മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Friday, October 2, 2009

മന്ദബുദ്ധി, കുരങ്ങ്‌, കുറ്റിച്ചൂല്‍!









വിദ്യാഭ്യാസത്തിനും പുരോഗമന നവോത്ഥാനത്തിനുമൊന്നും മനുഷ്യന്റെ സംസ്‌കാരത്തെ നിയന്ത്രിക്കാനാവില്ലെന്നാണോ? കേരളത്തില്‍ നാം ദൃക്‌സാക്ഷികളായിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ വിവാദഫലിതങ്ങള്‍ കാണുമ്പോള്‍ ഉവ്വെന്നേ പറയാന്‍ കഴിയൂ. ഉയര്‍ന്ന രാഷ്‌ട്രീയബോധവും പുരോഗമന പ്രതിച്ഛായയുമുള്ളവര്‍ പോലും രാഷ്‌ട്രീയ അങ്കക്കലി മൂക്കുമ്പോള്‍ തെരുവുകളില്‍ പ്രയോഗിക്കുന്ന ഭാഷ ചീഞ്ഞതും തരംതാണതുമാണ്‌. പുല്ലേ, തെമ്മാടി, മന്ദബുദ്ധീ, കുരങ്ങേ... അടുത്ത ദിവസങ്ങളില്‍ പത്രങ്ങളില്‍ അച്ചടിച്ചുവന്ന തെറിപ്രയോഗങ്ങളില്‍ സാമാന്യം നിലവാരമുള്ളതാണിത്‌. അപ്പോള്‍ ഇതിലും വഷളായതിന്റെ കഥ പറയേണ്ടല്ലോ.


നമ്മുടെ നാട്ടില്‍ ബുദ്ധിജീവികളുടെ സെന്‍സെക്‌സ്‌ കുത്തനെ താഴുകയാണ്‌. ഏതു നെറികേടുകളെയും അന്ധമായ രാഷ്‌ട്രീയപക്ഷപാതത്തിന്റെ പേരില്‍ ന്യായീകരിക്കാന്‍ ബുജികള്‍ അശേഷം മടികാണിക്കാറില്ല. അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി വഷളത്തങ്ങള്‍ എഴുന്നള്ളിക്കുന്നവര്‍ പൊതുസമൂഹത്തിലുള്ള തങ്ങളുടെ വിശ്വാസ്യതയും നിലവാരവുമാണ്‌ കളഞ്ഞുകുളിക്കുന്നതെന്ന്‌ ഓര്‍ക്കാത്തതുകൊണ്ടാവില്ല. ബുദ്ധിപരമായ സത്യസന്ധതയെക്കാള്‍ ഇക്കാലത്ത്‌ പ്രയോജനകരം ആസ്ഥാനവിധേയത്വമാണെന്ന്‌ ധരിക്കുന്നതു കൊണ്ടാവാം.

നമ്മുടെ സാംസ്‌കാരിക നായകന്മാരുടെയും എഴുത്തുകാരുടെയുമൊക്കെ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന നിലപാടുകള്‍ ഒരു പ്രബുദ്ധ സമൂഹത്തിന്‌ ചേരുന്നതല്ല. കാര്യങ്ങളെ നീതിപൂര്‍വം സമീപിക്കുന്നതിനു പകരം, സ്വാര്‍ഥ സങ്കുചിത താല്‌പര്യങ്ങള്‍ മുന്‍നിര്‍ത്തി അവസരവാദം ചര്യയാക്കുകയാണവര്‍. സമൂഹത്തിന്റെ സാംസ്‌കാരിക, രാഷ്‌ട്രീയ, സാമൂഹ്യ മണ്ഡലങ്ങളില്‍ നൈതികമായ ഇടപെടല്‍ നടത്തുകയും സാമൂഹ്യനിയന്ത്രണശക്തിയായി മാറുകയും ചെയ്യേണ്ട ബുദ്ധിജീവിവര്‍ഗം ഭരണപക്ഷവും കൊടിനിറവും നോക്കി പ്രതികരിക്കുകയും നിശ്ശബ്‌ദരാവുകയും ചെയ്യുന്ന കാഴ്‌ച ദയനീയം തന്നെ.

കേരളത്തില്‍ ഇടതുപക്ഷ ചിന്താധാര രൂപപ്പെടുത്തുന്നതില്‍ ബുദ്ധിജീവികളും കലാകാരന്മാരും വഹിച്ച പങ്ക്‌ വളരെ പ്രമുഖമാണ്‌. ഇടതുപക്ഷ-പുരോഗമന കാഴ്‌ചപ്പാടിലേക്ക്‌ സാമാന്യജനങ്ങളെ നയിച്ചത്‌ പ്രധാനമായും അവരാണെന്നത്‌ ചരിത്രമാണ്‌. അത്ര തന്നെയില്ലെങ്കില്‍ പോലും, കോണ്‍ഗ്രസ്‌ അടക്കമുള്ള വലതുരാഷ്‌ട്രീയ

ചേരിക്കും അതിന്റേതായ ഒരു ബുദ്ധിജീവിവര്‍ഗം ഉണ്ടായിരുന്നു. എന്നാല്‍ ബുദ്ധിജീവികള്‍ പാര്‍ട്ടി കേഡറുകളെ പോലെ പെരുമാറുന്നതിനു പകരം, ബൗദ്ധിക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുകയും ആശയപരമായ നിര്‍മാണ നിരൂപണ മേഖലകളില്‍ വ്യാപൃതമാവുകയുമാണ്‌ ചെയ്‌തത്‌. അതുകൊണ്ട്‌ തന്നെ പാര്‍ട്ടി ജനവിരുദ്ധ നയങ്ങളിലേക്ക്‌ വ്യതിചലിക്കാനിടയുള്ളപ്പോഴൊക്കെ ഉറച്ച തിരുത്തല്‍ ശബ്‌ദമായി മാറാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു. അതവര്‍ക്ക്‌ പൊതുവെ ജനസ്വീകാര്യതയുണ്ടാക്കിക്കൊടുത്തു. എന്നാല്‍ ബുദ്ധിജീവികളെ വിലയ്‌ക്കെടുക്കുന്നതിനു പകരം അവരുടെ ബൗദ്ധികശേഷി പ്രയോജനപ്പെടുത്തുകയും അവരുടെ വിമര്‍ശനസ്വാതന്ത്ര്യം അംഗീകരിച്ചുകൊടുക്കുകയും ചെയ്യാന്‍ വിശാലമാകുമെന്ന്‌ പ്രതീക്ഷിക്കുക സാധ്യമല്ലാത്ത വിധം രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ സങ്കോചിച്ചുപോയിരിക്കുന്നു ഇന്ന്‌.

രാഷ്‌ട്രീയപ്രസ്ഥാനക്കാര്‍ ബുദ്ധിജീവികളെ തളയ്‌ക്കുന്നതുപോലെ കലാകായിക രംഗങ്ങളില്‍ ജനകീയ പ്രതിച്ഛായയുള്ളവരെ വിലയ്‌ക്കെടുക്കുന്നത്‌ കമ്പോളമാണ്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ രണ്ടാം സീസണിലേക്കുള്ള താരലേലത്തില്‍ ഇംഗ്ലണ്ട്‌ താരങ്ങളായ കെവിന്‍ പീറ്റേഴ്‌സനെയും ആന്‍ഡ്രൂ ഫ്‌ളിന്റോഫിനെയും `വിറ്റുപോയ' വാര്‍ത്ത പത്രങ്ങള്‍ പ്രാധാന്യപൂര്‍വമാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയെ ആറുകോടിക്കു വിറ്റ റിക്കോര്‍ഡാണിപ്പോള്‍ ഭേദിക്കപ്പെട്ടിരിക്കുന്നത്‌. ടെന്നീസിലെ സെലിബ്രിറ്റിയായ സാനിയ മിര്‍സയാണത്രെ ഇന്ത്യയില്‍ പരസ്യമോഡല്‍ ഇനത്തില്‍ ശതകോടികള്‍ സമ്പാദിക്കുന്ന മറ്റൊരു താരം. സിനിമാരംഗത്തെ സൂപ്പര്‍സ്റ്റാറുകളും ശതകോടികള്‍ വാങ്ങി വിവിധ കമ്പനികളുടെ പരസ്യ അമ്പാസഡര്‍മാരായി തങ്ങളെ `വില്‍ക്കുന്നു.' റിയാലിറ്റി ഷോകളുടെ കാലം വന്നതോടെ ഗാനരംഗത്തുള്ളവര്‍ക്കു പോലും പരസ്യമാര്‍ക്കറ്റില്‍ ഡിമാന്റ്‌ ഏറിയിരിക്കുന്നു. എന്തിനധികം ചാനലുകളില്‍ വാര്‍ത്ത വായിക്കുന്നവര്‍ക്കും `പരസ്യമൂല്യ'മുണ്ടെന്ന്‌ വന്നിരിക്കുന്നു. സിനിമാ-സീരിയല്‍ താരങ്ങളെ പോലെ മോഡലുകളായും സ്വര്‍ണക്കട ഉദ്‌ഘാടകരായും ചാനല്‍ ജേര്‍ണലിസ്റ്റുകളും വന്നുകയറുമ്പോള്‍ സാംസ്‌കാരിക കേരളത്തിന്റെ ദുര്യോഗത്തിന്റെ ആഴം ഊഹിക്കാവുന്നതേയുള്ളൂ.

ജനലക്ഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്കുളള സ്വാധീനം വിറ്റുകാശാക്കുന്ന ജനകീയ താരങ്ങള്‍, അത്‌ സാമൂഹ്യനന്മയ്‌ക്കു വേണ്ടി ഉപയോഗിച്ചാല്‍ എത്ര നന്നായിരിക്കും! സാമൂഹ്യനീതിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമകരമായ കര്‍മങ്ങള്‍ക്കും അവര്‍ നേതൃത്വംനല്‌കിയാല്‍ വമ്പിച്ച ഫലമായിരിക്കും അതുളവാക്കുക. രാഷ്‌ട്രീയ അവസരവാദികളുടെ പട്ടികയില്‍ മലയാളത്തിന്റെ തലയെടുപ്പുള്ള സാംസ്‌കാരിക നേതാവായ സുകുമാര്‍ അഴീക്കോടിനെയും ഉള്‍പ്പെടുത്തുന്നവരുണ്ട്‌. എങ്കിലും കലാകാരന്മാരും കായികതാരങ്ങളും സെയില്‍സ്‌മാന്മാരാകരുതെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവന മുഖവിലക്കെടുക്കേണ്ടതാണ്‌. പാവപ്പെട്ടവരുടെയും മര്‍ദിതരുടെയും മോചനത്തിനു വേണ്ടിയുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ അവര്‍ മുന്നിട്ടിറങ്ങണമെന്നും തുണിക്കടകള്‍ക്കും സ്വര്‍ണക്കടകള്‍ക്കും മുന്നില്‍ നോക്കുകുത്തിയാവേണ്ടവരല്ല അവരെന്നുമാണ്‌ അഴീക്കോട്‌ മാഷ്‌ പറഞ്ഞത്‌. ബഹുമാന്യ ബുദ്ധിജീവികള്‍ ഈ വഴിക്കു ചിന്തിച്ചിരുന്നുവെങ്കില്‍ അങ്ങാടി മലിനമാകാതെ കാക്കാമായിരുന്നു.






എമ്മാര്‍,
© ശബാബ് വാരിക.


No comments:

Post a Comment