മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Thursday, April 9, 2020

എന്റെ ലോക്ഡൗൺ കാല ജീവിതം | മലയാളി പെരിങ്ങോട്



ലോക്ഡൗൺ ആയതിനാൽ ജോലിയില്ലാതെ ബോറടിച്ചും വിഷമിച്ചും ഇരിക്കുന്ന പോസ്റ്റുകളും ട്രോളുകളും നിരവധി കാണുകയുണ്ടായി. ലോക്ഡൗണും #കൊറോണയും, #കോവിഡ്19-നും വരുന്നതിനു മുമ്പ് തന്നെ തുടങ്ങാൻ പ്ലാൻ ചെയ്യുകയും, ‘പൈശാചിക‘ കാരണങ്ങളാൽ പാതിവഴിയിലെത്തി മുടങ്ങിയ ചെറിയൊരു പശുഫാമിന്റെ പണി പാതിയിലായി പ്രയാസപ്പെട്ടുകൊണ്ടിരുന്ന ഞാൻ ഇപ്പോൾ ശരിക്കും പറഞ്ഞാൽ വല്ലാത്തൊരു മാനസിക-ശാരീരിക സംഘർഷത്തിലാണു പെട്ടിരിക്കുന്നത്. 



വീടിനോട് ചേർന്നുള്ള കുടുംബസ്വത്തിൽ പെട്ട മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് നൂറോളം കായ്ഫലമുള്ള തെങ്ങുമ്പറമ്പിൽ ആണ് ഫാമിനായി പ്ലാൻ ചെയ്തത്. തെരുവു നായ്ക്കളുടെ ശല്യം സഹിക്കാൻ വയ്യാത്തൊരു അന്തരീക്ഷമാണ് ഇവിടെ. മുമ്പ് തന്നെ വീട്ടിൽ നാടൻ കോഴികളും മുട്ടക്കോഴികളും താറാവും വാത്തയും ഒക്കെ വളർത്തിയിരുന്നു. വ്യാവസായികമായല്ലെങ്കിലും വീട്ടിലെയും അയൽ വീടുകളിലെയും ആവശ്യങ്ങൾ നിറവേറിപോയിരുന്നു. ആറടി ഉയരമുള്ള സ്ലാബ് മതിൽ ചാടിക്കടന്ന് വന്ന് നായ്ക്കൾ കുറേ കോഴികളെയും താറാവുകളെയും കൊന്നു. അതിനിടക്കാണ് വിസിറ്റ് വിസയിൽ ഖത്തറിലേക്ക് പോയത്. അതോടെ ഷെജിലാക്കും കുട്ടികൾക്കും അവയെ നോക്കാനുള്ള പ്രയാസം കാരണം കോഴികളെ പലർക്കും നൽകി, താറാവുകളെയും വാത്തകളെയും വിൽക്കുകയും ചെയ്തു. വീടിനു ചുറ്റുമുള്ള സ്ഥലം വേലിയോ മതിലോ ഇല്ലാതെ തുറസ്സായി  കിടക്കുന്നതുകൊണ്ട്, ഇത്തരം ജീവികളുടെ ആക്രമണം വലിയൊരു വെല്ലുവിളിയായി മുന്നിൽ നിന്നു. ചുറ്റും നെറ്റ് വേലി കെട്ടുന്നതാണ് ചിലവ് കുറഞ്ഞതും ഉചിതവും എന്ന് അറിവുള്ളവരുമായുള്ള ചർച്ചയിലൂടെ മനസ്സിലായി. എസ്റ്റിമേറ്റ് ഇട്ടപ്പോൾ ഏകദേശം മൂന്ന് ലക്ഷം രൂപയോളം അതിനു തന്നെ വരും. വേലി കെട്ടി സുരക്ഷിതമാക്കാൻ തന്നെ തീരുമാനമായി... 



വേലിയുടെ ജോലികൾ ആരംഭിച്ചപ്പോൾ തന്നെ പരിചയമുള്ള ചിലരോടൊക്കെ സാമ്പത്തിക സഹായങ്ങൾ അഭ്യർഥിച്ചു. ചിലർ ഓഫറുകൾ തന്നു. ചിലർ ഇല്ലെന്ന് തുറന്നു പറഞ്ഞു. വേറെ ചിലർ ഒന്നും മിണ്ടിയില്ല. ഓഫർ തന്നവരിൽ ചിലത് കൈപ്പറ്റി. പണികൾ തുടങ്ങി. അതിനിടെ ഒരു ബന്ധുവിനോട് കുറച്ച് പണം ചോദിച്ച് സമീപിച്ചു. അദ്ദേഹം പറഞ്ഞു: ‘കാശിന്റെ കാര്യം ചെറിയ ചില പ്രതിസന്ധികൾ ഉണ്ട്, ഒരു സ്ഥലവും ബിൽഡിംഗും വാങ്ങി, അതിന്റെ രജിസ്റ്റർ നടക്കാനിരിക്കുകയാണ്. എന്റെ കയ്യിൽ കുറച്ച് ആടുകൾ ഉണ്ട് അതിൽ നിന്ന് നാലെണ്ണം നിനക്ക് തരാം. അത് കൊണ്ടുപോയിക്കോളൂ. സത്യത്തിൽ ആടുകൾ ആദ്യഘട്ടത്തിൽ എന്റെ പ്ലാനിൽ ഉണ്ടായിരുന്നില്ല. കാരണം, വീട്ടിൽ പ്ലാവ് ഇല്ല. പിന്നെ അവയ്ക്ക് തീറ്റ സംഘടിപ്പിക്കൽ വലിയൊരു ടാസ്ക് ആയി മാറും. സമ്മിശ്ര ഫാം ആണ് മനസ്സിലുള്ള പ്ലാൻ എങ്കിലും നിത്യവരുമാനം വരണമെങ്കിൽ ഏറ്റവും കൂടുതൽ അധ്വാനവും ശ്രദ്ധയും പരിചരണവും വേണ്ട പശുക്കളെയാണ് ആദ്യം ഇറക്കാൻ മനസ്സിൽ കരുതിയിരുന്നത്. 



പശുക്കൾക്ക് തൊഴുത്ത് നിർബന്ധമാണ്. അതിനായുള്ള പണികൾ തുടങ്ങി. തറപ്പണി കഴിഞ്ഞപ്പോഴേക്കും കയ്യിലുള്ള കാശ് തീർന്നു. ഇപ്പോഴും അതങ്ങനെ കിടക്കുന്നു! അതിനിടയിൽ പറമ്പിൽ നാലുസെന്റിൽ ഒരു കുളം നിർമിച്ചു. സുലഭമായി വെള്ളം കിട്ടി. ഇപ്പോൾ നൂറോളം തെങ്ങുകൾ നനയ്ക്കുന്നത് ആ കുളത്തിൽ നിന്നാണ്. കുറച്ച് തിലോപ്പിയ കുഞ്ഞുങ്ങളെയും അതിൽ നിക്ഷേപിച്ചിട്ടുണ്ട്. വേലിയുടെ ജോലികൾ കഴിയുന്നതിനു മുന്നേ തന്നെ നേരത്തെ പറഞ്ഞ ബന്ധു തന്ന അഞ്ച് ആടുകൾ വന്നതോടെ പകൽ സമയങ്ങളിൽ കൊറോണ വരുന്നതിനും മുന്നേ ഞാൻ ലോക്ഡൗണിൽ ആയി. രാവിലെ അവയെ വിട്ടാൽ നായ വരുന്നതും നോക്കി അവരുടെ പിന്നാലെ നടക്കണം. ഉച്ചക്ക് വീണ്ടും കൂട്ടിൽ കയറ്റിയാലേ ഉച്ചഭക്ഷണം കഴികാൻ പറ്റൂ. വൈകീട്ട് വീണ്ടും അവയെ തുറന്നു വിടണം. പറമ്പിലുള്ള വള്ളികളും പുല്ലും മാത്രമാണു അവയ്ക്ക് ഭക്ഷണം. അതിനിടെ ഒരു ദിവസം ആടുകളെ പറമ്പിൽ വിട്ടാക്കിയതിനു ശേഷം, അവയുടെ കൂട് വൃത്തിയാക്കാൻ വേണ്ടി ഞാൻ ഒന്ന് മാറി. പത്തുമിനുട്ട് കഴിഞ്ഞില്ല ആടുകൾ കൂട്ടത്തോടെ ഓടുന്നു. ചെറിയൊരു കുഞ്ഞാട് വല്ലാതെ കരയുന്നു. ഞാൻ പറമ്പിലേക്കോടി... രണ്ടു നായ്ക്കൾ ചേർന്ന് അതിനെ കടിക്കാൻ ചെല്ലുന്നു. ഞാൻ കയ്യിൽ കിട്ടിയ കല്ലെടുത്ത് എറിഞ്ഞു. പക്ഷേ, നായ്ക്കൾ അതിനെയും കൊണ്ട് ഓടി പോയി... ഞാൻ പിന്നാലെ ചെന്ന് കല്ലെറിഞ്ഞെങ്കിലും ആട്ടിൻകുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. എന്നെ കണ്ടതും ആ ആട്ടിൻ കുഞ്ഞൊരു നിലവിളി... അത് വല്ലാത്തൊരു കരച്ചിലായിരുന്നു... സങ്കടം കൊണ്ട് ഒരാഴ്ചയോളം എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. എനിക്ക് മാത്രമല്ല, ഹർഷൽ മോനും ഷെജിലയും ഉമ്മയും എല്ലാവർക്കും വലിയ സങ്കടമായി...



അങ്ങനെ വേലിയുടെ പണികളൊക്കെ കഴിഞ്ഞപ്പോഴേക്കും എന്റെ പോക്കറ്റും കീറി. അതിനിടെ ഒരു ദിവസം ഉപ്പ വന്നപ്പോൾ ചോദിച്ചു. ഏതായാലും നീ ഇരുപത്തിനാല് മണിക്കൂറും പറമ്പിലല്ലേ ഞാൻ രണ്ട് പോത്തുകളെ വാങ്ങിച്ചു തരട്ടെ? നോക്കാൻ പറ്റോ? പോത്തിനാവുമ്പോൾ തൊഴുത്ത് നിർബന്ധമില്ല. അന്ന് പറമ്പിലൊക്കെ നല്ലപോലെ പുല്ലും ഉണ്ട്. ഞാൻ ഓക്കെ പറഞ്ഞു. അത്യാവശ്യം വലിയ രണ്ടു പോത്തുകളെയും വാങ്ങി. ഇപ്പോൾ വെയിലും ചൂടും, പോത്തുകളുടെ തീറ്റയും കൂടിയായപ്പോൾ പറമ്പിലെ പുല്ലെല്ലാം തീർന്നു. തെങ്ങ് നനയ്ക്കുമ്പോൾ കുറേശ്ശെ പുല്ലിലും നനയ്ക്കുമെങ്കിലും അതൊന്നും പോരാ... അതോടുകൂടി ലോക്ഡൗൺ കനം കൂടി. പിണ്ണാക്കുകളും, തവിടുകളും ഒക്കെയായി ഒരുവിധം അഡ്ജസ്റ്റ് ചെയ്ത് പോകുകയായിരുന്നു ഞാൻ. തൊഴുത്ത് പണിയാനുള്ള കാശിനായുള്ള നെട്ടോട്ടത്തിലും. അതിനിടക്കാണ് അശനിപാതം പോലെ ഈ കൊറോണ വന്നിറങ്ങിയത്. 



അന്നൊക്കെയും പകൽ സമയങ്ങളിൽ എനിക്ക് പുറത്ത് പോകാൻ പറ്റിയിരുന്നില്ല. രാവിലെ അഞ്ചരക്ക് എണീറ്റാൽ നമസ്കാരവും മറ്റും കഴിഞ്ഞ് നേരെ പറമ്പിലേക്കിറങ്ങിയാൽ ഉച്ചവരെ തെങ്ങ് നനയും ആടുകൾക്കും പോത്തുകൾക്കും വെള്ളം നൽകലും ആയി പോകും. ഉച്ചക്ക് കയറിയാൽ രണ്ടുമണിക്കൂർ ഒന്നു കിടക്കും. വീണ്ടും വെയിലിന്റെ ചൂട് കുറയുന്നതിനുമുന്നേ പറമ്പിലേക്ക്... പിന്നെ ആറുമണിയോടടുക്കും ജോലിയെല്ലാം കഴിഞ്ഞ് കുളത്തിൽ നിന്നൊരു കുളിയും പാസ്സാക്കി കയറാൻ. ശേഷം പെരിങ്ങോട് സെന്ററിലേക്കൊന്ന് പോകും. വീട്ടിലേക്കും ഫാമിലേക്കുമുള്ള സാധനങ്ങൾ വാങ്ങലും, പുറംലോകം കാണലും സുഹൃത്തുക്കളുമായി കുശലം പറയലും ഒക്കെ ആ സമയത്താണ് നടന്നിരുന്നത്. ഇപ്പോൾ അതും ഇല്ലാതായി എന്നല്ലാതെ ലോക്ഡൗൺ എനിക്ക് പുറത്തിറങ്ങാൻ പറ്റാത്ത സംഘർഷങ്ങൾ ഉണ്ടാക്കിയിട്ടില്ല. എന്നാൽ, പോത്തുകൾക്കും ആടുകൾക്കും കൊടുക്കുന്ന ഐറ്റംസ് ചിലത് കിട്ടുന്നില്ലെങ്കിലും ചെറിയ അളവിൽ ഇതുവരെ വലിയ പ്രയാസമില്ലാതെ കിട്ടുന്നുണ്ട്. എന്നാൽ കുളത്തിലുള്ള ആയിരം തിലോപ്പിയ കുഞ്ഞുങ്ങൾ അവയ്ക്കുള്ള ഫുഡ് കിട്ടാതെയുള്ള സങ്കടത്തിലാണ്. അതിനെന്ത് വഴി എന്ന് ആലോചിച്ച് നല്ല ടെൻഷൻ ഉണ്ട്. സാധാരണ അക്വേറിയം ഷോപ്പുകളിൽ നിന്നാണ് അവയുടെ ഫുഡ് വാങ്ങിയിരുന്നത്. അതൊന്നും ‘അത്യാവശ്യ/അവശ്യ സർവീസുകളിൽ‘ പെടാത്തതുകൊണ്ട്, എങ്ങനെ ലഭ്യമാകും എന്നൊരു ഐഡിയയും ഇല്ല. 




ഈ ലോക്ഡൗണും, കൊറോണയും എല്ലാം ഇല്ലാതായി ലോകം എന്ന് നോർമലായി ചലിച്ചു തുടങ്ങും എന്ന ചിന്തയിലാണ് ഇപ്പോൾ. എല്ലാം പെട്ടെന്ന് ശരിയാകട്ടെ... എല്ലാവർക്കും സുഖവും സമാധാനവും ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു... 





-മലയാളി പെരിങ്ങോട്

1 comment:

  1. ലോക്ക് ഡൗണ് വിശേഷങ്ങൾ ഹൃദ്യമായി..നല്ല തെളിഞ്ഞ വെള്ളം കണ്ടപ്പോൾ ഒന്നു നീന്തിക്കുളിക്കാൻ തോന്നി..രോഗഭീഷണി ഒഴിഞ്ഞ് ലോകം ശാന്തമാവട്ടെ എന്ന പ്രാർത്ഥന..

    ReplyDelete