മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Tuesday, January 15, 2013

പാലിയേറ്റീവ് ക്ലിനിക്കുകള്‍ സ്‌നേഹ സാന്ത്വനത്തിന്റെ ജീവമാതൃക

ജനുവരി 15 പാലിയേറ്റീവ് കെയര്‍ദിനം. ആശകളറ്റ് അവശതയില്‍ കഴിയുന്ന രോഗികളേയും വൃദ്ധരേയുമടക്കം പുതിയ പ്രതീക്ഷകളിലേക്ക് കൈപ്പിടിച്ചുയര്‍ത്തുന്ന കാരുണ്യസ്പര്‍ശമാണ് പാലിയേറ്റീവ് കെയര്‍. മരുന്നിനേക്കാള്‍ മികച്ച സ്‌നേഹ പരിചരണമാണ് പാലിയേറ്റീവിന്റെ മുഖമുദ്ര. അടുത്തിരുന്ന് സംസാരിക്കുന്നവരേയും തൊട്ടുഴിഞ്ഞ് പുഞ്ചിരിക്കുന്നവരേയുമാണ് മരുന്നിനേക്കാള്‍ രോഗികള്‍ക്കാവശ്യം. പാലിയേറ്റീവിലെ ഓരോ വളണ്ടിയറും ചെയ്യുന്നത് ഈ പ്രവര്‍ത്തനമാണ്. യാന്ത്രികമായ രോഗപരിചരണത്തേക്കാള്‍, രോഗിയുടെ മാനസികവും ആത്മീയവുമായ കരുത്ത് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഥമില്ലാതാകും. എല്ലാ ആശകള്‍ക്കും ഉപരിയാണ് ദൈവബോധത്തിന്റെ കരുത്ത്. ആ കരുത്തുകൂടി രോഗിയുടെ ഹൃദയത്തിലേക്ക് ചൊരിയാന്‍ സാധിച്ചാല്‍ രോഗീപരിചരണം സാരസമ്പൂര്‍ണമാകും. 
പത്രപ്രവര്‍ത്തകനായ ആര്‍ എം ലാലയുടെ Celebration of he cells രോഗികളുടെ മനസ്സിലേക്ക് ആശ്വാസത്തിന്റെ അത്മീയാനുഭവം വാരിച്ചൊരിയുന്ന പുസ്തകമാണ്. രോഗപരിചരണത്തിന്റെയും രോഗീ സ്‌നേഹത്തിന്റെയും അനേകാര്‍ഥങ്ങള്‍ പകര്‍ന്നുതരുന്ന ഗ്രന്ഥം. മാരകരോഗം പിടിപെട്ട അദ്ദേഹം ശാരീരകമായും മാനസികമായും കരകയറിയതിന്റെ അനുഭവസാക്ഷ്യമാണ് ഗ്രന്ഥത്തില്‍ നിറയെ. ദൃഡമായ ആത്മീയബോധം കൊണ്ടും കൃത്യമായ കാഴ്ചപ്പാടുകള്‍ കൊണ്ടും ഏതു രോഗാവസ്ഥയിലും ചുറുചുറുക്കോടെ പിടിച്ചുനില്‍ക്കാമെന്ന് തെളിയിക്കുന്ന ജീവിതമാണ് ലാലയുടേത്. 
''പത്തുവര്‍ഷം മുമ്പാണ്. ഞാന്‍ നല്ല ആരോഗ്യവാനാണ് എന്ന് എനിക്ക് തോന്നിയിരുന്ന കാലമായിരുന്നു അത്. ഒരു ദിവസം കണ്ണാടിയിലേക്ക് നോക്കിയപ്പോള്‍ എന്റെ കഴുത്തിന്റെ ഒരു ഭാഗം തടിച്ചിരിക്കുന്നതു പോലെ തോന്നി. ആ ആഴ്ച തന്നെ ബയോപ്‌സിക്കും സി ടി സ്‌കാനിനും വിധേയനാക്കപ്പെട്ടു. അടുത്തയാഴ്ച മജ്ജ പരിശോധനയും നടത്തി. വിധി വന്നു; മാരകമായ കാന്‍സര്‍...!'' 70 വര്‍ഷത്തെ ജീവിതത്തില്‍ നിന്ന് പഠിച്ചതിലേറെ പത്തുവര്‍ഷത്തെ രോഗത്തില്‍ നിന്ന് പഠിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. ആ പാഠങ്ങളാണ് ഗ്രന്ഥത്തിലൂടെ നമ്മിലേക്കെത്തിക്കുന്നത്. അവയില്‍ ചിലത്: 
* ആശുപത്രിയിലേക്കുള്ള യാത്രകള്‍ ദുരിതമായി കാണരുത്. ആഘോഷമായി കാണണം. നല്ല പുസ്തകങ്ങള്‍ കൂടെയുണ്ടാവണം. 
*ചെറിയ കാര്യങ്ങള്‍ നിങ്ങളെ വിഷമിപ്പിക്കാന്‍ അനുവദിക്കരുത്. 
*നിങ്ങളെ എന്തിനാണ് ദൈവം നിയോഗിച്ചിരിക്കുന്നതെന്ന് സ്വയം ചോദിക്കുക. നമുക്ക് ധാരാളം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. നിങ്ങള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ധാരാളമുണ്ട്. ദൈവത്തിന് ചില ഉദ്ദേശ്യങ്ങളുണ്ട്. അതില്‍ നിങ്ങള്‍ക്കും ഒരു പങ്ക് തീര്‍ച്ചയായുമുണ്ട്. 
*ദൈവത്തിന് നന്ദി. എന്റെ ബലഹീനതകള്‍ക്കുമപ്പുറം, അത്യുന്നതങ്ങളില്‍ വിശ്വസിക്കാനുള്ള ശക്തി അവന്‍ എനിക്കു നല്കി. ദൈവത്തെ അറിഞ്ഞതില്‍ പിന്നെ, ഞാന്‍ ഒന്നുരണ്ട് വിരലുകളില്‍ പിടി വിട്ടാലും ബാക്കി വിരലുകളില്‍ ദൈവം മുറുകെ പിടിച്ചിരിക്കും. കാരണം അത്രയും സ്‌നേഹപൂര്‍വമായിരുന്നു ഞങ്ങളുടെ കൈകോര്‍ക്കല്‍. 
*ആരോഗ്യപ്രശനങ്ങള്‍ എന്റെ ജീവിതത്തിന് ഒരര്‍ഥവും മൂര്‍ച്ചയും തിടുക്കവും നല്കി. 
*ദൈവമേ, എനിക്കത്ഭുതമായി തോന്നുന്നു. എനിക്ക് ജീവിതത്തില്‍ ചെറിയ നഷ്ടങ്ങള്‍ വരുത്തിയ നീ നിന്റെ സ്‌നേഹവും ദയയും കൊണ്ട് എന്നെ സുഖപ്പെടുത്തി. ഏറെ നേട്ടങ്ങള്‍ നല്കി. ദൈവത്തിന്റെ കൈകളില്‍ വിശ്രമിക്കുമ്പോള്‍ ഞാന്‍ അമ്മയുടെ കൈയിലെ കുഞ്ഞിനെപ്പോലെയാണ്. ദൈവമേ, ഞാന്‍ അങ്ങയില്‍ നിന്നുള്ളവന്‍; അവിടേക്കു തന്നെ മടങ്ങുന്നവന്‍. 
*എപ്പോഴും സന്തോഷമായിരിക്കുക. എപ്പോഴും പ്രാര്‍ഥിക്കുക. എല്ലാ സന്ദര്‍ഭങ്ങളിലും നന്ദിയുണ്ടാവുക. നിനക്കുള്ളതിനെല്ലാം നീ കണക്കു പറയേണ്ടതുണ്ട്. 
*ദൈവമേ നന്ദി; ഇന്നത്തെ ഈ പ്രഭാതത്തിന്, ഈ ബാല്‍ക്കണിക്കു താഴെ പൂത്തുലഞ്ഞു നില്‍ക്കുന്ന വാകമരം കാണാന്‍ സാധിച്ചതിന്. ഒരു പുഷ്പത്തിന് എന്നെ സന്തോഷിപ്പിക്കാന്‍ കഴിയും. നീ എനിക്ക് ആരോഗ്യം തന്നു. നീ ആഗ്രഹിക്കുന്നത്ര ജീവിതവും തരും. നിന്നെ അനുസരിക്കലാണ് എന്റെ ജോലി. നീ നല്ലതെന്ന് പറഞ്ഞത് മാത്രം ഞാന്‍ ചെയ്യും. നീ എന്നെ തുണക്കേണമേ. 
*എന്റെ മനസ്സാക്ഷി എന്നോട് പറയുന്നു; നിന്റെ ഭാര്യയെ ഒരിക്കലും വേദനിപ്പിക്കരുത്. സുഖമില്ലാത്തപ്പോള്‍ അവളോട് ക്രൂരമായി ഞാന്‍ പെരുമാറിയിട്ടുണ്ട്. 
*കാന്‍സറിനെക്കാള്‍ വലുതാണ് ജീവിതം. ഈ രോഗത്തെ ആദ്യമൊക്കെ ഒരു ശല്യമായാണ് ഞന്‍ കണ്ടത് എന്നാല്‍ ഈ ശല്യം എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. നിമിഷംതോറും ഞാന്‍ ദൈവത്തിലേക്ക് അടുക്കുന്നു. ഒരായിരം പ്രഭാഷണങ്ങള്‍ക്ക് സാധിക്കാത്ത വിപ്ലവമണ് ഈ രോഗം എന്റെ ജീവിതത്തിലുണ്ടാക്കിയത്. 
*ദൈവമേ, എനിക്ക് നീ മാത്രമാണ് ആശ്വാസം. കാരണം ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു. നിന്നെ അത്യധികം സ്‌നേഹിക്കുന്നു. 
*ഞാന്‍ ചികിത്സിക്കുന്നു. ദൈവം സുഖപ്പെടുത്തുന്നു. 
 ആര്‍ എം ലാലയുടെ വാക്കുകള്‍ ആവേശവും ആശ്വാസം നിറയ്ക്കുന്നതുമാണ്. രോഗത്തിന് മുന്നില്‍ ചിലര്‍ തോല്‍ക്കുന്നു. വളരെ കുറച്ചുപേര്‍ വിജയിക്കുന്നു. 
ഡോക്ടര്‍ എഴുതിക്കൊടുത്ത മരുന്നുശീട്ട് നോക്കി അയാളൊന്ന് നെടുവീര്‍പ്പയച്ചു. മെഡിക്കല്‍ ഷോപ്പില്‍ ചെന്ന് അത്രയും മരുന്നുകള്‍ക്ക് എത്ര വിലയാകുമെന്ന് അന്വേഷിച്ചു. കൈയിലുണ്ടായിരുന്ന രൂപ വീണ്ടും വീണ്ടും എണ്ണിനോക്കി. എത്രയെണ്ണിയിട്ടും തികയുന്നില്ല. ആരും കാണാതെ, കണ്ണുനിറഞ്ഞ് ആ പണം കീശയിലേക്കു തന്നെ തിരിച്ചുവെച്ചു. മരുന്നുശീട്ട് തിരികെ വാങ്ങി തലകുനിച്ച് എങ്ങോട്ടെന്നില്ലാതെ നടന്നു. 
സുഹൃത്തേ, ഇങ്ങനെയെത്രയെത്ര പേര്‍! പട്ടിണിയും പ്രയാസമങ്ങളും കൊണ്ട് മനസ്സു തകരുന്നതിനിടയില്‍ മഹാരോഗങ്ങള്‍ കൂടി കൂട്ടിനെത്തുമ്പോള്‍ കണ്ണുതള്ളുന്ന എത്രയോ പാവം മനുഷ്യര്‍! സ്വന്തമായൊരു കുഞ്ഞുവീട് കിനാവ് കാണുന്നവര്‍... മക്കളുടെ മാറാരോഗങ്ങള്‍ക്ക് മുന്നില്‍ കൈമലര്‍ത്തുന്നവര്‍... നമ്മുടെ മുന്നിലേക്ക് വരാതെ ജീവിക്കുന്ന ഇവരെത്തേടി ഒരിക്കലെങ്കിലും നാം അങ്ങോട്ട് ചെന്നിട്ടുണ്ടോ? നാമീ ജീവിക്കുന്ന രസമുള്ള കാഴ്ചകള്‍ക്കപ്പുറത്ത് ഒട്ടും രസമില്ലാത്ത ജീവിതം കൊണ്ട് ഹൃദയം തകരുന്ന കുറേ മനുഷ്യരുണ്ടെന്ന് നാം ഓര്‍ക്കാതെ പോയോ? 
അതെല്ലാം ഓര്‍ക്കുന്നവരുടെ കൂട്ടായ്മയാണ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകള്‍. നമുക്കും കുടുംബത്തിനും ആ സ്‌നേഹക്കണ്ണിയില്‍ പങ്കുചേരാം. 

7 comments:

 1. സാന്ത്വനത്തിന്റെ ജീവമാതൃക..

  ReplyDelete
 2. നിങ്ങള്ക്ക് ഈ പണിയും അറിയുമല്ലേ. നല്ല ലേഖനം. simple and powerful..

  ReplyDelete
 3. പട്ടിണിയും പ്രയാസമങ്ങളും കൊണ്ട് മനസ്സു തകരുന്നതിനിടയില്‍ മഹാരോഗങ്ങള്‍ കൂടി കൂട്ടിനെത്തുമ്പോള്‍ കണ്ണുതള്ളുന്ന എത്രയോ പാവം മനുഷ്യര്‍! സ്വന്തമായൊരു കുഞ്ഞുവീട് കിനാവ് കാണുന്നവര്‍... മക്കളുടെ മാറാരോഗങ്ങള്‍ക്ക് മുന്നില്‍ കൈമലര്‍ത്തുന്നവര്‍... നമ്മുടെ മുന്നിലേക്ക് വരാതെ ജീവിക്കുന്ന ഇവരെത്തേടി ഒരിക്കലെങ്കിലും നാം അങ്ങോട്ട് ചെന്നിട്ടുണ്ടോ? നാമീ ജീവിക്കുന്ന രസമുള്ള കാഴ്ചകള്‍ക്കപ്പുറത്ത് ഒട്ടും രസമില്ലാത്ത ജീവിതം കൊണ്ട് ഹൃദയം തകരുന്ന കുറേ മനുഷ്യരുണ്ടെന്ന് നാം ഓര്‍ക്കാതെ പോയോ?
  I ask Myself...

  ReplyDelete
 4. നല്ല ഒരു കുറിപ്പ്.ആശംസകളോടെ

  ReplyDelete
 5. varthamanam daily kandappol njan onnu shock ayi.veendum nokky.,rasak perigode! MALAYALY.!!

  ReplyDelete
 6. onnumvenda...oru sneha sparsham....oru punchiri....vila parayaan kazhiyaatha marunnanallo ath...
  rasak...aashamsakalode....

  ReplyDelete