
കേരളം ഉറ്റുനോക്കുന്ന ഒമ്പതാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് മലപ്പുറം ജില്ലയിലെ കൂരിയാട്ട് ഡിസംബര്‍ 28 ന് തിരശ്ശീല ഉയരുകയാണ്. മുജാഹിദ് പ്രവര്‍ത്തകര്‍ മാത്രമല്ല, കേരള സമൂഹം മുജാഹിദ് സമ്മേളനങ്ങളുടെ പ്രാധാന്യവും പ്രസക്തിയും ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്. മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് സമ്മേളനങ്ങള്‍ക്കും അതുപോലുള്ള മനുഷ്യസംഗമങ്ങള്‍ക്കും കൈയും കണക്കുമില്ല. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ ഒരു ലക്ഷ്യത്തിനു വേണ്ടിയാണ് ഈ സമ്മേളനങ്ങള്‍. ഇസ്‌ലാഹി പ്രവര്‍ത്തകര്‍ ആദ്യമായി ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണം പിന്നീട് മറ്റുള്ളവര്‍ക്കും ആ സന്ദേശമെത്തിക്കണം.
സമ്മേളനം ഇസ്‌ലാഹീ കേരളത്തിന്റെ ആവേശമാണ്. പ്രസ്ഥാനത്തിന്റെ എല്ലാ ഘടകങ്ങളും സജീവമായി രംഗത്തിറങ്ങുന്നു. സാധാരണ ഗതിയില്‍ നിശ്ശബ്ദരായി കഴിഞ്ഞുകൂടുന്നവര്‍ പോലും സമ്മേളനത്തിന്റെ താല്‍പര്യത്തില്‍ പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നു. ലക്ഷങ്ങള്‍ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്ന സമ്മേളനം ആവേശമായി നെഞ്ചേറ്റാം. എന്നാല്‍ ഒരു 'ലഹരി'യായി മതിമറക്കരുത്. സമ്മേളനം ലക്ഷ്യമല്ല, മാര്‍ഗമാണ് എന്ന കാര്യം മറക്കാതിരിക്കുക. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ദൗത്യം ഇസ്‌ലാമിക ദഅ്‌വത്താണ്. ദഅ്‌വത്ത് എന്നാല്‍ ക്ഷണമാണ്. എവിടേക്കാണ് ക്ഷണം? വല്ലതും ഉള്ളേടത്തേക്കാണ് ക്ഷണിക്കുക. ക്ഷണിക്കപ്പെടുന്നവര്‍ക്ക് നല്‍കാന്‍ വിഭവശേഷിയുണ്ടെങ്കിലേ ക്ഷണത്തിന് (ദഅ്‌വത്തിന്) അര്‍ഥമുള്ളൂ. ആകയാല്‍ ആദര്‍ശം നെഞ്ചേറ്റി ജീവിക്കുന്നവരായി ഓരോ മുജാഹിദും സ്വയം മാറണം. അതിനുള്ള പല മാര്‍ഗങ്ങളിലൊന്നായി സമ്മേളനത്തെയും കാണാവുന്നതാണ്.
നിരവധി സെഷനുകളിലായി വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ ഇസ്‌ലാമിന്റെ വിശ്വാസപരവും കര്‍മാനുഷ്ഠാന സംബന്ധിയുമായ കാര്യങ്ങളും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹിത പാരമ്പര്യങ്ങളും സച്ചരിതരായ മുന്‍ഗാമികളുടെ ആവേശദായകമായ ചരിത്രവും അയവിറക്കാന്‍ അവസരം ലഭിക്കുന്നു. മാത്രമല്ല, തന്നിലേക്ക് തിരിഞ്ഞുനോക്കാന്‍ ഓരോരുത്തര്‍ക്കും ഉള്‍പ്രേരണ ലഭിക്കുന്നു. ആദര്‍ശത്തിന്റെ മഹിമ കൊണ്ടായില്ല, അതുള്‍ക്കൊള്ളുന്നതിനും ജീവിതത്തില്‍ പകര്‍ത്തുന്നതിനുമാണ് പ്രാധാന്യം കല്‍പിക്കേണ്ടത്. മുസ്‌ലിം സമുദായത്തിന് അകത്തു തന്നെയുള്ള വിശ്വാസ വൈകല്യങ്ങളും വൈയക്തിക ജീര്‍ണതകളും കഴിവതും ദൂരീകരിച്ച് കുറ്റമറ്റ ആദര്‍ശം ജനങ്ങള്‍ക്കു മുന്നില്‍ വരച്ചു വെക്കേണ്ട ഉത്തരവാദിത്തം മുസ്‌ലിംകള്‍ക്കുണ്ട്. മാത്രമല്ല, പുറത്തുനിന്ന് നോക്കുന്നവര്‍ ഇസ്‌ലാമിനെ ഏറെ തെറ്റിദ്ധരിച്ച ഒരു കാലവും കൂടിയാണിത്. അത്തരക്കാര്‍ക്ക് തെറ്റിദ്ധാരണകള്‍ അകറ്റത്തക്ക വിധം ഇസ്‌ലാമിന്റെ മഹിത ഭാവങ്ങളെ എത്തിച്ചുകൊടുക്കുകയും ചെയ്യേണ്ടതുണ്ട്. ഇങ്ങനെ ഇസ്‌ലാമിക പ്രബോധനത്തിന്റെ നാനാവശങ്ങളും കണക്കിലെടുത്തുകൊണ്ടാണ് മുജാഹിദ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി നാട്ടിലുടനീളം ആയിരക്കണക്കിന് പരിപാടികള്‍ നടന്നുകഴിഞ്ഞു. പ്രഭാഷണങ്ങള്‍, വിവിധ വിഷയങ്ങളിലുള്ള ലഘുലേഖകള്‍, വ്യക്തിസമ്പര്‍ക്കങ്ങള്‍, ഗൃഹാങ്കണ യോഗങ്ങള്‍, കുടുംബസംഗമങ്ങള്‍, ടേബിള്‍ടോക്കുകള്‍, സൗഹൃദസംഗമങ്ങള്‍, മീഡിയ ചര്‍ച്ചകള്‍ തുടങ്ങി ആദര്‍ശപ്രചാരണ പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു കഴിഞ്ഞ മാസങ്ങള്‍. യഥാര്‍ഥത്തില്‍ അതായിരുന്നു സമ്മേളന ലക്ഷ്യം. ഒരു കാമ്പയിനിന്റെ സമാപന സംഗമം എന്ന നിലയിലാണ് സമ്മേളനത്തെ കാണേണ്ടതെന്ന് ചുരുക്കം. കേവലം പ്രഭാഷണ ശ്രവണമെന്നതിലുപരി സഹനവും സഹകരണവും സഹവര്‍ത്തനവും സഹജീവിതവും സാഹോദര്യവും കൂടിയാണ് സമ്മേളനം.
ഏത് കാര്യത്തിനും പ്രകടനപരത ഒരു ഘടകമാണ്. അതില്‍ നന്മയും തിന്മയുമുണ്ട്. ജനങ്ങള്‍ കാണാന്‍ വേണ്ടി ഒരു നല്ല കാര്യം ചെയ്താല്‍ പോലും അത് പുണ്യമല്ലെന്നും അത് 'ഗോപ്യമായ ശിര്‍ക്ക്' ആയിത്തീരുമെന്നുമുള്ള നബി(സ)യുടെ താക്കീത് ഒരു വശത്ത്. ഒരു കാര്യം ജനങ്ങള്‍ക്ക് മാതൃകയാവുമെങ്കില്‍, കൂടുതല്‍ പ്രയോജനപ്പെടുമെങ്കില്‍ അത് പരസ്യമാക്കുകയാണ് നല്ലത് എന്ന പ്രവാചകചര്യ മറുവശത്ത്. ഇത് രണ്ടും ഉള്‍ച്ചേര്‍ത്തു കൊണ്ടാണ് സമ്മേളനത്തെ പ്രവര്‍ത്തകര്‍ കാണേണ്ടത്. ജനങ്ങള്‍ക്കു മുന്നില്‍ ശക്തിപ്രകടനത്തിനോ മറ്റാരോടെങ്കിലും കണക്കുതീര്‍ക്കാനോ അല്ല സമ്മേളനം. മറിച്ച് ജനശ്രദ്ധ ആകര്‍ഷിച്ചു കൊണ്ട് നന്മയെത്തിക്കുക എന്ന സദുദ്ദേശ്യവും ഇത് തന്റെ ബാധ്യതാ നിര്‍വഹണമാണെന്ന ബോധവും ആണത്. അതുകൊണ്ടു തന്നെ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ടായിരിക്കണം മുജാഹിദ് പ്രവര്‍ത്തകര്‍ നവോത്ഥാനത്തെ കാണേണ്ടത്. ഫെയ്‌സ്ബുക്ക് സംസ്‌കാരം വ്യാപകമായതോടെ 'പ്രകടനപരത' കൂടിവന്ന ഒരു കാലമാണിത്. ജീവിതത്തിലെ 'സ്വകാര്യതകള്‍' പോലും ഫെയ്‌സ്ബുക്കില്‍ പറന്നുനടക്കുമ്പോള്‍ ഇസ്‌ലാമിക ദഅ്‌വത്ത് നിഷ്‌കളങ്കമാക്കിത്തീര്‍ക്കാന്‍ വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
മുഖപ്രസംഗം | ശബാബ് | 29-12-2017 | വെള്ളി
No comments:
Post a Comment