ന്‌ അവര്‍ അലമുറയിടാന്‍ തുടങ്ങി. ഇത്തരമൊരു സാഹചര്യത്തിലാണ്‌ പ്രശ്‌നപരിഹാരങ്ങളുമായി നിരവധി കള്‍ട്ടുകള്‍ രൂപീകൃതമാവുന്നത്‌.

ജൂഡിത്ത്‌ ഡാര്‍ലിന്‍ എന്ന്‌ പേരുള്ള ഒരു സ്‌ത്രീയവതാരത്തിന്റെ കഥ കൂടുതല്‍ കൗതുകകരമാണ്‌. ന്യൂ മെക്‌സിക്കോവിലെ റോസ്വെല്‍ എന്ന സ്ഥലത്ത്‌ 1946 ലാണ്‌ ഇവരുടെ ജനനം. ഇപ്പോള്‍ ടെക്‌സാസില്‍ താമസിക്കുന്നു. മുപ്പത്തി അയ്യായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പസഫിക്‌ സമുദ്രത്തില്‍ ആണ്ടുപോയ ലെമൂറിയ വന്‍കരയില്‍ താമസിച്ചിരുന്ന ഒരു മഹായോദ്ധാവിന്റെ ആത്മാവുമായി തനിക്ക്‌ ബന്ധമുണ്ടെന്നാണ്‌ ജൂഡിത്ത്‌ ഡാര്‍ലിന്റെ അവകാശവാദം (ജാസ്‌ നൈറ്റ്‌ എന്നാണ്‌ ഇവര്‍ ഇപ്പോള്‍ അറിയപ്പെടുന്നത്‌). മുപ്പത്തയ്യായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജീവിച്ച്‌ മരിച്ചുപോയ രാമ്‌ത എന്ന ലൈമൂറിയന്‍ യോദ്ധാവിന്റെ ആത്മാവ്‌ 1977 മുതല്‍ തന്നെ നയിക്കുന്നു എന്നാണ്‌ ഇവര്‍ അവകാശപ്പെടുന്നത്‌. രാമ്‌ത ഇവരെ സമീപിക്കുമ്പോള്‍ നൈറ്റിന്റെ ആത്മാവ്‌ പുറത്തുപോകുമത്രെ. ശേഷം രാമ്‌തയുടെ ആത്മാവ്‌ നൈറ്റിന്റെ ശരീരത്തില്‍ കയറാതെ തന്നെ മസ്‌തിഷ്‌കത്തില്‍ ആവശ്യമായ പ്രോഗ്രാമുകള്‍ ചെയ്യുന്നു. ഒരു പ്രോഗ്രാമര്‍ കമ്പ്യൂട്ടറിനെ ഉപയോഗിക്കുന്നപോലെ രാമ്‌തയുടെ ആത്മാവ്‌ നൈറ്റിന്റെ ശരീരത്തെ ഉപയോഗിക്കുമത്രെ. ഇങ്ങനെയാണ്‌ സംഭവമെന്ന്‌ രാമ്‌തയുടെ ആത്മാവ്‌ തന്നെ നൈറ്റിനോട്‌ പറഞ്ഞതാണത്രെ (വിശദാംശങ്ങള്‍ക്ക്‌ അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഫെയ്‌റ്റ്‌ മാഗസിന്‍-ഖമിഎലയ 2009 നൈറ്റുമായി നടത്തിയ അഭിമുഖം കാണുക). ജീവിതത്തില്‍ അഭിമുഖീകരിക്കാവുന്ന ഏതു പ്രശ്‌നങ്ങള്‍ക്കും നൈറ്റ്‌ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നു. ധാരാളം പേര്‍ കാര്യസാധ്യങ്ങള്‍ക്കായി അവരെ സമീപിക്കുന്നു. ഇത്തരം അനേകം നൈറ്റുമാര്‍ അമേരിക്കയിലുണ്ട്‌.

ശാസ്‌ത്രവും സാങ്കേതികവിദ്യയും ഒരു പരിധിവരെ അനുഗ്രഹമാകാം. എന്നാല്‍ ആത്മീയ കള്‍ട്ടുകളിലേക്ക്‌ ആകൃഷ്‌ടരായ സമൂഹത്തെ സംബന്ധിച്ചേടത്തോളം ഇത്തരം നവീന ഉപാധികള്‍ കള്‍ട്ടുകളുടെ വിശ്വാസ-ആചാര പ്രചാരണങ്ങള്‍ക്കാണ്‌ സഹായകമാവുക. പാശ്ചാത്യലോകത്തെ നിരവധി ശാസ്‌ത്രജ്ഞരും ഗവേഷകരും അത്ഭുതസംഭവങ്ങളെപ്പറ്റി അന്വേഷണം നടത്തുന്നവരും അതിന്റെ വക്താക്കളുമായി മാറിയത്‌ ഇത്തരമൊരു പശ്ചാത്തലത്തിലാണ്‌.

വിശ്വാസ-സാംസ്‌കാരിക മേഖലകളില്‍ വൈചിത്ര്യങ്ങളുടെ ഘോഷയാത്ര നടത്തുന്നവരായി കേരളീയരും മാറിയിട്ടുണ്ട്‌. ഭൗതിക വാദത്തില്‍ ജനിക്കുകയും വൈരുധ്യാത്മക തീവ്രവാദത്തില്‍ ജീവിക്കുകയും ചെയ്‌തവര്‍ സത്യസായിബാബയുടെ കാല്‍ക്കല്‍ മുട്ടുകുത്തി നില്‌ക്കുന്ന കാഴ്‌ച ഒറ്റപ്പെട്ടതല്ല. ഭൂപ്രഭുക്കളുടെ ഉന്മൂലനത്തിന്‌ ആഹ്വാനം ചെയ്‌തവര്‍ ആഗോളവത്‌കരണത്തിന്റെ താത്വികാചാര്യന്മാരാകുന്നതും യാദൃച്ഛികമല്ല. ദൈവം മരിച്ചുവെന്നും കൊന്നത്‌ താനാണെന്നും പ്രഖ്യാപിച്ച നീഷേയുടെ ചിന്തകള്‍ പരിഷ്‌കാരമാക്കിയവര്‍ മന്ത്രവാദത്തിലേക്കും പിശാചുപൂജയിലേക്കും വഴുതി വീഴുന്നത്‌ ആശ്ചര്യകരമായ കാഴ്‌ച തന്നെയാണ്‌.

ഒരുകാലത്ത്‌ പോലീസ്‌ സ്റ്റേഷന്‍ ആക്രമണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ അഭിഭാഷകരായി ജോലി ചെയ്യുന്നു! ശീതീകരിച്ച കൂറ്റന്‍ വീടുകളില്‍ അന്തിയുറങ്ങുകയും ഭൗതികമായ സുഖസൗകര്യങ്ങളില്‍ മുങ്ങിത്താഴുകയും ചെയ്‌തവര്‍ മന്ത്രവാദിയുടെ ഉപദേശങ്ങള്‍ക്കായ്‌ ക്യൂ നില്‌ക്കുന്നു. അഞ്ഞൂറോളം പണിക്കാരുള്ള കമ്പനിയെ വിജയകരമായി നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഡയറക്‌ടര്‍ ആത്മ നിയന്ത്രണത്തിന്റെ ബാലപാഠങ്ങള്‍ ശീലിക്കാന്‍ ശ്രീ ശ്രീ രവിശങ്കറെ സമീപിക്കുന്നു. മുസ്ലിം സമുദായ സംഘടനകളില്‍ വിപ്ലവത്തിന്റെ കമ്മി ബോധ്യപ്പെട്ട്‌ ഉശിരന്‍ സംഘടനകളില്‍ നേതൃപദവി അലങ്കരിച്ചവര്‍ ത്വരീഖത്ത്‌ ശൈഖിന്റെ അനുയായികളാവുന്നു. കള്ളക്കടത്തും കരിഞ്ചന്തയുമായി കോടികള്‍ സമ്പാദിച്ചവര്‍ നേര്‍ച്ചക്കാരായി മാറുന്നു.

വ്യക്തിക്കോ സമൂഹത്തിനോ സമുദായത്തിനോ ഏതെങ്കിലും രാഷ്‌ട്രത്തിനോ മാത്രം ബാധകമായ പരിവര്‍ത്തന നിയമമല്ല ഇത്‌. ഏറിയോ കുറഞ്ഞോ തോതില്‍ ലോകമെമ്പാടും ഇത്‌ ദൃശ്യമാവുന്നുണ്ട്‌. വിശ്വാസരംഗത്ത്‌ മാത്രമോ രാഷ്‌ട്രീയമേഖലയില്‍ മാത്രമോ സംഭവിക്കുന്ന അപഭ്രംശമല്ല, മറിച്ച്‌ ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും പ്രത്യക്ഷമായ അവസ്ഥാന്തരീകരണമാണിത്‌. വ്യാപകമായ നാഗരിക വ്യതിയാനങ്ങളാണിവയെങ്കിലും ഇത്തരം മേഖലകളെ നിരീക്ഷിക്കുകയോ സൂക്ഷ്‌മമായി വിലയിരുത്തുകയോ ചെയ്യാത്തവര്‍ക്ക്‌ ഇത്തരം സമകാലീന യാഥാര്‍ഥ്യങ്ങളെല്ലാം കാണാമറയത്തായിരിക്കും. ഭൗതികവാദാധിഷ്‌ഠിതമായ ആധുനിക സംസ്‌കാരം അസ്‌തമയത്തോടടുക്കുന്നു. എന്നാല്‍ പുതിയൊരു പ്രഭാതം വിടര്‍ന്നിട്ടുമില്ല. ഒരിടത്തുനിന്ന്‌ പുറപ്പെട്ടുവെങ്കിലും മറ്റൊരിടത്തെത്താത്ത സ്ഥിതിയില്‍ സാംസ്‌കാരികമായും വിശ്വാസപരമായും അലയുന്ന മനുഷ്യരുടെ എണ്ണം വര്‍ധിക്കുകയാണ്‌. ഭൗതികതക്കും ആത്മീയതക്കും മധ്യേ, വിശ്വാസത്തിനും അവിശ്വാസത്തിനുമിടയില്‍ ശിര്‍ക്കിനും തൗഹീദിനും നടുക്കായി അവ്യക്തതയുടേതായ കാലുഷ്യത്തില്‍ വലിയൊരു വിഭാഗം കഴിയുന്നു. മറ്റൊരു വിഭാഗമാകട്ടെ ഇവക്കെല്ലാം മധ്യേ ചാഞ്ചാട്ടത്തിലുമാണ്‌. കാലഘട്ടത്തിന്റെ ഈ സ്വഭാവം മനസ്സിലായാല്‍ വ്യക്തികളുടെ സാംസ്‌കാരിക വൈചിത്ര്യങ്ങളെ എളുപ്പത്തില്‍ ഗ്രഹിക്കാനാവും. അല്ലാത്തപക്ഷം ഇവയെല്ലാം വിശദീകരിക്കാനാവാത്ത പ്രഹേളികയായി തുടരുകയും ചെയ്യും. ഇത്തരം പ്രതിസന്ധികളെ കൈകാര്യം ചെയ്യാനാവാതെ സൂത്രവാക്യങ്ങള്‍ ഉരുവിടുന്ന സമൂഹനായകരായി നേതാക്കള്‍ മാറാനും ഈ അജ്ഞത കാരണമായേക്കും.
കടപ്പാട്: ശബാ‍ബ് വാരിക

No comments:

Post a Comment