മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Friday, October 27, 2017

താജ്മഹലിനെ കാവി പുതപ്പിക്കുമ്പോള്‍

താജ്മഹലിനെ 

കാവി പുതപ്പിക്കുമ്പോള്‍ 

 


വിശ്വവിസ്മയങ്ങളില്‍ ഒന്നായ താജ്മഹലിനെതിരെ ഉത്തര്‍പ്രദേശിലെ ബി ജെ പി എം എല്‍ എ സംഗീത് സോം തൊടുത്തുവിട്ട വിവാദ പരാമര്‍ശം ചര്‍ച്ചയുടെയും സംവാദത്തിന്റെയും പുതിയ മേച്ചില്‍ പുറങ്ങളിലാണ്. രാജ്യദ്രോഹികള്‍ നിര്‍മിച്ച താജ്മഹലിന് ചരിത്രപരമായ ഒരു പ്രസക്തിയും അവകാശപ്പെടാനില്ലെന്നും പൊളിച്ചു നീക്കുകയാണ് വേണ്ടതെന്നുമായിരുന്നു സംഗീത് സോമിന്റെ പരാമര്‍ശം. നേരത്തെ തന്നെ മുസ്‌ലിംവിരുദ്ധവും വര്‍ഗീയച്ചുവയുള്ളതുമായ പ്രസംഗങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള സോമിന്റെ പുതിയ പരാമര്‍ശവും പ്രഥമദൃഷ്ട്യാ മുസ്‌ലിംവിരുദ്ധ വാക് കസര്‍ത്ത് എന്ന നിലയിലാണ് ചിത്രീകരിക്കപ്പെട്ടത്.

എന്നാല്‍ മുസ്‌ലിംകള്‍ക്കെതിരെയല്ല, ഇന്ത്യയുടെ സാംസ്‌കാരിക അസ്തിത്വത്തിനു നേരെയുള്ള ഒളിയാക്രമണമായിരുന്നു അതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രതികരണങ്ങളില്‍ തന്നെ തെളിഞ്ഞുവരുന്നുണ്ട്. താജ്മഹലിനെതിരായ നീക്കം എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്. മുസ്‌ലിംവിരുദ്ധ നീക്കം എന്നോ താജ്മഹലിന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ച് അജ്ഞരായ വ്യക്തികള്‍ നടത്തുന്ന ജല്‍പനമെന്നോ പറഞ്ഞ് അതിനെ ഒതുക്കാനാവുമെന്ന് കരുതുന്നില്ല. സംഗീത് സോമിന്റെ പരാമര്‍ശത്തിന് വിനയ് കത്യാറും സുബ്രഹ്മണ്യന്‍ സ്വാമിയും ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കളില്‍ നിന്നുണ്ടാകുന്ന തുടര്‍ പ്രതികരണങ്ങള്‍ അതിനു തെളിവാണ്.
2019ല്‍ രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുകയാണ്. മതവൈരം വളര്‍ത്തുന്ന പരാമര്‍ശങ്ങളിലൂടെ സാമുദായിക സംഘര്‍ഷങ്ങള്‍ പ്രോത്സാഹിപ്പിച്ചും വര്‍ഗീയ ചേരിതിരിവിന് വഴിയൊരുക്കിയും രാഷ്ട്രീയ നേട്ടത്തിന് മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദീര്‍ഘകാലമായി ബി ജെ പി പിന്തുടരുന്ന അടവുനയമാണ്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഇത്തരം സ്വഭാവമുള്ള ഏതെങ്കിലുമൊരു വിഷയം ബി ജെ പി തെരഞ്ഞുപിടിച്ച് മുന്നില്‍ നിര്‍ത്തിയിട്ടുണ്ടാകും. ഹിന്ദു ഭൂരിപക്ഷത്തിന്റെ സംരക്ഷകരായി സ്വയം ചമയുകയും ഭൂരിപക്ഷ വോട്ടു ബാങ്കിന്റെ ഏകീകരണം സാധ്യമാക്കി അധികാരത്തിലേക്ക് കുറുക്കുവഴികള്‍ തുറന്നിടുകയുമെന്നുള്ളതാണ് ആ തന്ത്രം.

എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്ര മുതല്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചയും ഇതിന്റെ തുടര്‍ച്ചയായി അരങ്ങേറിയ വര്‍ഗീയ കലാപങ്ങളും ഗുജറാത്തിലും മുസഫര്‍നഗറിലും കാന്ധമാലിലും അസമിലെ അതിര്‍ത്തി ജില്ലകളിലും അരങ്ങേറിയ വര്‍ഗീയ കലാപങ്ങളുമെല്ലാം ബി ജെ പിയുടെ ഈ രാഷ്ട്രീയ അടവു നയത്തോട് കണ്ണിചേര്‍ന്ന് കിടക്കുന്നതാണ്. അസഹിഷ്ണുതയും ബീഫിന്റെ പേരിലുള്ള ഭീകരതയുമെല്ലാം ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി എങ്ങനെ ആയുധമാക്കി എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അയോധ്യ വിഷയവും രാമക്ഷേത്ര നിര്‍മാണവുമെല്ലാം ഇനിയും പറഞ്ഞുകൊണ്ടിരുന്നാല്‍ പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കില്ലെന്ന വിശ്വാസം ബി ജെ പിക്ക് തന്നെയുണ്ട്.ബീഫിന്റെ പേരിലുള്ള വിവാദങ്ങള്‍ ബി ജെ പിയുടേയോ സംഘ്പരിവാറിന്റേയോ നിയന്ത്രണത്തില്‍ നഷ്ടമാവുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ വര്‍ഗീയ ചേരിതിരിവിന് കളമൊരുക്കാന്‍ പുതിയ വിഷയങ്ങള്‍ അവര്‍ക്ക് അനിവാര്യമാണ്. അതിനുവേണ്ടിയുള്ള ശ്രമം എന്ന നിലയില്‍ ഒരുപക്ഷേ സംഗീത് സോമിന്റെ വിവാദ പരാമര്‍ശങ്ങളെ വിലയിരുത്താം. എന്നാല്‍ താജ്മഹലിനെതിരായ പരാമര്‍ശങ്ങള്‍ എത്രത്തോളം മുസ്‌ലിം വിരുദ്ധമാണ് എന്ന ചോദ്യം പ്രസക്തമാണ്. കൃത്യമായി പറഞ്ഞാല്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി താജ്മഹലിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് ഒരു താല്‍പര്യവും ഇല്ലെന്ന് തന്നെ പറയാം.

പ്രണയിനിയുടെ മരിക്കാത്ത ഓര്‍മകള്‍ക്ക് സ്മാരകമായി മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ പണികഴിപ്പിച്ച ഈ സ്മൃതികുടീരം വിശ്വത്തെ വിസ്മയിപ്പിക്കുന്ന അതിന്റെ വാസ്തുശില്‍പ വൈദഗ്ധ്യം കൊണ്ടാണ് ലോകഭൂപടത്തില്‍ അടയാളപ്പെട്ടു കിടക്കുന്നത്. അല്ലാതെ മുസ്‌ലിം വിശ്വാസവുമായോ ആചാരവുമായോ ആത്മീയതയുമായോ ഒരു തരത്തിലും അത് ബന്ധപ്പെട്ടു നില്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ താജ്മഹല്‍ പൊളിച്ചുനീക്കുന്നതിനെ മുസ്‌ലിംകള്‍ മാത്രമായി എതിരിട്ടു തോല്‍പ്പിക്കുമെന്നോ തോല്‍പ്പിക്കേണ്ടതാണെന്നോ കരുതുന്നില്ല. ഇന്ത്യയിലെ മുസ്‌ലിം നിര്‍മിതികളും അടയാളങ്ങളും ഒന്നൊന്നായി ഉന്മൂലനം ചെയ്യാനുള്ള സംഘ്പരിവാര്‍ ആശയത്തിന്റെ ഭാഗമാണോ താജ്മഹലിനെതിരായ നീക്കമെന്ന സംശയം ഇല്ലാതില്ല. എന്നാല്‍ അത് അത്ര എളുപ്പമല്ല എന്നതിനാല്‍ തന്നെ കാര്യമായി ആശങ്കപ്പെടേണ്ടതുമില്ല. അതേസമയം ഇന്ത്യയുടെ അഭിമാന സ്തംഭങ്ങള്‍ക്കു നേരെയുള്ള അതിക്രമം എന്ന നിലയില്‍ മതത്തിനും ഭാഷക്കും ദേശത്തിനും അതീതമായ പ്രതിരോധം ബി ജെ പിയുടേയും സംഘ് പരിവാറിന്റെയും ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരേണ്ടതുണ്ട്. കാരണം ലോകത്തിനു മുന്നില്‍ തലയെടുപ്പോടെ നില്‍ക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്നതില്‍ ഇത്തരം സാംസ്‌കാരിക പൈതൃക നിര്‍മിതികള്‍ക്കുള്ള പ്രസക്തി ചെറുതല്ല.

പ്രണയിനിയും ജീവിതപങ്കാളിയുമായിരുന്ന മുംതാസിന്റെ ഓര്‍മ്മകള്‍ക്കായി യമുനാ നദിയുടെ തീരത്ത് ഷാജഹാന്‍ പണികഴിപ്പിച്ച താജ്മഹലിന്റെ സൃഷ്ടി വൈഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ നിഗൂഢതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആരാണ് താജ്മഹലിന്റെ യഥാര്‍ഥ ശില്‍പി, ഇത് രൂപകല്‍പ്പന ചെയ്തത് ആര് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും തര്‍ക്കമറ്റ ഉത്തരം ലഭ്യമല്ല. വെനീഷ്യന്‍ ശില്‍പ്പിയായ വെറോണിയോ, പേര്‍ഷ്യന്‍ ശില്‍പിയായ ഉസ്താദ് ഈസ, തുര്‍ക്കിഷ് വംശജനായ ഉസ്താദ് അഹമ്മദ് ലഹോറി തുടങ്ങിയവരുടെ പേരുകളെല്ലാം ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേള്‍ക്കുന്നവയാണ്. പേര്‍ഷ്യന്‍, തുര്‍ക്കിക്, സാരസണ്‍, യൂറോപ്യന്‍, രജപുത് വാസ്തുശില്‍പ ശൈലികളുടെ സമഞ്ജസമായ സമ്മേളനമാണ് താജ്മഹലിനെ വേറിട്ടതാക്കുന്നത്.

അതുകൊണ്ടുതന്നെ ഒന്നിലധികം ശില്‍പികളുടെയും വാസ്തുവിദഗ്ധരുടേയും കൈയൊപ്പ് ഈ മഹാസൗധത്തിന്റെ നിര്‍മിതിയിലുണ്ടെന്ന് വിശ്വസിക്കുന്നവരും കുറവല്ല. 20,000 ജോലിക്കാര്‍ 22 വര്‍ഷം കൊണ്ടാണ് താജ്മഹലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. മാര്‍ബിളില്‍ വര്‍ണ്ണക്കല്ലുകള്‍ ആലേഖനം ചെയ്ത ചിത്രങ്ങള്‍കൊണ്ട് അലംകൃതമായ താജ്മഹലിന്റെ അകംപുറം ലോകത്തെ വിസ്മയിപ്പിക്കുന്നത് വാസ്തുവിദ്യയുടെ അനിതരസാധാരണമായ പ്രയോഗം കൊണ്ടാണ്. ലോകാത്ഭുതങ്ങളില്‍ ഒന്നായി താജ്മഹലിനെ അടയാളപ്പെടുത്തുന്നതും ഈ സവിശേഷതകള്‍ തന്നെയാണ്. അതിനെ ഇല്ലാതാക്കുന്നത് മുസ്‌ലിം അസ്തിത്വത്തെയല്ല, ഇന്ത്യയുടെ അസ്തിത്വത്തെയാണ് ദുര്‍ബലപ്പെടുത്തുക. അത് തിരിച്ചറിഞ്ഞതുകൊണ്ടാകണം യോഗി ആദിത്യനാഥിനെപ്പോലുള്ളവര്‍ താജ്മഹല്‍ സംരക്ഷിക്കുമെന്ന വാദവുമായി രംഗത്തുവരാന്‍ കാരണം.

ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളില്‍ ആരും ഒരിക്കലെങ്കിലും പ്രണയത്തിന്റെ ഈ സ്മൃതികൂടീരം സന്ദര്‍ശിക്കാതെ രാജ്യം വിടുമെന്ന് കരുതുന്നില്ല. വര്‍ഗീയ വിദ്വേഷത്തിന്റെ മേലാപ്പു ചാര്‍ത്തി താജ്മഹലിനെ വിവാദങ്ങളില്‍ തളച്ചിടുന്നത് വിദേശ സഞ്ചാരികളെ അകറ്റുമോ എന്ന ഭയം ഒരു പക്ഷേ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ടാകും. മോദിയുടേയും യോഗിയുടേയും വാക്കുകളില്‍ ഈ ഭയം നിഴലിക്കുന്നുണ്ട്. ഏതു ചക്രവര്‍ത്തിയാണ് പണികഴിപ്പിച്ചതെന്നോ, എന്തിനു വേണ്ടിയാണ് നിര്‍മ്മിച്ചതെന്നോ വിഷയമല്ല, ഭാരത മാതാവിന്റെ മക്കളുടെ ചോരയും വിയര്‍പ്പുമാണ് താജ്മഹല്‍ എന്നും അത് സംരക്ഷിക്കുമെന്നുമുള്ള യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ തന്നെ ഉദാഹരണം. താജ്മഹലിന്റെ നിര്‍മ്മിതിയിലെ മുസ്‌ലിം അസ്തിത്വം മറച്ചുപിടിക്കാന്‍ യോഗി ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ടെന്നത് മറ്റൊരുകാര്യം. പാരമ്പര്യത്തില്‍ അഭിമാനിക്കാന്‍ കഴിയാതെ രാജ്യത്തിന് മുന്നോട്ടു പോകാനാകില്ലെന്നായിരുന്നു വിവാദങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. അതായത് താജ്മഹല്‍ എന്നത് രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെയും സാംസ്‌കാരിക അസ്തിത്വത്തിന്റെയും ഭാഗമാണെന്ന യാഥാര്‍ത്ഥ്യത്തെ ഈ ഭരണാധികാരികള്‍ അംഗീകരിക്കുകയും സംഗീത് സോമിനെപ്പോലുള്ളവരുടെ വാദങ്ങളെ തള്ളിക്കളയുകയും ചെയ്യുന്നുവെന്ന് ചുരുക്കം.

മുഗള്‍ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത് ഇന്ത്യയില്‍ അധിനിവേശം നടത്തിയാണെന്നും അതിനാല്‍ അവര്‍ രാജ്യദ്രോഹികള്‍ ആണെന്നുമുള്ള വാദമാണ് സംഗീത് സോമിന്റേത്. അതിനാല്‍ അവര്‍ നിര്‍മിച്ച താജ്മഹല്‍ പൊളിച്ചുനീക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സമാജ് വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അസംഖാനും എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും നടത്തിയ പ്രതികരണങ്ങളില്‍ ഈ വാദങ്ങള്‍ക്കുള്ള എല്ലാ മറുപടികളും ഉള്‍ചേര്‍ന്നിട്ടുണ്ട്. ചെങ്കോട്ടയും രാജ്യദ്രോഹികള്‍ നിര്‍മ്മിച്ചതാണെന്നും വര്‍ഷാവര്‍ഷം എന്തിനാണ് പ്രധാനമന്ത്രി അവിടെ ദേശീയ പതാക ഉയര്‍ത്താന്‍ പോകുന്നതെന്നുമായിരുന്നു അസദുദ്ദീന്‍ ഉവൈസിയുടെ ചോദ്യം. താജ്മഹല്‍ മാത്രമല്ല, രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്റ് ഹൗസ്, ചെങ്കോട്ട എന്നിവയെല്ലാം ഇതേ അടയാളം പേറുന്നവയാണെന്നും അവയും പൊളിക്കണമെന്നുമായിരുന്നു അസംഖാന്റെ പ്രതികരണം. മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാന്‍ തന്നെയാണ് വിശ്വപ്രസിദ്ധമായ ചെങ്കോട്ടയുടേയും ശില്‍പി.

സ്വാതന്ത്ര്യപ്പിറവിയുടെ ഓരോ പുലരിയിലും പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്നതും രാജ്യത്തെ അഭിസംബോധന ചെയ്യുന്നതും ചെങ്കോട്ടയില്‍ വച്ചാണ്. മോദി പ്രധാനമന്ത്രിയായ ശേഷവും ഈ കീഴ്‌വഴക്കത്തിന് മാറ്റം വരുത്താത്ത പശ്ചാത്തലത്തില്‍ ഉവൈസിയുടെ വാക്കുകള്‍ പ്രസക്തമാണ്. അതിനേക്കാള്‍ ഒരു പടികൂടി കടന്നതാണ് രാഷ്ട്രപതി ഭവനും പാര്‍ലമെന്റ് മന്ദിരവും കൂടി പൊളിച്ചുമാറ്റേണ്ടിവരുമെന്ന അസംഖാന്റെ വാദം. മുഗള്‍ രാജവംശത്തിലെ ആദ്യ രണ്ടു രാജാക്കന്മാര്‍ മാത്രമാണ് പേര്‍ഷ്യന്‍ അസ്തിത്വമുള്ളവര്‍. തുടര്‍ന്നുവന്നവരെല്ലാം ഈ രാജ്യത്തുനിന്നുതന്നെ വിവാഹിതരാവുകയും ഈ മണ്ണുമായി ആത്മബന്ധം സ്ഥാപിക്കുകയും ചെയ്തവരായിരുന്നു.

ഒരേസമയം പേര്‍ഷ്യന്‍, രജപുത് പാരമ്പര്യം പേറുന്നവര്‍. അതുകൊണ്ടുതന്നെ മുഗള്‍ രാജവംശത്തെ അധിനിവേശ ശക്തികളായി വിശേഷിപ്പിക്കുന്നത് ബി ജെ പിയുടേയും സംഘ് പരിവാറിന്റെയും ചരിത്രത്തിന്റെ വക്രീകരണം മാത്രമാണ്. എന്നാല്‍ രാഷ്ട്രപതി ഭവനും പാര്‍ലമെന്റ് മന്ദിരവും പണികഴിപ്പിച്ച ബ്രിട്ടീഷുകാര്‍ അങ്ങനെയായിരുന്നില്ല. ഒരു തരത്തിലും ഇന്ത്യയുമായി ഇഴുകിച്ചേരാതിരിക്കുകയും മൂന്നര നൂറ്റാണ്ടിലധികം കാലം സ്വന്തം അസ്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ട് ഇന്ത്യയെ അടിമത്വത്തിനു കീഴില്‍ നിലനിര്‍ത്തുകയും ചെയ്ത കൊളോണിയല്‍ ശക്തികളാണ്. ആ നിലക്ക് സംഗീത് സോമിനെപ്പോലുള്ളവര്‍ പൊളിച്ചുനീക്കാന്‍ ആദ്യം ആവശ്യപ്പെടേണ്ടിയിരുന്നത് കോളോണിയല്‍ പാരമ്പര്യത്തിന്റെ ചരിത്രശേഷിപ്പുകളായ ഇത്തരം എടുപ്പുകളാണ്. ഇക്കാലമത്രയും എന്തേ സംഘ് പരിവാറിന്റെ ചിന്തകള്‍ ആ വഴിക്ക് പോകാത്തത് എന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം അവരുടെ താല്‍പര്യങ്ങള്‍ രാജ്യദ്രോഹികളോ അധിനിവേശ ശക്തികളോ അത് ബാക്കിവെക്കുന്ന ചരിത്ര ശേഷിപ്പുകളോ അല്ല. മറിച്ച് അന്ധമായ മുസ്‌ലിം വിരോധം മാത്രമാണ്. രാജ്യം മുഴുവന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുമ്പോള്‍ ബ്രിട്ടീഷ് ഭരണത്തെ പിന്തുണച്ച പാരമ്പര്യമാണ് സംഘ്പരിവാറിന്റേതെന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ.

തേജോ മഹാലയ എന്ന ശിവക്ഷേത്രം തകര്‍ത്ത് ആ സ്ഥാനത്താണ് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ താജ്മഹല്‍ നിര്‍മ്മിച്ചതെന്ന വാദമാണ് ബി ജെ പി നേതാവും പാര്‍ലമെന്റംഗവുമായ വിനയ് കത്യാര്‍ നിരത്തുന്നത്. അവിടെ ക്ഷേത്രം തന്നെയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. നേരത്തെതന്നെ ബി ജെ പിയും സംഘ്പരിവാറും ഉന്നയിച്ചിട്ടുള്ള വാദമാണ് ഇതെങ്കിലും പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അതിന് ഒന്നുകൂടെ അടിവരയിടാന്‍ ശ്രമിക്കുന്നുവെന്ന് മാത്രം. പൈതൃകത്തില്‍ അഭിമാനിച്ചുകൊണ്ടല്ലാതെ ഒരു രാജ്യത്തിനും മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു വിനയ് കത്യാറുടെ പരാമര്‍ശം. ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട് സി ബി ഐ കോടതിയുടെ പരിഗണനയിലുള്ള ഗൂഢാലോചനാ കേസുകളില്‍ പ്രതി കൂടിയാണ് വിനയ് കത്യാര്‍. ബാബരി ഗൂഢാലോചന പുനരന്വേഷിക്കാനുള്ള നീക്കം എല്‍ കെ അദ്വാനിയെ കുരുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രമാണെന്ന ആരോപണവുമായി നേരത്തെ വിനയ് കത്യാര്‍ രംഗത്തെത്തിയിരുന്നു.

ബി ജെ പിയിലെ മോദി വിരുദ്ധ ക്യാമ്പിന് ഊര്‍ജ്ജം പകരുന്ന നേതാക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. എങ്കിലും നേരത്തെ തന്നെ ഈ വിഷയത്തില്‍ അദ്ദേഹം കൈക്കൊണ്ടിട്ടുള്ള നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ താജ്മഹലുമായി ബന്ധപ്പെട്ട വാക്കുകള്‍ കേവലം മോദി വിരുദ്ധതയുടെ ഭാഗമാണെന്ന് കാണാനാവില്ല. മറിച്ച് സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമായേ കാണാനാവൂ. ചരിത്രവസ്തുതകളുടെ പിന്‍ബലമില്ലാത്ത ഇത്തരം വാദങ്ങള്‍ ബി ജെ പി, സംഘ്പരിവാര്‍ നേതാക്കള്‍ എഴുന്നള്ളിക്കുന്ന വിവരക്കേട് എന്ന നിലയില്‍ മാത്രമാണ് പലപ്പോഴും ചിത്രീകരിക്കപ്പെടാറ്. എന്നാല്‍ ഒരുനുണ നൂറുതവണ പറഞ്ഞ് സത്യമാണെന്ന് വരുത്തിത്തീര്‍ക്കുന്ന ബീബല്‍സിയന്‍ തന്ത്രത്തിന്റെ ആസൂത്രിതമായ ആവിഷ്‌കാരമാണെന്നതാണ് യാഥാര്‍ഥ്യം.

ഒരു പടികൂടി കടന്നതും വിചിത്രവുമായ വാദമാണ് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഉന്നയിച്ചിരിക്കുന്നത്. താജ്മഹല്‍ ശിവക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചതാണെന്നും അത് പൊളിക്കാതിരിക്കണമെങ്കില്‍ പകരം മൂന്ന് ക്ഷേത്രങ്ങള്‍(മുഗള്‍ ഭരണത്തിനു കീഴില്‍ തകര്‍ക്കപ്പെട്ടതെന്ന് ബി ജെ പി അവകാശപ്പെടുന്നവ) പുനര്‍നിര്‍മ്മിച്ചാല്‍ മതിയെന്നുമാണ് അദ്ദേഹത്തിന്റെ വാദം. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ വാദം ഇങ്ങനെ: ''ജെയ്പൂര്‍ രാജാവിന്റെ കൈയില്‍നിന്ന് തട്ടിയെടുത്ത ഭൂമിയിലാണ് താജ്മഹല്‍ നിര്‍മ്മിച്ചത്. അവിടെ ക്ഷേത്രം നിലനിന്നിരുന്നതായി തെളിവുകള്‍ ഉണ്ട്. എന്നാല്‍ താജ്മഹല്‍ തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. പകരം ഇന്ത്യയിലെ മുസ്‌ലിം ഭരണത്തിനു കീഴില്‍ തകര്‍ക്കപ്പെട്ട ആയിരക്കണക്കിന് ക്ഷേത്രങ്ങളില്‍ മൂന്ന് ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിച്ചു തന്നാല്‍ മതി. അയോധ്യയിലെ രാമക്ഷേത്രം, മഥുരയിലെ ശ്രീകൃഷ്ണക്ഷേത്രം, വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം എന്നിവയാണത്. ഈ മൂന്ന് ക്ഷേത്രങ്ങള്‍ പുനഃസൃഷ്ടിച്ചാല്‍ മറ്റ് ക്ഷേത്രങ്ങളെക്കുറിച്ച് പിന്നീട് ഞങ്ങള്‍ ആകുലപ്പെടില്ല.''

ബി ജെ പിയുടേയും സംഘ്പരിവാറിന്റെയും നിലപാടുകളിലെ കാപട്യത്തിന് ഇതില്‍പരം തെളിവുകള്‍ വേറെ വേണ്ട. മുസ്‌ലിം ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കിയെങ്കില്‍ മാത്രമേ ഈ ക്ഷേത്രങ്ങള്‍ ആര്‍ എസ് എസ് ആവശ്യപ്പെടുന്ന രീതിയില്‍ പുനര്‍നിര്‍മിക്കാനാകൂ. താജ്മഹല്‍ പൊളിക്കലല്ല, പള്ളി പൊളിക്കലാണ് തങ്ങളുടെ അജണ്ടയെന്ന് സംഘ്പരിവാര്‍ ഇതിലൂടെ വ്യക്തമാക്കുന്നു. പക്ഷേ അതിനു വേണ്ടി വിലപേശാനൊരുങ്ങുന്ന സുബ്രഹ്മണ്യ സ്വാമിമാര്‍ മനസ്സിലാക്കേണ്ട വസ്തുത, താജ്മഹല്‍ പൊളിക്കാന്‍ കേന്ദ്ര സര്‍ക്കാറോ ബി ജെ പിയോ സംഘ്പരിവാറോ തുനിഞ്ഞിറങ്ങിയാല്‍ വിശ്വാസത്തിന്റെ പേരില്‍ അതിനെ പ്രതിരോധിക്കാന്‍ ഒരു മുസ്‌ലിമിനും തെരുവിലിറങ്ങേണ്ടി വരില്ല എന്നതാണ്.

അയോധ്യയില്‍ രാമക്ഷേത്രം പൊളിച്ചാണ് മുഗള്‍ ഭരണാധികാരിയായിരുന്ന ബാബര്‍ പള്ളി നിര്‍മ്മിച്ചതെന്നത് ഉള്‍പ്പെടെയുള്ള ആര്‍ എസ് എസ് അവകാശവാദങ്ങളെ ചരിത്രവസ്തുതകളായി അവതരിപ്പിക്കുന്ന  കൈപുസ്തകങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്തുകൊണ്ടിരിക്കുന്നുവെന്ന വാര്‍ത്തകളെ അത്യന്തം ഗൗരവത്തോടെ കാണണം. വിദ്യാഭ്യാസ മേഖലയുടെ കാവിവല്‍ക്കരണത്തിനുള്ള സംഘ്പരിവാറിന്റെ ഗൂഢനീക്കങ്ങള്‍ കേരളത്തിലും തന്ത്രപരമായി നടപ്പാക്കിത്തുടങ്ങിയിരിക്കുന്നുവെന്ന് വേണം ഇതില്‍നിന്ന് മനസ്സിലാക്കാന്‍. സംഗീത് സോമും വിനയ് കത്യാറും സുബ്രഹ്മണ്യന്‍ സ്വാമിയും ഉന്നയിച്ച, ചരിത്ര സത്യങ്ങളുടെ തെല്ലും പിന്‍ബലമില്ലാത്ത വാദങ്ങള്‍ തന്നെയാണ് ഈ പുസ്തകത്തിലൂടെ ആര്‍ എസ് എസ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും.

'രാജ്യത്തിന്റെ അഖണ്ഡതക്കായി വീര രക്തസാക്ഷിത്വം വരിച്ച ആളാണ് ശ്യാമപ്രസാദ് മുഖര്‍ജി'യെന്ന് പറഞ്ഞ് ആര്‍ എസ് എസ് നേതാക്കളെ പുസ്തകത്തില്‍ മഹത്വവത്കരിക്കുന്നു. ഓണം വാമന ജയന്തിയാണ്, ഗാന്ധിജിക്കും ടാഗോറിനുമൊപ്പം സ്ഥാനമുള്ളവരാണ് സംഘ്പരിവാര്‍ നേതാക്കളായ ഹെഡ്‌ഗെവാറും ഗോള്‍വാര്‍ക്കറും, ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമരം 1977ല്‍ സന്യാസിമാരുടെ നേതൃത്വത്തിലാണ് നടന്നത്, ശ്രീകൃഷ്ണന്റെ ജനന സ്ഥലമായ മഥുരയിലും അമ്പലം പൊളിച്ച് പള്ളി പണിതു തുടങ്ങിയ വാദങ്ങളെല്ലാം ഈ പുസ്തകത്തില്‍ ഉള്‍കൊള്ളുന്നുണ്ട്. വിമാനം കണ്ടെത്തിയത് റൈറ്റ് സഹോദരന്മാരല്ല, മറിച്ച് ഇന്ത്യക്കാരാണ് തുടങ്ങിയതു പോലുള്ള പമ്പര വിഡ്ഢിത്തങ്ങള്‍ വേറെയും. നേരത്തെ പറഞ്ഞതുപോലെ നുണ നൂറുതവണ ആവര്‍ത്തിച്ച് സത്യമാക്കാനുള്ള ശ്രമമാണിത്. അതിനു വേണ്ടി യാഥാര്‍ഥ്യവുമായി വിദൂരബന്ധം പോലുമില്ലാത്ത കാര്യങ്ങളെ ലവലേശം നാണമില്ലാതെ അവതരിപ്പിക്കുകയും ചെയ്യുന്നു.

താജ്മഹലിന്റെയും മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയുമെല്ലാം കാര്യത്തില്‍ സംഘ് പരിവാര്‍ നടപ്പാക്കുന്നത് ഇതേ അജണ്ടകള്‍ തന്നെയാണ്. ശ്രീരാമന്‍ എന്നത് ദൈവസങ്കല്‍പ്പവും ഐതിഹ്യ കഥാപാത്രവും മാത്രമാണ് എന്നതുപോലെത്തന്നെയാണ് ശ്രീകൃഷ്ണന്റെയും  മിഥുലാപുരിയുടേയുമെല്ലാം കാര്യവും. ദേവകിയുടെ എട്ടാമത്തെ മകന്‍ തന്റെ അന്തകനായിരിക്കുമെന്ന അശരീരി കേട്ട അമ്മാവന്‍ കംസന്‍ ദേവകിയേയും ഭര്‍ത്താവ് വസുദേവരേയും ജയിലില്‍ അടച്ചെന്നും ഇരുവര്‍ക്കുമുണ്ടായ ആദ്യ ആറ് കുട്ടികളേയും നിഷ്‌കരുണം വധിച്ചെന്നുമാണ് പുരാണകഥ. മിഥുലാപുരിയിലെ ഈ ജയിലില്‍ വച്ചാണ് ശ്രീകൃഷ്ണന്‍ ജനിച്ചതെന്നത് പുരാണകഥ മാത്രമാണ്.

ശ്രീകൃഷ്ണന്റെ പേരിലുള്ള ക്ഷേത്രവും ഇന്ന് മഥുരയിലുണ്ട്. എന്നാല്‍ സമീപത്തെ ഷാഹി പള്ളിയുടെ കോമ്പൗണ്ടിനകത്താണ് ശ്രീകൃഷ്ണന്‍ ജനിച്ചുവീണ ജയില്‍ നിലനിന്നിരുന്നതെന്നും അതിനാല്‍ അവിടെ തന്നെ ക്ഷേത്രം പണിയണമെന്നുമാണ് സംഘപരിവാറിന്റെ ആവശ്യം. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിതരണം ചെയ്യുന്ന പുസ്തകത്തിലും ശ്രീകൃഷ്ണ ക്ഷേത്രം തകര്‍ത്ത് പള്ളി നിര്‍മ്മിച്ചതായി പറയുന്നുണ്ട്. താജ്മഹലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പുതിയ വിവാദങ്ങളും ഏതെങ്കിലുമൊരു തരത്തില്‍ സംഘ് പരിവാറിന്റെ ഇത്തരം അജണ്ടകളുമായി കണ്ണിചേരുന്നുണ്ട്. ബാബരി മസ്ജിദ് ധ്വംസനം പോലെയോ ഇന്ത്യയിലെ മറ്റ് മുസ്‌ലിം ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍ നടത്തുന്ന ഗൂഢ നീക്കങ്ങള്‍ പോലെയോ താജ്മഹല്‍ വിവാദം മുസ്‌ലിം ന്യൂനപക്ഷങ്ങളെ ആശങ്കപ്പെടുത്തില്ല. അതേസമയം തന്നെ ഇന്ത്യയിലെ മുസ്‌ലിം അടയാളങ്ങളെ തൂത്തെറിയാനുള്ള സംഘ് പരിവാറിന്റെ അജണ്ടയായി ഇതിനെ കാണാതിരിക്കാനും കഴിയില്ല.

താജ്മഹലുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു പിന്നില്‍ ബി ജെ പിയുടെ രാഷ്ട്രീയ താല്‍പര്യമാണെന്ന വാദങ്ങളെയും തള്ളിക്കളയാന്‍ കഴിയില്ല. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുകയാണ്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കും ഇനി അധിക ദൂരമില്ല. നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ നരേന്ദ്രമോദിയുടെ ഭരണം ഇന്ത്യന്‍ ജനതക്കും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കും സമ്മാനിച്ചത് തീരാനഷ്ടങ്ങളും ദുരിതങ്ങളും മാത്രമാണ്. വികസനമോ ഭരണ നേട്ടങ്ങളോ അവകാശപ്പെടാന്‍ ഇല്ലാതെയാണ് ഈ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലേക്ക് കാലെടുത്ത് വെക്കുന്നത്.

നോട്ടുനിരോധനം പോലെ സാമാന്യ യുക്തി പോലും പരിഗണിക്കാതെ നടത്തിയ പ്രഖ്യാപനങ്ങള്‍ അമ്പേ പരാജയമായിരുന്നുവെന്നത് റിസര്‍വ് ബാങ്ക് തന്നെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കിയതാണ്. ധൃതിപ്പെട്ട് ചരക്കുസേവന നികുതി നടപ്പാക്കിയതിനെതുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ വേറെയും. നോട്ടു നിരോധനവും ജി എസ് ടിയും കാരണം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു.

സ്വന്തം വീഴ്ചകള്‍ കൊണ്ട് ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയാകെ തകര്‍ച്ചയിലേക്ക് നയിച്ചതിന് തെരഞ്ഞെടുപ്പ് വേളയില്‍ മറുപടി നല്‍കാന്‍ ബി ജെ പിയും മോദിയും നിര്‍ബന്ധിരാകും. ആദ്യനാളുകളിലെ ഭരണപരാജയത്തിന് മറയിടാന്‍ ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങളേും അസഹിഷ്ണുതയും ദളിത് വേട്ടയുമെല്ലാമാണ് ബി ജെ പി ഉപകരണമാക്കിയത്. അവയെല്ലാം നിര്‍വീര്യമായിക്കഴിഞ്ഞ പശ്ചാത്തലത്തില്‍ പുതിയ ആയുധങ്ങള്‍ പുറത്തെടുക്കേണ്ടിയിരിക്കുന്നു. ഭരണ പരാജയത്തിന് മറയിടാനുള്ള ഏറ്റവും നല്ല ആയുധം വര്‍ഗീയതയാണെന്ന് ബി ജെ പി തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്. അതുകൊണ്ടുതന്നെയാണ് വീണ്ടും അതുതന്നെ അവര്‍ ആവനാഴിയില്‍നിന് പുറത്തെടുക്കുന്നത്. അയോധ്യയും രാമക്ഷേത്ര നിര്‍മാണവും പഴയതുപോലെ ക്ലച്ചു പിടിക്കാത്ത സാഹചര്യത്തില്‍ താജ്മഹലിന്റെ പേരില്‍ എന്തെങ്കിലും സാധ്യതകള്‍ ഉണ്ടോ എന്ന പരീക്ഷണമാണ് ബി ജെ പി നടത്തുന്നത്.

എന്നാല്‍ ഇത്തരം ഓരോ തെരഞ്ഞെടുപ്പ് പരീക്ഷണങ്ങള്‍ക്കു മറവിലും സംഘ് പരിവാറിന്റെ വര്‍ഗീയ താല്‍പര്യങ്ങള്‍ ഇന്ത്യന്‍ സാമൂഹ്യ പശ്ചാത്തലത്തിലേക്ക് അവര്‍ ഭദ്രമായി ഒളിച്ചുകടത്തുന്നുണ്ട്. ബാബരി മസ്ജിദ് ധ്വംസനവും ഗുജറാത്തിലും മുസഫര്‍നഗറിലും അസമിലുമെല്ലാം അരങ്ങേറിയ കൊലപാതകങ്ങളും പരിശോധിക്കുമ്പോള്‍ അത് വ്യക്തമാകും. അതുകൊണ്ടുതന്നെ താജ്മഹല്‍ വിവാദത്തേയും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മാത്രമുള്ള അജണ്ടയായി കാണാനാവില്ല. ഏകമത രാജ്യമെന്ന സംഘ്പരിവാറിന്റെ പ്രഖ്യാപിത അജണ്ട നടപ്പാക്കുന്നതിലേക്കുള്ള ചുവടുവെപ്പുകളാണ് ഇവ ഓരോന്നും. 

-എപി അന്‍ഷിദ്‌


------
കവർസ്റ്റോറി,
ശബാബ് വാരിക,
2017 ഒക്ടോബർ 27

1 comment:

  1. തേജോ മഹാലയ എന്ന ശിവക്ഷേത്രം തകര്‍ത്ത് ആ സ്ഥാനത്താണ് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ താജ്മഹല്‍ നിര്‍മ്മിച്ചതെന്ന വാദമാണ് ബി ജെ പി നേതാവും പാര്‍ലമെന്റംഗവുമായ വിനയ് കത്യാര്‍ നിരത്തുന്നത്. അവിടെ ക്ഷേത്രം തന്നെയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. നേരത്തെതന്നെ ബി ജെ പിയും സംഘ്പരിവാറും ഉന്നയിച്ചിട്ടുള്ള വാദമാണ് ഇതെങ്കിലും പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അതിന് ഒന്നുകൂടെ അടിവരയിടാന്‍ ശ്രമിക്കുന്നുവെന്ന് മാത്രം. പൈതൃകത്തില്‍ അഭിമാനിച്ചുകൊണ്ടല്ലാതെ ഒരു രാജ്യത്തിനും മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു വിനയ് കത്യാറുടെ പരാമര്‍ശം. ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട് സി ബി ഐ കോടതിയുടെ പരിഗണനയിലുള്ള ഗൂഢാലോചനാ കേസുകളില്‍ പ്രതി കൂടിയാണ് വിനയ് കത്യാര്‍. ബാബരി ഗൂഢാലോചന പുനരന്വേഷിക്കാനുള്ള നീക്കം എല്‍ കെ അദ്വാനിയെ കുരുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രമാണെന്ന ആരോപണവുമായി നേരത്തെ വിനയ് കത്യാര്‍ രംഗത്തെത്തിയിരുന്നു.

    ReplyDelete