മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Monday, February 18, 2019

കാസർഗോഡ് ഭീകരാക്രമണം. രണ്ടുയുവാക്കളെ വെട്ടിക്കൊന്നു!


കാസർഗോഡ് #ഭീകരാക്രമണം. രണ്ടുയുവാക്കളെ വെട്ടിക്കൊന്നിരിക്കുന്നു!

പതിവുപോലെ ചിലഭീകരർ ഇതും ന്യായീകരിച്ചും ലളിതവത്കരിച്ചും വരുമായിരിക്കും. അവരിൽ ചിലർക്ക് ന്യായം; മുമ്പ് സിപിഐഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചകേസിലെ പ്രതികളായിരുന്നു എന്നാണ്. എന്നാൽ ഈ കൊലകൾക്ക് പിന്നിൽ സിപിഐഎം അല്ല എന്ന് അവരുടെ ജില്ലാ സെക്രട്ടറി ഉറപ്പിച്ചും തറപ്പിച്ചും പറയുകയും ഭീകരാക്രമണത്തെ അപലപിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസവും അതിനു മുമ്പും നടന്ന ഭീകരാക്രമണങ്ങളിൽ നിരവധി സൈനികർ കൊല്ലപ്പെട്ടു, സാധാരണക്കാരായ നിരപരാധികളായ ആളുകളും കൊല്ലപ്പെട്ടിരുന്നു. പലതിന്റെ ഉത്തരവാദിത്വം ചില ഭീകരർ സ്വയം ഏറ്റെടുത്തിരുന്നു. ചിലത് ഇപ്പോഴും അവർ ഏറ്റെടുത്തിട്ടും ഇല്ല. അവരും പറയുന്ന ന്യായം ഇതുപോലെ തന്നെയല്ലേ? ‘ഞങ്ങളുടെ ആളുകളെ സൈന്യം നിരന്തരം വേട്ടയാടുന്നു, അതിനുള്ള തിരിച്ചടിയാണ്...‘ രണ്ടും കൂടി താരതമ്യം ചെയ്യുമ്പോൾ ചൂടായിട്ട് കാര്യമില്ല, നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മനുഷ്യരെ വെട്ടിക്കൊല്ലുന്നത് ഭീകരപ്രവർത്തനവും അത്തരക്കാരെ പിന്തുണക്കുന്നവരെയും സംരക്ഷിക്കുന്നവരെയും അത്തരക്കാർക്ക് ഓശാനപാടുന്നവരെയും ഭീകരവാദികളായി തന്നെ കാണണം. കർശനമായ ശിക്ഷകൾ നടപ്പിലാക്കണം. കൊലപാതകികൾക്ക് സ്വീകരണമൊരുക്കുന്ന നാടാണ്, കൊലക്കേസുകളിൽ ഉള്ളിൽ കിടക്കുന്ന ഭീകരന്മാർക്ക് പരോളിനു വേണ്ടി നിലവിളിക്കുന്ന ടീമാണ് നാടുഭരിക്കുന്നത്...

പത്തൊമ്പതുവയസ്സുള്ള അഭിമന്യുവിനെ ഭീകരവാദികൾ കുത്തിക്കൊന്നപ്പോൾ ബക്കറ്റ്പിരിവ് ഉഷാറാകാൻ വേണ്ടി മാത്രം സാഹിത്യരചനകൾ കൊണ്ട് ഉള്ള് പൊള്ളിച്ച പല പ്രമുഖരുടെയും ടൈം ലൈനിലൂടെ കടന്നുപോയി.... അവരിതൊന്നും അറിഞ്ഞിട്ടുപോലുമില്ല! നാട്ടിലൊരു പൂച്ചപെറ്റാൽ പോലും നെടുനീളൻ പോസ്റ്റുകളിട്ട് വായനക്കാരുടെ ഉള്ളിൽ പൂച്ചക്കുട്ടികളോട് സഹാനുഭൂതിയും അനുകമ്പയും ഉണ്ടാക്കുന്ന ടീമുകളാണ്, രണ്ടു ചെറുപ്പക്കാരെ വെട്ടിക്കൊന്നതറിഞ്ഞിട്ടും മൗനത്തിന്റെ ആഴങ്ങളിൽ ഒളിച്ചിരിക്കുന്നത്. മറ്റുള്ളവർ എഴുതിയത് കോപ്പിയടിച്ചിട്ടെങ്കിലും ഒരു പോസ്റ്റ് ഉണ്ടോന്ന് നിങ്ങളൊന്ന് നോക്കുക, കാണാൻ സാധ്യതയില്ല! അതാണു ഇത്തരം ഭീകരത നാട്ടിൽ നിറഞ്ഞാടാനുള്ള മുഖ്യ കാരണങ്ങളിലൊന്നും.

‘നാൻ പെത്ത മകനേ...‘ എന്ന അഭിമന്യുവിന്റെ അമ്മയുടെ വിലാപം എത്ര കോടി ജനങ്ങളിലേക്ക് നോവായ് പെയ്തിറങ്ങാൻ നിങ്ങളുടെ പോസ്റ്റുകൾക്കൊണ്ട് കഴിഞ്ഞു? അപ്പേരിലൊരു കച്ചവട ചലച്ചിത്രം തന്നെ നിർമ്മിക്കാനും, കേരളത്തിന്റെ ധനമന്ത്രിയെക്കൊണ്ടുപോലും പ്രമോട്ട് ചെയ്യിക്കാനും കഴിഞ്ഞു. എന്നിട്ടും അഭിമന്യുവിന്റെ യഥാർഥ കൊലയാളികളെ പിടികൂടാൻ അവന്റെ ആരാധ്യരായ ഭരണകർത്താക്കൾക്ക് പോലും സാധിച്ചില്ല. അതാണു, പണം പിരിവിനെരിവുകൂട്ടാൻ വേണ്ടി മാത്രമുള്ള ഇന്ധനമായിരുന്നു അന്നത്തെ പല പോസ്റ്റുകളും എന്ന് മുകളിൽ പറഞ്ഞത്. അന്ന് ആദ്യമായി ‘വർഗീയത തുലയട്ടെ’ എന്ന് കേരളത്തിലെ മതിലുകൾ മുഴുവൻ ‘പ്രാകി നടക്കാൻ’ കുറേ പേരുണ്ടായിരുന്നു. എന്നിട്ട് എന്തായി...? (bit.ly/KSGoD) വർഗീയത മാത്രമല്ല, ഇത്തരം രാഷ്ട്രീയ ഭീകര കൊലപാതകങ്ങളും തുലയട്ടെ എന്ന് ലോകമവസാനിക്കുന്നതിനു മുമ്പെങ്കിലും നിങ്ങൾക്ക് പറയാൻ കഴിയുമോ...?

കാലത്ത് നാട്ടിലെ ചായക്കടയിൽ ഇന്നലത്തെ ഈ ഭീകരാക്രമണത്തെ കുറിച്ച് പറഞ്ഞപ്പോൾ പ്രായമുള്ള ചിലരുടെ വായിൽ നിന്ന് വീണ വാക്കുകൾ, ‘അവന്മാരെന്തിനാണ് രാത്രി വീട്ടിലിരിക്കാതെ പുറത്ത് കറങ്ങി നടന്നത്’ എന്നായിരുന്നു. രാത്രി പുറത്തിറങ്ങി നടക്കുന്ന മനുഷ്യരെ മുഴുവൻ വെട്ടിക്കൊല്ലണം എന്നാണോ നിങ്ങളൊക്കെ പാർട്ടി ക്ലാസുകളിൽ നിന്ന് പഠിക്കുന്നത് എന്ന് അല്പം രൂക്ഷമായി ചോദിക്കേണ്ടി വന്നു. എന്തിനുവേണ്ടിയാണ് ഇവരിങ്ങനെ ഭീകരർക്കുവേണ്ടി വക്കാലത്തേൽക്കുന്നത്? സ്വന്തം പാർട്ടിക്കാരനാണ് കൊല്ലപ്പെട്ടതെങ്കിൽ മാത്രം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കരച്ചിലും കണ്ണീരും കാണുകയും എതിർ പാർട്ടിക്കാരനാണെങ്കിൽ അവനൊക്കെ കൊല്ലപ്പെടേണ്ടവർ തന്നെ ആയിരുന്നു എന്ന് തീരുമാനിക്കുകയും ചെയ്യുന്ന അണികളെ വർഗീയവാദികൾ എന്നേ വിളിക്കാൻ കഴിയുകയുള്ളൂ...

ഉത്തരേന്ത്യയിൽ സ്വന്തം പാർട്ടി ഭരിക്കുന്നു, നമ്മെ ഒന്നും ചെയ്യില്ല എന്ന ധാർഷ്ഠ്യത്താൽ പശുവിന്റെ മാംസം കൈവശം ഉണ്ടെന്ന് ആരോപിച്ച് ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുന്നു. ഇവിടെ അതിനെതിരെ ബീഫ് വരട്ടിക്കഴിച്ചു പ്രതിഷേധിച്ച്, നമ്മുടെ പാർട്ടി ഭരിക്കുമ്പോൾ നമ്മുടെ പ്രവർത്തകരെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായി എന്നപേരിൽ പാർട്ടിഗുണ്ടകൾ വന്ന് വെട്ടിക്കൊല്ലുന്നു. എന്തുജാദി ഉളുപ്പില്ലായ്മയാണു നിങ്ങളുടെയൊക്കെ രാഷ്ട്രീയം? എത്ര തരംതാഴ്ന്നതാണ് നിങ്ങളുടെ ഈ മൗനം...? എത്രമാത്രം ഊളത്തരമാണ് നിങ്ങളുടെ ഈ നിസാരവത്കരണം?

ആളെ കൊല്ലുന്ന രാഷ്ട്രീയപാർട്ടികളെയും, കൊലകളെയും കൊലപാതകികളെയും ന്യായീകരിക്കുന്ന, മഹത്വവത്കരിക്കുന്ന, നിസ്സാരവത്കരിക്കുന്ന എല്ലാവരെയും ഭീകരവാദികളായി കണക്കാക്കുക... ഒറ്റപ്പെടുത്തുക...

- മലയാളി പെരിങ്ങോട്

No comments:

Post a Comment