മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Saturday, September 30, 2017

പവിത്ര മാസങ്ങളും മുഹര്‍റത്തിലെ ദുരാചാരങ്ങളും | അബ്ദുൽ ജബ്ബാർ തൃപ്പനച്ചി

Malayali Peringode, Malayaali, Muharram, Muharam, Shiaa, Sunni, Abdul Jabbar Thrippanachi, Trippanachi, Shabab, Shabab Weekly, തൃപ്പനച്ചി, മുഹർറം, മുഹറം, മലയാളി, പെരിങ്ങോട്, ശബാബ്, ശബാബ് വാരിക, അനാചാരം, അന്ധവിശ്വാസം, ഇസ്‌ലാം, ഇസ്ലാം

മുസ്‌ലിം സമുദായത്തില്‍ കണ്ടുവരുന്ന ഒട്ടേറെ ആചാരങ്ങളും സമ്പ്രദായങ്ങളും ഇസ്‌ലാമുമായി ബന്ധമുള്ളതല്ല. പല കാലങ്ങളിലായി മറ്റു പല സമൂഹങ്ങളില്‍ നിന്നും പകര്‍ന്ന ആചാരങ്ങള്‍ അവയിലുണ്ട്. ഒരു സമൂഹം ഒന്നടങ്കം ഇസ്‌ലാമിലേക്കു വരികയും എന്നാല്‍ ഇസ്‌ലാം എന്തെന്ന് കൂടുതല്‍ പഠിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അവരില്‍ അവശേഷിക്കുന്ന ആചാരങ്ങള്‍ മുസ്‌ലിംകളായ ശേഷവും കൊണ്ടുനടക്കാറുണ്ട്. യഥാര്‍ഥത്തിലുള്ള വിശ്വാസാചാരങ്ങളെ വികലമായി പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നവരുമുണ്ട്. ഇവയില്‍ പലതും മതാചാരങ്ങളാണെന്ന ധാരണയില്‍ അറിവില്ലാത്ത ജനത അനുഷ്ഠിക്കുകയാണ്. മുഹര്‍റം മാസത്തില്‍ ഇത്തരം നിരവധി അനാചാരങ്ങള്‍ ആചരിച്ചുവരുന്നുണ്ട്.

ഹിജ്‌റ വര്‍ഷത്തിലെ ഒന്നാമത്തെ മാസമായ മുഹര്‍റം ആദരണീയമായി അല്ലാഹു നിശ്ചയിച്ചതാണ്. ആകാശഭൂമികള്‍ സംവിധാനിച്ചതു മുതല്‍ മാസങ്ങള്‍ പന്ത്രണ്ടായി അല്ലാഹു നിശ്ചയിച്ചത് പ്രകൃതിയിലെ ഒരു അന്യൂന വ്യവസ്ഥയാണ്. അവയില്‍ നാലെണ്ണം ആദരണീയ മാസങ്ങളാണ് എന്ന് അല്ലാഹു നമ്മെ അറിയിക്കുന്നു (വി.ഖു. 36). അല്ലാഹുവിന്റെ മാസം (ശഹ്‌റുല്ലാഹ്) എന്നാണ് മുഹര്‍റത്തിന് നബി(സ) നല്കിയ വിശേഷണം (ബുഖാരി). ആദരണീയമാസത്തില്‍ അതിക്രമങ്ങളോ യുദ്ധമോ ചെയ്യുന്നത് നിഷിദ്ധമാണ്.

നാലു മാസങ്ങള്‍ ഏതൊക്കെയെന്ന് നബി(സ) വിശദീകരിച്ചുതന്നു. ഹജ്ജും അതിനു വേണ്ടിയുള്ള യാത്രകളും മറ്റുമായി ബന്ധപ്പെട്ട ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നീ തുടര്‍ച്ചയായ മൂന്നു മാസങ്ങളും റജബ് എന്ന മറ്റൊരു മാസവുമാണ് ഈ പവിത്രമാസങ്ങള്‍. ഈ മാസങ്ങളുടെ ആദരണീയത നിലനിര്‍ത്തുന്നവരായിരുന്നു പ്രവാചകന് മുമ്പുണ്ടായിരുന്ന, ജാഹിലിയ്യ കാലത്തെ അറബികളും. അല്ലാഹു ആദരിച്ച ചിഹ്നങ്ങളെ ആദരിക്കുന്നത് ഭക്തിയുടെ ഭാഗമാണ് എന്ന് (22:32) ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

മുഹര്‍റം മാസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ മാസം പത്താംദിനം ആശൂറാഅ് എന്നറിയപ്പെടുന്നു. ആ ദിനത്തില്‍ വ്രതമെടുക്കല്‍ പ്രവാചകചര്യയില്‍ പെട്ടതാണ്. ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജാഹിലിയ്യ കാലത്ത് ഖുറൈശികള്‍ ആശൂറാഅ് വ്രതമെടുത്തിരുന്നു. മുഹമ്മദ് നബിയും (പ്രവാചകത്വത്തിനു മുമ്പ്) ഈ നോമ്പ് അനുഷ്ഠിച്ചിരുന്നു. മദീനയിലെ യഹൂദികളും ഈ നോമ്പെടുത്തിരുന്നു. മുഹമ്മദ് നബി(സ) ഇസ്‌ലാം പ്രബോധനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ആശൂറാഅ് വ്രതം അനുഷ്ഠിക്കുകയും അനുയായികള്‍ക്ക് വ്രതം നിഷ്‌കര്‍ഷിക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ അടിസ്ഥാന അനുഷ്ഠാനമായ റമദ്വാന്‍ വ്രതം നിര്‍ബന്ധമാക്കിയപ്പോള്‍ ആശൂറാഅ് ഐച്ഛികമായി പരിഗണിച്ചു. (ബുഖാരി)

ഫറോവയുടെ മര്‍ദനത്തില്‍ നിന്നും പീഡനത്തില്‍ നിന്നും എന്നെന്നേക്കുമായി മൂസാ(അ) യെയും വിശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തിയത് മുഹര്‍റം പത്തിനായിരുന്നു എന്ന് ഹദീസില്‍ കാണാം. അടുത്ത വര്‍ഷം ജീവിച്ചിരിക്കുകില്‍ മുഹര്‍റം ഒന്‍പതിനും താന്‍ നോമ്പ് അനുഷ്ഠിക്കുമെന്ന് നബി(സ) അവസാന കാലത്ത് വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിം സമുദായത്തില്‍ മുഹര്‍റം സംബന്ധിച്ച ധാരണകളും ആചാരങ്ങളും ഇതില്‍ നിന്നും തികച്ചും വ്യത്യസ്തവും പ്രമാണവിരുദ്ധവുമാണ്. അല്ലാഹു ആദരിച്ച വര്‍ഷാദ്യമാസത്തെ വരവേല്‍ക്കുന്നതിനു പകരം മ്ലാനവദനരായി ഒരു ദുശ്ശകുനത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വൈരുധ്യമാണ് കാണുന്നത്. മുഹര്‍റത്തിലെ ആദ്യ പത്തു ദിവസം നഹ്‌സ് അഥവാ ദുശ്ശകുനമായി ചില മുസ്‌ലിംകള്‍ കണക്കാക്കുന്നു! ജീവിതത്തിലെ പ്രധാനപ്പെട്ട ഏതെങ്കിലും നല്ല കാര്യങ്ങളിലേക്കു കാല്‍വെയ്പ് ഈ ദിവസത്തില്‍ നടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു! വിവാഹം, തൊഴില്‍, കച്ചവടം, വീടുവെക്കല്‍, വീട്ടില്‍ താമസംതുടങ്ങല്‍ തുടങ്ങിയ ഒരു കാര്യവും ചെയ്യാന്‍ പറ്റാത്ത അശുഭ മുഹൂര്‍ത്തമായി മുസ്‌ലിം സമുദായം ഈ പത്തുദിവസങ്ങളെ കണക്കാക്കുന്നു! ഇസ്‌ലാമിക പ്രമാണങ്ങളുമായി ബന്ധമില്ലാത്ത ഒരു വിശ്വാസമാണിത്. അല്ലാഹു ആദരിച്ച ദിവസങ്ങള്‍ നമ്മള്‍ ദുശ്ശകുനമായി കണക്കാക്കുകയോ? അത് പാടില്ല.

മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിനു മുമ്പ് ആ സമൂഹത്തില്‍ നടന്നിരുന്ന ചില കാര്യങ്ങള്‍ ഇസ്‌ലാമില്‍ അംഗീകരിക്കപ്പെട്ടു. ചില കര്‍മങ്ങള്‍ കുറ്റമറ്റതാക്കി. ഉദാഹരണത്തിന് ആശൂറാഅ് നോമ്പുതന്നെ മതിയല്ലോ. ഹജ്ജ് കര്‍മം ഖുറൈശികള്‍ ചെയ്തിരുന്നു. അതിലുള്ള ബഹുദൈവാരാധനാപരമായ തല്‍ബിയത്തും നഗ്നത്വവാഹ് പോലുള്ള തോന്നിവാസങ്ങളും ത്വവാഫുല്‍ ഇഫാദയിലെ വി ഐ പി പരിഗണന പോലുള്ള ആഢ്യത്വവും ഒഴിവാക്കുകയുണ്ടായി.

ജാഹിലിയ്യാകാലത്തുണ്ടായിരുന്ന അനേകം ആചാരങ്ങള്‍ നബി(സ) നിരാകരിക്കുകയും നിഷിദ്ധമാക്കുകയും ചെയ്തു. ശകുനം നോക്കലും ലക്ഷണം നോക്കലും സ്വഫര്‍ മാസത്തിന് നഹ്‌സ് കല്പിക്കലും മറ്റും അതില്‍പെട്ടതാണ്. നബി(സ) അക്കാര്യം അര്‍ഥശങ്കയ്ക്കിടമില്ലാത്തവിധം പ്രഖ്യാപിച്ചു: ''ലക്ഷണംനോക്കലോ സ്വഫര്‍ നഹ്‌സോ സാംക്രമികരോഗം ഭയന്നോടലോ പാടില്ല.'' ഇവ്വിഷയകമായി നിരവധി ഹദീസുകള്‍ കാണാം.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, നബി(സ) നിഷിദ്ധമാക്കിയതും മുസ്‌ലിംകള്‍ക്കിടയില്‍ ആചാരമായി മാറി! എന്നാല്‍ ഇത് സ്വഹാബികള്‍ മുഖേനയോ താബിഉകള്‍ മുഖേനയോ വന്നുകിട്ടിയതല്ല. പില്ക്കാലത്ത് മറ്റു പലരില്‍ നിന്നും കടന്നുകൂടുകയും അക്കാലത്തെ പണ്ഡിതന്മാര്‍ അതു വിലക്കാതിരിക്കുകയും ചെയ്തു. പ്രമാണനിബദ്ധമായ വിവേചനത്തിനു കഴിയാത്ത സാധാരണക്കാര്‍ വേണ്ടതും വേണ്ടാത്തതും ആചാരമാക്കി. ഇരുട്ടില്‍ വിറകുകെട്ടിയവന്‍ പാമ്പിനെയും കൂട്ടിക്കെട്ടി തലയിലെടുത്തുവെച്ചതുപോലെ!

പ്രവാചകനു ശേഷം മുസ്‌ലിം സമുദായത്തിലുണ്ടായ ചില അന്തഛിദ്രങ്ങള്‍ അന്ധവിശ്വാസങ്ങള്‍ കടന്നുകൂടുന്നതില്‍ പങ്കുവഹിച്ചു. അലി(റ)യുടെ പേരില്‍ വ്യാജമായി സംഘടിക്കപ്പെട്ട ശീഅ വിഭാഗത്തിന് ഇതില്‍ വലിയ പങ്കുണ്ട്. ശീഅകള്‍ ഉടലെടുക്കാന്‍ കാരണക്കാരായ അമവികളില്‍ ചിലര്‍ക്കും ഉത്തരവാദിത്വത്തില്‍ നിന്നു മാറാന്‍ കഴിയില്ല. മുഹര്‍റത്തിലെ ദുശ്ശകുനചിന്തയുമായി ഇതിനെന്തു ബന്ധം എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.

മൂന്നാം ഖലീഫ ഉസ്മാനി(റ)ന്റെ ഭരണകാലത്ത് മുസ്‌ലിംകള്‍ക്കിടയിലുണ്ടായ രാഷ്ട്രീയധ്രുവീകരണം, ഖലീഫവധം, അലി(റ), മുആവിയ(റ) എന്നിവരുടെ ഇരട്ട ഖിലാഫത്ത്, മുസ്‌ലിംകള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍, മധ്യസ്ഥത, വഞ്ചനയിലൂടെ അധികാരമുറപ്പിക്കല്‍, നാലാം ഖലീഫയുടെ വധം തുടങ്ങി ഒരുപാട് അരുതായ്മകള്‍ ഒന്നാം നൂറ്റാണ്ടില്‍ തന്നെ മുസ്‌ലിംകള്‍ക്കിടയിലുണ്ടായി. അമവീ ഖലീഫമാര്‍ തങ്ങളുടെ ആസ്ഥാനം കൂഫയില്‍ നിന്ന് ദമസ്‌കസിലേക്കു മാറ്റി. മുആവിയയ്ക്ക് ശേഷം മകന്‍ യസീദ് അധികാരമേറ്റു. കുടുംബാധിപത്യത്തില്‍ എതിര്‍പ്പുണ്ടായി. അലി(റ)യുടെ മകന്‍ ഹുസൈന്‍(റ) പോലുള്ള ചില പ്രമുഖര്‍ ഖിലാഫത്തിലെ ദുഷ്പ്രവണതകളെ എതിര്‍ത്തു. കൂഫക്കാര്‍ ഹുസൈനെ(റ) അങ്ങോട്ടു ക്ഷണിച്ചു. മുതിര്‍ന്ന സ്വഹാബികളുടെ വിലക്കുകള്‍ പരിഗണിക്കാതെ അദ്ദേഹം കൂഫയിലേക്കു പുറപ്പെട്ടു. യസീദിന്റെ കൂഫയിലെ ഗവര്‍ണര്‍ ഉബൈദുല്ലാഹിബ്‌നു സിയാദിന്റെ പട്ടാളം കര്‍ബലയില്‍ വെച്ച് ഹുസൈനെ(റ) തടഞ്ഞു. ന്യായമായ ആവശ്യങ്ങളോ സന്ധിവ്യവസ്ഥകളോ അംഗീകരിക്കാതെ പ്രവാചകന്റെ പേരമകന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. അത് ഒരു മുഹര്‍റം പത്തിനായിരുന്നു; ഹിജ്‌റ വര്‍ഷം 61ല്‍. അഥവാ പ്രവാചകന്റെ മരണത്തിനു ശേഷം അരനൂറ്റാണ്ടുകഴിഞ്ഞിട്ട്.

ഇത് ചരിത്രം. ചരിത്രത്തിലെ അപ്രിയസത്യം. ഈ സംഭവത്തോടെയാണ് യഥാര്‍ഥത്തില്‍ ശീഅ ഒരു കക്ഷിയായി രംഗത്തുവരുന്നത്. ഹുസൈന്‍ (റ) വധിക്കപ്പെട്ട ദിവസം അവര്‍ കരിദിനമായി കണക്കാക്കിയെങ്കില്‍ അത് സ്വാഭാവികം. എന്നാല്‍ മതത്തില്‍ അത് ആചാരമായിക്കൂടാ. ശീഅകള്‍ ഇന്നും മുഹര്‍റം ആചരിക്കുന്നത് രക്തപങ്കിലമായിട്ടാണ്. സ്വയംപീഡനം നടത്തി ദേഹത്തുനിന്ന് ചോരയൊലിപ്പിക്കുന്നത് ഇസ്‌ലാമികമല്ല. ആ ദുഃഖാചരണമായിരിക്കാം പ്രസ്തുത പത്തുദിവസം ശീഅകള്‍ ദുശ്ശകുനമായി കണക്കാക്കാന്‍ കാരണം. നിര്‍ഭാഗ്യമെന്നു പറയട്ടെ മറ്റു മുസ്‌ലിംകളും ഇക്കാര്യം സ്വന്തം ആചാരമായി കാണുന്നു! കതിരേത്, പതിരേത് എന്നു തിരിച്ചറിയാത്ത കുഞ്ഞാടുകളും അവരെ സ്വന്തം താല്പര്യത്തിനനുസരിച്ച് മേയ്ക്കുന്ന പൗരോഹിത്യവും മുസ്‌ലിംസമൂഹത്തിലും കടന്നുവരികയാണെന്നു തോന്നുന്നു!

ജാഹിലിയ്യത്തിലെ ശകുന- ദുശ്ശകുനവീക്ഷണം ശീഅ അടിത്തറയോടുകൂടി കടന്നുവന്നിട്ട് നൂറ്റാണ്ടുകള്‍ പഴക്കം ചെന്നപ്പോള്‍ ഒഴിവാക്കാനാവാത്ത ആചാരമായി മാറിയത് മുസ്‌ലിം സമുദായത്തില്‍! ഇതെത്ര മാത്രം വേദനാജനകമാണ്! കക്ഷി-സംഘടനാ വിഭാഗീയതകള്‍ക്കതീതമായി സമുദായത്തിലെ സാധാരണക്കാരെ ബോധ്യപ്പെടുത്തേണ്ട ഒരു സംഗതിയാണിത്. ''നബിയേ, പറയുക: കര്‍മങ്ങള്‍ ഏറ്റവും നഷ്ടകരമായിത്തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്കു പറഞ്ഞുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിച്ചുകൊണ്ടിരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്'' (16:103,104) 

No comments:

Post a Comment