മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Tuesday, June 24, 2008

ആള്‍ദൈവങ്ങളുടെ ചെലവില്‍ നിര്‍മതത്വത്തിന്റെ വിപണനം

ആള്‍ദൈവങ്ങളുടെ തട്ടിപ്പുകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുമ്പോള്‍ മതങ്ങളും ദൈവവിശ്വാസവും ചര്‍ച്ചയാവുക സ്വാഭാവികമാണ്. ബുദ്ധിജീവികളുടെ വീക്ഷണങ്ങള്‍ പ്രകാശിപ്പിക്കുന്ന ചില ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ബ്ലോഗുകളിലും ഇപ്പോള്‍ മതനിരാസ ലേഖനങ്ങളുടെ വേലിയേറ്റം തന്നെ കാണാം. ഇന്നത്തെ ആള്‍ദൈവങ്ങളെപോലുള്ള ചിലര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ചത് തന്നെയാണ് ലോകമതങ്ങളെന്നും, പ്രപഞ്ചത്തിനാകെ ഒരു സ്രഷ്ടാവും സംവിധായകനും ഉണ്ടെന്ന് പറയുന്നതിന് അനിഷേധ്യമായ തെളിവൊന്നും ഇല്ലെന്നും, ദിവ്യാത്ഭുതങ്ങളെന്ന് പറയപ്പെടുന്നതിന്റെ പൊള്ളത്തരം പത്താംതരത്തില്‍ പഠിക്കുന്ന ശരാശരിക്കാരായ വിദ്യാര്‍ഥികള്‍ക്കുപോലും അറിയാമെന്നും മറ്റുമാണ് ഇത്തരം ലേഖനങ്ങളില്‍ സമര്‍ഥിച്ചുകാണുന്നത്. പരിണാമസിദ്ധാന്തവും ആധുനിക നരവംശശാസ്ത്രവും ശാസ്ത്രീയസോഷ്യലിസവും കൂടി ദൈവസൃഷ്ടി വാദത്തിന്റെ ജീവശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ പ്രസക്തിതന്നെ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥാപിക്കാനാണ് ചില ലേഖനങ്ങളില്‍ കിണഞ്ഞു ശ്രമിക്കുന്നത്. അതോടൊപ്പം തന്നെ ഭൌതികവാദികളെ അമ്പരപ്പിക്കുന്ന ഒരു സത്യം ചില ലേഖനങ്ങളില്‍ തുറന്നു സമ്മതിക്കുന്നുമുണ്ട്. മതവിരുദ്ധ പ്രചാരണങ്ങള്‍ അനുസ്യൂതം നടന്നിട്ടും ഇസ്‌ലാമിലും ക്രിസ്തുമതത്തിലും മറ്റും വിശ്വസിക്കുന്നവരുടെ എണ്ണം ഏറെ വര്‍ദ്ധിക്കുകതന്നെയാണ് ചെയ്തത് എന്ന വസ്തുതയത്രെ അത്.

കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളില്‍ ലോകത്തുടനീളം കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍, ബുദ്ധിജീവികള്‍, രാഷ്ട്രമീമാംസകര്‍, ട്രെയ്ഡ് യൂണിയന്‍ നേതാക്കന്മാര്‍ എന്നിവരില്‍ ഒരു വിഭാഗം ദൈവവിശ്വാസത്തിന്നെതിതിരില്‍ നിരന്തരമായി പ്രചാരണം നടത്തിപ്പോന്നിട്ടുണ്ട്. പലകാരണങ്ങളാല്‍ ഇവര്‍ക്ക് ഭരണാധികാരികളെയും മാധ്യമങ്ങളെയും സ്വാധീനിക്കാനും സാധിച്ചിട്ടുണ്ട്. സെക്യുലറിസത്തിന്റെ പേരില്‍ പൊതുപാഠ്യപദ്ധതിയില്‍ നിന്ന് പ്രപഞ്ചോല്പത്തിയെ സംബന്ധിച്ച മതവീക്ഷണം ഒഴിവാക്കുന്നതിനും പകരം പരിണാമസിദ്ധാന്തം ഉള്‍ക്കൊള്ളിക്കുന്നതിനും സമ്മര്‍ദം ചെലുത്താനും ഈ വിഭാഗത്തിന് സാധിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടകളുമായി ബന്ധമുള്ള അധ്യാപകര്‍ വിദ്യാര്‍ഥികളെ മതനിരാസത്തിലേക്കും ദൈവനിഷേധത്തിലേക്കും നയിക്കാന്‍ വേണ്ടി ആസൂത്രിതമായി പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ പൊതുസമൂഹത്തിന്റെ ഒരു ചെറിയ ഭാഗത്തെ നിഷേധികളോ സന്ദേഹവാദികളോ ആക്കി മാറ്റാന്‍ കഴിഞ്ഞുവെന്നല്ലാതെ ഭൂരിപക്ഷം വരുന്ന മതവിശ്വാസികളുടെ മനസ്സു മാറ്റാന്‍ ഭൌതികവാദികള്‍ക്ക് സാധിക്കുകയുണ്ടായില്ല.

ഭൌതികപ്രപഞ്ചത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ ഘടകങ്ങളെയൊക്കെ സര്‍വജ്ഞനും സര്‍വശക്തനുമായ രക്ഷിതാവ് വ്യവസ്ഥാപിതമായി സംവിധാനിച്ചു എന്ന സത്യത്തെ പാഠപുസ്തകങ്ങളില്‍നിന്ന് പുറംതള്ളിയിട്ടുപോലും മനുഷ്യരില്‍ മഹാഭൂരിപക്ഷം പടച്ചതമ്പുരാനില്‍ (ദൈവത്തില്‍) വിശ്വസിക്കുന്നു എന്നത് ഭൌതികവാദികളെ അമ്പരപ്പിച്ചുകളയുന്നു. അതിനെ മറികടക്കാന്‍ വേണ്ടി എന്തൊക്കെയാണ് പറയേണ്ടതെന്ന കാര്യത്തില്‍ അവര്‍ ആശയകുഴപ്പത്തിലാണ്. ചിലപ്പോള്‍ അവര്‍ പറയും; പാദാര്‍ഥികവും സാമൂഹികവുമായ പ്രതിഭാസങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യാന്‍ കഴിവില്ലാത്തവരാണ് എല്ലാറ്റിനും കാരണക്കാരനായി ദൈവത്തെ സങ്കല്പിക്കുന്നതെന്ന്. ശാസ്ത്രജ്ഞാനമുള്ള ധാരാളം പേരും സ്രഷ്ടാവിന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചാല്‍ അത് മനോദൌര്‍ബല്യമാണെന്നോ കാപട്യമാണെന്നോ ആയിരിക്കും മറുപടി.

ഇത്തരം വാചാടോപങ്ങള്‍ ചില വിദ്യാര്‍ഥികളെയോ മുദ്രാവാക്യങ്ങളില്‍ പെട്ടെന്ന് ആകൃഷ്ടരാകുന്ന ചെറുപ്പക്കാരെയോ തൃപ്തിപ്പെടുത്തിയേക്കാമെങ്കിലും, പ്രപഞ്ചഘടനയിലെ സൂക്ഷ്‌മതയും വ്യവസ്താപിതത്വവും ആകസ്മികമായ ഭൌതികമാറ്റങ്ങളുടെ ഫലമായി തനിയെ രൂപം കൊണ്ടതാണെന്ന് വിശ്വസിക്കാന്‍ ചിന്താശീലമുള്ള മിക്ക ആളുകളുടെയും മനസ്സ് സമ്മതിക്കുന്നില്ല എന്നതാണ് സത്യം. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമെല്ലാം കറങ്ങുന്നതും ശൂന്യതയിലൂടെ സഞ്ചരിക്കുന്നതും നിശ്ചിത വേഗതയിലാണ്. നിര്‍ണിതമായ പഥങ്ങളിലൂടെയാണ്. കോടിക്കണക്കില്‍ വര്‍ഷങ്ങളായി ഇത് മാറ്റം കൂടാതെ തുടരുകയാണ്. അതിസൂക്ഷ്മമായ പരമാണുവിനുള്ളിലെ സൂക്ഷ്‌മകണങ്ങളുടെ ചലനക്രമവും അത്യന്തം കണിശതയുള്ളതാണ്. ഇതൊക്കെ ആരും വ്യവസ്ഥപ്പെടുത്താതെ തനിയെ നടക്കുന്നതാണെന്ന് യാതൊരു ശാസ്ത്രനിയമം കൊണ്ടും തെളിയിക്കപ്പെട്ടിട്ടില്ല. ഇതൊക്കെ ഏത് നിലയില്‍ വര്‍ത്തിക്കുന്നു എന്ന അന്വേഷണമാണ് ശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്നത്. എന്തുകൊണ്ട് അങ്ങനെ വര്‍ത്തിക്കുന്നു എന്നത് ശാസ്ത്രത്തിന് കണ്ടെത്താനാവുന്നതിനും അപ്പുറമാണ്.

ഭൂമി സൂര്യന് ചുറ്റും ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നത് 365 1/4 (മുന്നൂറ്റിഅറുപത്തഞ്ചേക്കാല്‍) ദിവസങ്ങള്‍ കൊണ്ടാണ് എന്ന വസ്തുത ആയിരത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജ്യോതിശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ ഭൂമിയുടെ സഞ്ചാരപഥവും ഗതിവേഗവും ഇത്രകണിശമായി നിര്‍ണയിക്കപ്പെടുകയും അത് മാറ്റം കൂടാതെ തുടരുകയും ചെയ്യുന്നതിന്റെ കാരണമെന്തെന്ന് ശാസ്ത്രത്തിന്റെ ഉപാധികള്‍ കൊണ്ട് കണ്ടെത്താനാവില്ല. മനുഷ്യനിര്‍മിത ഉപഗ്രഹങ്ങള്‍ ഭൂമിക്ക് ചുറ്റും നിശ്ചിത പഥത്തിലൂടെ നിര്‍ണിതവേഗത്തില്‍ ഭ്രമണം ചെയ്യുന്നത് ശാസ്ത്രജ്ഞര്‍ അതൊക്കെ കണിശമായി ആസൂത്രണം ചെയ്യുന്നത് കൊണ്ടാണല്ലോ. എന്നിട്ടും ഏതാനും വര്‍ഷക്കാലം മാത്രമാണ് ഒരു കൃത്രിമ ഉപഗ്രഹം അതിന്റെ ഭ്രമണപഥത്തില്‍ കൃത്യതയോടെ നീങ്ങുന്നത്! അത് കഴിഞ്ഞാല്‍ തകര്‍ച്ചയും പതനവുമാണ്!! അപ്പോള്‍ ആകാശത്ത് നക്ഷത്രങ്ങളും ഗ്രഹോപഗ്രഹങ്ങളും ഗതിവേഗം മാറാതെ, ഭ്രമണപഥം തെറ്റാതെ നീങ്ങുന്നത് യാതൊരു ആസൂത്രണവും കൂടാതെയാണെന്ന് പറയുന്നത് എന്തൊരു മണ്ടത്തരമാണെന്ന് ചിന്താശീലമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ.

ഗര്‍ഭാശയത്തിനകത്ത് അത്യന്തം സൂക്ഷ്മതയോടെ നടക്കുന്ന ഭ്രൂണവളര്‍ച്ചയെ സംബന്ധിച്ച് നൂറുകണക്കില്‍ വാള്യങ്ങളില്‍ രേഖപ്പെടുത്താവുന്നത്ര വിവരങ്ങള്‍ ആധുനികശാസ്ത്രം ശേഖരിച്ചിട്ടുണ്ട്. ബീജത്തിലെയും അണ്ഡത്തിലെയും ഡി എന്‍ എ തന്മാത്രകളില്‍ സമാഹരിക്കപ്പെട്ട അഭൂതപൂര്‍വമായ വിവരശേഖരത്തിന്റെ അടിസ്ഥനത്തിലാണ് ഭ്രൂണവളര്‍ച്ച നടക്കുന്നത്. ഒരു ഡി എന്‍ എ തന്മാത്രയില്‍ രാസാക്ഷരങ്ങളാല്‍ ആലേഖനം ചെയ്യപ്പെട്ട വിവരശേഖരം പകര്‍ത്തിയെഴുതാന്‍ തന്നെ പരസഹസ്രം പേജുകള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇങ്ങനെയുള്ള ദശലക്ഷക്കണക്കില്‍ തന്മാത്രകളാണ് ബീജത്തിലും അണ്ഡത്തിലുമുള്ളത്. ഒരു കുഞ്ഞിന്റെ അവയവ വ്യവസ്ഥ എങ്ങനെയായിക്കണമെന്നത്. മാത്രമല്ല, അവന്റെ ബുദ്ധിശക്തിയും സ്വഭാവവും പ്രകൃതവും മറ്റു പാരമ്പര്യഗുണങ്ങളും ഏത് വിധത്തിലായിരിക്കണമെന്നും ജീനുകളുടെ രാസാക്ഷരങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. തദടിസ്ഥാനത്തിലാണ് ജീവിതമാകെ വികസിച്ചുവരുന്നത്. ഇതൊക്കെ ആരും ആസൂത്രണം ചെയ്യാതെ തനിയെ ഉരുത്തിരിഞ്ഞുവെന്ന് ആര്‍ക്കും ശാസ്ത്രീയമായി തെളിയിക്കാനാവില്ല.

ഗര്‍ഭിണികളെ സംബന്ധിച്ചേടത്തോളം ഏറെ പ്രയാസകരമായ അനുഭവമാണ് ആദ്യമാസങ്ങളിലെ ഛര്‍ദി. ഗര്‍ഭം അലസിപ്പോകാതെ ഉറപ്പിച്ചുനിര്‍ത്താന്‍ വേണ്ടിയുള്ള ഒരു മഹാസംവിധാനമാണ് ഈ ഛര്‍ദിയെന്ന് സമീപകാലത്ത് മാത്രമാണ് ചില ശാസ്ത്രജ്ഞന്മാര്‍ മനസ്സിലാക്കിയത്. ശരീരത്തിന്റെ പ്രതിരോധസംവിധാനത്തിന്റെ ഒരു ഭാഗമാണ് അന്യവസ്തുക്കള്‍ കടന്നുകൂടിയാല്‍ അവയെ പുറംതള്ളുക എന്നത്. സ്ത്രീയുടെ ശരീരത്തെ സംബന്ധിച്ചേടത്തോളം ഒരു അന്യവസ്തുവാണ് പുരുഷന്റെ ബീജം. സ്ത്രീയുടെ ഇമ്മ്യൂണ്‍ സിസ്റ്റം (രോഗപ്രതിരോധസംവിധാനം) തികച്ചും ശക്തമാണെങ്കില്‍ അന്യവസ്തുവായ ബീജം ഗര്‍ഭാശയത്തില്‍ നിന്ന് പുറംതള്ളപ്പെടും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ പ്രതിരോധസംവിധാനം അല്‍‌പം മന്ദീഭവിക്കപ്പെടണം. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന പോഷകങ്ങളുടെ അളവ് കുറഞ്ഞാലേ ഈ മാന്ദ്യമുണ്ടാകൂ. അതിനുവേണ്ടിയാണ് ശരീരം വേണ്ടത്ര ഭക്ഷണം ആഗിരണംചെയ്യുന്നത് തടയുന്ന ഛര്‍ദി. ഗര്‍ഭമലസുന്നത് തടയാന്‍ വേണ്ടിയുള്ള ശരീരത്തിന്റെ ഈ സ്വാഭാവിക ക്രമീകരണം യാദൃശ്ചികമായി ഉരുത്തിരിഞ്ഞതാണെന്ന് വാദിക്കുന്നപക്ഷം അത് തികച്ചും അശാസ്ത്രീയമായ ഒരു വാദമായിരിക്കും.

ഗര്‍ഭസ്ഥശിശുവിന്റെ ഉപജീവനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടക്കുന്നത് പൊക്കിള്‍ കൊടിയുമായി ബന്ധിതമായ മറുപിള്ള വഴിയാണ്. പോഷകാഹാരവും പ്രാണവായുവും രോഗപ്രതിരോധത്തിന് വേണ്ട ഘടകങ്ങളുമെല്ലാം ഗര്‍ഭസ്ഥശിശുവിന് മാതാവിന്റെ ശരീരത്തില്‍ നിന്ന് മറുപിള്ള വഴി ലഭിക്കുന്നു. കുഞ്ഞുശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടുന്നതും ഈ വഴിക്കുതന്നെ. പ്രസവത്തെ തുടര്‍ന്ന് അറുത്തുമാറ്റപ്പെടുന്ന ഈ അനിതര സംവിധാനമില്ലെങ്കില്‍ ഉദരത്തിനകത്ത് കുഞ്ഞിന്റെ നിലനില്പും വളര്‍ച്ചയും അസാധ്യമായിരിക്കും. ഇത്തരമൊരു സൂക്ഷ്മസംവിധാനം പരിണാമമെന്ന അനാസൂത്രിത പ്രതിഭാസത്തിന്റെ ഉപോല്പന്നമായിരിക്കുക എന്നത് ഒട്ടും വിശ്വാസ്യമല്ല.

പ്രസവം നടക്കുമ്പോള്‍ തന്നെ കുഞ്ഞിന് കഴിക്കാനുള്ള അതുല്യവും അതിവിശിഷ്ടവുമായ ഭക്ഷണം മാതാവിന്റെ മാര്‍വിടത്തില്‍ തയ്യാറാവുന്നു. കുഞ്ഞിന്റെ പ്രതിരോധവ്യവസ്ഥക്ക് അസ്തിവാരമാകുന്ന ‘കൊളസ്ട്രം’ എന്ന കട്ടികൂടിയ ദ്രാവകമാണ് ആദ്യം രൂപം കൊള്ളുന്നത്. തുടര്‍ന്ന് വളര്‍ച്ചയുടെ ആദ്യഘട്ടത്തിലേക്ക് അനുയോജ്യമായ പാലും. ശാസ്ത്രത്തിന്റെ ഏതൊക്കെ നേട്ടങ്ങളും ഏറ്റവും മികച്ച സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തിയാലും മുലപ്പാലിനു പകരം നില്‍ക്കാവുന്ന ആഹാരപാനീയങ്ങളൊന്നും തയ്യാറാക്കാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യം ഇപ്പോള്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞ് പിറക്കുമ്പോഴേക്ക് അതിന് പോഷണവും സ്നേഹവും സുരക്ഷാബോധവും സംയോജിപ്പിച്ച് മുലയൂട്ടലിന് അനിതരമായ സൌകര്യമേര്‍പ്പെടുത്തിയത് പരിണാമമെന്ന പ്രതിഭാസമെന്ന് പറയുന്നതിനേക്കാള്‍ എത്രയോ വിശ്വസനീയമാണ് പരമകാണുകിനായ സംവിധായകന്റെ ഉദാത്തമായ പരിപാലനമാണ് അത് എന്ന് പറയുന്നത്.

ഒരു പരമാണുവോ ജീവകോശമോ ബീജമോ ജീനോ പഠനവിധേയമാക്കുന്ന ചിന്താശീലരായ ആളുകള്‍ക്കൊന്നും തന്നെ അവയില്‍ അടങ്ങിയ സൂക്ഷ്‌മവും വിസ്‌മയാവഹവുമായ വ്യവസ്ഥയും ക്രമവും കണ്ടില്ലെന്ന് നടിച്ച് അവയൊക്കെ അനാസൂത്രിതമായ പരിണാമത്തിലൂടെ എങ്ങനെയോ രൂപം കൊണ്ടതാണെന്ന് വിലയിരുത്താന്‍ കഴിയില്ല. ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയിട്ടാണ് പക്വമതികള്‍ പ്രപഞ്ചനാഥനില്‍ വിശ്വാസമര്‍പ്പിക്കുന്നത്. ആരുടെയെങ്കിലും ചെപ്പടിവിദ്യകളോ ‘അത്ഭുതരോഗശാന്തി’യോ കണ്ടിട്ട് പിന്നാലെ പോകുന്നവര്‍ പ്രപഞ്ചനാഥനെ യഥോചിതം മനസ്സിലാക്കുന്നേയില്ല.

________________________________________________
കടപ്പാട്: ശബാബ് വാരിക

3 comments:

  1. ആള്‍ദൈവങ്ങളുടെ ചെലവില്‍ നിര്‍മതത്വത്തിന്റെ വിപണനം

    ആള്‍ദൈവങ്ങളുടെ തട്ടിപ്പുകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുമ്പോള്‍
    മതങ്ങളും ദൈവവിശ്വാസവും ചര്‍ച്ചയാവുക സ്വാഭാവികമാണ്.
    ബുദ്ധിജീവികളുടെ വീക്ഷണങ്ങള്‍ പ്രകാശിപ്പിക്കുന്ന ചില ആനുകാലിക
    പ്രസിദ്ധീകരണങ്ങളിലും ബ്ലോഗുകളിലും ഇപ്പോള്‍ മതനിരാസ ലേഖനങ്ങളുടെ
    വേലിയേറ്റം തന്നെ കാണാം. ഇന്നത്തെ ആള്‍ദൈവങ്ങളെപോലുള്ള ചിലര്‍
    നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ചത് തന്നെയാണ് ലോകമതങ്ങളെന്നും,
    പ്രപഞ്ചത്തിനാകെ ഒരു സ്രഷ്ടാവും സംവിധായകനും ഉണ്ടെന്ന് പറയുന്നതിന്
    അനിഷേധ്യമായ തെളിവൊന്നും ഇല്ലെന്നും, ദിവ്യാത്ഭുതങ്ങളെന്ന് പറയപ്പെടുന്നതിന്റെ
    പൊള്ളത്തരം പത്താംതരത്തില്‍ പഠിക്കുന്ന ശരാശരിക്കാരായ വിദ്യാര്‍ഥികള്‍ക്കുപോലും
    അറിയാമെന്നും മറ്റുമാണ് ഇത്തരം ലേഖനങ്ങളില്‍ സമര്‍ഥിച്ചുകാണുന്നത്.
    പരിണാമസിദ്ധാന്തവും ആധുനിക നരവംശശാസ്ത്രവും ശാസ്ത്രീയസോഷ്യലിസവും കൂടി
    ദൈവസൃഷ്ടി വാദത്തിന്റെ ജീവശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ പ്രസക്തിതന്നെ
    നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥാപിക്കാനാണ് ചില ലേഖനങ്ങളില്‍ കിണഞ്ഞു ശ്രമിക്കുന്നത്.
    അതോടൊപ്പം തന്നെ ഭൌതികവാദികളെ അമ്പരപ്പിക്കുന്ന ഒരു സത്യം
    ചില ലേഖനങ്ങളില്‍ തുറന്നു സമ്മതിക്കുന്നുമുണ്ട്.

    ReplyDelete
  2. thx malayalee for giving link of this post in ma blog.i hope readers get a good view wen they read ma post with this post.

    ReplyDelete
  3. thaadeem mudeem set uppum kandaal ningalum oru kallasaamiyaanenne thOnnoo...

    enkilum ithinte original aa maasikayilezhuthiya aal nalla ezhuthukaaran thanne!!

    ReplyDelete