വിലയും മൂല്യവും തമ്മിലുള്ള ബന്ധത്തെയും വ്യത്യാസത്തെയും സംബന്ധിച്ച് സാമ്പത്തിക ശാസ്ത്ര ഗ്രന്ഥങ്ങളില്‍ അല്‍പസ്വല്‍പം വിശദമായ ചര്‍ച്ച കാണാം. വിലയ്ക്കും മൂല്യത്തിനും അവിടെയൊന്നും ചര്‍ച്ചചെയ്യാത്ത ചില മാനങ്ങളും ഉണ്ടാകും. പക്ഷെ, മുസ്ലിംസമൂഹം ഇതിനെ സംബന്ധിച്ച് അത്രയൊന്നും ബോധവാന്മാരല്ല. ഇന്നത്തെ സമ്പന്നരും ഇടത്തരക്കാരുമായ മുസ്ലിംകളില്‍ പലരും ആധുനിക ഉപഭോഗവസ്തുക്കളില്‍ പലതിന്റെയും വിലയറിയുന്നവരാണ്. കെട്ടിടങ്ങളുടെയും പറമ്പുകളുടെയും ആളുകളുടെയും വിലയെക്കുറിച്ചും അവര്‍ക്ക് സാമാന്യമായ ധാരണയുണ്ട്. എന്നാല്‍ വസ്തുക്കളുടെ മൂല്യത്തെയും മൂല്യരാഹിത്യത്തെയും സംബന്ധിച്ച് അവര്‍ അധികമൊന്നും ചിന്തിക്കാറില്ല. അതിനാല്‍ ഉല്‍പാദകരും വിതരണക്കാരും വലിയ വിലയിട്ട വസ്തുക്കള്‍ക്ക് വലിയ മൂല്യം കല്‍പിക്കുകയാണ് പലരും ചെയ്യുന്നത്. ആളുകള്‍ക്ക് വിലകല്‍പിക്കുന്നതാകട്ടെ അവരുടെ അധികാരവും സമ്പത്തും നോക്കിയിട്ടാണ്. ഖുര്‍ആനും സുന്നത്തും പ്രബോധനം ചെയ്യാന്‍ വേണ്ടി മഹാസമ്മേളനങ്ങള്‍ നടത്തുമ്പോഴും മന്ത്രിമാരെയും വന്‍ പണക്കാരെയും പങ്കെടുപ്പിക്കുന്ന കാര്യമാണല്ലോ സജീവമായി പരിഗണിക്കാറുള്ളത്.
വിലയേക്കാള്‍ എത്രയോ ഉപരിയായ മൂല്യത്തെയും മൂല്യബന്ധിതമായ വിലയെയും സംബന്ധിച്ച് ചിന്തിക്കാന്‍ പ്രേരണ നല്‍കിയ സംഭവമത്രെ ഭുവനപ്രശസ്തമായ ആ ചെരുപ്പേറ്. തന്റെ വിലയെയും അധികാരത്തെയും സംബന്ധിച്ച് അതിരുകവിഞ്ഞ അഹംബോധമുള്ള ജോര്‍ജ് ബുഷിന് നേര്‍ക്ക് കുതിച്ചുപാഞ്ഞ ഒരു ജോടി ഷൂസിന് അല്‍ബഗ്ദാദിയ ടി വി ലേഖകന്‍ മുന്‍തദര്‍ സൈദി കടയില്‍ കൊടുത്ത വില എത്രയെന്ന് ലോകത്താരും അന്വേഷിക്കുന്നില്ല. പക്ഷെ, ആ ഏറോടെ സൈദിക്കും അയാളുടെ ഷൂസിനും കൈവന്ന മൂല്യം അതിഭീമമാണ്. അത് തിട്ടപ്പെടുത്തുക അത്ര എളുപ്പമല്ല. അധിനിവേശ വിരുദ്ധതയുടെ മൂല്യം, സാമ്രാജ്യത്വ വിരുദ്ധതയുടെ മൂല്യം, സ്വേച്ഛാധിപത്യത്തിന്റെ ഉഗ്രമൂര്‍ത്തിയുടെ നേര്‍ക്കുള്ള നിരങ്കുശമായ ധിക്കാരത്തിന്റെ മൂല്യം, അതുല്യമായ ഒരു സെന്‍സേഷനല്‍ ന്യൂസിന്റെ മൂല്യം എന്നിങ്ങനെ മൂല്യഗണനയ്ക്ക് മാനങ്ങളും മാപകങ്ങളും ഏറെയുണ്ടാകും. ഇറാഖി ജനതയ്ക്ക് കൈവന്ന സ്വാതന്ത്ര്യത്തിന്റെ അടയാളമെന്ന് ഈ ചെരുപ്പേറിനെ വിശേഷിപ്പിച്ച ബുഷിന്റെ ക്രൂരമായ ഫലിതത്തില്‍ പോലും ഏറിന്റെ മൂല്യം അംഗീകരിക്കപ്പെട്ടിരിക്കയാണ്.
ബുഷിനെ എറിഞ്ഞ ഷൂസിന് കോടികള്‍ വില പറഞ്ഞ സമ്പന്നര്‍ വിലയും മൂല്യവുമായി ഒരു തരത്തില്‍ കൂട്ടിക്കലര്‍ത്തുകയാണ് ചെയ്തത്. ഭാവിയില്‍ കൂടുതല്‍ വിലയ്ക്ക് ലേലം ചെയ്തു വില്‍ക്കാമെന്ന വ്യാമോഹവും അവര്‍ക്ക് പ്രേരകമായിരിക്കാം. ഏതെങ്കിലും വസ്തുവിന് മാധ്യമങ്ങള്‍ വാര്‍ത്താമൂല്യം സ്ഥാപിച്ചാല്‍ അതിന്റെ കച്ചവട സാധ്യതകള്‍ അന്വേഷിച്ചിറങ്ങുന്നവര്‍ക്ക് ലാഭമെന്ന മൂല്യത്തില്‍ മാത്രമേ വിശ്വാസമുണ്ടാവുകയുള്ളൂ. ബുഷിന്റെ രാഷ്ട്രീയത്തിലും ഈ മൂല്യത്തിന് തന്നെയാണ് മുന്‍ഗണന. എന്നാല്‍ സൈദി എന്ന ടി വി ലേഖകന്റെ മൂല്യബോധത്തില്‍ ലാഭക്കൊതി കലര്‍ന്നിട്ടുണ്ടാകാന്‍ സാധ്യതയില്ല. ശരാശരിക്കാരുടെ കാഴ്ചപ്പാടില്‍ അദ്ദേഹത്തിന് നഷ്ടം മാത്രമേയുള്ളൂ. അതില്‍ ഏറ്റവും നിസ്സാരമായത് ആ ഷൂസിന്റെ വിലയാണ്. ശരീരം അടിച്ചുതകര്‍ക്കപ്പെട്ടതും വരാനിരിക്കുന്ന വിചാരണയും ശിക്ഷയും തുടങ്ങി പലതും നഷ്ടങ്ങളുടെ പട്ടികയില്‍ വരാം. ആ ഷൂസ് മൂലം ആര്‍ക്കും ഇനി പ്രശസ്തിയോ ലാഭമോ ഉണ്ടാകാതിരിക്കാന്‍ വേണ്ടി ഇറാഖീ അധികൃതര്‍ അത് നശിപ്പിച്ചുകളഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ധിക്കാരികള്‍ക്ക് ഒരു പാഠമാകാന്‍ വേണ്ടി സാമ്രാജ്യത്വ കിങ്കരന്മാര്‍ സൈദിയെത്തന്നെ കൊന്നുകളഞ്ഞെന്നും വരാം. എന്തായാലും ബുഷിന് അവരോഹണ സമ്മാനമായി ലഭിച്ച ചെരുപ്പേറ് ചരിത്രത്തില്‍ സ്ഥാനംപിടിക്കുക തന്നെ ചെയ്യും.
ചെരുപ്പേറിന്റെ നൈതികമോ ധാര്‍മികമോ ആയ വശങ്ങളെ സംബന്ധിച്ച് ഇവിടെ വിശകലനം ചെയ്യുന്നില്ല. കമ്പോളവിലയെ വളര്‍ച്ചയുടെയും പുരോഗതിയുടെയും ആധാരമായിക്കണക്കാക്കുന്ന കാഴ്ചപ്പാടിന് ക്ഷണികമായ നിലനില്‍പേ ഉള്ളൂവെന്നും മൂല്യങ്ങള്‍ക്ക് തോക്കുകൊണ്ടോ ബോംബ് കൊണ്ടോ മാച്ചുകളയാനാകാത്ത സ്ഥായീഭാവമുണ്ടാകുമെന്നും വ്യക്തമാക്കുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. ആഗോള കമ്പോള ശക്തികളുടെ കടിഞ്ഞാണ്‍ പിടിക്കുന്ന സാമ്രാജ്യത്വ സാരഥികള്‍ക്ക് സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ കഴിയുമോ എന്ന ചോദ്യത്തെക്കാള്‍ പ്രധാനം മൂല്യബോധമുള്ള ജനകോടികളുടെ നിന്ദയെ അതിവര്‍ത്തിക്കാന്‍ കഴിയുമോ എന്നതാണ്.
വിലയും മൂല്യവും തമ്മിലുള്ള മാറ്റുരക്കലിന് മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്. നംറൂദ് ചക്രവര്‍ത്തിക്ക് ഭൗതികമായി വലിയ വിലയും നിലയും ഉണ്ടായിരുന്നു. സമ്പത്തിന്റെയും പ്രതാപത്തിന്റെയും വിലയെ സംബന്ധിച്ച വലിയ വിചാരം ആ സ്വേച്ഛാധിപതിയുടെ തലയ്ക്ക് പിടിച്ചതിനാല്‍ അയാള്‍ സ്വയം ദൈവം ചമയാന്‍ പോലും മുതിര്‍ന്നു. ജീവജാലങ്ങളെ ജനിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന ലോകരക്ഷിതാവിനെ സംബന്ധിച്ച് ഇബ്‌റാഹീം നബി(അ) സംസാരിച്ചപ്പോള്‍ നംറൂദിന്റെ പ്രതികരണം, താനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യാറുണ്ട് എന്നായിരുന്നു. പ്രതികളില്‍/തടവുകാരില്‍ ചിലരെ ജീവിക്കാന്‍ വിടുകയും ചിലരെ വധിച്ചുകളയുകയും ചെയ്യാനുള്ള തന്റെ അധികാരത്തിന്റെ വില അയാള്‍ വിളംബരം ചെയ്യുകയായിരുന്നു. എന്നാല്‍ ഇബ്‌റാഹീം(അ) തന്റെ ആദര്‍ശത്തിന്റെ മൂല്യം വ്യക്തമായും ശക്തമായും തെളിയിച്ചുകൊണ്ട് സംവാദം തുടര്‍ന്നപ്പോള്‍ നംറൂദിന് ഉത്തരം മുട്ടിപ്പോയി.
'ഞാനാണ് നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവ്' എന്ന് ഫിര്‍ഔന്‍ പ്രഖ്യാപിച്ചതും തന്റെ അധികാരത്തിന്റെ വിലയുടെ പേരിലുള്ള ഹുങ്ക് കൊണ്ടായിരുന്നു. പക്ഷെ, ആ സ്വേച്ഛാധിപതിയുടെ ഔദ്ധത്യത്തിനോ ഭീഷണികള്‍ക്കോ യാതൊരു വിലയും കല്‍പിക്കാതെ മൂസാനബി(അ) ദൈവികദൃഷ്ടാന്തങ്ങള്‍ കാണിക്കുകയും മൂല്യവത്തായ സംവാദരീതി തുടരുകയും ചെയ്തപ്പോള്‍ ആദര്‍ശത്തിന്റെയും മൂല്യത്തിന്റെയും കരുത്ത് തെളിഞ്ഞു. ഫിര്‍ഔനിന്റെ അധികാരപ്രമത്തതയും അയാള്‍ വിളിച്ചുകൂട്ടിയ മായാജാലക്കാരുടെ ചെപ്പടിവിദ്യകളും നിഷ്ഫലമായി.
മുഹമ്മദ് നബി(സ)യെ ശക്തിയായി എതിര്‍ത്തവരും സമൂഹത്തില്‍ വിലയുള്ളവരായിരുന്നു. അഥവാ തങ്ങള്‍ ഏറെ നിലയും വിലയും ഉള്ളവരാണന്ന് സ്വയം കരുതുന്നവരായിരുന്നു. അതിനാല്‍ ഇസ്ലാമിനെ മുളയിലേ നുള്ളിക്കളയാമെന്ന് അവര്‍ കണക്കുകൂട്ടിയിരുന്നു. പക്ഷെ, ആദര്‍ശത്തിന്റെ മൂല്യം ഉള്‍ക്കൊണ്ട സത്യവിശ്വാസികള്‍ ന്യൂനപക്ഷമായിരുന്നിട്ടും സമ്പത്തിനും അധികാരത്തിനും വലിയ വില കല്‍പിച്ച ഭൂരിപക്ഷത്തിന്റെ ആക്രമണത്തെ ചെറുത്ത് വിജയം കൈവരിക്കാന്‍ അവര്‍ക്ക് സാധിച്ചു. മുഹമ്മദ് നബി(സ)യോടൊപ്പമുണ്ടായിരുന്ന സത്യവിശ്വാസികള്‍ ഭൗതികമായി തികച്ചും പിന്നാക്കാവസ്ഥയിലായിരുന്നു. അന്നത്തെ റോമന്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരാകട്ടെ ഭൗതികമായി വളരെ നിലയും വിലയും ഉള്ളവരായിരുന്നു. അക്കാലത്ത് ലഭ്യമായിരുന്ന ആയുധങ്ങളും ഉപകരണങ്ങളും ആഡംബരോപാധികളുമെല്ലാം അവരുടെ അധീനത്തിലുണ്ടായിരുന്നു. പക്ഷെ, അവയ്ക്കൊന്നും ഒട്ടും വില കല്‍പിക്കാതെ ആദര്‍ശത്തിന്റെ മൂല്യം ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടാണ് പ്രവാചകശിഷ്യന്മാര്‍ മുന്നേറിയത്.
റോമന്‍-പേര്‍ഷ്യന്‍ രാജധാനികളിലുണ്ടായിരുന്ന കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരങ്ങള്‍ക്കൊന്നും പ്രവാചകശിഷ്യന്മാര്‍ ഒട്ടും വില കല്‍പിച്ചില്ല. സര്‍വശക്തനും പ്രതാപിയുമായ ലോകരക്ഷിതാവിന്റെ വിനീത ദാസന്മാര്‍ എന്ന നിലയില്‍ ലളിതമായ ജീവിതംകൊണ്ട് തൃപ്തിപ്പെട്ട് മൂല്യബോധം തെളിയിച്ചാണ് അവര്‍ എതിര്‍പ്പുകളെ അതിജയിച്ചത്.
ആദര്‍ശത്തിന്റെ ആത്മീയവും ധാര്‍മികവുമായ മൂല്യം ഉയര്‍ത്തിപ്പിടിക്കേണ്ട മുസ്ലിംകള്‍ ഭൗതിക പ്രമത്തരായ ആളുകളെപ്പോലെ കമ്പോളത്തില്‍ വിലയുള്ള ഉപഭോഗസാമഗ്രികള്‍ വാരിക്കൂട്ടുന്നതില്‍ പ്രതാപം കണ്ടെത്തുന്നതാണ് ഇന്നത്തെ പരിതാവസ്ഥയ്ക്കും പരാജയത്തിനുമെല്ലാം പ്രധാന കാരണം. ലോകത്ത് ഉടനീളമുള്ള മുസ്ലിംകളില്‍ അല്‍പസ്വല്‍പം സാമ്പത്തിക ശേഷിയുള്ളവരെല്ലാം ഇപ്പോള്‍ സാമ്രാജ്യത്വ പക്ഷത്തുള്ള പാശ്ചാത്യരാഷ്ട്രങ്ങള്‍ വിപണിയിലിറക്കുന്ന ആഡംബര വസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ വെമ്പല്‍ കൊള്ളുന്ന കാഴ്ചയാണ് നാം കാണുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ഉല്‍പന്നങ്ങളില്‍ മൂല്യമുള്ളവ മാത്രം സ്വീകരിക്കാനും അല്ലാത്തവ തിരസ്കരിക്കാനുമുള്ള പക്വത പ്രകടിപ്പിക്കുന്നവര്‍ ന്യൂനാല്‍ ന്യൂനപക്ഷം മാത്രം. പാശ്ചാത്യ രാഷ്ട്രങ്ങള്‍ വലിയ വിലയിട്ട് വിപണിയിലിറക്കുന്ന ഉല്‍പന്നങ്ങള്‍ പൊങ്ങച്ചത്തിന്റെ പേരില്‍ ശേഖരിക്കുകയും അതിന്റെ പേരില്‍ പെരുമ പറഞ്ഞു നടക്കുകയും ആ ഉല്‍പന്നങ്ങള്‍ക്ക് യഥാര്‍ഥ മൂല്യമുണ്ടോ എന്ന് ഒരിക്കല്‍ പോലും വിലയിരുത്താതിരിക്കുകയും ചെയ്യുന്ന മൂഢശിരോമണികളുടെ സംഖ്യ മുസ്ലിം ലോകത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. തിന്മയുടെ തിരസ്കാരത്തിലും നന്മയുടെ സ്വീകാരത്തിലുമാണ് യഥാര്‍ഥ മൂല്യമുള്ളതെന്ന അവബോധം സമൂഹത്തില്‍ രൂഢമൂലമാക്കിയാലേ പ്രവാചക ശിഷ്യന്മാര്‍ ആര്‍ജിച്ച യശസ്സും ധന്യതയും ജീവിതത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിയുകയുള്ളൂ.
-ചെറിയമുണ്ടം അബ്ദുല്‍ഹമീദ്
പുസ്തകം 32, ലക്കം 20,
2008 ഡിസംബര്‍ 26
ബുഷിനെ എറിഞ്ഞ ഷൂസിന് കോടികള്‍ വില പറഞ്ഞ സമ്പന്നര്‍ വിലയും മൂല്യവുമായി ഒരു തരത്തില്‍ കൂട്ടിക്കലര്‍ത്തുകയാണ് ചെയ്തത്. ഭാവിയില്‍ കൂടുതല്‍ വിലയ്ക്ക് ലേലം ചെയ്തു വില്‍ക്കാമെന്ന വ്യാമോഹവും അവര്‍ക്ക് പ്രേരകമായിരിക്കാം. ഏതെങ്കിലും വസ്തുവിന് മാധ്യമങ്ങള്‍ വാര്‍ത്താമൂല്യം സ്ഥാപിച്ചാല്‍ അതിന്റെ കച്ചവട സാധ്യതകള്‍ അന്വേഷിച്ചിറങ്ങുന്നവര്‍ക്ക് ലാഭമെന്ന മൂല്യത്തില്‍ മാത്രമേ വിശ്വാസമുണ്ടാവുകയുള്ളൂ. ബുഷിന്റെ രാഷ്ട്രീയത്തിലും ഈ മൂല്യത്തിന് തന്നെയാണ് മുന്‍ഗണന. എന്നാല്‍ സൈദി എന്ന ടി വി ലേഖകന്റെ മൂല്യബോധത്തില്‍ ലാഭക്കൊതി കലര്‍ന്നിട്ടുണ്ടാകാന്‍ സാധ്യതയില്ല. ശരാശരിക്കാരുടെ കാഴ്ചപ്പാടില്‍ അദ്ദേഹത്തിന് നഷ്ടം മാത്രമേയുള്ളൂ. അതില്‍ ഏറ്റവും നിസ്സാരമായത് ആ ഷൂസിന്റെ വിലയാണ്. ശരീരം അടിച്ചുതകര്‍ക്കപ്പെട്ടതും വരാനിരിക്കുന്ന വിചാരണയും ശിക്ഷയും തുടങ്ങി പലതും നഷ്ടങ്ങളുടെ പട്ടികയില്‍ വരാം....
ReplyDelete