ഓരോ ദിവസവും വാര്‍ത്താമാധ്യമങ്ങള്‍ നമുക്കെത്തിച്ചു തരുന്ന വിവരങ്ങളില്‍ നല്ലൊരു ഭാഗം കെട്ട വാര്‍ത്തകളാണ്. കൊല്ലും കൊലയും കുതികാല്‍ വെട്ടും കൊള്ളിവെപ്പും പീഡനവും ക്വട്ടേഷനും... നീളുന്ന പട്ടിക. ദുര്‍ബലര്‍ക്കു നേരെ നടമാടുന്ന ഹീനമായ അതിക്രമങ്ങള്‍. സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍. മതത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ നടക്കുന്ന അരുതായ്മകള്‍. അധികാരമുള്ളവരുടെ ഭാഗത്തുനിന്നുവരുന്ന കടുത്ത അനീതികള്‍ ഇങ്ങനെ എണ്ണിയാലൊതുങ്ങാത്ത സാമൂഹികമായ അധര്‍മങ്ങളെല്ലാം തന്നെ മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളും പോരായ്മകളുമായി കണക്കിലെടുക്കാം. അതിനെതിരെ ശബ്ദിക്കാം. നീതിന്യായ വ്യവഹാരങ്ങള്‍ നടത്തി നീതി തേടാം. ഒന്നുമില്ലെങ്കിലും ഒരു പരിധിയെത്തുമ്പോള്‍ അവരില്‍ നിന്നുതന്നെ നന്മ പ്രതീക്ഷിക്കാം. എന്നാല്‍ ഇവയേക്കാളെല്ലാം ഭയാനകമായ ഒരു കാര്യമുണ്ട്. ഉത്തരവാദിത്തം ഏല്പിക്കപ്പെട്ടവരും അധികാരം കൈവശമുള്ളവരും അവ ഉപയോഗിച്ച് അധര്‍മം പ്രവര്‍ത്തിക്കുക എന്നതാണത്. അല്ലെങ്കില്‍ അധികാരികള്‍ അധര്‍മത്തിനു കൂട്ടുനില്ക്കുക. അതുപോലെത്തന്നെ കൈയൂക്കുള്ളവന്‍ കാര്യങ്ങള്‍ നേടുന്നു എന്ന കാട്ടുനീതി. അതോടൊപ്പം പണത്തിനു മുന്നില്‍ ബാധ്യത മറക്കുന്നവര്‍ താക്കോല്‍ സ്ഥാനങ്ങളില്‍ വരുമ്പോഴുണ്ടാകുന്ന ദുരവസ്ഥ. ഈ സാമൂഹികാവസ്ഥ സൃഷ്ടിച്ചെടുക്കുന്ന ജീര്‍ണതയാണ് പണമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യം. ക്രിമിനലുകള്‍ക്ക് പരവതാനി വിരിക്കുന്ന അധികാരികള്‍ ഏറെ അപകടകാരികളാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ കയറിയിരിക്കുന്ന ജനപ്രതിനിധി സ്ത്രീ പീഡനത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ കേരള വര്‍ത്തമാനം.
സമൂഹത്തില്‍, ഏതു കോണില്‍ നിന്നായാലും, ഇത്തരം ജീര്‍ണതകള്‍ കടന്നുവരുമ്പോള്‍ അവയ്‌ക്കെതിരെ ബോധവത്ക്കരണവുമായി രംഗത്തുവരികയും സമൂഹത്തെ രക്ഷിച്ചെടുക്കുകയും ചെയ്യേണ്ട ബാധ്യത സ്വയം ഏറ്റെടുത്തവരാണ് ധാര്‍മിക മൂല്യങ്ങളിലൂന്നി നില്ക്കുന്ന മത പ്രവര്‍ത്തകരും പണ്ഡിതന്മാരും ആത്മീയ സ്ഥാപനങ്ങളും. വൈദ്യര്‍ക്കു വാതമെന്നത് പഴമൊഴിയാണ്. ഏതാണ്ടിതുപോലെ ആത്മീയ രംഗത്തുനിന്നും കെടുവാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ദൈവമായി അവരോധിക്കപ്പെട്ട സായിബാബയുടെ ആശ്രമത്തിലെ വെടിവയ്പുള്‍പ്പെടെയുള്ള കൈയാംകളികളും ദുര്‍നടപ്പിന് പിടിക്കപ്പെട്ട് കൂട്ടിലായ സ്വാമിമാരും സ്വന്തം മഠത്തിലെ കന്യാസ്ത്രീ ദുരൂഹമായി കൊല്ലപ്പെട്ടതിന് പതിറ്റാണ്ടുകള്‍ കഴിഞ്ഞ് പിടിക്കപ്പെട്ട പാതിരിമാരും ആത്മീയതയെ മാനഭംഗപ്പെടുത്തുന്ന സന്ദേശമാണ് സമൂഹത്തിന് നല്കുന്നത്. ഇവിടെയൊക്കെ നമുക്കാശ്വസിക്കാവുന്ന ഒരു കാര്യമുണ്ട്. അതായത് ആത്മീയ രംഗത്തു പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ഇവരും മനുഷ്യരാണല്ലോ, മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളും തജ്ജന്യമായ കൈക്കുറ്റപ്പാടുകളും ആരിലും വരാമല്ലോ എന്നതാണ് ആ ആശ്വാസം. എന്നാല്‍ ആത്മീയ പ്രവര്‍ത്തനം മാഫിയാ സ്റ്റൈലിലേക്കു മാറുകയും ആത്മീയതയും അന്ധവിശ്വാസവും കമ്പോളവത്ക്കരിച്ച് സ്വരുക്കൂട്ടിയ ശതകോടികളുപയോഗിച്ച് താന്തോന്നിത്തരം ചെയ്യുകയും ചെയ്യുന്ന തരത്തിലേക്ക് ആത്മീയ പ്രവര്‍ത്തകരില്‍ ചിലരെങ്കിലും എത്തിപ്പെട്ടിട്ടില്ലേ എന്ന് സമകാല വാര്‍ത്തകള്‍ നമ്മെ സംശയിപ്പിക്കുന്നു. വള്ളിക്കാവ് ആത്മീയാശ്രമത്തില്‍ ബീഹാര്‍ സ്വദേശിയായ സത്‌നാം സിംഗ് ദാരുണമായി കൊല്ലപ്പെട്ടിട്ട് കാലമെത്രയായി? കൊന്നതാര്, കൊല്ലിച്ചതാര്, സംഭവിച്ചതെന്ത് എന്ന് പുറം ലോകം അറിഞ്ഞില്ല. ദുര്‍ബലനായ ഇരയായതിനാല്‍ പിന്‍ബലവും കിട്ടിയില്ല. ഏറ്റവും ഒടുവിലിതാ കോഴിക്കോട് ജില്ലയിലെ മടവൂര്‍ സി എം മഖാം സെന്ററില്‍ പഠിക്കാന്‍ വന്ന ഒരു പാവം ബാലന്‍ ദാരുണമായി കൊല ചെയ്യപ്പെട്ട വാര്‍ത്ത ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ഏതാനും ദിവസം മുന്‍പ് (2017 ജൂലായ് 17) മടവൂര്‍ സി എം മഖാം സെന്റര്‍ സ്‌കൂളില്‍ ഒന്‍പതാം തരത്തില്‍ പഠിക്കുന്ന വയനാട് സ്വദേശി അബ്ദുല്‍ മജീദ് എന്ന കുട്ടി ദാരുണമായി കൊല്ലപ്പെട്ടു. വിദ്യാലയ വളപ്പില്‍ അതിക്രമിച്ചുകയറിയ ഒരു മനോരോഗി ഒരു പ്രകോപനവുമില്ലാതെ ഈ കുട്ടിയെ കുത്തിക്കൊന്നു. കാസര്‍കോട്ടുകാരന്‍ ഷംസുദ്ദീന്‍ എന്നൊരാള്‍ പിടിയിലായി. ഇതായിരുന്നു അപ്രസക്തമായി നാം വായിച്ചു തള്ളിയ ആ വാര്‍ത്ത. എന്നാല്‍ ഇത് കേവലം ഒരു മനോരോഗിയുടെ വിക്രിയയല്ല. ദുരൂഹമായ ഒട്ടേറെ കാര്യങ്ങള്‍ ഇതിനു പിന്നിലുണ്ട് എന്ന ആരോപണവുമായി കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തു വന്നിരിക്കുന്നു. പിടിക്കപ്പെട്ടവന്‍ യഥാര്‍ഥ പ്രതിയാണോ എന്നറിയില്ല. സ്ഥപാന മേധാവികളുടെ സമീപനങ്ങളിലും അധികൃതരുടെ നിലപാടുകളിലും ദുരൂഹത നിലനില്ക്കുന്നു. ആരോ കുത്തിക്കൊന്നു എന്നാണ് പത്രവാര്‍ത്ത. ബക്കറ്റുമായി നടന്നപ്പോള്‍ വീണു പരിക്കുപറ്റി എന്നാണ് വീട്ടിലേക്ക് ആദ്യം കിട്ടിയ ഫോണ്‍ സന്ദേശം. ഏഴര മണിക്കു മരണപ്പെട്ടിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ് ബന്ധുക്കളെ അറിയിച്ചത്. കുത്തിക്കൊന്നു എന്നു പറഞ്ഞ ശംസുദ്ദീന്‍ ഏതോ ഒരു മനോരോഗിയല്ല. ഈ സ്ഥാപനത്തിലെ പ്രധാന വ്യക്തിയാണ്. പിതാവ് മമ്മുട്ടി ഇത്രയും കാര്യങ്ങള്‍ പിന്നീട് മാധ്യമങ്ങളുമായി പങ്കുവെക്കുകയുണ്ടായി. ഈ സ്ഥാപനത്തില്‍ ആശാസ്യകരമല്ലാത്ത പലതും നടക്കുന്നുവത്രെ. ലൈംഗിക ചൂഷണവും പ്രകൃതി വിരുദ്ധ രതി പ്രശ്‌നങ്ങളും ഇവയ്ക്കു പിന്നിലുണ്ട്. മുന്‍പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
അനാഥ അഗതി സംരക്ഷണത്തിന് ഏറെ പ്രാധാന്യം കല്പിച്ച ഇസ്‌ലാമിന്റെ പേരില്‍ സ്ഥാപനങ്ങള്‍ നടത്തുന്നത് ആത്മീയ ചൂഷണത്തിനും അതുവഴി സാമ്പത്തിക ക്രമക്കേടുകള്‍ക്കുമായിത്തീരുന്നത് മഹാ കഷ്ടമാണ്. ആള്‍ദൈവങ്ങളുടെ സ്ഥാനത്തേക്ക് മുസ്‌ലിം പൗരോഹിത്യം അധപ്പതിക്കുകയും ആത്മീയത അധോലോക ബന്ധങ്ങള്‍ക്ക് കണ്ണി ചേര്‍ക്കാനുള്ള മീഡിയം ആക്കുകയും ചെയ്തവന്‍ ബിസിനസ് ശൃംഖലയുടെ ബ്രാന്റ് അംബാസഡര്‍മാരാണ് സി എം മഖാം എന്ന ശവകുടീര വ്യവസായം നടത്തിവരുന്നത്. പണത്തിനു മീതെ ഒരു പരുന്തും പറക്കാത്ത കാലത്ത് ഏതു വന്‍കുറ്റവും മായ്ച്ചുകളയാന്‍ പ്രയാസമില്ല. ഇത്തരം കാര്യങ്ങള്‍ പുറത്തു കൊണ്ടുവരേണ്ട മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ആത്മീയ പരിവേഷങ്ങള്‍ക്കു മുന്നില്‍ പകച്ചുപോവുകയാണോ പണത്തിനു മുന്‍പില്‍ നിശ്ശബ്ദമാവുകയാണോ? സമൂഹത്തിലെ അതീവ ദുര്‍ബല കണ്ണികളാണ് ഏതു ചൂഷണത്തിന്റെയും ഇരകള്‍ എന്നതിനാല്‍ മാഫിയകള്‍ക്ക് ഭയപ്പാടും ഇല്ല. ആയതിനാല്‍ ക്രമസമാധാന പാലകരും നീതിന്യായ സംവിധാനങ്ങളും ഏഴകള്‍ക്കത്താണിയായി എത്തിയേ പറ്റൂ. സി എം സെന്ററിലെ അന്തര്‍നാടകങ്ങള്‍ ശക്തമായ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കണം. കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം.
മുഖപ്രസംഗം,
ശബാബ് വാരിക,
2017 ജൂലൈ 28

ReplyDelete